Main Menu

മോദി സര്‍ക്കാരിന്റെ പരിസ്ഥിതി നയം

കസ്തൂരി രംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നല്ലോ. ഈ വിഷയത്തില്‍ ഇതേ പംക്തിയില്‍ ഈ ലേഖകന്‍ എഴുതുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആരെന്തുതന്നെ പറഞ്ഞാലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വളരെയധികം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഇപ്പോള്‍. യു പി സര്‍ക്കാരിന്റെ കാലത്തുതന്നെ, ജയറാം രമേഷ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം, പാരിസ്ഥിതികനിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനും നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മോദി സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദമാണെന്ന രീതികളില്‍ സംഘപരിവാറിലെ ചില സംഘടനകള്‍ പ്രചരണം നടത്തുകയും ചെയ്തു. എന്നാല്‍ ഗാഡ്ഗില്‍ വിഷയത്തിനെയെല്ലാം പിന്നിലാക്കികൊണ്ട് മോദി സര്‍ക്കാരിന്റെ നിരവധി നീക്കങ്ങള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നവയാണ്. യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങളിലെങ്കിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ‘മോദിക്കൊരു ചാന്‍സ്’ എന്ന രീതിയില്‍ മൗനം പാലിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ഉറച്ച നിലപാടെടുക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തിലാണ് നടപടികള്‍ വരുന്നത്.
സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുമാസം പിന്നിടുന്നതിനിടയില്‍ എടുത്ത ഏഴുനടപടികള്‍ പരിസ്ഥിതിരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ കടുത്ത ആശങ്ക ഉണര്‍ത്തുന്നു. ഇതിന്റെ പിറകെ മറ്റ് പല നടപടികളും വരുന്നുവെ ന്നും പറയുന്നുണ്ട്. വനവാസി എന്ന പേരിട്ട് ഗോത്രവര്‍ഗ്ഗക്കാരെ വിളിച്ചാദരിക്കുന്നവരാണ് സംഘപരിവാര്‍ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഗോത്രവര്‍ഗ്ഗ വനവാസികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നിരവധി നടപടികള്‍ ഇതിനകം സര്‍ക്കാര്‍ എടുത്തിരിക്കുന്നു. വനപ്രദേശങ്ങളില്‍ ഖനികളോ വ്യവസായങ്ങളോ സ്ഥാപിക്കണമെങ്കില്‍ ആ പ്രദേശവാസികളുടെ ഗ്രാമസഭകളുടെ ”അറിവോടെയുള്ള സമ്മതം” വേണം എന്നതായിരുന്നു നിയമം. 2008-ല്‍ ഈ നിയമം നടപ്പിലായതിനുശേഷം ഒറീസയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ നടത്തിയ ശക്തമായ ഇടപെടലുകളുടെ ഫലമായി പോസ്‌കോ, വേദാന്ത തുടങ്ങിയ പദ്ധതികള്‍ക്ക് തടസ്സമുണ്ടായി. തങ്ങളുടെ ജീവനും മണ്ണും ജീവനോപാധികളും സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഗോത്രവര്‍ഗ്ഗക്കാരെ ശാക്തീകരിക്കുന്ന ഈ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും ഇല്ലാതാക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇനിമേല്‍ വനത്തിനകത്തെ ഖനനത്തിനും മറ്റും ഗ്രാമസഭകളുടെ അനുമതി അനിവാര്യമല്ല. സര്‍ക്കാര്‍ അനുമതി മാത്രം മതി. ഇതിന്റെ ഫലമായി ശക്തമായ കോര്‍പ്പറേറ്റുകള്‍ വന്‍നാശം വരുത്തും. സമരങ്ങളും കേസുകളും വര്‍ധിക്കുന്നതോടെ പദ്ധതികള്‍ മുടങ്ങാനും വൈകാനും സാധ്യതയുണ്ട്.
രണ്ടാമത്തെ വിഷയം ദേശീയ വന്യമൃഗബോര്‍ഡിന്റെ ഘടനയില്‍ വരുത്തിയ സാരമായ മാറ്റങ്ങളാണ്. ഈ സ്ഥാപനം വഴിയാണ് വന്യജീവി സംരക്ഷണം സാധ്യമായിരുന്നത്. ഈ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് ചില ചട്ടങ്ങള്‍ അനുസരിച്ചാണ്. വന്യജീവിസംരക്ഷണ ചട്ടമനുസരിച്ച് ബോര്‍ഡില്‍ അഞ്ചു സ്വതന്ത്ര പരിസ്ഥിതി- വിദഗ്ദ്ധ സംഘടനകളില്‍ നിന്നുള്ള പത്തുപേര്‍ വിദഗ്ദ്ധാംഗങ്ങളായുണ്ടാകണം. എന്നാല്‍ ഇതൊന്നും മോദി സര്‍ക്കാരിനു ബാധകമല്ല. ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ നിലവിലുള്ള 10 അംഗങ്ങളില്‍ 9 പേരെയും പുറത്താക്കി. പകരം ഗുജറാത്തിലെ ഒരു പരിസ്ഥിതി സംഘടന (ഗുജറാത്ത് ഇക്കോളജിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്) യിലെ രണ്ടുപേരെ മാത്രം ഉള്‍പ്പെടുത്തി. ഫലത്തില്‍ മോദിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ‘സ്വതന്ത്ര വിദഗ്ദ്ധരെ’ ഉള്‍പ്പെടുത്തി. ഇതിനെതിരെ സുപ്രീം കോടതി ഇടപെട്ടു. ഇനിയൊരുത്തരവുണ്ടാകും വരെ ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചിരിക്കുന്നു. രൂപീകരിച്ച ഉടനെ തന്നെ ധൃതിയില്‍ ബോര്‍ഡ് എടുത്ത രണ്ടു വിവാദ തീരുമാനങ്ങള്‍ സുപ്രീം കോടതി തടയുകയും ചെയ്തു. രണ്ടും ഗുജറാത്തിലെ കച്ച് ജില്ലയിലെ പദ്ധതികള്‍ – ഒന്ന് നര്‍മ്മദാപദ്ധതി (സര്‍ദാര്‍ സരോവര്‍)യുടെ 22 കി. മി വരുന്ന കനാല്‍ നിര്‍മ്മാണവും വന്യമൃഗസങ്കേതത്തിലൂടെയുള്ള 40 കി. മി റോഡ് നിര്‍മ്മാണവും ആണവ.
കല്‍ക്കരി ഖനനത്തിനുള്ള അനുമതി ലഭിക്കാന്‍ വേണ്ട ‘പൊതുതെളിവെടുപ്പ്’ പ്രക്രിയ ദുര്‍ബലപ്പെടുത്തുന്നതാണ് മൂന്നാമത്തെ നടപടി. ഒപ്പം ജലവൈദ്യുതപദ്ധതികളുടെ പാരിസ്ഥിതികാനുമതികളും ലഘൂകരിക്കപ്പെട്ടിരിക്കുന്നു. പ്രതിവര്‍ഷം 16 ദശലക്ഷം മെട്രിക് ടണ്‍ വരെ ഉത്പാദനം നടത്തുന്ന ഖനികളുടെ പാരിസ്ഥിതികാനുമതിയാണ് ഇനിമേല്‍ ആവശ്യമില്ലാതാക്കിയിരിക്കുന്നത്. ഒപ്പം കല്‍ക്കരിഖനികളുടെ വികസനത്തിനുള്ള അനുമതിയും പരിധി ഉയര്‍ത്തി-20 ദശലക്ഷം ടണ്‍(പ്രതിവര്‍ഷം) എന്നാക്കി. ഒരു പദ്ധതിക്ക് അനുമതി തേടുമ്പോള്‍ വികസനം സംബന്ധിച്ച വിവരങ്ങളും നല്കണമായിരുന്നു. ഗ്രാമസഭകളിലും മറ്റും പൊതുചര്‍ച്ചകളുണ്ടാകും. ഇനിയാതൊന്നും ആവശ്യമില്ല. ”പൊതുതെളിവെടുപ്പ്” മൂലം പദ്ധതികള്‍ വൈകുന്നുവെന്ന വാദത്തില്‍ കഴമ്പില്ല. എല്ലാ രേഖകളും പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം തെളിവെടുപ്പ് നടത്താം. പ്രശ്‌നമതല്ല ഇവിടെ ‘ജനങ്ങള്‍ ഇടപെടുന്നു.’ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കെന്തു പങ്ക്?(തെരഞ്ഞെടുപ്പുകാലത്തല്ലാതെ!) ജലസേചനപദ്ധതികള്‍ 2000 ഹെക്ടര്‍ വരെയുള്ള കൃഷിഭൂമിക്കാണെങ്കില്‍ ഇനിമേല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ല. 10,000 ഹെക്ടര്‍വരെയുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി മതിതാനും.
രൂക്ഷ മലിനീകരണം നടക്കുന്ന പ്രദേശങ്ങളില്‍ പുതിയ മലിനീകരണ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നിരോധനം നീക്കുന്ന ‘വികസന’നയമാണ് മോദി സര്‍ക്കാര്‍ നാലാമതായി പ്രഖ്യാപിച്ചിരിക്കുന്നത്. യു പി എ സര്‍ക്കാര്‍ തന്നെ ഈ ദിശയില്‍ ചില നടപടികള്‍ ആരംഭിച്ചിരുന്നു. ‘മലിനീകരണം സംബന്ധിച്ച സമഗ്ര സൂചിക’ എന്നത് സംബന്ധിച്ച് പുനഃപരിശോ ധന നടത്താന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സര്‍ക്കാര്‍ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിനോടാവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കൊന്നും കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നു. രൂക്ഷ മലിനീകരണത്തിന്റെ ഫലമായി ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിന്റെയും കോടതി വിധികളുടെയും പശ്ചാത്തലത്തില്‍ 43 പ്രദേശങ്ങളില്‍ പുതിയ രാസവ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിക്കണമെന്നായിരുന്നു ആവശ്യം. വ്യവസായികളുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ മൂലം അതു കേവലം എട്ടു പ്രദേശങ്ങളായി കുറച്ചു. ഫാസിയാബാദ്, ഇന്‍ഡോര്‍, ലുധിയാന, പാനിപ്പത്ത്, വാപി, സിംഗറൗളി, പട്ടാന്‍ചെരു-ബൊല്ലാം എന്നിവയാണത്. എന്നാല്‍ വ്യവസായികളുടെ ഇടപെടല്‍ മൂലം ഈ നിരോധനങ്ങളും പിന്‍വലിച്ചിരിക്കുന്നു സര്‍ക്കാര്‍!. ഒരു ചര്‍ച്ചപോലും ഇക്കാര്യത്തില്‍ നടന്നില്ല.
വനനിയമത്തില്‍ വരുന്ന സാരമായ ചിലമാറ്റങ്ങളാണ് അഞ്ചാമത്തെ നടപടി. ദേശീയോദ്യാനങ്ങളുടെ പത്തു കി. മി. ചുറ്റളവില്‍ പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റേയും വന്യജീവി ബോര്‍ഡിന്റേയും അനുമതികള്‍ ആവശ്യമായിരുന്നു. ബഫര്‍സോണ്‍ ആണവ. ഇപ്പോള്‍ പറയുന്നത് ഈ പരിധി 5 കി. മി. ആയി കുറയ്ക്കുന്നുവെന്നാണ്. പണ്ടേ പല്ലുകൊഴിക്കപ്പെട്ട സിംഹമായ വന്യജീവി ബോര്‍ഡി ന്റെ അനുമതി ഈ പ്രദേശത്ത് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് പരിസ്ഥിതിയാഘാതപഠനം സംബന്ധിച്ച ചട്ടങ്ങള്‍ ഭേദഗതി ചെയ്യ പ്പെട്ടിരിക്കുന്നു. തന്നെയുമല്ല ഇത്തരം പ്രദേശങ്ങളില്‍ ഖനനത്തിനും വ്യവസായങ്ങള്‍ക്കും അനുമതി നല്‍കുന്നതിന് ആറു ഘടകങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു വ്യവസ്ഥ. കാടിന്റെ സ്വഭാവം, ജൈവസമ്പന്നത, വന്യജീവി മൂല്യം, വനാവരണ സാന്ദ്രത, ഭൂതല സമഗ്രത, ജലനിരപ്പിന്റെ വിവരങ്ങള്‍… ഇവയാണാ ഘടകങ്ങള്‍. ഇനി ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നും റെയില്‍, റോഡ്, പൊതു നിര്‍മാണം മുതലായവക്കായി വനങ്ങളിലെ മരം വെട്ടാന്‍ പ്രത്യേക അനുമതി (ബോര്‍ഡിന്റെ) ആവശ്യമില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
‘നക്‌സല്‍ ബാധിത ജില്ലകള്‍’ ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ അവിടങ്ങളിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തില്‍ താത്പര്യമുള്ളവരുടെ പ്രധാന ആശാകേന്ദ്രമായി മാറിയിട്ടുള്ള ദേശീയഹരിത ട്രിബൂണലിന്റെ ശേഷി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതാണ് ആറാമത്തെ നയം. പൊതുസമൂഹത്തില്‍ കാര്യമായ സ്വാധീനം നേടാന്‍ ഈ വിദഗ്ദ്ധ കോടതികള്‍ക്കായിട്ടുണ്ട്. റിയോ ഉച്ചകോടിയില്‍ ഇന്ത്യ ഒപ്പിട്ടതിന്റെ ഫലമായിട്ടും നിരവധി സുപ്രീംകോടതിവിധികളുടേയും ലോകമിഷന്‍ റിപ്പോര്‍ട്ടുകളുടേയും പിന്‍ബലത്തിലുമാണ് ഹരിത ട്രിബ്രൂണല്‍ സ്ഥാപിക്കപ്പെട്ടത്. ഇന്നത് മൂലധനലോബികളുടെ കണ്ണിലെ കരടായിരിക്കുന്നു. എങ്കിലും അതില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തില്‍ നിന്നും ശക്തമായ പ്രതികരണം ഉണ്ടാകും.
മേല്‍പറഞ്ഞവയെല്ലാം ‘ഒറ്റപ്പെട്ട’ നീക്കങ്ങളാണെങ്കില്‍ പരിസ്ഥിതി നിയമങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിനുള്ളതാണ് ഏഴാമത്തെ നീക്കം. നിലവിലുള്ള പരിസ്ഥിതിനിയമങ്ങള്‍ 1986-ലെ പരിസ്ഥിതി സംരക്ഷണം, ജല (മലിനീകരണ നിയന്ത്രണ)നിയമം, വനസംരക്ഷണ നിയമം, വന്യജീവി സംരക്ഷണ നിയമം മുതലായവയെല്ലാം സമഗ്രമായി ഭേദഗതി ചെയ്യാന്‍ അധികാരമുള്ള ഒരു സമിതിയെ കേന്ദ്രവനം പരിസ്ഥിതി വകുപ്പ് നിയോഗിച്ചിരിക്കുന്നു. ലോകമെങ്ങും പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ഇന്ത്യയില്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ‘നിക്ഷേപക സൗഹൃദ’മാക്കണമെങ്കില്‍ ഇതാണത്രെ വഴി. സ്വന്തം ജീവനും ജീവിതവും നഷ്ടപ്പെടുന്നവര്‍ക്കു പോരാടാനുള്ള പ്രധാന ആയുധമാണില്ലാതാകുന്നത്. ഇതു തടയാന്‍ എന്തുവഴി?
ഇങ്ങനെ നിയോഗിക്കപ്പെട്ട ടി എസ് ആര്‍ സുബ്രഹ്മണ്യം സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നിലവിലുള്ള മുഴുവന്‍ നിയമങ്ങളുടേയും അന്തഃസത്ത ചോര്‍ത്തിക്കളയുന്ന ഒന്നാണ് ഇവരുടെ ശുപാര്‍ശകള്‍ എന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇതു നടപ്പിലാക്കാന്‍ പറ്റുംവിധത്തില്‍ ബജറ്റ് സമ്മേളനകാലത്ത് നിയമഭേദഗതികൊണ്ടുവരുമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശം ജാപ്‌ദേക്കര്‍ പറയുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ വകുപ്പുതലസമിതി പരിശോധന തുടങ്ങിക്കഴിഞ്ഞു. ജനങ്ങളും മാധ്യമങ്ങളും ഉയര്‍ത്തിയിരിക്കുന്ന ആശങ്കകള്‍ തങ്ങള്‍ പരിഗണിക്കുമെന്ന് പാര്‍ലമെന്ററി കാര്യസമിതി അദ്ധ്യക്ഷന്‍ അശ്വനീകുമാര്‍ പറയുന്നു. ആര്‍ക്കിതു വിശ്വസിക്കാനാകും?
യു പി എ – എന്‍ ഡി എ സര്‍ക്കാരുകള്‍ തമ്മില്‍ ചെറിയൊരു വ്യത്യാസമുണ്ട്- യു പി എ സര്‍ക്കാര്‍ ഒരു പരിസ്ഥിതിവിരുദ്ധനിയമം നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അതു പൊതുസമൂഹത്തില്‍ ചര്‍ച്ചയെങ്കിലുമാകും. എന്നാല്‍ ‘കാര്യക്ഷമത’യുള്ള മോദി സര്‍ക്കാര്‍ വളരെ ശാന്തമായി അതങ്ങുചെയ്യും!



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: