പെൺ യാത്രകൾ
….. ഒരു റൊമാൻറിക് സിനിമയുടെ കഥയും കഥയില്ലായ്മയും ലേശം സസ്പൻസും ട്വിസ്റ്റുകളുമമൊക്കെയായി ശുഭപര്യവസാനിയായ ഒരു കിടിലൻ പെൺ യാത്ര…. മിടുക്കിയായ ഇടുക്കിയുടെ സൗന്ദര്യം കണ്ടും കേട്ടും മതി വരാതെ ഞങ്ങൾ മൂവർ സംഘം….
ട്രാൻസ്ഫർ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ “തൃശൂരിനെ ഞാനങ്ങ് എടുക്കുവാ ” എന്നും പറഞ്ഞ് കരഞ്ഞു നടക്കുമ്പോഴാണ് പഴയ ചങ്ക്സിനെ കാണണമെന്ന പൂതി ഉതിച്ചത് …. ശനിയാഴ്ച വൈകിട്ട് തൊടുപുഴയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഓർഡറിട്ടു … വൈകിട്ട് രണ്ട് ചങ്കുകൾ കൂടി വീട്ടിലേക്ക് ഉണ്ടാകുമെന്ന് പറഞ്ഞ് വീട്ടുകാരുടെ ചങ്കിടിപ്പ് കൂട്ടിയിട്ടാണ് രാവിലെ ബാങ്കിലേക്ക് പോയത്.
എറണാകുളത്ത് നിന്ന് മിനുവും ഇടുക്കിയിൽ നിന്നും അക്ഷരയും എത്തുമ്പോൾ വൈകും.. രാത്രി വീട്ടിൽ ചെന്ന് കിടന്നുറങ്ങി ഞായറാഴ്ച രാവിലെ മീനൊള്യാൻ പ്പാറയിൽ പോകണം … മനസിൽ മൂളിപ്പാട്ട് പാടി ഞാൻ സ്റ്റിയറിംഗിൽ താളം പിടിച്ചു.
ശനിയാഴ്ച ..രാവിലെ തന്നെ പതിവുപോലെ ബാങ്കിംഗ് തിരക്ക് … അതിനിടയിൽ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്ന് അക്ഷരയുടെ വിളി വന്നു ,ശനിയാഴ്ച എത്തില്ല ഞായറാഴ്ച രാവിലെ എത്താമെന്ന് … അല്ലെങ്കിൽ പിന്നെ നിങ്ങളിങ്ങോട്ട് വാ ,ചതുരംഗ പാറയിലും ബോഡിയിലുമൊക്കെ കൊണ്ടു പോകാമെന്ന് പ്രലോഭനവും …
പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേന്ന് എന്നും പ്രാർത്ഥിച്ചിട്ടും അവിടെ ഞാൻ ഫ്ളാറ്റ് .. ഉടനെ എറണാകുളത്തേയ്ക്കു കോൾ പോയി …. പോയേക്കാം, എന്തിനും റെഡിയെന്ന് മിനു …
അങ്ങനെ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ അഭയാർത്ഥിയായി പാവം ഞാൻ …. വീട്ടിലേയ്ക്ക് യാത്രാനുമതിക്ക് ഫയൽ സമർപ്പിച്ചു .. രണ്ടാളും കൂടി രാത്രി വണ്ടിയോടിച്ച് പോകേണ്ട, റോഡ് മോശമാണോന്നറിയില്ല ഹൈറേഞ്ചല്ലേ എന്ന് പറഞ്ഞ് ഫയൽ കാര്യകാരണസഹിതം മടങ്ങി.
പോകണമെന്ന് തീരുമാനിച്ച സ്ഥിതിക്ക് പോയല്ലേ പറ്റൂ … കട്ടപ്പനയ്ക്ക് പോകുന്ന സഹപ്രവർത്തകന്റെ വണ്ടീടെ പുറകേ പൊയ്ക്കോട്ടേന്നായി അടുത്ത പ്രപോസൽ … സമ്മതിച്ചില്ലേൽ അടുത്ത പരിപാടിയുമായി വരുമല്ലോ എന്ന സാഹചര്യസമ്മർദ്ദത്താൽ അനുമതി കിട്ടി ,രാജകുമാരിയ്ക്ക് തന്നെ പൊയ്ക്കോ പോകുന്നെങ്കിൽ നേരത്തും കാലത്തും പോകാൻ … സമയം വൈകിട്ട് 7 മണി കഴിഞ്ഞു .. മിനു വന്നപ്പോൾ സമയം 7.45 … ഭക്ഷണം മേടിച്ച് തരാമെന്ന് ചീഫ് മാനേജർ പൗലോസ് സാർ… താമസിക്കും വേണ്ടന്ന് ഞങ്ങൾ … തല ചെരിച്ച് പിടിച്ച് ചോദിച്ചു സാറു ചോദിച്ചു
” ശരിക്കും വട്ടാണല്ലേ?’
“ചെറുതായിട്ട് ” …
കൂട്ടച്ചിരിയോട് 8 മണിക്ക് ബ്രാഞ്ചിന്റെ പടിയിറങ്ങി ..പാക്കാൻ പിടിക്കുമെന്ന് പറഞ്ഞ അഖിലാസ്മോനോടും ഷബിത്ത് സാറിനോടും അവിടെ എത്തിയിട്ട് അക്ഷരയുടെ കൂടെ നിന്ന് സെൽഫി ഇടാമെന്ന് പറഞ്ഞ് ഗുഡ് ബൈ …
പ്രയാണം തുടങ്ങുകയായി … നേരേ നേര്യമംഗലം അടിമാലി വഴി പോകേണ്ട ഞങ്ങളെ ഗൂഗിൾ വഴി തിരിച്ചുവിട്ടു ,വണ്ണപ്പുറം ചേലച്ചുവട് വഴി… സൂപ്പർ വഴിയാണ് .. പക്ഷേ ഇരുട്ട് കാഴ്ചകളെ മറച്ചു. അസമയത്തുള്ള സഞ്ചാരം ഇഷ്ടപ്പെടാഞ്ഞിട്ടാണോന്നറിയില്ല ഒരു ലെഫ്റ്റിന് പകരം ഒരു റൈറ്റ് ,ഗൂഗിൾ തന്ന മുട്ടൻ പണി ….25 കിലോമീറ്ററോളം കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഒരു റൗണ്ട് എടുത്തു …. ഒരു ചെറിയ ശിക്ഷ പോലെ… അങ്ങനെ അതി സാഹസികമായി പതിനൊന്നരയോടെ രാജകുമാരിയിലെ ഞങ്ങളുടെ രാജകുമാരിയുടെ കോട്ടയിലെത്തി …
കാഞ്ഞ വിശപ്പ് …പാതിരാത്രി ആയതൊന്നും പരിഗണിക്കാതെ അമ്മ കൈപ്പുണ്യത്തിന്റെ രുചിയറിഞ്ഞു … ശുഭം …
രാവിലെ 4.30-ന് അലാറം വച്ച് കൊളുക്കുമലയിലോ ചതുരംഗപ്പാറയിലോ ഉദയ സൂര്യനെ കാണാൻ കൊതിച്ച് കിടന്നുറങ്ങി
അലാറത്തിന് നമ്മളോട് പ്രത്യേകിച്ച് വ്യക്തി വൈരാഗ്യമില്ലാത്തതു കൊണ്ട് തന്നെ 4.30 മുതൽ “മക്കളെ ഉദയം കാണണ്ടേ എണീക്ക് ,എണീക്ക് ” എന്ന് പുലമ്പിക്കൊണ്ടേയിരുന്നു … അനുസരണയില്ലാത്ത കള്ളക്കൂട്ടങ്ങള് എഴുന്നേറ്റത് തന്നെ .. പിന്നെ പെയ്തും പെറുക്കിയും 5.45ന് എണീറ്റു … പിന്നെ പടപടാന്ന് പല്ലുതേച്ച് മുഖം കഴുകി അക്ഷര വീട്ടിലിടാൻ തന്ന അതേ ഉടുപ്പുമിട്ട് പ്രഭാത പ്രയാണം …
പിന്നെയങ്ങോട്ട് യാത്രയുടെ സൗന്ദര്യം .. വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ ,അല്ല ചതുരംഗപ്പാറയിൽ ! പച്ചപ്പ് കൈയ്യൊപ്പ് ചാർത്തിയ പാറക്കൂട്ടങ്ങൾക്കിടയിൽ കാറ്റാടിയന്ത്രങ്ങൾ ! രാമക്കൽമേടിനെ അനുസ്മരിപ്പിക്കുന്ന വശ്യസൗന്ദര്യം .. തമിഴ്നാടൻ കൃഷിയിടങ്ങളുടെ ദൂരക്കാഴ്ചകൾ … ബാംഗ്ലൂർക്ക് പോയ ചങ്ക് ആര്യയെ വിഡിയോ കോളിൽ സ്ഥലങ്ങളൊക്കെ കാണിച്ച് സീനാക്കിയപ്പോൾ എന്തായിരുന്നു ഒരു സന്തോഷം. നിറഞ്ഞ മനസോടെ തിരിച്ചിറക്കം .. വിദൂരയിലേയ്ക്ക് നോക്കി മൂളിപ്പാട്ട് പാടിയപ്പോൾ മിനുവിന് സംശയം ഈ ചേച്ചിയുടെ മനസിൽ മഴയാണോ പ്രണയമാണോന്ന്!! മഴയോടുള്ള പ്രണയമെന്ന് ഞാൻ ..
കുറിച്ച് ദിവസങ്ങളായി ഉറക്കം ശരിയാകുന്നില്ല … നന്നായൊന്ന് ഉറങ്ങണമെന്ന് ആഗ്രഹം .. വല്യേച്ചിയുടെ ആഗ്രഹം വെറുതെയാകണ്ടല്ലോ എന്നോർത്ത് അക്ഷര വീട്ടിലേക്ക് വണ്ടിയോടിച്ചു .വീട്ടിലെത്തി ബ്രഞ്ച് കഴിച്ച് പോത്തുപോലെ ഉറക്കം…
ഉച്ചമയക്കത്തിനു ശേഷം യാത്ര തുടങ്ങി…ഹൈറേഞ്ജ് കയറിയപ്പോൾ മുതൽ വണ്ടിക്ക് പതിവില്ലാത്ത ഒരു കട കട ശബ്ദം… ആദ്യം വർക്ക്ഷോപ്പ് അന്വേഷിച്ചു…ഇടുക്കിയിലെ എണ്ണമറ്റ സിറ്റികളിൽ ഒന്നിൽ ഞങ്ങൾ ഒരു മോട്ടോർ വർക്ക്ഷോപ്പിനടുത്ത് വണ്ടി ഒതുക്കി…വണ്ടിയുടെ അസുഖത്തിന് പറ്റി പറഞ്ഞപ്പോൾ ചേട്ടൻ ഒരു അന്താളിപ്പോടെ പറഞ്ഞു ചേച്ചിമാരെ ഇത് ആ മോട്ടോർ അല്ല…പമ്പ് സെറ്റിന്റെ വർക്ക്ഷോപ്പ് ആണെന്ന്… അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ? ഒറിജിനൽ 916 വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ ഇളകിയിരിക്കുന്ന സൈലൻസർ കാണിച്ചു തന്നു .ഞായറാഴ്ച പണിയില്ലാത്തത് കൊണ്ട് ഊരി തന്ന സൈലൻസർ ഡിക്കിയിൽ വച്ച് വീണ്ടും യാത്ര ..
പിന്നെ ആനയിറങ്കൽ വഴി ബോഡി മെട്ടിലേക്ക്….വളഞ്ഞു ഒടിഞ്ഞ വഴിയിലൂടെ ചെന്നപ്പോൾ വളരെ മനോഹരമായ കാഴ്ചകൾ…
ഇടയ്ക്ക് തമിഴ്ചായക്കടയിൽ നിന്നൊരു സ്ട്രോങ്ങ് ചായയും വടയും … പിന്നെയും യാത്ര പൂപ്പാറ ,തൂക്കുപാലം വഴി വെള്ളത്തൂവൽ … ഒരു കിടിലൻ വഞ്ചി സവാരി … സൂര്യൻ എപ്പോഴേ അസ്തമിച്ചു .. അക്ഷരയുടെ അമ്മായിയും അയൽക്കാരികളും തന്ന നാട്ടുമാമ്പഴത്തിന് നന്ദി പറഞ്ഞ് യാത്ര തുടരാൻ നിൽക്കുമ്പോൾ അക്ഷരയ്ക്കുള്ള രാജകുമാരി ബസ് വന്നു … കാത്തു വച്ചിരുന്ന സ്നേഹചുംബനം ഏറ്റുവാങ്ങാതെ അക്ഷര നീല ബസിലേക്ക് ഓടി കയറി. … വല്യേച്ചിയും കുഞ്ഞേച്ചിയും അടിമാലി തൊടുപുഴ വഴി വീട്ടിലേക്ക് … നേര്യമംഗലം പാലം കയറുമ്പോൾ കോരിച്ചൊരിയുന്ന മഴ ! മഴയോടുള്ള പ്രണയം പറഞ്ഞപ്പോൾ ക്വാണ്ടിറ്റി പറയാൻ മറന്നായിരുന്നല്ലേന്ന് മിനു.. ഞാൻ വീണ്ടും മൂളി ,”മഴയേ ,തൂ മഴയേ … “
വീട്ടിലേക്ക് കയറുമ്പോൾ മണി ഒമ്പതര രാത്രി … ബോട്ടിന്റെ സ്വരമുണ്ടാക്കി i 10 വന്ന് ലാന്റ് ചെയ്തപ്പോൾ ആരും ഓടി വരാത്തതെന്നായി ഞങ്ങളുടെ സംശയം … ഡോറ് തുറന്നിറങ്ങിയപ്പോൾ എഞ്ചിൻ പണിയാക്കിയാണോ വണ്ടി കൊണ്ടുവന്നതെന്ന് ബിനോയ് ചേട്ടന് സംശയം … “ഏയ് ഇല്ല ചേട്ടാ ,ചേട്ടന്റെ വണ്ടീടെ സൈലൻസർ ഊരി പോകാതെ സേഫ് ആയി കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഇന്നാ തന്റെ ഒച്ചപ്പാട് പിടിച്ച വണ്ടി ഞങ്ങൾക്ക് വേണ്ടേന്നും പറഞ്ഞ് താക്കോൽ കൈമാറി ഞങ്ങൾ ഞങ്ങളുടെ പുതിയ യാത്രാ സ്വപ്നങ്ങളിലേയ്ക്ക് ഊളിയിട്ടു….. സമർപ്പിച്ച ഫയലുകളൊക്കെ ഇടംവലം നോക്കാതെ പാസാക്കി പെൺ യാത്രയ്ക്ക് കട്ടസപ്പോർട്ടായ ഗോപു ചങ്കിനും ബിനോയ്ചങ്കിനുമാണ് ഈ പെൺകൂട്ടിന് കടപ്പാട് രേഖപ്പെടുത്താനുള്ളത്….
ജനറ്റ് ആൻഡ്രൂസ്