Main Menu

കൊടുക്കുന്ന കടലും എടുക്കുന്ന മരുഭൂമിയും

 

റഹ്മാന്‍ കരിയാടന്‍

ക്ഷയിച്ചു പോയ കടല്‍ തറവാടായിരിക്കുമോ മരുഭൂമി… ചിലപ്പോള്‍ അങ്ങനെയാവാം. എത്ര ക്ഷയിച്ചാലും മരുക്കുന്നുകളുടെ വേരുകളോടാത്ത അഗാധതയില്‍ നിധിയൊളിപ്പിച്ച ഭൂതമാണ് മരുഭൂമി. കടലും അങ്ങനെ തന്നെ. നിധിയുടെ ശേഖരം ഒളിപ്പിച്ചു വെച്ച മരുഭൂ സഹോദരി

മുമ്പില്‍ കടല്‍പോലെ മരുഭൂമി.

എത്രകണ്ടാലും കൊതി തീരാത്ത കടലിന് ഇളംനീലയും കടുംനീലയുമൊക്കെ നിറം. ലോകമുണ്ടായി ഇത്രയും കാലമായിട്ടും മനുഷ്യര്‍ക്ക് കൂട്ടിയൊരുക്കാന്‍ കഴിയാത്ത പോലുള്ള നീലയുടെ വിവിധ വകഭേദങ്ങള്‍ ….

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് എന്തുനിറം? മഞ്ഞ, മഞ്ഞയുടെ വിവിധ വകഭേദങ്ങള്‍ , ചാരനിറം, ഇന്നുവരേയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത വിവിധ നിറങ്ങള്‍ …
കടലും മരുഭൂമിയും ഒരുപോലെ. എത്ര കണ്ടിട്ടും മതിവരാത്ത അനുഭൂതി……
കടല്‍ കണ്ടാസ്വദിക്കുന്നവന് അത് ആഹ്ലാദം പകരും. കടലില്‍ പെട്ട് രക്ഷയില്ലാതെ ഉഴലുന്നവനോ?

മരുഭൂമി കാണാന്‍ പോകുന്നവന് അതൊരു സാഹസികതയുടെ സന്തോഷമാണ്. മരുഭൂമിയില്‍ ദിക്കറിയാതെ പെട്ടുഴലുന്നവന് പിന്നെ ജീവിതം കണ്ടെത്താനായെന്നും വരില്ല.

കടലില്‍ വെള്ളം കുടിച്ച് മരിക്കാം. മരുഭൂമിയില്‍ ശരീരത്തിലെ വെള്ളം വാര്‍ന്നും മരിക്കാം. കടല്‍ കൊടുക്കുന്നത് മരുഭൂമി തിരിച്ചെടുക്കുന്നു. കടല്‍ സൗന്ദര്യത്തിന്റെ അഗാധതയുണ്ട് മരുഭൂമിക്കും. അപ്പോള്‍ ഇവര്‍ക്കു തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടാവണം. അറേബ്യന്‍ ഗള്‍ഫിലെങ്കിലും കടലും മരുഭൂമിയും സഹോദരങ്ങളായിരിക്കണം.

ക്ഷയിച്ചു പോയ കടല്‍ തറവാടായിരിക്കുമോ മരുഭൂമി… ചിലപ്പോള്‍ അങ്ങനെയാവാം. എത്ര ക്ഷയിച്ചാലും മരുക്കുന്നുകളുടെ വേരുകളോടാത്ത അഗാധതയില്‍ നിധിയൊളിപ്പിച്ച ഭൂതമാണ് മരുഭൂമി. കടലും അങ്ങനെ തന്നെ. നിധിയുടെ ശേഖരം ഒളിപ്പിച്ചു വെച്ച മരുഭൂ സഹോദരി.

മുമ്പില്‍ വിശാലമായ മരുഭൂമിയാണ്. ആദ്യം കണ്ടപ്പോള്‍ പരന്നുകിടക്കുകയാണെന്ന് ഭൂമിയെന്ന് മരുപ്രദേശം തെറ്റിദ്ധരിപ്പിച്ചു. അകത്തേക്കകത്തേക്ക് പോകുന്തോറും സന്ദേഹ ത്തിന്റെ വലിയൊരു മലയാണ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. കാറ്റടിച്ച് കുന്നുകൂട്ടിയ മണല്‍ . ഓരോ മണല്‍ തരിയുമെടുത്ത് ആരോ പൊന്നിന്‍ നിറം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. കൈയ്യി ലെടുത്താല്‍ കൊതിപ്പിക്കുന്ന നേര്‍മ. ചീറിപ്പായുന്ന വാഹനത്തിന് പിറകില്‍ മണല്‍ തെറിച്ചു വീഴുന്നുണ്ട്. ഓരോ കുന്നിനപ്പുറവും മറ്റൊരു മണല്‍ കുന്ന്. അതിസാഹസികരും പ്രഗത്ഭ രുമായ ഡ്രൈവര്‍മാര്‍ക്കു മാത്രം വാഹനം ഓടിച്ചു കയറ്റാന്‍ കഴിയുന്ന മരുക്കുന്ന്. ശരിയായ പരിശീലനം കിട്ടിയില്ലെങ്കില്‍ വാഹനം പൂഴിയില്‍ പൂണ്ടുപോകും. കുത്തനെ കയറ്റിയും ഇറക്കിയും ഓരോ മരുക്കുന്നും കടന്നുപോകുമ്പോള്‍ അതിനപ്പുറത്ത് മറ്റൊരു മണല്‍ കൂന.

ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ രണ്ട് മണല്‍ കൂനകള്‍ക്കിടയിലെ ചതിക്കുഴികളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ചതിക്കുഴിയില്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വാഹനം രക്ഷപ്പെടുത്തിയെടുക്കാന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വന്നേക്കും. ചിലപ്പോള്‍ വാഹനത്തിലിരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യും.

ഗള്‍ഫിലെത്തുന്നതുവരെ കടലും മരുഭൂമിയും തൊട്ടുകിടക്കുമെന്ന് അറിഞ്ഞിരുന്നതേയില്ല. മരുഭു മിക്ക് കടലും കടലിന് മരുഭൂമിയും അലര്‍ജിയാണെന്ന് നിനച്ചിരു ന്നത്. പക്ഷേ, വിമാനം ഗള്‍ഫി ന്റെ മേലാപ്പിലെത്തിയപ്പോ ഴേ തിരിച്ചറിഞ്ഞു, ഇവിടെ മരുഭൂ മിയോട് കടല്‍ കിന്നാരം പറയു ന്നുണ്ട്!!

കടലാഴങ്ങളുടെ അഗാധത മരുഭൂമിക്കുമുണ്ട്. കടല്‍ തിരയുടെ നിമ്‌നോന്നതികള്‍ മരുക്കുന്നു കള്‍ സൃഷ്ടിക്കുന്നുണ്ട്.

അറിയുമോ? ലോകത്ത് രണ്ടേരണ്ട് സ്ഥലത്ത് മാത്രമേ മരുക്കുന്നുകള്‍ നേരെ കടലിലേക്ക് ചേരുന്നുള്ളു. അതിലൊന്ന് ഖത്തറിലാണ്. അങ്ങനെ കടലും മരുഭൂമിയുടെ കുന്നുകളും ചെന്നു ചേരുന്നിടത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ വല്ലാത്ത അഭിമാനം തോന്നി. ലോകത്ത് എത്രപേര്‍ക്ക് ലഭിക്കും ഇത്തരമൊരു ഭാഗ്യം!

അംഗീകാരം എന്ന ചിത്രത്തില്‍ ബിച്ചു തിരുമലയുടെ രചനയ്ക്ക് എ ടി ഉമ്മര്‍ സംഗീതം നല്കി യേശുദാസ് ആലപിച്ച ഒരു ഗാനമുണ്ട്: ‘നീലജലാശയത്തില്‍’ എന്നു തുടങ്ങുന്ന ഗാനം. പാട്ടി ലെ വരിയിലേതു പോലെ കടലില്‍ വെള്ളം മനോഹരമായ നീലയിലായിരുന്നു. കടലിനപ്പുറം, ദൂരെ സൌദി അറേബ്യ കാണാം. മൊബൈലില്‍ ഇടക്കിടെ മാറി വരുന്ന റേഞ്ചില്‍ ഖത്തറി നോടൊപ്പം സൌദിയും ദുബൈയുമുണ്ട്.

ദോഹയില്‍ നിന്നും വക്‌റയും കടന്ന് ഉംസഈദില്‍ നിന്നാണ് മരുഭൂമിയിലേക്ക് കയറിപ്പോ യത്. കുറ്റിച്ചെടികളും ഉറച്ച മണലുമുള്ള ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞപ്പോള്‍ തന്നെ മരുഭൂമി തനിസ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു. ചുട്ടുപൊള്ളുന്ന സൂര്യന്‍ ആകാശത്ത്. സൂര്യ നോട് മത്സരിക്കാന്‍ കടല വറുക്കാനുള്ള ചൂടുമായി മരുഭൂമി താഴെ. വഴി തെറ്റിക്കാനും പേടിപ്പി ക്കാനും മണല്‍ കുന്നുകള്‍ മുമ്പില്‍ . മരുഭൂമിയിലെ ചതിക്കുഴികളെ കുറിച്ചും മണല്‍ക്കുന്നുകളെ കുറിച്ചും കൃത്യമായ ധാരണയില്ലാതെയാണ് പോകുന്നതെങ്കില്‍, ഉറപ്പ് ചതിക്കപ്പെടും.

ദിക്കും ദിശയുമറിയാതെ വേവലാതിപ്പെടുമ്പോഴാണ് ആടുജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍ മന സ്സിലാവുക. മരുഭൂമിയില്‍ ആളുകള്‍ ഏറെ പോകുന്ന വഴികളില്‍ പാമ്പുണ്ടാവില്ല. പക്ഷേ, മരുഭൂമിയുടെ അകത്തേക്ക് പ്രവേശിക്കുന്തോറും പാമ്പിനെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. ആടുജീവിതത്തില്‍ വലിയ ആടുകളെ തിന്നാനെത്തുന്ന പാമ്പുകളെ പോലുള്ളവ കണ്ടെത്തി യേക്കാം. പൂഴിയില്‍ പതിഞ്ഞ് കിടക്കുന്ന അവയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.

പ്രാകൃത ദിനോസറുകളുടെ കാലംതെറ്റി പിറന്ന കുട്ടികളെ പോലെ ഓന്തുകളും ഉടുമ്പുകളും. മരു ഭൂമിയുടെ നിറം ദേഹത്ത് പകര്‍ന്ന് തലയുയര്‍ത്തി നോക്കുന്ന അവയെയൊന്നും പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദം അവ പൂഴിയിലൂടെ കേള്‍ക്കുന്നുണ്ടാകുമോ? ഉണ്ടാകുമായിരിക്കും. അല്ലെങ്കില്‍ അവ വാഹനങ്ങള്‍ കാണുന്നു ണ്ടാകണം. ദൂരെ വണ്ടിയോടുമ്പോള്‍ തന്നെ അവ സ്വന്തം കുഴികളിലേക്ക് ഓടി രക്ഷപ്പെ ടാന്‍ ശ്രമിക്കുന്നുണ്ട്. കാണുമ്പോള്‍ തരിശാണെന്ന് തോന്നിക്കും. പക്ഷേ, എത്രതരം ജീവജാ ലങ്ങളാണ് മരുഭൂമിയിലും വസിക്കുന്നത്. കണ്ടാലല്ലാതെ കേട്ടാല്‍ അവ വിശ്വസിക്കാന്‍ തോന്നണമെന്നില്ല.

മരുഭൂമി പിറകില്‍ മറയുകയാണ്. കടല്‍ കാണാന്‍ പോയ കുട്ടിയുടെ അത്ഭുതം മുഖത്തു നിന്നും മാറിയിട്ടില്ല. മരുഭൂമി കണ്ടുതിരിക്കുമ്പോള്‍ പിന്നേയും പിന്നേയും തിരിഞ്ഞു നോക്കാന്‍ തോന്നി. കടല്‍ മാത്രമല്ല, മരുഭൂമിയും അത്ഭുതമാണ്. വിസ്മയത്തിന്റെ മഹാവിസ്‌ഫോട നങ്ങള്‍ അകത്തും പുറത്തും കാത്തുവെക്കുന്ന മഹാത്ഭുതം.

 



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: