Main Menu

മീരയുടെ കവിതകൾ

മീര രമേഷ് എന്ന കവിനാമം കേട്ട്, ‘ഇതാ മറ്റൊരു പെണ്‍ കവി’ എന്നോ ‘പെണ്‍ കവിത’ എന്നോ ഉള്ള മനോഭാവത്തോടെ അവയെ സമീപിക്കരുത് എന്നാ ണ് ഈ കവിതകളെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ട ആദ്യവാച കം എന്ന് എനിക്കു തോന്നുന്നു. കാരണം സ്ത്രീ കവിതകളെന്ന് വേര്‍ തിരിച്ചു കാണപ്പെടാന്‍ മീരയുടെ കവിതകള്‍ നിങ്ങള്‍ക്ക് അവസരം തരില്ല എന്നതു തന്നെ. അവ ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറം പോകുന്നവയാണ് എന്ന് വായിക്കു ന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും.

ഏറ്റവും ആഴത്തില്‍ അവ സ്വതന്ത്രമായ ഭാഷയില്‍, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി നില്‍ക്കുന്നു. അവയില്‍ സ്ത്രീയും പ്രണയവും, സ്‌നേഹവും, വേനലും, മഴയും, കാടും, കടലും, രാത്രിയും പകലും, ജീവിതവും, മരണവും, കിളികളും കിളിപ്പാട്ടും, തുടങ്ങി മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശവിഷയമാകുന്നുണ്ട്. എന്നാല്‍ അവ ഒരു വിഷയമെന്ന അവസ്ഥയിലോ ആശയമെന്ന കുരുക്കിലോ തളഞ്ഞു കിടക്കാതെ പുഴു പൂമ്പാറ്റയായിട്ടെ ന്നവണ്ണം രൂപാന്തരം പ്രാപിച്ചു മനോഹരമായി മാറിമറിയുന്നു.

‘ഇലവീട്’ എന്ന അതിന്റെ ശീര്‍ഷക കവിത മുതല്‍ ‘ഇലജന്മം’ വരെയുള്ള നാല്‍പ്പത്തിയാറു കവിതകളിലും അനുഭവപ്പെ ടുന്ന പ്രകൃതി സാമീപ്യം, വായനക്കാര്‍ക്ക് പ്രകൃതിയെ തൊട്ടു തൊട്ടിരിക്കുന്ന അവസ്ഥയുണ്ടാക്കും. എന്നാല്‍ ഈ കവിതകള്‍ പരിസ്ഥിതിവാദകവിതകള്‍ അല്ല. അത്തരം ഒരു ന്യൂനീകരണത്തിന് അവ വഴങ്ങുകയില്ല താനും. അത് തന്നെയാണ് മീരയുടെ കവിതകളെ നമ്മള്‍ സാധാരണ കണ്ടുവരുന്ന പ്രണയ കവിതകള്‍ മുതല്‍ പരിസ്ഥിതി – സ്ത്രീ സ്വത്വകവിതകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.
പരിണാമം എന്ന കവിത കാണുക:

”നീയകന്ന വഴിയിലേക്ക് നട്ട
കണ്ണുകളാണ് ഇലകളോടെ മുളച്ചത്
വിരഹമാറ്റാന്‍ വീശിയ കൈകളാണ് ചില്ലകളായത്…”

എന്നിങ്ങനെ സ്ത്രീയുടെയോ പുരുഷന്റെതോ എന്ന് വ്യക്തമാക്കപ്പെടാതെ തന്നെ ഒരു പ്രണയം നമുക്ക് മുന്നില്‍ വളരുകയാണ്, മരമായി കണ്മുന്‍പില്‍. കണ്ണും കൈകളും പാദങ്ങളും, മനസ്സുമുള്ള, ചുവന്ന പൂക്കള്‍ മാത്രമായി, ഇലകൊഴി ഞ്ഞ ഒരു മുരിക്കുമരം. ഒരേസമയം പ്രണയത്താല്‍ തപിക്കുന്ന ഹൃദയമുള്ള വ്യക്തിയായും മരമായും അത് മാറുന്നു. കുറഞ്ഞ വാക്കുകള്‍ കൊണ്ട് വിരഹവും, പ്രതീക്ഷയും, മോഹവും കാത്തിരിപ്പും, പ്രകൃതിയും പരിണാമവുമെല്ലാം കൂടിക്കലര്‍ന്ന ഒരന്തരീക്ഷം ആ മുരിക്കിന് ചുറ്റും മീര സൃഷ്ടിക്കുന്നു.

അതുപോലെ സ്വന്തം രൂപത്തിലേക്കും സ്വത്വത്തിലേക്കും ആവാസ ദേശത്തേക്കും മടങ്ങാന്‍ മനുഷ്യനെന്നപോലെ മരങ്ങള്‍ക്കും അവകാശമുണ്ടെന്ന്, അല്ലെങ്കില്‍ അങ്ങനെയാണ് അത് നിലനില്‍ക്കേണ്ടതെന്ന്, മുരടിപ്പില്‍ നിന്നുണര്‍ന്ന് പൂക്കളുതിര്‍ത്തു, പുഴയെ കാതോര്‍ത്ത് കുന്നിനരികിലേക്ക് നടന്നുനീങ്ങുന്ന ‘ബോണ്‍സായ്’യുടെ പോക്ക് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. അത് പ്രകൃതി സ്‌നേഹിയായ കവിയുടെ ആഗ്രഹം ആവാമെങ്കില്‍ കൂടി അത് കവിതയുടെ ഘടനയില്‍, മരത്തിന്റെ ബോണ്‍സായിത്തരം കുടഞ്ഞു കളഞ്ഞുള്ള യാത്രയില്‍ കൂടിയാണ് പൂര്‍ണ്ണമാകുന്നത്. കവി അതില്‍ പ്രത്യക്ഷ പ്പെട്ട് മരത്തിനുവേണ്ടി വാദിക്കുകയല്ല എന്നര്‍ത്ഥം.

അനുഭൂതികളെ സൂക്ഷ്മഭാവമാക്കി മാറ്റുന്ന ചെറുതും വലുതുമായ ഏറെ കവിതകള്‍ ഈ സമാ ഹാരത്തിലുണ്ട്.

”സ്വയം മറന്നു പുഷ്പ്പിച്ചതൊന്നൊഴിയാതെ
സ്വന്തം നിഴലിലുതിര്‍ത്തു
നിറം ചേര്‍ത്ത്,
മരമൊരു പരവതാനി നെയ്യുകയാണ്
വസന്തത്തിന് മടങ്ങിപ്പോകാന്‍”

‘വിട’ എന്ന ഈ കവിതയില്‍ മരം, പൂവ്, നിഴല്‍, നിറം എന്നിങ്ങനെയുള്ള സാധാരണ പദങ്ങളുടെ സൂക്ഷ്മ വിന്യാസം കൊണ്ട് കവിതയില്‍ ഒരു ഋതുവിനെ തന്നെ സന്നിവേശിപ്പിക്കുന്നത് കാണുക. ‘കാലവര്‍ഷം’, ‘ഒച്ച്’, ‘മുന്നേ വീശിക്കടന്നു പോയത്’, ‘മറുപുറം’ തുടങ്ങിയ കവിതകളിലും ഈ വിധം വാക്കുകളുടെ സൂക്ഷ്മതകൊണ്ട് മികച്ച കാവ്യാനുഭവമാക്കി മാറ്റുന്നു ഓരോ വായനയും.

ഗൃഹാതുരത്വം മീരയുടെ കവിതകളില്‍ പ്രവര്‍ത്തിക്കുന്നത് മലയാള കവിതകളിലും കഥകളിലും സാധാരണ കണ്ടുവരുന്ന തീവ്രവൈകാരികതയില്‍ മുങ്ങിയല്ല. ‘സ്വപ്നാടനം’ എന്ന കവിത അങ്ങനെയുള്ള ഒന്നാണ്. ഒറ്റക്കായിപ്പോയതിനാല്‍ പേടിച്ചുപോയ ഗ്രാമത്തിലെ വീടിനെ കവി സ്വന്തം ഫ്‌ളാറ്റിനു കീഴെ എത്തിക്കുന്നു. കവിയല്ല വീടാണ് ഇവിടെ ‘ഗൃഹാതുരത യില്‍ ഉഴലുന്നത്.

”തട്ടിന്‍പുറത്തെ തകരപ്പെട്ടികളില്‍ നിന്ന്
തട്ടിക്കുടഞ്ഞെണീറ്റ് താഴേക്കിഴഞ്ഞുവരുന്ന
ഓര്‍മ്മകളോ…?
എന്തായിരിക്കും?
എന്തായിരിക്കുമാവീടിന്റെ
രാപ്പേടിക്ക് കാരണം?
എന്തിനായിരിക്കുമത്
സ്വപ്‌നാടനം ചെയ്‌തെന്നും നട്ടപ്പാതിരക്കെന്റെ
ഫ്‌ളാറ്റിനു താഴെ വന്നു
തണുത്ത് വിറച്ചിങ്ങനെ
വെറുങ്ങലിച്ച് നില്‍ക്കുന്നത്?”

ഇങ്ങനെ കല്ലും മണ്ണും കൊണ്ട് പണിത, ആളുകള്‍ ഉപേക്ഷിച്ചിട്ടും ജീവനോടെ സ്വന്തം ഓര്‍മ്മകളില്‍ അലയുന്ന ആ വീട് അനേകം മാനങ്ങളുള്ള അനുഭവമായി വായനക്കാരുടെ ഉള്ളില്‍ ജീവന്‍ വയ്ക്കുന്നു. ‘മുള്ളിനാല്‍’ എന്ന കവിതയില്‍ നഗര ത്തിലെ മഴ ജനിപ്പിക്കുന്ന ഗൃഹാതുരത യും അതിനെ നിഷേധിക്കുന്ന വിധവും ആ കവിതയെ സവിശേഷമാക്കുന്നു. ജീവിതം പോലെ മരണവും ഒരു ‘ജീവിച്ചിരിക്കല്‍’ ‘ജീവിച്ചു തീര്‍ക്കല്‍’ ആണെന്ന് അതല്ലെങ്കില്‍ മരിക്കലില്‍ ജീവിച്ചിരിക്കലും അടങ്ങിയിരിക്കുന്നു എന്ന് അതുമല്ലെങ്കില്‍ ജീവിതവും മരണവും വിരുദ്ധങ്ങളല്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു ‘സുഖം’ എന്ന കവിത.

”അവിടെയാണ്
അവിടെയാണ് സ്വപ്നത്തിലിടക്കിടക്ക് ഞാന്‍
വീടോ
വീട്ടുകാരോ വിരുന്നുകാരോ
വിലാപശ്രുതിയിലൊരു രാമായണമോ ഇല്ലാതെ
തലയ്ക്കലമ്പിളി മലര്‍ത്തിവച്ച്, നിലാവിന്റെ വെള്ളക്കോടി പുതച്ച്
മരിച്ചു സുഖിച്ച് കിടക്കാറുള്ളത്”

ഇങ്ങനെ ജീവിതവും മരണവും രണ്ടല്ലാതായ/രണ്ടും ‘ഇല്ലാതായ’ ഒരിടത്താണ് ഒരാള്‍ക്ക് നിലാവിന്റെ വെള്ളക്കോടി പുതച്ച് മരിച്ചു സുഖിച്ച് കിടക്കാന്‍ കഴിയുക. തികച്ചും ലളിതമായി കവി മരണത്തിന്റെയും ജീവിതത്തിന്റെയും നിഗൂഢതകളെ നേരിടുന്നു.

ഇങ്ങനെ ഏറ്റവും ലളിതമായ ഒരു കാഴ്ച്ചയെ മുതല്‍, ചിന്തയെയും അനുഭവങ്ങളെയും സൂക്ഷ്മതയില്‍ അനുഭവിപ്പിക്കുക, അവയെ അവയുടെ നിലനില്‍പ്പിനപ്പുറം, നമ്മുടെ ഭാവനക്കപ്പുറം വളരാന്‍ വിടുക, അതേ സമയം ഏറ്റവും ആഴത്തില്‍ മനുഷ്യ-പ്രകൃതി ദ്വന്ദ്വങ്ങളെ നിരാകരി ക്കുക, അതായത് അവ രണ്ടല്ലെന്ന ഭാവത്തിലേക്ക് സമന്വയിപ്പിക്കുക ഇവയൊക്കെ മീരയുടെ കവിതകളുടെ അടിസ്ഥാന സ്വഭാവമായി നമുക്ക് കാണാം.

പ്രണയത്തിന്റെ, പ്രണയമില്ലായ്മയുടെ, ജീവിതക്ലേശത്തിന്റെ, മടുപ്പിന്റെ തുടങ്ങി മനുഷ്യന്റെ ആന്തരജീവിതത്തി ലേക്കെന്നപോലെ, പുറംലോകത്തിന്റെ ആഴത്തിലേക്കും ഒരേ സമയം സഞ്ചരിക്കാനും അതില്‍ സ്വയം കാണാനും തിരിച്ചറിയാനും ആ അറിവിനപ്പുറത്തു നിന്നുകൊണ്ട് അവയെ കവിതയിലേക്ക് ആവാഹിക്കാനും മീരക്ക് കഴിയുന്നു.
പ്രണയ നൈരാശ്യം കവിതയുടെ ഭാവത്തില്‍ സന്നിവേശിപ്പിക്കുമ്പോഴും അതിന്റെ ക്ലേശമല്ല ആ ക്ലേശത്തിലും പ്രണ യത്തെ പ്രണയിക്കാന്‍ തോന്നിപ്പിക്കുന്ന പ്രസന്നതയാണ് നാം അനുഭവിക്കുക. കവിതയുടെ അകൃത്രിമ ഭാഷയും ശൈലി യുമാണ് അതിന് സഹായിക്കുന്നത് ‘നേര്‍ക്ക് നേര്‍’ എന്ന കവിത അങ്ങനെയുള്ള ഒന്നാണ്.

‘യുഗാന്ത്യം’ ഏറ്റവും ചുരുങ്ങിയ വാക്കുകളും പ്രതീകങ്ങളും കൊണ്ട് എഴുതിയ മറ്റൊരു മനോഹരമായ പ്രണയകവിതയാണ്. അതിയായ പ്രണയകാംക്ഷ നിസ്സംഗഭാഷാ വിന്യാസത്തിലൂടെ സാധ്യമാക്കുന്നു.

‘അശേഷം’ എന്ന കവിത നാം ജീവിക്കുന്ന കാലം, ലാവണ്യത്തേയും, സ്‌നേഹത്തേയും മൃദുല തകളേയും ഒന്നും ബാക്കി വക്കാതെ പോകുന്നതിനോടുള്ള ഹൃദ്യമായ ഒരു താക്കീതാണ്.

‘മൂര്‍ച്ചയില്ലായ്മകള്‍’ എന്ന കവിതയിലും നാം ജീവിക്കുന്ന കാലത്തോടുള്ള പ്രതിഷേധം പ്രകടനപരത തീരെയില്ലാതെ, ആഴത്തില്‍ മിടിക്കുന്നത് കാണാം. നഗരത്തിലെ ഫ്‌ളാറ്റില്‍ താമസി ക്കുന്ന ഒരു വീട്ടമ്മയുടെ കുമ്പളങ്ങ മുറിക്കാന്‍ പോലും മൂര്‍ച്ചയില്ലാത്ത കത്തിയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലെ കൊല്ലത്തിയുടെ കൊടും ജീവിത പ്രാരാബ്ധത്തിലേക്കും പൊതുസ്ഥല ത്തെ പെണ്‍ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലേക്കും കവിത സഞ്ചരിക്കുന്നു. സമൂഹത്തിന്റെ പ്രതികരണശേഷി യില്ലായ്മ, മൂര്‍ച്ച ഇല്ലാത്തതോ, നിര്‍വ്വീര്യമോ ആയ പ്രതികരണം ഒരുപക്ഷേ കുമ്പളങ്ങക്ക് പകരം പടവലങ്ങ കഷ്ണിച്ചു കറിവയ്ക്കുന്നതുപോലെ നിസ്സാരതയില്‍ എത്തിനില്‍ക്കുന്നു. അല്ലെങ്കില്‍ അങ്ങനെയുള്ള ഗത്യന്തരമില്ലായ്മയിലും നിസ്സഹായ തയിലുമാണ് നമ്മുടെ ജീവിതമെന്ന് നാം അറിയുന്നു.

‘ചെകുത്താന്‍’ എന്നൊരു കവിതയില്‍ പൂട്ടിയിട്ട ചങ്ങല മെല്ലെയഴിച്ചു രാത്രിയില്‍ കറങ്ങുന്ന ചെകുത്താനെ ഏതാനും വരികള്‍കൊണ്ടു മീര വായനക്കാര്‍ക്ക് മുന്‍പില്‍ ദൈവത്തേക്കാള്‍ ശക്തനാക്കി സന്നിഹിതനാക്കുന്നു. ‘അന്തര്‍ലീനം’ എന്ന കവിതയാവട്ടെ ഭൂമി തുരന്നു പോകു ന്ന ഒരനുഭവം വാക്കുകളുടെ സൂക്ഷ്മ സന്നിവേശം നമ്മളില്‍ ഉണര്‍ത്തുന്നു.

ഉറുമ്പ്, പൂച്ച, പട്ടി, കാട്, കടല്‍, മരങ്ങള്‍, ഗ്രാമം, നഗരം, പ്രണയം തുടങ്ങി നമ്മള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും, കാഴ്ചകൊണ്ടും, സ്പര്‍ശം കൊണ്ടും ബോധാബോധം കൊണ്ടും എപ്പോഴും അറിയുന്ന, സജീവമായ ഇടങ്ങളില്‍ ആണ് മീരയുടെ കവിതകള്‍ സഞ്ചരിക്കുന്നത്; ദുരൂ ഹതകള്‍ ഒന്നുമില്ലാതെ, സ്വച്ഛമായി സ്വയം രൂപപ്പെടുന്ന സ്ഥലങ്ങളിലേക്ക് അവ നമ്മളെ കൊണ്ടുപോവുകയും ചെയ്യുന്നു. ‘രാപ്പാടികള്‍’ എന്ന കവിത ഇങ്ങനെ പുതിയ പ്രദേശങ്ങളെ സൃഷ്ടിക്കുന്ന മറ്റൊരു കവിതയാണ്. ഈ സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്ന്. അതിലെ ബിംബങ്ങള്‍, പാതിരാച്ചരിവു മുതല്‍ കിളിപ്പാട്ടുകള്‍ പാടിപ്പാടി തെളിയിച്ച് ഉണ്ടാക്കി യെടുത്ത പകലുകള്‍വരെയുള്ളവ, തമ്മില്‍ത്തമ്മില്‍ ഇണങ്ങിച്ചേര്‍ന്നു ഇതുവരെ നമ്മള്‍ പകല്‍ജീവികള്‍ കേള്‍ക്കാത്ത രാപ്പാട്ടുകളെ കേള്‍പ്പിക്കുന്നു.

ശില്‍പ്പമാകാന്‍ ആഗ്രഹിക്കുന്ന ശിലയുടെ തപസ്സിനെക്കുറിച്ചുള്ള കവിതകളേയും, ആ തരം സങ്കല്‍പ്പങ്ങളേയും ഗദ്യത്തിലോ പദ്യത്തിലോ നമ്മള്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. എന്നാല്‍ ശില യില്‍ തന്നെ ശില്‍പ്പമായി മാറാനുള്ള ശേഷിയുണ്ടെന്ന് അതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു കവിത നാം ഇതിനുമുന്‍പ് വായിച്ചിരിക്കില്ല. ‘ശിലാശില്‍പ്പി’യെന്ന കവിതയില്‍ ശിലക്ക് സ്വയം ശില്‍പ്പവും ശില്‍പ്പിയും ആയി മാറാമെന്നു കവിത കണ്ടെത്തുന്നു, ആഴത്തില്‍.

‘ഇലവീട്’ എന്ന ഭ്രമാത്മക കവിതയില്‍ ജീവജാലങ്ങളുടെ ലോകത്തേക്ക് എത്തി നോക്കാനാഗ്രഹിച്ച, ഉണ്ണി വരച്ച ഉറുമ്പുമായി ഉടല്‍ വച്ച് മാറുന്ന ഒരു അമ്മയുണ്ട്. ജീവികളുടെ ലോകത്തേക്ക് മനുഷ്യകേന്ദ്രിത ലോകത്തു നിന്നുള്ള കണ്ണുകളും അവ പരിചയിച്ച കാഴ്ചകളുമായി ചെല്ലുന്ന അമ്മക്ക് ആ ലോകവും അധികാരക്കൊതിയിലും കലഹത്തിലും ആണെന്ന് കാണാനാവുന്നു. ഒഴിഞ്ഞും പതുങ്ങിയും നിന്നിട്ടും അമ്മയുറുമ്പിന്റെ കണ്ണ് വലിയൊരുറുമ്പ് കുത്തിപ്പൊട്ടിക്കുന്നു. കണ്ണി ല്ലാതെ തിരിച്ചെത്തുന്ന അമ്മക്ക്/ഉറുമ്പിന് ‘ഉണ്ണി’ പൊട്ടിപ്പോയ കണ്ണുകള്‍ക്ക് പകരം മറ്റൊന്ന് വരച്ചു ചേര്‍ത്തു തുടങ്ങുന്നുണ്ട്;
‘ഇത്തിരിപ്പെന്‍സില്‍കൊണ്ട് ഏറ്റവുമനായാസമായി’

ഉപയോഗിക്കുന്ന പദങ്ങളുടെ മിതത്വം കൊണ്ടാണ് മീരയുടെ കവിതകള്‍ വായനക്കാരെ ആകര്‍ഷിക്കുക. ചില കവിതക ളില്‍ അതിലെ അതിസാധാരണതയെ മറികടക്കുന്നത് ഒരു വാക് പ്രയോഗത്തിന്റെ അപ്രതീക്ഷിതത്വം കൊണ്ടാവാം. സംവേദന ക്ഷമതയും, സൂക്ഷ്മബോധവും ഉള്ള ഒരാള്‍ക്കുമാത്രം കഴിയുന്നത്.

നാം ജീവിക്കുന്ന ഈ ലോകം മനുഷ്യരും മനുഷ്യരും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഉള്ള നിരന്തര സംഘര്‍ ഷത്തില്‍ പരസ്പരം അകന്നകന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ പ്രകൃതി കീഴടക്കപ്പെടേണ്ടതും ചൂഷണം ചെയ്യപ്പെടേണ്ടതും ആണെന്ന ആക്രമണതത്വത്തില്‍ മനുഷ്യന്‍ വിശ്വസിക്കാന്‍ തുടങ്ങിയ കാലം മുതല്‍, അത്തരമൊരാ ശയം മനുഷ്യബോധത്തെ അപ്പാടെ വലയം ചെയ്തതുമുതല്‍, മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേറിട്ട ഒരു ജീവിയായി ക്കഴിഞ്ഞു. ഒറ്റയൊറ്റ മരണവും ഒറ്റയൊറ്റ ജീവിതവുമായി, ‘അതും’ ‘അവനും’ ‘അവളുമായി’ അതങ്ങനെ വേറിട്ട അസ്തിത്വങ്ങള്‍ ആയി തുടര്‍ച്ച നഷ്ടപ്പെട്ട് നില്‍പ്പായി. കലണ്ടറില്‍, വര്‍ഷങ്ങളില്‍ കുടുങ്ങിയ ജന്മങ്ങളായി. ജനനത്തോടെ ഉണ്ടാവുന്ന ഒരുവന്‍/ഒരുവള്‍ മരണത്തോടെ ഇല്ലാതാവുന്നു എന്നായി.

എന്നാല്‍ ‘ഇലജന്മം’ എന്ന കവിതയില്‍, നേരത്തെ പറഞ്ഞ ‘സുഖം’ എന്ന കവിതയിലേതു പോലെ, ജീവിതവും മരണവും തമ്മില്‍ ഉണ്ടെന്ന് നാം കരുതുന്ന വേര്‍പെട്ട നില്‍പ്പ് ഇല്ലാതാവു ന്നുണ്ട്. ജീവിതവും മരണവും തമ്മില്‍ ശാശ്വതമായി ഉണ്ടെന്നു നാം കരുതുന്ന വിടവ് ഈ ‘ഇല’ മറികടക്കുന്നത് എത്ര അനായാസമായിട്ടാണെന്നു നോക്കുക;

”നിത്യതയുടെ വൃക്ഷത്തില്‍ നിന്ന്
ഞെട്ടറ്റൊരുപഴുക്കിലപോലെ
മറവിയുടെ നഗ്നഭൂമിയിലേക്കടര്‍ന്നു വീഴുമ്പോഴും
നീയറിയാതെ പൊഴിയില്ലൊരിലപോലുമെന്ന്
അറിയുന്ന നിറവില്‍ നിറയുമെന്നില ജന്മം.”

കാവ്യ കലയിലെ ഈ മറികടക്കല്‍ ഏതെങ്കിലുമൊരു മത ബോധത്തിന്റെ മറികടക്കലല്ല.

മീരയുടെ കവിതകള്‍ അവയ്ക്കകത്തുതന്നെ വളര്‍ന്നു പടര്‍ന്നു വികസിക്കാനുള്ള സ്ഥലം സ്വയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് അനുഭവിക്കാനാകും. അതുകൊണ്ടുതന്നെ പുറപ്പരപ്പിലെ ശാന്തതക്കടിയില്‍, ആഴത്തില്‍, കാണാത്ത തിരകളും ചുഴികളും കൊണ്ട് സങ്കീര്‍ണ്ണമാണ് ഈ കവിതകള്‍.

പുസ്തകം ഇവിടെ വാങ്ങാംLeave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: