നേര്‍ബുദ്ധി
ഇറച്ചിവെട്ടുകാരനാണെങ്കിലും തന്റെയുള്ളില്‍ വേവുന്ന ഒരു ഹൃദയമുണ്ടെന്ന് അടുത്തിടെ ഷാജി തിരിച്ചറിഞ്ഞു. കുലത്തൊഴില്‍ എന്ന നിലയില്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും മനസ്സിലെങ്ങും അതീന്ദ്രമായ ചില ചലനങ്ങള്‍ നടന്നത് അനുഭവിച്ചത് തന്നെയായിരുന്നു അതിന് കാരണം.
ഇതുവരെയും ജീവിച്ച ജീവിതമൊന്നും ഒരു ജീവിതമേ ആയിരുന്നില്ലെന്ന് ഷാജി ഒരുകുറിക്കൂടി ഓര്‍ത്തു. ഹൊ, എന്തൊരു ജീവിതമായിരുന്നു അത്.
രാവിലെ എഴുന്നേറ്റ് ഒരു നാല്‍ക്കാലിയെ കെട്ടിയിട്ട് കശാപ്പുചെയ്ത്, ഇറച്ചിക്കഷ്ണങ്ങള്‍ അറുത്ത് കഷ്ണങ്ങളാക്കി തരംതിരിച്ച്, അത് വിറ്റ് പണം വാങ്ങി, ദിനാന്ത്യം ചോരനനവുകൊണ്ട് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി രാത്രിയില്‍ വയറുനിറയെ ഭക്ഷണം കഴിച്ച് ഭാര്യയുടെ മേല്‍ കയറിക്കിടന്ന് വേഴ്ച നടത്തി, കൂര്‍ക്കം വലിച്ചുറങ്ങി….
ഹൊ എന്തുമാത്രം യാന്ത്രികമായിരുന്നു അത്!.
ഷാജി പരിതപിച്ചു. ആ പരിതപിക്കലില്‍ നിന്നുമാണ് ഷാജി അടിമുടി മറ്റൊരാളയത്.
ഇപ്പോള്‍ മനസ് എന്തുസുഖം.
രാവിലെ ഉണരേണ്ട, കൊലപാതകം നടത്തേണ്ട, പാതിരാത്രിയില്‍ മാംസക്കച്ചവടം നടത്തേണ്ട, ഏതു വിധേനയും.
വെറുതെ ചില ലേഖനങ്ങള്‍ എഴുതിയാല്‍ മതി. അതില്‍ ദാര്‍ശനിക വ്യഥയും മുതലാളിത്തത്തോടുള്ള വെല്ലുവിളികളും ഉണ്ടായാല്‍ മതി. വല്ലപ്പോഴും ചില സാംസ്‌കാരിക പ്രസംഗങ്ങള്‍ നടത്തി പ്രതിഫലമായി കിട്ടുന്ന പണം തുപ്പല്‍ നനവുകൊണ്ട് എണ്ണിവാങ്ങിയാല്‍ മതി.
സമൂഹത്തില്‍ സാംസ്‌കാരിക നായകനെന്ന പേര്, പ്രശസ്തി.
മതിപ്പ്.
എവിടെയും കശാപ്പുകാരനെന്ന അവഗണനയില്ലാതെ തലയുയര്‍ത്തിപ്പിടിച്ച് കയറിച്ചെല്ലാം. വെറുപ്പ് തോന്നുന്ന ആരെയും കണ്ടംകണ്ടമാക്കി വെട്ടിലേഖനത്തിലിടാം. എന്നിട്ടും കലിയടങ്ങിയിട്ടില്ലെങ്കില്‍ മൃതദേഹങ്ങളുടെ അറുത്തെടുത്ത തലകള്‍ പണം കൊടുത്ത് എഴുതിച്ച അവതാരികക്കുറിപ്പുകളില്‍ നിരനിരയായി കെട്ടിത്തൂക്കാം. ആരും കുറ്റപ്പെടുത്തില്ല. മരിച്ചുകിടക്കുന്ന നേരത്ത് സര്‍ക്കാര്‍ ചെലവില്‍ ആചാരവെടിയും കിട്ടും.
എന്തേ ഈ ബുദ്ധി നേരത്തെ തോന്നാത്തത്?