കടമ്പേരി – ചുഴലി ഭഗവതിയുടെ സ്വന്തം നാട്
എത്ര നേരമായി എന്തെങ്കിലും കഴിക്കുവാൻ കിട്ടിയിട്ട്. ഈ നാട്ടുകാരൊക്കെ ഇങ്ങനെയോ? പട്ടിണി കിടക്കുന്നവരെ സഹായിക്കുന്നവരാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, ഇന്നീ നാളുവരെ തന്നിൽ കരുണ തോന്നി ഒരിറ്റ് വെള്ളം പോലും വേണമോ എന്ന് ചോദിക്കുവാൻ ഒരു കുഞ്ഞിനെ പോലും കണ്ടില്ല ഈ വഴി.
സൂര്യൻ പടിഞ്ഞാട്ട് ചാഞ്ഞ് തുടങ്ങിയിരിക്കുന്നു. പകൽ പോലും ആരേയും കണ്ടുകിട്ടാത്ത ഈ ഘോരകാനനാതിർത്തിയിൽ ഇരുട്ടിയാൽ പിന്നെ ആര് വരാൻ!
അത്രയും നേരം പട്ടിണിയുമായി കഴിച്ചുകൂട്ടിയ ആ തറയിൽ നിന്നും ആ സ്ത്രീ എഴുന്നേറ്റു. നല്ല തേജസുള്ളമുഖം. ഉന്നതകുലജാതയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന മട്ടിലുള്ള ആകാരം. പട്ടിണി കിടന്നതിന്റെ പാരവശ്യം മുഖത്തും ദേഹത്തും പ്രകടമാണ്. ദൂരയാത്രയുടെ ക്ഷീണവും കൂടിയായപ്പോൾ നടക്കുവാൻ തന്നെ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു.
ഇതിൽ കൂടുതൽ വിഷമങ്ങൾ ഇനി സഹിക്കുവാനില്ലെന്ന ധൈര്യത്തിൽ അവൾ നേരെ ആ വനത്തിലേയ്ക്ക് പ്രവേശിച്ചു. വൃക്ഷലതാദികളെ കൈകൊണ്ട് വകഞ്ഞ് മാറ്റി അവൾ മുന്നോട്ട് നീങ്ങി. ക്രൂരവന്യമൃഗങ്ങൾ നിറഞ്ഞ ഇടമാണെന്ന കൂസലില്ലാതെ വനാന്തർഭാഗത്തേയ്ക്ക് നടന്നു കയറി.
ഒടുവിൽ ഒരു കടമ്പ് വൃക്ഷത്തിന്റെ ചുവട്ടിൽ അവൾ നിന്നു. ഇനിയെന്തെന്നാലോചിച്ച് അതിന്റെ മുകളിലേയ്ക്ക് നോക്കി. അത്രയും ക്ഷീണിതയായി, അപകടസാദ്ധ്യതയുള്ള ആ വനത്തിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ സ്വതസിദ്ധമായ കുസൃതിയാണ് തെളിഞ്ഞ് നിന്നത്.
മരത്തിൽ തൂങ്ങിക്കിടന്നിരുന്ന വള്ളികൾ ഒരു ഊഞ്ഞാല് പോലെ തോന്നിച്ചു. വിയർത്തൊലിച്ച് ദേഹത്തോടൊട്ടി കിടന്നിരുന്ന വസ്ത്രങ്ങൾ ഊരിവച്ചിട്ട് അവൾ ആ വള്ളിയൂഞ്ഞാലിൽ ഇരുപ്പുറപ്പിച്ചു. നിലത്ത് കാലൂന്നി കുതിച്ച് ഊഞ്ഞാലാടാൻ തുടങ്ങി.
ആട്ടത്തിന്റെ മാധുര്യത്തിൽ കുളിർ തെന്നലിന്റെ മാർദ്ദവമേറിയ സ്പർശത്തിൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. വിശപ്പിന്റെ തീകാളൽ മറവിയുടെ അകായയിലേയ്ക്ക് മാറി. അപ്പോഴും അവൾ വള്ളിയിലെ പിടി വിടാതെ ഊഞ്ഞാലാടിക്കൊണ്ടേയിരുന്നു.
ആ സമയത്തായിരുന്നുകോടല്ലൂർ പേരൂർ ഇല്ലത്ത്തിരുമേനിയുടെ സന്തതസഹചാരിയായ പൊക്യാരൻ എഴുത്തച്ഛൻ തന്റെ കളരിയിൽ നിന്നും തിരിച്ചുവരുന്നതുംഈ കാഴ്ച കാണുന്നതും. ഏതോ ഒരു ഉൾവിളിയാൽ എഴുത്തച്ഛൻ ഉടനെ വിവരം തിരുമേനിയെ അറിയിച്ചു. അത് കേട്ടതും തിരുമേനി എഴുത്തച്ഛനോടൊപ്പം യാത്രയായി.
കാട്ടിനുള്ളിലെ ഒറ്റയടിപാതയിൽ കൂടി ഒരു കൈയ്യിൽ തീയാളുന്ന ചൂട്ടും മറുകൈയ്യിൽ ഉത്തരീയവുമായി തിരുമേനി നടന്നു. ഇടയ്ക്കിടെ ഉത്തരീയം കൊണ്ട് വീശുന്നുമുണ്ട്. വിയർപ്പിനൊരു ആശ്വാസം. ദൂരത്ത് നിന്നുള്ള നടപ്പും വനത്തിലെ രാത്രീഞ്ചരന്മാരായ അന്തേവാസികളെ കുറിച്ചുള്ള ഭയവും ചേർന്നാൽ വിയർത്തില്ലെങ്കിലെ അത്ഭുതമുള്ളു. എങ്കിൽ പോലും ദൈവീക കാര്യങ്ങളെ കുറിച്ചാലോചിച്ച് ഒരു ഭക്തിരാഗം മൂളിയുള്ള നടപ്പ് ആസ്വാദ്യകരം തന്നെ. കൂടെ മെയ് അഭ്യാസിയും വിശ്വസ്ഥനുമായ എഴുത്തച്ഛൻ ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
പെട്ടെന്ന് തിരുമേനി പാതയിൽനിന്നു. എന്താ ഒരു ശബ്ദം കേൾക്കുന്നത്? വള്ളികൾ ചേർത്തുരയുന്നു. കരിയിലകൾ കാറ്റിൽ തത്തിക്കളിക്കുന്നു. എത്ര നാളായിട്ട് ഈ വഴി രാത്രി നേരം നടക്കുന്നതാണ്. ഇന്നിതു വരെ കേൾക്കാത്ത ഈ ധ്വനി ഇന്ന് കേൾക്കാൻ എന്താവും കാരണം? ഇതാവും എഴുത്തച്ഛൻ കണ്ടത്.
തിരുമേനി ശബ്ദം ഉത്ഭവിച്ച ദിക്കിലേയ്ക്ക് നടന്നു.
അവിടെ കണ്ട കാഴ്ച തിരുമേനിയെ അത്ഭുതസ്തബ്ധനാക്കി. അപ്സരസ്സു പോലെ തോന്നിക്കുന്ന ഒരു തരുണീരത്നം വള്ളികളിൽ ഊഞ്ഞാലാടുന്നു. ഈ സമയത്ത് ഇവളെങ്ങനെ ഈ വനാന്തരത്തിൽ എത്തിപ്പെട്ടു? ആരായിരിക്കാം ഇവൾ? അപ്പോഴാണ് അദ്ദേഹം അവരുടെ അവസ്ഥ ശ്രദ്ധിച്ചത് – ദേഹത്ത് ഒരു തരി ഉടുവസ്ത്രമില്ല. എന്തൊരു കഷ്ടമാണിത്? ഇവളിത് എന്തിനുള്ള പുറപ്പാടാണ്? തിരുമേനി ആകപ്പാടെ അങ്കലാപ്പിലായി.
പിന്നൊന്നും ചിന്തിച്ചില്ല. തിരുമേനി തന്റെ ഉത്തരീയം ഊഞ്ഞാലാടുന്ന ആ സ്ത്രീയുടെ ദേഹത്തേയ്ക്ക് എറിഞ്ഞു.
തന്റെ ദേഹത്ത് എന്തോ വന്നു വീണതറിഞ്ഞ് അവൾ കണ്ണ് തുറന്നു. കഴുത്തിന് താഴെ പുതപ്പിക്കുന്ന മട്ടിൽ കിടക്കുന്ന മേൽമുണ്ടും മുന്നിൽ നിൽക്കുന്ന ഒരു പുരുഷനും. കോപമാണോ അതോ ആശ്വാസമാണോ തോന്നിയതെന്നറിയാതെ അവൾ തിരുമേനിയെ ആപാദചൂഡം നോക്കി.
“ആരാ? എന്താ ഈ അസമയത്ത് ഒറ്റയ്ക്ക് ഇവിടെ കിടന്നാടുന്നത്?” തിരുമേനി കടുത്ത ശബ്ദത്തിൽ തന്നെ ആരാഞ്ഞു.
“ആരായാലെന്താ, എനിയ്ക്ക് പുടവ നൽകിയ അങ്ങ് ഇന്നു മുതൽ എന്റെ ഭർത്താവാണ്. ഞാൻ അങ്ങയുടെ കൂടെ വരുന്നു.” ആ സ്ത്രീ കൂസലന്യേ ഉരിയാടി.
ഒരു സ്ത്രീയെ ആപത്തിൽ സഹായിച്ചത് അപകടമായി എന്ന അവസ്ഥ തിരുമേനിയെ വിഷണ്ണനാക്കി. സമചിത്തത കൈ വെടിയാതെ ഇനിയെന്ത് വേണമെന്നാലോചിച്ചു. താന്ത്രികർമ്മവിധികളിൽ അഗ്രഗണ്യനായ തിരുമേനി തന്റെ മനക്കണ്ണിൽ അവിടെയിരിക്കുന്ന സ്ത്രീയുടെ ചരിത്രം മനസ്സിലാക്കി. വളരെയധികം ശക്തികളുള്ള അവരെ വെറുതെ വിട്ടാൽ ശരിയാവിലെന്ന സത്യം അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.
ആ സ്ത്രീയ്ക്ക് കൂടുതൽ ചിന്തിക്കാനുള്ള അവസരം നൽകാതെ അവരെ തന്റെ ബലിഷ്ഠങ്ങളായ കരങ്ങളിൽ ഒതുക്കി തിരുമേനി നേരെ പടിഞ്ഞാറെ അതിരിലുള്ള വെളിമ്പ്രദേശത്തെ ലക്ഷ്യമാക്കി നടന്നു.
അവിടെയെത്തി നല്ലൊരു സ്ഥാനം നിർണ്ണയിച്ച് തന്റെ അറിവിലുള്ള മന്ത്രങ്ങൾ ചൊല്ലി അവിടെ ഒരു കരിങ്കല്ല് സ്ഥാപിച്ചു. ഇടത്തെ കരത്തിൽ ഒതുക്കിയ ആ സ്ത്രീയുടെ എതിർപ്പുകളെ വക വയ്ക്കാതെ അവരെ ആവാഹിച്ച് ആ കല്ലിൽ കുടിയിരുത്തി.
അങ്ങനെ കടമ്പിൽ ഏറിയ ആ ദേവിയെ അദ്ദേഹം ആ കാവിൽ പ്രതിഷ്ഠിച്ചു. താമസിയാതെ അദ്ദേഹത്തിന്റെ ഇല്ലത്തിൽ പെട്ട പൂജാരികൾഅവിടെ ദൈനന്ദിന കർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തു.
തിരുമുടി ഉത്സവകാലത്ത് കോടല്ലൂർ തമ്പുരാൻ മേൽപ്പുടവ കൊടുക്കുന്ന ചടങ്ങ് ഇതിന്റെ ഓർമ്മയ്ക്കായെന്നാണ് വിശ്വാസം. ആ ദിവസമല്ലാതെ കോടല്ലൂർ ഇല്ലത്തെ പ്രജകൾ ഈ ക്ഷേത്രത്തിൽ പ്രവേശിക്കുകയോ ദേവിയെ തൊഴുകുകയോ ചെയ്യാറില്ല. ഒപ്പം പൊക്യാരൻ എഴുത്തച്ഛൻ രചിച്ചതെന്ന് വിശ്വസിക്കുന്ന കീർത്തനം ഇപ്പോഴും അദ്ദേഹത്തിന്റെ പിൻമുറക്കാർ പാടുന്നുണ്ട്. മൺപാത്രനിർമ്മാതാക്കളായ കുലാലവംശക്കാരാണവർ.
ദേവകിവസുദേവ ദമ്പതികൾക്ക് പിറക്കുന്ന കുഞ്ഞുങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുന്ന കൂട്ടത്തിൽ കംസരാജൻ അവരുടെ എട്ടാമത്തെ കുഞ്ഞിനേയും കൈയ്യിൽ തൂക്കി നിലത്തടിച്ചു കൊല്ലാൻ തയ്യാറായി. എന്നാൽ കംസനെ തെറ്റിദ്ധരിപ്പിക്കാൻ യശോദയിൽ പിറന്ന ഭഗവതിയുടെ അവതാരമാണതെന്ന് അയാൾ മനസ്സിലാക്കിയില്ല. കംസൻ കൈ മുകളിലേയ്ക്കുയർത്തിയതും ഭഗവതി ഒരു ചുഴലിക്കാറ്റിന്റെ വേഗതയിൽ കറങ്ങി കറങ്ങി കൈയ്യിൽ നിന്നും വേർപ്പെട്ട് ആകാശത്തേയ്ക്കുയർന്നു പോയി.
ശ്രീകൃഷ്ണ ഭഗവാന്റെ സഹോദരിയായി ജന്മമെടുത്ത അതേ ഭഗവതിയായിരുന്നു തിരുമേനിയേയും പരീക്ഷിച്ചത്. അദ്ദേഹത്തിന്റെ പ്രതിഷ്ഠ അങ്ങനെ ചുഴലി ഭഗവതിയെന്നറിയപ്പെട്ടു.
അതായിരുന്നു കടമ്പേരി ചുഴലി ഭഗവതിയുടെ ഉത്ഭവം. യോഗമായയായ ഭഗവതി തന്റെ സഹോദരന് ഏറ്റവും ഇഷ്ടപ്പെട്ട കടമ്പിൽ തന്നെ ഏറിയതിൽ അത്ഭുതപ്പെടാനില്ല.
ഒരു നാടിന്റെ മുഴുവൻ ഐശ്വര്യത്തിന് കാരണമായ ഈ ക്ഷേത്രം കാലാകാലങ്ങളായി കടമ്പേരിയിൽ നിലകൊള്ളുന്നു. ഇത് എത്ര പുരാതനമാണെന്നതിനെ സമർത്ഥിക്കാൻ രേഖകളൊന്നുമില്ല. രണ്ടായിരത്തി അഞ്ഞൂറ് വർഷമെങ്കിലും പഴക്കമുണ്ടെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു.
എന്തായാലും കടമ്പേറിയ ഭഗവതിയുടെ ചൈതന്യത്തിൽ നിലകൊള്ളുന്ന ആ നാടിന് ‘കടമ്പേരി’ എന്ന നാമധേയം ലഭിച്ചു. അവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലെയുള്ള ‘പട്ടിണിതറ’, ഭഗവതി പട്ടിണി കിടന്ന സ്ഥലം തന്നെയാണ്. ഇന്നത്തെ ധർമ്മശാലയ്ക്കടുത്താണീ സ്ഥലം ഉള്ളത്.
അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തിൽ കൂടി പ്രവേശിച്ചാൽ നേരെ നാലമ്പലത്തിൽ കടക്കാം. ഗോപുരത്തിന്റെ മേലെതട്ടിൽ പണ്ട് കുട്ടികൾ കയറിയിരുന്ന് സ്വച്ഛമായി പഠിക്കുമായിരുന്നു.
ഭഗവതി കിഴക്കോട്ട് തിരിഞ്ഞിരിക്കുന്നു. ധാരാളം ഭക്തന്മാർ ദിവസേന പ്രാർത്ഥിക്കാനായി അവിടെ എത്താറുണ്ട്. ഉള്ളിൽ തെക്കു ഭാഗത്തായി ഗണപതിയുടെ പ്രതിഷ്ഠയുമുണ്ട്.
പടിഞ്ഞാറേ ഗോപുരത്തിലാണ് പണ്ടു കാലത്തെ കലാകാരന്മാരുടെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന ധാരാളം കൊത്തുവേലകൾ ഉള്ളത്. ഗോപുരത്തിന്റെ ഉത്തരത്തിലാണ് ഈ ശില്പങ്ങൾ അപ്പാടെ കൊത്തിവച്ചിരിക്കുന്നത്.
രാമായണത്തിലേയും മഹാഭാരതത്തിലേയും പല സംഭവങ്ങളും മഹാവിഷ്ണുവിന്റെ ദശാവതാരവും പാലാഴിമഥനവും എല്ലാം ഇവിടെ നമുക്ക് കാണാം. ഓരോ ശില്പങ്ങളും അന്നത്തെ ശില്പികളുടെ മികവ് എടുത്തു കാട്ടുന്ന രീതിയിൽ ഉള്ളവയാണ്.
അമ്പലത്തിന് ചുറ്റും പുരാണങ്ങളിലെ പല രംഗങ്ങളും വരച്ചു വച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം പടിഞ്ഞാറേ ഗോപുരത്തിന്റെ ചുമരിൽ വരച്ചിട്ടുള്ള ചിത്രമാണ്. ഇത് കാലപഴക്കത്തിൽ ഒട്ട് മിക്കവാറും മാഞ്ഞുപോയ നിലയിലാണ്. ഉടനെ അധികാരപ്പെട്ടവർ ഈ ചിത്രത്തെ നിലനിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കാം.
ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള അഗ്രശാല എന്ന ഊട്ടുപുര ഈ ക്ഷേത്രത്തിന്റെ നഷ്ടപ്രതാപത്തെ ഓർമ്മിപ്പിക്കുന്നു.
പടിഞ്ഞാറേ ഗോപുരം കടന്ന് ചെല്ലുന്നത് വളരെ ഭംഗിയായി കാത്തുസൂക്ഷിച്ചിരിക്കുന്ന ക്ഷേത്രക്കുളത്തിലേയ്ക്കാണ്. വിസ്താരമുള്ള ഈ കുളം നാട്ടുകാർ കുളിക്കുന്നതിനും നീന്തൽ പഠിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതായി കാണാം.
കുളത്തിന്റെ കിഴക്കുഭാഗത്ത് നമ്പൂതിരിമാർക്ക് കുളിക്കാനുള്ള കടവും വടക്കുഭാഗത്ത് ബാക്കി നാട്ടുകാർക്കുള്ള കടവും ആണ്. ഇതു കൂടാതെ തെക്കുഭാഗത്ത് പടികളില്ലാതെ ചരിച്ചിറക്കി കെട്ടിയ കടവ് ആനകളെ കുളിപ്പിക്കാനുള്ളതാണ്.
നാട്ടിലെ പ്രസിദ്ധനായ കണ്ണേട്ടനെന്ന് അറിയപ്പെടുന്ന പുതുക്കുടി കണ്ണമാരാർ തൊണ്ണൂറ്റിയൊന്ന് വയസ്സിലും എന്നും രണ്ട് നേരവും അമ്പലക്കുളത്തിൽ കുളിക്കുന്ന വ്യക്തിയാണ്. ആ കുളത്തിലെ തെളിഞ്ഞ വെള്ളത്തിൽ മുങ്ങിക്കുളിച്ചില്ലെങ്കിൽ ആ ദിവസം ഒരു ഉന്മേഷവും തോന്നുകയില്ലെന്നാണ് കണ്ണേട്ടന്റെ അഭിപ്രായം.അമ്പലക്കുളം എന്നും നാട്ടുകാർക്ക് പ്രിയങ്കരം.
കടമ്പേരി ക്ഷേത്രത്തിന് ചുറ്റും പണ്ട് ഘോരവനമായിരുന്നു എന്ന് അനുമാനിക്കാൻ പാകത്തിൽ ഇന്നും ധാരാളം മരങ്ങൾ അവിടെ ഇടതിങ്ങി വളരുന്നു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള വനപ്രദേശം അവർ അതേപടി നിലനിർത്തുന്നുണ്ട്. അതുകൂടാതെ ഇവിടുത്തെ താമസക്കാർ അവരവരുടെ വീടിനു ചുറ്റുമുള്ള മരങ്ങളേയും സംരക്ഷിച്ചു പോരുന്നു. അതുകൊണ്ടു തന്നെ ഗ്രാമാന്തരീക്ഷം പച്ചപ്പിൽ കുതിർന്നു നിൽക്കുന്നു. നാട്ടുകാരുടെ ഈ മനോഭാവം ശ്ലാഘനീയം തന്നെ.
ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് വെളിയിൽ കടന്നാൽ പഴയ ഒരു ആൽമരവും അതിന്റെ അത്രയും പഴയതല്ലാത്ത ആൽത്തറയും കാണാം. നാട്ടുകാരിൽ പലരും സായാഹ്നവേളകൾ ചിലവിട്ടിരുന്ന ഒരു സ്ഥലമായിരിക്കണം അത്.
അവിടെ നിന്നും മുന്നോട്ട് നടന്നാൽ കാട്ടുമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ഒരു പ്രദേശമാണ് കണ്ണിൽ പെടുന്നത്. അതിനിടയിൽ ഒരു കാട്ടുപാതയും കാണാം. തിങ്ങി നിൽക്കുന്ന ഈ മരങ്ങളുടെ ഇടയിലൂടെയുള്ള ഈ വഴി ചെന്നവസാനിക്കുന്നത് ഒരു കാവിലാണ്. നാഗസ്ഥാനം അഥവ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈ കാവിലായിരിക്കാം ദേവി ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്തിൽ മകരം പതിനാലിന് തുടങ്ങി പതിനാല് ദിവസം നീണ്ട് നിൽക്കുന്ന കടമ്പേരി പാട്ടാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഈ പതിനാല് ദിവസവും മൂലസ്ഥാനത്ത് തെയ്യംപാടി കീർത്തനം ആലപിക്കുക, ശ്രീഭൂതബലി തുടങ്ങിയ പ്രധാന ചടങ്ങുകൾ നടക്കുന്നു. ഒപ്പം മൺകലങ്ങൾ, കൃഷിയായുധങ്ങൾ, വെള്ളരിക്ക തുടങ്ങിയവയുടെ വിപുലമായ ചന്തയും പഴയകാലത്ത് ഉണ്ടായിരുന്നു. ഇപ്പോൾ ഈ ഉത്സവം മൂന്ന് ദിവസമായി ചുരുങ്ങിയിരിക്കുന്നു.
ഇതുകൂടാതെ പെരുങ്കളിയാട്ടം കാണേണ്ട ഒരു കാഴ്ച തന്നെയാണ്. ഇടവം – മേടം മാസങ്ങളിൽ ആണ് ദേവിയുടെ തിരുമുടിക്കെട്ട് അണിഞ്ഞു കൊണ്ടുള്ള ഈ ഉത്സവം. അതിനു വേണ്ടി നിയുക്തരായവർ കോലം കെട്ടിയാടുന്നു. കടമ്പേരി ദേവി മാടായിക്കാവിലെ ദേവിയുടെ തിരുമുടി മോഷ്ടിച്ചു കൊണ്ടുവന്ന് അത് അണിഞ്ഞ് നൃത്തം ചെയ്തുവെന്നാണ് ഐതിഹ്യം. മനസ്സു നിറയുവോളം നൃത്തമാടിയതിനു ശേഷം ദേവി തിരുമുടി കാണാതാക്കി. മാടായിക്കാവിലെ കിങ്കരന്മാർ അന്വേഷിച്ച് വന്ന് മുടിക്കെട്ട് കണ്ടുപിടിക്കാതിരിക്കാനാണ് അതിനെ ദേവി അപ്രത്യക്ഷമാക്കിയത്. പെരുങ്കളിയാട്ടം കഴിഞ്ഞ് ആട്ടക്കാരൻ പനയോളം നീളമുള്ള മുടി ഒളിപ്പിക്കുന്നതോടെയാണ് അന്നത്തെ പരിപാടികൾ അവസാനിക്കുന്നത്. ഒപ്പം സൂര്യനുദിക്കുന്നതിന് മുമ്പ് അത്തരമൊരു പെരുങ്കളിയാട്ടം നടന്നതിന്റെ എല്ലാ അടയാളങ്ങളും നശിപ്പിക്കപ്പെടുകയും സാധനങ്ങൾ മുഴുവൻ ആ സ്ഥലത്തു നിന്നും മാറ്റപ്പെടുകയും ചെയ്യുന്നു.
കിഴക്ക് മലയോരത്ത് നിന്നുള്ള ആദിവാസി മുതൽ കോടല്ലൂർ തമ്പുരാൻ വരെ സമൂഹത്തിലെ നാനാജാതിമതസ്ഥർക്കും പ്രാതിനിധ്യവും അവകാശവും ഉണ്ടെന്നതാണീ ഉത്സവത്തിന്റെ പ്രത്യേകത. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള ഈ പെരുങ്കളിയാട്ടം അവസാനമായി നടത്തിയിട്ട് അരനൂറ്റാണ്ടിലേറെയായി.
നാട്ടുകാർക്ക് പ്രിയപ്പെട്ട ഒന്നാണ് കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം. അമ്പലത്തിന്റെ ഏതൊരു കാര്യത്തിലും അവർ ഒന്നിച്ച് നിൽക്കുമെന്നതിന്റെ തെളിവാണ് അതിന് ചുറ്റും പണി തീർത്ത മതിൽകെട്ട്. പൗരാണിക മാതൃകയിൽ ചെങ്കല്ലിൽ കൊത്തുപണികളോടെ പണിതീർത്ത ഈ മതിൽ അമ്പലത്തിന്റെ പ്രൗഢിയ്ക്ക് മാറ്റ് കൂട്ടുന്നു.
ഒരു ഗ്രാമത്തിന്റെ സംസ്കാരവും നാട്ടുകാരുടെ ഒത്തൊരുമയുംകുടുംബങ്ങൾ തമ്മിലുള്ള മൈത്രിയും ഉയർത്തിക്കാട്ടുന്നു കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം!
മുരളി കടമ്പേരിയോടൊപ്പം സന്തോഷ് ഗംഗാധരൻ