മുറിച്ചുമാറ്റപ്പെട്ടവർ

ഒലിവ് മരത്തിന്റെ ചുവട്ടിൽ പഴുത്തു വിങ്ങിയ കാൽ വെയിലേൽപ്പിച്ചുകൊണ്ട് ദക്ഷ ഇരുന്നു. ഇളം വെയിലേൽക്കുമ്പോൾ കിട്ടുന്ന അല്പം സുഖം. ദക്ഷയ്ക്ക് തന്നോട് തന്നെ പുച്ഛം തോന്നി. സുഖം… ആ വാക്കു തന്നെ അടിമകളുടെ നിഘണ്ടുവിൽ നിന്നും എന്നേ അന്യംനിന്ന് പോയതാവാം. എത്രയോ, ഏതൊക്കെയോ നാട്ടുവഴികളിലെ വണിക്കുകൾ കുടിച്ചുവറ്റിച്ച നീർച്ചോലകളാണ് അടിമപ്പെണ്ണുങ്ങൾ… ഇപ്പോൾ വിസർജ്യം വലിച്ചെറിയുന്ന ചെളിക്കുണ്ടുകൾ. നീരു നിറഞ്ഞ കാലിൽ ഇരുമ്പ് കാൽത്തള മാംസത്തിനുള്ളിലേക്ക് അഴുകിച്ചേർന്ന് രക്തവും പഴുപ്പും മാംസക്കഷ്ണങ്ങളും ഒഴുകുമ്പോൾ അവളറിയാതെ തന്നെ ഒരു ഞരക്കം കണ്ണീരോടെ പുറത്തേയ്ക്ക് വന്നു. ഒന്നലറിക്കരയാനുള്ള സ്വാതന്ത്ര്യമെങ്കിലും കിട്ടിയാൽ ഈ വേദന അല്പനേരം മറക്കാമായിരുന്നു.
ഇവിടിരുന്നാൽ അരളിച്ചെടിയ്ക്കപ്പുറമുള്ള കറുത്ത പാത കാണാം. ആരെയോ വിഴുങ്ങാൻ ഇഴഞ്ഞുനീങ്ങുന്ന ഒരു പെരുമ്പാമ്പിനെപ്പോലെ… ഈ വഴി എവിടേയ്‌ക്കെന്നറിയില്ല. ഒന്നു മാത്രം അറിയാം, ഇത് മരണത്തിലേയ്ക്കുള്ള പാതയാണ്. പാതയ്ക്ക് മറുവശം ശ്മശാനമാണ്. രാവിലെ തൊട്ടേ ശവവണ്ടികൾ കറുത്ത വസ്ത്രക്കാരുടെ അകമ്പടിയോടെ കടന്നുപോകുന്നു. കടുത്ത ദുഃഖത്തിന്റെ മൂടുപടത്തിലും അവരുടെ മുഖത്തുള്ള നിർഭയത്വം ഒരു കനൽ പോലെ തന്നിൽ നീറിപ്പടരുന്നതവളറിഞ്ഞു. ശവഘോഷയാത്രയ്ക്ക് പുറകിൽ മസാലയും മധുരവും ചേർത്ത ചോളമാവ് തിളച്ച എണ്ണയിൽ ഇടുന്ന പലഹാരക്കടക്കാരുടെ ഉന്തുവണ്ടികൾ. ഈ മരണക്കാഴ്ചകൾ മാത്രമാണ് പുറം ലോകത്തേയ്ക്കുള്ള ഏക വാതിൽ. കത്തുന്ന ശവത്തുന്റെ ഗന്ധവും കുന്തിരിക്കവും മീറയും പുകയ്ക്കുന്ന ഗന്ധവും പലഹാരങ്ങളുടെ എണ്ണ മണവും തന്നിൽ ഒരു ഛർദ്ദിലായി തൊണ്ടയിൽ കുരുങ്ങുന്നതവൾ അറിഞ്ഞു.
“മാ…”
ലാറയാണ്. ശിവദയുടെ മകൻ.
സുന്ദരിയായിരുന്നു ശിവദ. മെരുങ്ങിയ ഒരു പടക്കുതിരയെപ്പോലെ അണിഞ്ഞൊരുങ്ങി നടന്ന അവൾ മടിശ്ശീലയിൽ കനമുള്ളവരെ കൊതിപ്പിച്ച് ഓരോ രാവും പലരോടൊപ്പം ശയിച്ചു. ഓരോ ലേലചന്തയും അവൾക്കൊരു ഹരമായിരുന്നു. തന്റെ ശരീരം പ്രദർശിപ്പിക്കുവാൻ പറ്റിയ അരങ്ങ്. തിളങ്ങുന്ന ഒരു വെള്ളിവളയം അവൾ വലത് മൂക്ക് കിഴിച്ചിട്ടിട്ടുണ്ട്. കുപ്പിവളയും പാദസ്വരവും അവളുടെ പൊട്ടിച്ചിരിയും അടിമത്താവളത്തിലെ ആകെയുള്ള നിറമുള്ള ശബ്ദങ്ങളായിരുന്നു. ഇവിടെ വന്നതിനു ശേഷമാണ് അവൾ ലാറയെ ഗർഭം ധരിച്ചത്. ഏതോ മാർവാഡിയുടെ മകൻ. അവൾ പ്രസവിച്ചെന്നേയുള്ളൂ… ലാറ വളർന്നത് എന്റെ ചൂട് പറ്റിയായിരുന്നു. പാലില്ലാത്ത എന്റെ മുലയവൻ ഞപ്പി വയറ് നിറച്ചു. എന്നെ “മാ…” എന്നു വിളിച്ചു. എന്നാലും ശിവദയെ അവൻ സ്‌നേഹിച്ചിരുന്നു. വേറൊരു ചന്തയിലേക്ക് ശിവദയെ കൊണ്ടുപോയപ്പോൾ അലറിക്കരഞ്ഞുകൊണ്ടവൻ വണ്ടിയ്ക്ക് പുറകേ ഒരുപാട് ദൂരം ഓടി. ആരൊക്കെയോ ചേർന്ന് ചാട്ടവാറുകൊണ്ടവനെ പൊതിരെ തല്ലി… തടസ്സം നിന്ന തനിക്കും കിട്ടി ഇരിപ്പതടി.
ഇടവഴിയിലൂടെ ഓടിയെത്തിയ ലാറ കരഞ്ഞുകൊണ്ട് ദക്ഷയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. അവന്റെ ശ്വാസം നിലച്ചതുപോലെ… ആ കുഞ്ഞുക്കണ്ണുകളിൽ ഉറഞ്ഞുകൂടിയ ഭയം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകുന്നു… ചോരയിറ്റു വീഴുന്ന മാംസക്കഷ്ണങ്ങൾപ്പോലെ അവനിൽ നിന്നും ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച വാക്കിൻതുണ്ടുകൾ അടർന്നു വീഴുന്നു.
“മാ… നാളെ അടിമച്ചന്തയാണ്…”
ഉള്ളിൽ ഒന്നു ഞെട്ടിയെങ്കിലും ആ നടുക്കം വെളിയിൽ കാണിക്കാതെ ലാറയെ ചേർത്തു പിടിച്ചപ്പോൾ അവൻ അവളുടെ മാറിൽ തലയുരുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞൊപ്പിച്ചു.
“നാളെ… ദക്ഷാമാ… നിങ്ങളുമുണ്ട്…”
ശരീരം തളരുന്നതുപോലെ… വ്രണത്തിൽ ഈച്ച പൊതിയുന്നു… ഉറുമ്പും. ശരീരം മരിച്ചിട്ടില്ല എന്നവർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
അഞ്ചു വർഷമായി ഇവിടെ വന്നിട്ട്. അതിന് മുൻപ് എത്രയോ അടിമച്ചന്തകൾ… എത്ര ലേലം വിളികൾ… പതിനാലാമത്തെ വയസ്സിലായിരുന്നു ബീഹാരിയുമായുയള്ള തന്റെ കല്യാണം. തിളങ്ങുന്ന മഞ്ഞനിറത്തിലുള്ള ദുപ്പട്ടകൊണ്ട് മുഖം മൂടി കൈ നിറയെ കുപ്പിവളയണിഞ്ഞ് ബീഹാരിയുടെ പച്ചകുത്തിയ കൈകളിൽ പിടിച്ചു തുടങ്ങിയ ജീവിതം…
മഞ്ഞക്കണ്ണുകളും കറ പിടിച്ച പല്ലുകളുമുള്ള ബീഹാരിയ്ക്ക് മദ്യത്തിന്റെയും പുകയിലയുടെയും ഗന്ധമായിരുന്നു.
“ഒരു റിക്ഷാവണ്ടിയുള്ളവനാണ്, നിന്റെ മോളെ അവൻ നന്നായി ഊട്ടും…”
എന്നു പറഞ്ഞതുകൊണ്ടാണ് കർഷകനായ എന്റെ ബാബാജി ഇത്രയും അകലെ എന്നെ വിവാഹം കഴിപ്പിച്ചയച്ചത്.
അയാളൊരു മൃഗമായിരുന്നു. പകൽ സമയങ്ങളിൽ മുറ്റത്തെ ചൂടക്കട്ടിലിൽ കാലുകൾ പിണച്ചു വച്ച് വാ തുറന്ന് കൂർക്കം വലിച്ച് ഉറങ്ങും. വൈകുന്നേരങ്ങളിൽ റിക്ഷയുമായി ഇറങ്ങും. ഗുജ്‌ളി തെരുവിലെ ശരീരം വിൽക്കുന്ന പെണ്ണുങ്ങളെ ഹോട്ടൽ മുറിയിലാക്കി കാവലിരിക്കും.
ആ ദിവസം അവൾക്കേറെ സന്തോഷമായിരുന്നു. അന്ന് ബിഹാരി വളരെ സന്തോഷത്തോടെയായിരുന്നു. പുറത്ത് പോകാം എന്നവൻ പറഞ്ഞപ്പോൾ വിവാഹത്തിനണിഞ്ഞ മഞ്ഞ ദപ്പുട്ടയണിഞ്ഞ് അവൾ ഒരു നവവധുവിനെപ്പോലെ ഒരുങ്ങി. ചുണ്ടിൽ ചുവന്ന ചായം പൂശാനും നഖങ്ങളിൽ ക്യൂട്ടക്‌സിടാനും അന്ന് ബിഹാരി വാശി പിടിച്ചു. കഴുത്തിലെ കരിമുത്ത് മാല അഴിച്ചുമാറ്റാൻ അയാൾ നിർബന്ധിച്ചത് എന്തിനാണെന്ന് അവൾക്കപ്പോൾ അറിയില്ലായിരുന്നു. നെറ്റിയിൽ സിന്ദൂരം ചാർത്താനൊരുങ്ങിയപ്പോൾ അവനൊരു വഷളൻ ചിരി അവൾക്ക് സമ്മാനിച്ചിട്ട് പറഞ്ഞു.
“ഇനി അതിന്റെ ആവശ്യം വരില്ല.”
തെരുവിലൂടെ നടക്കുമ്പോൾ വില പേശി വാങ്ങേണ്ട കുറച്ചു സാധനങ്ങൾ മനസ്സിൽ കുറിച്ചിട്ടു… പല നിറമുള്ള ചാന്ത്, കുറേ കരിവള, പിന്നെ…
പക്ഷേ, ബീഹാരി എന്നെ കൊണ്ടുപോയത് കൊയ്ത്ത് കഴിഞ്ഞ ഗോതമ്പ് പാടത്തേയ്ക്കായിരുന്നു. ഒരു നിമിഷം കൊണ്ട്, ബീഹാരി, തന്നെ ഒരു അടിമപ്പെണ്ണാക്കി മാറ്റി. ആ ലേലചന്തയിലെ ഏറ്റവും വിലയേറിയ ചരക്ക് താനായിരുന്നു. എല്ലാ കണ്ണുകളും നീളുന്നത് തന്നിലേക്ക്. ലേലവിളി ഉയർന്നുയർന്ന് പോകുമ്പോൾ തന്റെ യജമാനനായ ബീഹാരിയുടെ വൃത്തികെട്ട മഞ്ഞക്കണ്ണുകൾ തിളങ്ങിയത് വേദനയോടെയാണ് താൻ കണ്ടത്. ശരീരം വിറയ്ക്കുമ്പോഴും, വിയർത്ത് തളരുമ്പോഴും, മാറിടം നനയുമ്പോഴും അവൻ അവളോട് കാമച്ചിരി ചിരിക്കാൻ ആവശ്യപ്പെട്ടു. ഏതോ ഒരു മാർവാഡി ഏറ്റവും വലിയ ലേലത്തുകയിൽ കരാറുറപ്പിച്ച് തന്റെ കാൽപ്പാദങ്ങളിൽ അടിമത്തള അണിയിച്ചു.
അടിമപ്പെണ്ണുങ്ങൾ എന്നും മാർവാഡികൾക്ക് ഒരു ലഹരിയാണ്. മടിശ്ശീലയ്ക്ക് കനമുള്ള മാർവാഡികളാണ് അടിമപ്പെണ്ണുങ്ങളെ വാങ്ങുക. പകലന്തിയോളം അവരുടെ വയലേലകൾ ഉഴുതുമറിക്കണം. രാത്രി അനങ്ങുന്ന ചൂടുള്ള മനുഷ്യപിണ്ഡമായി മാറണം. കൊതിതീരുമ്പോൾ വീണ്ടും അടിമച്ചന്തയിൽ കൊണ്ടുപോയികൊടുത്ത് പുതിയൊരെണ്ണത്തെ വാങ്ങാം.
തനിയ്ക്കിപ്പോൾ എത്ര വയസ്സായി…? നാല്പത്… അൻപത്… അറിയില്ല.
ഇവിടെ നടക്കുന്ന അടിമച്ചന്തകളാണ് പ്രായക്കണക്കുകൾ കാലത്തിന് നൽകുന്നത്…
നാളത്തെ അടിമച്ചന്തയിൽ ഏറ്റവും വില കുറഞ്ഞ ലേലപ്പണ്ടം താനാവും… ജോലിയെടുക്കാൻ ശേഷി നഷ്ടപ്പെട്ട തനിക്ക് രൂദാലി മായുടെ ഗതിയായിരിക്കും.
“രൂദാലി മാ” കൊതിപ്പിക്കുന്ന സൗന്ദര്യമുള്ള അടിമപ്പെണ്ണായിരുന്നു. നിറഞ്ഞ മാറും നിതംബവും ഗോതമ്പിന്റെ നിറവുമുള്ള മാദകത്തിടമ്പ്. ഗോതമ്പ് മണികളിട്ട് പുളിപ്പിച്ച വീഞ്ഞുമായി അവൾ തന്റെ ശരീരം മാർവാഡികൾക്ക് മത്ത് വിതയ്ക്കാൻ കൊടുത്തു. അടിമപ്പെണ്ണുങ്ങളെ വരുതിയിലാക്കി മാർവാഡികളെ തുണിത്തുമ്പിൽ കെട്ടി വാ മുഴുവൻ സുഗന്ധമുറുക്കാൻ കൊണ്ട് ചുവപ്പിച്ച് അവൾ ആ ലോകം അടക്കി വാണു. ദേശങ്ങൾ അവൾക്ക് അതിര് കല്പിച്ചില്ല… പകരം സ്വർണ്ണക്കിഴികൾ കാഴ്ചവച്ചു.
പെട്ടെന്നായിരുന്നു അവളുടെ ആരോഗ്യം നശിച്ചത്. തലമുടി കൊഴിഞ്ഞു. കണ്ണുകൾ കുഴിഞ്ഞു, കവിളെല്ല് പൊങ്ങി. കരിവാളിച്ച മുഖം മറച്ച് കുറേ നാൾ… പതുക്കെ മനസ്സ് നിയന്ത്രണം വിട്ടു തുടങ്ങി. ചിരിയും കരച്ചിലും ചീത്ത പറച്ചിലും… അവരുടെ ജീവിതത്തിന്റെ തുടക്കമായിരുന്നു.
പ്രായമായപ്പോൾ, ആരും ആവശ്യക്കാരില്ലാതായപ്പോൾ, ജോലി ചെയ്യാൻ പറ്റാതായപ്പോൾ ഒരിടുങ്ങിയ ഇരുണ്ട മുറിയിലവരെ ചങ്ങലയ്ക്കിട്ടു… മരണമുറിയെന്നാണ് ഞങ്ങളീ മുറിയെ വിളിച്ചിരുന്നത്. മരിക്കാൻ വിധിക്കപ്പെട്ടവരുടെ മുറി. ഒരു ജനൽ പോലുമില്ലാത്ത കരിങ്കൽഭിത്തിയുടെ കാളിമ പേറുന്ന മരണഗന്ധമുള്ള മുറി. വല്ലപ്പോഴും എറിഞ്ഞുകൊടുക്കുന്ന ഒരു കഷ്ണം പഴകിയ റൊട്ടിയും വെള്ളവും… ഓരോരുത്തരെയായി ചാട്ടവാറുകൊണ്ടടിച്ച് ആ നരകത്തിലേക്ക് വലിച്ചെറിയും മുൻപ് അവർ നോക്കുന്ന ഒരു നോട്ടമുണ്ട്… ജീവിക്കാനുള്ള അത്യാർത്തി പിടിച്ച നോട്ടം… രുദാലിയും നോക്കിയിരുന്നു. അവളുടെ ഉടലാഴങ്ങളിൽ കാമാർത്തിയുടെ വിത്ത് വിതച്ചവർ തന്നെയാണ് ചാട്ടവാറുകൊണ്ടടിച്ചവളെ വലിച്ചിഴച്ചത്.
അപ്പോഴും അവൾ,
“എന്നെ ഒന്ന് വാരിപ്പുണരൂ മല്ലയ്യാ…, ഥാക്കൂർജീ…, എന്റെ ചുണ്ടുകളിലൊന്നമർത്തി ചുംബിക്കൂ…”
എന്നാർത്ത് ചിരിച്ചും കരഞ്ഞും അവൾ ഒച്ചവച്ചു.
വിശപ്പധികമായപ്പോൾ തലതല്ലിക്കരഞ്ഞു. ഓരോ കരച്ചിലിനും അവളെ ചാട്ടവാറുകൊണ്ടടിച്ചു. അലറിക്കരയാൻപോലും ശേഷിയില്ലാത്ത അവളുടെ ശരീരത്തിൽ നിന്നും ഒരു ദുർഗന്ധം കരിങ്കൽ ഭിത്തിയിൽ നിന്നും പുറത്തേയ്ക്ക് പരക്കാൻ തുടങ്ങിയപ്പോൾ രൂദാലിയുടെ ദിവസം നിശ്ചയിക്കപ്പെട്ടു. ശ്മശാനത്തിൽ ഏതെങ്കിലും ശവം കത്തിയെരിയുമ്പോൾ പെൻഷൻ പറ്റിയ അടിമപ്പെണ്ണിന്റെ മരണവും കുറിക്കപ്പെടും.
ആ ദിവസം കൂർത്ത കല്ലിൽ കൂടി വലിച്ചിഴച്ചുകൊണ്ടുപോകുന്ന രൂദാലിയെ ഞങ്ങൾ കണ്ടു. അപ്പോഴും ആ കണ്ണുകളിൽ ജീവിക്കാനുള്ള കൊതിയുണ്ടായിരുന്നു. ഇറച്ചിക്കടയിൽ ഈച്ചയാർത്ത മാംസക്കഷ്ണം പോലെ ആ ശരീരം… മുന്നിലുള്ള ശ്മശാനത്തിൽ ആരെയോ കത്തിച്ച ചാണകവറളയിലേക്കവരെ വലിച്ചെറിയുമ്പോൾ അവർ കരഞ്ഞിരുന്നു എന്ന് ലാറ പറഞ്ഞ് പിന്നീട് ഞങ്ങൾ അറിഞ്ഞു.
………………
കൊയ് ത്തൊഴിഞ്ഞ ഗോതമ്പ് പാടം… വില കുറഞ്ഞ കടും നിറമുള്ള സൽവാറും കമ്മീസും ധരിച്ച് അടിമപ്പെണ്ണുങ്ങൾ തങ്ങളുടെ ശരീരം പ്രദർശിപ്പിച്ച് ഒരു വശ്യമായ ചിരിയോടെ ലേലപ്പണ്ടങ്ങളായി നിൽക്കുന്നു. ഈ ചിരിയാണ് അടിമപ്പെണ്ണിന്റെ വിധി… ഉള്ളിൽ നീറിക്കരഞ്ഞ് ശരീരത്തിന്റെ നിംനോന്നതങ്ങൾ പ്രദർശിപ്പിച്ച് ആ നിഗൂഢത ആസ്വദിക്കാൻ, കൊത്തിപ്പറിക്കാൻ നിന്ന് കൊടുക്കേണ്ടതാണ് എക്കാലവും പെണ്ണിന്റെ കടമ. പുരുഷന് ഭോഗിക്കാൻ മാത്രമാണ് പെണ്ണുടലുകൾ… രസിപ്പിക്കുവാനും ത്രസിപ്പിക്കുവാനും കഴിവില്ലായിരുന്നെങ്കിൽ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റേണ്ട വെറും വിയർപ്പുതുള്ളി മാത്രമാണ് പെണ്ണ്…
ലേലം വിളി തുടങ്ങി.
ചെറിയൊരു പെൺകുട്ടി… കളി മതിയാക്കാതെ പിടിച്ചുകൊണ്ടുവന്ന ഒരു സുന്ദരിക്കുട്ടി. എത്ര വയസ്സ് കാണും… പത്തോ, പതിനൊന്നോ..? അവൾ കുതറുന്നുണ്ട്. ഒരു കറുത്ത കുറിയ മനുഷ്യൻ ബലമായി അവളെ പിടിച്ചിട്ടുണ്ട്. നെഞ്ചും തുടയും കാണാവുന്ന ഇറക്കം കുറഞ്ഞ കല്ലുകൾ പതിപ്പിച്ച ഒരു ഉടുപ്പാണ് അവൾ ധരിച്ചത്. ചുണ്ടുകളിൽ ചുവന്ന ചായം ആരോ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ചോരയിറ്റുവീഴുന്ന ഹൃദയം പോലെയാണ് ആ ചുണ്ടുകൾ…
“ഇവൾ ഗോദാവരി… പതിനാല് വത്സരം പിന്നിട്ടവൾ… കന്യക.. രതിശാസ്ത്രം പഠിച്ചവൾ… ഈ വസന്തം മുതൽ വരും വസന്തം വരെ ഇവൾക്കൊപ്പം ശയ്യ പങ്കിടാൻ കനത്ത പൊൻപണമുള്ളവർക്കായി ലേലം വിളിക്കുന്നു…”
എല്ലാവരുടേയും ശ്രദ്ധ ആ കുരുന്നുലേയ്ക്കായി. ഓരോരുത്തരായി പേടിച്ചരണ്ടുനിൽക്കുന്ന അവളുടെ മുഖത്തേയ്ക്ക് തങ്ങളുടെ പരുക്കൻ കൈകൊണ്ട് തലോടി. അവളുടെ ഉടുപ്പിനുള്ളിലേയ്ക്ക് കൊതി നോട്ടമെറിഞ്ഞു. അവളുടെ കൂടെയുണ്ടായിരുന്നവൻ കൈയ്യിലിരുന്ന പ്ലാസ്റ്റിക് കവറിലെ ചാരായം മട മടാന്ന് കുടിച്ചുകൊണ്ടു പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. അവൾ കുതറുന്നുണ്ടായിരുന്നു.
“ബാബാജി, നമുക്ക് പോകാം ബാബാജീ…
ഇവരെല്ലാം അഴുക്കാ ബാബാജീ…
എനിക്ക് പേടിയാവുന്നു… ബാബാജീ നമുക്ക് പോകാം..”
കുറേ പണം എണ്ണിക്കൊടുത്ത് അവളെ തോളിലേറ്റിക്കൊണ്ടു പോകുന്നയാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ മൃഗീയമായി ഉമ്മ വയ്ക്കുന്നത് കണ്ടപ്പോൾ ആവർത്തിക്കപ്പെടുന്ന ചരിത്രത്തിലെ കറുത്ത പാടുകളെക്കുറിച്ചോർത്ത് പുച്ഛവും അറപ്പും തോന്നി.
ഒഴിഞ്ഞ ധാന്യപ്പുരപോലെയായി പാടം. വിറ്റവർക്കും വാങ്ങിയവർക്കും മടിശ്ശീലനിറയെ നിധിയാണ് കിട്ടിയത്.
ചന്ത ഒഴിഞ്ഞു. ഇവിടെ താൻ മാത്രം… മറ്റൊരാൾക്ക് ചൂട് പകരാനാവാത്ത അടിമപ്പെണ്ണിനെ ആർക്ക് വേണം..? ഇങ്ങനെയേ സംഭവിക്കൂ എന്ന് നേരത്തേ അറിയാമായിരുന്നു, എന്നിട്ടും… ചെറിയൊരു പ്രതീക്ഷയിലായിരുന്നു. ആരെങ്കിലും വരുമെന്ന പ്രതീക്ഷ…
രൂദാലാ മായുടെ മുറിയിൽ ഇനി എന്നെയും വലിച്ചെറിയും. ഭയം തോന്നുന്നു. മരണം തിന്നുന്ന ഇരുട്ടുനിറഞ്ഞ ആ മുറിയെക്കുറിച്ചോർത്തിട്ട്, പട്ടിണിയിലൊടുങ്ങുന്ന പ്രാണന്റെ നിലവിളി, പിന്നെ ചാട്ടവാറിലടരുന്ന പഴുത്ത മാംസക്കഷ്ണങ്ങളിൽ നിന്നുതിരുന്ന കൊടുംവേദനയിലെല്ലാം അവസാനിക്കും എന്ന ഭയം അവളെ വല്ലാതെ തളർത്തി. അവസാനം ജീവനോടെ ആളിക്കത്തുന്ന തീയിലേയ്ക്ക് താൻ വലിച്ചെറിയപ്പെടും.. ആരെങ്കിലും വന്നെങ്കിൽ…
യജമാനന്റെ കിങ്കരൻമാർ നല്ല ദേഷ്യത്തിലാണ്. ആരെങ്കിലും വാങ്ങിച്ചാൽ കിട്ടുന്ന ചില്ലറപ്പൈസ അവർക്കുള്ളതായിരുന്നു. മെല്ലെ എഴുന്നേല്ക്കാൻ ശ്രമിച്ചു. വയ്യാ… രാവിലെ തൊട്ടിരിക്കാൻ തുടങ്ങിയതാണ്. വെള്ളം പോലും കുടിച്ചിട്ടില്ല. അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ… തല ചുറ്റുന്നു… ഒരേ ഇരുപ്പിരുന്നതുകൊണ്ടാവും കാൽ വണ്ണ നീര് വെച്ച് പഴുപ്പ് ഒഴുകുന്നു. അസഹ്യമായ വേദന… കണ്ണ് നിറഞ്ഞൊഴുകി.
“അസത്ത്… എഴുന്നേറ്റ് വാടീ… എടീ കളവീ… വണ്ടീൽ വന്ന് കേറെടീ…”
“കന്നുകാലിയായിരുന്നെങ്കിൽ അറവുകാർക്ക് കൊടുക്കാമായിരുന്നു. നാശം…”
കച്ചവടം നടക്കാത്തതിൽ ദേഷ്യപ്പെട്ട് മാർവാഡിയുടെ കിങ്കരൻമാരായ രണ്ട് കറുത്ത തടിയൻമാർ ദക്ഷയെ വലിച്ചിഴച്ച് വണ്ടിയിലിട്ടു. വ്രണങ്ങൾ കൂർത്ത കല്ലിലുരഞ്ഞ് ചോരയൊലിപ്പിച്ചപ്പോൾ അവൾ അലറിക്കരഞ്ഞുപോയി… ഓരോ അടിയിലും ലോകം നടുങ്ങുമാറുച്ചത്തിൽ അവൾ കരഞ്ഞു. ഇപ്പോൾ മാത്രമേ ഈ കരച്ചിൽ ലോകത്തിന്റെ കാതുകളിലേക്ക് തനിക്കെത്തിക്കാനാവൂ… പക്ഷേ കേൾക്കില്ല എന്ന് സ്വയം ശഠിച്ച് കണ്ണും കാതും കൊട്ടിയടച്ച നന്ദികെട്ട ലോകത്തിന് എന്ത് സമാധാനമാണ് അടിമപ്പെണ്ണിനോട് പറയാനാവുക…? ഒരു കോമാളിയെപ്പോലെ ലോകം തനിക്ക് നേരെ കൊഞ്ഞനം കുത്തുന്നത് ഹൃദയം പൊട്ടുന്ന വേദനയോടെ അവൾ കണ്ടറിഞ്ഞു. ഓരോ കരച്ചിലിനും മറുപടിയായി ചാട്ടവാറടി കൊണ്ടവളുടെ കണ്ണുകളിൽ നിന്നും ചോരയിറ്റി.
അപ്പോൾ വാങ്ങിയ നാലഞ്ച് വേട്ടനായ്ക്കൾക്കരികിലേയ്ക്ക് അവർ ദക്ഷയെ വലിച്ചെറിഞ്ഞു. അവളുടെ ചോരയൊലിക്കുന്ന ശരീരം ഒരിറച്ചിക്കഷ്ണമെന്നോർത്തു വന്യമായ മുരൾച്ചയോടെ ഓടിയെത്തിയ ജന്തുക്കൾ ആ ശരീരത്തിൽ ജീവൻ തുടിക്കുന്നുണ്ടെന്നറിഞ്ഞ് ഒന്ന് മണത്ത് അല്പം അകലേക്ക് മാറി നിന്നു. ജീവൻ നിലച്ചുപോയ ദക്ഷ കണ്ണുകളിറുക്കിപ്പിടിച്ച് ഒന്നുകൂടി കരഞ്ഞു. എന്നാൽ വണ്ടി മുന്നോട്ടെടുക്കുന്ന ശബ്ദത്തിൽ ആ കരച്ചിൽ അലിഞ്ഞില്ലാതെയായി.
അപ്പോൾ പൊടിപിടിച്ച പാതയുടെ അങ്ങേയറ്റത്തുനിന്നും
“അയ്യോ… അയ്യോ, ഒന്നു നിൽക്കണേ. ..! ഒരു നിമിഷം ഇങ്ങോട്ട് നോക്കണേ ഭയ്യാ… ഇതു കണ്ടോ, എന്റെ കൈ നിറയെ പണമാണ്… പോകല്ലേ…!”
ഇരുപത്തിയഞ്ചോളം വയസ്സുള്ള ഒരു ചെറുപ്പക്കാരൻ. അവന്റെ കുർത്തയും പൈജാമയും കാലുകളും ചെമ്മണ്ണ് പുരണ്ടിരിക്കുന്നു. അങ്ങകലെയുള്ള ഗ്രാമത്തിൽ നിന്നാവും അവൻ വരുന്നത്. പാറിപ്പറന്ന് ക്ഷൗരം ചെയ്യാത്ത മുടിയും താടിയും. കുഴിഞ്ഞ തണ്ണുകൾ. അവൻ ഒരു പൊതി നിറയെ പണം ഉയർത്തിക്കാണിച്ചു. പിന്നെ ശ്വാസമില്ലാതെ വീണ്ടും പറഞ്ഞു.
“ഈ പണം മുഴുവൻ നിങ്ങൾക്ക് തരാം. എനിക്ക് ഒരടിമപ്പെണ്ണിനെ വേണം. എന്റെ കഴിഞ്ഞ ആയുസ്സ് മുഴുവൻ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. ദയവായി വണ്ടി നിർത്തൂ…”
വണ്ടി സാവധാനം നിർത്തി യമകിങ്കരൻമാർ രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി. അവരാചെറുപ്പക്കാരനോട് എന്തൊക്കെയോ ചോദിക്കുന്നു.
ദക്ഷ കാൽമുട്ടുകളിൽ തല ചായ്ച്ച് കിടന്നു. ആ യുവാവ് ഒരു കൊച്ച് അടിമപ്പെണ്ണിനെ കൊതിച്ച് വന്നതാവും..! ആരുമില്ലെന്നറിയുമ്പോൾ അവൻ നിരാശനാകും. അടുത്ത ചന്തസ്ഥലത്തേയ്ക്ക് അവൻ പോകും.
അലുമിനിയപ്പാത്രം കിടുങ്ങുന്ന ശബ്ദം. മെല്ലെ തല പൊക്കിയപ്പോൾ ഒരു പട്ടി തന്റെ അരികിലേക്ക് വെള്ളം നിറച്ച ഒരു അലുമിനിയപ്പാത്രം നീക്കി വയ്ക്കുന്നു. മനുഷ്യനെക്കാൾ മനുഷ്യനെ മനസ്സിലാക്കാൻ മൃഗങ്ങൾക്ക് കഴിയുന്നുവല്ലോ…
“ഇതാ ഇവൾ മാത്രമേയുള്ളൂ. മറ്റെല്ലാവരെയും വിറ്റ് പോയി. നിനക്ക് അത്യാവശ്യമാണെങ്കിൽ ഇവളെ കൊണ്ടുപൊക്കോളൂ… ആയിരം പണം മാത്രം മതി”.
ഞാൻ തലയുയർത്തി നോക്കി, അവൻ എന്നെയും… അവന്റെ കണ്ണുകൾ തിളങ്ങി… അവന്റെ ആവേശം കണ്ടപ്പോൾ ആ മല്ലൻമാർ എന്നെ വണ്ടിയിൽ നിന്നിറക്കി. ഈ പ്രാവശ്യം അല്പംപോലും നോവിക്കാതെ, വിലയുള്ള സ്ഫടികപ്പാത്രം പോലെ…!
അവന്റെ പരുക്കൻ കൈകൊണ്ട് എന്റെ മുഖത്തെല്ലാം പരതി. ആ കൈവിരലുകൾ എന്റെ കഴുത്തിലും ക്ഷീണിച്ച മാറിടത്തിലും തൊട്ടു. പിന്നെ അവൻ ഒരു ഭ്രാന്തനെപ്പോലെ ഉമ്മ വെയ്ക്കാൻ തുടങ്ങി…
അവന്റെ അക്ഷമയും ആവേശവും കണ്ട്, കൂടി നിന്നവർ ചിരിച്ചു.
“കൊതിയൻ…”
തന്റെ മുഴുവൻ സമ്പാദ്യവും അവൻ അവർക്ക് കൊടുത്ത് ദക്ഷയെ തോളിലേറ്റി നടന്നു നീങ്ങി.
“പ്രായമായ ഇവരെ കിട്ടിയപ്പോൾ ആ ചെക്കന്റെ കൊതി കണ്ടോ… അപ്പോൾ കൊച്ചുപെണ്ണാരുന്നേൽ…!”
ആരോ തല തല്ലി ചിരിച്ചു.
വേറൊരാൾ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു.
“ഒരു ജൻമം കഷ്ടപ്പെട്ട പൈസകൊണ്ട് ചാകാറായ ഒരു അടിമയെ വാങ്ങിച്ചു. ഇവനൊക്കെ നട്ടപ്രാന്താ…! കാമപ്രാന്ത്…!”
അപ്പോൾ അവൻ ദക്ഷയുടെ മുറിവുകളിൽ മെല്ലെ തലോടി നെഞ്ചിലേക്ക് ചേർത്തണച്ചുകൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ വിളിച്ചു.
“മാ… മാ… എന്റെ മാ..!”
ആ കണ്ണുനീർ ദക്ഷയുടെ നെഞ്ചകം പൊള്ളിച്ചു. അവൾ ഒന്നു പിടഞ്ഞു.
അപ്പോൾ ദക്ഷ അവന്റെ ദേഹത്ത് മുറികെപ്പിടിച്ചു മെല്ലെപ്പറഞ്ഞു.
“ചേതൻ…, എന്റെ മകൻ..!”
“മുലയുണ്ടുകിടന്ന നിന്നിൽ നിന്നടർത്തിയാണല്ലോ അന്ന് ബീഹാരിയെന്നെ വിറ്റത്..!”
ചേതൻ നിറഞ്ഞൊഴുകുന്ന തന്റെ കണ്ണു തുടയ്ക്കാതെതന്നെ അമ്മയെ ചേർത്തണച്ചു.
പിന്നെ ഉറച്ച കാലുകളോടെ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി.