ഛെ!.

ആയുസ്സിന്റെ അവസാനഭാഗം ആയപ്പോഴേക്കും അയാള്‍ക്ക് നേര്‍ത്തൊരു വിഷാദം പിടിപെട്ടു. അത് അയാളെ പോയകാലത്തേക്കു തന്നെ ഇടയ്ക്കിടെ തള്ളി വിട്ടു കൊണ്ടിരുന്നു. അതുകൊണ്ടു പലപ്പോഴും ശരീരം കൊണ്ടു മുന്നോട്ടും മനസ്സു കൊണ്ടു പിന്നോട്ടുമാണ് അയാള്‍ ചലിച്ചിരുന്നത്. നിസ്സഹായതയില്‍ അയാള്‍ സ്വയം പഴിച്ചു:
”മരക്കുതിര പോലെ ഒരു ജീവിതം”
കഴിഞ്ഞകാലങ്ങളിലേക്കുള്ള ഓരോ മടക്കയാത്രയും അവസാനിച്ചത് ‘ഛെ’ എന്ന ആത്മനിന്ദ നിറഞ്ഞ ശബ്ദത്തിലാണ്.
അത് ഇടയ്ക്കിടെ ഉള്ളില്‍ നിന്നും കുമിളയിട്ടുയര്ന്നു. രാത്രിയില്‍ ഓര്മകളാല് വേട്ടയാടപ്പെട്ട് അയാള്‍ അങ്ങിനെ ഇടയ്ക്കിടെ പിറുപിറുത്തു കൊണ്ടിരുന്നത് ഭാര്യയുടെ ഉറക്കം കെടുത്തി.
”നിങ്ങളുടെ വാ പൂട്ടിക്കെട്ടേണ്ടി വരുമെന്നു തോന്നുന്നു.”
~~ഒരുകാലത്ത് ഊഷ്മളമായിരുന്ന ദാമ്പത്യജീവിതം ഇന്നെത്രമാത്രം ഊഷരമായിപ്പോയെന്നോര്ത്തപ്പോഴും അയാള്‍ അറിയാതെ പിറുപിറുത്തു-
‘ഛെ…’
ശേഷിച്ച കാലത്ത് ആ ശബ്ദം അയാളുടെ പുത്രഭാര്യയില് ഏറെ തെറ്റിദ്ധാരണകളുണ്ടാക്കി.
”ഞാന്‍ പാകം ചെയ്തു നല്കുന്നതൊന്നും അവിടെ പിടിക്കുന്നില്ല. ഇനി ഈ മനുഷ്യനു വേണ്ടി ഒന്നും ഞാന്‍ ചെയ്യുന്നതല്ലാ.”
വൈകാതെ അവളെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ശബ്ദം അയാളില്‍ നിന്നും ഉയരാതായി. ഓര്‍മകള്‍ അയാള്‍ക്കു നഷ്ടമായിക്കഴിഞ്ഞിരുന്നു. കുടുസ്സുമുറിയിലെ അരണ്ട വെട്ടത്തില്‍ തനിയേ കിടക്കുമ്പോള്‍ അയാള്‍ക്ക് ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.
-”എന്തായിരുന്നു ഈ ജീവിതത്തിന്റെ അര്‍ഥം?”
വറ്റി വരണ്ടു മണല്ക്കാടു പോലെ കിടന്ന സ്മൃതി സാഗരത്തിന്റെ തീരത്തു നിന്ന് അയാള്‍ ചോദിച്ചു കൊണ്ടിരുന്നു- ‘എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ…?”
ഉത്തരം കിട്ടും മുമ്പേ ആ തണുപ്പ് അയാളെ ബാധിക്കാന്‍ തുടങ്ങി. കാല്പ്പാദങ്ങളേയും മുട്ടുകളേയും അരക്കെട്ടിനേയും കീഴ്പെടുത്തിക്കൊണ്ട് അത് അരിച്ചരിച്ചു കയറുമ്പോള്‍ കട്ടിലിനു ചുറ്റും നില്ക്കുന്ന ഉറ്റബന്ധുക്കളുടെ മുഖങ്ങളിലേക്ക് ദയനീയമായി നോക്കി കിടന്ന് അയാള്‍ വിമൂകം പരിതപിച്ചു.
” എല്ലാം അവസാനിക്കുകയായി. എന്നിട്ടും എനിക്കത് അറിയാനാവുന്നില്ലല്ലോ…-ഛെ.-”
ഈ ‘ഛെ’ ഇത്തവണ പക്ഷേ അയാളുടെ തലയ്ക്കുള്ളില്‍ വല്ലാത്തൊരു മുഴക്കമുണ്ടാക്കി. അതു വെളിപ്പെട്ടിരിക്കുന്നു-ഹാ! അപാരമായ ആനന്ദത്തോടെ അയാള്‍ പിറുപിറുത്തു. സകലതും അവസാനിച്ചിട്ടും അവശേഷിക്കുന്ന ഒന്നേ ഒന്ന്. ആ ഒരൊറ്റ കൂട്ടക്ഷരം- അതൊരു ഉത്തരമായി അയാളുടെ ഉള്ളില്‍ മിന്നുകയാണ്.
തന്റെ ജീവിതത്തിന്റെ ആകത്തുകയായി ഉറഞ്ഞു കൂടി നില്ക്കുന്ന ആ -ഛെ, തന്റെ മരണ ശേഷവും നില നില്‍ക്കണമെന്ന് അയാള്‍ ആശിച്ചു.
അടഞ്ഞു കൊണ്ടിരിക്കുന്ന കണ്ണുകളും കോച്ചിപ്പോകുന്ന ചുണ്ടുകളും കൊണ്ട് വളരെ പാടുപെട്ട് അയാള്‍ മകന്റെ കാതുകളെ തന്നിലേക്കടുപ്പിച്ചു.
വിറയാര്‍ന്ന ശബ്ദത്തില്‍ പറയാന്‍ ശ്രമിച്ചു.
”എന്റെ കല്ലറയ്ക്കു മേല്‍ പേരിനു താഴെയായി ഞാനിനി പറയുന്നത് നീ കൊത്തി വയ്പ്പിക്കണം. അത്.-…..”
മകന് കാതു കൂര്‍പ്പിച്ചു. നിശ്ശബ്ദത. ഒന്നും കേള്‍ക്കാനായില്ല. അഥവാ അയാള്‍ക്ക് ഒന്നും പറയാനായില്ല. അത് മറ്റൊരാള്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ അനുവദിക്കാതെ ജീവിതം അയാളെ മരണത്തിന് കൈമാറിക്കളഞ്ഞു.
അഛന് പറയാന്‍ തുനിഞ്ഞത് എന്താണെന്നറിയാന്‍ കഴിയാതിരുന്നതിനാല്‍ അഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായില്ലല്ലോ എന്നോര്‍ത്ത് ദുഖിച്ച് മകന് തന്റെ മരണം വരെ ഇടയ്ക്കിടെ ഛെ,..ഛെ. എന്നു പിറുപിറുത്തു കൊണ്ടേയിരുന്നു.