Main Menu

മഞ്ഞരളിപ്പൂക്കള്‍

ഒരു നിശ്വാസം പോലും കാറ്റിന്റെ ശബ്ദത്തില്‍ നിന്നും ഇഴ പിരിച്ചെടുക്കാന്‍ ശ്രമിച്ച് പിറുപിറുക്കുന്ന കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന മൈനുകളില്‍ ചവിട്ടാതെ, സദാ സന്നദ്ധമായ തോക്കില്‍ പിടിമുറുക്കി മുന്നേറുമ്പോള്‍ ഒരേയൊരു ലക്ഷ്യം. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്!
ജീവനോടെ പിടിക്കണമെന്ന് നിര്‍ദ്ദേശമില്ല. അവര്‍ കയറിപറ്റിയിരിക്കുന്ന വീട്ടുകാരെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നന്നായി. അല്ലെങ്കില്‍, തകര്‍ത്തോളുക. അതുപക്ഷെ ഒരു ഒറ്റ വീടല്ലല്ലോ. മുഖാമുഖം നില്‍ക്കുന്ന മൂന്നു വീടുകളല്ലേ. കേണല്‍ മുഖം ചുളിച്ചു. അറിയാം. പക്ഷെ വേറെ വഴിയില്ല. ഒരു സൂചന മതി എല്ലാ പ്ലാനുകളും പൊളിയും.
ബട്ട്… സര്‍, ദേ ആര്‍ ഇന്നസന്റ്‌സ്.
ങാ. അതൊന്നും പറയണ്ട. പലരും കള്ളന് കഞ്ഞിവെക്കുന്നവരാണ്. ശ്രദ്ധിച്ചിട്ടുണ്ടോ പലരുടേയും വീട്ടില്‍ എത്ര ലേയ്റ്റസ്റ്റ് ഗാഡ്‌ജെറ്റുകളാണെന്നറിയോ?
വാട്ട് ആര്‍ യു തിങ്കിങ്ങ് ക്ലമന്റ്.
ഇല്ല. ഒന്നുമില്ല!!
മുഖാമുഖം നില്‍ക്കുന്ന ആ വീടുകളിലൊന്നില്‍ തന്റെ ഹൃദയത്തിന്റെ പാതി മിടിക്കുന്നുണ്ട് എന്ന് പറഞ്ഞില്ല.
കമോണ്‍. പ്രൂവ് യുവേര്‍സെല്‍ഫ്!
യെസ് സര്‍.
എഡോ… മിലിട്ടറിയില്‍ വരേണ്ട ആളല്ലഡോ താന്‍.
ഓര്‍ഡര്‍ലി ഒഴിച്ചു കൊടുത്ത വിസ്‌കി നുണഞ്ഞുകൊണ്ട് കേണല്‍ ചൗഹാന്‍ ഒരിക്കല്‍ പറഞ്ഞു. ഒന്നു കൂടി?
ഹേയ്… സാറിന്റെ കപ്പാസിറ്റി ഒന്നും ഇല്ല.
ചൗഹാന്‍ ഒന്നു രണ്ടു പെഗ് കുടിച്ച ശേഷം ചാരുകസേരയില്‍ ചാരിക്കിടന്നു. ഇതുകൊണ്ടൊന്നും ചൂടാവുന്നില്ലെടോ ഹൂ. അവളിപ്പോള്‍ ക്വില്‍ട്ടിനുള്ളില്‍ സുഖമായി ഉറങ്ങുന്നുണ്ടാവും!
ചൗഹാന്‍ ക്‌ളമന്റിനെ നോക്കി കണ്ണിറുക്കി. എടൊ താനിനി എപ്പോഴാഡോ.
ഹാ… ഈ കാട്ടില്‍ നിന്നും പീസ് ഏരിയയിലേക്കു പോസ്റ്റിംഗ് ആവട്ടെ.
നിങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ മിലിട്ടറിക്കാരെ ചൂസ് ചെയ്യില്ല അല്ലേ.
ങാ. എസ്‌പെഷ്യലി അവരുടെ പേരന്റ്‌സ്.
സെല്‍ഫിഷ് പീപ്പിള്‍! അവരൊക്കെ സുഖമായിരിക്കുന്നത് നമ്മള്‍ കാരണമല്ലേ.
ആട്ടെ എനി ഗേള്‍ ഫ്രന്റ്‌സ്?
കുറെ ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ.
ബട്ട് ഇവിടെ ചുറ്റും നോക്കണ്ട ട്ടൊ കണ്ണു മഞ്ഞളിച്ചു പോകും. എന്നിട്ട് പിന്നെ ചവിട്ടുന്നത് മൈനിന്റെ പുറത്തായിരിക്കും!!
ക്‌ളമന്റ് പൊട്ടിച്ചിരിച്ചപ്പോള്‍ മുന്നില്‍ തെളിഞ്ഞുമാഞ്ഞ ഒരു കുടന്ന മഞ്ഞരളിപ്പൂക്കള്‍!
അന്ന് പട്രോളിങ്ങിനു പോകുന്ന ബറ്റാലിയന് നേതൃത്വം കൊടുത്ത് ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോഴാണ് അവളെ കണ്ടത്
ശ്…! പെട്ടെന്ന് ദത്ത തിരിഞ്ഞു നിന്നു. ആരുടേയോ സംസാരം. ശബ്ദം കേട്ട ഭാഗത്തേക്ക് ഒരു ”മാഗസിന്‍” ഒഴിച്ചപ്പോഴേക്കും ഒരു കൂട്ടക്കരച്ചില്‍
ഗോലി ബന്ദ് കര്‍ദോ
പൊന്തപ്പുല്ലിനിടയില്‍ വിറച്ചുകൊണ്ട് നില്‍ക്കുന്ന നാലഞ്ച് പെണ്‍കുട്ടികള്‍. പിന്‍വശത്ത് കെട്ടിവെച്ച നീണ്ട ചൂരല്‍ കൊട്ടയും കയ്യില്‍, കുത്തി നടക്കുന്ന നീണ്ട കമ്പുകളും. ഇരുണ്ട പച്ച നിറമുള്ള പുല്ലിനിടയില്‍, കയ്യില്‍ വിഷക്കായ കായ്ക്കുന്ന മഞ്ഞരളിപ്പൂക്കളെ പോലെ കണ്ണഞ്ചിപ്പിക്കുന്ന കുറേ മഞ്ഞപ്പൂക്കളുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കിയ ക്ലമന്റ് അതിശയിച്ചു.
ഇത്രയും കറകളഞ്ഞ വെളുത്ത നിറമുള്ളവരെ ആദ്യമായി കാണുകയാണ്. കഴുത്തറ്റം നീണ്ട കോലന്‍ മുടി. നെറ്റി ചേര്‍ത്ത് കെട്ടിയ ഒരു ബാന്റ്. നെഞ്ചില്‍ കയറ്റി ഉടുത്തിരിക്കുന്ന കടുത്ത നിറമുള്ള തുണി മുട്ടറ്റം വരേയേ ഉള്ളൂ. നല്ല വട്ട മുഖത്ത് വരച്ചത് പോലെയുള്ള പുരികത്തിന് താഴെ നല്ല കറുത്ത ഇമകളുള്ള ഇടുങ്ങിയ നീലക്കണ്ണുകള്‍. ഉയര്‍ന്ന കവിളെല്ലുകള്‍ ചുവന്നു തുടുത്തിരിക്കുന്നു. ചെറിയ മൂക്കിന് താഴെ കടുത്ത ചുവപ്പു നിറമുള്ള ചെറിയ ചുണ്ടുകള്‍!
ദത്ത മണിപ്പൂരിയില്‍ പറഞ്ഞു. ഒക്കെ ഇവിടെ ഫാളിന്‍ ആവ്. സാബ് ഞങ്ങള്‍ക്ക് വഴി തെറ്റിയതാണ്. അതെ വഴി തെറ്റി… കള്ളികള്‍! എന്താ കുട്ടയില്‍?
ഹേയ്… ലീവ് ദെം. ക്‌ളമന്റ് ഇടപെട്ടു.
അവരുടെ കൂടെ പോയി താഴെ എവിടേക്കാണവര്‍ പോകുന്നതെന്നു നോക്കിയാല്‍ മതി. അഴിച്ചുവിട്ട മാന്‍ കുട്ടികളെ പോലെ അവര്‍ താഴേക്കു കുതിച്ചു. അപ്പോഴേക്കും താഴെ അവരെ അന്വേഷിച്ചത്തിയവര്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു.
‘ലീവെ ദെം’ എന്ന് ക്ലമന്റ് പറഞ്ഞപ്പോള്‍ മഞ്ഞരളിയുടെ മുഖത്ത് ആശ്വാസത്തിന്റേയും, നന്ദിയുടേയും ഒരു പുഞ്ചിരി വിടര്‍ന്നു. ക്‌ളമന്റിന്റെ മനസ്സ് എന്തിനോ കുതിച്ചു ചാടി.
പിന്നീട് എന്നും തണുത്ത് മരവിച്ചു നില്‍ക്കുന്ന കാട് വകഞ്ഞുമാറ്റി തുഷാരത്തുള്ളികള്‍ തെറുപ്പിക്കുന്ന പുല്ല് ചവുട്ടിമെതിച്ച് നടത്തുന്ന പട്രോളിങ്ങ് കഴിഞ്ഞെത്തുമ്പോള്‍ മണ്ണില്‍ പുതഞ്ഞ ബൂട്ട് അഴിച്ചുമാറ്റുന്ന ഓര്‍ഡര്‍ലിയോട് ചോദിക്കാന്‍ ആലോചിക്കും. അവളെ വീണ്ടുമൊന്ന് കാണുന്നതെങ്ങിനെ. ഒടുവില്‍ ചോദിച്ചു.
പിറ്റേന്ന് ഓര്‍ഡര്‍ലി ഒരു ചെക്കനേയും പിടിച്ചുകൊണ്ടു വന്നു. ഇവന്‍ ആ പെണ്ണിന്റെ അനുജനാണ് സാബ്. എന്താടാ നിന്റെ ചേച്ചിയുടെ പേര്? നകുഷാദേവി. എന്തിനാണ് സാബ്. ക്‌ളമന്റ് ഒന്നു പതറി.
അല്ലാ നിങ്ങള്‍ മണിപ്പൂരി ഷാള്‍ നെയ്യുമെന്ന് അറിഞ്ഞു. എനിക്ക് ഒന്നുരണ്ട് ഷാളുകള്‍ വേണം. നിന്റെ ചേച്ചിയോട് വരാന്‍ പറ.
സന്ധ്യക്ക് കുളി കഴിഞ്ഞ് അമ്മക്കു ഒരു കത്തെഴുതാന്‍ ഇരുന്നു. ഫോണ്‍ ചെയ്താലൊന്നും അമ്മക്ക് പോര. മകന്റെ കത്ത് തന്നെ കിട്ടണം. അതൊരു നൂറാവര്‍ത്തി വായിക്കും. പേപ്പറില്‍ ഒരു കുരിശടയാളം വരച്ചു. അത് കണ്ടില്ലെങ്കില്‍ അമ്മ പറയും. കണ്ട നാട്ടിലൊക്കെ പോയി കര്‍ത്താവിനെ മറന്നു.
പ്രിപ്പെട്ട അമ്മയ്ക്ക്,
തല ഉയര്‍ത്തിനോക്കിയത് മഞ്ഞരളിയുടെ മുഖത്ത്. കത്തിച്ചുവെച്ച ഗ്യാസ് ലൈറ്റിന്റെ വെളിച്ചത്തില്‍ ജ്വലിക്കുന്ന ഒരു തീനാളം പോലെ അവള്‍. അധികം വണ്ണമില്ലാത്ത കടഞ്ഞെടുത്ത പോലത്തെ കഴുത്തും ഒഴുകുന്ന കൈകളും കൊത്തിവെച്ചത് പോലെയുള്ള കാലുകളും വരിഞ്ഞു ചുറ്റിയ കൊച്ചു മുണ്ടില്‍ ഒതുങ്ങുന്ന നിതംബങ്ങളും.
സാബ്.
ഡോ… മണിപ്പൂരിയില്‍ ചോദിത്തെടോ. ക്‌ളമന്റിനു സ്വയം നിന്ദ തോന്നി. ഛെ. താനെന്താ ഇങ്ങനെ?
സാബ് എനിക്ക് ഹിന്ദിയും കുറച്ച് ഇംഗ്ലീഷുമൊക്കെ അറിയാം. ഷാള്‍ ഏത് ഡിസൈനും കളറും ഒക്കെ വേണമെന്നു പറഞ്ഞാല്‍ മതി.
അവളുടെ ചുവന്ന ചുണ്ടുകള്‍ അനങ്ങുന്നതും നോക്കി വിസ്മയിച്ചങ്ങിനെ ഇരുന്നു. ഓര്‍ഡര്‍ലി ചിരിക്കുന്നത് കണ്ട് ക്‌ളമന്റ് പരുങ്ങി.
ങാ. എന്റെ അമ്മയ്ക്കാണ്. നിനക്കിഷ്ടമുള്ള ഡിസൈനും കളറും.
അവള്‍ ചിരിച്ചു. ടീകെ. ഒരാഴ്ച. ഓരോ ദിവസവും. അവള്‍ നടന്നു മറഞ്ഞ ഒറ്റയടിപ്പാതയുടെ വളവില്‍ നോക്കിയിരിക്കും. കനത്ത മൂടല്‍ മഞ്ഞില്‍ നിന്നും ഒരു പ്രത്യക്ഷം പോലെ അവള്‍ തെളിഞ്ഞു വരുന്നതും കാത്ത്!
ങാ. ഒരെണ്ണം കൂടെ വേണം.
തുറന്നു പോലും നോക്കാത്ത പൊതി നോക്കി നകുഷ ചിരിച്ചു.
സാബ് ഇവിടെ പട്ടാളക്കാരെ പൊതുവെ ഞങ്ങള്‍ക്ക് പേടിയാണ്. നിങ്ങള്‍ ചീത്ത ആള്‍ക്കാരാണെന്നാണ് ഗ്രാമക്കാര്‍ പറയുക.
പക്ഷെ സാബിനെ എനിക്ക് വിശ്വാസമാണ്.
എങ്ങനെയെങ്കിലും ഒരു നേരമെങ്കിലും മഞ്ഞരളിയെ കാണണമെന്നായി. അവളുടെ എന്തെങ്കിലും ഒരു കാരണത്തിന്റെ മറവില്‍ ഓടിയെത്തും. സാബിന്റെ നാടിനെ പറ്റിയും പഠിക്കുന്ന കാലത്ത് ഒപ്പിച്ച വികൃതികളെ പറ്റിയും നീണ്ട കഥകള്‍ കേട്ടിരുന്നു.
എനിക്കും പഠിക്കാന്‍ വലിയ ആഗ്രഹമായിരുന്നു. പഠിച്ച് ഒരു പോലീസുകാരിയാവണം. എന്നിട്ട് കള്ളന്മാരെയൊക്കെ പിടിച്ചിട്ടു ഇടിക്കണം.
ഈ കൈകൊണ്ടോ, പൂവിതള്‍ പോലെ മാര്‍ദ്ദവമുള്ള കൈ തലോടിക്കൊണ്ട് ക്‌ളമന്റ് ചോദിച്ചു. അവള്‍ കൈ ചുരുട്ടി ക്‌ളമന്റിന്റെ മുഖത്ത് മൃദുവായി ഇടിച്ചു. ദാ ഇങ്ങനെ.
അവളുടെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ച് ആ മുഖത്തേക്ക് ക്‌ളമന്റ് നോക്കിയിരുന്നു. ഉള്ളം കാണുന്ന നിഷ്‌കളങ്കത. ആ കണ്ണുകളുടെ ആഴങ്ങളില്‍ കിനിഞ്ഞ സ്‌നേഹത്തിന്റെ ഉറവ കണ്ട് പെട്ടെന്നു നെഞ്ചിനകത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു. ഒരു നഷ്ടബോധമോ എന്തോ.
ഞാന്‍ പോട്ടെ… മഞ്ഞരളി എഴുന്നേറ്റു.
സാബ് ഭക്ഷണം കഴിച്ചില്ലല്ലോ. ആട്ടെ നാളെ ഞാന്‍ ”ന്‍ങ്കരി” കൊണ്ടുവരാം.
എന്താ അത്?
മണ്ണില്‍ കുഴിച്ചിട്ട ഒരു പ്രത്യേക മണ്‍പാത്രത്തില്‍ ഊറക്കിടുന്ന ഒരു തരം ചെറിയ ഉണക്ക മല്‍സ്യമാണ്. പിന്നെ എന്തൊക്കെയോ ഇലകളും ചേര്‍ക്കും. എല്ലാം കൂടെ കുഴഞ്ഞു മുറിച്ചെടുക്കുന്ന പരുവത്തിലാവും. നല്ല രുചിയാ സാബ്.
അപ്പോഴേക്കും അവള്‍ നടന്നു തുടങ്ങി.
നില്‍ക്കൂ. ഇരുട്ടായി. വീടുവരെ ഞാന്‍ കൊണ്ടുവിടാം.
നേരിയ മൂടല്‍ മഞ്ഞുണ്ടെങ്കിലും നിലാവുതിരുന്ന ഇടവഴി തെളിഞ്ഞു കാണാം. പിന്‍വാങ്ങിയ പകല്‍ ഉരിഞ്ഞിട്ട പട്ടുടയാട പോലെ!
ഏതോ മായാലോകത്തിലേക്കെന്നപോലെ അനന്തമായി നീളുന്ന ഒരു പാലരുവിയായി. ആ ഒറ്റയടിപ്പാത. അവ്യക്തമായ അവരുടെ നിഴലുകളെ നോക്കി അവള്‍ കൈ പിണച്ചു നടന്നു.
തണുക്കുന്നുണ്ടോ
ക്‌ളമന്റ് തന്റെ ജര്‍ക്കിന്റെ ഒരുവശം നീട്ടി അവളെ പൊതിഞ്ഞു പിടിച്ചു. അങ്ങനെ ഒട്ടിച്ചേര്‍ന്ന് നടന്നപ്പോള്‍ അവളുടെ ശരീരത്ത് നിന്നും അരിച്ചു കയറുന്ന ചൂട്. പെട്ടെന്ന് ഒരു ഉത്തരവാദിത്വബോധമോ സ്‌നേഹമോ ഒരു വിങ്ങലോ എന്തൊക്കെയോ ഉളവാക്കി.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: