Main Menu

പൂതന

SUJAYA.ഞാന്‍ ജാനകി

ജാനകി രാമചന്ദ്രന്‍

സ്നേഹമുള്ളവര്‍ എന്നെ ജാനി എന്ന് വിളിയ്ക്കും, അല്ല, വിളിച്ചിരുന്നു. ഇപ്പോള്‍ ആരും എന്നെ അങ്ങനെ വിളിയ്ക്കാറില്ല. ഞാനിപ്പോള്‍ വെറും ജാനകിയാണ്.

അല്ല, മ്മ എന്നൊരു കൂട്ടക്ഷരത്തിലൊതുങ്ങുന്ന ഒരു വലിയ ആശയപ്രപഞ്ച മാണ്‌ .

ജാനകി രാമചന്ദ്രനാകും മുമ്പ്, എല്ലാവരുടെയും പ്രിയപ്പെട്ട ജാനിയായിരുന്ന കാലത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു നര്‍ത്തകിയാവുക എന്നതാ യിരുന്നു. ബി. ടെക് ചെയ്തത് അച്ഛന്റെ ആഗ്രഹം നിറവേറ്റികൊടുക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലായിരുന്നു. മനസ്സില്‍ ചിലങ്കയുടെ കിലുക്കത്തിന്റെ തിര യിളക്കവുമായി നടക്കുമ്പോള്‍ ഓഫീസിലിരുന്നുള്ള ഒരു ജോലിയെപ്പറ്റി ചിന്തിച്ചിരുന്നതേയില്ല. ലോകമറിയുന്ന ഒരു നര്‍ത്തകിയാവണമെന്നു മാത്രം ചിന്തിച്ചു. സ്വന്തമായെഴുതിയ വരികള്‍ കമ്പോസ്  ചെയ്ത് നൃത്താവിഷ്ക്കാരം നടത്തുന്ന വാര്‍ത്തകള്‍  പത്രങ്ങളില്‍  വരുമ്പോള്‍ എന്തൊരു സന്തോഷമായിരുന്നു! പക്ഷേ അമ്മയ്ക്ക് കൂട്ടുവരാന്‍ പറ്റുന്ന ദൂരങ്ങളില്‍ മാത്രമൊതുങ്ങി നിന്നു എന്റെ നൃത്ത പരിപാടികള്‍.

“ നല്ലൊരു ജോലി ക്യാമ്പസ്  സെലക്ഷനില്‍  കിട്ടിയതല്ലേ. അതും ചെയ്തങ്ങോട്ടു ജീവിച്ചാ മതി. ഡാന്‍സൊ ന്നും വേണ്ട. അതിനു നാടു നീളെ നടക്കാന്‍ കൂട്ടുപോകാന്‍ എന്നെക്കൊണ്ട് പറ്റില്ല. അതൊരു നല്ല കാര്യമാ ണെന്ന അഭിപ്രായവും എനിയ്ക്കില്ല. ഇനിവേണ്ടത് വിവാഹമാണ്. പിന്നെയുള്ള കാര്യങ്ങള്‍ അയാള്‍ പറയും പോലെ ”.

അച്ഛന്റെ അഭിപ്രായം എപ്പോഴും അവസാന വാക്കുകളായിരുന്നു. അതുകൊണ്ടു തന്നെ കല്യാണം നിശ്ചയി ച്ചപ്പോള്‍  എനിയ്ക്ക് വലിയ സന്തോഷമായിരുന്നു. എന്റെ നൃത്തപരിപാടി കണ്ട് ഇഷ്ടപ്പെട്ടാണ് ആ കല്യാ ണാലോചന വന്നത്. ഒരു ബാങ്ക് ഓഫീസര്‍. സുന്ദരന്‍, സമ്പന്നന്‍, തറവാടി  – അച്ഛന്  സമ്മതമാകാന്‍ മറ്റൊന്നും വേണ്ടല്ലോ. എന്റെ ലക്ഷ്യത്തിനു ഇനിയൊരു തടസ്സവുമുണ്ടാകില്ലെന്ന സന്തോഷമായിരുന്നു എനിയ്ക്ക്. ഇന്ത്യയിലുടനീളം നൃത്തപരിപാടികള്‍, പതിയെ വിദേശത്തേയ്ക്കും, നൃത്തവിദ്യാലയങ്ങള്‍  …..

പക്ഷേ വിവാഹപ്പിറ്റേന്നു രാവിലെ പതിവുപോലെ പൂജാമുറിയില്‍ നിന്ന് പൂജിച്ചെടുത്ത ചിലങ്കകളുമായി പുറത്ത് വന്നപ്പോള്‍  ചന്ദ്രേട്ടന്‍ ആ ചിലങ്കകള്‍  പിടിച്ചു വാങ്ങി.

“ നിന്നെ ഒരു നര്‍ത്തകിയായി കാണാന്‍  ഞാനാഗ്രഹിയ്ക്കുന്നില്ല. എനിയ്ക്കാവശ്യം സുന്ദരിയായ ഒരു ഭാര്യയെ യാണ്. ഓഫീസിലെ ഫങ്ഷന്‍സ്, ഫ്രന്റ്സിന്റെ  കൂടെ ഫാമിലി ഗെറ്റ്  ടുഗെതെര്‍ -ഇതിനൊക്കെ പോകു മ്പോള്‍  അണിഞ്ഞൊരുങ്ങി കൂടെ വരാന്‍ മറ്റുള്ളവര്‍ക്ക് അസൂയ  തോന്നും വിധം സുന്ദരിയായ ഒരു ഭാര്യ – ഞാന്‍ സംതൃപ്തനാണ്. ഇനി നിന്റെ നൃത്തം എനിയ്ക്ക് മാത്രം കാണാനുള്ളതാണ് ” എന്ന്  ഒരു പുഞ്ചിരിയോടെ പറഞ്ഞ്  ആ ചിലങ്കകള്‍  അലമാരയില്‍ വെച്ചു പൂട്ടി. എന്റെ സംതൃപ്തിയെന്താണെന്നതിനെപ്പറ്റി ഒരിയ്ക്കല്‍ പോലും ചോദിച്ചതുമില്ല, ഒരിയ്ക്കല്‍ പോലും നൃത്തം കാണണമെന്ന ആഗ്രഹം പറഞ്ഞതുമില്ല.

പഠിച്ചതൊക്കെ മറന്നു തുടങ്ങി,  പഠിയ്ക്കാത്തതൊക്കെ പഠിച്ചു തുടങ്ങി. ആദ്യമൊക്കെ ചന്ദ്രേട്ടന്‍  ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍  വാതിലടച്ച്  ആരും കാണാതെ പ്രാക്ടീസ് ചെയ്യുമായിരുന്നു. നൃത്താവിഷ്ക്കാരത്തിനാ യി  സ്വയം എഴുതി വെച്ച വരികള്‍.

എന്നെങ്കിലുമൊരിയ്ക്കല്‍  അവസരം വരും എന്ന വിശ്വാസത്തോടെ അതെല്ലാമെടുത്ത് ചിട്ടപ്പെടുത്താന്‍  ശ്രമിയ്ക്കുമായിരുന്നു. “ ഞാന്‍ വരാനെത്ര വൈകിയാലും നിനക്ക് യാതൊരു പരിഭവവുമില്ലല്ലോ. നേരത്തെ വരുമോ എന്ന് ചോദിയ്ക്കുന്ന പതിവു പോലുമില്ല ”കുറച്ചു പരാതി കലര്‍ന്ന അഭിനന്ദനത്തോടെ ഒരിയ്ക്കല്‍ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടിയില്ല.

വരാനെത്ര വൈകുന്നോ അത്രയും സമയം പ്രാക്ടീസിന് കിട്ടുമല്ലോ എന്ന സന്തോഷമായിരുന്നു എനിയ്ക്ക്. പക്ഷേ ലക്ഷ്യമില്ലാത്ത ആ പ്രവൃത്തി ഏറെ താമസിയാതെ മടുത്തു തുടങ്ങി. പുതിയ പരാതികള്‍   അപരി ചിതമായ വേദനകളായി ആക്രമിയ്ക്കുമ്പോള്‍  പരിചിതമായ വേദനകളെ  പിന്‍തള്ളുന്ന ഒരു സ്വഭാവം മനു ഷ്യമനസ്സിനുണ്ടല്ലോ. എന്റെ എക്കാലത്തെയും അനുഭവം അതുതന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ് ആറു  വര്‍ഷം കഴിഞ്ഞു. ചന്ദ്രേട്ടന്റെ കൊളീഗ് വേണുഗോപന്‍ നായരുടെ മകന്റെ മാര്യേജ് റിസെപ്ഷനായിരുന്നു. അവരിരുവരും വന്നു പ്രത്യേകം ക്ഷണിച്ചു പോയതാണ്. പതിവു പോലെ അണിഞ്ഞൊരുങ്ങി പുറപ്പെട്ടപ്പോള്‍ “എങ്ങോട്ടാ ഒരുങ്ങിക്കെട്ടി ? നിന്നേം കൊണ്ടുപോയാ ചോദ്യങ്ങളുടെ എണ്ണമേറും.  പോകാന്‍ തോന്നിയിട്ടൊന്നുമല്ല, ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ടാ . ഇനി കൂടെ കെട്ടിക്കയറി വന്നിട്ട്  കൂടുതല്‍ സ്വൈരക്കേടുണ്ടാക്കാന്‍” എന്ന് പല്ലിറുമ്മി  പറഞ്ഞു കൊണ്ട്  ഒറ്റയ്ക്കിറങ്ങിപ്പോയി.

പാര്‍ട്ടി ഒഴിവാക്കാന്‍ കഴിഞ്ഞതില്‍ ആശാസമേ തോന്നിയുള്ളൂ. പക്ഷേ അതിനുള്ള കാരണമാണ്  വേദനിപ്പിച്ചത്.

“രണ്ടു പേര്‍ക്കും കോംപ്ലിക്കേഷന്‍സ് ഒന്നുമില്ല, എന്തോ സമയമായിട്ടില്ല എന്ന് കരുതാം, എല്ലാറ്റിനും ഒരു കാലമുണ്ടല്ലോ” എന്ന് ഡോക്ടര്‍ പറഞ്ഞതാണ്. എന്നിട്ടും ഞാനാണ്  കുറ്റക്കാരി എന്ന മട്ടില്‍  ചന്ദ്രേട്ടന്‍ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ആ അപസ്വരങ്ങള്‍ക്കിടയില്‍  മനസ്സില്‍ പോലുമൊന്നു കിലുങ്ങാതെ  എന്റെ ചിലങ്കകളുറങ്ങി. അമ്പലങ്ങളും, വഴിപാടുകളും, പല ഡോക്ടര്‍മാരുമായി ആറു വര്‍ഷങ്ങള്‍ .

ഒരിയ്ക്കല്‍  ഞാന്‍ ഉരുളി കമഴ്ത്തി പ്രാര്‍ത്ഥിച്ചതിന്  “ഉരുളി കമഴ്ത്തുന്നത്  പെണ്‍കുട്ടിയുണ്ടാകാനല്ലേ? ആര് പറഞ്ഞു നിന്നോടങ്ങനെ ചെയ്യാന്‍? നീയാണോ നിശ്ചയിയ്ക്കാന്‍” എന്നൊക്കെ ചോദിച്ചു കൊണ്ട് ച ന്ദ്രേട്ടന്‍ എന്നെ ഒരുപാടു ശകാരിച്ചു. ജാതകത്തില്‍ നല്ല വിശ്വാസമായിരുന്നു ചന്ദ്രേട്ടനും എന്റെ അച്ഛന മ്മമാര്‍ക്കും. ഏതോ ഒരു ജ്യോത്സ്യന്‍ ഒരിയ്ക്കല്‍  പറഞ്ഞു, ഞങ്ങള്‍ക്കൊരു പെണ്‍കുഞ്ഞുണ്ടാകും,അവള്‍ പ്രശസ്തയായിത്തീരുമെന്നും. അവള്‍ കാരണം ഞങ്ങള്‍ക്കൊരുപാടു ഭാഗ്യമുണ്ടാകുമത്രേ. എന്തോ ഒരു നിമിത്തം പോലെ അന്നുതന്നെയാണ് പ്രാര്‍ത്ഥനകള്‍ക്ക്  ഫലമുണ്ടായെന്നു  ഞങ്ങളറിഞ്ഞതും. സ്കാനിങ്  കഴിഞ്ഞപ്പോള്‍ ചന്ദ്രേട്ടന്റെ ബന്ധുവായതു കൊണ്ട്  ഡോക്ടര്‍  കുഞ്ഞു  പെണ്ണാണെന്ന്  പറഞ്ഞു തന്നു.

ജ്യോത്സ്യന്റെ പ്രവചനം ശരിയാകുന്നെന്ന സന്തോഷത്തില്‍ ചന്ദ്രേട്ടനാ വിരോധമെല്ലാം മറന്നു. സന്തോഷം കൂടിയ ഒരു നിമിഷത്തില്‍ ചന്ദ്രേട്ടന്‍  മോള്‍  വലുതായാല്‍ അവള്‍ക്കൊപ്പം നീയും നൃത്തപരിപാടികള്‍ നട ത്തിക്കോ എന്ന്  സമ്മതിയ്ക്കുക പോലും ചെയ്തു.  ഇനി ഒരാഗ്രഹവും എനിയ്ക്ക് സാധിയ്ക്കാനില്ല എന്ന് തോന്നി പ്പോയി അപ്പോള്‍. ശ്രീകൃഷ്ണന്റെ ബാല്യകാലം മുഴുവന്‍  നൃത്താവിഷ്ക്കാരം ചെയ്യണമെന്നൊരാഗ്രഹം പണ്ടേ യുണ്ടായിരുന്നു. അതിനായി കുറേ വരികള്‍ എഴുതി ചിട്ടപ്പെടുത്തിവെച്ചിരുന്നു. കൃഷ്ണനാക്കാന്‍ പറ്റിയ ഒരു കുട്ടിയെ ഒരുപാട് അന്വേഷിച്ചു.

അന്ന്  കൂട്ടുകാരികള്‍ കളിയാക്കിയിരുന്നു,“ഏതു കുട്ടിയും നിന്റെ സങ്കല്പത്തിന്  യോജിച്ചതാവില്ലല്ലോ, ഇനി നിനക്ക് കുട്ടിയുണ്ടാവട്ടെ, അപ്പോള്‍ ചെയ്യാം”. അതാണോര്‍മ്മയില്‍ വന്നത്.

അലമാരയുടെ ഒരു മൂലയില്‍  കിടന്നിരുന്ന ഫയല്‍  തെരഞ്ഞെടുത്ത്  ആ വരികള്‍ വീണ്ടും വായിച്ചപ്പോള്‍ ഒരു നീണ്ട ഇടവേളയുടെ അകല്‍ച്ച തോന്നിയില്ല. ഞാന്‍ യശോദയായി, എന്റെ ചുറ്റും കണ്ണനോടിനടന്നു . അരമണിയിളക്കി, കാല്‍ത്തള കിലുക്കി ഓടുന്ന കണ്ണന്‍ , മണ്ണ് തിന്നു മായ കാണിച്ചു എന്നെ മയക്കുന്ന കണ്ണന്‍, മടിയില്‍ കിടന്നു പാല് കുടിച്ചു കൊണ്ട്  കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരി ചിരിയ്ക്കുന്ന കണ്ണന്‍ – എന്റെ മനസ്സ് തന്നെ ഒരമ്പാടിയായി .കുഞ്ഞൊന്നനങ്ങുമ്പോള്‍  ചിലങ്കയുടെ മുത്തുകള്‍ ഒരായിരമൊന്നിച്ച് കിലുങ്ങുന്നതായെനിയ്ക്ക് തോന്നി.

വിശ്രമം, വ്യായാമം, ചിട്ടയോടെയുള്ള ഭക്ഷണം, നൃത്തം സംഗീതം തുടങ്ങി മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങള്‍  – ഒക്കെ ഡോക്ടറുടെയല്ല ചന്ദ്രേട്ടന്റെ നിര്‍ദ്ദേശങ്ങളായിരുന്നു. സിസേറിയന്റെ പോലും ആവശ്യം വന്നില്ല. പെണ്‍കുഞ്ഞു തന്നെ. എല്ലാവരും സന്തോഷിച്ചപ്പോഴും ഡോക്ടറുടെ മുഖം തെളിഞ്ഞില്ല. എന്തൊക്കെയോ ടെസ്റ്റുകള്‍ക്കായെന്നു പറഞ്ഞ ഡോക്ടര്‍ കുഞ്ഞിനെ കൊണ്ടുപോയി. അവസാനം ഒരുപാട് സാന്ത്വനങ്ങ ളുടെ മുഖവുരയോടെ  ഡോക്ടര്‍ പറഞ്ഞു. കുഞ്ഞു നോര്‍മ്മലല്ല, മെന്റലി റിട്ടാര്‍ഡെഡാണ്.

കുഞ്ഞിനു ജാതകമെഴുതിയ്ക്കാനെന്നു പറഞ്ഞു   ചന്ദ്രേട്ടന്‍ പുറപ്പെട്ട നേരത്താണ്  വിവരമറിഞ്ഞത്. ഇനി ചത്ത കുഞ്ഞിനെന്തിനാ ജാതകം എന്ന് പറഞ്ഞു തിരിച്ചു വന്ന ചന്ദ്രേട്ടന്‍  പിന്നെ കുഞ്ഞിന്റെ  നേര്‍ക്കൊന്നു നോക്കിയതു പോലുമില്ല. പിന്നെ ഒരു ചടങ്ങെന്നോണം അച്ഛന്‍ ഏതോ ജ്യോത്സ്യനെക്കൊണ്ട് ജാതകമെ ഴുതിച്ചു. പ്രത്യേകിച്ചൊരു ഗുണവും പറയാനില്ല. ഗ്രഹങ്ങള്‍ എപ്പോഴാണോ ഇങ്ങനെ മാറിമറഞ്ഞത്!

ചന്ദ്രേട്ടന്റെ ദേഷ്യം മുഴുവന്‍ എന്നോടായിരുന്നു. നിന്റെ അശ്രദ്ധ കാരണമാണ് എന്ന് പറഞ്ഞു എപ്പോഴും കലഹിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍  തന്നെ പറഞ്ഞു. “ആരുടെയും തെറ്റ് കൊണ്ടല്ല ചന്ദ്രാ, സ്കാനിങ്ങില്‍ പോലും യാതൊന്നും തെളിഞ്ഞില്ലല്ലോ .വിധി എന്ന് കരുതുകയേ നിവൃത്തിയുള്ളൂ” എന്ന്. എന്നിട്ടും ചന്ദ്രേ ട്ടന്‍  അടങ്ങിയില്ല.

ഡിസ്ചാര്‍ജ് ചെയ്ത്  വീട്ടിലേയ്ക്ക് പോകുമ്പോള്‍ ചന്ദ്രേട്ടന്‍  കൂടെ വന്നില്ല. നാട്ടിലേയ്ക്കാവും കൊണ്ടുപോവുക  എന്നാണ്  കരുതിയത്. “ പിന്നേ, നാട്ടിലേയ്ക്കാനയിച്ചു കൊണ്ടുപോവാന്‍ പറ്റിയ സന്തതിയല്ലേ പിറന്നിരി യ്ക്കുന്നത് ” എന്ന്  അച്ഛനോടെന്തോ അടക്കം പറഞ്ഞു ചെന്ന അമ്മയോട് അച്ഛ ന്‍ കയര്‍ക്കുന്നതു കേട്ട പ്പോള്‍ കാര്യം മനസ്സിലായി. ഒരു ദിവസം ചന്ദ്രേട്ടന്‍  ഫോണ്‍  ചെയ്തു. മുഖവുരയൊന്നുമില്ലാതെ തുറന്നു പറഞ്ഞു – “ഈ മാതിരിയുള്ള കുട്ടികളെ താമസിപ്പിയ്ക്കുന്ന ഒരു സ്ഥാപനമുണ്ട്. നെറ്റില്‍ കണ്ടതാണ്. ഞാന്‍ വിശദമായന്വേഷിച്ചു. വളരെ റിലയബിളാണ്.

നല്ല ട്രീറ്റ്മെന്റ്, നഴ്സിങ്  – എല്ലാ സൌകര്യങ്ങളുമുണ്ട് . അവരാവശ്യപ്പെടുന്ന ഫീസ്‌ കൊടുത്താല്‍ മതി. പിന്നെ നമ്മളൊന്നുമറിയേണ്ട. എമൌണ്ട്  അല്പം കൂടുതലാണെങ്കിലും ആയുഷ്കാലം അവിടെ സുഖമായി കഴിയാം”. ഞാന്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ വെച്ചു. എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍  നേരിട്ടു വന്നു. “നീയൊന്നും പറഞ്ഞില്ലല്ലോ. അവിടെ പേടിയ്ക്കാ നൊന്നുമില്ല. കുട്ടിയ്ക്ക് നല്ല കെയര്‍  കിട്ടും ”.

“പക്ഷേ അച്ഛനേയും അമ്മയെയും കിട്ടില്ലല്ലോ”  എന്റെ മറുപടി  ചന്ദ്രേട്ടനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.

“പിന്നെ…? ഈ അവലക്ഷണത്തിനേം കൂടെ കൂട്ടി കഴിയാമെന്നാണോ വിചാരം ? അതു നടക്കില്ല. നാല് പേരുടെ മുമ്പില്‍  കൊണ്ടുപോവാന്‍  കൊള്ളുമോ. കണ്ടാലും മതി. മറ്റുള്ളോരടെ പരിഹാസപാത്രമാവാന്‍ എന്നെക്കൊണ്ട് പറ്റില്ല ”.

“എനിയ്ക്ക് പറ്റും” ഞാന്‍ ശാന്തമായിത്തന്നെ മറുപടി പറഞ്ഞു.

“ഇതിനെ ആര് നോക്കും”?

“നമ്മള്‍. അച്ഛനും അമ്മയും”

“എന്നെക്കൊണ്ട് ആവില്ലെന്ന് പറഞ്ഞില്ലേ ”. പിന്നെ അനുനയത്തിന്റെ ഭാഷയായി “ജാനീ, നീ ശരിയ്ക്കൊ ന്നാലോചിച്ചു നോക്ക്. ഇതിനെ വളര്‍ത്തുക എളുപ്പമല്ല. പഠിപ്പിയ്ക്കാന്‍ പറ്റില്ല. നമുക്കെവിടെയെങ്കിലും കൊണ്ടുപോവാന്‍ പറ്റുമോ? ഒറ്റയ്ക്കാക്കി പോവാന്‍ പറ്റുമോ? നമ്മുടെ ജീവിതം തന്നെ ഇല്ലാതാവും. നമുക്കിനിയും നല്ല കുഞ്ഞുങ്ങളുണ്ടാകുമല്ലോ . ഡോക്ടര്‍  പറഞ്ഞില്ലേ കുഴപ്പമൊന്നുമില്ലെന്ന് . പിന്നെന്താ ? ഇനി നമ്മുടെ കാലം കഴിഞ്ഞാല്‍ ഇതിനെ ആര് നോക്കും. കല്യാണം കഴിപ്പിയ്ക്കാന്‍ പറ്റുമോ. ഒന്നുമില്ല. അവിടെ അവള്‍ക്കു സുരക്ഷിതത്വമുണ്ട്. നമുക്കെപ്പോള്‍ വേണമെങ്കില്‍ പോയി കാണാം. നീയൊന്നു ബുദ്ധിപൂര്‍വ്വം ചിന്തിയ്ക്ക് ”.

“എനിയ്ക്ക് ചിന്തിയ്ക്കാനൊന്നുമില്ല. ഇവളെ ഉപേക്ഷിച്ചിട്ട്  കിട്ടുന്ന ഒരു സുഖവും എനിയ്ക്ക് വേണ്ട. ഞാന്‍ നോക്കി ക്കോളാം. ജോലി വേണ്ടെന്നു വെയ്ക്കാം. ചന്ദ്രേട്ടന്റെ സുഖങ്ങള്‍ക്കൊന്നും ഒരു തടസ്സവും വരില്ല. ഇനി എന്റെ കാലം കഴിഞ്ഞാല്‍  ഇവള്‍ക്കിനിയുണ്ടാകുന്ന അനിയനോ അനിയത്തിയോ ഇവളെ നോക്കിക്കോളും".  ഞാന്‍ അറുത്തു മുറിച്ചു തന്നെ പറഞ്ഞു.

അച്ഛനും അമ്മയും ചന്ദ്രേട്ടന്റെ പക്ഷത്തായിരുന്നു. “ഇനി പാലും കൊടുത്ത്  കുഞ്ഞിനേം പരിപാലിച്ചു കുറച്ചു കഴിയുമ്പോള്‍ ഈ അറ്റാച്ച്മെന്റ്  കൂടുകയേയുള്ളൂ. പിന്നെ അവളൊട്ടും സമ്മതിയ്ക്കില്ല. അവളുടെ അനുവാദ ത്തിനൊന്നും ഇനി കാത്തുനില്‍ക്കേണ്ടതില്ല” എന്ന് അച്ഛനോട്  ചന്ദ്രേട്ടന്‍  പറയുന്നത് ഞാന്‍ കേട്ടു. ഒന്നു റങ്ങാന്‍ കൂടി എനിയ്ക്ക് പേടിയായിരുന്നു. ആ സമയത്ത്  കുഞ്ഞിനെ ആരെങ്കിലും എടുത്തു കൊണ്ടുപോയാ ലോ എന്നോര്‍ത്ത്.

അച്ഛനും ചന്ദ്രേട്ടനും നിര്‍ബ്ബന്ധിച്ചിട്ടാകണം അമ്മയും പറഞ്ഞു. “ജാനീ, നീയവര് പറയുന്നത് കേള്‍ക്ക്. അമ്മ എപ്പോഴെങ്കിലും അച്ഛന്‍ പറയുന്നതിന് എതിര് നില്‍ക്കുന്നത് നീ കണ്ടിട്ടുണ്ടോ? ചന്ദ്രന്‍ വല്ലാത്ത ദേഷ്യത്തി ലാണ്. വെറുതെ അവനെ വാശി പിടിപ്പിയ്ക്കേണ്ട. വിവാഹമോചനത്തെപ്പറ്റിയൊക്കെ പറയുന്നത് കേട്ടു . അവന്‍ പറയുന്നതിലും ശരിയുണ്ട് ”.

“എന്ത് ശരി?” എനിയ്ക്ക് ദേഷ്യമടക്കാന്‍ പറ്റിയില്ല. “ ഞാനിങ്ങനെയൊരു കുട്ടിയായിരുന്നെങ്കില്‍ നിങ്ങളെന്തു ചെയ്യുമായിരുന്നു? അല്ലെങ്കില്‍ എന്തെങ്കിലും അസുഖം വന്നാല്‍, കിടപ്പിലായിപ്പോയാല്‍  നിങ്ങളെന്നെ എവിടെയെങ്കിലും കുറെ കാശും കൊടുത്ത്  ഉപേക്ഷിയ്ക്കുമോ?” അമ്മയ്ക്ക് മറുപടിയില്ലായിരുന്നു. ആ മൌനം തന്നെയായിരുന്നു എന്റെ നിലപാടും. ചന്ദ്രേട്ടന്‍  സ്വന്തം തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്തു.

“ധിക്കാരി, സ്ത്രീകളായാല്‍ ഭര്‍ത്താവിനെ അനുസരിച്ചു നില്‍ക്കണം. നല്ലൊരു ബന്ധമുണ്ടായിരുന്നത് പോയി ക്കിട്ടിയില്ലേ .ഇനി ഒറ്റയ്ക്ക് ജീവിയ്ക്കട്ടെ , ഈ വികല ജന്മത്തെയും കൊണ്ട്. എനിയ്ക്കിനി യാതൊരുത്തരവാദി ത്തവും ഏറ്റെടുക്കാന്‍ വയ്യ".അച്ഛന്‍ ശകാരിച്ചു കൊണ്ട് മടിച്ചു നിന്ന അമ്മയെ നിര്‍ബ്ബന്ധിച്ച് കൂടെക്കൂട്ടി നാട്ടിലേയ്ക്ക് തിരിച്ചു പോയി.

കുമാരേട്ടനാണ്  സഹായത്തിനെത്തിയത്. നാട്ടില്‍ കൃഷിയുടെ നോക്കി നടത്തിപ്പുകാരനായിരുന്നു. ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്ന കാലത്താണ് കുമാരേട്ടന്‍ അവിടെ വന്നത്. കുമാരേട്ടനും ഓമനച്ചേച്ചിയ്ക്കും മക്കളുണ്ടായിരുന്നില്ല. അച്ഛന്‍ വീട്ടിലില്ലാത്ത സമയത്തൊക്കെ ഇവരുടെ കൂടെയായിരുന്നു ഞാന്‍. കുമാരേ ട്ടന്റെ തോലിളിരുന്നാണ് ഞാന്‍ പാടവും പറമ്പുമൊക്കെ ചുറ്റിനടന്നു കണ്ടിരുന്നത്. ധാരാളം കഥകളും പറ ഞ്ഞു തരുമായിരുന്നു. കഴിഞ്ഞ വര്‍ഷം അച്ഛന്‍  പാടവും പറമ്പുമൊക്കെ വിറ്റതോടെ കുമാരേട്ടന് പണിയി ല്ലാതായി. അല്ലെങ്കിലും ഓമനച്ചേച്ചി മരിച്ചേപ്പിന്നെ കുമാരേട്ടന്‍ ആകെ ഒതുങ്ങിക്കൂടിയിരിയ്ക്കുകയായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ കുമാരേട്ടന്‍ അമ്മയോട് പറഞ്ഞു, “ ഞാന്‍ പൊയ്ക്കോളാം ജാനൂട്ടിയുടെ വീട്ടിലേയ്ക്ക്. കുട്ട്യേ അങ്ങനെ ഒറ്റയ്ക്കാക്ക്യാ പറ്റില്ല്യലോ. ഞാനുണ്ടാവും അവിടെ, ഒരു കാവല്ക്കാരനായിട്ട് ”- എനിയ്ക്കെന്തൊരാശ്വാസമായെന്നോ!

ലീവ് കഴിഞ്ഞതോടെ ഞാന്‍ വീണ്ടും ജോലിയ്ക്ക് പോയിത്തിടങ്ങി. പ്രൈവറ്റ് കമ്പനിയല്ലേ. അധികം  അഡ്‌ജ സ്റ്റ്മെന്റൊന്നും അവിടെ നടക്കില്ല. കുഞ്ഞിനെ നോക്കാന്‍ ഹോംനേഴ്സുമാരെ മാറി മാറി നിയമിയ്ക്കേണ്ടി വന്നു. വന്നവരൊക്കെ കുറച്ചു ദിവസങ്ങള്‍, ഏറി വന്നാല്‍ കുറച്ചു മാസങ്ങള്‍  നിന്ന്  ഓരോ പരാതിയും പറഞ്ഞ്  തിരിച്ചു പോകും. അഭിരാമി, എന്റെ ആമിക്കുട്ടി  തന്റെ ചുറ്റും തന്നെ അനാവശ്യമായി കാണുന്ന ഒരുപാടാളു കളെ തിരിച്ചറിയാതെ ചിണുങ്ങലും ചിരിയുമായങ്ങനെ ഓടിനടന്നു. എന്നെ കഴിഞ്ഞാല്‍ അവളാകെ തിരിച്ചറിഞ്ഞിരുന്നത്  കുമാരേട്ടനെ മാത്രമായിരുന്നു. ഓരോ വാക്കും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു കൊടുത്താല്‍ അതിലെ ഒരക്ഷരം മാത്രം അവള്‍ മനസ്സിലാക്കും.  കുമാരേട്ടനെ കണ്ടാല്‍  അവള്‍  “ശ്ശാ ” എന്ന് വിളിയ്ക്കും. കുമാരേട്ടന്‍ അവള്‍ക്ക് സ്വയം പരിചയപ്പെടുത്തിക്കൊടുത്തത്  മുത്തശ്ശനെന്നാണ് .

സ്വന്തമായൊരു മുത്തശ്ശനും, മുത്തശ്ശിയും കുറച്ചകലത്ത് , അവര്‍ തന്നെ സൃഷ്ടിച്ച വലിയ ദൂരത്തിനപ്പുറത്തു ണ്ടെന്ന്  അവള്‍ക്കറിയില്ലല്ലോ. എന്നും ഞാന്‍ ഓഫീസില്‍  നിന്നു വരുമ്പോള്‍  കുമാരേട്ടന്‍ അവളെ തോ ളിലേറ്റി പൂന്തോട്ടത്തിലൂടെ നടക്കുകയാവും. വീടിനു മുന്നില്‍ നല്ലൊരു പൂന്തോട്ടവും, പിറകിലൊരു പച്ചക്ക റിത്തോട്ടവും അതിനുമപ്പുറത്ത്  നല്ലൊരു പറമ്പും കണ്ടപ്പോഴേ കുമാരേട്ടന് സന്തോഷമായിരുന്നു. “എനിയ്ക്ക്  വെറുതെയിരുന്നു മടുക്കേണ്ട കാര്യമില്ലല്ലോ” എന്നൊരാശ്വാസത്തോടെ പറഞ്ഞു.

ചന്ദ്രേട്ടന്‍ പോയതോടെ ഞാന്‍ തോട്ടക്കാരനെ പറഞ്ഞയച്ചിരുന്നു. ഒറ്റയ്ക്ക് കഴിയുമ്പോള്‍ അത്രയ്ക്ക് പരിച യമില്ലാത്ത ഒരു ചെറുപ്പക്കാരനെ വീട്ടില്‍ നിര്‍ത്താന്‍  എനിയ്ക്ക്  ധൈര്യമുണ്ടായില്ല. പൂച്ചെടികളെ പരിപാലി യ്ക്കാന്‍ അത്രയ്ക്കറിയില്ലെങ്കിലും കുമാരേട്ടന്‍ കുഞ്ഞിനെ നോക്കും പോലെ എല്ലാം വളരെ സന്തോഷത്തോടെ ചെയ്തു. ഇടയ്ക്ക് പറയും “കുട്ട്യേ, ചെടികള്‍ക്കൊക്കെ വല്ലാതെ കേടു പറ്റ് ണ് ണ്ട്ട്ടോ. വെണ്ടേലാകെ പുഴുക്കേ ടാ. ആ വാഴത്തൈകളിലൊക്കെണ്ട് പുഴുക്കേട് . എലയോക്കെ കണ്ടില്ലേ ചുരുണ്ട്  നിക്കണ്. ഇത്തിരി കീടനാശിനി വാങ്ങാമായിരുന്നു”. കീടനാശിനിയുടെ കുപ്പികളൊക്കെ കുമാരേട്ടന്‍ സൂക്ഷിച്ചു വെച്ചോളും.

എന്നാലും എനിയ്ക്ക് പേടിയായിരുന്നു, ആമിക്കുട്ടിയെങ്ങാനും എടുത്താലോ എന്ന്. കുറച്ചു വലുതായപ്പോള്‍  ആമിക്കുട്ടിയെ കൂടെ കൊണ്ടുപോയി  ക്രഷിലിരുത്താമെന്നു തീരുമാനിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാനേജര്‍  വിളിച്ചു. “ജോലിക്കാര്‍ക്കൊക്കെ പരാതി. മറ്റു കുട്ടികളുടെ കൂടെയിരുത്തി അഭിരാമിയെ നോക്കാന്‍ ബുദ്ധിമുട്ടാണെന്നാണവര്‍ പറയുന്നത്. ടോയ് ലെറ്റ്‌  ട്രെയ്നിങ്ങൊന്നും ഈ കുട്ടിയ്ക്ക് കൊടുക്കാന്‍ പറ്റില്ലല്ലോ. ഇത്തരം കുട്ടികളെ നോക്കാനുള്ള ട്രെയ്നിങ് കിട്ടിയവരല്ലല്ലോ അവര്‍. കുറ്റം പറയാനും കഴിയില്ല. മാഡത്തി ന്റെ  ബുദ്ധിമുട്ട്  അറിയാഞ്ഞിട്ടല്ല. കുട്ടിയെ ക്രഷിലിരുത്താന്‍ കഴിയില്ല. വിഷമമൊന്നും വിചാരിയ്ക്കരുത് ”   എന്ന്  അയാള്‍ അറുത്തു മുറിച്ചു പറഞ്ഞു.

മറ്റു കുട്ടികളുടെ കളിയും ചിരിയും ബഹളവുമൊക്കെയായി ആ രണ്ടു ദിവസം അവള്‍ക്കു നല്ല സന്തോഷമാ യിരുന്നു. പക്ഷേ നിവൃത്തിയില്ലല്ലോ. കുഞ്ഞിനെ നോക്കാന്‍ ജോലിക്കാരിയെ അന്വേഷിച്ച്  അവസാനം ഒരു സ്ത്രീയെ കിട്ടി. അമ്പതു വയസ്സോളമായിക്കാണും. ഒരു തനി നാട്ടുമ്പുറത്തുകാരി. യാതൊരൌചിത്യവു മില്ലാതെ സംസാരിയ്ക്കുമെന്നല്ലാതെ മറ്റു കുഴപ്പമൊന്നുമില്ല. കുട്ടിയെ കണ്ടപ്പോള്‍ തന്നെ “അയ്യേ, ഈ കുട്ടി യെന്താ ഇങ്ങനെ ” എന്നൊരു ചോദ്യമായിരുന്നു. അവളുടെ, അസുഖമെന്താണെന്ന്  പറഞ്ഞു മനസ്സിലാ ക്കിക്കൊടുത്തു. പ്രത്യേകിച്ച്  ട്രെയ്നിങ്ങൊന്നും ഇല്ലെങ്കിലും കല്യാണിയമ്മ അവളുമായി  പെട്ടെന്നടുത്തു. കല്യാണിയമ്മമ്മ എന്ന് പറഞ്ഞു കൊടുത്തപ്പോള്‍  അവള്‍ വിളിച്ചത്  ‘ണി ’എന്ന് . പുറത്ത് കുമാരേട്ടനും അകത്ത് കല്യാണിയമ്മയും ഉള്ളപ്പോള്‍  എനിയ്ക്ക്  ഒരു കാര്യത്തിനും പേടിയ്ക്കേണ്ടി വന്നില്ല. ഞാന്‍ ഓഫീ സില്‍ നിന്ന് വരുവോളം ആമിക്കുട്ടി രണ്ടുപേരുടെയും കൂടെ കളിച്ചങ്ങനെ സമയം കഴിയ്ക്കും. പക്ഷേ എ ന്നെക്കണ്ടാല്‍ അവളുടെ മട്ടു മാറും. ‘ മ്മ’ എന്ന് വിളിച്ച് ഓടിവന്നു എന്റെ കാലുകളില്‍  കെട്ടിപ്പിടിച്ച്  മുഖം ചേര്‍ത്തങ്ങനെ നില്‍ക്കും. പിന്നെ മുഴുവന്‍ സമയവും ഞാന്‍ കൂടെ വേണം. ഒരു മിനിറ്റ്  കണ്ടില്ലെങ്കില്‍  കരഞ്ഞ് ബഹളമാക്കും.

ഞാന്‍ അവള്‍ക്കെപ്പോഴും കഥകള്‍  പറഞ്ഞു കൊടുക്കുമായിരുന്നു. ഉണ്ണികൃഷ്ണന്റെ കഥകള്‍. വല്ലതും മനസ്സി ലാകുന്നുണ്ടോ എന്നറിയില്ല, പക്ഷേ അവളത് നിശ്ശബ്ദയായി ശ്രദ്ധിച്ച് കേള്‍ക്കുമായിരുന്നു. എന്റെ വയറ്റില്‍ മുഖം ചേര്‍ത്ത് കിടന്നുകൊണ്ടാണ്  കഥ കേള്‍ക്കല്‍.

കഥ കഴിഞ്ഞാല്‍ പതുക്കെ എന്റെ മേലെ കയറിക്കിടക്കും. മാറത്ത് മുഖം ചേര്‍ത്ത് ശബ്ദമുണ്ടാക്കി ചിരിയ്ക്കും. പാല്  വേണമെന്ന സൂചനയാണത്. ഒരിയ്ക്കല്‍ ശാലിനി എന്നോടു പറയുക തന്നെ ചെയ്തു. “നീയെന്താ ജാന കീ ചെയ്യുന്നത്. ഇനിയും നിര്‍ത്താറായില്ലേ? ആമിക്കുട്ടിയ്ക്ക് വയസ്സ് നാലായില്ലേ? ഇനിയും ഫീഡ് ചെയ്യേണ്ട ആവശ്യമുണ്ടോ?”

"നാല് വയസ്സായ നോര്‍മലായ കുട്ടികള്‍  സ്കൂളില്‍ പോയിത്തുടങ്ങും. കൂട്ടുകാരൊക്കെയായി അവരുടെ ലോകം വലുതാകും. ആമിക്കുട്ടിയ്ക്ക് ഇതൊന്നും പ്രതീക്ഷിയ്ക്കാനില്ലല്ലോ. അവളുടെ  ലോകം ഞാനാണ്. അവളിപ്പോഴും എന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ്  ”

എന്ന് ഞാന്‍ പറഞ്ഞപ്പോള്‍  പിന്നെ അവളൊന്നും മിണ്ടിയില്ല. കുട്ടിക്കാലം തൊട്ടേയുള്ള സൌഹൃദമായി രുന്നു ഞങ്ങളുടേത്. ഓഫീസില്‍ പലരും വല്ലാത്ത തന്റേടം തന്നെ, ഭര്‍ത്താവിനെ ഉപേക്ഷിയ്ക്കണമെങ്കില്‍ എത്ര ധൈര്യമുണ്ടാകണം, അച്ഛനെയും അമ്മയേയും വേദനിപ്പിച്ചവള്‍, കാണാം അവരില്ലാതെയാകുമ്പോള്‍ എന്താകും അവസ്ഥയെന്ന്, അഹങ്കാരം ഇത്രയ്ക്ക് നന്നല്ല എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോള്‍ എന്റെ പക്ഷത്ത് നിന്നതും സംസാരിച്ചതും ശാലിനിയായിരുന്നു. കുററമാരോപിച്ചവരാരും എല്ലാവരുമുണ്ടാ യിട്ടും അനാഥത്വമേല്‍ക്കേണ്ടിവന്ന എന്റെ മനസ്സിനെപ്പറ്റി ഒരിയ്ക്കലും ചിന്തിച്ചില്ല.

ആമിക്കുട്ടിയ്ക്ക് ഞാന്‍ നിറയെ മുത്തുകളുള്ള പാദസരം വാങ്ങിക്കൊടുത്തു. ആ കിലുക്കം കേട്ടപ്പോള്‍ അവള്‍ ക്കു എന്ത് സന്തോഷമായിരുന്നു. അവളെല്ലായിടത്തും ഓടിനടന്നു. എവിടെയെങ്കിലും ഒറ്റയ്ക്ക് പോയി നിന്നാ ലും ഒന്നനങ്ങിയാല്‍ അറിയാമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്യാണിയമ്മ ചിരിച്ചുകൊണ്ട്  സമ്മതി ച്ചു. കുമാരേട്ടനൊന്നും പറഞ്ഞില്ലെങ്കിലും ചിരിച്ചില്ല. എന്റെ സത്യം കുമാരേട്ടന് കൂടുതല്‍ അറിയാമല്ലോ. ഉറങ്ങിക്കിടക്കുന്ന ആമിക്കുട്ടിയുടെ മുഖത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോള്‍ ഞാന്‍ വെറുതെയൊന്നു ശ്രദ്ധിച്ചു. ആരുടെ ഛായയാണ്, എന്റെയോ ചന്ദ്രേട്ടന്റെയോ. ഉന്തിയ നെറ്റി, തീരെ കട്ടിയില്ലാത്ത വരണ്ട മുടിയിഴ കള്‍ , ചീര്‍ത്ത കവിളുകള്‍, ഉന്തി നില്‍ക്കുന്ന വലിയ പല്ലുകള്‍ – സൌന്ദര്യത്തിന്റെ ഒരംശം പോലും കാ ണാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ എന്നെത്തന്നെ ശാസിച്ചു. അമ്മ തന്നെ ഇങ്ങനെ ചിന്തിച്ചാല്‍ മറ്റുള്ളവരുടെ മനോഭാവം എന്താകും?

ശാലിനിയുടെ ഇളയ മകളുടെ പിറന്നാളാഘോഷത്തിന് ക്ഷണിച്ചപ്പോള്‍  ഞാന്‍ വരില്ലെന്ന് പറഞ്ഞു. പക്ഷേ അവള്‍ സമ്മതിച്ചില്ല. “അത് പറ്റില്ല. നീ വരാതിരുന്നാലെങ്ങനെയാ? മോള്‍ക്കും വിഷമമാവും. നീ ആമിക്കുട്ടിയെയും കൂട്ടി വാ .അവള്‍ക്കൊരു ചെയ്ഞ്ച് ആവട്ടെ”. അവളുടെ നിര്‍ബ്ബന്ധം കേട്ടപ്പോള്‍ ശരി യാണെന്ന് തോന്നി. ബലൂണുകളും, പാട്ടുമൊക്കെ കേട്ടപ്പോള്‍ മോള്‍ക്ക് വലിയ സന്തോഷമായി. വീട് നിറയെ ആള്‍ക്കാര്‍, നിറയെ കുട്ടികള്‍ ഗാര്‍ഡനില്‍ കളിച്ചുകൊണ്ടിരിയ്ക്കുന്നു. മോളേയും എടുത്തുകൊണ്ടു അവിടെ പോയി നിന്നപ്പോള്‍ ശാലിനി പറഞ്ഞു, “ നീ മോളേം പിടിച്ചോണ്ടിങ്ങനെ നിക്കാതെ എന്റെ കൂടെ വാ, അവള്‍ അവരുടെ കൂടെ കളിയ്ക്കട്ടെ”.  ശാലിനിയോടൊപ്പം ബാല്‍ക്കണിയില്‍ കൂട്ടുകാരോടൊക്കെ സം സാരിച്ചുകൊണ്ട്  നില്‍ക്കുമ്പോഴാണ്  കണ്ണില്‍ പെട്ടത്. ആമിക്കുട്ടി പാട്ടിനനുസരിച്ച്  ഡാന്‍സ്‌  ചെയ്യുന്നു, ഉറക്കെ ചിരിച്ചുകൊണ്ട്  എന്തൊക്കെയോ കാണിയ്ക്കുന്നു. ചുറ്റും നില്‍ക്കുന്ന കുട്ടികള്‍ കളിയാക്കിക്കൊണ്ട്  ആര്‍ത്തുചിരിയ്ക്കുന്നു. അവളുടെ കോമാളി കണ്ട്  മുതിര്‍ന്നവരുടെ മുഖത്തുപോലും ഒരു പരിഹാസച്ചിരിയുണ്ട്. വേഗം താഴെ ചെന്ന് അവളെയെടുത്ത്  അകത്തേയ്ക്ക് കൊണ്ടുവന്നു. ശാലിനി കുറ്റബോധത്തോടെ സമാധാ നിപ്പിയ്ക്കാന്‍ പലതും പറഞ്ഞു കൊണ്ടിരുന്നു. അങ്ങോട്ടുമിങ്ങോട്ടും സമാധാനിപ്പിച്ച് ഒടുവില്‍ ആരും കാണാ തെ പിന്‍വാതിലിലൂടെയാണ്  അന്നിറങ്ങിപ്പോന്നത്. ആമിക്കുട്ടി ഗാര്‍ഡനു നേരെ വിരല്‍ ചൂണ്ടി വാശി പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു. അന്ന് തീര്‍ച്ചയാക്കി ഇനി ഒരിയ്ക്കലും ആര്‍ക്കും പരിഹസിയ്ക്കാന്‍ പാകത്തി നൊരു പ്രദര്‍ശനവസ്തുവാക്കില്ല അവളെയെന്ന്. ശാലിനിയുടേയും രാജീവിന്റേയും  കല്യാണത്തിനു ഞാനും ചന്ദ്രേട്ടനും ഒരുമിച്ചായിരുന്നു പോയത്. രാജീവ് കോളേജില്‍ ഞങ്ങളുടെ സീനിയര്‍ ആയിരുന്നു. ചന്ദ്രേട്ട ന്റെ ഒരകന്ന ബന്ധുവും. “നിങ്ങള്‍ടെ ഗ്ലാമര്‍  കാരണം ഞങ്ങള്‍  പാവം വധൂവരന്മാരെ ആരും ശ്രദ്ധിച്ചതു പോലുമില്ല” എന്ന്  ശാലിനി അന്ന്  ഞങ്ങളെ കളിയാക്കിയിരുന്നു.

ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്ന് വരികയായിരുന്നു. വീടടുക്കാറായപ്പോഴാണ് കണ്ടത്, ഗെയ്റ്റിനടുത്തു നിന്ന് കല്യാണിയമ്മ ഏതോ മൂന്നു ചെറുപ്പക്കാരോടു സംസാരിയ്ക്കുകയാണ്. അവരെന്തോക്കെയോ പറഞ്ഞു  ചിരിയ്ക്കുന്നു. ആമിക്കുട്ടി അവരുടെ കൈയിലാണ്. അവരവളെ തലോടുകയും ഉമ്മവെയ്ക്കുകയുമൊക്കെ ചെ യ്യുന്നു. അവള്‍ ഉറക്കെ ബഹളം വെച്ച്  കുതറിയിറങ്ങാന്‍ ശ്രമിയ്ക്കുകയാണ്. പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ അവളെന്റെ നേര്‍ക്ക്‌ കൈ നീട്ടി കരഞ്ഞു. കല്യാണിയമ്മ മോളെ വാങ്ങിക്കൊണ്ട്  അവരോടെന്തോ പറ ഞ്ഞു. ഞാന്‍ അടുത്തെത്തിയപ്പോഴേയ്ക്കും അവര്‍ ബൈക്കില്‍ കയറി പോയി.

“ആരാ കല്യാണിയമ്മേ അവര് ”  നീരസം കൊണ്ടായിരിയ്ക്കാം എന്റെ അന്വേഷണത്തിന് ഒരു ചോദ്യം ചെയ്യലിന്റെ ഭാവമുണ്ടായിപ്പോയത്.

“എനിയ്ക്കറിഞ്ഞൂടാ .അവരൊരാള്‍ടെ വീടന്വേഷിച്ചതാ”

“ വീടന്വേഷിയ്ക്കാന്‍ ഇത്ര സംസാരിയ്ക്ക്യേം ചിരിയ്ക്ക്യേമൊക്കെ വേണോ” ഞാനറിയാതെത്തന്നെ എന്റെ ശബ്ദമുയര്‍ന്നു.

“ ചെറ്യേ  കുട്ടികളെ കണ്ടാല്‍ മനുഷ്യര്  എടുക്ക്വേം കൊഞ്ചിയ്ക്ക്യേം  ഒക്കെ ചെയ്തൂന്നിരിയ്ക്കും. കുട്ട്യെന്തിനാ  ങ്ങനെ ദേഷ്യപ്പെടണ് ”  കല്യാണിയമ്മയ്ക്ക് എന്റെ ചോദ്യം  തീരെ ഇഷ്ടപ്പെട്ടില്ല.

അത്ര കൊഞ്ചിയ്ക്കാന്‍ തോന്നാന്‍ മാത്രം ഓമനത്തമുള്ള കുട്ടിയൊന്നുമല്ലല്ലോ അവള്‍ എന്ന് മനസ്സിലുയര്‍ന്ന ചോദ്യം ഞാന്‍ ചോദിച്ചില്ല. അവര്‍ ദേഷ്യപ്പെട്ടു പോയാല്‍ ആമിക്കുട്ടിയെ നോക്കാന്‍ ആളില്ലാതെയാകും എന്നത് കൊണ്ട് ഞാന്‍ സ്വയം നിയന്ത്രിച്ചു.

ആ സമയം കുമാരേട്ടന്‍ തൊടിയിലെന്തെങ്കിലും ചെയ്യുകയാണ് പതിവ്. ഇനി മുതല്‍ ഞാനെത്തിയ ശേഷം മതി  തൊടിയിലെ പണികളെന്നും, ഉമ്മറത്തേയ്ക്ക് എപ്പോഴുമൊരു ശ്രദ്ധ വേണമെന്നും ഞാന്‍ കല്യാണിയ മ്മ കേള്‍ക്കാതെ കുമാരേട്ടനോടു പറഞ്ഞു വെച്ചു.

"അവരൊരു നാട്ടുമ്പുറത്തുകാരിയല്ലേ ജാനകീ , നമ്മളെപ്പോലെ ഒന്നോ രണ്ടോ വാക്കില്‍ സംസാരിയ്ക്കാനും ഗൌരവം നടിയ്ക്കാനുമൊന്നും അവരെക്കൊണ്ടു സാധിയ്ക്കില്ല. നീ വെറുതെ ഓരോന്നാലോചിച്ചുണ്ടാക്കല്ലേ" എന്ന് ശാലിനി സമാധാനിപ്പിച്ചു.

ശരിയായിരിയ്ക്കാം, പക്ഷേ … നാട്ടിന്‍പുറത്ത് തന്നെയാണ് ഞാനും വളര്‍ന്നത്. എങ്കിലും ആരോടുമടുക്കാന്‍ അച്ഛന്‍ എന്നെ സമ്മതിച്ചിരുന്നില്ല. അച്ഛന്റെ കണ്ണ് വെട്ടിച്ചാണ് ഞാന്‍ കുമാരേട്ടന്റെ കൂടെ കളിച്ചിരുന്നത്. വലുതായ ശേഷവും ഞാന്‍ മാങ്ങയും പേരയ്ക്കയുമൊക്കെ പറിച്ചു തരണമെന്ന് പറഞ്ഞു കൊണ്ട് ഞാന്‍ കുമാ രേട്ടന്റെ കൂടെ തൊടിയിലാകെ ചുറ്റിക്കറങ്ങുമായിരുന്നു. എപ്പോഴെങ്കിലും കണ്ണില്‍ പെടുമ്പോള്‍ അച്ഛന്‍ നല്ല ചീത്ത പറയും. ഒരിയ്ക്കല്‍ അമ്മയെ ശാസിയ്ക്കുന്നത് കേട്ടു, “അമ്മമാരാണിതൊക്കെ ശ്രദ്ധിയ്ക്കേണ്ടതും പറഞ്ഞു കൊടുക്കേണ്ടതും. പെണ്‍കുട്ടികളായാല്‍  സ്വന്തം അച്ഛന്‍റടുത്തായാലും ഒരു പരിധി വിട്ടേ നിക്കാവൂ”. അന്നെനിയ്ക്ക് വല്ലാത്ത അതൃപ്തി തോന്നി.

പക്ഷേ ഇന്ന് പലതും കേള്‍ക്കുമ്പോള്‍ …

കുമാരേട്ടന്‍! അരുതെന്നെത്ര സ്വയം വിലക്കിയിട്ടും ഞാന്‍ കുമാരേട്ടനെയും പേടിച്ചു തുടങ്ങി. കുമാരേട്ടന്‍ ആമിക്കുട്ടിയെ എടുത്ത് കഴുത്തിലും തലയിലുമൊക്കെ ഇരുത്തി കളിപ്പിയ്ക്കുമ്പോഴും ഉമ്മ വെയ്ക്കുമ്പോഴും തോ ളില്‍ കിടത്തി ഉറക്കുമ്പോഴുമൊക്കെ അരുതെന്ന് പറയാന്‍ തോന്നിപ്പോയി. ഞാന്‍ എപ്പോഴും കല്യാണിയ മ്മയോടു പറഞ്ഞുകൊണ്ടിരുന്നു. “കുട്ടിയെ ഉടുപ്പിടീയ്ക്കാതെ നടത്തരുതെന്ന് ഞാന്‍ ഇപ്പോഴും പറയാറില്ലേ അകത്ത്  ബാത്ത്റൂമില്‍ കുളിപ്പിച്ചാ മതി. പുറത്തെ ടാപ്പിന്‍റടുത്ത് വെച്ചു വേണ്ട”. ആമിക്കുട്ടിയ്ക്ക് ഓസില്‍ നിന്ന് വെള്ളമൊഴിച്ച്  കളിച്ചു കൊണ്ട് കുളിയ്ക്കാനിഷ്ടമായിരുന്നു. അവളുടെ വാശിയാണ് കാരണമെന്ന് എനിയ്ക്കറിയാഞ്ഞിട്ടല്ല.

“ഈ കുട്ടിയ്ക്കെന്തിന്റെ സൂക്കടാ. അത് ചെറ്യേ കുട്ട്യല്ലേ? പറയണ കേട്ടാ ഇതെന്തോ വല്യ പെണ്‍ കിടാവാ ന്നു തോന്നൂലോ?” എന്ന് കല്യാണിയമ്മ നീരസം പ്രകടിപ്പിച്ചു .

ഓഫീസ് വിട്ടു വീട്ടിലെത്തിയാല്‍ ഞാന്‍ ആമിക്കുട്ടിയെ എടുത്ത്  മുറിയില്‍ പോയി വാതിലടച്ച്  ശരീരമാകെ പരിശോധിയ്ക്കാന്‍ തുടങ്ങി. പോറലുകളോ മുറിവുകളോ ഉണ്ടോ എന്ന്. എനിയ്ക്ക് സമാധാനമായൊന്നുറങ്ങാന്‍ പോലും കഴിയാതെയായി.

ഒരു ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്താണ്  ശാലിനി  "എന്താ നിനക്ക് പറ്റിയത് ? കുറെ ദിവസമായി ഞാന്‍ ശ്രദ്ധിയ്ക്കുന്നു. എന്താ ഇത്ര ക്ഷീണം" എന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാനാകാതെ ഞാന്‍ കരഞ്ഞു പോയി. കാര്യമന്വേഷിച്ചു വന്നവരെ ശാലിനി ഒരുവിധം സമാധാനിപ്പിച്ചു പറഞ്ഞയച്ചു. പ്രശ്നങ്ങളൊക്കെ ഞാന്‍ വിസ്തരിച്ചു പറഞ്ഞപ്പോള്‍ അവള്‍ എന്നെ ശാസിയ്ക്കുകയാണ് ചെയ്തത്. “കുമാരേട്ടനെ അവിശ്വസിയ്ക്കു ന്നത് മഹാപാപമാണ് ജാനകീ ” എന്നവള്‍ പറഞ്ഞിട്ടും എനിയ്ക്ക് സമാധാനിയ്ക്കാനായില്ല.

“രക്തബന്ധമൊന്നുമല്ലല്ലോ”  എന്ന് ഞാന്‍ വീണ്ടും ആശങ്ക കാണിച്ചപ്പോള്‍ “രക്തബന്ധത്തിലുള്ളവര്‍  നിന്നോടെന്താ ചെയ്തത് ” എന്നവള്‍ എനിയ്ക്ക് ഉത്തരമില്ലാത്ത മറുചോദ്യം തന്നു.

“നിന്റെ പ്രശ്നം ഇന്‍ സെക്യൂരിറ്റിയാണ്. അതാണ്‌ മനസ്സിലിത്ര പേടിയും ആശങ്കയും. ജാനകി, ഇപ്പോള്‍ നി ന്നോടൊരു കാര്യം ഞാന്‍ പറയട്ടെ. ഞാനും കൂടി പറഞ്ഞാല്‍ നീയാകെ തകര്‍ന്നു പോകുമെന്ന് തോന്നി യതുകൊണ്ട് മുമ്പ് പറഞ്ഞില്ലെന്നേയുള്ളൂ. ഇപ്പോള്‍ നാല് വയസ്സ് വരെ നീ ആമിക്കുട്ടിയെ നോക്കിയില്ലേ. നീ കോണ്‍ഫിഡന്റ് ആണോ ഇനിയുമവളെ വളര്‍ത്താന്‍ കഴിയുമെന്ന്? അന്ന് ചന്ദ്രേട്ടന്‍ പറഞ്ഞത് തന്നെ യല്ലേ ശരി? ചന്ദ്രേട്ടന്‍ സെല്‍ഫിഷ്  ആയിരിയ്ക്കാം, ആഡമെന്റ്  ആയിരിയ്ക്കാം. ഒരുപക്ഷേ ചന്ദ്രേട്ടന്‍ കൂടെ നിന്നിരുന്നെങ്കില്‍  ഇത്ര മന:പ്രയാസങ്ങളില്ലാതെ നിനക്ക് മോളെ വളര്‍ത്താനായേയ്ക്കാം. അപ്പോഴും പ്രശ്ന ങ്ങള്‍  തീരുന്നില്ലല്ലോ. ഒരമ്മയുടെ സങ്കടം നിന്നെപ്പോലെ എനിയ്ക്കും മനസ്സിലാകുന്നതല്ലേ. ചന്ദ്രേട്ടന്‍ പറ ഞ്ഞ കാര്യം നീ വീണ്ടുമൊന്നാലോചിച്ചു നോക്ക്. ഒരിയ്ക്കല്‍ മുറിച്ചു മാറ്റിയതാണെങ്കിലും ആ ബന്ധം വീണ്ടും കൂട്ടിക്കെട്ടാനാകും. നീ തീരുമാനം പറ. ഞാനും രാജീവും കൂടെ പോയി ചന്ദ്രേട്ടനെ കണ്ടു സംസാരിയ്ക്കാം”. ശാലിനി പറഞ്ഞു നിര്‍ത്തിയപ്പോള്‍  അവളുടെ സമാധാനത്തിനു വേണ്ടി വെറുതെ തലയാട്ടിയെങ്കിലും അവശേഷിച്ച ഒരു കണ്ണി കൂടി അടര്‍ന്നുപോയ അനുഭവമാണ് അപ്പോഴുണ്ടായത്.

ജയിയ്ക്കില്ലെന്നുറപ്പുള്ള ഒരു പ്രശ്നമാണ് ഞാന്‍ ഏറ്റെടുത്തിരിയ്ക്കുന്നതെന്നൊരു പരാജയ ബോധത്തോടെ, ശാലിനിയുടെ ഉപദേശം സ്വീകരിയ്ക്കണോ എന്ന സംശയത്തോടെയാണ്  അന്ന് വീട്ടിലേയ്ക്ക് പോയത്. എന്നെ കണ്ടതും ആമിക്കുട്ടി കുമാരേട്ടന്റെ കൈയില്‍ നിന്നും കുതറിയിറങ്ങി ഓടിവന്നു കെട്ടിപ്പിടിച്ചപ്പോള്‍  അങ്ങനെ ഓര്‍ത്തുപോയല്ലോ എന്ന് കുറ്റബോധം തോന്നി. ഒന്നും ചെയ്യാന്‍ തോന്നിയില്ല. മോളേയും മടിയില്‍ വെച്ചു കൊണ്ട് അങ്ങനെയിരുന്നു.

“നേരം സന്ധ്യയായീലോ. മേല് കഴുകണ്ടേ അമ്മയ്ക്കും മോള്‍ക്കും”എന്ന് കല്യാണിയമ്മ ചോദിച്ചപ്പോഴാണ് നേരം പോയതോര്‍ത്തത്. കുളി കഴിഞ്ഞപ്പോള്‍ ആമിക്കുട്ടി പറഞ്ഞു “ഞ്ഞ” – അവളുടെ കഴിഞ്ഞ പിറന്നാ ളിന് വാങ്ങിയ മഞ്ഞ ഉടുപ്പ്, അവള്‍ക്കത് വലിയ ഇഷ്ടമാണ്. “ഇന്ന്  കല്യാണിയമ്മ മോള്‍ക്ക് ഭക്ഷണം കൊടുക്കൂ. എനിയ്ക്ക് വല്ലാത്ത തലവേദന. ഞാനൊന്ന് കിടക്കട്ടെ” എന്നു പറഞ്ഞ് ആമിക്കുട്ടിയെ അവരുടെ കൈയില്‍ കൊടുത്തയച്ചു.

നാളെ ശാലിനിയോടെന്തു പറയും? ആമിക്കുട്ടിയെ കൂടെ നിര്‍ത്താന്‍  ചന്ദ്രേട്ടന്‍ സമ്മതിയ്ക്കുമെന്ന്  ഇനി ഒട്ടും പ്രതീക്ഷിയ്ക്കാനാവില്ല.ഞാനൊരിയ്ക്കല്‍ തോറ്റുപോയതല്ലേ .ഇനി തീരുമാനങ്ങളെടുക്കാന്‍ ആരും സ്വാതന്ത്ര്യം തരില്ല . “കുട്ടി ഒന്നും കഴിയ്ക്ക്ണ് ല്യ. അമ്മേ കണ്ടാ പിന്നെ ആരേം ഈ കുട്ടി  സമ്മതിയ്ക്കില്യ ” എന്ന പരാതി യോടെ കല്യാണിയമ്മ വന്നു. “വേണ്ടെങ്കില്‍ നിര്‍ബ്ബന്ധിയ്ക്കണ്ട .വെശ്ക്കുമ്പോ കഴിച്ചോളും. കല്യാണിയമ്മ എനിയ്ക്കൊരു ഗ്ലാസ്‌ പാല് തരൂ” എന്ന് പറഞ്ഞപ്പോള്‍  അവര്‍ക്ക് കാര്യമറിയണം

“അതെന്താപ്പൊ പുത്യേ ശീലം, പതിവില്യാലോ?”  “ ഒന്നൂല്യ, രാത്രി ഒന്നും കഴിച്ചില്യലോ. കൊറച്ച്  പാല് കുടിയ്ക്കാംന്നു കരുതി” എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സമാധാനമായി. ആമിക്കുട്ടി കഥയ്ക്ക്‌ വാശി പിടിയ്ക്കാന്‍ തുടങ്ങി. അമ്മയ്ക്ക് വയ്യ, മോള് കളിച്ചോ എന്ന് പറഞ്ഞ്  ടെഡ്ഡി ബെയര്‍ എടുത്തു കൊടുത്തപ്പോള്‍ എന്തോ  പതിവില്ലാതെ അവള്‍ വാശിയില്ലാതെ കളിച്ചു തുടങ്ങി. ആരൊക്കെ കൂടെയുണ്ടായാലും എത്ര സുഖം കിട്ടി യാലും ഇവള്‍ കൂടെയില്ലാതെ ഞാന്‍ എങ്ങനെ സന്തോഷിയ്ക്കും? പിന്നെയും ചന്ദ്രേട്ടന് പരാതികള്‍ മാത്രമേ ഉണ്ടാവൂ. മോളെ കാണാനൊന്നും ചന്ദ്രേട്ടന്‍ സമ്മതിച്ചെന്നു വരില്ല.

വിശന്നിട്ടാകണം ആമിക്കുട്ടി കളി നിര്‍ത്തി അടുത്തു വന്നു. എന്റെ മാറില്‍ മുഖം ചേര്‍ത്ത് ചിരിച്ചു തുടങ്ങി. “അമ്മ എണീയ്ക്കട്ടെ, പാല് ഇപ്പൊ തരാട്ടോ” എന്ന് പറഞ്ഞപ്പോള്‍ സമാധാനമായ മട്ടില്‍  വീണ്ടും കളിയ്ക്കാന്‍ തുടങ്ങി. വയ്യ, ആമിക്കുട്ടിയെ ഒഴിവാക്കാന്‍ വയ്യ. ആരെന്തു പറഞ്ഞാലും. ഒരിയ്ക്കലെടുത്ത ഉറച്ച തീരുമാന ത്തിനിപ്പോഴെന്തിനാണൊരിളക്കം. എനിയ്ക്ക് എന്നോടു തന്നെ ദേഷ്യം തോന്നി.

"കൊറവുണ്ടോ കുട്ട്യേ” എന്ന് ചോദിച്ചു കൊണ്ട് കല്യാണിയമ്മ പെട്ടെന്ന് കടന്നു വന്നപ്പോള്‍ ഞെട്ടിപ്പോയി.

"ദെന്താ ഈ കുപ്പീല് ” എന്നവര്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ ചോദിച്ചപ്പോള്‍ വേഗം “ഇല്ലല്ലോ ഞാന്‍ മരുന്ന് കഴിയ്ക്കാന്‍ പോവ്വാണ്. നാളെ ഞാന്‍ ലീവാട്ടോ. എണീയ്ക്കാന്‍ വൈകും. വിളിയ്ക്കണ്ട” എന്നു പറഞ്ഞ് അവരെ ഒഴിവാക്കി വാതിലടച്ചു.

ഞാന്‍ ചെയ്യുന്നതൊന്നും ആമിക്കുട്ടി കാണുന്നില്ല. അവള്‍  ടെഡ്ഡി ബെയറിനെ കെട്ടിപ്പിടിച്ചും, ഉമ്മ വെച്ചും കാലിന്മേല്‍ കിടത്തി ഉറക്കാന്‍ നോക്കുകയാണ്. ഗ്ലാസ്സിലെ പാല് മുഴുവന്‍ കുടിച്ച ശേഷം ഞാന്‍ അവളെ യെടുത്ത്  മടിയില്‍ കിടത്തി. അവള്‍ ആര്‍ത്തിയോടെ പാല് കുടിയ്ക്കുകയാണ്. ഇടയ്ക്ക് ഇടം കണ്ണിട്ട് എന്നെ നോക്കി. തികച്ചും സ്വാഭാവികമായ ഒരു നോട്ടം !

ഇതുവരെ ഇങ്ങനെ നോക്കിയിട്ടില്ലല്ലോ എന്നെനിയ്ക്കു പേടി തോന്നി. അവളെ ഞാന്‍ മുറുകെ ചേര്‍ത്ത് പിടിച്ചു. അവളുടെ പാദസരം കിലുങ്ങിക്കൊണ്ടേയിരുന്നു…

കണ്ണന്‍ പിടി തരാതെ ഓടുകയാണ്. പിറകെ ഓടിച്ചെന്ന് പിടിച്ച് കെട്ടിപ്പുണരുന്ന യശോദ. മഞ്ഞപ്പട്ടിന്റെ തിളക്കത്തില്‍ കണ്ണ് മങ്ങിപ്പോകുന്നല്ലോ… മുഖത്ത് പീലിയുടെ മിനുസം…

ഇനി ഓടാന്‍ വയ്യ. കാലു നിലത്തുറയ്ക്കുന്നില്ല… അമ്മയോട് പാവം തോന്നി കണ്ണന്‍ ഓട്ടം നിര്‍ത്തി. ഇപ്പോള്‍ പാദസരങ്ങള്‍ കിലുങ്ങുന്നില്ല. കണ്ണനെ മടിയിലിരുത്തി ചേര്‍ത്തു പിടിച്ചപ്പോള്‍ ആകെ കാര്‍വര്‍ണ്ണം….

ഇനി പ്രതീക്ഷിയ്ക്കാന്‍ ഒന്നുമില്ല, ആരുമില്ല, നടന്നു തളര്‍ന്നു, കാല്‍ക്കീഴില്‍ ഭൂമി അകന്നു മാറും പോലെ…. ഓടക്കുഴലിന്റെ ശബ്ദം കേള്‍ക്കുന്നല്ലോ….

ആരാണെന്റെ കാലില്‍ ചിലങ്കകള്‍  കെട്ടിത്തരുന്നത്… ആരോ ഞങ്ങളെ ചേര്‍ത്തുപിടിയ്ക്കും പോലെ…

പണ്ട് ഞാന്‍ പേടിച്ചു കരയുമ്പോള്‍  അമ്മ മടിയില്‍ ചേര്‍ത്തിരുത്തി മുടിയില്‍ തലോടുമായിരുന്നു. അതുപോലെ….ആരോ…..! ഇപ്പോഴെനിയ്ക്ക് പേടി തോന്നുന്നില്ല.

സന്തോഷമാണ് തോന്നുന്നത്. ഇനി ആര്‍ക്കും എന്നെ ഒറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ.  

By : സുജയ

 Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: