Main Menu

കോമ്പല

Abu Iringattiriപുതിയ വീടുകൂടിയതിന്റെ ഇരുപത്തിനാലാം നാള്‍ ദാസേട്ടന്‍ യാത്ര പറഞ്ഞു. പതിവു പോലെ കുറേ പുസ്തകങ്ങളും അച്ചാറ്, കൊണ്ടാട്ടം, ഉപ്പിലിട്ടത്, ഉണക്കമീന്‍ , ചെമ്മീന്‍ പൊടി എന്നിവ ഭദ്രമായി കടലാസു പെട്ടിയിലാക്കി ചൂടിക്കയറുകൊണ്ട് വരിഞ്ഞുകെട്ടി, തോര്‍ത്തെടുത്ത് മുഖം തുടച്ച്  ചെറുതായൊന്നു തേങ്ങി. കാലങ്ങളായി പതിവുള്ള ശീലമായതിനാല്‍ ഞാന്‍ എന്നെ കഠിനമായി നിയന്ത്രിച്ചു. എത്ര പറഞ്ഞാലും കേള്‍ക്കാത്ത ആ മനസ്സിനോട് ഇനിയും തര്‍ക്കിച്ചിട്ടെന്തു കാര്യം?

‘ദേവൂട്ട്യേ ഞാന്‍ പോട്ടെ..’

‘ഇനീം പോവ്വാണോ?’

‘നിര്‍ത്താനാവുന്നില്ല ദേവൂ.. ഓരോ തവണ വരുമ്പളും മനസോണ്ട് നിരീക്കും, ഇക്കുറി മടക്കല്ല്യാന്ന്.. നാല്‍പ്പദീസം കഴിയുമ്പൊളക്കത്തിനും മനസങ്ങ്ട് മാറും…’

‘അപ്പൊ അവഡെ വല്ല ഒളിസേവീം ണ്ടോ?’

‘ഈ ജന്‍മത്തില്‍ ഞാന്‍ വേറൊരുത്തിയെ തൊട്ടിണ്ടാവോ ന്റെ ദേവൂ.. ആട്ടെ, ഇക്കുറി കാര്യം നടന്നല്ലോ? സംശയല്ല്യ, ആങ്കുട്ടി തന്നെ..’

‘മുത്തശ്ശനും മുത്തശ്ശീം ആയപ്പളാ ഇനിയൊരു പേറ്?’

‘നിന്നെക്കണ്ടാ ഇപ്പഴും എന്റെ മോളാന്നേ തോന്നൂ..’

പുറത്ത് വെയില്‍ കനത്തു കത്തുകയാണ്. അതിന്റെ അസഹനീയമായ ചൂടിനെക്കൊല്ലാന്‍ ശീതീകരണയന്ത്രം നന്നേ പാടുപെടുന്നതായി തോന്നി.  ഒരു പുസ്തകമെടുത്ത്  കിടപ്പുമുറിയിലേക്ക് നടന്നു. പുതുമണം മാറാത്ത ആയിരത്തൊന്നു രാവുകള്‍.

‘ഹൃദ്യമായ സംഗീതോ, നല്ല ഭംഗിള്ള പെയിന്റിംഗുകളോ കേള്‍ക്കേം കാണേം ഒക്കെ വേണം ഗര്‍ഭകാലത്ത്. രസകരമായി സംസാരിക്കാന്‍ പററുന്ന കൂട്ടുകാരികളും. എന്നാലേ മോന്‍ സുന്ദരനും ബുദ്ധിമാനുമാവൂ..’

‘ഇതൊന്നൂല്ലാണ്ടെ ഒന്നിനെ പെററില്ല്യേ? ഒന്നാന്തരം സുന്ദരിക്കുട്ട്യായതോണ്ട് പഠിപ്പ് തീര്‌ണേന്റെ മുന്നെ പിടിച്ചു കൊടുക്കേണ്ടിയും വന്നില്ലേ?’

‘അദ്‌പ്പൊ എന്റെ മോളാവുമ്പൊ..’

‘എന്നാ ഇക്കുട്ടീം സുന്ദരനാവും ദാസേട്ടാ….’

പുസ്തകം മറിച്ച്, വായന തുടങ്ങിയപ്പോഴാണ് കോളിംഗ് ബെല്‍ ശബ്ദിച്ചത്. പ്രാക്കൂട്ടങ്ങളുടെ ഒന്നിച്ചുള്ള കുറുകല്‍.

‘സീതേ, ആരാ വന്നിരിക്ക്ണൂന്ന് നോക്കൂ..’

സീത വാതില്‍ തുറക്കുന്നതും ഒരു ഞെട്ടലുണ്ടായതും അറിഞ്ഞതോടെ, പുസ്തകം കിടക്കയില്‍ത്തന്നെ വെച്ച് പൂമുഖത്തേക്ക് ചെന്നപ്പോള്‍ നേരുപറയാലോ, എനിയ്ക്കും അത്ഭുതം സഹിക്കാനായില്ല. വാതില്‍ക്കല്‍ ചാത്തപ്പന്‍. കയ്യില്‍ ഒരു കോമ്പല പുഴമീനുകള്‍. മനഞ്ഞിലും ആരലുകളും പിന്നെ കണ്ണനും മുഴുവും കടുങ്ങാലിയും…

‘ദാസേട്ടനെവിഡെ ദേവൂട്‌ത്ത്യേ?’

‘അദാപ്പൊ കേമായത്, മൂപ്പര് പോയിട്ട് ദിവസെത്രായീ ചാത്താ?’
ചാത്തപ്പന്‍ അദ്ഭുതത്തോടെ എന്നെയും സീതയേയും മാറി മാറി നോക്കി തമാശയോടെ പറഞ്ഞു: മൂപ്പര്ക്കിനിയും മ്മളെ നാട്ടിക്കൂടാനായില്ലേ?

‘അതൊന്നും ഇയ്ക്കറില ന്റെ ചാത്തപ്പാ, നിയ്യാ മീന്‍ കോമ്പല സീതേടട്ത്ത് കൊടുത്ത് എത്ര കാശ്ാച്ചാ വാങ്ങിച്ചോളൂ..’
തിരിച്ച് കിടക്കയിലെത്തിയപ്പോള്‍ വായനയുടെ മൂഡ് ഇല്ലാതായി. നേര്‍ത്തൊരു ക്ഷീണം ബാധിച്ച പോലെ. കിടന്നു. പതുക്കെ കണ്ണുകളടച്ചു. ഏ സിയുടെ നേരിയ മൂളക്കം മഴ ചാറുന്നപോലെ കാതുകളില്‍ സംഗീതമായി പെയ്തിറങ്ങി..
തോരാതെ പെയ്യുന്ന മഴക്കാലത്തായിരുന്നു വിവാഹം. ഒന്നുരണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും. അന്നാണ്, മഴയുടെ ആരവം ശക്തിയായതും തോടും കുളവും തൊടികയുമൊക്കെ വെള്ളത്തിലായതും. പുറത്ത് തിമര്‍ത്താടിപ്പെയ്യുന്ന മഴ കണ്ടിരിക്കുമ്പോള്‍ ദാസേട്ടന്‍ നനഞ്ഞൊട്ടി, ഒരു മീന്‍വല്ലവുമായി ഓടി വന്ന് പറഞ്ഞു: ദേവൂ… നീയും വാ.. തൊട്യ നെറച്ചും പുഴമീനാ..
മഴയത്ത്, വാഴത്തോട്ടത്തിലൂടെ, കവുങ്ങിന്‍ തോട്ടത്തിലെ ചാലുകളിലൂടെ, നെല്‍വയലിലുടെ ദാസേട്ടനൊപ്പം മഴ നനഞ്ഞു കുതിര്‍ന്ന്…

‘ഉച്ചമയക്കത്തിലാണോ നിയ്യ്?’

‘ദാ ഇപ്പൊ കെടന്ന് ഒന്നു മയങ്ങീതേള്ളൂ. ദാസേട്ടന്‍ തിരിച്ചു പോയതറ്യാതെ ചാത്തപ്പന്‍ ഇന്നും ഒരു കോമ്പല മീന്‍ കൊണ്ടു വന്നിരുന്നൂട്ടൊ..’

അക്കരെനിന്നുള്ള ദാസേട്ടന്റെ ഉച്ചത്തിലുള്ള ചിരി: നീയും സീതേം കൂടി നന്നായി  വരട്ടി കഴിച്ചോളൂ… ആട്ടെ, ഡോക്ടറെന്തു പറഞ്ഞു?

‘കൊഴപ്പൊന്നൂല്ല്യാത്രെ… ആങ്കുട്ട്യാന്ന വിവരം മററാരോടും പറയരുതെന്ന് പറഞ്ഞു.’

‘നീയായിട്ട് ആരൊടെങ്കിലും..’

‘ഇല്ല്യ..’

‘ഓക്കെ, ഇനിയിപ്പൊ മോനായില്ലേ? അവനൊരു പാസ്‌പോര്‍ട്ടെടുത്താ പോരെ? അതോണ്ട് ഞാനങ്ങ്ട് ഉറപ്പിച്ചൂട്ടോ…’

‘അങ്ങനെയൊരു മോഹം ഇനി വേണോ ദാസേട്ടാ. മോനെങ്കിലും മ്മളെ നാട്ടില് ജീവിച്ചോട്ടെ..’

‘ആ.. സമയാവുമ്പൊ അതൊക്കെ തീരുമാനിക്കാന്നേയ്..’

ഫോണ്‍ വെച്ചിട്ടും ദാസേട്ടന്റെ ചിരിയുടെ ധ്വനി ഹൃദയത്തിലങ്ങനെ പെരുമ്പറയടിച്ചുകൊണ്ടിരുന്നു. ആ താളത്തിലും ഒരു നാടന്‍ പാട്ടിന്റെ ഈണത്തിലുമായി ഞാനങ്ങനെ കണ്ണടച്ചു സുഖത്തോടെ കിടന്നു.

ദാസേട്ടനെ സ്വീകരിക്കാനായി മോളും  ഭര്‍ത്താവും മകനും അതിരാവിലെത്തന്നെ കരിപ്പൂരിലേക്ക് പോയി. കണ്ണനും ഞാനും സീതയും വീട്ടിലിങ്ങനെ ഓരോന്നാലോചിച്ച് സമയം പോക്കി.

കണ്ണനിപ്പോള്‍ തന്റെ അച്ഛനെക്കാണാം. എനിയ്ക്ക് ഭര്‍ത്താവിനെയും. തിരിച്ചു പോകാത്ത ഒരു ഭര്‍ത്താവ്. എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കേണമേ…

ഹോണടി കേട്ടതോടെ, കണ്ണന്‍ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങിച്ചാടി വാതില്‍ക്കലേക്ക് നീന്തി. കൂടെ സീതയും.

ദാസേട്ടന്‍ ആഹ്ലാദത്തോടെ, കണ്ണനെ വാരിയെടുത്ത് തുരുതുരാ ഉമ്മ വെച്ച്, എന്നെ ചേര്‍ത്തു പിടിച്ച് മകളോടായി പറഞ്ഞു: ഇനി, അച്ഛന്‍ എങ്ങ്ടും പോകുന്നില്ല മോളേ… വീട്, കണ്ണന്‍, ദേവു.. എന്താ..?

ദൈവത്തിനറിയാം. അച്ഛന്റെ തീരുമാനങ്ങളല്ലേ? മറിച്ചും സംഭവിക്കാലോ..
മോളുടെ കമന്റ്. അതു കേട്ടതും ഞങ്ങള്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി. ഉച്ചത്തിലുള്ള ആ ചിരിയില്‍ ദാസേട്ടന്‍ ഒന്നമ്പരന്നുവോ എന്ന് സംശയം.

ആ മന്തിപ്പില്‍നിന്നും തെന്നി, ദാസേട്ടന്‍ പറഞ്ഞു: ഇനി വേണേല്‍.. ദാ.. ഈ കണ്ണനൊരു പാസ്‌പോര്‍ട്ടെടുക്കട്ടെ. അവന്‍ പൊയ്‌ക്കോട്ടെ.  ഇല്ലേ കണ്ണാ…?

കണ്ണന്‍ മോണകാട്ടിച്ചിരിച്ച് ദാസേട്ടന്റെ കയ്യില്‍നിന്നും ധൃതിയില്‍ ഊര്‍ന്നിറങ്ങാന്‍ ശ്രമിച്ച് എനിക്കടുത്തേക്ക് ചാഞ്ഞു. അവനെയെടുത്ത് തുരുതുരാ ഉമ്മ വെക്കുമ്പോഴാണ് ഒരു ആന്തലോടെ ഞാനത് മനസ്സിലാക്കിയത്.

മകന്റെ ചുകന്നുതുടുത്ത ഓമനമുഖം മരുഭൂമി പോലെ ചുട്ടുപഴുത്ത് പൊള്ളുന്നു.

By : അബു ഇരിങ്ങാട്ടിരിOne Comment to കോമ്പല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: