സാമൂഹ്യവലയിൽ കുരുങ്ങി തകരല്ലേ ജീവിതം!
ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളും രക്തസാക്ഷികളെ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു . ഏറ്റവും ഒടുവിലത്തേത് കൊച്ചിയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മ. ഫേസ് ബുക്കിലെ അധിക്ഷേപം കണ്ടു മനം നൊന്താണ് ആത്മഹത്യ. നമ്മൾ അർഹിക്കുന്നതിൽ അധികം പ്രാധാന്യം ഈ സൈറ്റുകൾക്ക് കൊടുക്കുന്നുണ്ട്, സമയവും വളരെ ഏറെ ചിലവാക്കുന്നുണ്ട്. എന്താണ് പ്രയോജനം? മറ്റുള്ളവർ എന്തുചെയ്യുന്നു എന്നറിയുക, കുറെ കാലം ബന്ധമില്ലാത്തവർ തമ്മിൽ കണ്ടുമുട്ടുക, ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കുക.അതിനു ഇന്റർനെറ്റിലെ ഒരു ഇടം. കൂടുതലെന്തെങ്കിലും ? ഒന്നുമില്ല!.പക്ഷെ നമ്മളിൽ പലരും ഈ അവധാനത കാണിക്കാതെ ആണ് ഈ സൈറ്റുകളിൽ എല്ലാം വിഹരിക്കുന്നത്.
ശരിക്കുമൊരു സാങ്കല്പ്പിക ലോകം ആണ് ഫേസ് ബുക്ക് പോലുള്ള സൈബര്‍ ഇടങ്ങള്‍. നമ്മൾ ഇടുന്ന ഒരു ഫോട്ടോയിൽ ലൈക് ഇടുന്ന ആൾ ശരിക്കും മുഖത്ത് പ്രകടിപ്പിക്കുന്ന വികാരം എന്തായിരിക്കും? .നമ്മൾ ശരിക്കും അഭിനയിക്കുക അല്ലേ അവിടെ?. കുറെ ലൈക് കിട്ടുന്നത് പലർക്കും ഒരു സന്തോഷം ഉള്ള കാര്യമാണ് പക്ഷെ അങ്ങനെ സന്തോഷിക്കെണ്ടതുണ്ടോ? നമുക്ക് ചുറ്റും ഒരു തെറ്റായ വൈകാരിക സുരക്ഷിത വലയം പലപ്പോഴും തീർക്കുന്നുണ്ട് ഇത് പോലെ ഉള്ള സൈറ്റുകൾ. നമ്മൾ അത് കൊണ്ടൊക്കെ ആണ് ഒട്ടും അമാന്തിക്കാതെ ഈ വലയിൽ ചുറ്റി തിരിയുന്നത്. കുറച്ചു നേരം ഓണ്‍ലൈൻ അല്ലെങ്കിൽ എന്തൊക്കെയോ ഒരു ശൂന്യത അനുഭവപ്പെടുകയും ചെയ്യും.
നമ്മൾ പറയുന്ന ഓരോ കാര്യങ്ങളും, ഇടുന്ന ചിത്രങ്ങളടക്കം സൂക്ഷിച്ചുവെക്കുന്നു, നമ്മളുടെ അഭിരുചികളുടെ നിരന്തര ഗവേഷണവും നടക്കുന്നു. ഭരണകൂടങ്ങളും സ്വകാര്യ കുത്തകകളും നിരീക്ഷണം നടത്തുന്നു. അഭിപ്രായ നിർമ്മാണത്തിന് തുടങ്ങി അഭിരുചി നിർമ്മാണത്തിന് വരെ നമ്മുടെ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നു. നമ്മുടെ സ്വകാര്യ വിവരങ്ങളും, ചിത്രങ്ങളും, അഭിപ്രായങ്ങളും കാണേണ്ടവർ തന്നെ ആണോ കാണുന്നത് എന്നതിന് ഒരു ഉറപ്പുമില്ല. പരമാവധി സ്വകാര്യ കാര്യങ്ങൾ ഇവയിൽ പങ്കുവെക്കാതിരിക്കുന്നതാണ് ഉചിതം. സ്വയം നിയന്ത്രണം എര്‍പ്പെടുത്തുക എന്നതാണ് പ്രധാനം. ഒരു പൊതുസ്ഥലത്ത് നമ്മൾ പെരുമാറുന്നത് പോലെ സൈബര്‍ ഇടങ്ങളില്‍ പെരുമാറിയാൽ പരുക്കുകൾ കുറയ്ക്കാന്‍ സാധിക്കും. കൂടുതൽ സമയം യഥാർത്ഥലോകത്ത് ചിലവിട്ടാൽ വെബ് ചോർത്തി എടുത്ത ഉന്മേഷം തിരികെ എടുക്കാം. നമുക്കൊരു പ്രശ്നം വരുമ്പോഴോ, ആവശ്യങ്ങൾ വരുമ്പോഴോ നമുക്ക് യഥാർത്ഥ ബന്ധങ്ങൾ-സൌഹൃദങ്ങൾ ആണ് വേണ്ടത്, സാങ്കൽപ്പികം ആയവ അല്ല.
നമുക്ക് തിരിച്ചറിവുകൾ ഉള്ളവരാകാം!
അനൂപ് വർഗീസ് കുരിയപ്പുറം
ഞാൻ ഫേസ്ബുക്കിൽ ശനിയും ഞായറും അവധിദിനങ്ങളും ഒഴിച്ചാൽ ഒട്ടുമിക്കസമയവും ഇതിൽ കാണും. പലരുമായി ഞാൻ ആശയങ്ങൾ പങ്കുവയ്ക്കുന്നു. പല പുതിയ ആൾക്കാരെയും ഞാൻ പരിചയപ്പെടുന്നു. ഫേസ്ബുക്ക് അല്ലെങ്കിൽ മുഖപുസ്തകം ഇല്ലാതിരുന്നകാലത്തും ആൾക്കാർ പറ്റിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യബന്‌ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ മുഖപുസ്തകത്തിലായാലും, ദൈനം ദിനങ്ങളിലായാലും സമയം കൊടുക്കണം. ആൾക്കാർ ഇപ്പോൾ ഭയങ്കര തിരക്കിലാണ്. പണ്ടത്തെപ്പോലെ മുഖത്തോടു മുഖം കാണുക വിരളമായിരിക്കുന്നു. അപ്പോൾ മുഖപുസ്തകം അതിന്റെ സ്ഥാനം ഏറ്റെടുത്തൂ എന്നെയുള്ളൂ. ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ്. ആവശ്യമില്ലാത്തതൊന്നും നിലനില്ക്കില്ല സുഹൃത്തേ.
ഇന്നത്തെ കാലത്ത് മനുഷ്യ ജീവിതത്തിൽ സോഷ്യൽ മീഡിയക്ക് നല്ല ഒരു പങ്ക് ഉണ്ട് എന്ന് നിസ്സംശയം പറയാം.നമ്മുടെ സമകാലിക ലോകം തന്നെയാണ് സൈബർ ലോകവും. നമുക്ക് ചുറ്റും ഉള്ളവർ തന്നെയാണ് അവിടെയും വിഹരിക്കുന്നത്. അതല്ലാതെ മറ്റൊരു വിഭാഗത്തെ നമുക്ക് സൈബർ ലോകത്ത് കണ്ടെത്താൻ കഴിയില്ല. നമുക്ക് ചുറ്റും ഉള്ളവരെ മനസ്സിലാക്കുന്നതിൽ അന്നും ഇന്നും മനുഷ്യൻ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്. ആര്ക്കും ആരെയും പറ്റി ഒരു പരിതിക്കപ്പുരം മനസ്സിലാക്കാൻ കഴിയില്ല. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ചും. ഇവിടെയും കാര്യങ്ങൾ പക്വതയോടെ നേരിടുന്നിടത് തന്നെയാണ് മനുഷ്യൻ വിജയിക്കുന്നത്. പലരും പറയുന്നത് പോലെ തന്നെ ഒരു വിഭാഗം മലയാളിക്ക് ഇപ്പോഴും ഫേസ്ബുക്ക് ഉപയോകിക്കാൻ അറിയില്ല.