മുവാറ്റുപുഴ

മധ്യകേരളത്തിലെ നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പട്ടണം. ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദൈവാലയങ്ങളും മുസ്ലീം പള്ളികളുമുണ്ടീ തട്ടകത്തില്‍. നാണ്യവിളകളും, മലഞ്ചരക്കും, തടിയും വിപണരംഗത്തെ കൊഴുപ്പിച്ച് നിര്‍ത്തുന്നു. പേരിന്റെ പൊരുള്‍ തേടി അലയേണ്ടതില്ല, ഭൂപ്രകൃതിയെ ഒന്നു മനസ്സിരുത്തി വീക്ഷിച്ചാല്‍ മാത്രം മതിയാകുമതിന്. മൂന്ന് പുഴകള്‍ ചേര്‍ന്ന് ഒന്നായിത്തീര്‍ന്നൊഴുകുന്നിടം മുവാറ്റുപുഴയായെന്ന് കിട്ടും. തൊടുപുഴ, കാളിയാര്‍. കോതമംഗലം പുഴ എന്നിവയുടെ സംഗമഭൂമി. മറ്റ് പല സങ്കേതങ്ങളെയും പോലെ തന്നെ ഇവിടെയും പുഴയുടെ പേരും സ്ഥലപ്പേരും ഒന്നായി ഭവിച്ചു. പടിഞ്ഞാറോട്ടൊഴുകുന്ന മുവാറ്റുപുഴയുടെ മറുപേരാണ് ഫുല്ലയാര്‍. മലകളുടെ കീഴെകിടക്കുന്ന ഭൂഭാഗമായിരുന്നല്ലോ കീഴ്മലൈനാട്. പഴമയിലിവിടവും കീഴ്മലൈനാടിന്റെ ഭാഗമായി നിലകൊണ്ടു. കാലഗതിയില്‍ വടക്കും കൂറിന്റെ ഭാഗമായി. അടുത്ത പടിക്ക് തിരുവിതാംകൂറിന്റെ കീഴിലുമായി.ഇഞ്ചിപ്പുല്‍തൈലവും കശുവണ്ടിയും നാട്ടില്‍ നിന്നുതന്നെ അപ്രത്യക്ഷമായപ്പോള്‍ നാളികേരവും അടയ്ക്കായും മാര്‍ക്കറ്റ് കയ്യടക്കി. പിന്നീട് എല്ലാത്തിനും പകരമായി റബര്‍ വന്നു. അന്‍പതു വര്‍ഷം മുമ്പ് വ്യാപകമായുണ്ടായിരുന്ന തുണി നെയ്ത്ത് ഇന്നിപ്പോള്‍ ഒരുഗതകാല സ്മരണമാത്രമായിരിക്കുന്നു. അതിനു പകരമായി ബ്രേസിയര്‍ ഉള്‍പ്പെടെയുള്ള റെഡിമെയ്ഡ് രംഗം കൊഴുക്കാന്‍ തുടങ്ങി. ഇത്തരം ചെറുകിട ടെയ്‌ലറിംങ്ങ് യൂണിറ്റുകളുടെ എണ്ണം ഇരുനൂറു കവിഞ്ഞ സുവര്‍ണ കാലവും കഴിഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടുമുതലാണ് അഭിനവ മുവാറ്റുപുഴയുടെ വളര്‍ച്ചയുടെ തുടക്കമെന്ന് പറ യാം. കരമാര്‍ഗ്ഗമുള്ള വാഹന ഗതാഗതം വികാസം പ്രാപിക്കാതിരിക്കുന്ന കാലത്ത് ജലമാര്‍ഗ്ഗമേ ദീര്‍ഘദൂരസഞ്ചാരം സാധ്യമായിരുന്നുള്ളു. ജലമാര്‍ഗ്ഗ ഗതാഗതത്തിന് സുസാധ്യമായൊരു സങ്കേ തമല്ലാതെപ്പോയി മുവാറ്റുപുഴ. ഈയൊരു വൈതരണി തന്നെയായിരുന്നു മുരടിപ്പിന് നിദാനവും. അങ്ങനെ ചേര്‍ത്തലയും പിറവവും വികസിച്ചപ്പോള്‍ കോട്ടയവും മുവാറ്റുപുഴയും പ്രകൃതിദത്ത മായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ടുപോയി. ക്രിസ്ത്യാനികളും മുസ്ലീംങ്ങളും അധിവസി ക്കുന്ന തികച്ചും അപ്രധാനമായൊരു സ്ഥലമായിട്ടാണ് മുവാറ്റുപുഴയെപ്പറ്റി 1863 ല്‍ വിരചിതമായ Memoir of the survey of Travancore and cochin states ല്‍ പറഞ്ഞു കാണുന്നതും.
ഈയൊരവസ്ഥയ്ക്ക് മാറ്റം സംഭവിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. 1877 – 78 കാലത്ത് എം. സി. റോഡു വന്നു, അതോടെ ചരിത്രഗതി മാറിമറിയാന്‍ തുടങ്ങി. തിരുവിതാംകൂറിലെ ഡിവിഷണല്‍ പേഷ്‌കാരുടെ ആസ്ഥാനം 1880 ല്‍ ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേയ്ക്ക് മാറ്റി. മുവാറ്റുപുഴ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ സിവിള്‍ കേസ്സുകള്‍ കൈകാര്യം ചെയ്തിരു ന്നത്, പിറവത്ത് സ്ഥാപിതമായിരുന്ന മുന്‍സിഫ് കോടതിയിലായിരുന്നു. 1864-65 കാലത്ത് പിറവത്ത് നിന്നും മുന്‍സിഫ് കോടതി മുവാറ്റുപുഴയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. 1914 ല്‍ മുവാറ്റുപുഴ യിലെ കോണ്‍ക്രീറ്റു പാലവും നിലവില്‍ വന്നു. അങ്ങനെ എല്ലാതരത്തിലും വികസനത്തിനുള്ള കളമൊരുങ്ങി. പിറവത്ത് നിന്നും പറിച്ചു നട്ട മുന്‍സിഫ് കോടതി ആദ്യം കുറച്ചു കാലം പ്രവര്‍ ത്തിച്ചത് പുഴക്കരകാവിന് സമീപമാണ്. പിന്നീട് ടൗണിലേക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ അതി ന്റെ തൊട്ടുള്ള താഴ്ന്ന ഭാഗം കച്ചേരിത്താഴവുമായി. മഹാമാന്ത്രികനും ചികിത്സകമുമായിരുന്ന മുവാറ്റുപുഴക്കാരന്‍ റാവുത്തര്‍ തിരുവിതാംകൂര്‍ രാജാവിന്റെ മകളുടെ അസുഖം വരെ അത്ഭുതകര മായി സുഖപ്പെടുത്തിയെന്നാണ് ഐതിഹ്യം.
മറിയം മഗ്ദലേനയുടെ നാമത്തില്‍ സ്ഥാപിതമായ കത്തോലിക്കാ പള്ളി പിന്നീട് പൂജരാജാക്ക ളുടെ പള്ളിയായി പുനര്‍നാമകരണം ചെയ്തതിന്റെ പിന്നിലൊരു കഥയുണ്ട്. മറിയം മഗ്ദലേനക്ക് മക്കളില്ലാത്തതുകൊണ്ടാണുപോല്‍ ഇടവകയില്‍ വൈദികരുണ്ടാകാതെ പോയത്. ഇതത്രെ പുനര്‍നാമകരണത്തിന് നിദാനം. പിറവത്തിന് തിരിയുന്ന കവലയുടെ പേരത്രെ130 കവല. തിരുവനന്തപുരത്ത് നിന്നും ഇങ്ങോട്ടുള്ള ദൂരം കാണിക്കാന്‍ 130 എന്നെഴുതിയ മൈല്‍കുറ്റി (കല്ല്) ഇവിടെ സ്ഥാപിച്ചിരുന്നതാണ് കാരണം.
മുവാറ്റുപുഴയിലെ പാലം പണിതീര്‍ന്നപ്പോള്‍ ഗതാഗതത്തിനുപയോഗിക്കാതെ ജനം മടിച്ച് മാറിനിന്നു. പാലം താഴേക്ക് വീണു പോയാ ലോ എന്നൊരാശങ്ക മാലോകരില്‍ തളം കെട്ടിനിന്നുപോല്‍. പാലം പണിക്ക് നേതൃത്വം കൊടുത്ത എഞ്ചിനീയറും കുടുംബവും പാല ത്തിന് താഴെ വഞ്ചിയില്‍ നിലയുറപ്പിച്ചു കൊണ്ട് പാലത്തിന് മുകളിലൂടെ ആനകളെ നടത്തിക്കാണിച്ചാണ് ജനത്തിന്റെ ഭയാശങ്കകള്‍ ദുരീകരിച്ചതെന്നു പറയുന്നു. തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലമാണിതെന്ന വസ്തുക കൂടിചേര്‍ത്തു വച്ച് വിശകലനം ചെയ്യുമ്പോഴാണ് നാട്ടില്‍ പ്രചാരമുള്ള കഥ സംഭവകഥയായി മാറുക. എം. സി റോഡ് നിര്‍മ്മാണത്തെപ്പറ്റിയുമുണ്ടൊരു കഥ. പാലക്കുഴ, പണ്ടപ്പിള്ളി, ആരക്കുഴ കൂടി ഉണ്ടായിരുന്ന നാട്ടുവഴി വീതികൂട്ടി വികസിപ്പിച്ചെ ടുക്കാനായിരുന്നു ആദ്യ പ്ലാന്‍. എന്നാല്‍ ആരക്കുഴക്കാരുടെ എതിര്‍പ്പുമൂലം ഉദ്ദ്യമം ഉപേക്ഷിക്കുക യായിരുന്നുപോല്‍. വഴി വികസിച്ചാല്‍ പടയോട്ടങ്ങളും കവര്‍ച്ചകളും ഉണ്ടാകുമെന്നതായിരുന്നു എതിര്‍പ്പിന് നിദാനം. ഉപേക്ഷിക്കപ്പെട്ട നിര്‍ദ്ദിഷ്ട റോഡ് നടപ്പിലായിരുന്നെങ്കില്‍ ഇന്ന് മുവാ റ്റുപുഴയില്‍ നിന്നും മാറാടിവഴി കൂത്താട്ടുകുളം വരെയുള്ള കയറ്റങ്ങള്‍ നിറഞ്ഞ പാത ഒഴിവാക്കാ നും സാധിക്കുമായിരുന്നുപോല്‍. ആരക്കുഴക്കാരുടെ എതിര്‍പ്പിന്റെ കാരണം ഇന്നത്തെ ലോക ത്തിന് അപരിചിതമായിരിക്കാം. എങ്കിലും കാലത്തിന്റെ മുദ്രപതിഞ്ഞ ഇത്തരം വിചാരതലങ്ങള്‍ വായിച്ചെടുക്കുമ്പോഴാണ് ചരിത്രം സാമൂഹ്യപഠനം കൂടിയാകുക.
മുവാറ്റുപുഴ പ്രദേശത്ത് ആയോധനത്തിലും, ജ്യോതിഷത്തിലും മികവുറ്റ പണിക്കര്‍ സ്ഥാനികളായ ക്രിസ്ത്യന്‍ കുടുംബങ്ങളുണ്ടായിരുന്നൊരു കാലമുണ്ട്. മുവാറ്റുപുഴ വള്ളിക്കട പണിക്കര്‍, മുവാറ്റുപുഴ കാരകുന്നത്ത് പണിക്കര്‍, കടമറ്റം പുന്നമറ്റത്ത് പണിക്കര്‍ എന്നിങ്ങനെ പോകുന്നു ആ പട്ടിക. പരേതാത്മാക്കളെ തൃപ്തിപ്പെടുത്താന്‍ കുഴിമാടത്തില്‍ കോഴിവെട്ടും മദ്യവും പലഹാരങ്ങളും നിവേദിക്കലും അനുഷ്ഠിച്ചിരുന്ന സമ്പ്രദായമാണ് കുഴിമാടസേവ. ഈ അനാചാരം ക്രിസ്ത്യാനിക ളുടെ ഇടയിലും നിലവിലിരുന്നു. മുവാറ്റുപുഴയുടെ അടുത്ത് ആരക്കുഴയിലെ എടമനയില്‍ നടമാടി വന്ന കുഴിമാടസേവയുടെ വിവരണവും പില്‍ക്കാലത്ത് അതിന് പകരമായി ഊട്ട് തുടങ്ങിയതും എടമന കുടുംബ ചരിത്രത്തില്‍ കോറിയിട്ടു കാണുന്നു. ഒരുവനെ ഒറ്റപ്പെടുത്തി, വരുതിയില്‍ നിര്‍ത്താന്‍ സമൂഹം കൈക്കൊണ്ടിരുന്ന പ്രാകൃത തന്ത്രമാണ് ഊരുവിലക്ക്. ഒറ്റപ്പെടുത്ത ലിന്റെ ഭാഗമായി അയാളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍ നിന്നും ക്ഷുരകന്‍, അലക്കുകാരന്‍ മുതലായവരെ വിലക്കിയാണിത് സാധ്യമാക്കുന്നത്. ഇത്തരമൊരു ഊരുവിലക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോലും മുവാറ്റുപുഴ അടുത്ത് വാളകത്ത് അരങ്ങേറിയതായി കേള്‍വിയുണ്ട്.
കുറുപ്പംപടിയില്‍ നിന്നുള്ള ടി. എം. ഐസക്കും കൂത്താട്ടുകുളത്ത് നിന്നുള്ള കെ.ടി. ജേക്കബും ആയിരുന്നു ഇവിടെ സ്വാതന്ത്ര്യ സമരത്തിന്റെ വിത്തിട്ടത്. മുവാറ്റുപുഴ താലൂക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയായിരുന്ന കെ. വി. രാമന്‍ ഇളയതിന് തന്റെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള പ്രതിഫലമായി ജയില്‍വാസവും സമുദായഭൃഷ്ടും, അന്ധതയും പേറേണ്ടി വന്നു.
സ്വാതന്ത്ര്യസമരത്തോടനുഭാവം പ്രകടിപ്പിച്ചതിന് മുവാറ്റുപുഴ എന്‍. എസ്. എസ് ഹൈസ്‌കൂള്‍ (അന്ന് മലയാളം ഹൈസ്‌കൂള്‍) വിദ്യാര്‍ത്ഥിയായിരുന്ന തോട്ടത്തില്‍ ടി. എ. വര്‍ക്കിയെ (പിന്നിട് പൗരോഹിത്യം സ്വീകരിച്ച് ബ്രദര്‍ മൈക്കളായി) സ്‌കൂളില്‍ നിന്നും പുറത്താക്കി. സ്വാതന്ത്ര്യ സമരകാലത്ത് ഉണര്‍ത്തുപാട്ടുകള്‍ പാടി യോഗസ്ഥലത്തേക്ക് ആളുകളെ ആകര്‍ഷിച്ചുവരുത്തി യിരുന്ന പി. എന്‍. നാരായണനെന്ന കൊച്ചുനാരായണനെയും വിളക്കത്ത് വി. എം. മക്കാരി നെയും എങ്ങനെ മറക്കാന്‍! സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്ന എം. പി മന്മഥന്‍ സാറും മുവാറ്റുപുഴയ്ക്ക് സ്വന്തം. 1950 കളില്‍ ഇവിടെ നിന്നും പ്രസിദ്ധീകരണം സമാരംഭിച്ച് ദീര്‍ഘകാലം പിടിച്ചു നിന്ന അമ്മാവന്‍ മാസികയും പത്രാധിപര്‍ എ. കെ. ശ്രീധരനെയും (വെള്ളൂര്‍കുന്നം) പഴമക്കാര്‍ മറന്നിരിക്കില്ല. കാലം മുമ്പോട്ട് നീങ്ങിയപ്പോള്‍ 1995 കാലത്ത് നാടിനെ നടുക്കിയ മറ്റൊരു സംഭവമുണ്ടായി. ഇനിയും ചുരുളഴിയാത്ത അഥവാ സത്യം പുറത്തു വന്നതായി ജനം വിശ്വസിക്കാത്ത, മുവാറ്റുപുഴ ആര്‍.ഡി.ഒ സന്തോഷിന്റെ ദുരൂഹസാഹചര്യത്തിലുള്ള മരണമാ ണത്. ഒരു തുടരന്വേഷണമോ പുനരന്വേഷണമോ ആയിക്കൂടേ എന്നൊരു ചിന്ത ജനപക്ഷത്ത് നിന്നിന്നുമുണ്ട്. തലങ്ങും വിലങ്ങും ഒഴുകുന്ന പുഴകള്‍, ഉപ്പു വെള്ളത്തിന്റെ ഭീഷണിയില്ലാതെയുള്ള ഈ നദീജലസമ്പത്താണ് മുവാറ്റുപുഴയുടെ രമണീയത. മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്നും പുറംതള്ളുന്ന വെള്ളമാണ് കഠിന വേനല്‍ക്കാലത്തു പോലും മുവാറ്റുപുഴയാറിനെ ജലസമൃദ്ധമാ ക്കുന്നതെന്ന കാര്യം മറന്നുകൂടാ. വീണു കിട്ടിയ സൗഭാഗ്യം അനുഭവിക്കുന്നതിനോടൊപ്പം മിതവ്യ യശീലവും സംരക്ഷണ ചുമതലയും പുലരേണ്ടതുമുണ്ട്. ഈ ചുമതലാബോധ്യം സജീവമാകു മ്പോള്‍ പ്രകൃതിയ്ക്കും സംസ്‌ക്കാരത്തിനും ആഘാതങ്ങളേല്‍പ്പിക്കാതെ കണ്ട് ഈ ശുദധജല സമൃദ്ധി എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താനാകുമെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. ടൂറിസം മാത്രം ലക്ഷ്യമിട്ടാല്‍ വിനാശം ഉറപ്പാണ്.
By : ടി. വി. മാത്യൂസ് (റിട്ട. ജില്ലാ ജഡ്ജ്)
well, Muvattupuzha is the main town in this area of perumbavur,kothamangalam,piravom,kuthattukulam,thodupuzha area. the town’s growth show retardation as the kerala congress party works against formation of Muvattupuzha district. till 1975-80 Muvattupuzha and Aluva are the major towns in Ernakulam area. now, Aluva is made a village under Kochi and Muvattupuzha is suffering from Thodupuzha-Pala based regionalist Kerala Congress leaders who prevent the formation of Muvattupuzha district which could’ve formed way back in 1940s itself under Thiru-Kochi.
Good