പെണ്ണൊരുമ്പെട്ടാല്‍
യു.എ.ഖാദറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ മലയാളനോവലില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളില്‍ തികച്ചും വ്യത്യസ്തരാണ്. ശരീരസൗന്ദര്യത്തില്‍ പുരുഷനെ വശീകരിച്ച് അവന്റെ സ്വത്തു മുഴുവന്‍ കൈക്കലാക്കുന്ന സ്ത്രീകഥാപാത്രങ്ങളെ ഒരു ഭാഗത്തും തന്റെ ചാരിത്ര്യത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികളെ ശരീരം കൊണ്ട് തന്നെ മറുപടി കൊടുക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മറ്റൊരു ഭാഗത്തും കഥാകാരന്‍ നിര്‍ത്തിയിരിക്കുന്നു.ആദ്യ വിഭാഗത്തില്‍പെട്ടവരാണ് മാധവിയും മാളുക്കുട്ടിയും പാത്തുമ്മയും എന്നാല്‍ രണ്ടാം വിഭാഗത്തില്‍ ചിരുതക്കുട്ടിയും ജാനകിയും മറിയവും വരുന്നു.ധനം മോഹിച്ച് സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിക്കുവാനും വഞ്ചിക്കുവാനും തയ്യാറാകുന്ന സ്ത്രീകളും ഖാദറിന്റെ നോവലുകളില്‍ ഉണ്ട്. തട്ടാന്‍ ഇട്ട്യേമ്പിയിലെ ജാനകിയും മാളുക്കുട്ടിയും തൃക്കോട്ടൂര്‍ തട്ടകത്തിലെ പാത്തുമ്മയും മാണിക്യം വിഴുങ്ങിയ കണാരനിലെ ദമയന്തിയും ഒക്കെ സാമ്പത്തികലാഭത്തിനായി ആളുകളെ വശീകരിച്ചവരായിരുന്നു.ഈ പാരമ്പര്യം നമ്മുടെ സാമൂഹ്യവ്യവസ്ഥയില്‍ നടമാടിയിരുന്നു എന്ന വസ്തുതയാണ് ഖാദര്‍ തുറന്നു കാണിക്കുന്നത്.എന്തിനും പോന്ന പടകാളിപെണ്ണുങ്ങളെയാണ് ഖാദര്‍ അവതരിപ്പിക്കുന്നത്. അവരില്‍ അദ്ഭുതസിദ്ധികളോ ദൈവികതയുടെ ദുര്‍ദേവതകളുടെ വടക്കന്‍ പാട്ടുകഥകളിലെ സ്ത്രീകഥാപാത്രങ്ങളുടെ പരിവേഷമോ ചാര്‍ത്തുന്നു. എപ്പോഴും ദ്വന്ദ്വവ്യക്തിത്വത്തിന്റെ ഉടമകളായിട്ടാണ് യു.എ.ഖാദറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ കാണപ്പെടുന്നത്.ഒരേ സമയം ഉഗ്രരൂപിണി കളും സൗമ്യസ്വരൂപിണികളും ആയിരിക്കും അവര്‍.ശരീരമാണ് അവരുടെ ഏക വിനിമയ ഉപാധി, തല്ലാനായാലും തലോടാനായാലും.
വടകരചന്തയില്‍ കൊയ്‌ലാണ്ടി ചൂടി വില്ക്കാന്‍ എത്തുന്ന പൂഴിത്തേരികുന്നമ്മല്‍ കണാരന്റെ തിയ്യത്തിയാണ് ജാനകിയാണ് ചന്തയില്‍ ചൂടി വില്ക്കുന്ന പെണ്ണ്. ജാനകി മെലിഞ്ഞ് ലേശം കറുത്തിട്ടാണ് . എങ്കിലും ഒന്നു കണ്ടാല്‍ ആരും കണ്ണു പറിക്കില്ല.പൂങ്കോയിലോംകന്നി പൂവ്വാടത്തറവിളക്കു കാണാന്‍ ചെന്ന മാതിരി ചമഞ്ഞൊരുങ്ങി യാണ് ജാനകിയുടെ വരവ്. ആടിനെ വില്ക്കാന്‍ എത്തുന്ന ഒഞ്ചിയത്തുകാരന്‍ കോയക്കുട്ടിയുമായി ലോഹ്യം കൂടിയപ്പോള്‍ ജാനകി ഒന്നുക്കൂടി മിനുങ്ങി.”പാട്ടില്‍ പറയും പോലെ കൈതേരി അമ്പുവിന്റെ കരപരിലാളനയേറ്റ, പൊന്‍മാടത്തമ്പുവിന്റെ നേര്‍ പെങ്ങള്‍ നാണിക്കുട്ടിയെപ്പോലെ, കുന്നത്തു പൂത്ത പൂക്കൊന്നപോലെ ജാനകിയും തെളിഞ്ഞു.” നായികാവര്‍ണ്ണനയില്‍ വടക്കന്‍ പാട്ടുകഥകളിലെ കഥാപാത്രങ്ങളെയാണ് സാദൃശ്യകല്പനയ്ക്കായി ഖാദര്‍ സ്വീകരിക്കുന്നത്.സ്വഭാവത്തില്‍ ദേവിയും ദുര്‍ഗ്ഗയും ആണ്ജാനകി .കോയക്കുട്ടി എന്ന ഇഷ്ടക്കാരന്റെടത്ത് എത്രനേരം വേണമെങ്കിലും സൊറ പറഞ്ഞിരിക്കാന്‍ തയ്യാറാണ് ജാനകി .ഭര്‍ത്താവും മകനും ഉള്ളപ്പോള്‍ തന്നെ ചാരിത്ര്യ ഭംഗംവരുത്താതെ കോയക്കുട്ടിയുടെ ഇഷ്ടക്കാരിയായി.എന്നാല്‍ തന്റെ മാനത്തിന് വിലപറയുന്നവനെ അവള്‍ വെറുതെ വിട്ടതുമില്ല. ഒരിക്കല്‍ ചന്തപ്പറമ്പില്‍ എത്തിയ ഇരിങ്ങല്‍ അംശം അധികാരി പൈതല്‍ നായര്‍ ചൂടിക്കാരി ജാനകിയെ കണ്ട് മോഹിക്കുന്നു.അധികാരിക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ കൂടെ ചെല്ലുക അതാണ് നാട്ടുനടപ്പ്. ആണും പെണ്ണും സമ്പത്ത് മോഹിച്ച് അതിന് മൗനം പാലിച്ചു. പക്ഷേ ജാനകി അങ്ങനെയല്ല. സകലതും തികഞ്ഞ മണിമംഗത്ത് മാധവിക്കുട്ടിയുടെ മട്ടും മാതിരിയുമൊക്കെ ഒത്തവളായ ജാനകി മുമ്പില്‍ നില്‍ക്കുന്ന അധികാരിയോട്
”ങ്ങക്ക് ചൂടി മേണോ?”എന്നൊരു ചോദ്യം.തന്നെ കിടപ്പറയിലേക്ക് കൂട്ടാന്‍ എത്തിയ അധികാരിയോട് ഒരു കൂസലുമില്ലാതെ ചന്തക്കാരിപെണ്ണിന്റെ ചോദ്യം ഇതായിരുന്നു.
‘വേണം’ എത്രയുണ്ട് നിന്റെടുത്ത് ചൂടി
”അറുപതു കൈ ചൂടിയാ ഇന്ന് ഇപ്പം ബാക്കി”
”എനിക്കീ അറുപതുകൈ പോയിട്ട് ആറുമുഴം
ചൂടി വേണ്ട. എനക്ക് രണ്ടു മുഴം മതി”
”ഈ ചൂടിയാണെങ്കില്‍ രണ്ടു മുഴം തികച്ചു വേണ്ട” ”തൂങ്ങിച്ചാകാനാണെങ്കില്‍ രണ്ടു മുഴം തികച്ചുവേണ്ട. ഒരെഴയിലും തൂങ്ങിച്ചാകാം.”
”അത്രയ്ക്ക് ഒറപ്പുണ്ടോണ്ണോ നിന്റെ ചൂടിപിരിക്ക്”
”അത്ര ഒറപ്പുളള ചൂടിപിടിച്ച കൈ എനക്കും ഒന്നും കാണണല്ലോ” പൈതല്‍ നായര്‍ ജാനകിയുടെ കൈകയറി പിടിച്ചു. കോട്ട മൈതാനത്ത് കൂടിയവരൊക്കെ നോക്കി നില്ക്കുന്നു. ജാനകി പട വന്നിട്ടും ഇളകാതെ നിന്ന് അങ്കം വെട്ടിയ ആരോമല്‍ച്ചേകവരുടെ അനന്തിരവളെപ്പോലെ ഒട്ടും ആടിയുലയാതെ നിന്നു. വീണ്ടും പൈതല്‍ നായര്‍ പറയുന്നു ”നിന്റെ തഴമ്പുളള കൈ ഞാനൊന്ന് നോക്കട്ടെ. എവിടെ?”ജാനകിയുടെ കൈ മിന്നല്‍ വേഗത്തില്‍ ഉയരുന്നതും താഴു ന്നതും കണ്ടു. ഒരു വെടിയൊച്ച കേട്ടപോലെ ആള്‍ക്കാര്‍ നടുങ്ങി. ജാനകിയുടെ കൈ അധികാരിയുടെ ചെകിട്ടത്തു പതിഞ്ഞ ശബ്ദമായിരുന്നു അത്. അധികാരി വര്‍ഗ്ഗത്തിന് നേരെ ഒരു ചെറുവിരലനക്കാന്‍ സാധ്യമല്ലാത്ത കാലത്താണ് ഒരു ചൂടി വില്പനക്കാരി തിയ്യത്തിയെക്കൊണ്ട് ഖാദര്‍ അധികാരിയുടെ ചെകിട്ടത്ത ടിപ്പിച്ചത്. അധികാരത്തെക്കാള്‍ പ്രധാനം പെണ്ണിന്റെ മാനമാണെന്ന് ഖാദര്‍ വ്യക്തമാക്കുകയാണിവിടെ.ആകെ ചൂളിയപ്പോയ അധികാരി ചുറ്റും കണ്ണോടിച്ചു ചുകന്ന മുഖം തടവി നീട്ടിയൊന്നു മൂളി. ഒപ്പം നില്ക്കുന്നവരോടു പറഞ്ഞു.
”എനക്ക് പെണ്ണൊരൊത്തിയുടെ അടികൊളളണമെന്ന് ജാതകത്തിലുണ്ട്. അതു തീര്‍ന്നുകിട്ടി. ഇനിയെന്റെ ജാതകത്തില് പലതും ഉണ്ട്. കൊല്ലും കൊല യും ഉളള ജാതകാ ആ പണിക്കര് എനിക്കു വേണ്ടി എഴുതിയത്.” പൈതല്‍ നായര്‍ ജാനകിയെ സമീപിച്ച് രണ്ടുമുഴം കയറിന് ആവശ്യപ്പെട്ടു. അവള്‍ കണ്ണുയര്‍ത്താതെ തന്നെ അധികാരിക്ക് ചൂടി നല്കി. എണ്ണിത്തന്ന പണം വാങ്ങി മടിയില്‍ തിരുകി. രാത്രി വീട്ടിലെത്തിയ ജാനകി ഭര്‍ത്താവിനോട് ചന്തയിലെ സംഭവം വിവരിക്കുന്നു,
”ഇന്ന് ചന്തേന്ന് ഇരിങ്ങല്‍ അംശം അധികാരി എന്റെ കൈയ് കയറി പിടിച്ച്.”
കണാരന്‍ എഴുന്നേറ്റിരുന്നു.
എനക്കു സഹിച്ചില്ല.മാളോര് കാണേ ഞാനാ കരണത്ത് അടിച്ചു.”
കണാരന്‍ തന്റെ തിയ്യത്തിയെ വാരി പുണര്‍ന്നു. ആവേശത്തോടെ ആയി രം വട്ടം ചുംബിച്ചു. പിന്നെ വിറയാര്‍ന്ന സ്വരത്തില്‍ വിധേയനെപ്പോലെ പുലമ്പി, ”ആ കൈകൊണ്ട് എന്റെ കരണത്തും അടിക്ക് എന്റെ കരളേ! അടിക്ക്!” ജാന കിയുടെ തന്റേടത്തിന്, ചാരിത്ര്യത്തിന്, പെണ്ണത്തത്തിന് ഭര്‍ത്താവുനല്‍കുന്ന ബഹുമതിയാണ് ഇത്. എന്നാല്‍ ചന്തയില്‍ തന്റെ ഇഷ്ടക്കാരനായി നിന്ന കോയക്കുട്ടി ”ഇരിങ്ങല്‍ അംശം അധികാരി അങ്ങനെ കണ്ടോരോടെല്ലാം പായും മുറുക്കാനും ചോദിക്കുന്നാളല്ല. യോഗ്യന്‍. തനിത്തങ്കം പോലത്തെ മനുഷ്യന്‍. ആ മനുഷ്യനെയാണ് പിണക്കിപ്പറഞ്ഞയച്ചത്…മൂപ്പരെകൊണ്ട് ഒരുവായ്ക്ക് മുറുക്കാന്‍ ചോദിക്കേണ്ടീനും. ഒരു രാപ്പായ്ക്ക് ആശിപ്പിക്കേ ണ്ടീനും” എന്ന് ഒരു വിടനെപ്പോലെ ഉപദേശിച്ചപ്പോള്‍ ആവുന്നത്ര ശക്തിയില്‍, ശബ്ദത്തില്‍ ജാനകി ആട്ടി:”ഫ!..നായേ! ഫ…ചൂലേ!”എന്ന്. ജാനകി നല്‍കിയ ആ രണ്ടുമുഴം കയറില്‍ പിറ്റേ ചന്തക്ക് ഭര്‍ത്താവ് കണാരന്‍ തൂങ്ങിയാടി. ഇങ്ങ നെ തന്നെ പരസ്യമായി അപമാനിക്കുകയും അധികാരിയുടെ ഇഷ്ടത്തിന് വഴങ്ങാത്തതിനാല്‍ തന്റെ ഭര്‍ത്താവിനെ കൊല ചെയ്യുകയും ചെയ്ത അധികാരിയോടു പ്രതികാരം വീട്ടാന്‍ അധികാരിയുടെ മകനെ അവള്‍ വശത്താക്കുന്നു. തനിക്ക് ഭര്‍ത്താവ് നഷ്‌പ്പെട്ടു. ആ നഷ്ടത്തിന്റെ വില ബോധ്യപ്പെടുത്താന്‍ മകനെ വശീകരിച്ച് നശിപ്പിക്കുക മാത്രമേ പോംവഴിയുള്ളൂ എന്നവള്‍ക്കറിയാം. വിഷത്തെ വിഷം കൊണ്ടെടുക്കുക എന്ന നയമാണ് ജാനകി സ്വീകരിച്ചത്.ജാനകിയുടെ മുന്നില്‍ വന്ന് കൊയിലാണ്ടി ചൂടിക്ക് വിലചോദിച്ച് എത്തിയത് ഇരിങ്ങ ല്‍ അംശം അധികാരി പൈതല്‍ നായരുടെ മകനാണെന്നറിഞ്ഞപ്പോള്‍, ”ജാനകിയുടെ മനസ്സില്‍ ഒരാളിക്കത്തല്‍. ചാരം മൂടിക്കിടന്ന കനലുകള്‍ ജ്വലിച്ചു. പൂലുവപെണ്ണ് കുട്ടിമാണിയുടെ തീപാറും കണ്ണുകളും, തീയാളും മുടിയും തീചി ന്തും അലര്‍ച്ചയും മനസ്സില്‍, കൊളര്‍കോടന്‍ മലയിലെ അടിയാത്തിയായും ചോരയ്ക്കായമറുന്നു.”ഇവിടെ ചൂടി വില്പനക്കാരിയായ ജാനകിക്ക് ദുര്‍ദേവത യുടെ ശക്തി നല്‍കിയിരിക്കുകയാണ് ഖാദര്‍. ശരീരസൗന്ദര്യത്തില്‍ പുരുഷന്‍ മാരെ വശീകരിക്കുകയും ഒടുവില്‍ യക്ഷിയായും ദുര്‍ഗ്ഗയായും അവരുടെ ചോരയൂറ്റിക്കുടിക്കുകയും ചെയ്യുന്ന ദുര്‍ദേവതകളെപ്പോലെയാണ് ജാനകിയും. ജാന കി തന്റെ ശരീരസൗന്ദര്യത്തില്‍ അധികാരിയുടെ മകനെ രാമന്‍കുട്ടിയെ വശീകരിച്ച് പ്രേമത്താല്‍ അന്ധനാക്കുന്നു. അവള്‍ കൊളര്‍കോടന്‍ മലയിലെ അടിയാ ത്തി യക്ഷിയായി ഏഴിലംപാലക്കൊമ്പിലിരുന്നു. നിലാവിന്റെ ധൂളികളായി ഉയര്‍ന്നു പൊങ്ങി. തണുപ്പുറ്റ രാത്രിയുടെ നീണ്ട ഉറക്കമില്ലാത്ത വിനാഴികകള്‍ താണ്ടുന്ന രാമന്‍കുട്ടിയോട് അടിയാത്തി യക്ഷി ചോദിച്ചു:”എനക്ക് ഒരു ചീള് വെറ്റ തര്വോ? ലേശം നൂറ് തര്വോ?”
രാമന്‍കുട്ടി എല്ലാം നല്‍കാന്‍ തയ്യാറായി, ദാഹാര്‍ത്തനായി പിടഞ്ഞുവീണു. രക്തം ചീന്തിയ മണ്ണില്‍ കമിഴ്ന്നടിച്ചു കിടക്കുന്ന ചെറുപ്പക്കാരനെ നോക്കി കൊളര്‍കോടന്‍ മലയിലെ അടിയാത്തി യക്ഷിയാര്‍ത്താര്‍ത്തു ചിരിച്ചു.ചിരിയുടെ അലകള്‍ തണുത്ത രാത്രിയുടെ കയങ്ങളില്‍ ശ്വാസം കിട്ടാതെ കൈയും കാലുമിട്ടടിച്ചു പിടഞ്ഞു.
മറ്റൊരു രാത്രിയില്‍ പൂഴിത്തേരികുന്നുമ്മല്‍ കണാരന്റെ തീയ്യത്തി ജാനകി പൂലുവപെണ്ണ് കുട്ടിമാണിയായിരുന്നു. ചുടലഭദ്രകാളിയായി സകലതും ചാമ്പലാക്കുന്ന കുട്ടിമാണി. തീയാളുന്ന മുടിയും തീ പാറുന്ന കണ്ണുമായി രാമന്‍കുട്ടിയുടെ നെഞ്ചില്‍ കയറിയിരുന്നു. രാമന്‍കുട്ടിയുടെ സിരകളില്‍ അഗ്നിനാളങ്ങള്‍ പടര്‍ ത്തി. കത്തിച്ചാമ്പലാകുന്ന സാമ്രാജ്യത്തിന്റെ നിമിഷത്തിനായി രാമന്‍കുട്ടി കിടന്നു. വശംവദനായി. വിധേയനായി. ചൊല്പടിക്കാരനായി. അടിമയായി. അതിനാല്‍ അനുദിനം കുട്ടിമാണി അവനെ തേടിയെത്തി. അവന്‍ കാമഭ്രാന്തനായ കടലുങ്കര നാടുവാഴിച്ചയുടെ കണ്ണുകള്‍ വിടര്‍ത്തിക്കിടക്കുകയായിരുന്നു.അതിനാല്‍ കുട്ടിമാണി അലറി.
”കൊല്ലും ഞാന്‍ ചുട്ടുചാമ്പലാക്കും ഞാന്‍.” ഓരോ രാത്രിയിലും അവള്‍ ചെറുപ്പക്കാരനെ നാളെ നാളെ എന്നു പറഞ്ഞു കളിപ്പിച്ചു. ആ ക്ഷീണമന്ത്രം ഉരുവിട്ട് ചെറുപ്പക്കാരന്‍ പായത്തലയ്ക്കല്‍ തളര്‍ന്നു വീഴുന്നതു കണ്ട് ജാനകി ചിരിച്ചു.പൂലുവപെണ്ണ് ചിരിച്ചു.യക്ഷി ചിരിച്ചു.അവള്‍ പതുക്കെ മൂളി
”പാട്ടും പൂവം കൊണ്ട് എന്ന മൂട്
പട്ടോലപ്പായയില്‍ കിടത്തിമൂട്
പട്ടട കത്തിച്ചതിലും മൂട്”
കൊളര്‍കോടന്‍മലയിലെ അടിയാത്തി, പൂലവപ്പെണ്ണ് കുട്ടിമാണി ഇങ്ങ നെ കരുത്തിന്റെ പ്രതീകമായ പെണ്‍ബിംബങ്ങള്‍തന്നെ ജാനകിയുടെ ഭാവപക ര്‍ച്ചയുടെ ബിംബങ്ങളായി ഖാദര്‍ സ്വീകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പൈതല്‍ നായരും ഭാര്യ ലക്ഷ്മിയമ്മയും കൂടി പല്ലക്കിലേറി ജാനകിയുടെ കുടിയില്‍ എത്തുന്നു മകനെ തിരിച്ചു ചോദിക്കാന്‍. അവരോട് കുറിക്കുകൊള്ളു ന്ന മറുചോദ്യമാണ് ജാനകി ചോദിക്കുന്നത്.”എന്റെ കെട്ടിയോനെ കൊന്നോ ല്ക്ക് കൈവിഷം കൊടുത്ത് ഞാന്‍ പാട്ടിലാക്കി എന്നാ അധികാരി പറേണത്, അല്ലേ?”. ”ജാനകി തൂണും ചാരി നിന്നു. അവളുടെ മനസ്സില്‍ തീ ജ്വാലകള്‍ ഉയര്‍ന്നു. അവളുടെ ചുണ്ടുകള്‍ ചുകപ്പേറി വിടര്‍ന്നു. പല്ലുകള്‍ ഞെരിഞ്ഞു. കണ്ണുകള്‍ ജ്വലിച്ചു. കെട്ടിയ മുടി അഴിഞ്ഞു വിടര്‍ന്നു വീണു. പേടിപ്പെടുത്തും ചിരിയുടെ ചുവന്ന ദലങ്ങള്‍ അവള്‍ ചോദിച്ചു.”ലക്ഷ്മിയമ്മേ…. എനിക്കിച്ചിരിനൂറ് തര്വേ? എനിക്കിത്തിരി ബറ്റ തര്വോ?” ചേതനയറ്റ ലക്ഷ്മിയമ്മയെ അവര്‍ എങ്ങനെയോ പല്ലക്കിനകത്തേക്ക് കോരിയിട്ടു. ഇതാണ് കീഴാളത്തത്തിന്റെ കരുത്ത്. അവര്‍ തീയില്‍ മുളച്ചവരാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ കരു ത്താര്‍ജ്ജിച്ചവരാണ്. അധികാരിവര്‍ഗ്ഗത്തിന്റെ കൈക്കരുത്തിനും വായ്ക്കരുത്തി നും മുന്നില്‍ തളരാതെ നിന്നവള്‍ പൊരുതി ജയിച്ചു . ജാനകി പൈതല്‍ നായരെ വിളിച്ചു. ഒരു ചൂടിക്കെട്ടെടുത്തു നീട്ടി. ”ഇത് കൊണ്ടോയിക്കോ. എന്നിട്ട് മകനെ ആട കെട്ടിയിട്. ഇത് പൊട്ടിച്ച് ഇങ്ങോട്ട് പാഞ്ഞുവരാന്‍ ഓന്ന് ശക്തി പോരാന്നാ എനക്ക് തോന്നുന്നത്”.വീണ്ടും അപമാനിതനായ ഇരിങ്ങല്‍ അംശം അധികാരി ജാനകിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. തൃക്കോട്ടൂര്‍ അധികാരി ഇരിങ്ങല്‍ അംശം അധികാരിയുടെ മാനം രക്ഷിക്കാന്‍ തയ്യാറായി. ജാനകിയുടെ പുരയ്ക്ക് അവര്‍ തീ കൊളുത്തി. ജാനകിയെ രക്ഷിക്കാന്‍ തീയില്‍ ചാടിയ അധികാരിയുടെ മകന്‍ വെന്തു ചത്തു. പിറ്റേന്നും ചൂടിക്കെട്ടുമായി ജാനകി തന്റെ ചെക്കനേയും ഒപ്പംകൂട്ടി തീവണ്ടി കേറുന്നു. അങ്ങനെ തന്റെ മാനത്തിന് വില പറഞ്ഞ, തന്റെ ഭര്‍ത്താവിനെ കൊന്ന അധികാരിയോടുള്ള പക അയാളുടെ ആള്‍ക്കാരെകൊണ്ട് മകനെ കൊല്ലിച്ച് തീര്‍ക്കുന്നു. ഇവിടെ പുരുഷന്‍ മാരെ വശീകരിച്ച് പ്രതികാരം ചെയ്യുന്ന യക്ഷിയുടേയും ദുര്‍ദേവതയുടേയും പ്രതിരൂപമായിട്ടാണ് ഖാദര്‍ ജാനകിയെ അവതരിപ്പിക്കുന്നത്.എന്നാല്‍പോലും ജാനകിയുടെ ജീവിതം അധീശപ്രത്യശാസ്ത്രത്തിന് നേരെയുള്ള ഒരു വെല്ലുവി ളിയായിതന്നെ കാണണം. ജാനകി യക്ഷിയോ ദുര്‍ഗയോ ആയി മാറി പ്രതികാ രം ചെയ്യുന്നതോടെ കഥയുടെ അന്തരീക്ഷം മാറുന്നു.ഫാന്റസിയും യാഥാര്‍ത്ഥ്യ വും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നു.”പകുതിയോളം ഒരു പ്രണയകഥയുടെമട്ടില്‍ നീങ്ങിയിട്ട് ദുഃഖത്തിന്റെയും പ്രതികാരത്തിന്റെയും മൂര്‍ത്തിയായിത്തീര്‍ന്ന ജാനകി ഒരു യക്ഷിയോ ദുര്‍ഗയോ ആയി രൂപാന്തരപ്പെട്ട് പ്രവര്‍ ത്തിക്കാന്‍ തുടങ്ങുന്നതോടെ കഥ അഭൗമാന്തരീക്ഷത്തിലേയ്ക്ക് ഉയര്‍ന്നു.” (ജോര്‍ജ് ഇരുമ്പയം തൃക്കോട്ടൂര്‍ പെരുമയും വായേപാതാളവും മറ്റും, സാഹിത്യസാമൂഹ്യവിമര്‍ശനങ്ങള്‍, പുറം. 46, 1990) ഈ അഭൗമാന്തരീക്ഷം കഥയ്ക്ക് പാവനത്വം നല്‍കുന്നു. മനുഷ്യസ്ത്രീയായിനിന്നുകൊണ്ടു പുരുഷനോടു എതി രിട്ടു ജയിക്കാന്‍ സാധിക്കാതെ വന്നാല്‍ അവര്‍ക്ക് യക്ഷിയുടേയും ദുര്‍ഗ്ഗയുടേ യും ഭാവപകര്‍ച്ച നല്‍കി പ്രതികാരം ചെയ്യിക്കുന്നു. ജാനകി ഇതിന് ഉത്തമനിദര്‍ ശനമാണ്.