പരകായ പ്രവേശം

നഗരങ്ങളുടെ പ്രകാശവേഗതയ്ക്കു
മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു
പുകച്ചുരുളെരിഞ്ഞുയരുന്നു
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
നിര്‍വികാരതയിലൂടെയയാള്‍
വീണ്ടും വീണ്ടും
പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്.
അപ്പോള്‍മാത്രം ലോകമൊരു
സ്ഫടികകുപ്പിയിലേക്കാവാഹിക്കപ്പെട്ടു.
നിശയറ്റ കിനാകണ്ണുകളിലതു
വിസ്മയമായി പടരുകയാണ്
ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന
കൊള്ളിയാന്‍ വെളിച്ചവും,
ഇടിമുഴക്കങ്ങളുമയാളുടെ
മൗനാന്ധതയിലേയ്ക്കു
പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു.
കാലത്തിന്റെ കുറുകെ സൗകര്യപൂര്‍വ്വമെപ്പഴോ
കൊട്ടിയടച്ച വാതില്‍പഴുതിലൂടെ
ഓര്‍മ്മകള്‍ ഒളിഞ്ഞു നോക്കുന്നു.
രാത്രിയുടെ അസംബന്ധങ്ങളപ്പോളയാളിലേയ്ക്കു
മാത്രമായി ചുരുങ്ങപ്പെട്ടു.
ഭാവിയെ പറ്റി പ്രത്യാശകളില്ലാതെ
ഭൂതത്തെ പറ്റി വ്യഥകളില്ലാതെ
നിശ്ചലതയില്‍ മാത്രമായങ്ങനെ.
ഇരുണ്ട ഭിത്തിയിലുരഞ്ഞുരഞ്ഞു
ബോബ് സംഗീതം മുറിയാകെ നിറയുന്നു.
ഒഴിഞ്ഞ ലഹരി തുരുത്തുകളില്‍
മരണത്തിന്റെ നിഴലുകള്‍ നൃത്തം വെയ്ക്കുന്നു.
വിലാപങ്ങളെയാശ്വസിപ്പിക്കുന്ന കരിമ്പടത്തെപ്പോലെ
മഴ നനഞ്ഞ നഗരത്തെ ഇരുട്ടു വിഴുങ്ങുന്നു.
വാരണാസിയിലേക്കുള്ള അവസാന വണ്ടിയും
പുറപ്പെട്ടുകഴിഞ്ഞിരുന്നു.
യാത്രയയക്കപ്പെട്ടവരുടെ നിശാചിത്രങ്ങളിലൊന്നിലയാളുടെ
പേരും ചേര്‍ത്തുവെച്ചു
ബന്ധനസ്ഥനിസാരതയാല്‍
സ്ഫടികചഷകം തകര്‍ത്തെറിഞ്ഞു
ലോകമതിന്റെ പൂര്‍വ്വയാന്ത്രികതയിലേയ്ക്കിറങ്ങിയോടി.