Main Menu

കുടുംബവും ലിംഗപദവികളും ‘എന്‍മകജെ’ യില്‍

Ambikasuthan Mangad

അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവല്‍ (2009) അക്കാദമിക്ക് പരിപ്രേ ക്ഷ്യത്തിനകത്ത് വന്നതോടെ വീണ്ടും സംവാദസാധ്യതകള്‍ക്ക് ഇടം നല്‍കിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ എന്ന പാരി സ്ഥിതികദുരന്തത്തെ പ്രശ്‌നവ ത്കരിക്കുന്ന നോവല്‍ എന്ന നില യിലാണ് ‘എന്‍മകജെ’യുടെ വായ നകള്‍ മിക്കതും നടന്നത്.

 

2009 ലെ മികച്ച പുസ്തകമായി ‘ഇന്‍ഡ്യാടുഡേ’ സര്‍വ്വേ കണ്ടെത്തിയ ‘എന്‍മകജെ’യെ 2009ല്‍ മലയാളത്തില്‍ പ്രസിദ്ധീ കരിച്ച മികച്ച രണ്ട് നോവലുകളില്‍ ഒന്നായി പി.കെ.രാജശേഖരനും കണക്കാക്കുന്നു. ‘എന്‍മകജെപഠനങ്ങള്‍: സന്തോഷ് എച്ചിക്കാനം (എഡി.) ‘ നോവല്‍ ഉള്‍ക്കൊള്ളുന്ന പാരിസ്ഥിതിക വിവേകത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിയാണ് നോവ ലിന്റെ പൂര്‍വ്വവായനകള്‍ നടന്നത്. മുതലാളിത്തവും ഭരണകൂടവും മനുഷ്യന്റെയും മണ്ണിന്റെയും മേല്‍ നടത്തുന്ന അധിനി വേശത്തിനെതിരെയുള്ള സര്‍ഗ്ഗാത്മകപ്രതിരോധം എന്ന നിലയിലാണ് ‘എന്‍മകജെ’യെ കേരളീയ സമൂഹം അടയാളപ്പെടുത്തിയത്.

പരിസ്ഥിതി -സ്ത്രീ സംവര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയും ഉദാത്ത മാനവികതയ്ക്ക് വേണ്ടിയും പ്രത്യക്ഷത്തില്‍ സംസാരി ക്കുന്ന നോവല്‍ സ്ഥാപനവത്കൃത കുടുംബവ്യവസ്ഥയ്‌ക്കെതിരെയും പുരോഗമനപരമായ ഒരു നിലപാട് സ്വീകരി ക്കുന്നതായി ആദ്യവായനയില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പാശ്ചാത്യ ആധുനികതയുടെ വെളിച്ചമേറ്റാണ് കേരള ത്തിലെ കുടുംബ സമ്പ്രദായം. സ്ഥാപനവത്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തത്. കുടുംബവ്യവ സ്ഥിതി ആധുനികീകരിക്കപ്പെട്ടപ്പോള്‍ അതിനകത്തെ വീട്ടമ്മയായ സ്ത്രീ കൂലീനത്വത്തിന്റെയും അച്ചടക്കത്തി ന്റെയും ആദര്‍ശമാതൃകയായിത്തീരുകയും വീട്ടടിമയായിത്തീരുകയുമാണ് ചെയ്തതെന്ന നിരീക്ഷണങ്ങള്‍ ഇരു പതാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സ്ത്രീവാദവും ലിംഗപദവീപഠനങ്ങളും കുടുംബത്തെയും അതിനുള്ളിലെ സ്ത്രീയുടെ പദവിയെയും നിര്‍ദ്ധാരണം ചെയ്യുകയും നിലവിലുള്ള കേരളീയ കുടുംബമാതൃക സ്ത്രീവിരുദ്ധമാണെന്ന നിലപാടിലെത്തുകയും ചെയ്തിട്ടുണ്ട്.

ഇത്തരം നിരീക്ഷണങ്ങളോട് ഗുണാത്മക മനോഭാവം പുലര്‍ത്തുന്ന സമീപനമാണ് പ്രത്യക്ഷത്തില്‍ നോവലിനും പ്രധാന കഥാപാത്രമായ നീലകണ്ഠനും ഉള്ളത്. നീലകണ്ഠന്‍ നവോത്ഥാനകാലത്തെ ഉദാരമാനവികതയുടെ യഥാര്‍ത്ഥ മനുഷ്യ രൂപമായി നിലകൊള്ളുന്നതോടൊപ്പം സ്ത്രീയുടെ പദവികളെ സംബന്ധിച്ചും അവളുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും തികച്ചും ആധുനികമായ നിലപാടുകളും കൈക്കൊള്ളുന്നുണ്ട്. കഥാപാത്രം മാത്രമല്ല ആഖ്യാതാവും തീര്‍ത്തും പുരോഗമന പരമെന്ന് തോന്നിയേക്കാവുന്ന സ്ത്രീപക്ഷ നിലപാടുകളാണ് നോവലില്‍ സ്വീകരിക്കുന്നത്.

Ambikasuthan Mangadനോവലിന്റെ ആരംഭത്തില്‍, എല്ലാ വിധത്തിലുമുളള മനുഷ്യസമ്പര്‍ക്കങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ജഡാധരിമലയില്‍ താമസിക്കുന്ന നീലകണ്ഠനെയും ദേവ യാനിയെയും പുരുഷന്‍ , സ്ത്രീ എന്നിങ്ങനെയാണ് നോവലിസ്റ്റ് വിശേഷിപ്പിക്കു ന്നത്. പുരുഷന്‍ എന്ന പദത്തിന് ‘ശബ്ദതാരാവലി’ നല്‍കുന്ന അര്‍ത്ഥം ‘പ്രാണി കളില്‍ മുമ്പന്‍’ എന്നാണ്. സ്ത്രീക്ക് നല്‍കുന്ന അര്‍ത്ഥം ‘പ്രസവിക്കുന്നവള്‍’ എന്നും. ഇങ്ങനെ തുടക്കത്തില്‍ നീലകണ്ഠനെന്ന പുരുഷന് ദേവയാനിയെന്ന സ്ത്രീയുടെ മേല്‍ ആധിപത്യം അനുവദിച്ചു നല്‍കുന്ന നോവലിസ്റ്റ് ദേവയാനിയെ ന്ന സ്ത്രീയെ ആശയതലത്തില്‍ പ്രസവിക്കാന്‍ മാത്രമുള്ളവളായി-അമ്മയാകാന്‍ മാത്രമുള്ളവളായി-ചുരുക്കുകയും ചെയ്യുന്നു. ദേവയാനി ഒരനാഥക്കുഞ്ഞിനെ എടുത്ത് വീട്ടില്‍ കൊണ്ടുവന്നതിനെ തുടര്‍ന്നുണ്ടായ നാടകീയ സന്ദര്‍ഭത്തിലൂ ടെയാണ് നോവല്‍ തുടങ്ങുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തോടെയുള്ള പ്രവൃത്തി കള്‍ പുരുഷനെ അസഹിഷ്ണുവാക്കുന്നു. തുടര്‍ന്ന് വീടുവിട്ടിറങ്ങി ജഡാധരിമലയി ലെ സംസാരിക്കുന്ന ഗുഹയിലെത്തിയ നീലകണ്ഠന്‍ ഗുഹയോടും, നീലകണ്ഠന്‍ തന്നെ ഉപേക്ഷിച്ചപ്പോള്‍ ഏകാകിനിയായിത്തീര്‍ന്ന ദേവയാനി വീട്ടിലെ സംസാരിക്കുന്ന കണ്ണാടിയോടും ചെയ്യുന്ന ആത്മകഥനങ്ങളിലൂടെയാണ് അവ രുടെ ഭൂതകാലം നോവലില്‍ കടന്നുവരുന്നത്. തന്റെ സവര്‍ണ്ണവും സമ്പന്ന വുമായ ചുറ്റുപാടുകള്‍ക്കുപരി പ്രകൃതിയെയും സഹജീവികളായ മനുഷ്യരെയും വിലമതിച്ച നീലകണ്ഠന്‍ 21ാം വയസ്സില്‍ വീടുവിട്ടറങ്ങി അവധൂതജീവിതം നയിച്ചു. പത്രമുതലാളിയായ ദേവസ്യയുടെ കടന്നുവരവ് അവനെ സബ് എഡിറ്റര്‍പദവിയിലേക്കെത്തിക്കുന്നു. നിയമസഭാ മന്ദിരത്തിനടുത്തുള്ള വാതിലുകളില്ലാത്ത നീലകണ്ഠന്റെ വീട് അശരണരുടെ അഭയകേന്ദ്രമായി മാറുന്നു. അങ്ങനെ കാരുണ്യ ത്തിന്റെ വെളിച്ചം പരത്തിയുള്ള ജീവിതത്തിനിടയിലാണ് അവന്‍ ദേവയാനിയെ കണ്ടെത്തുന്നത്. ദേവയാനിയുടേത് നീല കണ്ഠനില്‍ നിന്നും തീര്‍ത്തും ഭിന്നമായ, ദരിദ്രമായ, കീഴാളമായ ജീവിതസാഹചര്യമാണ്. കാമുകനോടൊപ്പം നാടുവിട്ട് കാമുക നാല്‍ വഞ്ചിതയായി ശരീരം വില്‍ക്കുന്ന തൊഴിലിലെത്തിച്ചേര്‍ന്നവളാണ് ദേവയാനി. നരാധമന്മാര്‍ പിച്ചിച്ചീന്തിയെ റിഞ്ഞ അവളെ ഒരു കുറ്റിക്കാട്ടില്‍ കണ്ടെത്തിയ നീലകണ്ഠന്‍ അവള്‍ക്ക് മരുന്നും അഭയവും നല്‍കി സുഖപ്പെടുത്തുന്നു.

നോവലിന്റെ തുടക്കത്തില്‍ നീലകണ്ഠന് പുരുഷനെന്നും ദേവയാനിക്ക് സ്ത്രീയെന്നും നാമകരണം ചെയ്ത നോവലിസ്റ്റ് തുടര്‍ന്നങ്ങോട്ടും കീഴാളമായ പരിഗണനകളാണ് ദേവയാനിക്ക് നല്‍കുന്നത്.നീലകണ്ഠനെ സവര്‍ ണ്ണനും സമ്പന്നനും മാനസികമൂല്യങ്ങളുടെ ഇരിപ്പിടവുമാക്കിത്തീര്‍ക്കുന്ന നോവലിസ്റ്റിനെ കീഴടക്കുന്നത് മഹാകാവ്യ ങ്ങളിലെയും മറ്റും ആഢ്യനായകസങ്കല്പങ്ങള്‍ തന്നെ. അതേസമയം ഇവയ്‌ക്കെതിരായ സാംസ്‌കാരിക സാഹചര്യ ങ്ങളാണ് ദേവയാനിക്ക് നല്‍കുന്നത്. ദരിദ്ര, ജാതി സൂചിപ്പിക്കാത്തതുകൊണ്ട് അവര്‍ണ, പോരാത്തതിന് കുടുംബ ത്തില്‍ നിന്ന് കാമുകനോടൊപ്പം ഓടിപ്പോയവള്‍, ശരീരം വിറ്റുനടന്നവള്‍. അതുകൊണ്ടു തന്നെ ദേവയാനി സ്വയം വിശേഷിപ്പിക്കുന്നതും ‘പാപി’ എന്നാണ്. അവളോട് ഏറ്റുമുട്ടുമ്പോള്‍ നീലകണ്ഠനും അവളുടെ ഭൂതകാല അവിശുദ്ധതയെ ഓര്‍മ്മിപ്പിച്ചാണ് അവളെ നിരായുധയാക്കുന്നത്.

നീലകണ്ഠന്‍ കുടുംബംവിട്ടിറങ്ങിപ്പോയതിന് ത്യാഗത്തിന്റെയും മഹത്വത്തിന്റെയും പരിവേഷം കിട്ടുമ്പോള്‍ ദേവയാനി ക്ക് അത് ലഭിക്കാതിരിക്കുന്നത് അവള്‍ ഉപേക്ഷിക്കുന്നത് അവളുടെ ദാരിദ്ര്യത്തെയും അവര്‍ണതയെയും സ്ത്രീത്വത്തെയും ആണെന്നതു കൊണ്ടാണ്. ദേവയാനിയുടെ ഈ കീഴാള സ്വത്വനിര്‍മ്മിതി ഒരര്‍ത്ഥത്തില്‍ നീലകണ്ഠന്റെ പുരുഷസ്വത്വ ത്തിന് ഉത്കര്‍ഷഹേതുവും ആയിത്തീരുന്നു. ദരിദ്രയായ, കീഴാളയായ, പാപിയായ, അശുദ്ധയായ ദേവയാനിയെ കൂടെ താമസിപ്പിക്കുമ്പോഴാണ് നീലകണ്ഠനും മഹത്വമുണ്ടാകുന്നത്. നീലകണ്ഠനെന്ന രക്ഷകനെ ഉപേക്ഷിച്ച് പോകാന്‍ കഴിയാതി രുന്ന ദേവയാനിയോട് സമ്പ്രദായികമായ രീതിയില്‍ ഞാന്‍ നിന്നെ വിവാഹം കഴിക്കാമെന്നോ നമുക്ക് കുടുംബമായി ജീവി ക്കാമെന്നോ അല്ല ‘നിനക്കിഷ്ടമാണെങ്കില്‍ നമുക്കൊരുമിച്ച് ജീവിക്കാ’മെന്നാണ് നീലകണ്ഠന്‍ പറയുന്നത്. ‘ഒരേ പായയില്‍ കിടന്നുറങ്ങുന്ന വ്യവസ്ഥ’ എന്ന് ഈ ഒരുമിച്ചുള്ള ജീവിതത്തിന് നീലകണ്ഠന്‍ വിശദീകരണവും നല്‍കുന്നു. ‘ഭക്ഷണവും ശരീ രവും പങ്കിട്ട് നമുക്ക് ജീവിക്കാം. നിന്റെ മേല്‍ ഭര്‍ത്താവിനെപ്പോലെ ഒരധികാരവും ഞാന്‍ പ്രയോഗിക്കുന്നില്ല . നിനക്ക് ഇഷ്ടമുള്ള ജോലി ചെയ്യാം . വേശ്യാവൃത്തിയാണെങ്കില്‍ അങ്ങനെ. നമ്മുടെ ജാതിയോ പ്രായമോ ഭൂതകാലമോ ഒന്നും ഒന്നിച്ചുള്ള ജീവിതത്തിന് വിഷയമല്ല. നാം ഒന്നിച്ചു ജീവിക്കുന്നു അത്രതന്നെ.’ (പുറം 38) ഇത്രയും പുരോഗമനാത്മകമായ നിലപാടില്‍ താന്‍ എത്തിച്ചേരാനുള്ള കാരണവും നീലകണ്ഠന്‍ വിശദീകരിക്കുന്നുണ്ട്. ‘വിവാഹമെന്ന സമ്പ്രദായത്തില്‍ എനിക്ക് ഒട്ടും വിശ്വാസമില്ല. സ്ത്രീയെ പുരുഷന് ഒതുക്കാനും മെരുക്കാനുമുള്ള തടവറയാണ് ദാമ്പത്യം. പുരുഷന്റെ സുഖജീ വിതത്തിനു സ്ത്രീയെ രാപ്പകല്‍ നെട്ടോട്ടമോടിക്കാനുള്ള ലൈസന്‍സ്’ (പുറം 35) ‘ഒരു സ്ത്രീയുടെയും ജീവതത്തില്‍ ഞാനിന്നു വരെ അധികാരി ചമഞ്ഞിട്ടില്ല. നൂറായിരം കൊല്ലങ്ങളായി സ്ത്രീയോട് പുരുഷന്‍ കാണിച്ച ക്രൂരത അത്ര വലുതാണ്. അവന്റെ സുഖസൗകര്യങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ മാത്രമായിരുന്നു എന്നും അവള്‍. ഇവിടെ വന്നു താമസിച്ച എത്രയോ സ്ത്രീകളുടെ തുണികള്‍ അലക്കിവെളുപ്പിച്ചും അവരുടെ പാത്രങ്ങള്‍ തേച്ചു കഴുകിയും ആ മഹാപാപത്തിന്റെ ചെറിയൊരംശമാണ് ഞാന്‍ കഴുകിക്കളയാന്‍ ശ്രമിച്ചത്’. (പുറം 39) വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനവത്കൃത പുരുഷാധിപത്യരൂപങ്ങ ളോട് നീലകണ്ഠനുള്ള വെറുപ്പം അമര്‍ഷവുമാണ് ഇവിടെ പ്രകടിപ്പിക്കുന്നത്. ഈ നിലപാടുകള്‍ക്ക് പിന്നിലുള്ള മനോഭാവം പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷപരവും സ്ത്രീവിമോചനാത്മകവും ആണ്. തന്റെ വര്‍ഗം നൂറ്റാണ്ടുകളായി സ്ത്രീകളോട് ചെയ്യുന്ന മഹാപാപങ്ങള്‍ സ്വയം ഏറ്റുവാങ്ങിയ ത്യാഗിയായ പുരുഷകഥാപാത്രത്തിന് നീലകണ്ഠനെന്ന പേര് സാര്‍ത്ഥകമായിത്തീ രുന്നതും ഇവിടെയാണ്. ഈ നീലകണ്ഠനില്‍ സാറാജോസഫിന്റെ ‘ഒതപ്പി’ലെ(2005) പട്ടി പുണ്യാളനെന്ന് വിളിപ്പേരുള്ള അഗസ്റ്റീനച്ചന്റെ ഛായ അല്പമെങ്കിലും പതിഞ്ഞിട്ടുണ്ട്. മനുഷ്യരുടെ കാപട്യത്തെയും സ്വാര്‍ത്ഥതയെയും വഞ്ചനയെയും കുറിച്ച് വാചാലനാകുന്ന നീലകണ്ഠനോട് ‘ഇതൊന്നും എനിക്കറിയുന്ന കാര്യങ്ങളല്ലെന്ന്’ സ്‌നേഹമസൃണമായി പറയുന്ന ദേവയാനിക്കു മുന്നില്‍ നീലകണ്ഠന്‍ ‘നന്മയുടെ മാമര’മായും ‘സര്‍വ്വ പ്രാണീരക്ഷക’നായും മാറുന്നു.

കുടുംബത്തെ കുറിച്ചും ലിംഗപദവിയെ കുറിച്ചും തികച്ചും ആധുനികമായ നിലപാടുകള്‍ കൈക്കൊള്ളുന്ന നീലകണ്ഠനോട് ഒരുമിച്ചു ജീവിക്കുന്നതിന്റെ വ്യവസ്ഥകള്‍ എന്താണെന്ന് ദേവയാനി ചോദിക്കുമ്പോള്‍ നീലകണ്ഠന്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥ ഇതാണ് ‘കുട്ടികള്‍ വേണ്ട. ഞാന്‍ വന്ധ്യം കാരണം ചെയ്തവനാണ്. പക്ഷേ അതുപോര നൂറ് ശതമാനം ഉറപ്പുണ്ടാ യിരിക്കണം. നീ ഗര്‍ഭപാത്രം ഉപേക്ഷിക്കണം’. (പുറം 39) ഇവിടെ വ്യവസ്ഥകളെ പറ്റി ചോദിക്കുന്നത് സ്ത്രീയും ആ വ്യവസ്ഥ കള്‍ രൂപീകരിക്കുന്നത് പുരുഷനും ആണെന്നത് ശ്രദ്ധേയമാണ്; അത് സ്ത്രീയെ ലക്ഷ്യം വച്ചുള്ളതുമാണ്. നീലകണ്ഠന്റെ നിബന്ധനകള്‍ ഒട്ടും ആലോചിക്കാതെ അതേപടി അംഗീകരിക്കുകയാണ് ദേവയാനി.

Enmakajeപിന്നീട് ദേവയാനിയില്‍ മാതൃവാഞ്ച പാരമൃത്തിലെത്തിയപ്പോഴാണ് ഒരനാഥക്കുഞ്ഞിനെ അവള്‍ സ്വയം ഏറ്റെടുക്കുന്നത്. ‘ഒരു കുഞ്ഞിനോ ടുള്ള രഹസ്യമായ മോഹം കുറേക്കാലമായി ഞാന്‍ ഒളിച്ചു വയ്ക്കുകയായി രുന്നു. വാസ്തവത്തില്‍ ഏത് സ്ത്രീക്കാണ് അമ്മയാവാനും മുലയൂട്ടാനും മോഹ മില്ലാത്തത്. അത്രയേ ഞാന്‍ മോഹിച്ചുള്ളൂ. ഒരു കുഞ്ഞിന്റെ സ്പര്‍ശം ചിരി, ആ ചിന്ത വരുമ്പോഴൊക്കെ ഗര്‍ഭപാത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ച നിമിഷത്തെ ഞാന്‍ ശപിക്കും. എന്റെ സ്ത്രീത്വത്തിന്റെ അടയാളമാണ് വേരോടെ പറിച്ച് ഞാന്‍ കൊടുത്തത്. അതുവരെ നിഷ്‌കളങ്കയും വിധേയ യുമായി കഴിഞ്ഞിരുന്ന ദേവയാനി മാതൃത്വം ഉണരുന്നോടെ സ്വതന്ത്രമായ ഒരു കര്‍ത്തൃത്വത്തിനുടമയായിത്തീരുന്നു. അവള്‍ നീലകണ്ഠന്റെ വ്യവസ്ഥ കള്‍ ലംഘിക്കുന്നു. പക്ഷേ, ദേവയാനിയുടെ ഈ സ്വത്വമാറ്റം തികച്ചും താത്കാലികമായിരുന്നു. അവളുടെ മാതൃസ്വത്വത്തെ നീലകണ്ഠന്റെ അംഗീകരിക്കുന്നതോടുകൂടി അവള്‍ നീലകണ്ഠനോട് പഴയപടി വിധേ യത്വം പ്രകടിപ്പിക്കുകയും വ്യവസ്ഥാപിത കുടംബത്തിനകത്തെ ആദര്‍ശ സ്ത്രീമാതൃകയിലേക്ക് ഒതുങ്ങിപ്പോവുകയും ചെയ്യുന്നു . ദേവയാനിയിലെ മാതൃത്വം വിജയിച്ചുവെങ്കിലും സ്ത്രീസ്വത്വം പരാജയപ്പെട്ടു. നീലകണ്ഠന്‍ ഒടുവില്‍ കീഴടങ്ങുന്നതും ദേവയാനി എന്ന വെറും സ്ത്രീക്കു മുന്നിലല്ല, ദേവയാനിയെന്ന അമ്മയ്ക്ക് മുന്നിലാണ്; ‘നീയാണ് എന്റെ കണ്ണു തുറപ്പിച്ചത്, കുഞ്ഞിനെ കൊണ്ടുവന്നില്ലായിരുന്നെങ്കലില്‍ ഇന്നാട്ടിലെ ദുരന്തം ഞാനറിയുമായിരുന്നില്ല’ എന്ന് നീലകണ്ഠന്‍ പറയുന്നത് അമ്മയായ ദേവയാനിയോടാണ്. അതോടെ അവളുടെ ഭൂതകാല പാപങ്ങളില്‍ നിന്ന് അവള്‍ വിശുദ്ധികരിക്കപ്പടുകയും ചെയ്യുന്നു. ഗര്‍ഭപാത്രം ഉപേക്ഷിച്ചിട്ടും സ്ത്രീയിലെ മാതൃത്വത്തെ വീണ്ടെടുത്ത് മഹനീയസ്ഥാനത്തി രുത്തി പൂജിക്കുന്നതില്‍ നോവലിസ്റ്റും വിജയിച്ചിരിക്കുന്നു. അങ്ങനെ ദേവയാനിക്ക് നോവലിസ്റ്റ് ആദ്യം നല്‍കിയ സ്ത്രീയെന്ന വിശേഷണം അര്‍ത്ഥവത്തായിത്തീരുന്നു. അമ്മയായിത്തീരാനുള്ളവളാണ് സ്ത്രീയെന്ന പഴയബോധം പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണ് നോവല്‍ ചെയ്യുന്നത്. ‘വാസ്തവത്തില്‍ ഏതു സ്ത്രീക്കാണ് അമ്മയാവാനും താരാട്ടാനും മുലയൂട്ടാനും മോഹമില്ലത്തത്’ എന്ന് ദേവയാനിയെക്കൊണ്ട് ചിന്തിപ്പിക്കുന്നതും അതുകൊണ്ടുതന്നെ.

മാതൃപദവിയിലെത്തിയ ദേവയാനിയും ആ മാതൃത്വത്തെ അംഗീകരിച്ച നീലകണ്ഠനും പിന്നീടങ്ങോട്ട് തീര്‍ത്തും വ്യവസ്ഥാപി തമായ കുടുംബജീവിതത്തിന്റെ ചിട്ടവട്ടങ്ങളിലെത്തിച്ചേരുന്നു. എല്ലാ മാസവും പെര്‍ലെ ചന്തയിലേക്ക് പോയി വീട്ടുസാ ധനങ്ങള്‍ വാങ്ങുകയും നീര്‍ദോശയുണ്ടാക്കുകയും കുഞ്ഞിനെ പരിപാലിക്കുകയും വിഴുപ്പലക്കുകയും ചെയുന്ന ഒരു ഉത്തമ വീട്ടമ്മയായി ദേവയാനി മാറുമ്പോള്‍ നീലകണ്ഠന്‍ ഉത്തരവാദിത്വബോധമുള്ള കുടുംബനാഥനായി കാട്ടില്‍പോയി ചൂരലുകള്‍ കെട്ടി ക്കൊണ്ടുവന്ന് കുട്ടമെടഞ്ഞുണ്ടാക്കി ചന്തയില്‍ കൊണ്ടുപോയി വിറ്റ് കുടുംബത്തിന് വരുമാനം ഉണ്ടാക്കുകയും കുഞ്ഞി നെകൂട്ടി ആശുപത്രിയില്‍ പോവുകയും ചെയ്യുന്നു. എന്‍മകജെയിലെ പ്രകൃതിയെയും മനുഷ്യരെയും പറ്റി ദേവയാനിക്ക് അറി വുകള്‍ കിട്ടുന്നതും പഞ്ചിയോടൊപ്പം വീടിനുപുറത്തേക്കിറങ്ങി സാമൂഹികബന്ധങ്ങള്‍ സ്ഥാപിക്കുന്ന നീലകണ്ഠനിലൂടെ യാണ്. കുടുംബത്തിലെ കുലീന സ്ത്രീപുരുഷനിലൂടെയാണ് എപ്പോഴും സാമൂഹികമായ അറിവുകള്‍ നേടുന്നത്.

ഒരു സന്ദര്‍ഭത്തില്‍, ‘ഞാന്‍ നിന്നില്‍ അധികാരം പ്രയോഗിക്കുകയായിരുന്നെന്ന്’ നീലകണ്ഠനെക്കൊണ്ട് പശ്ചാത്താപ ത്തോടെ നോവലിസ്റ്റ് പറയിക്കുന്നുണ്ടെങ്കിലും ദേവയാനി അത് സമ്മതിക്കുന്നില്ല. ‘സ്ത്രീ എന്നും ഒരു വീട്ടുപകരണമായിരുന്നു. എപ്പോഴും അഴുക്കുകളില്‍ കഴിയാനും വിഴുപ്പുകള്‍ അലക്കാനും അടുക്കളയില്‍ ഏതുനേരവും വെന്തുകൊണ്ടിരിക്കാനും വിധിക്കപ്പെട്ടവള്‍’(പുറം 165) എന്ന് നീലകണ്ഠന്‍ പറയുമ്പോള്‍ ‘നിന്റെ കൂടെ ഞാന്‍ അങ്ങനെയായിരുന്നില്ലല്ലോ’ എന്ന ദേവയാനിയുടെ വാക്കുകളെ നീലകണ്ഠന്‍ സര്‍വ്വാത്മനാ അംഗീകിരക്കുകയും ചെയ്യുന്നുണ്ട്. ‘നീയാണെന്നെ രക്ഷിച്ചത്. നീയാണെന്റെ സത്യവും ദൈവവും’ എന്ന് ദേവയാനിക്കൊണ്ട് പറയിക്കുമ്പോള്‍ ‘പ്രാണികളില്‍ മുമ്പനും’ അധികാരിയും രക്ഷകനുമായ ‘പുരുഷ’നായി നീലകണ്ഠനും അംഗീകരിക്കപ്പെടുന്നു.

ദേവയാനി മാതൃത്വമെന്ന വാള്‍കൊണ്ട് നീലകണ്ഠനെ പ്രഹരിച്ചു വീഴ്ത്തിയെങ്കിലും ഒരു സര്‍വ്വസാധാരണക്കാരി മാത്രമാ ണെന്നതിന്റെ അടയാളങ്ങള്‍ നോവലില്‍ ധാരാളമുണ്ട്. സാമൂഹികമായ അജ്ഞത, നിഷ്‌കളങ്കത , എടുത്തുചാട്ടം, വിധേ യത്വം , പ്രായമാകുന്നതിന്റെ ദുസ്സൂചനകള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത , അനല്പമായ സ്വസൗന്ദര്യകാംക്ഷ, ഭയം തുടങ്ങി സ്ത്രീക്ക് സമൂഹം പതിച്ചു നല്‍കിയ എല്ലാ തൊങ്ങലുകളും ചേര്‍ന്ന ഒരു സമ്പ്രദായിക സ്ത്രീപതിപ്പ് മാത്രമാണ് ദേവയാനി. തന്നിലെ മാതൃത്വത്തെ നീലകണ്ഠനെക്കൊണ്ട് അംഗീകരിപ്പിക്കുകയും ബഹുമാനിപ്പിക്കുകയും ചെയ്യുന്നിടത്തോളം വിമോച നമേ ദേവയാനിയും നോവലും ഉള്‍ക്കൊള്ളുന്നുള്ളൂ. മാതൃത്വത്തെ മഹനീയമാക്കി, ആദര്‍ശസ്ത്രീപദവിയാക്കി മാറ്റുന്നതിലൂടെ സ്ത്രീയെ മെരുക്കി ഒതുക്കി വയ്ക്കുക എന്ന പുരുഷതന്ത്രമാണിവിടെയും വിജയിക്കുന്നത് തന്റെ മാതൃത്വത്തെ പുരുഷന്‍ അംഗീകരിക്കുമ്പോള്‍ നോവലിലെ സ്ത്രീ സംതൃപ്തയാവുന്നു. എല്ലാ വിമോചന കാംക്ഷകളും അവിടെ അവസാനിക്കുന്നു. ചുരുക്കത്തില്‍ കുടുംബം , ലിംഗപദവി എന്നിവയെ സംബന്ധിച്ച് തീര്‍ത്തും സമ്പ്രദായികമായ നിലപാടുകളാണ് നോവല്‍ ഉള്‍ക്കൊള്ളുന്നത്.

അസി.പ്രൊഫസർ
മലയാള വിഭാഗം
കെ.എം.എം.ഗവ.വനിത കോളേജ്
കണ്ണൂർ

കുറിപ്പുകള്‍
1. അംബികാസുതന്‍ മാങ്ങാട് : എന്‍മകജെ, കോട്ടയം : കറന്റ്ബുക്‌സ്, 2009
2. സന്തോഷ് എച്ചിക്കാനം (എഡി.) : എന്‍മകജെ പഠനങ്ങള്‍, കറന്റ്ബുക്‌സ് , 2009« (Previous News)Related News

One Comment to കുടുംബവും ലിംഗപദവികളും ‘എന്‍മകജെ’ യില്‍

  1. Editor says:

    പരിസ്ഥിതി -സ്ത്രീ സംവര്‍ഗ്ഗങ്ങള്‍ക്ക് വേണ്ടിയും ഉദാത്ത മാനവികതയ്ക്ക് വേണ്ടിയും പ്രത്യക്ഷത്തില്‍ സംസാരി ക്കുന്ന നോവല്‍ സ്ഥാപനവത്കൃത കുടുംബവ്യവസ്ഥയ്‌ക്കെതിരെയും പുരോഗമനപരമായ ഒരു നിലപാട് സ്വീകരി ക്കുന്നതായി ആദ്യവായനയില്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പാശ്ചാത്യ ആധുനികതയുടെ വെളിച്ചമേറ്റാണ് കേരള ത്തിലെ കുടുംബ സമ്പ്രദായം. സ്ഥാപനവത്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്തത്. കുടുംബവ്യവ സ്ഥിതി ആധുനികീകരിക്കപ്പെട്ടപ്പോള്‍ അതിനകത്തെ വീട്ടമ്മയായ സ്ത്രീ കൂലീനത്വത്തിന്റെയും അച്ചടക്കത്തി ന്റെയും ആദര്‍ശമാതൃകയായിത്തീരുകയും വീട്ടടിമയായിത്തീരുകയുമാണ് ചെയ്തതെന്ന നിരീക്ഷണങ്ങള്‍ ഇരു പതാം നൂറ്റാണ്ടില്‍ തന്നെ കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സ്ത്രീവാദവും ലിംഗപദവീപഠനങ്ങളും കുടുംബത്തെയും അതിനുള്ളിലെ സ്ത്രീയുടെ പദവിയെയും നിര്‍ദ്ധാരണം ചെയ്യുകയും നിലവിലുള്ള കേരളീയ കുടുംബമാതൃക സ്ത്രീവിരുദ്ധമാണെന്ന നിലപാടിലെത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: