Main Menu

തിരസ്‌കൃതന്റെ ഓണം

M R Renukumarഓണത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍, ഓണക്കാലത്ത് ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവകളില്‍ നിന്ന് വിഭിന്നമാണ്. വിഭിന്നമായ ഓര്‍മ്മകളുള്ള ഒത്തിരിപ്പേര്‍ ഉണ്ടാവാം. പക്ഷേ ഇവരുടെ ഓര്‍മ്മകള്‍ എന്തുകൊണ്ടോ ഓണക്കാലത്തെക്കുറിച്ചുള്ള പതിവ് ഓര്‍മ്മകളില്‍ ഇടം നേടാ റില്ല. ഗൃഹാതുരത എഴുന്നു നില്‍ക്കുന്ന സ്ഥൂല ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ സവിശേഷവും സൂക്ഷമവുമായ ചില പ്രതിനിധാനങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നുണ്ട്. അഥവാ ചില ഓര്‍മ്മകള്‍ ഓണക്കാല ഓര്‍മ്മകളായോ വെറും ഓര്‍മ്മ കളായോ പോലും പരിഗണിക്കപ്പെടാറില്ല.

കാല്പനികവത്കരിക്കപ്പെട്ട, ഗൃഹാതുരത മുറ്റിയ സ്ഥൂല ഓര്‍മ്മകളുടെ പൊതുസ്വഭാവമാണ് ഭൂതകാലത്തെ മഹത്വവത്കരിക്കലും വര്‍ത്തമാനകാല ത്തെ പഴിക്കലും. കൂടുതല്‍ ജാതീകൃതവും ഉച്ചനീചത്വങ്ങള്‍ പുലര്‍ന്നിരുന്നതും മേല്‍ജാതിക ളുടെ പ്രാമുഖ്യവും പ്രമാണിത്വവും ചോദ്യം ചെയ്യപ്പെടാതിരുന്ന കാലത്തെ പ്രകീര്‍ത്തിക്കു കയും, ജനാധിപത്യവും സമത്വവും നീതിയും തലനീട്ടിത്തുടങ്ങുകയും ജാതിമൂല്യങ്ങള്‍ അതിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞുതുടങ്ങുകയും  ചെയ്യുന്ന വര്‍ത്തമാനകാല ത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എഴുത്തോര്‍മ്മകളുടെ അധീശതാത്പര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയെ ദൃഢീകരിക്കുന്ന, അടിയാള – ഉടയോന്‍ ബന്ധത്തെ കാല്‍പനികവത്കരിക്കുന്ന ഓണനാളുകളുടെ അറംപറ്റല്‍ ആശാവഹമാണ്. ചവിട്ടിയവനും ചവിട്ടേ
റ്റവനും ഒരുപോലെ ഓണത്തേയും ഓണത്തപ്പനേയും മറ്റും വാഴ്ത്തു ന്നതില്‍ അപാകതയുണ്ടെന്നാണ് എന്റെ വിശ്വാസം. ഓണക്കാലത്തെക്കുറിച്ച് ഓര്‍ക്കാ നല്ല, മറക്കാനാണ് എനിക്ക് താത്പര്യം; മറക്കാന്‍ കഴിയുന്നില്ലെങ്കിലും. ആത്മനിന്ദ യോടല്ലാതെ ഓര്‍ക്കാന്‍ കഴിയുന്ന ഒരു ഭൂതകാലം ഇല്ലാതെപോയതിന്റെ സാമൂഹിക കാരണങ്ങള്‍ തിരിച്ചറിയുമ്പോഴും ഓരോ ഓണക്കാലത്തും നൊമ്പരപ്പെട്ട് മുറിപ്പെട്ട് ഇകഴ്ത്തപ്പെട്ട് പകച്ചുപോയ ബാല്യത്തെ മറക്കാനാവുന്നില്ല. ഓണക്കാലം എനിക്ക് പണ്ട് നുണഞ്ഞുരസിച്ച ഒരു ച്യൂയിംഗത്തെക്കുറിച്ചുള്ള ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മയ ല്ല. മറിച്ച് ഞാന്‍ നാവോടെ പിഴുതുകളയാന്‍ ആഗ്രഹിക്കുന്ന ചവര്‍പ്പുള്ള ഓര്‍മ്മയാണ്. ഓണത്തേയും അതുപോലുള്ള വിശേഷ ആഘോഷദിനങ്ങളേയും കുറിച്ചുള്ള മേലാള/കീഴാള സ്മൃതികള്‍ വേര്‍തിരിച്ച് അടയാളപ്പെടുത്തുകയും വായിക്കുകയും ചെയ്യേണ്ടതുണ്ട്. ഒരേ കാലത്തെക്കുറിച്ചുള്ള ചിലരുടെ ഓര്‍മ്മകള്‍ ആഹ്ലാദകരവും അഭിമാനകരവും ചിലരുടേത് വേദനാജനകവും അപമാനകരവും ആകുന്നതിന്റെ സാമൂഹികകാരണങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കാനും ഓര്‍മ്മപ്പെടുത്താതിരിക്കാനും കഴിയുന്നില്ല.

പഞ്ഞമാസമായ കര്‍ക്കിടകത്തിലെ തിരുവോണനാളിനെയാണ് പിള്ളാരോണമെന്ന് പറയുക. മിക്കവാറും സ്‌കൂളില്‍വെച്ചാവും പിള്ളാരോണത്തെപ്പറ്റി കേള്‍ക്കുക. തിരുവോണ ത്തിനുപോലും കാര്യമായ വിശേഷങ്ങളിലൊന്നും ആണ്ടുപോകാത്ത ബാല്യമായിരുന്നതിനാല്‍ എന്ത് പിള്ളാരോണം. എങ്കിലും കുട്ടിക്കള്‍ക്കായി ഒരു ഓണം എന്നു കേള്‍ക്കുമ്പോള്‍ അന്നും ഇന്നും ഒരു സന്തോഷമൊക്കെ തോന്നിയിട്ടുണ്ട്.  ഒരു പക്ഷേ ഓണവുമായി ബന്ധപ്പെട്ട് എനിക്ക് താത്പര്യം തോന്നിയ ഒരേയൊരു വാക്ക് പിള്ളാരോണമാണെന്ന് തോന്നുന്നു.

ഓണത്തെക്കുറിച്ച് മറ്റുള്ളവര്‍ ഗൃഹാതുരതയോടെ പറയുന്നത് കേള്‍ക്കുമ്പോഴും എഴുതുന്നത് വായിക്കുമ്പോഴും ഇവരുടെയൊക്കെ കേരളത്തില്‍ തന്നെയായിരുന്നോ ഞാനും എന്ന് തോന്നി യിട്ടുണ്ട്. എനിക്കങ്ങനെ തോന്നിപ്പോകുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാലാവാം ഒന്ന് തികച്ചും വ്യക്തിപരം. മറ്റൊന്ന് സാമൂഹികപരം. ആഘോഷങ്ങളോടും നിറപ്പകിട്ടുകളോടും ആഹ്ലാദാവസരങ്ങളോടും ഒരിത് സൂക്ഷിച്ചിരുന്നതിനാലാവാം ഓണത്തിരക്കുകളില്‍ എനിക്ക് ശ്വാസം മുട്ടിയിരുന്നത്. ഒപ്പം പുത്തനുടുപ്പുകളുടെ അഭാവം, പ്രത്യേകിച്ചൊന്നും അരിഞ്ഞു പെറുക്കാതെയും വെന്തുമണക്കാതെയും തരിശുകിടക്കുന്ന അടുക്കള. എത്ര ഉന്തിത്തള്ളി കയറിയാലും നെഞ്ചില്‍ പിടിച്ചുന്തി കൂട്ടത്തില്‍ നിന്ന് പുറക്കാത്തപ്പെട്ട് മുഷിഞ്ഞ മനം. എല്ലാം കൂടി ചേര്‍ന്ന്  ഉള്ളില്‍കിടന്ന് കലമ്പുമ്പോള്‍ കവികള്‍ പറഞ്ഞിട്ടുള്ളതുപോലെയോ, പാഠപുസ്തകങ്ങളില്‍ വായിച്ചതുപോലെയോ, പൂ പറിക്കാനോ പൂക്കളമിടാനോ ഊഞ്ഞാലാ ടാനോ ഒന്നും എനിക്ക് തോന്നിയിട്ടില്ല. കുട്ടികള്‍ തോട്ടിയും കെട്ടി കൂടയുമായി ഓണപ്പാ ട്ടൊക്കെ പാടി പൂ പറിക്കാന്‍ പോകുന്നതൊന്നും ഞാന്‍ കണ്ടിട്ടേയില്ല; സ്വപ്നത്തില്‍ പോലും. വഴിയെയൊക്കെ പോകുമ്പോള്‍ ചില വല്യവീട്ടിലെ സുന്ദരിക്കോതമാര്‍ മുറ്റത്ത് പുറംതിരിഞ്ഞിരുന്ന് സൂക്ഷമമായി പൂക്കള്‍കൊണ്ട് ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ട്.

എന്റെ വീട്ടിലേക്ക് വഴിയുണ്ടായിരുന്നില്ല; ഇന്നും വഴിയില്ല. പാത്രം മെഴുക്കിയ വെള്ള മോ പച്ചക്കറിയുടെ വെയ്‌സ്റ്റോ കപ്പത്തൊലിയോ അബദ്ധവശാല്‍ തലയില്‍വന്ന് വീഴാതെ ശ്രദ്ധിച്ച് അയല്‍പക്കത്തെ വീടുകളുടെ അടുക്കളവശത്തുകൂടെ വേണം വീട്ടിലേക്ക് പോകാന്‍. വീടിന്റെ ഒരു വശത്ത് കണ്ടലുകളും പുല്ലും നിറഞ്ഞ കൃഷിയില്ലാത്ത പാടമാ ണ്. മറ്റ് മൂന്ന് വശങ്ങളിലും ഈഴവരുടെ വീടുകളാണ്. ഈവിധം ചരിത്രപരമായി ഞെരുങ്ങി പ്പോയതുകൊണ്ടാവണം എന്റെ വീട് അനല്പമായി ‘ഈഴവൈസ്’ ചെയ്തുപോയതാണ്. സ്വഭാവികരീതികള്‍ക്കും പ്രദേശികാനുഷ്ഠാനങ്ങള്‍ക്കും ഹൈന്ദവച്ഛായ വരുത്തുന്നതിലൂടെയും സാമൂഹികമായും രാഷ്ട്രീയമായുമുള്ള സംസ്‌കൃതവത്കരണത്തിലൂടെയും ബോധത്തിലും അബോധത്തിലും ഈഴവര്‍ ‘നായരൈസ്’ ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇത്തര മൊരു സോഷ്യല്‍ മിമിക്രി വീടിനുചുറ്റും ചൂഴ്ന്ന് നിന്നിരുന്നതിനാല്‍ ഡമോണ്‍സ്‌ട്രേഷന്‍ ഇഫക്ട് എന്ന ദൂഷിതവലയത്തില്‍ നിന്നും രക്ഷപ്പെടുക എളുപ്പമായിരുന്നില്ല. ഇവരെ  സംബന്ധിച്ചിടത്തോളം തിരുവോണത്തെക്കാള്‍ പ്രാധാന്യം ചതയത്തിനായിരുന്നു. അന്ന് യോഗക്കെട്ടിടത്തില്‍ (ഞങ്ങള്‍ക്ക് ജോക്കെട്ടിടം) ഓണാഘോഷ പരിപാടികളുടെ കൂത്താണ്. സദ്യ, പായസം, പുഴുക്ക്, കലാകായികമത്സരങ്ങള്‍, വടംവലി മത്സരം തുടങ്ങിയവയുടെ തെകരലാണ്. എത്ര വിമുഖതയോടെ പുറംതിരിഞ്ഞുനിന്നിട്ടും അതിലൊക്കെ അറിയാതെ പെട്ടുപോയിട്ടുണ്ട്. അത്രയ്ക്ക് ശക്തിയുണ്ടായിരുന്നു ഓണനാളുകളില്‍ കൂടുതല്‍ സ്ഥാപനവ ത്കരിക്കപ്പെടുന്ന മുന്‍ചൊന്ന സോഷ്യല്‍ മിമിക്രിക്ക്.

ചതയത്തെ പ്രാധാന്യമുള്ള ദിനമാക്കിക്കൊണ്ട് ഓണാഘോഷത്തെ ഈഴവര്‍ പൊലിമയുള്ള താക്കുന്നത് കണ്ടുകൊണ്ടാവണം അയ്യന്‍കാളിയുടെ ജന്മദിനമായ അവിട്ടംനാളിന് പുലയരും സാമുദായികതയിലൂന്നി ഓണഘോഷം സംഘടിപ്പിക്കാന്‍ തുടങ്ങിയത്. പകിട്ടിലും നിറത്തി ലും ആര്‍ഭാടത്തിലും സംഘാടനത്തിലുമൊക്കെ കുറച്ച് കുറവുകളും വീഴ്ചകളും സംഭവിക്കുന്നത് ഒഴിവാക്കിയാല്‍ നാരായണഗുരുവിന്റെ സ്ഥാനത്ത് അയ്യന്‍കാളിയുടെ ഫോട്ടോ വരുന്നു എന്നല്ലാതെ ഈ ആഘോഷത്തിന് കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. പതാക യുയര്‍ത്തല്‍, പുഷ്പാര്‍ച്ചന, നിലവിളക്ക് കത്തിക്കല്‍, നേര്യത് ചുറ്റി പൊട്ടുതൊട്ട് റാലി, പച്ച ക്കൊടി (മഞ്ഞക്കുപകരം), പായസവിതരണം, വീടുവീടാന്തരം കയറിയിറങ്ങിയുള്ള പിരിവ്, സമാപനസമ്മേളനം, അനന്തരം നാടകമോ മറ്റോ. ശാഖാംഗങ്ങളില്‍  നിന്ന് പണമായും ഉത്പന്നമായും ഞെക്കിപ്പിഴിഞ്ഞ് പിരിച്ച കാശ് അപ്പടി ഏതെങ്കിലും നാടകക്കമ്പനി കൊണ്ടു പോകുന്നു. പരിപാടി നടത്തിയതുവഴി ഇത്ര രൂപയുടെ ബാധ്യതയുണ്ടെന്ന് സെക്രട്ടറിയും പ്രസിഡന്റും.  ഇതിലെന്തോ കള്ളക്കളിയുണ്ടെന്ന് ഇതര ഭാരവാഹികള്‍ അടുത്ത അവിട്ട ത്തിന് കാണാമെന്ന് പറഞ്ഞ് കമ്മിറ്റിക്കാര്‍ നാലുവഴിയെ. മുല്ലപ്പൂ തികഞ്ഞില്ല, പായസം കിട്ടിയില്ല എന്നൊക്കെ പറഞ്ഞ് പരിഭവപ്പെട്ടും പരാതിപ്പെട്ടും നിലവിളക്ക് തേച്ചുകഴു കിയുമൊക്കെ സ്ത്രീകളും കൊണ്ടാടുന്നു അവിട്ടം തിരുനാള്‍. പൂര്‍ണ്ണമായും ഇതിനൊക്കെ അക ത്തോ പുറത്തോ എന്ന് പറയാനാവാതെ വിലകുറഞ്ഞ റമ്മിന്റെ ലഹരി കൂട്ടുപിടിച്ച് കൂട്ടുകാ രോടുകൂടി ഓണംകൂടാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ മഴയെന്നെ കുത്തിയിട്ടേയുള്ളു. അതുകൊണ്ട് മഴയെ തിരിച്ചുകു ത്താനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിട്ടില്ല. മഴ കണ്ടുനില്‍ക്കുന്നതാണെന്റെ വലിയ ഇഷ്ടം എന്നു പറഞ്ഞതുകൊണ്ടു മാത്രം ഒരുത്തീടെ പേര് കാമുകിമാരുടെ ലിസ്റ്റില്‍ നിന്ന് ഞാന്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്. മഴയെ ഡീഗ്ലാമറൈസ് ചെയ്യാനായി കുറേ കവിതകളും എഴുതിയിട്ടുണ്ട്. മഴയോടിത്ര കലിപ്പെന്താണെന്ന് തോന്നുണ്ടാവാം. ഏത് വേനലിനും മഴ മൂന്ന് ദിവസം നിന്നുപെയ്താല്‍ മതി എന്റെ വീട്ടുമുറ്റത്ത് വെള്ളം കയറാന്‍. കിഴക്കെങ്ങാനും ഉരുള്‍പൊട്ടുകയോ ഡാം തുറന്നുവിടുകയോ ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. വെള്ളം പെരക്കകത്തേക്കു കയറിയതുതന്നെ. മുട്ടിനു താഴെ വെള്ളം കയറിയ വീട്ടില്‍ ഉറങ്ങുമ്പോള്‍  കട്ടില്‍ മുങ്ങുമോ എന്ന് ആധിപൂണ്ട് അച്ഛനും അമ്മയും ഞാനും എത്രയോ വര്‍ഷകാലത്തെ അതിജീവിച്ചിരിക്കുന്നു. കണ്ണ് തെളിഞ്ഞാലുടനെ കട്ടിലിന് താഴേക്ക് കൈനീട്ടി വിരല്‍കൊണ്ട് വെള്ളമിറങ്ങിയോന്ന് പരതും. വിരല്‍ നനഞ്ഞാല്‍ പിന്നെയും മൂടിപ്പുതച്ച് കിടപ്പായി. ഉള്ള പലകകളിട്ട് പാതകത്തിനടുത്ത് തട്ടുണ്ടാക്കും. അതില്‍ ബാലന്‍സ് പിടിച്ചുനിന്നാണ് അമ്മയുടെ പാചകം. ഉരലിന്റെ ഉപയോഗവൈവിധ്യമഹത്വം വാഴ്‌ത്തേണ്ടതുതന്നെ. അതിപ്പോള്‍ കയറിയിരിക്കാന്‍ ഒരു സീറ്റാണ്.

വെളിക്കെറങ്ങലാണ് പാട്. ഞാനും അച്ഛനും കൂടെ പിണ്ടിച്ചങ്ങാടമുണ്ടാക്കും. അതില്‍ ഓരോരുത്തരായി കയറി പറമ്പിന്റെ മൂലയില്‍ തലപ്പുകള്‍ മുങ്ങാത്ത കൈതക്കാടുകളുടെ മറവിലേക്ക് ഊന്നിപ്പോയി കാര്യം സാധിക്കും. അമ്മയൊക്കെ ഇതെങ്ങനെ സാധിച്ചിരു ന്നോ? കന്നുകാലികളുടെ കാര്യവും കഷ്ടമായിരുന്നു. അത് കൈയ്യോ കാലോ എടുക്കുമ്പോള്‍ കെട്ടിപ്പൊക്കിയ തട്ട് തകരും. പിന്നെയും തട്ട് കെട്ടി മിണ്ടാപ്രാണികളെ തട്ടേക്കേറ്റുന്നതിന്റെ പെടാപ്പാടുകള്‍…ദൈവമേ ഒന്നും പറയേണ്ട.

ഓണം വന്നെന്നുവെച്ച് പണ്ടേ വിശേഷിച്ചൊന്നും വീട്ടില്‍ ഉണ്ടാക്കുമായിരുന്നില്ല. അപ്പോള്‍പിന്നെ വെള്ളപ്പൊക്കത്തിലെ ഓണത്തെപ്പറ്റി പറയണോ. കാപ്പി തിളപ്പിച്ചു കുടിക്കാന്‍ പോലും ആവാതെ ഏതോണത്തിന് പെരക്കകത്തൂന്ന് വെള്ളമിറങ്ങും എന്ന് അകമിഴിനട്ട് കാത്തിരുന്ന് ഒരുപാട് ഓണങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്.

മുതിര്‍ന്നതിനുശേഷവും യാതൊരു കണ്ണീച്ചോരയുമില്ലാതെ ഒന്നിടവിട്ടെങ്കിലും ഓണം വരുന്നതിനൊപ്പം വെള്ളപ്പൊക്കവും വന്നിട്ടുണ്ട്. ഇതിനിടെ അച്ഛന്‍ അങ്ങ് പോയിരുന്നു. വീടുവിട്ടുപോയ ചേച്ചി സ്ഥിരബുദ്ധിയില്ലാത്ത രണ്ടുകുഞ്ഞുങ്ങളാകും സമ്പാദ്യവും കൊണ്ട് മടങ്ങിയെത്തുകയും ചെയ്തിരുന്നു. വീടിനെയും കന്നുകാലികളെയും നോക്കുന്ന ചുമതല എന്നെയേല്‍പ്പിച്ച് വാകത്താനത്തുള്ള അച്ഛന്റെ വീട്ടിലേക്കവര്‍ പോകും. വെള്ളപ്പൊക്ക ദുരിതത്തിനിടയിലും ആ ഒറ്റവാസം ഞാന്‍ ആസ്വദിച്ചിരുന്നു. നാട്ടിലെ വായനശാലയില്‍ ഞങ്ങള്‍ ഒത്തുകൂടും. പലരുടേയും വീടുകളില്‍ വെള്ളം കയറിയിട്ടുണ്ടാവും. തന്നത്താന്‍ പാചകം, തീറ്റ. തൊഴുത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുപോന്ന കന്നുകാലികള്‍ക്ക് കച്ചി, പുല്ല്, കാടിവെള്ളം കൊടുക്കല്‍ തുടങ്ങിയ കലാപരിപാടികള്‍. ടാര്‍പോളിന്‍ വാടകക്കെടുത്ത് കൂടൊരുക്കല്‍, ചാണകം വാരല്‍, ഉള്ള പൈസ കൂട്ടിക്കുത്തി റമ്മ് വാങ്ങിച്ചുകുടിക്കല്‍. ചിലപ്പോഴൊക്കെ കള്ള് മൂക്കുമ്പോള്‍ ചങ്കുപൊട്ടി കരച്ചില്‍. ഇതിനിടെ മഞ്ഞക്കൊടിയും പച്ചക്കൊടിയുമൊക്കെ പിടിച്ച് നേര്യതുടുത്ത പെണ്ണുങ്ങളും അവര്‍ക്ക് അകമ്പടി സേവിച്ച് ശാഖാപ്രവര്‍ത്തകരായ ആണുങ്ങളും ജയ്….ജയ്… വിളിച്ച് വഴിയെ പോകുന്നതൊക്കെ ശ്രദ്ധിക്കാന്‍ ദൈവത്തിനാണേ തോന്നിയിരുന്നില്ല.

Muzhusooryanവിവാഹശേഷവും ഓണം ഇട പെട്ടത് ഒട്ടും സുഖകരമായിട്ടാ യിരുന്നില്ല; ജീവിതത്തിലും പ്രണയത്തിലും. തിരുവോണ ത്തിന്റന്ന് ഉച്ചതിരിഞ്ഞ് ചെറു ക്കനും പെണ്ണും കൂടി പെണ്ണി ന്റെ വീട്ടിലേക്ക് പോകുന്നതാ ണത്രേ നാട്ടുനടപ്പ്. പെണ്‍വീട് കുറച്ചകലത്താകയാല്‍ നേര ത്തേ ഇറങ്ങിയാലേ നേരമിരു ട്ടും മുമ്പ് അങ്ങെത്താന്‍ കഴിയൂ. ഇരുട്ട്  തപ്പി അവിടെച്ചെന്നി ട്ട് എന്തോണം എന്ന് മുഷിയു ന്നു, മൂക്ക് പിഴിയുന്നു കൂടെയുറ ങ്ങും പെണ്ണ്. തിരുവോണ മല്ലേ, ആദ്യത്തേതല്ലേ ഉണ്ടിട്ടേ പോകാവൂ എന്ന് അല്പം കനപ്പെട്ട് പെറ്റത്ത ള്ള. ഒരുതരത്തില്‍ ഉണ്ടെന്ന് വരുത്തി മുഖം കറുപ്പിച്ചിരുവ രും ബസ്സ് പിടിക്കാനോടുന്നു. ഓണമല്ലേ, ബസ്സുകള്‍ കുറ വ്. ഉള്ളതില്‍ തിരക്ക്. സ്വയം കുത്തിത്തിരുകി ഒരുവിധം ക യറിപ്പറ്റി അടുത്തടുത്ത് ഇരി ക്കാതെയുള്ള ബസ്സ് യാത്ര. മനസ്സുകൊണ്ടുള്ള പരസ്പരം ശപിക്കലുകള്‍, പഴിക്കലുകള്‍. വിശക്കാനും തുടങ്ങുന്നു. ആശ്വാ സത്തിന് വഴീലോണം എന്നൊരു വാക്കില്‍ ചുറ്റിവരിഞ്ഞ് ഞാന്‍ മരിക്കുന്നു; ഉയിര്‍ത്തെഴുന്നേ ല്‍ക്കുന്നു.

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് കേരളത്തിലെ ഭൂരിഭാഗം ബഹിഷ്‌കൃതര്‍ക്കും തോന്നാത്ത സ്ഥിതിക്ക് ഓണത്തെക്കുറിച്ച് പിന്നെയും പറയേണ്ടിവരുന്നത് കഷ്ടം തന്നെ. പ്രത്യേകിച്ചും വേട്ടക്കാരും ഇരകളും ചേര്‍ന്ന് വേട്ടക്കാരുടെ വിജയം കൊണ്ടാടുന്നതിലെ വിരോധാഭാസം തിരിച്ചറിയുന്നവര്‍ പോലും ഉടലോ മനമോ അറിയാതെ തോരണങ്ങളില്‍ പെട്ടുപോകുന്ന ഈ കാലസ്ഥിതിയില്‍. ഓണം ഒരു കേരളത്തെ പുനരാനയിക്കുമ്പോള്‍ കുറേ കേരളങ്ങള്‍ പിന്തള്ളപ്പെട്ടുപോകുന്നുണ്ട്. ഒരു കേരളമിങ്ങനെ നെഞ്ചില്‍ കേറിയിരിക്കുന്നത് സ്വഭാവികം; മറ്റുചില കേരളങ്ങളെക്കുറിച്ച് പറഞ്ഞാലത് അസ്വഭാവികം. ഓണം ഒരോര്‍മ്മ യെ പൊടിതട്ടിയെടുത്ത് തുടച്ചുമിനുക്കുമ്പോള്‍ എത്ര ഓര്‍മ്മകളാണ് പൊടിമൂടി ചെതുക്കിച്ചു പോകുന്നത്. ഒരോര്‍മ്മയിങ്ങനെ പൊതുവാകുന്നത് സാധാരണം; മറ്റുചില ഓര്‍മ്മകള്‍ അസാധാരണം. എന്നിട്ടും അടുത്ത വീട്ടില്‍ തേങ്ങാ ചിരണ്ടുമ്പോള്‍ സ്വന്തം വീട്ടില്‍ ചിരട്ട ചിരണ്ടി ഓണം കൊണ്ടാടുകയാണ് നമ്മള്‍. വിറ്റ് ഉണ്ണാന്‍ നമുക്കെവിടെ കാണം. അതുമുഴുവന്‍ മൂന്ന് ചുവടുകൊണ്ട്… സോറി. ഭൂപരിഷ്‌കരണം കൊണ്ട്.

സൈകതം ബുക്സ് പ്രസിദ്ധീകരിച്ച “മുഴുസൂര്യനാകാനുള്ള ശ്രമങ്ങള്‍“ എന്ന പുസ്തകത്തില്‍ നിന്നും. പുസ്തകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ പോകുക



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: