Main Menu

പുറകോട്ടുള്ള വഴി

Saikatham Online Malayalam Magazine

അസ്തമയത്തിനു ശേഷം
അങ്ങോട്ടു പോകാനാവില്ല;
കൊടും കാടാണവിടെ !

വെറ്റിലച്ചെല്ലം അരികിൽ വെച്ച്
കാലും നീട്ടിയിരുന്ന്,
ചുവ ചുണ്ടുകളും
പല്ലുപോയ മോണയും കാട്ടി
അമ്മൂമ്മയൊട് പറയുന്നു.

ഇരുട്ടിറങ്ങിയാൽ കുടിയിറങ്ങരുത്.
ചൂട്ടു കത്തിച്ചു നടക്കാൻ
നമുക്കിടവഴികളുണ്ട്.
നാലാൾക്ക് കഷ്ടിച്ചു നടക്കാ-
നാവുന്ന ഇടവഴികൾ.

ചൂട്ടു കത്തിച്ചു കാടു കേറരുത്.
ഉണ്ണിയുറങ്ങും പോലെ
കാടും ഉറങ്ങട്ടെ !
പിന്നെ, യറിയാതെയെങ്ങാൻ
ഉണക്കപ്പുല്ലി-ലൊരു
തീപ്പൊരി വീണാലെരിഞ്ഞു-
തീരുമൊരായിരം മരങ്ങൾ !
കാട്ടുചോലകളതിലേ വരണം;
ഇല്ലെങ്കിൽ, മഴമുകിൽ താഴെ
പെയ്തിറങ്ങണം.
എങ്കിലേ കാട്ടുതീയൊടുങ്ങൂ…

മാൻപേടയും മലയണ്ണാനും
കൊമ്പനും കരിവണ്ടുകളും
കടുവയും കുഞ്ഞാറ്റക്കിളികളും
സിംഹവും സിംഹവാലനും
തുമ്പിയും തേനീച്ചയുമെല്ലാം
പതിച്ചെടുത്ത കാട്.

മുറികളായി മുറിച്ചുമാറ്റാതെ
മഴയോടു പിണങ്ങാതെ
മണ്ണും മലയും
അടർത്തിയെടുക്കാതെ
കാട്ടുനിയമങ്ങൾ പാലിച്ചു
പരസ്പരമെടുത്തും കൊടുത്തും
ബാക്കിവെച്ചും,
മറയില്ലാത്ത മനവും തനുവും
മാറ്റമില്ലാതെ തുടർന്നും,
അന്നുമിന്നുമെന്നും
കാടിന്റെ കുഞ്ഞുങ്ങളായി
ജീവിച്ചു മരിക്കുന്നു…

ഉണ്ണീ…
നീ കേറരുത് കാട്ടിൽ
നീ തടയരുത് കാട്ടാറിനെ
നീ കൊല്ലരുത് മിണ്ടാപ്രാണികളെ
നീ പറിച്ചുമാറ്റരുത് പച്ചപ്പുകൾ
നീ തകർത്തെറിയരുത്
പാറക്കൂട്ടങ്ങളെ!

മാറ്റമെന്ന മഴുവെറിഞ്ഞു
നീ വീഴ്ത്തരുത്…
കാടിന്റെ നന്മയെ !
കാടറിയുന്നൊരുണ്മയെ !

പറഞ്ഞു പറഞ്ഞിരിക്കെയെ-
ന്നമ്മൂമ്മയുടെ
ചുണ്ടുകൾ ചേരുന്നു
മിഴികൾ വറ്റി വരളുന്നു
വിരലുകൾ വെറുങ്ങലിക്കുന്നു
ഹൃദയം നിശ്ശബ്ദമാകുന്നു.

ജീവന്റെ ചെറുകണിക
മേലോട്ടു പറന്നകലുന്നു…
സ്വർഗ്ഗവാതിലിലേക്കുള്ള
ദൂരമളന്നു കൊണ്ട് !!!Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: