ജീവിതശൈലീരോഗങ്ങൾ

കുഞ്ഞിരാമേട്ടൻ
അറുപതാം വയസ്സിലും
നാലരയ്ക്കെഴുന്നേറ്റ് കുളിച്ച്
കുറേ നേരം കണ്ണടച്ചിരുന്ന്
കവല ചുറ്റിയൊരു നടത്തവും കഴിഞ്ഞ്
ആറു മണിക്ക് പത്രം വായിച്ച്
അടുക്കളയിൽ പച്ചക്കറിയരിഞ്ഞ്
പേരമക്കളെ കൂടെയിരുത്തി പഠിപ്പിച്ച്
വളയൻ കാലുള്ള കുടയുമെടുത്ത്
ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു നടക്കുന്നു.
വൈകീട്ട്
ആളു കൂടുന്ന കവലയിൽ
അൽപ നേരം അന്നത്തെ നാട്ടുവിശേഷങ്ങളറിഞ്ഞ്
പൊതുയോഗങ്ങളിലെ തീപ്പൊരികൾ കേട്ട്
വായന ശാലാക്കമ്മിറ്റിയിലും പങ്കെടുത്ത്
തുണി സഞ്ചിയിലരിയും പലവ്യഞ്ജനങ്ങളും വാങ്ങി
പാതി മങ്ങിയ ഏഴുമണിക്ക് ടോർച്ചും കത്തിച്ച് വീട്ടിലെത്തുന്നു.
പിന്നെ അപ്പുറത്തെത്തറവാട്ടു വീട്ടിലൊരൽപനേരം
നാളത്തെ യാത്ര, തൊഴിലൊരുക്കത്തിനൊരരമണിക്കൂർ
പുസ്തക വായനക്കേറെ നേരം
അന്നത്തെ വിശേഷങ്ങൾ ചൊല്ലിച്ചിരിച്ചത്താഴമുണ്ട് ഉറങ്ങുന്നു.
ബിജേഷ് ആറുമണിക്കെഴുന്നേറ്റ്
ബൈക്കിൽ പാലുവാങ്ങാൻ പോയി തിരിച്ച് വന്ന്
ഭക്ഷണം കഴിച്ച്
എട്ടു മണിക്ക് വീണ്ടും ബൈക്കിൽ കയറി
ഒന്നര മണിക്കൂർ കൊണ്ട് നഗരത്തിലെത്തുന്നു
വൈകീട്ട് ആറ് മണിക്ക് തിരിച്ചെത്തി
ടി.വിയിൽ വാർത്ത കണ്ട്
സുഹൃത്തുക്കളെ ഫോണിൽ വിളിച്ച്
നാളേക്കുള്ള എഴുത്തുകുത്തുകൾ തീർത്ത്
ഇസ്തരിയിട്ട്
ഇന്ത്യ-ഇംഗ്ലണ്ട് 20-20 കാൺകെ ഭക്ഷണം കഴിച്ച്
ഡയറിയിൽ ചിലത് കുറിച്ച്
പന്ത്രണ്ട് മണിക്കുറങ്ങുന്നു
അയൽക്കാരെങ്കിലും തമ്മിൽ കണ്ടുമുട്ടാറേയില്ല ഇരുവരും
കുഞ്ഞിരാമേട്ടനിപ്പോൾ
ഈയാഴ്ചത്തെ വാരികയിൽ ബിജേഷെഴുതിയ
ആത്മകഥാപരമായ കവിത വായിക്കുകയാണ്
“ഒറ്റയ്ക്കാവുന്നതിൻ സങ്കടം
പങ്കുവയ്ക്കാതിഴഞ്ഞു കയറിപ്പടരുന്നു
സ്വസ്ഥമല്ലാത്ത നേരുകൾ
നേരങ്ങൾ”
കുഞ്ഞിരാമേട്ടനതിൽ
പുറത്തിറങ്ങി മിണ്ടിത്തുടങ്ങിയാൽ
ഇല്ലാതാവുന്നൊരു കവിത മണത്തു
ജീവിതശൈലീരോഗങ്ങൾ
കവിതയാകുന്നതോർത്ത് നെടുവീർപ്പിട്ടു.
ജയദേവന് എസ്.കെ