ഓർമ്മപ്പൂച്ച

ഈ വട്ടം പോയൊഴിയും എന്നാശിച്ച് ഓർമ്മപൂച്ചയെ ഞാൻ ചാക്കിലാക്കുന്നു…
ദൂരെ മറവിപ്പൊന്തയിൽ അതിനെ കളഞ്ഞ് നിശബ്ദം ഞാൻ തിരികെ എത്തുന്നു…
ഒന്ന് രണ്ട് മൂന്ന് എണ്ണിക്കഴിയുമ്പോഴേക്കും കാൽ ചുവട്ടിൽ വീണ്ടും അത് തേങ്ങി നിൽക്കുന്നു…
തട്ടിമാറ്റിയാലും പിന്നെയും മുറുകി കുറുകി ഒട്ടി ഒട്ടി ചേർന്നിരിക്കുന്നു
ഒരു വേള തലോടുമെന്നോർത്താവാം.
ഓർമ്മപ്പാടിൽ കിനിയുന്ന നോവിന്റെ ചോരയും വെള്ളവും,
അരമുള്ള നാവുകൾ ഒപ്പിയെടുക്കുന്നു…
പിന്നെ കൂർത്ത നഖമുന കൊണ്ട്
ചുരണ്ടി ക്കീറി, ചാലൊരുക്കി വെച്ച്
മൗനിയായി മയക്കത്തിലേക്ക് ചുരുളുന്നു…
നാസികത്തുമ്പിൽ മറവി നെയ് പുരട്ടി ഇതിനെ കാതം കടത്തി പൊന്തയിൽ കളയേണ്ടതാകുന്നു..
ഈ പൂച്ച പോകാതിരിക്കുവോളം
ഓർമ്മ പാടുകൾ വൃണമായി
തിണർത്തു കിടക്കും..
അവയിൽ ചോര പൊടിഞ്ഞേ നിൽക്കും..
ഓർമപ്പൂച്ച അപ്പോഴും കാൽക്കീഴെ കുറുകിക്കൊണ്ടേയിരുന്നു…
ലൂയിസ് തോമസ്
Link to this post!