സൈകതം നോവല്‍ അവാര്‍ഡ് 2013
കൊച്ചി : സൈകതം നോവല്‍ അവാര്‍ഡ് 2013 അവാര്‍ഡ് ദാന ചടങ്ങ് കോതമംഗലത്ത് വച്ച് നടത്തി. ആനിഷ് ഒബ്രിന്റെ കാലിഡോസ്കോപ്പ് എന്ന നോവല്‍ ആയിരുന്നു മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. അപ്രകാശിത രചനകള്‍ക്കായി ഏര്‍പ്പെടുത്തിയ മത്സരത്തില്‍ 10001 രൂപയും ഫലകവും പ്രശസ്തിപത്രവും ആയിരുന്നു ജേതാവിന് സമ്മാനിച്ചത്. ജഡ്ജസ് ആയിരുന്ന അഷ്ടമൂര്‍ത്തി, വി ദിലീപ് എന്നിവര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. പുതുമയുള്ള വിഷയം തന്നെയാണ് ഈ നോവലിന്റെ പ്രത്യേകത എന്നും പ്രശസ്തര്‍ നല്ലത് എന്ന് പറഞ്ഞത് കൊണ്ട് നിര്‍ബന്ധമായി വായിക്കപ്പെടുകയും അവാര്‍ഡിനര്‍ഹമായതും ആയ ചില പേരുകേട്ട കൃതികളെക്കാള്‍ മികച്ചത് എന്ന് പ്രസ്തുത നോവലിനെക്കുറിച്ച് അഷ്ടമൂര്‍ത്തി അഭിപ്രായപ്പെട്ടു. വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന നോവല്‍ എന്നും തൃപ്തി തരുന്ന വായന എന്നും വി. ദിലീപ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എം ആര്‍ രേണുകുമാര്‍, പ്രൊഫ. ബേബി എം വര്‍ഗീസ്, ജോസ് വഴുതനപ്പിള്ളി, പ്രൊഫ. ടി എം പൈലി, പ്രൊഫ. ജേക്കബ് ഇട്ടൂപ്പ്, പ്രൊഫ. ഏലിയാസ് എം പോള്‍, റിട്ട. ജില്ലാ. മജിസ്ട്രേറ്റ് ടി. വി. മാത്യൂസ്, ജസ്റ്റിന്‍ ജേക്കബ്, ബാബു ഇരുമല, സി. വി. പി. നമ്പൂതിരി, സുരേഷ് കീഴില്ലം തുടങ്ങിയവര്‍ കൂടാതെ നിരവധി സാഹിത്യകാരന്മാരും പങ്കെടുത്തു.