ചില്ലിട്ടതില്‍ ചിലത്

തിരിഞ്ഞു കിടക്കാന്‍ മറന്നൊരു
ഉറക്കത്തില്‍ നിന്നും
ചുവരില്‍ ഒട്ടിച്ച
ഗുണനപ്പട്ടികയിലേക്ക് കണ്ണ് തുറക്കും
തണുത്ത് മുറുകിയ വാതിലിനെ
‘മ്മേ’ന്ന് വിളിച്ച് തുറപ്പിക്കും
കറുമ്പന്‍ റേഡിയോയുടെ ചീറ്റലുകളില്‍
അവധിയെന്നൊരു വാക്ക് തിരയും
ഉണക്കുകപ്പ അടുപ്പിലേക്കന്നേരം
തിളച്ചു തൂവും
ഓടിന്റെ വിള്ളലിലൂടെ
മഴ അടുക്കള കാണാനെത്തും
മാറാലച്ചൂല് കൊണ്ട് അമ്മയാവഴികളെ
കുത്തിനോവിക്കും
അമ്മ തോല്‍ക്കുമ്പോള്‍
വക്കടര്‍ന്ന കഞ്ഞിക്കലം
അടുക്കളമഴയെ ഗര്‍ഭം കൊള്ളും…
പാതകച്ചുവട്ടിലെ വിറകും ചൂട്ടും
ഇന്നാളു വന്ന മഞ്ഞച്ചേരയെ ഓര്‍ത്ത്
ഇടയ്ക്കിടെ വിറങ്ങലിക്കും
തറ നനവിലവിടിവിടെ
പഴഞ്ചാക്കുകള്‍ പുതഞ്ഞു കിടക്കും
മുള പൊട്ടിയ ചൊറിയന്‍ ചേന
ഉരല്‍ച്ചോട്ടില്‍ കൂട്ട് കിടക്കും
പിന്‍ വരാന്തയുടെ ഒട്ടുപാല്‍ മണത്തിലേക്ക്
നനഞ്ഞ കോഴികള്‍ ചേര്‍ന്നു നില്‍ക്കും
കുളിമുറിയിലേക്കുള്ള ഒച്ചുകളുടെ യാത്ര
മണ്ണെണ്ണ വീണ് പൊള്ളിയടരും…
താഴേ പറമ്പില്‍
മിന്നലേറ്റ് കരിഞ്ഞ താന്നിമരത്തിന്റെ
മരിക്കാത്ത ഞരമ്പിലേയ്ക്ക്
സൂചിമഴ മുനയിറക്കും
ഉറവയോളമെത്തി തിരികെ മടങ്ങുന്ന വേരുകളോടവ
ഒരിക്കല്‍ കൂടിയെന്ന് പറയും
അലക്കുകല്ലുകളെ വിഴുങ്ങിയ തോട്
പറമ്പുകയറി മലര്‍ന്നു കിടക്കും…
പായല്‍ച്ചുവയുള്ള വെള്ളം
കുലുക്കുഴിഞ്ഞ്
മുറ്റത്തേക്കൊരു കഥ
തെറിച്ച് വീഴും
വാക്കുകളുടെ വിടവുകളില്‍
വെറ്റിലക്കറ തെളിയും
കുത്തിനും കോമയ്ക്കുമിടയിലെല്ലാം
കടുംകാപ്പിയുടെ ചൂടിറങ്ങും…
‘പണ്ട് പണ്ടൊരു പെരുമഴക്കാലത്തെ’ന്ന്
ഉമ്മറത്തെല്ലാം കഥ പെയ്യും…
അതില്‍ ഉരുള്‍ പൊട്ടും
ആറ്റിലൂടെ ആനയൊഴുകും…
മരിച്ചവരൊക്കെ തിരിച്ച് വന്ന്
പാളത്തൊപ്പി വച്ച് ഇറയത്തു നില്‍ക്കും
ബെല്ലടിക്കാറായല്ലോന്നോര്‍ത്ത്
തല നനയ്ക്കണ്ടാന്നുറപ്പിച്ച്
നീലേം വെള്ളേം എടുത്ത് പിന്നാമ്പുറത്തേയ്ക്ക് ഓടും
മറന്ന തോര്‍ത്തിനു പിന്നേം ‘മ്മേ’ വിളിക്കും
ഒന്നുമുണ്ടായിട്ടല്ല!!
ചുമ്മാ അങ്ങ് പറയുവാരുന്നു
അങ്ങനെയുണ്ടാരുന്നു ഒരു മഴക്കാലം…ന്ന്