പ്രവാസിയുടെ ദേവദൂതന്‍
ഭൂമിയില്‍ ഞാന്‍ ജീവിച്ചിട്ടുള്ളതിലും അധികം കാലം മരുഭൂമിയില്‍അഥവാ ഗള്‍ഫില്‍ ജീവി ച്ചിട്ടുള്ള സുബ്രമണ്യന്‍ സുകുമാരന്‍ ഇയ്യിടെ എ ഴുതി ‘ദയവുചെയ്ത് ഈ ‘പ്രവാസി’ എന്ന പ്രയോഗം അവസാനിപ്പിക്കുക. വയറ്റ്പിഴപ്പ് മാത്രം ലക്ഷ്യമാക്കി തൊഴിലന്വേഷകരായി വിദേശങ്ങളില്‍ അലയുന്നതല്ല പ്രവാസം. വലിയ രാഷ്ട്രീയ മാനങ്ങളുള്ള ഒരു വാക്കാണ ത്. സാമ്പത്തിക അപര്യാപ്തത മറികടക്കുന്ന തിനായി നമ്മുടെ മുന്‍തലമുറ കണ്ടെത്തിയ വെറും ഒരു പരിഹാരമാര്‍ഗ്ഗം മാത്രമായ നമ്മു ടെ തൊഴില്‍ അധിഷ്ഠിത അലച്ചിലിനെ മറ്റെ ന്തെങ്കിലും ഒരു മനോഹരമായ പേര് കണ്ടെ ത്തുക. പ്രവാസം എന്നത് മോശയുടെ പാലാ യനത്തിന് ഉപയോഗിച്ച ഗര്‍ഷോം എന്ന വാക്കിന് അത്ര സമര്‍ത്ഥരല്ലാത്ത രണ്ടു മലയാളികള്‍ കണ്ടെത്തിയ ഒരു പ്രയോഗം മാത്രമാണ്. മുന്‍പ് യഹൂദരുമായി ബന്ധപ്പെ ട്ടും ഇപ്പോള്‍ പലസ്തീനികളുമായി ബന്ധ പ്പെട്ടും ജൈവപരമായി മാത്രമല്ല മതപര മായ ഒരര്‍ത്ഥത്തില്‍ കൂടി ആ വാക്ക് അര്‍ത്ഥ വത്താണ്. ആ നിലക്ക് വെറും ഉദരനിമിത്തം നാം നടത്തുന്ന ഈ അലച്ചിലിന് പ്രവാസം എന്ന പ്രയോഗം തീരെ ചേരുന്നില്ല തന്നെ.’ സാമ്പത്തിക അഭയാര്‍ത്ഥികളാണ് ഗള്‍ഫിലെത്തിയ മലയാളികളെന്ന് ചുരുക്കം. economic refugee എന്ന് ഇംഗ്ലീഷില്‍ വിളിക്കപ്പെടുന്ന ഗതികെട്ട മനുഷ്യര്‍ .
പ്രവാസി എന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ് നമ്മള്‍ ഈ അഭയാര്‍ത്ഥിത്വത്തിന്റെ ഉള്ളൊടുക്കങ്ങളെ മറികടക്കാനാണു ശ്രമിക്കുന്നത്. ഇസ്ലാം മത പ്രഭാഷകരായ ചിലര്‍ മലയാളികളുടെ ഗള്‍ഫ് വാസത്തെ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്നുള്ള പലായനവുമായി പോലും ഉപമിച്ചു കേട്ടിട്ടുണ്ട്. നബിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും മദീനയില്‍ ആ ദേശത്തിന്റെ ഭാഗമായി മാറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നതും, നബിയും സഹായികളും അവിടത്തെ പൗരന്മാരും സമ്മതി ദായകരും രാഷ്ടശില്‍പ്പികളും ഒക്കെ ആയി മാറി എന്ന വാസ്തവവും തല്‍ക്കാലം വിട്ടുകളയുന്നു. naturalisation സംഭവിക്കാന്‍ ഒരു വിദൂര സാധ്യത പോലുമില്ലാത്ത ഒരിടത്തെ അഭയത്തെ നാം പ്രവാസമാക്കി ഭാഷാന്തരപ്പെടു ത്തിയിരിക്കുകയാണു സത്യത്തില്‍ .
അടിമക്കടത്തിന്റേയും തദ്ദേശീയരെ അടിമകളാക്കി മാറ്റുന്ന കോളനിവാഴ്ചകളുടേയും ശേഷം, നേടിയ സ്വാതന്ത്ര്യത്തില്‍ നിന്നും ഓടാന്‍ തുടങ്ങിയവര്‍ ചെന്നടിഞ്ഞ അഭയമാണു ഗള്‍ഫിലെ വാസം. ടൈ കെട്ടിയ അടിമകള്‍ എന്നു മാത്രം വ്യത്യാസം. വളര്‍ത്തുപട്ടിക്ക് കഴുത്തിലെ ചങ്ങല അലങ്കാരമാകുന്ന പോലെ പ്രവാസം എന്ന വാക്ക് ഒരലങ്കാരം. അടിമ ഉടമ ബന്ധത്തിന്റെ അവശിഷ്ടം സ്‌പോണ്‍സറിലുണ്ട് എന്നറിയാവുന്നതിനാലാകണം പലപ്പോഴായി സ്‌പോണ്‍സര്‍ഷിപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ചര്‍ച്ചയാകുന്നത്. പക്ഷേ സ്വാതന്ത്ര്യമെന്നത് സ്വയം അടിമത്തം തെരഞ്ഞെടുക്കാനുള്ള അവകാശം കൂടി ആയതിനാല്‍ ആര്‍ക്കും ആരേയും കുറ്റപ്പെടുത്താനുമാകില്ല.
ഗള്‍ഫുകാരുടെ ബന്ധുബലമായി കരുതുന്ന അനേകം സ്വദേശി കഥാപാത്രങ്ങളില്‍ സര്‍വ്വ വ്യാപിയാണ് സ്‌പോണ്‍സര്‍ . ഓന്റെ സോണ്‍സര്‍ കൃപയുള്ള അറബിയാ അതു കൊണ്ട് കാലു കൊണ്ട് പൊന്നടിച്ചു കൂട്ടുകയാ ഓനവിടെ എന്ന്, മയ്യത്ത് നാട്ടില്‍ കൊണ്ടു വരുന്നുണ്ട് സോണ്‍സറും കൂടെ വരും, എന്നിങ്ങനെ അനേകം നാട്ടുവര്‍ത്താനങ്ങളില്‍ കൃപയായും ആശ്രിതവല്‍സലനായും സ്‌പോണ്‍സറെ നേരത്തേ അറിഞ്ഞിരുന്നൂ. അന്വേഷിച്ചു നോക്കു മ്പോള്‍ സ്വന്തം സ്‌പോണ്‍സറെ പൂതിക്കെങ്കിലും ഒന്നു കണ്ടിട്ടുള്ളവര്‍ കുറവ്. മിക്ക ആളുകള്‍ ക്കും അങ്ങനെ ഒരാളുണ്ട് എന്ന അറിവേ ഉള്ളൂ, കണ്ടറിവില്ല. ചിലര്‍ക്ക് കേട്ടറിവുണ്ട്, സ്‌പോണ്‍സറുടെ പേരറിയുന്നവരാകട്ടെ അപൂര്‍വ്വം. പേരു മാത്രമുള്ള അരൂപിയായ ഈ കഥാപാത്രമാകട്ടെ സമയാസമയം തന്റെ അധീനത്തിലുള്ളവരുടെ ജീവിതത്തില്‍ ഇടപെടു ന്നുണ്ട്. ഒരു കയ്യൊപ്പു കൊണ്ട് പ്രവാസത്തിലെ കുരുക്കുകള്‍ അഴിച്ചു കൊടുക്കുന്നുമുണ്ട്. പലര്‍ക്കും വേണ്ട സമയത്തു ലഭ്യമാകുന്ന ഒരു കയ്യൊപ്പാണയാള്‍ .
സ്‌പോണ്‍സര്‍ എടുക്കുന്ന തീരുമാനവും കാത്ത് ഒരു രാപ്പകല്‍ വിമാനത്താവളത്തിന്റെ തണു പ്പില്‍ എന്റെ പ്രവാസത്തിന് പൊരുന്ന ഇരുന്ന ദിവസമാണ് ജീവിതത്തിലെ ആദ്യത്തെ തടവു ദിനം. എയര്‍ ഇന്ത്യ പറഞ്ഞ സമയത്തെത്താത്തതിനാല്‍ അനുവദിക്കപ്പെട്ട 180 ദിവസം കഴിഞ്ഞ് അരമണിക്കൂറധികമായിപ്പോയതിന് എന്നെ പുറത്തിറക്കാതെ വെച്ചിരി ക്കുകയാണ് വിമാനത്താവള നിയമം. പുറത്തു മഞ്ഞുകാലത്തിന്റെ വരവറിയിക്കുന്ന തണുപ്പ്. അകത്ത് ശീതീകരണികളുടെ നിലക്കാത്ത തണുപ്പടി. പുറത്തേക്ക് വഴിയില്ല. എയര്‍ പോര്‍ട്ടിലെ ഫോണില്‍ നിന്ന് എനിക്കെന്റെ ഓഫീസിലേക്ക് വിളിക്കാം. സ്‌പോണ്‍സര്‍ നാളെയേ നിന്നെ ഇറക്കാന്‍ വരൂ എന്ന് ഓരോ വട്ടവും മറു തലക്കല്‍ നിസ്സഹായത. അജ്ഞാ തനും അരൂപിയുമായ സ്‌പോസറെത്തണേ വേഗമെന്ന് ഒരേ തേട്ടം പടച്ചവനോട്. ജീവിത ത്തിലെ ആദ്യ ജയിലനുഭവം. ബഗോവിച്ചിന്റെ ജയിലിനുള്ള നിര്‍വ്വചനമപ്പോള്‍ ജീവിതാനു ഭവമായി. അതിലേറെ മുഷിപ്പ് നിറഞ്ഞ ഒരവസ്ഥ വേറെ വരാനില്ല. ഒരാള്‍ക്കാവശ്യമായ തിലേറെ സമയവും വശ്യമായതിലുമെത്രയോ കുറച്ച് സ്ഥലവും.
വിമാനത്താവളത്തിന്റെ രണ്ടാം ടര്‍മിനലിന്റെ വിശാലമായ കോറിഡോറുകളും ഡ്യൂട്ടിഫ്രീ ഷോപ്പുകളും ഇംഗ്ലീഷുകാര്‍ ഇരുന്നു പുകക്കുന്ന കഫേകളും എന്റെ മുന്നില്‍ തുറന്നു കിടക്കുന്നു. എന്നെപ്പോലെ സ്‌പോണ്‍സറുടെ വരവു കാത്തിരിക്കുന്ന ഒരഫ്ഗാനീ കുടുംബം എന്റെ അയല്‍പക്കമായി. പുറത്തിറക്കുന്ന കാവല്‍ മാലാഖയാകുമോ അതല്ല അന്ത്യവിധി പറയുന്ന ന്യായാധിപനാകുമോ അജ്ഞാതനായ ആ അന്നാദാതാവെന്ന അശാന്തിക്ക് അയവു വരുത്തി സ്‌പോണ്‍സര്‍ വന്നു പോയിരിക്കണം. അഫ്ഗാനീ കുടുംബത്തിലെ പെണ്‍കുട്ടിയുടെ പഷ്ത്തൂണിംഗ്ലീഷും എന്റെ മംഗ്ലീഷും തമ്മില്‍ ഒരുഭയകക്ഷി കരാറിലെത്തുമെന്നായ സമയം എന്റെ പേര് ഉറക്കേ വിളിക്കപ്പെട്ടു. പുറത്തേക്കുള്ള വാതിലുകള്‍ ഓരോന്നായി തുറക്കപ്പെട്ടു. അപ്പോഴും സ്‌പോണ്‍സറദ്ദേഹത്തെ കാണാനുള്ള വിധിയുണ്ടായില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയായി മന്ദൂപ്പാകുമോ വന്നതെന്നുമറിയില്ല. അത് പ്രവാസത്തിലെ മറ്റൊരു ഇടനിലക്കാരനാണ്.
സ്‌പോണ്‍സര്‍ എന്ന പ്രവാസത്തിലെ രക്ഷാ കര്‍തൃസ്ഥാനത്തെ കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹം മുളച്ചപ്പോള്‍ അനേക വര്‍ഷങ്ങളുടെ ഗള്‍ഫനുഭവം ജീവിതമാക്കിയ കൂട്ടുതാമസ ക്കാരന്‍ സ്‌പോണ്‍സറെ കുറിച്ചുള്ള ആദ്യ അന്വേഷണത്തിനു തന്നെ ഊഷ്മളമായൊരു പ്രസ്താവനയില്‍ മറുമൊഴി നല്‍കി. ഗള്‍ഫിലെ സ്‌പോണ്‍സറും നാട്ടിലെ പുതിയാപ്പിളയും നന്നായാല്‍ ജീവിതം നന്നായി. സ്‌പോണ്‍സര്‍ സംവിധാനം ആധുനികകാലത്തെ അടിമവേല യാണെന്നൊക്കെ പറയുന്നവരുണ്ട് എന്ന എന്റെ എതിരഭിപ്രായങ്ങളെ മുഴുവന്‍ അദ്ദേഹം തന്റെ അനവധി വര്‍ഷത്തെ അബുദാബി ജീവിതത്തിന്റെ പ്രാമാണികതയില്‍ തിരുത്തി. ഐക്യ അറബ് രാജ്യങ്ങളുടെ ശില്‍പ്പി ശൈഖ് സായിദിന്റെ സ്‌പെഷല്‍ ഓഫീസ് ജീവന ക്കാരനായിരുന്ന അദ്ദേഹം സ്‌പോണ്‍സറെന്നാല്‍ ദേവദൂതനാണെന്ന് സ്ഥാപിക്കുന്നു. സ്വാതന്ത്ര്യം മനുഷ്യനു കൂടുതല്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൊണ്ടു വരുന്നു. ജീവിതം മറ്റൊരു നാട്ടിലാകുമ്പോള്‍ , അത് തദ്ദേശീയനൊരാളുടെ കീഴിലാകുമ്പോള്‍ ഒട്ടേറെ ചുമത ലകള്‍ ചുമലില്‍ നിന്നൊഴിഞ്ഞു കിട്ടുന്നു. മുമ്പില്‍ വെക്കപ്പെടുന്ന പേപ്പറുകളില്‍ ഒപ്പു വെക്കുന്ന, വര്‍ഷാവര്‍ഷം സ്‌പോണ്‍സര്‍ ചാര്‍ജ്ജ് സമാഹരിക്കുന്ന ഒരാളായി തന്നെ കാണരുത്, ഇടക്കു വിളിക്കുകയും വീട്ടില്‍ വരികയും ബന്ധം പുലര്‍ത്തുകയും പെരുന്നാളി നൊക്കെ ഒരീദാശംസ അയച്ചെങ്കിലും സ്‌നേഹമറിയിക്കണം എന്നൊക്കെ പരിഭവം പറയുന്ന സ്‌പോണ്‍സറെ കുറിച്ചും മറ്റൊരു പരിചയക്കാരന്‍ വാചാലനായതോര്‍ക്കുന്നു.
സ്വന്തം സ്‌പോണ്‍സറെ കണ്ടു പിടിക്കുന്നതിന് ദിവസങ്ങള്‍ പണിപ്പെട്ട കഥ പറഞ്ഞൂ വേറെ ഒരാള്‍ . ഗള്‍ഫിലേക്കു കൂട്ടിയ കടയുടമ നാട്ടില്‍ . അയാള്‍ ചുമതലപ്പെടുത്തിയ പക രക്കാരനും നാട്ടില്‍ . സ്‌പോണ്‍സറുടെ ഒരൊപ്പ് ഉടനെ കിട്ടുകയും വേണം. ജോലി ചെയ്യുന്ന കഫ്തീരിയയിലെ സഹതൊഴിലാളികള്‍ക്കൊന്നും സ്‌പോണ്‍സറാരെന്നറിയില്ല. തൊട്ടടുത്ത കടകളില്‍ ചെന്ന് ചെന്ന്, ചോദിച്ച് ചോദിച്ച് സ്‌പോണ്‍സറുടെ പേര് കണ്ടെത്തി ആദ്യം. പിന്നെ ആ പേരു വച്ച് ആളെ അന്വേഷിച്ചപ്പോള്‍ , ആ അറബിയെ അറിയാവുന്ന ഒരു ഗ്രോസറിക്കാരനെ കിട്ടി. അയാളില്‍ നിന്നു കിട്ടിയത് അയാള്‍ താമസം മാറിയെന്ന വിവരമാണ്. ഗ്രോസറിക്കാരന്‍ അയാളുടെ പഴയ പറ്റു ബുക്കിന്റെ കീറപ്പേജില്‍ നിന്ന് അറബിയുടെ നമ്പര്‍ തപ്പിയെടുത്തു നല്‍കി. അങ്ങനെ സ്വന്തം സ്‌പോണ്‍സറെ കണ്ടെത്തി അയാള്‍ .
അതെ ഞാനും1886 ൽ ഖത്തറിൽ എത്തി Medical ലിന്ന് പോകുമ്പോൾ മാമ്മൻ പറഞ്ഞ് തന്ന് അത്രക്കും നീളം കൂടിയ പേരു് എങ്ങിനെ പറയും വെള്ളത്തിൻ്റെ ട്ടാങ്കറിലായിരുന്ന് പോകുന്നത് medical ലിന് ആശുപത്രിൽ എത്തുമ്പോഴക്കും ഒരു വിധം പഠിച്ചു ഇപ്പോഴും ആ കാര്യം ഓർത്തപ്പോൾ
പ്രവാസിയായിരുന്നപ്പോള്‍ ഇതു പോലെ കുറെ ദേവദൂദന്മാരെ അനുഭവിച്ചതാ !
ചില അനിവാര്യതകളില്‍ നിന്ന് രൂപം കൊണ്ടതാണ് നമുക്കിടയില്‍ പുലരുന്ന ‘പ്രവാസവും’…പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ തൊഴിലാവശ്യാര്‍ത്ഥമുളള അന്യ ദേശവാസം ഗുണങ്ങളോടൊപ്പം തന്നെ നിരവധി സങ്കീര്‍ണ്ണതകളും പ്രയാസങ്ങളും സൃഷ്ടിക്കുന്നുവെങ്കിലും താങ്കള്‍ കരുതുന്ന പോലെ യഥാര്‍ത്ഥ പ്രവാസം അഭയാര്‍ഥിയുടെതാണ്. അഭയാര്‍ഥിത്വത്തിന്റെ അപരിഹാര വേദനകളും അനിശ്ചിതാവസ്ഥകളും ദുരിതങ്ങളും വളരെ വളരെ വ്യത്യസ്തം !
marukkazhchakalkku nandi
സ്പാണ്‍സറെന്ന ദേവദൂതനെ തപ്പിയ് കലം ഓര്‍മ്മ വരുന്നു,