ഒരു കണ്ണീർ കൊതി

രാവിലെ എണീറ്റത് മുതൽ എന്തെന്നറിയില്ല. എനിക്ക് വല്ലാത്ത കൊതി. പതുപതുത്ത ബെഡ്ഡിനു മീതെ കുത്തിയിരുന്ന് കുറേ നേരം ആലോചിച്ചു. ഇതെന്താ ഇപ്പൊ ഇങ്ങനെയൊരു പൂതി?
പൊന്തിക്കുതിക്കുന്ന മെത്തയിലൊരുവട്ടം കൂടി ചാടിക്കുതിച്ച് കാല് നിലത്ത് തൊട്ടു. ഹൗ എന്താ തണുപ്പ്! ഈ മാർബിളൊക്കെ എടുത്ത് മാറ്റണം. ഞാൻ എന്നോട് തന്നെ പിറുപിറുത്തു. ബാത്ത്റൂം തുറന്ന് പല്ലുതേയ്ക്കാൻ പേസ്റ്റ് എടുത്ത് ബ്രഷിൽ കുത്തിയപ്പോഴും അതും വേണ്ടെന്ന് വെച്ചു.
ശ്ശെ… ഉമിക്കരിയുണ്ടായിരുന്നെങ്കിൽ…
കൈ കൊണ്ട് പല്ലിലുരസാൻ തുടങ്ങിയപ്പോഴാ ഓർത്തത്. പടച്ചോനേ… ഏ. സി ഫുള്ളിലാണല്ലോ. വേഗം പോയി ഓഫാക്കി. കൈയ്യും വായും കഴുകി ക്ലോക്കിലേക്ക് കണ്ണയച്ചു. സമയം 7:50. ഇന്നെന്തോ? പ്രത്യേകിച്ചൊരു നെടുവീർപ്പിട്ടു. 5:00 മണിക്കെങ്കിലും എഴുന്നേൽക്കാമായിരുന്നു.
റൂമിൽ നിന്ന് പതിനെട്ട് പടി താഴേക്കിറങ്ങി ഹാളിലെത്തിയിട്ടും മനസ്സ് വേറെ എവിടെയോ പാറിക്കളിക്കുകയാണ്.
ആഹാ! ഇന്നെന്താ നേരത്തെയാണല്ലോ? പത്തു മണിക്ക് മാത്രം എന്നെ ഹാളിൽ കണ്ട് പരിചയമുള്ള ഉമ്മയുടെ കുത്തിന് അന്നെന്തോ വല്ലാത്ത ഹൃദയസ്പൃക്കായ് തോന്നി.
എണീറ്റ് വന്നതല്ലേ, അവിടിരുന്നോ.
ഞാൻ റോസ്റ്റും പത്തിരീം എടുത്തിട്ട് വരാം.
ഉമ്മ കിച്ചണിലേക്ക് നടന്നു. ഞാൻ ഡൈനിങ് ടേബിളിലേക്കും.
കസേര വലിച്ചിട്ട് അവിടെയിരുന്നു. ഉമ്മ റ്റുഡേയ് സ്പെഷ്യലുമായി വന്ന്, എന്റെ മുന്നിൽ കൊണ്ട് വെച്ചു. അടുക്കളയിലേക്ക് തന്നെ പോകാൻ തിരിഞ്ഞ ഉമ്മാന്റെ കൈ പിടിച്ച് ഞാൻ ചോദിച്ചു.
ഉമ്മാ കുറച്ച് കഞ്ഞീം പയറും ഉണ്ടാക്കി തരോ?
അത്ഭുതം കൂറിയ ഉമ്മയുടെ മുഖഭാവം കണ്ട് ഞാൻ ട്രാക്ക് മാറ്റി പിടിച്ചു. അല്ലെങ്കിൽ വേണ്ട, ഇന്നലത്തെ ചോറ് ബാക്കിയുണ്ടോ? എനിക്ക് പഴങ്കഞ്ഞി കുടിക്കണം.
നിനക്കെന്താ വട്ടായോ? ഉമ്മ പ്രതിവചിച്ചു.
ഇല്ലുമ്മാ ശരിക്കും ഞാൻ കാര്യമായിട്ടാ…
എനിക്ക് അടുക്കളയിൽ ഒരുപാട് പണിയുണ്ട്. നിന്റെ ഭ്രാന്തിനൊത്ത് തുള്ളാൻ ടൈമില്ല. ഇന്നാണെങ്കിൽ ആ വേലക്കാരിക്കൊച്ചും വന്നിട്ടില്ല.
ഉമ്മാ…
ഞാൻ പിന്നിൽ നിന്ന് നീട്ടി വിളിച്ചു. ഉമ്മ തിരിഞ്ഞു നോക്കി.
പണിയൊക്കെ ഞാൻ ചെയ്തു തരാം. ഉമ്മ ഇപ്പൊ ഇവിടെ ഇരിക്കീം. അല്ലെങ്കിൽ വേണ്ട നമുക്ക് അടുക്കളയിൽ പോവാം. വരീം…
ഉമ്മായെ നിലത്തിരുത്തി ഞാൻ എന്റെ തല ആ മടിയിലേക്ക് ചാച്ചുവെച്ചു.
ഉമ്മാ… ഞാനൊന്നൂടെ നീട്ടി വിളിച്ചു.
എന്റെ മോനൂട്ടിക്ക് എന്താ വേണ്ടത്.
ഉമ്മാ എനിക്കൊരു പൂതി. വാപ്പ ഗൾഫീന്ന് വരാൻ ഇനിയുമില്ലേ മൂന്ന് നാല് മാസം? നമുക്കതുവരെ ഏതെങ്കിലും ഗ്രാമത്തിൽ പോയി അവിടുത്തെ ഏതെങ്കിലും ചെറ്റക്കുടിലില് വാടകയ്ക്ക് കഴിഞ്ഞാലോ?
സ്നേഹം തുളുമ്പുന്ന വാക്കോടെ ഉമ്മ ചോദിച്ചു. എന്താ എന്റെ മോനിപ്പോ ഇങ്ങനെയൊരു പൂതി?
അറിയില്ലുമ്മാ, ഇന്ന് രാവിലെ എണീറ്റത് മുതൽ തോന്നിയതാ. ഒരു ചെറ്റക്കുടില്. അതില് നമുക്കിച്ചിരി സ്ഥലം. മഴ വരുമ്പോഴൊക്കെ ഓലപ്പായും വിരിച്ച് ന്റെ ഉമ്മാനൊപ്പം അതില് ചുരുണ്ട് കൂടി കിടക്കണം. ഈ ബുള്ളറ്റൊക്കെ മാറ്റി വെച്ച് കുറച്ച് കാലം സൈക്കിളും ചവിട്ടി നടക്കണം. മൺചട്ടീലിട്ട് എന്റെ ഉമ്മ വറ്റിച്ചെടുത്ത മീൻചാറും കൂട്ടി ഇച്ചിരി ചോറ് തിന്നണം. നാട്ടുകാര് ചെക്കന്മാരൊപ്പം പാടവരമ്പത്തൂടെ നടന്ന് അടുത്തുള്ള തോട്ടിൽ പോയി ചാടിക്കുളിക്കണം. രാത്രിയാകുമ്പൊ ഇച്ചിരി വെട്ടം തുള്ളിക്കത്തുന്ന ചിമ്മിനി വിളക്കിനടുത്ത്, എന്റെ ഉമ്മ പറയുന്ന കഥയും കേട്ട് രസിക്കണം. അങ്ങനെയൊരു രണ്ട് മൂന്ന് മാസം നമുക്ക് ഒരു പാവപ്പെട്ടവരെപ്പോലെ അടിച്ച് പൊളിച്ച് കഴിയണം.
ഉമ്മാടെ മടിത്തട്ടിൽ നിന്നും എന്റെ തല ഞാൻ പൊന്തിച്ചിട്ട് ചോദിച്ചു. ഉമ്മാ… എന്റെ പുതിയ കഥ എങ്ങനെയുണ്ട്?
ടാ നിന്നെ ഞാൻ… ഉമ്മ എന്റെ പിന്നാലെ… ഞാൻ മുന്നിലും. ഇടയ്ക്കൊന്നുനിന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഉമ്മ ഈറനണിഞ്ഞ കണ്ണ് തുടച്ചിട്ട് പറഞ്ഞു.
ഇല്ല മോനെ, അതൊരു ജീവിതമായിരുന്നൂ എന്ന്…
ഉമ്മാ…
ജാസിം ചുള്ളിമാനൂർ