പുരസ്കാരം

ഉമ്മറത്തെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന് കിടന്നാല്‍ കാണാം തൈമറ്റത്തെ ഗോവിന്ദന്‍ പിഷാരടിയുടെ തൊടിയിലെ ഫലവൃക്ഷങ്ങള്‍ വരെ… ആകസ്മികമായെത്തിയ മഴയില്‍ തുള്ളിക്കളിച്ചുകൊണ്ട് ഇലകള്‍
തങ്ങളുടെ ആഹ്ലാദം പങ്കിടുന്നത് കാണുന്നുണ്ടായിരുന്നെങ്കിലും മോഹനകൃഷ്ണന്റെ മനസ് കാടുകയറി അലയുകയായിരുന്നു… എന്നുവച്ചാല്‍ ഒരു കഥ തേടിയുള്ള മനസ്സിന്റെ അശ്രാന്ത പരിശ്രമം!! ചുറ്റുമുള്ള ഓരോ ചരാചരങ്ങള്‍ക്കും അവരുടേതായ കഥകള്‍ പറയാനുണ്ടായിരുന്നെങ്കിലും അവയ്‌ക്കൊക്കെ യഥാര്‍ത്ഥമായ ഒരു തുടക്കവും ഒടുക്കവും കുറിക്കാന്‍ പരാജയപ്പെട്ട് തൊട്ടടുത്ത് വച്ചിരുന്ന വേയ്സ്റ്റ് ബാസ്‌ക്കറ്റ് നിറക്കുന്നതില്‍ മോഹനകൃഷ്ണന്‍ വിജയിച്ചുകൊണ്ടിരുന്നു…!!
പുതിയൊരു വെള്ളപേപ്പറിലേക്ക് തൂലികയില്‍ നിന്നും അക്ഷരങ്ങളെ കുടഞ്ഞിടാന്‍ തുടങ്ങുമ്പോഴാണ് പിന്നില്‍ വാതില്‍ തുറക്കുന്ന പരുപരുത്ത ശബ്ദം… മോഹനകൃഷ്ണന്‍ തിരിഞ്ഞു നോക്കിയില്ല.
അതവള്‍ തന്നെ…!
ഭാര്യ എന്ന കുലട…!!
മാലിയസ്റ്റ്, ഇന്‍കസ്, സ്റ്റേപ്പിസ് മുതലായ അസ്ഥിശ്രംഖലകളെയാകമാനം അസ്വസ്ഥമാക്കിക്കൊണ്ട് ഭാര്യയുടെ ശബ്ദവീചികള്‍ തലച്ചോറിലേക്കെത്തി തുടങ്ങി…
”ദേ… മനുഷ്യാ…!! ഈ പേപ്പറും കെട്ടിപിടിച്ചോണ്ടുള്ള ഇരുപ്പ് ഇന്നത്തെക്കൊണ്ട് നിര്‍ത്തിക്കോണം… സഹിക്കുന്നതിനും ഒരു പരിധി ഒക്കെയുണ്ട്…! ~ഒരു പണിക്കും പോകാതെ എങ്ങനെ കുടുംബം പൊലത്താമെന്നാ നിങ്ങ്‌ടെ വിചാരം…? തലേം മൊലേം വളര്‍ന്ന മൂന്ന് പെങ്കുട്ട്യോളാ വളര്‍ന്നു വരുന്നെ… നാലക്ഷരം പഠിക്കുന്ന പിള്ളാര് വരെ 12-ആം ക്ളാസ് കഴിഞ്ഞ് തൊടര്‍ന്ന് പഠിക്കാന്‍ കാശില്ലാതെ കിടന്ന് വിയര്‍ക്കുവാ… ഇവിടുത്തെ മൂന്നെണ്ണങ്ങളെ എങ്ങനെ കരപറ്റിക്കുമെന്നാ നിങ്ങ്‌ടെ വിചാരം…
അയലോക്കക്കാരന്‍ കിടന്ന് കാണിക്കുംപോലെ നിങ്ങള് വാ പൊളിക്കല്ലേ… കുടുംബം കീറിപ്പോകും… എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ നിങ്ങള്… ഏതു നേരത്തിങ്ങേരുടെ കൂടെ പൊറുതി തുടങ്ങിയോ… അന്നു തൊടങ്ങി..!!’
കാലത്തെ ചീത്തവിളി പാരമ്യത്തിലെത്തി അവസാനിച്ചതും മോഹനകൃഷ്ണന്‍ വീണ്ടും പേന തുറന്നു… അവള്‍ അവസാനം പറഞ്ഞ സ്റ്റേറ്റ്‌മെന്റ് പുതിയതാണ്…! ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമ്പോഴാണ് ഡച്ച് സംരംഭകനായ ‘ബാസ് ലാന്‍സ് ഡോര്‍പ്പി’നെ വിളിച്ച് പേര് ബുക്ക് ചെയ്യാന്‍ തോന്നുന്നത്… അല്ലാ…, അങ്ങേരാണല്ലോ ഈ അടുത്തിടെ ചൊവ്വാഗൃഹത്തില്‍ കോളനി സ്ഥാപിച്ച് 2022-ആമാണ്ടോടെ അവിടെ താമസം തുടങ്ങാന്‍ പോകുന്നത്… ഇതുവരെ ഒരു ലക്ഷം പേര്‍ പേര് ബുക്ക് ചെയ്‌തെന്നാ കേട്ടത്… ഒരേയൊരു കണ്ടീഷന്‍ മാത്രം…! തിരിച്ച് ഭൂമിയിലേക്ക് വരാം എന്നുമാത്രം വ്യാമോഹിക്കണ്ട… തന്നെപ്പോലെ ഭാര്യയെക്കൊണ്ട് സഹികെട്ട കുറച്ചുപേരെങ്കിലും ആ ഒരുലക്ഷത്തില്‍ കാണുമെന്ന കാര്യം ഉറപ്പ്… പക്ഷേ…, പണമാണ് അവിടേയും ആന്റിഹീറോ…
അല്ലാ… ഒരു കണക്കിന് പറഞ്ഞാല്‍ അവളേയും കുറ്റം പറഞ്ഞിച്ച് വലിയ കാര്യമൊന്നുമില്ല… പറയുന്നതില്‍ കഴമ്പുണ്ട് എന്നു പറയാതെ വയ്യ… ജോലി ചെയ്യുക വിയര്‍പ്പ് ചിന്തുക മുതലായ കാര്യങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍തന്നെ മസ്തിഷ്‌കത്തില്‍ കരിയുറുമ്പുകള്‍ നൂറുമീറ്റര്‍ ഓട്ടമത്സരം നടത്തുന്നത് പോലെ തോന്നും. പിന്നാ… അവള്‍ ഒരു സ്‌നേഹവാക്ക് പറയാത്തതില്‍ ഒരതിശയവുമില്ല…
സാഹിത്യലോകത്തെ ജ്വലിക്കുന്ന നക്ഷത്രം – സര്‍വ്വതാ സഹപാഠിയും അയല്‍വാസിയുമായ പാര്‍ത്ഥസാരഥിയുടെ രചനകളുടെ നിലവാരത്തിന്റെ ഏഴയലത്തുപോലുമെത്താന്‍ തന്റെ സൃഷ്ടികള്‍ക്കാവുന്നില്ലല്ലോ എന്ന ചിന്ത വീണ്ടും മനസ്സിനെ മഥിച്ചു തുടങ്ങിയതോടെ മോഹനകൃഷ്ണന്‍ പേനയടച്ചു… ഇന്നിനി ഒന്നും എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല… മനസ്സില്‍ ചെറിയൊരു നീറ്റല്‍…!!
സ്‌കൂള്‍ കാലഘട്ടം മുതലേ പാര്‍ത്ഥസാരഥിയുമായുള്ള സുഹൃദ്ബന്ധം, സ്വന്തം കഴിവുകളെ പുനര്‍വിചിന്തനം നടത്തി മനസ്സില്‍ കുറ്റബോധം കുത്തിനിറക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. എട്ടാതരത്തിലെ ഏതോ ഒരു കേട്ടെഴുത്തു പരീക്ഷയില്‍ അവനേക്കാള്‍ നാലുമാര്‍ക്ക് കൂടുതല്‍ കിട്ടിയതൊഴിച്ചാല്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തവിധം ഉയരത്തിലാണ് പാര്‍ത്ഥസാരഥി… പാര്‍ത്ഥസാരഥിയെപ്പോലെയാകാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ജലരേഖകള്‍…! പാര്‍ത്ഥസാരഥിയുടെ ‘മാഗ്നം ഓപ്പസ്’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൃതിയുടെ ഏതാനും ഭാഗങ്ങള്‍ അടിച്ചുമാറ്റി പുസ്തകമിറക്കിയവന്‍ എന്ന ദുഷ്‌പേര് വേറെയും…!! കുറച്ച് പണമുണ്ടായിരുന്നെങ്കില്‍ അതെറിഞ്ഞെങ്കിലും ഒരു ‘പുരസ്‌കാരം’ നേടിയെടുത്ത് ഒരാത്മസംതൃപ്തി അടയാമായിരുന്നു… ഇതിപ്പോള്‍ അരി മേടിക്കുന്നത് തന്നെ ഭാര്യ രാപ്പകല്‍ കഷ്ടപ്പെട്ടിട്ടാണ്. ഈയിടെ പലചരക്ക് കടക്കാരന്‍ തന്റെ തീരുമാനങ്ങള്‍ സുദൃഢമാക്കിയത് കിടപ്പറയിലെ സ്വസ്ഥത നശിപ്പിക്കുവിധം ഭാര്യയുടെ ‘Verbal Diaria’ യ്ക്ക് കാരണമാകുന്നുണ്ട്… ആറുമാസം കൂടുമ്പോഴെങ്കിലും പണം തന്നില്ലെങ്കില്‍ സാധനങ്ങള്‍ തരില്ലത്രേ…!!
അഹങ്കാരി…!!!
ആ വാശിക്ക് കിലോക്ക് 1 രൂപ നിരക്കില്‍ ലഭിക്കുന്ന റേഷനരി മേടിച്ചുനോക്കി… പാചകം ചെയ്ത ചോറ് വീട്ടിലെ എല്ലാരുടേയും ഓമനയായ ശുനകന്‍ ജിമ്മിക്ക് കൊടുക്കേണ്ടി വന്നതും.., പൊതുവെ ശാന്തനായ ജിമ്മി ആഹാരം രുചിച്ച് നോക്കിയശേഷം തന്നെ കടിക്കാന്‍ വന്നതും മറ്റൊരു ദുരന്തസത്യം…!!
എന്തായാലും എന്നത്തേയും പോലെ ഒരു പകല്‍ കൂടി പ്രത്യേകിച്ചൊന്നും സംഭവിക്കാതെ അസ്തമിക്കാന്‍ പോകുന്നു… മനസ്സിലെന്തെങ്കിലും ത്രെഡ് കിട്ടുമെന്ന പ്രതീക്ഷക്കായി നാളേക്ക് കാത്തിരിക്കാം… നാളത്തെ ‘Suspense’ എന്താണെന്ന് അറിയാനാണല്ലോ മനുജന്‍ ജീവിക്കുന്നത് തന്നെ…!
***
പുലര്‍ച്ച…!!
പതിവില്ലാതെ ഭാര്യ സമ്മാനിച്ച മധുരമില്ലാത്ത കട്ടന്‍ചായ മൊത്തിക്കുടിച്ചുകൊണ്ട് ന്യൂസ് പേപ്പറിന്റെ വരവിനായുള്ള കാത്തിരിപ്പ്… ഒരു ദിവസം ഉച്ചക്ക് പ്രഭാതപത്രം സമ്മാനിച്ചവനാണ് പത്രക്കാരന്‍… നേരത്തെ വന്നാ ഭാഗ്യം…!!
ഏഴു മുപ്പതായിട്ടും പിഷാരടിയുടെ വീട്ടിലെ കോഴി ഭ്രാന്തുപിടിച്ചതുപോലെ കൂവുന്നുണ്ട്…
സൈക്കിളില്‍ ശരവേഗത്തിലെത്തിയ പയ്യന്‍ ന്യൂസ് പേപ്പര്‍ വീശിയെറിഞ്ഞിട്ട് അതേ വേഗത്തില്‍ തന്നെ തിരിച്ചുപോയി…
അവന്റെ പുഞ്ചിരിയില്‍ ഒരു ദ്വയാര്‍ത്ഥം മോഹനകൃഷ്ണന് തോന്നാതിരുന്നില്ല.
എന്തെങ്കിലുമാകട്ടെ…,
എങ്ങനെയും ഒരവാര്‍ഡ് ഒപ്പിച്ചെടുത്താല്‍ ഈ അവഗണനയും പരിഹാസവും നിന്ദിക്കലുമെല്ലാം മാറും… തീര്‍ച്ച!!
പത്രം എടുത്ത് ഹെഡ്‌ലൈന്‍സിലൂടെ കണ്ണോടിച്ചതും മോഹനകൃഷ്ണന്റെ കണ്ണുകളിലിരുട്ട് കയറി…
”…പാര്‍ത്ഥസാരഥിക്ക് വീണ്ടും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം…!!’
മടക്കിവിളിച്ച കണ്ണുകളെ ജിജ്ഞാസയുടെ അളവേറിയപ്പോള്‍ വീണ്ടും പത്രത്താളുകളിലേയ്ക്കാതിരിക്കാന്‍ മോഹനകൃഷ്ണനായില്ല… എങ്ങനേയും ഒരവാര്‍ഡ് ഒപ്പിക്കാന്‍ മന്ദബുദ്ധിയായ ഒരെഴുത്തുകാരന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാവതീവ്രമായ ആവിഷ്‌കാരത്തിനത്രേ ഇത്തവണ പുരസ്‌കാരം. വിരലുകള്‍ക്കിടയിലൂടെ പത്രം താഴേക്ക് പതിക്കുമ്പോള്‍ തന്റെ കിനാവുകളുടെ ചിറകൊടിയുന്നത് മോഹനകൃഷ്ണനറിഞ്ഞു.
katha kollam
അതവള്‍ തന്നെ…!
ഭാര്യ എന്ന കുലട…!!
ithithiri kadanna kai aayippoyi 🙂
[…] പുരസ്കാരം […]