Main Menu

കളിയുടെ പുരുഷ നിയമങ്ങള്‍

Kaliyude Saikatham

എന്‍ എസ്. മാധവന്റെ ഹിഗ്വിറ്റ ലൈംഗികതയുടെ പുരുഷരാഷ്ട്രീയം സംസാരിക്കുന്നതിനെക്കുറിച്ച്

Yacob Thomasകളികളൊന്നും കേവലം വിനോദങ്ങള്‍ മാത്രമല്ലെന്നും സങ്കീര്‍ണമായ സാമുഹ്യബന്ധങ്ങള്‍ക്കകത്തു നടക്കുന്ന തീവ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും കൃത്യമായി വിളിച്ചു പറയുന്നതാണ് പ്രത്യക്ഷത്തില്‍ ഒരു ഫുട്‌ബോള്‍ മാച്ചിന്റെ ഓര്‍മയുണര്‍ത്തുന്ന ഹിഗ്വിറ്റ എന്ന കഥ. മൂന്നു സാമുഹ്യ സ്ഥാപനങ്ങളുടെ ഏറ്റുമുട്ടലാണ് കഥയുടെ മൈതാനത്ത് നടക്കുന്നത്. ഇതില്‍ മത-പൗരോഹിത്യം ഫുട്‌ബോള്‍ എന്നീ സ്ഥാപനങ്ങളെ ഗീവര്‍ഗീസ് പ്രതിനി ധാനം ചെയ്യുന്നുവെങ്കില്‍ സാമുഹ്യമായി അംഗീകരിക്ക പ്പെടാത്ത അധോലോകത്തെ (?) ജബ്ബാര്‍ പ്രതിനിധീകരിക്കുന്നു. ഈ മൂന്നു സ്ഥാപനങ്ങളുടെ ത്രികോണാത്മകമായ സംഘര്‍ഷങ്ങള്‍ക്കിടയ്ക്കാണ് ലൂസി എന്ന ആദിവാസി പെണ്‍കുട്ടി നില്ക്കുന്നത്. മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള കഥയില്‍ രണ്ട് പുരുഷന്മാര്‍ക്കും അധികാരമുള്ള സ്ഥാപനരൂപങ്ങള്‍ നല്കപ്പെടുന്നുണ്ടെങ്കിലും ലൂസിക്കുമാത്രം ഇങ്ങനെയൊന്ന് കല്പിക്കനാവാത്തിടത്താണ് കഥയുടെ കളിനിയമ ങ്ങള്‍ പ്രശ്‌നവല്ക്കരിക്കപ്പെടുന്നത്. തീര്‍ത്തും വ്യതിരിക്തവും പരസ്പര വിരുദ്ധമെന്നു പറയാവുന്ന ഈ സ്ഥാപനങ്ങള്‍ മൂന്നും പ്രവര്‍ത്തിക്കുന്നത് പുരുഷാധികാരത്തിലാ ണ്; അഥവാ പുരുഷനിയമങ്ങളുടെ നിയമാവലിക്കകത്താണ് ഇതിലെ കളികള്‍ നട ക്കുന്നത്. ഈ സംഘര്‍ഷത്തില്‍ അതിനുകാരണമാകുന്ന, ഉറവിടമായ ലൂസിയെ ഒ രു തരത്തിലും പരിഗണിക്കുന്നില്ല എന്ന യാഥാര്‍ഥ്യമാണ് കഥയിലെ നിയമാവലിക ളെ ചോദ്യം ചെയ്യുന്നത്. സാമുഹ്യ ജീവിതത്തിലെ കളികളില്‍ സ്ത്രീക്കധികാരമില്ലെന്ന പുരുഷവസ്തുതയെ പരിഹാരമില്ലെന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് കഥാകാരന്‍. കേവലം സ്ത്രീയെ തിരസ്‌കരിക്കുന്ന പുരുഷയുക്തിയെ ആഘോഷിക്കുകയല്ല മറിച്ച് സ്‌ത്രൈണത എന്ന ഘടകത്തെ അതിന്റെ ലൈംഗികതയും ശരീര കാമനകളും സവിശേഷമായൊരു അധികാര പ്രത്യയശാസ്ത്രത്തിന് കീഴടക്കുകയാണ് ഹിഗ്വിറ്റ എന്ന കഥയിലെ ചിഹ്നങ്ങള്‍.

ലിംഗത്തിന്റെ കളികള്‍

ഫുട്‌ബോള്‍ കളിക്കാരനും ഇപ്പോള്‍ പുരോഹിതനുമായ ഗീവര്‍ഗീസിന്റെ ഫുട്‌ബോള്‍ പ്രണയം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിടത്താണ് ലൂസി ഒരു ഫൗള്‍ രൂപത്തില്‍ പ്രവേശിക്കുന്നത്. അതോടെ ആഖ്യാനം ലൂസി-ജബാര്‍മാരിലേ ക്കും ഫുട്‌ബോളിലേക്കും നിരന്തരം, എതിരാളികളെവെട്ടിയും ഒഴിഞ്ഞും മുന്നേറുന്ന കളിക്കാരനെപ്പോല്‍ പ്രവര്‍ത്തിക്കുന്നു. നെടുകയും കുറുകയും ആഖ്യാനം മാറുന്നിട ത്താണ് വാക്കുകളുടെ വിവക്ഷകള്‍ കഥയുടെ ഘടനകളെ പൊളിച്ചെഴുതുന്നത്. രണ്ടു വാക്കുകള്‍ കേന്ദ്രമെന്നുപോലും തോന്നിപ്പിച്ചുകൊണ്ട് കഥയുടെ അകത്ത് പ്രവര്‍ത്തിക്കുന്നതു കാണാം. കളി, ഗോളി എന്നീവാക്കുകളാണിവ. ഇതില്‍ ഗോളി യാണ് കഥയുടെ പ്രശ്‌നപരിസരത്തെ നിര്‍വചിക്കുന്നതെങ്കിലും കളിയെന്നതിന്റെ  വിവക്ഷകള്‍ക്കകത്താണ് ഗോളിയുടെ രാഷ്ട്രീയം മൂര്‍ത്തമാകുന്നതെന്നു പറയാം. ഫുട്‌ബോളിനെ കുറിക്കുവാന്‍ കഥയില്‍ പത്തിലേറെത്തവണ ഉപയോഗിച്ചിരിക്കു ന്നത് കളിയെന്നാണ്. ജില്ലാ ചാമ്പ്യന്‍ഷിപ്പിലെ ആദ്യത്തെ കളിയില്‍………… കുന്നം കുളക്കാരുടെ കൂകലും കേട്ട് കളി ജയിച്ച കുട്ടികള്‍………………..അടുത്ത കളി സ്വന്തം ഗ്രൗണ്ടില്‍ വച്ചായിരുന്നു………. ഫുട്‌ബോളിനെ അടയാളപ്പെടുത്തിക്കൊണ്ട് കട ന്നുവരുന്ന കളി കഥയുടെ ആഖ്യാനത്തെ മറ്റൊരു തലത്തിലേക്ക് തള്ളിവിടുന്നുണ്ട്. കളിയുടെ നിഘണ്ടു അര്‍ഥങ്ങള്‍ തന്നെ ഫുട്‌ബോളിനെ സാമുഹ്യജീവിതത്തിന്റെ മറ്റൊരു സ്ഥാപന രൂപകമാക്കി മാറ്റുന്നു. ശബ്ദതാരാവലിയിലെ കളിയുടെ അര്‍ഥ ങ്ങള്‍ ഇപ്രകാരമാണ്- വിനോദം, ആട്ടം, നേരമ്പോക്ക്, വിഹരിക്കുക, മദിക്കുക, ക്രീഡ മുതലായവ. ഈയര്‍ഥങ്ങള്‍ വ്യക്തമായിത്തന്നെ കളിയെ ലൈംഗികസൂചക മായൊരു ഘടനയിലേക്ക് കണ്ണിചേര്‍ക്കുന്നു. നാടന്‍ വ്യവഹാരങ്ങളില്‍ ലൈംഗിക തയെകുറിക്കുവാന്‍ കളിയെന്നാണ് പറയുന്നത്. തീവണ്ടികളിലും ആണ്‍മൂത്രപ്പുരക ളിലും കാണുന്ന (കുപ്രസിദ്ധ) ചുവരെഴുത്തുകളില്‍ ലൈംഗികതയെ പരാമര്‍ശിച്ചു കൊണ്ടുള്ള പ്രയോഗങ്ങളെല്ലാം കളിയെന്നാണ് എന്നുള്ളത് ഏറെ പ്രഖ്യാതമാണ്. ഇന്ദുലേഖയിലെ പ്രസിദ്ധമായ സൂരി-ഇന്ദുലേഖാ സംഭാഷണത്തിലെ കളിഭ്രാന്തില്‍ ഉള്ളടങ്ങിയിരിക്കുന്നത് സൂരിയുടെ ലൈംഗിക ത്വരയാണെന്നുള്ളത് ഓര്‍ക്കേണ്ടതു ണ്ട്. ലൈംഗികതയുടെ കളി ഫുട്‌ബോളുമായി ചേര്‍ക്കപ്പെടുമ്പോള്‍ കഥയുടെ പ്ര ത്യക്ഷത്തിലുള്ള യുക്തികള്‍ തകിടം മറിക്കപ്പെടുകയും ലിംഗത്തിലും ലിംഗപദ വിയിലും ഊന്നുന്ന നിരവധിപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കഥയെ ശകലിതമാക്കുകയും ചെയ്യുന്നു. അങ്ങനെ ലൂസി (ജബാറും) കഥയിലെ മൈതാനത്തിന്റെ നടുവില്‍ ഒരു ചോദ്യചിഹ്നമായിപ്രത്യക്ഷപ്പെടുന്നു.

ലൈംഗികത എന്ന കളിയുടെ മലയാളി നിയമാവലിയെന്നത് മറ്റ് കായികവിനോദ ങ്ങള്‍ പോലെ പുരുഷന്റെ കരുത്തും ബുദ്ധിയും ശാരീരിക ചടുലതയയും വെളിപ്പെ ടുത്തുന്നതാണ്. കരുത്തനായ പുരുഷന്‍ ദുര്‍ബലയായ സ്ത്രീയെ തന്റെ ഇംഗിതങ്ങള്‍ ക്കനുസരിച്ച് ഉണര്‍ത്തിയെടുത്ത്, തന്റെ കരുത്തിന്റെ ചിഹ്നമായ ലിംഗം കൊണ്ട് സ്ത്രീയില്‍ തുളഞ്ഞുകയറി കീഴടക്കി തന്റെ വീര്യം സ്ത്രീയില്‍ നിക്ഷേപിക്കുന്നതാണ് പൊതു ലൈംഗികതാ സങ്കല്പം. ഈ കളിയില്‍ പുരുഷ ധര്‍മമെന്നത് സ്ത്രീയുടെ മുക ളില്‍ക്കിടന്ന് ആനന്ദം നല്കുകയെന്നതാണ്. എന്നാല്‍ സ്ത്രീയുടെ ഉത്തരവാദിത്വം കിട ന്നുകൊണ്ട് പുരുഷന്‍ നല്കുന്നവ ഏറ്റുവാങ്ങുകയെന്നതാണ്. അങ്ങനെ ലൈംഗികത യിലെ ക്രിയകളുടെ അധികാരം പുരുഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. സ്ത്രീയ്കട്ടെ പുരുഷാധികാരം നിസംഗയായി ഏറ്റുവാങ്ങുന്നവളും. പുരുഷനില്‍ എല്ലാ സുഖവും അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ഈ ലൈംഗികതാ സങ്കല്പം സ്ത്രീയെ ഭോഗോ പകരണമായിക്കാണുന്ന ബലാത്കാരമാണ്.

കേവലമായൊരു പര്യായധ്വനി മാത്രമല്ല ഫുട്‌ബോളും കളിയും തമ്മിലുള്ളത്,മറിച്ച് മേല്പ്പറഞ്ഞ ലൈംഗികതാ വ്യവഹാരങ്ങളുമായി ആഴത്തിലുള്ള സംഘര്‍ഷം ഇവ തമ്മിലുണ്ട് എന്നു കാണാം. മറ്റെല്ലാ കളികളില്‍ നിന്നു വ്യത്യസ്തമായി ഫുട്‌ബോള്‍ ആണ്‍ കരുത്തിന്റെ ബഹുവിധമായ പ്രകടന പരത ഉള്ളടങ്ങിയതാണ്. വലിയ സ്ഥലപരത (മൈതാനം) 22 ആണുങ്ങള്‍, അവരുടെ ഒന്നരമണിക്കൂര്‍ നേരത്തെ ഇടതടവില്ലാത്ത ചാട്ടം, ഇടി, തൊഴി,ഓട്ടം അങ്ങനെ നിയന്ത്രണം വിട്ട ശരീരപരത കടുത്തകൈയ്യാങ്കളിവരെയായി മാറുന്നതു മിക്ക ഫുട്‌ബോള്‍ കളിയിലും ദൃശ്യമാണ്. കളിയുടെ ആഭ്യന്തര ചട്ടങ്ങള്‍ക്കപ്പുറത്ത് പന്തു സ്വന്തമാക്കി വിജയം നേടുന്നതിലു പരി ശരീരങ്ങള്‍ കൊണ്ടുള്ള സംഘര്‍ഷവും അതിന്റെയടിസ്ഥാനത്തിലുള്ള വിജയ വുമാണ് പൊതുവെ കാണുക. ശരീരങ്ങളുടെ ലീലയിലും കീഴടക്കാനുമുള്ള ത്വരയിലു മാണ് ലൈംഗികതാബന്ധം ഫുട്‌ബോളില്‍ പ്രഥമമായിക്കാണുന്നത്. തുടര്‍ന്നുവരുന്ന ഫുട്‌ബോളിന്റെ ആഖ്യാനം എല്ലാത്തരത്തിലും കിടപ്പറയ്ക്കു തുല്ല്യമാകുന്നുണ്ട്.

പതുക്കെ തുടങ്ങി ക്രമീകൃതമായ നീക്കങ്ങളിലൂടെ എതിരാളിയെ കുടുക്കാന്‍ ശ്രമിച്ച് ഗോളടിക്കാനുള്ള ഫുട്‌ബോള്‍ തന്ത്രമാണ് ലൈംഗികതയുടെ കാതലായും കടന്നു വരുന്നത്. വാക്കുകളും നോട്ടങ്ങളും പകര്‍ന്ന് പതുക്കെ ശരീരങ്ങള്‍ ചേര്‍ന്ന് ക്രമേണെ അക്രമണോല്‌സുകമായി സ്ത്രീയിലേക്ക് പുരുഷന്‍ പ്രവേശിച്ച് തന്റെ വീര്യം നിക്ഷേപിക്കുന്നു/ഗോളടിക്കുന്നു. ലക്ഷ്യം നേടുന്നതോടെ കളി ശാന്തമാകുന്നു. ഈ നിലയിലുള്ള ലൈംഗികതയുടെ ഒരാഖ്യാനമാണ് കടമ്മനിട്ടയുടെ ശാന്ത എന്ന കാവ്യം. ശാന്തയായ ഭാര്യയെ ഭര്‍ത്താവ് തന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഉണര്‍ ത്തിയെടുത്ത് ഭോഗിക്കുന്നു. ഫുട്‌ബോളില്‍ ഗോളടിച്ചു കഴിഞ്ഞാലും കളി തുടരുന്നു. ലൈംഗികതയില്‍ വിശ്രാന്തിയാകുന്നു.എതിരാളിയുടെ പ്രതിരോധത്തിന്റെ തകര്‍ ച്ചയിലാണ് മറുപക്ഷം ലക്ഷ്യം കാണുന്നതെങ്കില്‍ സ്ത്രീയുടെ പ്രതിരോധത്തകര്‍ച്ച യിലാണ് പുരുഷന്റെ പ്രവേശനം സാധ്യമാകുന്നത്.

ഗോളിയുടെ അതിരുകള്‍

പുരുഷന്‍ കരുത്തനായ ആക്രമണകാരിയും സ്ത്രീ ആക്രമണത്തിന്റെ ഫലം/ഇരയു മാകുന്ന ലൈംഗികതായുക്തി ഫുട്‌ബോളില്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യക്ഷമായിത്ത ന്നെ കാണാം. ഒരു പക്ഷത്തിന്റെ ലക്ഷ്യമെപ്പോഴും മറുപക്ഷത്തിന്റെ ഗോള്‍ പോസ്റ്റാണ്. അതായത് ഫുട്‌ബോളിന്റെ കേന്ദ്രം ഗോള്‍പോസ്റ്റാണ്. സ്ത്രീയുടെ യോനീകവാടം പോലെയാണ് ഗോള്‍പോസ്റ്റ്. ഇതിലേക്കാണ് പന്ത് നിറയൊഴി ക്കേണ്ടത്-ലിംഗത്തിന്റെ ധര്‍മവും ഇതുതന്നെ. അങ്ങനെ വരുമ്പോള്‍ ഗോള്‍പോ സ്റ്റ് കാക്കുന്ന ഗോളിയെന്നത് ഫുട്‌ബോളിന്റെ മര്‍മസ്ഥാനത്തു വരുന്ന താരമാകുന്നു. ഗോളിയുടെ ചെറിയ ചലനങ്ങള്‍ പോലും, തീരെച്ചെറിയ അശ്രദ്ധപോലും വലിയ പിഴയൊടുക്കേണ്ട ഒന്നായിമാറുന്നു. ഈ കഥയിലെ പ്രധാന ഘടകം ഗോളിതന്നെ. ഗീവര്‍ഗീസച്ചന്‍ ഫുട്‌ബോള്‍ മുഴുവന്‍ കാണുന്നില്ല. അദ്ദേഹം ഗോളിയെ മാത്ര മാണ് ശ്രദ്ധിച്ചിരുന്നത്. ടി.വിയില്‍ വേള്‍ഡ് കപ്പ് കണ്ടുകൊണ്ടിരിക്കുമ്പോഴും പെനാല്‍റ്റി കിക്ക് കാത്തു നില്ക്കുന്ന പലതരം ഗോളികള്‍ അച്ചന്റെ മനസില്‍ നിന്നു വിട്ടു പോയിരുന്നില്ല. അച്ചന്‍ കളി കണ്ടിരുന്നില്ല. ഗോളികളെ മാത്രമേ ശ്രദ്ധിച്ചിരു ന്നുള്ളു എന്നകഥായുക്തി ഫുട്‌ബോളിന്റെ അര്‍ഥ/കാഴ്ചാ പരിസരത്തെ കളിയുടെയും ഗോളിയുടെയും (ലൈംഗിക) നിയമങ്ങള്‍ക്കകത്തേക്കു വിവര്‍ത്തനം ചെയ്യുന്നതാണെന്നു കാണാം.

ഫുട്‌ബോളില്‍ ഒരു ടീമിലെ പതിനൊന്നില്‍ പത്തു പേര്‍ക്കും മൈതാനത്തിനകത്ത് യഥേഷ്ടം സഞ്ചരിക്കാനും തങ്ങളുടെ ശരീരപ്രകടനം നടത്താനും സ്വാതന്ത്രമുണ്ടാ യിരിക്കെ ഗോളിക്ക് ഇതിനു സ്വാതന്ത്ര്യമില്ല. അയാള്‍ കൂട്ടില്‍കിടക്കുന്ന കിളിക്കുതു ല്യം തന്റെ ശരീരത്തെ ഒതുക്കി ചലനങ്ങളെ നിയന്ത്രിച്ച്  ഗോള്‍പോസ്റ്റിന്റെ നിയന്ത്രണവരകള്‍ക്കുള്ളില്‍ നില്‍ക്കേണ്ടവനാണ്.പരിധികളും വിലക്കുകളും ലംഘിക്കുവാന്‍ അയാള്‍ക്ക് ഫുട്‌ബോളിന്റെ നിയമം അനുമതി നല്കുന്നുണ്ടെങ്കിലും ആ ലംഘനം ഒരു പക്ഷേ ഫുട്‌ബോള്‍ ജീവിതത്തിലെ ദുരന്തം മായിത്തീരാമെന്ന് ഓരോകളിമൈതാനവും വിളിച്ചു പറയുന്നുണ്ട്.  അതിന്റെ ഉത്തമോദാഹരണമാണ് ഹിഗ്വിറ്റ. ഹിഗ്വിറ്റ എന്ന നാമം സൂചകമാകുന്നത് കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്ന ഗോളിയുടെ അനിവാര്യ ദുരന്തത്തെക്കുറിച്ചാണ്. കളിയെന്നത് കേവലമായ വിനോ ദത്തിനപ്പുറത്ത് ലംഘിച്ചുകൂടാത്ത അതിരുകളുള്ള സാമുഹ്യാധികാരത്തിന്റെ കൂടി പ്രകടനമായിമാറുന്നു.

വിശാലമായ മൈതാനത്തിന്റെ മൂലയില്‍ തന്റെ ശരീരത്തെ ഒതുക്കി നില്‌ക്കേ ണ്ടുന്ന ഗോളിയെപ്പോലെയാണ് സാമുഹ്യസ്ഥലരാശിയില്‍ സ്ത്രീ. വിപുലമായ സാമുഹ്യ ജീവിതത്തിന്റെ വൈവിധ്യങ്ങളിലും ആഴത്തിലും പറന്നു നടക്കാന്‍ കഴിയാതെ , തന്റെ ശരീരത്തെ വിടര്‍ത്തി ആഹ്‌ളാദിക്കാനാവാതെ ഒരു കോണില്‍ സമൂഹത്തിലെ കാണികളുടെ നോട്ടങ്ങള്‍ക്കു വിധേയമാകാതെ, വീടെന്ന ഗോള്‍ പോസ്റ്റിനുള്ളില്‍  മറ്റാരുടെയും ഗോളിനും ആക്രമണത്തിനും ലക്ഷ്യമാകാതെ തന്റെ ശ രീരത്തെ സൂക്ഷിച്ചു കഴിയേണ്ടവളാണ് സ്ത്രീ. സ്ത്രീയും പുരുഷനും തുല്യമാണെന്നാ ണ് (വെറും) പറച്ചില്‍, അഥവാ എഴുതിയ നിയമങ്ങള്‍ പറയുന്നത്. പക്ഷേ കീഴ് വഴ ക്കങ്ങള്‍, ആജ്ഞകള്‍, നോട്ടങ്ങള്‍ എല്ലാം സ്ത്രീയെ ഗോളിയെപ്പോലെ അതിരുക ളില്‍ വരിഞ്ഞു കെട്ടുന്നു. കീഴ്‌വഴക്കം ലംഘിച്ചു പുറത്തേക്കു പോയാല്‍ ദുരന്തമാമെ ന്നു നിരന്തരം ഓര്‍മിപ്പിക്കുന്നു. ഗോളിയുടെ അതേ (ദുര്‍) വിധിയാണ് സ്ത്രീക്ക്. കളിയി ലെ വിജയത്തിന് പതിനൊന്നു പേര്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടങ്കിലും ഗോള്‍ പോസ്റ്റെന്ന എതിരാളിയുടെ ലക്ഷ്യസ്ഥാനത്തിന്റെ കൂടുതല്‍ ഉത്തരവാദിത്വം ഗോളിക്കാണ്. അയാളുടെ വലുതല്ലാത്ത പിഴവുകള്‍ പോലും എതിരാളിയുടെ കടുത്ത ആഹ്‌ളാദങ്ങള്‍ക്കു കാരണമായിത്തീരും. ഒരു വീടിന്റെ സാംസ്‌കാരമൂല്യം ആധിപ ത്യത്തിലുള്ള പുരുഷന്മാരെക്കാള്‍  പുരനിറഞ്ഞു നില്ക്കുന്നുവെന്നു പറയപ്പെടുന്ന സ്ത്രീകള്‍ക്കാണ്.സ്ത്രീക്ക് ഒന്നു പിഴച്ചാല്‍ എതിരാളി ലക്ഷ്യം കണ്ടാല്‍ വന്‍ ദുരന്തമാ ണ് വരുന്നത്. പിഴക്കപ്പെട്ട സ്ത്രീകളുള്ള വീടുകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അപകടകരമായ വിധത്തില്‍ പുറന്തള്ളപ്പെടുന്നുവെന്ന് , സ്ത്രീപീഢനത്തി നിരയായ കേരളത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ പുരുഷാധികാര ത്തിന്റെ ഓരോ ചലനങ്ങളും സ്ത്രീയെ കൂടുതല്‍ പ്രതിരോധത്തിലേക്ക് നയിക്കുന്നു, തന്റെ അതിരുകളെ എത്രയും ചുരുക്കാനും അതില്‍ വളരെ ഒതുങ്ങിക്കഴിയാനും പ്രേരിപ്പിക്കുന്നു. മറിച്ചായാല്‍ അതിരുകളെ ഉല്ലംഘിക്കാനുള്ള ശ്രമം, കുറിയേടത്തു താത്രിയെപ്പോലുള്ളവരുടെ ജീവിതം പോലെ (പുരുഷ) സമൂഹത്തിന്റെ പെനാല്‍റ്റികള്‍ എത്രയും ക്രൂരമാണെന്ന് വിളിച്ചു പറയുന്നു.

ഫുട്‌ബോള്‍ കളിയുടെ നിയമങ്ങലുടെ അപരാര്‍ഥങ്ങള്‍ ഹിഗ്വിറ്റയുടെ അര്‍ഥവ്യവ സ്ഥയെ മാറ്റിമറിക്കുന്നിടത്ത് ഗോളിയെ പ്രണയിക്കുന്ന ഗീവര്‍ഗീസച്ചന്‍ മറ്റൊരു പ്രശ്‌നമുന്നയിക്കുന്നുണ്ട്. മുന്നേറ്റ നിരയിലെ ഗോളടിക്കാരനായിരുന്ന ഗീവര്‍ഗീസ് പുരോഹിതനായ ശേഷം എന്തുകൊണ്ടാണ് ഗോളികളെ ശ്രദ്ധിക്കാന്‍ തുടങ്ങിയ തെന്നതാണ് നിര്‍ണായകമാകുന്നത്.  മാത്രവുമല്ല മുന്നേറ്റനിരയിലുണ്ടായിരുന്ന അദ്ദേഹം കളിച്ചില്ലെങ്കിലും കഥാന്ത്യത്തില്‍ ജബ്ബാറിന്റെ മുന്നിലെത്തുമ്പോള്‍ വീണ്ടും പഴയ ഫോര്‍വേഡായാണ് ആക്രമിക്കുന്നത്; ഗീവര്‍ഗീസ് കാലുയര്‍ത്തി അടിച്ചു, വിരിനെഞ്ചില്‍ പന്തെടുത്ത് തലകൊണ്ടടിച്ചു. അടുത്ത അടി കാലുപൊ ക്കിയായിരുന്നു. അക്രമണോല്‌സുക സെവന്‍സ് കളിയിലെ ജനപ്രിയതാരം നിശ ബ്ദനും നിസംഗനുമായ ഗോളിയെ ശ്രദ്ധിക്കുന്നതിന്റെ വിവക്ഷകള്‍ മുമ്പു പറഞ്ഞ കളിയുടെ (ലൈംഗിക)നിയമങ്ങള്‍ക്കകത്താണ് കിടക്കുന്നതെന്നു കാണാം.

ദൈവവിളി കിട്ടി പൗരോഹിത്യ മതത്തിന്റെ അധികാര ചട്ടക്കൂടിനകത്തേക്കു പ്രവേശിച്ചതോടെയാണ് ഗീവര്‍ഗീസിലെ ആക്രമണകാരി മരിച്ചത്. ളോഹയുടെ നിയമങ്ങള്‍ക്കകത്തുള്ള മതജീവിതം പെനാല്‍റ്റിബോക്‌സിനകത്തുള്ള ഗോളിയുടെ ജീവിതത്തിനു തുല്യമാണ്. ഇവിടെയയാള്‍ സഭയുടെ കാവല്ക്കാരനാണ്. ഭൗതിക ജീവിതത്തിന്റെ മേഖലകള്‍ക്കപ്പുറത്താണ് അയാളുടെ ആത്മീയജീവിതത്തിന്റെ അതിര്‍വരമ്പുകള്‍. ആ അതിര്‍വരമ്പുകള്‍ വിട്ടു കളിക്കുക അസാധ്യമാകുന്നു, കടുത്ത അധികാരത്തിന്റെ ദണ്ഡുകള്‍ അയാളുടെ ശ്രമങ്ങളെത്തടയുന്നു. ഈ അതിരുകള്‍ ക്കുള്ളില്‍ അയാള്‍ അനുഭവിക്കുന്ന കടുത്ത സംഘര്‍ഷം ആത്മീയതയുടെയും ഭൗതി കതയുടേതുമാണ്. പൗരോഹിത്യത്തിന്റെ അടഞ്ഞ ജീവിതത്തിനുള്ളിലെ പ്രതിസ ന്ധി ലൈംഗികതയുടെ തുറവുകളെ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ്. അടി ച്ചമര്‍ത്തപ്പെട്ട ലൈംഗികതയുമായി ളോഹയ്ക്കുള്ളില്‍ കഴിയുന്നതുകൊണ്ടാണ് ഗീവര്‍ഗീസ് അച്ചന്‍ ഗോളികളെ പ്രണയിക്കുന്നത്. ജീവിതത്തിന്റെ അക്രമണോ ല്‌സുകത നഷ്ടപ്പെട്ടതു കൊണ്ടാണ് ആദ്യമൊക്കെ ലൂസിയുടെ പരാതിയില്‍ നിന്ന യാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും മറ്റും. എന്നാല്‍ ഹിഗ്വിറ്റയുടെ ദുരന്തത്തോടെ ഗോളിയായുള്ള തന്റെ മതജീവിതത്തിനകത്തുനിന്ന് അയാള്‍ പുറത്തു വരുന്നു. അന്ന് ലൂസി വീണ്ടും പരാതിയുമായി എത്തിയപ്പോള്‍ അച്ചന്‍ അവളെയും കൂട്ടി ഇറങ്ങുന്നു. പക്ഷേ ആ യാത്രയ്ക്കു മുമ്പ് നിര്‍ണായകമായൊരു കാര്യം അദ്ദേഹം ചെയ്തതായി കഥയില്‍ പറയുന്നു; ലൂസിയെ പുറത്തു നിര്‍ത്തി മുറിക്കുള്ളില്‍ കയറി പാന്റിന്റെയും ഷര്‍ട്ടിന്റെയും മേല്‍ ധരിച്ച ളോഹയും ജപമാലയും ഊരിവച്ചു. മതജീവിതത്തിന്റെ അസ്വതന്ത്രതകള്‍ ഊരിവച്ചപ്പോഴാണ് ളോഹയില്‍ നിന്ന യാള്‍ മോചിതനായി പഴയ ഗീവര്‍ഗീസ് ആയത്. അതായത് ഗീവര്‍ഗീസിന്റെ ജീവിതത്തില്‍ ഫുട്‌ബോള്‍ നടന്നുകൊണ്ടാരിക്കുയായിരുന്നുവെന്നു സാരം.

മതാധികാരത്തിനു വിധേയനായി അതിന്റെ കാവല്ക്കാരനായി നില്ക്കുന്ന ഫാദര്‍ ഗോ ളികളെ പഠിക്കാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ എത്തുന്നഗോളികളെ കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട. പെനാല്റ്റി കിക്ക് കാത്തുനില്ക്കുന്ന ഗോളിയുടെ ഏകാന്തതയില്‍ തുടങ്ങുന്ന തുടങ്ങുന്നകഥ ഹിഗ്വിറ്റയില്‍ എത്തുന്നതിനു മുമ്പ് മൂന്ന് ഗോളികളിലൂടെ കടന്നു പോകുന്നു-യേശുക്രിസ്തു, ഗോളിയത്ത്, ഒനാന്‍ എന്നിവര്‍. വേദപുസ്തക പാത്രങ്ങളായ ഇവരുടെ ജീവിതത്തെ ശ്രദ്ധിക്കാമെങ്കില്‍ ഒരു വസ്തുത കാണാന്‍ കഴിയും; കായിക ശക്തിയില്‍ ദുര്‍ബലരായിരുന്നിവര്‍ എന്നതാണിത്. അഥവാ അടിച്ചു തകര്‍ക്കുന്ന പൗരുഷ-ആണത്ത-ശരീരഭാഷയ്ക്കു പുറത്തായിരുന്നി വര്‍. ഇതില്‍ ഗോളിയത്ത് ഭീമാകാരനായിരുന്നുവെങ്കിലും ഒരു കവിണയേറുകൊണ്ട് വീണവനാണെന്ന പാഠം പൗരുഷ വിഹീനതയെയാണ് കുറിക്കുന്നത്. പന്തുകള്‍/ വിത്തുകള്‍ നിലത്തിട്ട ഒനാനെക്കുറിച്ചുള്ള പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. പൗ രുഷതയുടെ ലക്ഷണമായി വ്യവഹരിക്കുന്ന സ്ത്രീയെ ലൈംഗികമായി കീഴടക്കുക യെന്ന ധര്‍മത്തെ വെടിഞ്ഞ് തന്റെ ബീജം പുറത്ത് ഒഴിച്ചു കളഞ്ഞ് അപുരുഷത്വം വെളിവാക്കിയവനാണ് ഒനാന്‍ (ഉല്പത്തി-30). ചുരുക്കത്തില്‍ കഥയിലെ അപ്രസ ക്തരും  പ്രസക്തരും ലൈംഗികതയുടെ കളത്തിനകത്താണ് കളിച്ചുകൊണ്ടിരി ക്കുന്നതെന്നു വ്യക്തമായികാണാം. ഗോളിയെന്നത് പൗരുഷം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ലെന്നും മറിച്ച് തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്താനുള്ള, എല്ലാവ രാലും ഒറ്റുകൊടുക്കപ്പെട്ട് കീഴടങ്ങാനുള്ള ദുര്‍ബലത്വമാണ് ഗോളിയെന്നുമാണ് കഥയുടെ പൊതുകാഴ്ചപ്പാട.് സ്വശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ട ക്രിസ്തുവും ഒരു ദുര്‍ബലന്റെ ഏറിനാല്‍ വീഴ്ത്തപ്പെട്ട ഗോളിയത്തും ലൈംഗികതയില്‍ തന്റെ പൗരുഷം പ്രകടിപ്പിക്കാന്‍ കഴിയാഞ്ഞ ഒനാനും രൂപകാത്മകമാക്കുന്നത,സ്ത്രീയുടെ് അവസ്ഥയ്ക്കു തുല്യമായ, ഗോളിയുടെ നിസഹായതയും ദുരന്തവുമാണ്. പൗരുഷവിഹീ നരായ ഗോളികളില്‍ നിന്ന് ഹിഗ്വിറ്റയില്‍ അച്ചന്റെ കണ്ണുകളെത്തുമ്പോള്‍ ഗോളി ത്വത്തിന്റെയും കളിയുടെയും രാഷ്ട്രീയം മൂര്‍ത്തമാകുന്നു.

ഗോളികളെക്കുറിച്ചുള്ള ഗീവര്‍ഗീസച്ചന്റെ പഠനത്തിലെ ഒരു ചെറിയ അടിക്കുറി പ്പായിട്ടാണ് ടി വിയില്‍ കൊളംബിയയുടെ ഗോളിയായ ഹിഗ്വിറ്റ പ്രത്യക്ഷപ്പെട്ടത്. താണ്ഡവത്തിനു മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളന്‍ മുടിയും കറുത്തകരിങ്കല്‍ മുഖവും നേരിയമീശയുമായി ഹിഗ്വിറ്റ ഗോളികള്‍ക്കൊരു അപവാദമായിരുന്നു. ഹിഗ്വിറ്റയിലേക്കു ഗീവര്‍ഗീസച്ചന്‍ പ്രവേശിക്കുന്ന ഈ വാ ക്കുകളില്‍ മുമ്പു സൂചിപ്പിച്ച കഥയുടെ മറു പൊരുളുകള്‍ കൃത്യമായി ഉള്ളടക്കിയിട്ടുണ്ട്. ഗോളിയെന്ന കഥയിലെ കേന്ദ്ര പ്രശ്‌നം ഹിഗ്വിറ്റയിലാണ് ഉറയ്ക്കുന്നത്. ഹിഗ്വിറ്റയെ കണ്ടതു മുതല്‍ അച്ചന്‍ മറ്റു ഗോളികളെ ഒഴിവാക്കി. ഗോളിത്വമെന്നത് ഗോള്‍വരയ്ക്കു ള്ളിലെ അടങ്ങിയുള്ള ജീവിതമാണെന്നും ഇത് സ്‌ത്രൈണതയ്ക്കുതുല്യമാണെന്നുമുള്ള പൊരുളുകള്‍ ഹിഗ്വിറ്റയില്‍ വ്യക്തമാകുന്നിടത്താണ് മറ്റു ഗോളികളെ ഒഴിവാക്കുന്ന തെന്നുകാണാം. മറ്റു ഗോളികള്‍ക്ക് അപവാദമായാണ് ഹിഗ്വിറ്റ വരുന്നതെന്നു കഥാ കൃത്തു പറയുന്നുവെങ്കിലും അച്ചന്റെ, സ്‌ത്രൈണാംശമുള്ള മുന്‍ ഗോളികള്‍ക്കു വ്യക്തമായ തുടര്‍ച്ചയായാണ് ഹിഗ്വിറ്റയും പ്രത്യക്ഷപ്പെടുന്നത്. അതാണ് ഹിഗ്വിറ്റ യുടെ രൂപം വ്യക്തമാക്കുന്നത്. താണ്ഡവത്തിനു മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവ നെപ്പോലെ നീണ്ട ചുരുളന്‍ മുടിയും…….നേരിയ മീശയുമായി ……..സ്ത്രീകളുടെ നീണ്ട മുടിയും പൗരുഷം വ്യക്തമാക്കാത്ത മീശയും ശൈവത്വവും ചേര്‍ന്ന  അയാള്‍ മുന്‍ പറഞ്ഞ ഗോളികളുടെ സ്‌ത്രൈണതയുമാണ് അനുരൂപപ്പെടുന്നത്. തന്റെ പൗരുഷത്തിന്റെ പാതി ത്യജിച്ച് ഭാര്യ(പാര്‍വതി)യുടെ പാതി സ്ത്രീത്വം സ്വീകരിച്ച അര്‍ധനാരീശ്വരത്വമായ ശൈവത്വം അധികാരരൂപിയായ ആണത്വത്തിന്റ നിഷേധമാണ്. ഹിഗ്വിറ്റ പ്രതിനിധാനം ചെയ്യുന്ന രൂപ/ഭാവഗുണങ്ങള്‍ എല്ലാ അര്‍ഥത്തിലും പൗരുഷത്വത്തെ നിഷേധിച്ചുകൊണ്ട് ദുര്‍ബലമായ സ്ത്രീത്വത്തെ അടയാളപ്പെടുത്തുന്നു. പെണ്ണായതുകൊണ്ടാണ് അതിരുകള്‍ ഭേദിച്ചു കടന്നു പോയപ്പോള്‍ ദുരന്തം ഹിഗ്വിറ്റയെ തേടിയെത്തിയത്- അവസാനം ഒരു നാള്‍ അതു സംഭവിച്ചു.മുന്നോട്ടുകയറിയ ഹിഗ്വിറ്റയുടെ കാലില്‍ നിന്ന് എതിരാളി പന്ത് തട്ടിയെടുത്ത് ഒഴിഞ്ഞപോസ്റ്റില്‍ ഗോളടിച്ച് കൊളംബിയയെ ലോകകപ്പില്‍ നിന്ന് പുറത്താക്കി. കേവലമായ ഒരു കളിയിലെ തോല്‌വിയായിരുന്നില്ല ഇത്; മറിച്ച് (പുരുഷന്റെ) കളി നിയമങ്ങള്‍ അനുസരിക്കാത്ത, അതിരുകളും കീഴ്‌നടപ്പുകള്‍ക്കും വിധേയമാകാത്ത പെണ്ണിനു കിട്ടിയ ശിക്ഷയാണിത്. പുരുഷനായിരിക്കെ ആണ ത്തം പ്രകടിപ്പിക്കാതെ, പെണ്‍വേഷം കെട്ടിനടക്കുന്ന പെണ്‍കോന്തനു കിട്ടിയ ശിക്ഷയാണിത്. (പുരുഷ)സമൂഹം പറഞ്ഞുറപ്പിച്ചിട്ടുള്ള ആണ്‍/പെണ്‍മൂശകളും വേഷങ്ങളും ഗുണങ്ങളും അതിരുകളും സ്ത്രീ (പുരുഷനും) അനുസരിക്കേണ്ടതുണ്ടെന്നും ആ അതിരുകള്‍ വിട്ടുകളിച്ചാല്‍ കളി കാര്യമായിത്തീരുമെന്നും ഹിഗ്വിഗ്വിറ്റയുടെ ദുരന്തം  അടിവരയിടുന്നു.

അതിരുകളും നിര്‍വചനങ്ങളും മാനിക്കാത്ത സ്‌ത്രൈണ/പൗരുഷങ്ങള്‍ ശിക്ഷിക്ക പ്പെടേണ്ടതുണ്ടെന്ന ഹിഗ്വിറ്റയുടെ ഗുണപാഠമാണ് ജബ്ബാറിനു ലഭിക്കുന്ന ശിക്ഷ യും. ആദിവാസി പെണ്‍കുട്ടികളെ വശീകരിച്ചു അവരെ പണത്തിനായി മറ്റുള്ള വര്‍ക്കു കാഴ്ചവയ്ക്കുന്ന ജബ്ബാറിന്റെയും ജീവിത്തിലെയും അടിസ്ഥാന പ്രശ്‌നം പൗരുഷമാണെന്ന് വ്യക്തമാക്കപ്പെടുന്നു. പെണ്‍കുട്ടികളെ വശീകരിച്ചിരുന്ന അയാള്‍ ആരെയും തന്റെ പൗരുഷത്തിന് ഇരയാക്കിയിരുന്നില്ല, മറിച്ച് അയാള്‍ ക്കതിനുകഴിയുമായിരുന്നില്ല എന്ന സൂചന നല്കി ഒരു പിമ്പായിരിക്കാനാണ് അയാള്‍ ഇഷ്ടപ്പെടുന്നതെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടാണയാള്‍ ലൂസിയെ കല്യാണം കഴിക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് ഒഴിഞ്ഞുമാറിയത്. അതായത് അയാളുടെ പൗരുഷത്തിനും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതാണ് അവസാനം വെളിവാ കുന്നത്; നീ വന്നോ? ജബ്ബാറിന്റെ മൃദുവായ ശബ്ദം അച്ചനെ അത്ഭുതപ്പടുത്തി. പ്രത്യേകിച്ചും ആ ശബ്ദം പുറപ്പെടുവിച്ച മാംസപേശി കനത്ത കാളക്കഴുത്ത് അച്ചന്‍ കണ്ടപ്പോള്‍. അഞ്ചരയടിയോളമുയരമുള്ള കരുത്തുള്ള ജബ്ബാറിന്റെ മൃദുവായ ശബ്ദം,ശക്തനായ ഒരാണിനെയും അവന്റെ ആക്രമണത്തെയും പ്രതീ ക്ഷിച്ചുചെന്ന അച്ചനെ അദ്ഭുതപ്പെടുത്തി. ശരിയായ ആണത്തത്തിന്റെ മാതൃകയുടെ അകത്തല്ല ജബ്ബാര്‍ നില്ക്കുന്നത്, ഹിഗ്വിറ്റയെപ്പോലെ പുറത്താണ്. അച്ചന്റെ അത്ഭുതത്തിന് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് എന്നുകാണാം. ജബ്ബാര്‍ എന്ന പേരില്‍ നിഹിതമായിരിക്കുന്ന, മുഖ്യധാരയില്‍ വ്യവഹരിക്കപ്പെട്ടുകൊണ്ടി രിക്കുന്ന മുസ്‌ളീം ആണിലെ ആക്രമണകാരിയെന്ന ചിഹ്നമാണത്

(മലയാള)സിനിമാ നടന്മാരില്‍ ചിലരുടെ  ശബ്ദം ആണ്‍രൂപംപോലെ  ആണത്തം പ്രകടിപ്പിക്കാത്തതിനാല്‍ ഒഴിവാക്കിയ വിവാദങ്ങള്‍ അടുത്തകാലത്തും ഉണ്ടായത് ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. അതായത് ആണത്തമെന്നത് എല്ലാ ഗുണങ്ങളിലു മുള്ള പൂര്‍ണതയെയാണ് അതിന്റെ അധികാരത്തെയാണ് ലക്ഷ്യമാക്കുന്നത്. ഒന്നിലുള്ള ചെറിയ കുറവുപോലും കടുത്ത വൈകല്യമായിക്കാണുകയും പുറന്തള്ളു കയും ചെയ്യുന്നു. അങ്ങനെ ഈ ലിംഗമാതൃക കൃത്യമായ ആണ്‍ അഥവാ പെണ്‍ എന്ന തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍വയ്ക്കുന്നു. രണ്ടിനും ഇടയില്‍ നില്ക്കുന്ന സ്വത്വത്തി നെ അംഗീകരിക്കാന്‍ കഴിയില്ല എന്ന അധീശപ്രഖ്യാപനമാണ് കഥ നടത്തുന്നത്.

പ്രതിരോധം- തകര്‍ച്ചയും വളര്‍ച്ചയും

ഗോളിയുടെമുന്നിലെപ്പോഴും കനത്ത പ്രതിരോധമുണ്ടായിരിക്കും. ദുര്‍ബലമാണ് ഗോളിയെന്നതിനാലാണ് അവന്റെ മുന്നിലെ ഉരുക്കുകോട്ട. അതു തകര്‍ന്നാല്‍ ഗോളി നിസഹായനാണ്. പെനാല്‍ട്ടിയില്‍ ഒരിക്കലും പ്രതിരോധം അനുവദിക്കു ന്നില്ല. അതുകൊണ്ടാണ് പെനാല്‍ട്ടി  ഗോളിക്കു കിട്ടുന്നകടുത്തശിക്ഷയാകുന്നത്; പെനാല്‍ട്ടിയിലെ ഏകാന്തത കേന്ദ്രപ്രശ്‌നമായിതില്‍ കടന്നുവരുന്നതും. വീട്ടിലിരി ക്കുന്ന സ്ത്രീകള്‍ക്ക് മുന്നിലും പുരുഷന്റെ കടുത്ത കാവലുണ്ട്. അതുനിലനില്ക്കുന്നിട ത്തോളം അവര്‍ സുരക്ഷിതരാണ്. ഈ സംരക്ഷണം ലംഘിച്ചുപോകുന്നവരാണ് ദുരന്തത്തിലേക്കു വീഴുന്നത്. ലൂസിയുടെ ഗോള്‍മുഖം നിരന്തരമായി ആക്രമണവി ധേയമാണ്. ഉറപ്പുള്ള ഒരു സംരക്ഷണം അവള്‍ക്കില്ല. അതുകൊണ്ടാണവള്‍ പുരോഹിതന്റെ/മതത്തിന്റെ സംരക്ഷണംതേടുന്നത്. സ്ത്രീ സ്വയം സംരക്ഷിക്കാന്‍ കഴിവുള്ള വ്യക്തിയല്ലെന്നും പുരുഷന്റെ സംരക്ഷണയില്‍ മാത്രം ജീവിക്കേണ്ടു ന്നവളാണെന്നുമുള്ള യുക്തിയിലാണ് കഥയൊന്നാകെ ചിട്ടപ്പെട്ടിരിക്കുന്നത്. ദുര്‍ബലരായ ഗോളികള്‍ എന്ന ചിത്രത്തില്‍ നിന്ന് ആഖ്യാനം മുന്നോട്ടു പോകുന്നത് ലൂസിയെ എറ്റവും ദുര്‍ബലരായി അവതരിപ്പിച്ചുകൊണ്ടാണ്. തീര്‍ത്തും അശക്ത യായ സ്ത്രീയാണവള്‍. ആദിവാസി യുവതിയെന്നത് അവളുടെ അശക്തതയെ കൂടു തല്‍ ആഴമുള്ളതാക്കുന്നു. ഇങ്ങനെയുള്ള നിസഹായ സ്വത്വങ്ങള്‍ പുറംലോക ത്തിന്റെ അധികാരമുള്ള പുരുഷന്‍,സഭ, ഭരണകൂടം മുതലായവയാലാണ് സംര ക്ഷിക്കപ്പെടേണ്ടത്. ഇവിടെ മതത്തിന്റെ സംരക്ഷണത്തിന് വിപുലമായ അര്‍ ഥങ്ങള്‍ കൂടിയുണ്ട് എന്നുകാണാം. മറ്റെല്ലാത്തിനുമുപരി ഉയര്‍ന്നതലത്തിലുള്ള ആണത്തത്തിന്റെ പ്രതീകമാണ് മതഘടനകള്‍, പ്രത്യേകിച്ചു ക്രൈസ്തവമതം. സൈന്യാധിപനായ, ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നവനായഅധീശത്വ ആണത്തി ന്റെ  രൂപമാണ് ക്രൈസ്തവ ദൈവസങ്കല്പം. ആ ദൈവത്തിന്റെ പ്രതിനിധിയാ യാണ് ഗീവര്‍ഗീസ് ജബ്ബാറിനെ ഇടിച്ചു നിരപ്പാക്കുന്നത്

മൂന്നു തവണയാണ് ലൂസി അച്ചനെ കാണാന്‍ ചെന്നത്. ഓരോതവണയും ലൂസി യുടെ പ്രതിരോധം ക്രമേണെ തകരുന്നതായാണ് ചിത്രീകരിക്കുന്നത്.ആദ്യത്തെ തവണ കാണുമ്പോള്‍ ഇങ്ങനെയായിരുന്നു സംഭാഷണം;
എന്നിട്ട് ജബ്ബാറിനോട് നീ എന്തു പറഞ്ഞു?
വരാന്‍ പറ്റില്ലെന്ന്.
അതു നന്നായി
പക്ഷേ ജബ്ബാര്‍?

രണ്ടാം തവണ കാണുമ്പോള്‍ അവള്‍ ഇങ്ങനെയാണ് പറഞ്ഞത്- ഞാന്‍ നില്ക്കുന്ന വീട്ടില്‍ ആളൊഴിയുന്ന സമയം പോലും അവന് അറിയാം.അല്ലെങ്കില്‍ എങ്ങനെ യാണ് അപ്പോഴെല്ലാം അവന്‍ കൃത്യമായി എന്നെ ഫോണില്‍ വിളിക്കുന്നത്? എനിക്കു പേടിയാകുന്നു എന്നാണ്.എന്നാല്‍ മൂന്നാം തവണ കാണുമ്പോള്‍ അവള്‍ ഇങ്ങനെ പ്രതികരിക്കുന്നു- ഫാദര്‍ ഞാന്‍ ജബ്ബാറിന്റെ അടുത്തേക്ക് പോവുകയാ ണ്. കഥാകൃത്ത് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു; അവളുടെ പ്രതിരോധം തകര്‍ന്നു തുട ങ്ങിയിരിക്കുന്നു. വരാന്‍ പറ്റില്ലെന്ന നിലപാടില്‍ നിന്ന് പോകാന്‍ തീരുമാനിക്കുന്ന പ്രതിരോധത്തകര്‍ച്ചയിലേക്ക് സ്ത്രീ/ ലൂസി അവതരിപ്പിക്കപ്പെടുമ്പോള്‍ , അച്ചനാ കട്ടെ വ്യക്തമായ നിലപാടില്ലായ്മയില്‍ നിന്ന് പ്രതിരോധിക്കുകയും ആക്രമിക്കുക യും ചെയ്യുന്ന പൗരുഷത്തിലേക്കു വളരുന്നു-ലൂസിക്കു നേര്‍ വിപരീതമായി. ഫുട്‌ബോ ളിന്റെ കൂടി തത്വമാണ് ഇവിടെ പ്രകടമാകുന്നത്. പെണ്‍മയുടെ ഭാവങ്ങളെല്ലാം-ഗോളിത്വവും-ആക്രമണം ശക്തമാകുമ്പോള്‍ പ്രതിരോധം നഷ്ടമായി ആടിയുലഞ്ഞ് കീഴടങ്ങുന്നു. കീഴടങ്ങലാണ് സ്‌ത്രൈണതയുടെ മുഖ്യാംശം. പൗരുഷത്വത്തിന്റേ താകട്ടെ ആക്രമിച്ച് എന്തിനെയും കീഴടക്കുന്നതിന്റെയും. സ്‌ത്രൈണതയെ പരി ത്യജിച്ച പൗരുഷത്വത്തിന്റെ വെന്നിക്കൊടിയാണ് കഥയുടെ മൈതാനത്ത് അച്ചന്‍ ഉയര്‍ത്തുന്നത്.                   

കീഴടങ്ങാത്ത ആണത്തത്തിന്റെ ചിഹ്നമാണ് കഥാന്ത്യത്തിലെ അടി. ഫുട്‌ബോളി ന്റെ അടിസ്ഥാനം കാലുകൊണ്ടുള്ള അടിയാണ്. അടിക്ക് കളിപോലെ ലൈംഗിക തയുമായും വ്യക്തമായ ബന്ധമുണ്ട്. ലൈംഗികതയിലും സ്ത്രീയിലേക്ക് പുരുഷന്‍ അടിച്ചുകയറ്റിയാണ് വിജയം കാണുന്നത്.അ‌വസാനം ജബ്ബാറിനെ അച്ചന്‍ കീഴട ക്കുന്നത് അടിയുടെ പൂരം സൃഷ്ടിച്ചുകൊണ്ടാണ്. ഗീവര്‍ഗീസ് കാലുയര്‍ത്തി അടിച്ചു. വിരിനെഞ്ചില്‍ പന്തെടുത്ത് തലകൊണ്ടിടിച്ചു.അടുത്ത അടി കാലുപൊക്കിയായിരു ന്നു. പിന്നെയും പിന്നെയും. പിന്നെ സ്‌ളോമോഷനില്‍ ആ അടി ആവര്‍ത്തിച്ചു. അച്ചന്റെ അടി പ്രവാഹത്തില്‍ ജബ്ബാര്‍ ആകെ തകരുന്നു. കേവലം ഒരാദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരുഷനോടുള്ള പ്രതികാരം മാത്രമല്ല ഈ കീഴടക്കല്‍ മറിച്ച്, പൗരുഷത്തിന്റെ രൂപം ഉണ്ടായിരിക്കെ പൂര്‍ണ ആണത്തം പ്രകടിപ്പിക്കാത്ത ഒരുവന്റെ നേരെയുള്ള ഒരുത്തമ പുരുഷന്റെ ലൈംഗികമായ അധിനിവേശം കൂടിയാണിത്. രണ്ടായാലും വ്യക്തമാക്കുന്ന പാഠമെന്നത് കളിനിയ മങ്ങളെല്ലാം ഉത്തമപൗരുഷകരുത്തിന്റെ ആക്രമണമാണെന്നും സ്‌ത്രൈണത പുരുഷവഴക്കങ്ങള്‍ ലംഘിച്ച് മൈതാനത്ത് കടന്നുകയറരുതെന്നുമാണ്. കടന്നു കയറുന്നവര്‍ക്കുള്ള താക്കീതാണ് ഹിഗ്വിറ്റ എന്ന (ദുരന്ത)നാമം. അങ്ങനെ കളിക്കുകയെന്നു വച്ചാല്‍ ആണുങ്ങളായി ആക്രമിക്കുക എന്നര്‍ഥമാകുന്നു.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: