ചില കാര്യങ്ങള്‍

വീണ്ടുമൊരു തവണ കൂടി രഘു നാഥ് സമയം നോക്കി.
കാത്തിരിപ്പ് തുടങ്ങിയിട്ട് ഇരുപ ത്തിമൂന്നു മിനിറ്റ് കഴിഞ്ഞുവെന്ന യാള്‍ സ്വന്തം മനസ്സിനോട് തന്നെ പറഞ്ഞു.
മധുമിത പറഞ്ഞത് ശരിയാണെ ങ്കില്‍ അടുത്ത ഏഴുമിനിറ്റിനകം അവള്‍ ചുവപ്പും നീലയും ചില്ലിട്ട വാതില്‍ തുറന്ന് താന്‍ ഇരിക്കുന്ന പതിനൊന്നാം നമ്പര്‍ മേശയുടെ അടുത്തേക്ക് നടന്നു വരണം.
അവള്‍ തന്നെ തീരുമാനിച്ച, അവള്‍ക്കു പ്രിയതരമായ, അവള്‍ക്കു പരിചിത സ്ഥലമാകയാല്‍ വലിയ തൂണിനടുത്തുള്ള ഈ മേശ കണ്ടു പിടിക്കുവാന്‍ പ്രയാസമുണ്ടാകില്ല എന്നുറപ്പാണ്.
ക്രിസ്റ്റല്‍ ഗ്ലാസ് ടംബ്ലറില്‍ അവശേഷിച്ചിരുന്ന ഡയറ്റ് കോക്കിന്റെ അവസാന കവിള്‍ അയാള്‍ വലിച്ചു കുടിച്ചു. ഡയറ്റ് കോക്കിന്റെ സാധാരണ കാന്‍ വാങ്ങി അത് ഗ്ലാസ് ടംബ്ലറിലേക്ക് പകര്‍ന്ന് നേര്‍പ്പിക്കാത്ത കോന്യാക്ക് പോലെ കുറെശെയായി ശ്രദ്ധാപൂര്‍വ്വം കുടിക്കുന്നത് തന്റെ ശീലം എന്നതിനെക്കാള്‍ ശീലവൈകൃതം തന്നെയായി വളര്‍ന്നിരിക്കുന്നു. അതങ്ങനെയായിതീര്‍ന്നത് വിവാഹമോചനത്തിന് ശേഷമാണെന്ന് അയാള്‍ ഓര്‍മ്മിച്ചു.
ചില സ്വാതന്ത്ര്യങ്ങള്‍ ചില അലങ്കാരങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ആ ചിന്തയാല്‍ അയാള്‍ക്ക് ചിരിക്കാന്‍ തോന്നി. ശബ്ദമില്ലാതെ അയാള്‍ ചിരിച്ചു.
എങ്കിലും ആ ചിരി അയാളുടെ ഉള്ളറകളില്‍ ഒരു കടുത്ത മുഴക്കമായി തന്നെ നിറഞ്ഞു.
സോറി, രഘൂ. ട്രാഫിക് പതിവിലും കൂടുതലായിരുന്നു. വിശേഷിച്ച് വെള്ളിയാഴ്ച ഇവിടെ ഇങ്ങനെയാ. കൂടാതെ പുള്ളിയെ പറഞ്ഞു സമ്മതിപ്പിക്കാന്‍ എത്ര പാട് പെട്ടെന്നൊ. എന്തൊക്കെ ചോദ്യങ്ങളായിരുന്നു. സത്യത്തില്‍ ഈ ജീവിതം ഞാന്‍ വെറുത്തു തുടങ്ങി”
ചെറിയ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വളരെ വേഗതയില്‍ സംസാരിക്കുന്നത് മധുമിതയുടെ രീതിയാണ്. അനാകര്‍ഷകമായ ചേഷ്ടയായി അയാള്‍ക്കത് അനുഭവപ്പെട്ടിട്ടില്ല.
സംസാരത്തിനിടയില്‍ തന്നെ മധുമിത നീളം കൂടിയ ഓവര്‍ക്കോട്ട് അഴിച്ചെടുത്ത് കസേരയുടെ ചാരില്‍ തൂക്കിയിട്ടു. കഴുത്തില്‍ ചുറ്റിയിരുന്ന കമ്പിളി സ്‌കാര്‍ഫ് അവള്‍ ഓവര്‍ക്കോട്ടിനു മുകളില്‍ മടക്കിയിട്ടു. വസ്ത്രങ്ങള്‍ക്ക് ചേരുന്നവിധം അതീവ ശ്രദ്ധയോടെ തെരഞ്ഞെടുത്ത കേംബ്രിഡ്ജ് സാഷെല്‍ ലെതര്‍ ബാഗ് അവള്‍ മേശപ്പുറത്ത് വച്ചു. അവളങ്ങനെ ചെയ്യാന്‍ തുടങ്ങുമ്പോള്‍ മേശക്കുമുകളില്‍ വേണ്ടത്ര സ്ഥലമുണ്ടായിരുന്നുവെങ്കിലും കൊക്കകോളക്കാനും ഗ്ലാസ്സും അയാള്‍ ഒതുക്കി വച്ചുകൊണ്ട് ആചാരം കാണിച്ചു.
അവള്‍ പുഞ്ചിരിച്ചു.
ഹാളില്‍ ഒന്നുരണ്ടു വര്‍ണ്ണവിളക്കുകള്‍ കൂടി തെളിഞ്ഞതായി അയാള്‍ സംശയിച്ചു.
പറഞ്ഞ നുണകള്‍ പുള്ളിക്കാരന്‍ വിശ്വസിച്ചുവോ?
ഭര്‍ത്താവിനെ തന്മയത്വചാരുതയുള്ള കളവുകള്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മധുമിത മിടുക്കിയാണെന്ന് അയാള്‍ക്കറി യാത്തതല്ല. ആ ചോദ്യം അവള്‍ക്കുമേല്‍ തനിക്കെപ്പോഴും ഒരു കരുതലുണ്ടെന്നുള്ള തോന്നലുള വാക്കും എന്നയാള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. ഓരോ വാക്കിലും നടപ്പിലും നോട്ടത്തില്‍പോലും അയാള്‍ ആ കരുതല്‍ കാത്തു വച്ചു.
സോപ്പുകുമിളപോലെ വര്‍ണ്ണഭംഗിയാര്‍ന്ന ചില മനോരഥ തരംഗങ്ങളുടെ പ്രത്യാവൃത്തി ധാരാ പ്രസരണങ്ങള്‍, ആ കരുതല്‍ സ്ത്രീ മനസ്സുകളില്‍ ജനിപ്പിക്കുമെന്ന് ഈ വിഷയസംബന്ധമായി അയാള്‍ വാങ്ങി കൂട്ടിയ മനഃശാസ്ത്ര പുസ്തകങ്ങളില്‍ സന്ദേഹത്തിന് വകയില്ലാതെ വിവരിച്ചിട്ടുള്ളതില്‍ ചില വരികള്‍ ആവര്‍ത്തന വായനയുടെ ആധിക്യത്താല്‍ അയാള്‍ക്ക് ഹൃദിസ്ഥമാണ്.
വിവാഹ മോചനശേഷമുള്ള പ്രായോഗിക പരീക്ഷണങ്ങളെല്ലാം അവ വാസ്തവങ്ങള്‍ മാത്രമെ ന്നുള്ള ഫലപ്രാപ്തി അയാള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിലയാള്‍ അഭിമാനിച്ചിരുന്നു.
മ്… അതിപ്പോ…. ഡാനിയേല്‍ വിശ്വസിച്ചു കാണണം. മൌറീനും ഹാര്‍പ്പറും ഉണ്ടെന്നു ഞാന്‍ പറഞ്ഞു. പിന്നെ നമ്മുടെ നഷ്ടവസന്തം വസുന്ധരാ പട്ടേലും കൂടുന്നു എന്ന് കാച്ചി. അതേറ്റു. പൊക്കോ എന്ന് പറഞ്ഞു. വൈകാതെയെത്തണമെന്നും കൂടുതല്‍ കുടിക്കരുതെന്നും പറഞ്ഞു കേട്ടോ. എന്നിട്ട് എനിക്ക് മുന്നേ പുള്ളി പബ്ബിലേക്ക് പോയി. സ്‌നൂക്കര്‍ കളിക്കാനെ ന്നാണ് പറഞ്ഞത്. എനിക്കറിയില്ലേ കളി. ശോശാമ്മ ചെറിയാന്‍ ഹോളിഡെ കഴിഞ്ഞു വന്നു. ഹി ഹി ഹി
മധുമിത പറഞ്ഞുനിര്‍ത്തിയിട്ടു ശ്വാസമെടുത്തു. പുറത്തു പെയ്തു കൊണ്ടിരുന്ന മഴയുടെ ഇരമ്പം ഒന്നു കുറഞ്ഞത് അയാള്‍ വ്യക്തമായി തിരിച്ചറിഞ്ഞു.
മൗറീനെയും ഹാര്‍പ്പറെയും വസുന്ധരയെയും അയാള്‍ക്ക് നല്ലോണമറിയാം. മധുമിതയുടെ സഹപ്രവര്‍ത്തകരാണ് അവര്‍. മൌറീനും ഹാര്‍പ്പറും ഡിസംബറില്‍ വിവാഹിതരാവുകയാണ്. ആ വിവാഹ പരിപാടിയില്‍ ധരിക്കേണ്ട വസ്ത്രം വാങ്ങുന്ന തിനെചൊല്ലി രണ്ടു മണിക്കൂര്‍ മധുമിത തന്നോട് സംസാരിച്ചതും തന്റെ നിര്‍ദ്ദേശം സ്വീകരിച്ചതും ആ നിര്‍ദ്ദേശത്തിന് തന്നെ അഭിനന്ദിച്ചതും അയാള്‍ ഓര്‍മ്മിച്ചു.
ഒരു ആറുമാസക്കാലം ഒപ്പംകൂടി നടന്ന അയര്‍ലാന്‍ഡുകാരി ആനബേല്‍ ഹെയ്ട്ടര്‍ എന്ന ഡിസൈനര്‍ ഷോപ്പ് മാനേജ രുടെ താല്‍പ്പര്യങ്ങള്‍ ഓര്‍ത്ത് താന്‍ പറഞ്ഞ അഭിപ്രായം മധുമിതക്ക് അത്രകണ്ട് ഇഷ്ടപ്പെടുമെന്ന് അന്നയാള്‍ സ്വപ്‌നേപി നിരൂപിച്ചില്ല.
വസുന്ധര പട്ടേല്‍ വിധവയാണ്. മധുമിതയുടെ നേരെ മുകളിലുള്ള ഉദ്യോഗസ്ഥ. ബാങ്കിന്റെ ആ ബ്രാഞ്ചിന്റെ ഉത്തരവാ ദിത്വം അവര്‍ക്കാണ്.
അകാല വൈധവ്യമടിച്ചേല്‍പ്പിച്ച ചില അസ്വാഭാവിക പെരുമാറ്റ വൈചിത്ര്യമുണ്ടെങ്കിലും അവര്‍ സ്‌നേഹമുള്ള സ്ത്രീയാണെന്ന് മധുമിത ആവര്‍ത്തിച്ചു പറയാറുണ്ട്.
അങ്ങനെയവള്‍ പറയുമ്പോളൊക്കെ ”മധുവിനെ പോലെ” എന്നയാള്‍ മറക്കാതെ പറയുമായിരുന്നു.
ആറുമാസത്തെ പരിചയംകൊണ്ട് തന്റെ ഭൂത, വര്‍ത്തമാന ഭാവികാല ജീവിതത്തെക്കുറിച്ച് മധുമിത അയാള്‍ക്ക് ഒരു ചലന ചിത്രസംഹിത സംഭാവന ചെയ്തിരുന്നു. അക്കാര്യത്തില്‍ ഒട്ടുമിക്ക പെണ്ണുങ്ങളും ഒരേ സ്വഭാവക്കാരാണ് എന്ന നിഗമന ത്തില്‍ അയാള്‍ എത്തിച്ചേ രുകയും അത് നൂറു ശതമാനം ശരിയാണ് എന്നയാള്‍ വിശ്വസിക്കുകയും ചെയ്തു.
മധുമിതയുടെ ദുഃഖം അവളുടെ ഭര്‍ത്താവാണ്.
അങ്ങനെയാണ് അവള്‍ പറഞ്ഞിട്ടുള്ളത്.
യു.കെ.യിലേക്ക് കുടിയേറിയതിനുശേഷം അയാളുടെ സ്വഭാവം കൂടുതല്‍ അധികാരം കാണിക്കുന്നതും, സ്വാതന്ത്ര്യം വിലക്കു ന്നതും സംശയം കൂടിയതുമായി തീര്‍ന്നിരിക്കുന്നുവെന്നവള്‍ പരിതപിച്ചു.
കോപവും ഈര്‍ഷ്യയും പ്രകടിപ്പിക്കാനുള്ള ഒരു ലക്ഷ്യസ്ഥാനം മാത്രമാണവള്‍ അയാള്‍ക്ക്.
കിടക്കയില്‍ പാതി ബോധത്തില്‍ ചില പേക്കൂത്തുകള്‍ നടത്തുന്നതിനു വഴങ്ങുന്നത്, മക്കള്‍ ഒന്നും അറിയരുത് എന്നുള്ള ഒരേ ഒരു ചിന്തയാല്‍ മാത്രമാണെന്ന് പറയുമ്പോള്‍ മധുമിത വിതുമ്പി പോയത് അയാള്‍ ഓര്‍മ്മിച്ചു.
സാരമില്ല മധു… മക്കളില്ലേ… അവരെ കൂട്ടുകാരായി കാണൂ..
അന്നയാള്‍ സ്‌നേഹത്തിന്റെ ആത്മതത്വം അവളോട് പറഞ്ഞു.
ശരിയാ രഘു… മക്കള്‍ തന്നെയാണ് എനിക്കിന്ന് കൂട്ടുകാര്‍.. ഗോവിന്ദിന് ഇരുപത്തിനാല് കഴിഞ്ഞു. കീര്‍ത്തനക്ക് ഇരുപത്തിരണ്ടും. തനിക്കൊപ്പം വളര്‍ന്ന സന്താനങ്ങള്‍ ഉണ്ടെന്ന ചിന്തയില്ലാതെയാണ് ഡാനിയല്‍ ഇപ്പോഴും ഇങ്ങനെ എന്റെ പുറകെ…. ശേ.”
ഗോവിന്ദിന് ടൊയോട്ടയില്‍ ജോലി കിട്ടിയ കാര്യവും കീര്‍ത്തന റിസേര്‍ച് തുടങ്ങുന്ന കാര്യവും മധുമിത അയാളോട് പറഞ്ഞിരുന്നു.
ഒരു തരത്തില്‍ മധു പാവം പിടിച്ച സ്ത്രീ തന്നെ.
മക്കള്‍ എത്ര സ്‌നേഹിതര്‍ ആയാലും ഇതുപോലെ മനസ്സ് തുറന്നു ഒന്ന് മിണ്ടുവാന്‍, ഒരു മേശക്ക് ഇരുപുറവുമിരുന്ന് ഒന്നോ രണ്ടോ ഡ്രിങ്കുകള്‍ കഴിക്കാന്‍ ഈ അമ്പെത്തെട്ടു വയസ്സിലും ഒരു ബാങ്ക് മാനേജര്‍ ആയ മലയാളിവനിതക്ക് ഒരാള്‍ കൂട്ടില്ലായെന്ന് വന്നാല്‍ അത് ജീവിതം കാട്ടുന്ന ക്രൂരത തന്നെ.
സ്ത്രൈണഭാവത്തിന്റെ ജൈവനീതിയായ ചാക്രിക സ്പന്ദനങ്ങള്‍ കെട്ടുപോയിട്ടും കാതരമായ മനസ്സും, കാമനകള്‍ ഉറങ്ങുന്ന കണ്ണുകളും, ചടുല വേഗമാര്‍ന്ന വാക്കുകളും തുടുത്തു വിറയ്ക്കുന്ന അധരങ്ങളുമായി തനിക്ക് അഭിമുഖമായി ഇരിക്കുന്ന ഇവള്‍ ദേവസുന്ദരി തന്നെ.
താന്‍ ഇന്നവളെ പൂകുന്ന ദേവരാജനായി ചമയുകയാണ്.
“മധു കാര്‍ എടുത്തില്ലല്ലോ അല്ലെ?”
അയാള്‍ ചോദിച്ചു.
“ഇല്ല. എടുക്കരുതെന്ന് പ്രത്യേകം പറഞ്ഞു. ഒന്ന് രണ്ടു ഡ്രിങ്ക് കഴിഞ്ഞാല്‍ ഞാന്‍ ഒരു വഴിക്കാകുമെന്ന് പുള്ളിക്കാരന്‍ പറയും.”
അയാള്‍ മധുരമായി പുഞ്ചിരിച്ചു. മധുമിത മദ്യപിക്കാന്‍ തയാറായി വന്നിരിക്കുകയാണ്. നല്ലത്.
ഇന്നേ ദിവസം താന്‍ മദ്യം തൊടില്ല എന്നയാള്‍ തീരുമാനിച്ചു.
അവളുടെ സുരക്ഷിതത്വം നോക്കുന്നതിനും തിരികെ അവളെ വീട്ടില്‍ എത്തിക്കേണ്ടി വന്നാല്‍ അങ്ങനെ ചെയ്യുന്നതിനും അതാവശ്യമാണെന്നൊരു പൊളി പറയാമെന്നയാള്‍ തീരുമാനിച്ചു.
ഹാളില്‍ ചടുല താളത്തില്‍ സംഗീതമുണര്‍ന്നു.
അയാള്‍ അവള്‍ക്കു പ്രിയമുള്ള ഭക്ഷണങ്ങളും പാനീയവും വരുത്തി.
നേരത്തെ തീരുമാനിച്ച കാര്യം അയാള്‍ വളരെ ഭംഗിയായി അവളുടെ മുമ്പില്‍ അവതരിപ്പിച്ചു.
അങ്ങനെയത് ചെയ്യാന്‍ കഴിഞ്ഞതില്‍ അയാള്‍ അയാളെ അഭിനന്ദിച്ചു.
എന്തുമാത്രം സ്‌നേഹവും ശ്രദ്ധയുമാണ് നീ എനിക്കുവേണ്ടി കരുതി വക്കുന്നത്. ഞാന്‍ കടപ്പെട്ടിരിക്കുന്നു. കടമപ്പെട്ടിരി ക്കുന്നു, രഘു.”
അവള്‍ മുറിയിലെ പ്രകാശ ശ്രോതസ്സുകളില്‍ ചിലത് മിഴികളിലേക്ക് ആവാഹിച്ചു.
പുറത്തു മഴ വീണ്ടും കനം കൊണ്ടു.
ഏയ്.. മധു.. എന്താ ഇത്….”
എന്നിട്ടയാള്‍ കൂടുതല്‍ വെന്തുപോകാതെ ചുട്ടെടുത്ത ഒരു ചെമ്മീന്‍ താളാത്മകമായി ചവച്ചു. അത് ചവക്കുമ്പോഴുണ്ടായ ഒച്ച അവള്‍ കേട്ടില്ലയെന്ന് നടിച്ചു.
മധൂ… എന്റെ ഈ സ്‌നേഹത്തിനും കരുതലിനും പ്രതിഫലം വേണം കേട്ടോ… വാക്കുകള്‍ കൊണ്ടല്ലാതെ.”
അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നിട്ട് ജീവിതത്തില്‍ ആദ്യത്തെ അശ്ലീല പദം ഉറക്കെ ഉരുവിട്ട കുട്ടിയുടെ ഭാവത്തോടെ അവളെ നോക്കി.
ആ സമയത്ത് അവള്‍ മൂന്നാമത്തെ ഡ്രിങ്ക് ഫിക്‌സ് ചെയ്യുകയായിരുന്നു.
തീര്‍ച്ചയായും രഘൂ… ഈ ദിവസം എനിക്കത്ര പ്രിയതരമാണ്. ഞാന്‍ എന്നെ സ്വതന്ത്രയാക്കുന്ന ദിനം. സ്ത്രീ സ്വത്വം ഞാന്‍ തുറന്ന് വിടുകയാണ്. ഡാനിയെലിനോട് എനിക്കിങ്ങനെ മാത്രമേ പ്രതികാരം ചെയ്യാന്‍ പറ്റൂ. ഭാര്യയാണെങ്കിലും ഞാന്‍ അടിമയല്ല. ദുഷ്ടന്‍.
അയാള്‍ സ്‌നേഹപൂര്‍വ്വം അവളുടെ കണ്ണുനീര്‍ തുടക്കാന്‍ ആഗ്രഹിച്ചു. പക്ഷെ അത് വേണ്ടന്നയാള്‍ നിശ്ചയിച്ചു.
എന്താണ് ഡാനിയേലിനെ ഇങ്ങനെ ചീത്ത പറയാന്‍?”
ജീവിതത്തില്‍ സങ്കല്പ്പങ്ങളിലെ ഭര്‍ത്താവായി വരിച്ചവന്‍ വളരാതെ വരുമ്പോള്‍ കാമുക നോട് അയാളെക്കുറിച്ച് കുറവ് പറയുന്നത് ഗവേഷണമര്‍ഹിക്കുന്ന നിഗൂഡതയൊന്നുമല്ല. സംസ്‌കാരം, മാറിമറിഞ്ഞ് ജലകണങ്ങള്‍ ഭാരം വെടിഞ്ഞു ബാഷ്പമായിയുയര്‍ന്ന് നീരദമാലകളായി ചക്രവാള സീമകള്‍ താണ്ടി പറക്കുന്നപോലെ, ഗുരുത്വം വെടിഞ്ഞു വളരുന്ന ഈ രാജ്യത്ത് ഇത്തരം ചില നിയതികള്‍ നിലനില്‍ക്കുന്നത്, തന്നെപോലെ യുള്ളയാളുകള്‍ക്ക് ശരീരത്തിന്റെ ജൈവ ചോദനകള്‍ നിലതെറ്റാതെ തുടരുന്നതിന് സഹായകമാകുന്നു. ആ അര്‍ത്ഥത്തില്‍ കുടുംബത്തില്‍ ഇണകള്‍ക്കിടയില്‍ അസ്വാരസ്യം വളരുന്നത് ഉചിതമാണെന്ന് രഘു ഉറപ്പിച്ചു.
“കാരണം.. അതു ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു. മറവി കൂടുന്നു ചെക്കന്. ഷുഗര്‍ ചെക്ക് ചെയ്യണം. പ്രായം അമ്പതു കഴിഞ്ഞില്ലേ?”
ആ വാക്യത്തില്‍ അവള്‍ വേണ്ടതിലധികം മധുരം കലര്‍ത്തിയെന്ന് അയാള്‍ക്ക് തോന്നി.
അവള്‍ പറയുന്നത് ശരിയാണ്.
യു.കെ.യിലെത്തി പതിനാലു കൊല്ലം കഴിഞ്ഞു. പക്ഷെ ഒരു നാള്‍ പോലും ഒരുമിച്ചൊരു യാത്രയോ, ഷോപ്പിങ്ങോ, പുറത്തു നിന്ന് ഭക്ഷണം കഴിക്കലോ ഭര്‍ത്താവിനൊപ്പം നടത്താന്‍ അവള്‍ക്കു കഴിഞ്ഞിട്ടില്ലയത്രേ. കുട്ടികള്‍ ഒപ്പമുള്ളതു കൊണ്ടും അവരുടെ സ്‌നേഹം കൊണ്ടും മാത്രമാണ് അവള്‍ കുറച്ചെങ്കിലും പിടിച്ചു നിന്നത്.
കിടക്കറയില്‍ സ്വന്തം ഇഷ്ടങ്ങള്‍ മാത്രം നോക്കി ഒരു മാനിക്വിന്‍ പോലെ അവളെ രൂപപരിണാമ പ്രക്രിയയിലൂടെ നടത്തി തന്റെ സുഖം മാത്രം നോക്കുകയും നോവുകളും വിങ്ങലുകളും പെയ്‌തൊഴിയാന്‍ ഒരു ശിലാശിഖരമാകാതെ കുറ്റപ്പെടുത്തി അധികാരം അടിച്ചേല്‍പ്പിച്ചു പകലുകള്‍ നീക്കുകയും ചെയ്യുന്ന പുരുഷനെ ഏതു സ്ത്രീക്ക് സഹിക്കാനാവും.
അതെ മധൂ. ഡാനിയേലിനോട് പ്രതികാരം ചെയ്യാന്‍ ഞാന്‍ തുണയാകും നിനക്ക്. എല്ലാ തരത്തിലും. ഇന്നു തന്നെ.
അയാളുടെ ചിന്ത അവള്‍ അയാളുടെ കണ്ണുകളില്‍ വായിച്ചു.
എനിക്ക് മനസ്സിലായി ….വാ പോകാം…
അവള്‍ ഉറക്കെ ചിരിച്ചു. അവളുടെ ശബ്ദം കുഴഞ്ഞും കാലുകള്‍ ഇടറിയും ഇരുന്നു.
മധൂ ഞാന്‍ കൊണ്ടുവിടാം. പോകുന്ന വഴിക്ക് എന്റെ വീട്ടിലിറങ്ങി ഒന്നു ഫ്രഷായി പോകാം.. എന്താ?
അയാള്‍ പതിയെ അവളുടെ കാതില്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ക്ക് പാരീസ് നഗരത്തിന്റെ സുഗന്ധം അനുഭവപ്പെട്ടു.
അയാളുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാവുകയും രക്തക്കുഴലുകള്‍ മാംസ പേശികളിലേക്ക് കൂടുതലളവില്‍ രക്തം വഹിപ്പിച്ച് അവയെ ബലപ്പെടു ത്തുകയും ചെയ്തു.
കാര്‍ ഓടവേ മധുമിത ഒരു മയക്കത്തിലേക്ക് വഴുതി.
അയാള്‍ പതിയെ സ്റ്റിയറിംഗ് വീലില്‍ താളമിട്ടു.
മൂന്നാമത്തെ റൗണ്ട് എബൗട്ട് എത്തുന്നതിനു തൊട്ടുമുമ്പ് നീണ്ട ട്രാഫിക് ക്യൂവില്‍ അവര്‍ പെട്ടു.
മുമ്പില്‍ നീല വെളിച്ചം മിന്നുന്നത് കാണാം. അയാള്‍ക്ക് അക്ഷമ വളര്‍ന്നു.
രഘു മധുമിതയെ നോക്കി. അയാള്‍ക്ക് അവളെ ചുംബിക്കണമെന്ന് തോന്നി.
അയാള്‍ സീറ്റ് ബെല്‍റ്റ് അഴിച്ചു. എന്നിട്ട് മധുമിതയുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.
മധുമിത ഞെട്ടിയുണര്‍ന്നു.
“ഡാനീ. സ്‌റ്റോപ്പിറ്റ്!.”
രഘുനാഥ് ഞെട്ടിപ്പോയി. അത്തരമൊരു പ്രതികരണം അയാളെ സംബന്ധിച്ച് പുതുമയല്ല. എന്നാല്‍ അവള്‍ വിളിച്ച പേര് അയാളെ ഞെട്ടിച്ചു.
“മധൂ …ഇത് ഞാനാണ്..”
“എനിക്കറിയാം രഘൂ. ഞാന്‍ നല്ല ലഹരിയിലാണ്. എന്നെ ഒന്നിനും കൊള്ളില്ല. ദയവായി വീട്ടില്‍ കൊണ്ടു വിടൂ.”
ഓകെ.. ഓകെ..”
തടസ്സമൊഴിഞ്ഞയുടന്‍ വാഹനങ്ങള്‍ നീങ്ങി തുടങ്ങി.
അടുത്ത പത്തു മിനിറ്റിനകം അവര്‍ മധുമിതയുടെ വീട്ടിലെത്തി.
കാര്‍ ഡ്രൈവ് വേയില്‍ കയറിയപ്പോള്‍ തന്നെ മുന്‍വാതിലിനു മുന്നിലെ വിളക്ക് തെളിഞ്ഞു.
വാതില്‍ തുറന്ന് ഒരു യുവതിയും യുവാവും പുറത്തു വന്നു. അത് ഗോവിന്ദും കീര്‍ത്തനയും തന്നെയെന്ന് രഘുവിന് ഉറപ്പായിരുന്നു.
അവര്‍ വന്നു മധുമിതയെ താങ്ങി.
“മമ്മീ…”
“ഡാഡി ഇല്ലേ അകത്ത്?”
രഘു ചോദിച്ചു.
അയാളുടെ ചോദ്യം അവര്‍ കേട്ടില്ലയെന്ന് തോന്നുന്നു.
ഞാന്‍ കിടക്ക വിരിക്കാം. കീര്‍ത്തനാ നീയും രഘുസാറും കൂടി അമ്മയെ കിടക്ക മുറിയിലേക്ക് കൊണ്ടുവരൂ.”
ഗോവിന്ദ് അകത്തേക്കോടി.
കീര്‍ത്തന അമ്മയെ താങ്ങി. രഘു അവളെ സഹായിച്ചു.
അവര്‍ മധുവിനെ കിടക്കയിലേക്ക് കിടത്തി.
തിരിഞ്ഞു നടക്കും മുമ്പ് ആ ഡബിള്‍ കിടക്കയുടെ തലക്കലുള്ള വലിയ ചെസ്റ്റില്‍ ഇരുന്നിരുന്ന ഒരു പുരുഷന്റെ ചിത്രം അയാളുടെ ശ്രദ്ധ കവര്‍ന്നു.
ഗാംഭീര്യമുള്ള പുരുഷന്‍. ചിത്രത്തിനു താഴെ പേരുമുണ്ട്.
ഡാനിയല്‍ റോബര്‍ട്ട്.
ആ ചിത്രത്തിനു മുന്നില്‍ ഒരു ആലക്തിക ദീപം തെളിഞ്ഞു നിന്നു.
ഇത്?
അയാള്‍ അവരോടായി ചോദിച്ചു.
“ഞങ്ങളുടെ പപ്പാ… ഇന്ന് പപ്പാ മരിച്ച ദിവസമാണ്. ഞങ്ങള്‍ യു.കെ. യിലേക്ക് വരുന്നതിന്റെ തലേവര്‍ഷം ദുബായില്‍ ഒരു അപകടത്തില്‍ അദ്ദേഹം മരിക്കുകയായിരുന്നു.”
ഗോവിന്ദ് പറഞ്ഞു.
പിന്നെ അവിടെ തുടരാന്‍ മമ്മക്ക് കഴിയില്ലായിരുന്നു. അങ്ങനെയാണ് ഇവിടേക്ക് പോരാന്‍ ബാങ്ക് വഴി ശ്രമിച്ചതും ഇവിടെ വന്നതും.
കീര്‍ത്തനയാണ് പറഞ്ഞത്.
“പാവം ഞങ്ങളുടെ മമ്മ. ഇന്നും പപ്പയോടൊപ്പം ജീവിക്കുന്നു.”
കിടക്കയില്‍ മധുമിത ഡാനിയോട് എന്തോ പരിഭവം പറഞ്ഞു.
“പുറത്തു പോകുമ്പോള്‍ മമ്മ പറഞ്ഞിരുന്നു താങ്കള്‍ ഒപ്പമുണ്ടാകുമെന്നും, മമ്മയെ താങ്കള്‍ സുരക്ഷിതമായി ഇവിടെയെ ത്തിക്കുമെന്നും. ചുരുങ്ങിയ കാലംകൊണ്ട് അത്ര വലിയ സൗഹൃദവും സാന്ത്വനവുമാണ് താങ്കള്‍ മമ്മക്ക് കൊടുക്കുന്നതെന്ന് മമ്മ പറയാറുണ്ട്.”
രഘുവിന് തണുപ്പു തോന്നി.
രക്തക്കുഴലുകള്‍ ചുരുങ്ങുകയും അവ ഇനിയൊരിക്കലും പേശികള്‍ക്ക് ബലം വയ്ക്കുന്ന തരത്തില്‍ രക്തം വഹിക്കില്ലയെന്നും അയാള്‍ക്ക് തോന്നി.
അതെ… നിങ്ങളുടെ മമ്മ മനസ്സിലാക്കിയത് ശരിയാണ്
എന്നിട്ടയാള്‍ സാവധാനം കാറിനടുത്തേക്ക് നടന്നു.