നീയില്ലാതാവുകയെന്നാൽ…

നീയില്ലാതാവുകയെന്നാൽ
നിന്റെ ഞാനും
ഇല്ലാതാവുകയെന്നാണ്..
മഴനനഞ്ഞൊഴുകുന്ന പുഴയും
പവിഴമല്ലി പൊഴിഞ്ഞ വഴികളും
പൗർണ്ണമിയും പാതിരാവും
അവൾ മറന്നു പോവുന്നു
എന്നാണ്…
ഉന്മാദം
പ്രണയം
നിറവ്
സ്വപ്നം
എന്നോരോന്നായി വാക്കിന്റെ കടൽ
ഉൾവലിഞ്ഞ്
ഇല്ലാതാവുകയെന്നാണ്…
തിരമാലയിളകാത്ത മുടിയിൽ,
ചുവന്ന പൊട്ടു കാണാത്ത നെറ്റിയിൽ,
മഷിക്കറുപ്പ് തട്ടാത്ത കണ്ണുകളിൽ,
ഒക്കെയും നിന്റെ
അസാന്നിധ്യമുറയുന്നു
എന്നാണ്..
അതിനാൽ നമ്മുടെ
പ്രണയത്തിൽ നിന്ന് ഉയിരൂറ്റുക…
നീയില്ലാതാവുകയെന്നാൽ
നിന്റെ ഞാനും ഇല്ലാതാവുകയെന്നാണ്….
പ്രവീണ നാരായണൻ
Link to this post!