എമിലി
മേലില്‍ പറ്റി നിന്ന വെള്ളത്തുള്ളികള്‍ എന്ന പോലെ സ്‌നേഹത്തെ കുടഞ്ഞുകളഞ്ഞ് എമിലി ഓമനിച്ചു വളര്‍ത്തിയ പൂച്ചകുഞ്ഞ് എവിടേക്കോ ഓടിപ്പോയി… മൂന്നു നാള്‍ എമിലി ഉറങ്ങിയില്ല.
സ്‌നേഹത്തെ വകഞ്ഞു മാറ്റി ഓടിപ്പോയവെ കാത്ത്കിടക്കുന്ന കുരുക്ക് മുറുകുന്ന ഞെരുക്കം കേള്‍ക്കാം.
ചെറുപ്പത്തില്‍ താന്‍ എന്തിനെയൊക്കെ ഭയന്നിരുന്നോ, അതെല്ലാം ഇപ്പോള്‍ തന്നിലേക്ക് വന്നുകൊണ്ടിരിക്കുകയാണല്ലോ എന്ന് എമിലി ഓര്‍ത്തു.
‘എമിലിക്ക് ദിവസങ്ങള്‍ കഴിയുന്തോറും അവളുടെ കാഴ്ച മറഞ്ഞുകൊണ്ടിരിക്കുകയാണ്. അന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞല്ലോ, ഇതില്‍ നമുക്ക് ഒന്നും ചെയ്യാനില്ല.’
ആ വയസ്സന്‍ ഡോക്ടറുടെ പരുപരുത്ത ശബ്ദമാണ് അത്… ഇത്രയും കേട്ടപ്പോള്‍ എമിലിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഡോക്ടറുടെ അടുത്തു നില്‍ക്കുന്ന ടോക്കണ്‍ നമ്പര്‍ വിളിക്കുകയും മറ്റും ചെയ്യുന്ന തടിച്ച് ഉയരമില്ലാത്ത സ്ത്രീ അവരുടെ വട്ടക്കണ്ണടക്ക് പുറത്തൂടെ എമിലിയെ ഒന്ന് നോക്കി. എമിലി വളരെ മങ്ങിയ അവളുടെ കാഴ്ചയില്‍ അത് കണ്ടു.
‘മോളേ നമുക്ക് ഇറങ്ങാം…’
ഒറോതമ്മച്ചിയുടെ ശബ്ദമാണ്. ഒറോതമ്മച്ചിയുടെ ശബ്ദത്തിന് ഒരു ഇടര്‍ച്ച. പണ്ട് പഴയ ഓലക്കാസറ്റിന്റെ ഓല പൊട്ടിപ്പോകുമ്പോള്‍ അബിന്‍ ചേട്ടന്‍ അത് ഒട്ടിച്ചു കൊണ്ടു വരും, എന്നിട്ട് വീണ്ടും അത് ടേപ്പ് റിക്കോഡറില്‍ ഇട്ട് പാടിക്കാന്‍ നോക്കിയാല്‍, ഒട്ടിച്ച ഭാഗമെത്തുമ്പോള്‍’കാരുണ്യവാനായ നാഥാ’എന്ന വരികള്‍ക്കുള്ള ഇടര്‍ച്ച പോലെയാണ് ഒറോതമ്മച്ചിയുടെ ശബ്ദം എമിലിക്ക് തോന്നിയത്.
എമിലി അവള്‍ ഇരിക്കുന്ന മരക്കസേരയുടെ കൈപ്പിടിയില്‍ കൈകള്‍ അമര്‍ത്തി എണീറ്റു. പൊടിയും വിയര്‍പ്പും ചേര്‍ന്ന് പശയായി ഒട്ടിനില്‍ക്കുന്ന കൈപ്പിടിയില്‍ ഒരു മിനിഷം അവളുടെ കൈവിരലുകള്‍ ഒട്ടി. പടികളിറങ്ങുമ്പോള്‍ അവളുടെ കാലുകള്‍ക്ക് ഒന്നു പിഴച്ചു. വീണില്ല. ഓറോതമ്മച്ചി പിടിച്ചിട്ടുണ്ടായിരുന്നു.
ഒരു പഴയ ഓടിട്ട ഇരുനില കെട്ടിടമാണ് വയസ്സന്‍ ഡോക്ടറുടെ താമസസ്ഥലം. അതിലെ ഒരു വലിയ മുറിയിലാണ് പരിശോധനയെല്ലാം. കാഴ്ചയില്‍ അയാളെ ഒരു ഡോക്ടറായി ഒന്നും തോന്നുകയില്ല. ലുങ്കിയും ടീഷര്‍ട്ടുമാണ് അയാളുടെ സ്ഥിരം വേഷം. തന്റെ ചൂണ്ടാണി വിരല്‍ കണ്ണിന്റെ മുകളിലും, തള്ളവിരല്‍ കണ്ണിനു താഴേയുമായി കണ്ണു വിടര്‍ത്തി കണ്ണിലേക്ക് അയാളുടെ ഒരു നോട്ടമുണ്ട്. കണ്ണില്‍ എത്ര ഇരുട്ടുള്ളവരും അയാളുടെ കണ്ണിലേക്കൊന്ന് തിരിച്ച് നോക്കിപ്പോവും. എന്ത് മൂര്‍ച്ചയുള്ള നോട്ടമാണത് എന്ന് എമിലി ഓര്‍ത്തു.
അതില്‍ നിന്ന് ബസ്സിലെ ലോട്ടറിക്കാരന്റെ ഒച്ചയാണ് എമിലിയെ തിരിച്ചു കൊണ്ടുവന്നത്. യാത്രക്കാരെ അധികം ഇരുത്തി മുഷിപ്പിക്കാതെ ബസ്സ് നീങ്ങിത്തുടങ്ങി. അപ്പോഴും തൊട്ടടുത്തിരുന്ന ഒറോതമ്മച്ചിയുടെ കൈകള്‍ എമിലിയുടെ കൈകളെ ചേര്‍ത്തുപിടിച്ചിരുന്നു. അത്ര വലിയ മീനച്ചൂടിലും ഒറോതമ്മച്ചിയുടെ വിരലുകളുടെ തണുപ്പ് എമിലിയുടെ വിരലുകളെ തൊ്ട്ടു. ബസ്സിനെ പുറത്തെ കാഴ്ചകള്‍ എമിലിക്ക് അവ്യക്തമായിരുന്നു. വെള്ളത്തില്‍ പടര്‍ന്നു കിടക്കുന്ന പലതരം നിറം പോലെ ഇടയ്ക്ക് പച്ച, ചുവപ്പ് അങ്ങനെ ചില നിറങ്ങള്‍ മാത്രം. വരാനിരിക്കുന്ന വലിയ ഇരുട്ടിന് മുമ്പ്… എമിലിക്ക് അതാലോചിച്ചപ്പോള്‍ ചിരി വന്നു. താന്‍ മാത്രമല്ലല്ലോ, ഇവിടെയാകെ ഇരുട്ടിനാല്‍ നിറയുകയല്ലേ… എല്ലാ വെളിച്ചങ്ങളും ഇരുട്ടിന്റെ മൂര്‍ച്ചയുള്ള വാളിനാല്‍ കൊല ചെയ്യപ്പെടുന്നതായി എമിലിക്ക് തോന്നി. കാണുന്നതെല്ലാം കണ്ടില്ലെന്ന് സ്വയം വിശ്വസിപ്പിക്കുന്ന കാഴ്ചയില്ലാത്തവരെ കൊണ്ട് നിറയുന്ന ഈ ലോകത്ത് തനിക്ക് അഭിനയിക്കേണ്ടി വരില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍ എമിലിയുടെ കണ്ണുകളില്‍ ഒരു തിളക്കം പൊങ്ങി വ്ന്നു.
കുട്ടിക്കാലത്ത് തലേന്നാളത്തെ കാറ്റും മഴയും തണുപ്പിച്ച പുളിയുടെ ഇല വീണുകിടക്കുന്ന കിണറ്റിലെ വെള്ളം കോരിയെടുത്ത് ഒറോതമ്മച്ചി കുളിപ്പിക്കുമ്പോള്‍ തോള്‍ഭാഗം പിഞ്ഞ് കാല്‍മുട്ട് മറയ്ക്കാത്ത ഷിമ്മിയിട്ട്, കിണറ്റിന്റെ മൂല ചേര്‍ന്ന് എമിലി നില്‍ക്കും. മുഖത്ത് സോപ്പ് തേപ്പിക്കുമ്പോള്‍, കണ്ണില്‍ സോപ്പ് പോയി നീറും. അപ്പോള്‍ അവള്‍ കരഞ്ഞു കൊണ്ട് തുള്ളിച്ചാടും.
‘തുള്ളാതെ ഒന്ന് നേരെ നിക്കടി കൊച്ചേ,’ എന്ന് പറഞ്ഞ് വല്ല്യമ്മച്ചി വഴക്ക് പറയും. സോപ്പ് കണ്ണില്‍ പോയി നീറി കണ്ണടക്കുമ്പോള്‍ തന്റെ കണ്ണിന്റെ കാഴ്ച പോകുമെന്ന് എമിലി അന്ന് ഭയന്നിരുന്നു. അത് പോലെ തന്നെ വെള്ളം തല വഴി ഒഴിക്കുമ്പോള്‍ ശ്വാസം മുട്ടി മരിക്കുമെന്നും അവള്‍ പേടിച്ചിരുന്നു. ആ ഷിമ്മി കൂടി ഊരിയിട്ട് കുളിച്ചാല്‍ മതിയെന്ന് ഒറോതമ്മച്ചി പറയുമ്പോള്‍ വേണ്ടാ, വേണ്ടാന്ന് പറഞ്ഞ് കൈ കൊണ്ടവള്‍ തടുക്കുമായിരുന്നു. വേലിക്കലെ ചെമ്പരത്തികള്‍ക്കിടയിലൂടെ കനാല്‍ വരമ്പ് ചേര്‍ന്ന് പോകുന്ന സ്‌കൂളില്‍ കൂടെ പഠിക്കുന്ന ചെക്കന്മാര്‍ താന്‍ കുളിക്കുന്നത് കാണുമോയെന്ന് എമിലി പേടിച്ചിരുന്നു. ആണ്‍കുട്ടികളെ അവള്‍ക്ക് ഇഷ്ടമല്ലായിരുന്നു. കൗമാരം തൊട്ട് അവള്‍ തീര്‍ത്തും അവരില്‍ നിന്ന് ഓടിയൊളിച്ചു കൊണ്ടിരുന്നു. അവരുടെ ആഴത്തിലുള്ള പ്രണയത്തോടെയുള്ള നോട്ടത്തെ അവള്‍ക്ക് പേടിയായിരുന്നു. എന്തുകൊണ്ടെന്ന് ആരേലും ചോദിച്ചാല്‍ എനിക്ക് ഈ സ്‌നേഹത്തെ പേടിയാണ്, അത്രതന്നെ. എവിടുന്നേലും അതൊരിക്കല്‍ കിട്ടിയിട്ട് പിന്നെ നഷ്ടപ്പെട്ടാ എനിക്കത് താങ്ങാന്‍ പറ്റത്തില്ല.
ബസ്സ് കുലുക്കമുള്ള റോഡിലേക്ക് കയറിയപ്പോള്‍, കഴുത്തില്‍ നിന്ന് നെഞ്ചിലേക്ക് തൂങ്ങിക്കിടന്ന കറുത്ത മുത്തുമാല ഇക്കിളിപ്പെടുത്തി. അവള്‍ പെട്ടെന്ന് ഒറോതമ്മച്ചിയുടെ കൈകള്‍ ഒന്നുകൂടെ ചേര്‍ത്ത് പിടിച്ച് മറ്റേ കൈകൊണ്ട് മാലയെ കുപ്പായത്തിന് പുറത്തേക്കിട്ടു.
വീട്ടിലേക്ക് വന്നുകയറിയതും, എമിലി തന്റെ മുറിയിലേക്ക് പോയി, ജനാലക്കരികില്‍ ഇരുന്ന് തുണിയും സൂചിയുമെടുത്ത് തന്റെ തുന്നല്‍ പണികള്‍ തുടര്‍ന്നു. വെളുവെളുത്ത കോട്ടണ്‍ തുണിയില്‍ അതിമനോഹരമായ ചിത്രപ്പണികള്‍ എമിലി അവളുടെ മങ്ങിയ കാഴ്ചയെ അതിലേക്ക് പിടിച്ചു നിര്‍ത്തി കൊണ്ട് ചെയ്യുമായിരുന്നു. അവളുടെ പുതിയ ചിത്രപ്പണികള്‍ കണ്ട് മിനിഞ്ഞാന്ന് ഒറോതമ്മച്ചി ഒരുപാട് ചീത്ത പറഞ്ഞു. കാരണം മലമുകളിലെ കുരിശില്‍ രണ്ടുകാലും താഴേക്കു തൂക്കിയിട്ടിരുന്ന് ഹെഡ്‌ഫോണ്‍ ചെവിയില്‍ വെച്ച് പാട്ട് കേള്‍ക്കുന്ന യേശുവിനെയായിരുന്നു അവള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. ‘കുട്ടിക്കളിയാ, ഇച്ചിരി ദൈവവിചാരമൊക്കെ വേണം’ ദൈവത്തെ വച്ച് കളിച്ചാ അതിന്റെ അനുഭവിക്കേണ്ടി വരും.
ഒറോതമ്മച്ചി ഇങ്ങനെയിരുന്ന് കലിതുള്ളുമ്പോള്‍ എമിലിക്ക് തിരിച്ച് ചോദിക്കണമെന്ന് തോന്നും. ഞാന്‍ ഇപ്പൊ എന്ത് ചെയ്തിട്ടാ ദൈവം എന്നെ വെച്ച് കളിക്കണേന്ന്. പക്ഷേ അവളത് ചോദിക്കില്ല. ദേഷ്യം വരുമ്പോള്‍ ചീത്ത പറയെങ്കിലും ദേഷ്യമൊക്കെ ആറി കഴിഞ്ഞാല്‍ ഒറോതമ്മച്ചി എമിലിയെ ചേർത്ത് പിടിക്കും. എന്നിട്ട് അവളുടെ നെറ്റിയിലുമ്മ കൊടുക്കും.
എമിലിയിപ്പൊ കുറച്ചായി പള്ളിയിലൊന്നും പോവാറില്ല. ഒറോതമ്മച്ചീടെ കൂടെ പ്രാര്‍ത്ഥിക്കാറില്ല. അതിലെല്ലാം ഒറോതമ്മച്ചിക്ക് നല്ല വിഷമമുണ്ടെന്ന് അവള്‍ക്കറിയാം… ഒറോതമ്മച്ചിയുടെ കൂട്ട് തൊട്ട വീട്ടിലെ ലോലയുടെ അമ്മച്ചിയോട് ഒറോതമ്മച്ചി പറയും.
‘ചെറുപ്പത്തിലേ എന്തു ദൈവവിശ്വാസം ഉള്ള കൊച്ചായിരുന്നു… എല്ലാ ആഴ്ചയും പള്ളിയില്‍ പോക്കും പ്രാര്‍ത്ഥനയും ഒക്കെയായി നടന്നതാ… ഇപ്പൊ ദേ…’
സമാധാനിപ്പിക്കാനായി ലോലേടെ അമ്മച്ചി തിരിച്ചു പറയും-
‘അത് പിന്നെ തെളിഞ്ഞങ്ങനെ നിന്ന കാഴ്ചയല്ലേ മങ്ങിപ്പോണെ, അപ്പൊ നമ്മളായാലും ഒന്ന് കൈവിട്ടേച്ച് പോവും. ഉള്ള് പൊള്ളിക്കാണും അയിന്റെ.’
അടുക്കള പുറത്ത് നിന്ന് അവര് പറയണത് കേള്‍ക്കണ്ടാന്ന് വെച്ചാലും എമിലിയുടെ ചെവികള്‍ അതൊക്കെ പിടിച്ചെടുക്കും.
ഇതൊക്കെ കേട്ടോണ്ടിരിക്കെ പെട്ടെന്ന് ജനാലക്കരുകില്‍ ‘എമിലി ചേച്ചീ’ എന്ന് വിളി കേള്‍ക്കും… അതവളാണ് ലോല. കാഴ്ച പോയേപ്പിന്നെ എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തിയപ്പോള്‍ തൊട്ട് ജനാലക്കരികില്‍ വന്ന് വര്‍ത്തമാനം പറയണ, ഇപ്പോ എമിലിയുടെ ആകെയുള്ള കൂട്ട്. ഇപ്പൊ ഏഴാം ക്ലാസില്‍ പഠിക്കുന്ന ലോലയുടെ കണക്ക് പുസ്തകത്തിലെ സംശയങ്ങളൊക്കെ എമിലിയാണ് തീര്‍ത്തു കൊടുക്കുന്നത്.
‘ഈ എമിലി ചേച്ചിക്ക് ഇതൊക്കെ എങ്ങനാ അറിയുന്നേ?’ കുഞ്ഞു കണ്ണുകളില്‍ ആശ്ചര്യം വിടര്‍ത്തി കൊണ്ട് ലോല ചോദിക്കും. എമിലി ചിരിച്ചു കൊണ്ട് കളി പറയും. ‘എന്റെ കൊച്ചേ എമിലി ചേച്ചിക്ക് ഒരു മന്ത്രം അറിയാം. അതോണ്ട് എനിക്ക് എല്ലാം അറിയാന്‍ പറ്റും.’ ആ പറഞ്ഞത് അത്രയും വിശ്വസിച്ച ലോല ചോദിക്കും എന്നാ പറ, എന്നേം അമ്മച്ചിയേയും ഇട്ടേച്ച് അപ്പനെവിടേക്കാ പോയതെന്ന് ? ലോലയുടെ കുഞ്ഞു കണ്ണുകളില്‍ സങ്കടം അതിന്റെ നിറം നിറക്കുന്നത്, എമിലി മങ്ങിയ കാഴ്ചയില്‍ കാണും. ആ സങ്കടത്തിന്റെ നിറത്തെ മായ്ച്ചു കളയാന്‍ എമിലി ലോലയോട് ചോദിക്കും ‘ഈ കൊച്ചിന്റെ പേരിന് എന്നാ ഭംഗിയാ?…’ എന്നിട്ട് എമിലി മന്ത്രം പോലെ പ്രാര്‍ത്ഥന പോലെ കണ്ണടച്ച് പതിഞ്ഞ ശബ്ദത്തില്‍ ഉരുവിടും… ലോല… ലോല…
‘എനിക്കീ പേര് തര്വോ കൊച്ചേ? എന്റെ പേര് കൊച്ചിനും തരാ…’ അപ്പോ ലോല സങ്കടമൊക്കെ മറന്ന് ചിരിക്കും. ലോല എന്നും വൈകുന്നേരങ്ങളില്‍ ജനാലക്ക് പുറത്തുനിന്ന് എമിലിയോട് സംസാരിക്കും. അകത്തോട്ട് കേറി വാ കൊച്ചേന്ന് പറഞ്ഞാ എനിക്കിവിടെ നിക്കാനാ ഇഷ്ടംന്ന് പറയും. ജനാലയിലൂടെ നോക്കിയാല്‍ ആ മുറി മുഴുവനായും കാണാന്‍ കഴിയില്ലായിരുന്നു. പക്ഷേ മുറിയുടെ നടുവില്‍ മരത്തിന്റെ ഫ്രെയിമുള്ള ഒരാള്‍ പൊക്കമുള്ള ഒരു പഴയ വലിയ കണ്ണാടി ഉണ്ട്. ജനാലയിലൂടെ അതിലേക്ക് നോക്കിയാ ലോലക്ക് ആ മുറി മുഴുവനായും കാണാം. പുറത്തു നിന്ന് ഒരു വള്ളിച്ചെടി ചുമരിലൂടെ പടര്‍ന്ന് ജനാലയിലൂടെ എമിലിയിലേക്ക് എന്ന പോലെ ലോല…
ഇടക്ക് വൈകുന്നേരങ്ങളില്‍ എമിലിയും ലോലയും കൂടെ കനാല്‍ വരമ്പത്തെ ചെരിവിലിരുന്ന് കല്ല് നീക്കി കളിക്കും. നിശ്വാസങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു കാണി പോലും ഇല്ലാതിരുന്നിട്ടും, കാതില്‍ ഒരു കൈയ്യടി ശബ്ദം പോലും എത്താതിരുന്നിട്ടും അവര്‍ ആവേശത്തോടെ തന്നെ ആ കളി കളിച്ചു. പച്ചക്കുന്നിന് താഴെ പാമ്പിന്റെ ഉടല്‍ പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന കനാലിന്റെ വരമ്പത്തിരുന്ന് പരന്നു കിടക്കുന്ന ചെറിയ പാറയില്‍ ചെങ്കല്ലു കൊണ്ട് ഒരു ചതുരം വരക്കുകയും അതിന് കുറുകെയും നെറുകെയുമായി പ്ലസ് മാതൃകയില്‍ വരകള്‍ വരച്ച് ഇരുവശത്തും മൂന്നു വീതം കല്ലുകള്‍ വച്ചുള്ള’കല്ല് നീക്കി കളി’കളിച്ചപ്പോഴൊക്കെയും രണ്ടു പേര്‍ക്കും ജയവും തോല്‍വിയും ഉണ്ടായില്ല. അതിന് മുന്നേ അവര്‍’നേരം ഇരുട്ടി’എന്നും പറഞ്ഞ് കളി നിര്‍ത്തും. അവര്‍ക്ക് പരസ്പരം തോല്‍പ്പിക്കാന്‍ ആവില്ലായിരുന്നു.
ആ കൊല്ലം ഇടവത്തിലെ മഴ തകര്‍ത്തു പെയ്ത ഒരു മോന്തി. ‘കറണ്ട് അതിന്റെ പാട്ടിന് പോയീന്നാ തോന്നണേ’ എന്നും പറഞ്ഞു കൊണ്ട് ചിമ്മിനി വിളക്ക് ഉമ്മറത്തു കൊണ്ടു വെച്ചു ഒറോതമ്മച്ചി. അപ്പോഴാണ് പാതി മഴയെല്ലാം കൊണ്ട് കാറ്റിലുലഞ്ഞ കുടയുമായി എമിലിയുടെ അമ്മാച്ചന്‍ വന്നു കേറുന്നത്. എമിലിയുടെ അമ്മേടേം ഒറോതമ്മച്ചിടേം ചേട്ടന്‍. വയനാട്ടുകാരി എല്‍സിയെ കെട്ടിയ, പിന്നെ അവരുടെ കുടുംബത്തീന്ന് കിട്ടിയ മണ്ണില് കൃഷീം ചെയ്ത് മൂപ്പര് അവിടങ്ങ് കൂടി. വന്ന പാടെ എമിലിക്ക് സഞ്ചീന്ന് അരിമുറുക്കും, അവള്‍ക്ക് പ്രിയപ്പെട്ട പാല്‍ഗോവയും എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു. ‘എല്‍സി ആന്റി മോള്‍ക്ക് തന്നുവിട്ടതാ’ അമ്മാച്ചനിത് കവലയിലെ പൊടിച്ചായിയുടെ പീടികേന്ന് വാങ്ങീതാന്ന് എമിലിക്കും ഒറോതമ്മച്ചിക്കും അറിയാം. എന്നാലും ചേട്ടായിക്ക് ഒന്നും തോന്നാതിരിക്കാന്‍ ഒറോതമ്മച്ചി എല്‍സീടെ വിശേഷങ്ങള്‍ ചോദിക്കും.
ആങ്ങള കുളിച്ചു വരുമ്പോഴേക്കും ഉണക്ക മത്തി, കപ്പലമുളകും ചോന്ന ഉള്ളീം അരച്ച് തേച്ച് പപ്പടക്കമ്പീല് കോര്‍ത്ത് അടുപ്പിലെ കനലിലിട്ട് ചുട്ടെടുത്ത്, അതിലേക്ക് വെളിച്ചെണ്ണ തൂവി… ചോറും എടുത്തു വെച്ചിരുന്നു ഒറോതമ്മച്ചി. മൂന്നാളും കൂടെ അടുക്കളയിലിരുന്ന് ചോറ് തിന്നു. എമിലി കിടക്കാനായി അവളുടെ മുറിയിലേക്ക് പോയി.
കോലായില്‍ ചിമ്മിനിയുടെ മങ്ങിയ വെളിച്ചത്തിലിരുന്ന് ചേട്ടായിയും പെങ്ങളും കൂടെ നാട്ടു വര്‍ത്തമാനത്തിന്റെ കെട്ടഴിക്കാന്‍ തുടങ്ങി. മഴവെള്ളം ചോരുന്ന മോന്തായത്തിലേക്ക് കാക്കയെപ്പോലെ ചെരിഞ്ഞും താണും നോക്കി അയാള്‍ ചോദിച്ചു.
‘ഇതിന്റെ കഴുക്കോലു മുഴുവന്‍ പോയല്ലോടീ’
‘എല്ലാം പോയാ നിക്കണെ, എല്ലാം കൂടെ എന്നാ എന്റെം പെണ്ണിന്റേം തലക്ക് വീഴാന്നാ അറിയാത്തെ.’ ഒറോതമ്മച്ചി പറഞ്ഞു.
‘ചെറുങ്ങലേലെ വറീത് ചാച്ചന്‍ പോയത് ചേട്ടായി അറിഞ്ഞിരുന്നോ?…’
‘ങാ… പൊടിക്കലെ കുഞ്ഞുമോന്‍ വന്നപ്പോ പറഞ്ഞായിരുന്നു. ‘ചെറിയ ഒരു നിശബ്ദതയ്ക്ക് ശേഷം ഒറോതമ്മച്ചി ചോദിച്ചു.
‘ചേട്ടായി എന്നാ ഇപ്പൊ ഈ മഴയത്ത് ഓടിപിടിച്ച് ഇങ്ങ് പോന്നേ?’
‘അത് പിന്നെ കാര്യം ഉണ്ടെന്ന് കൂട്ടിക്കോ. നിനക്കൊരു കല്ല്യാണാലോചന. എല്‍സീടെ കുടുംബത്തില്‍പ്പെട്ട ആളാ. ഞങ്ങടെടുത്തു തന്നെയാ. പട്ടാളത്തിലായിരുന്നു. പെന്‍ഷന്‍ പറ്റി. ഇപ്പോ കൃഷിയൊക്കെയായി കൂടിയിരിക്കാ. ഭാര്യ രണ്ടു കൊല്ലം മുമ്പ് ക്യാന്‍സര്‍ വന്ന് പോയീ. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കൊച്ചുണ്ട്.’
ഒറോതമ്മച്ചി ‘ചേട്ടായി… അത്…’ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ അയാള്‍ പറഞ്ഞ: ‘നീ ഒന്നും പറയണ്ട. എല്ലാം കൊണ്ടും എനിക്കിത് നന്നായി തോന്നി. ഞാന്‍ അവര്‍ക്ക് വാക്കു കൊടുത്തു. ഈ പതിനഞ്ചിന് തന്നെ നടത്തണം എന്നാ അവര് പറയുന്നേ… നമ്മുടെ പള്ളീല് വെച്ച് കെട്ട്.’
ആകാശത്തൂടെ ഒരു മിന്നല്‍ പാഞ്ഞു.
‘എമിലി…’ ഒറേതമ്മച്ചി ശബ്ദം താഴ്ത്തി പറഞ്ഞു.
‘അവള്‍ടെ കാര്യം പറഞ്ഞോണ്ടിരുന്നാ നീ ഇങ്ങനെ നിക്കത്തേയുള്ളൂ. നിനക്കും വയസ്സായി വരാണ്. നിന്റെ കാര്യം ഓര്‍ക്കുമ്പോ എനിക്ക്…’ അയാള്‍ കരച്ചിലിന്റെ വ്‌ക്കോളം എത്തി.
‘അവളുടെ അസുഖമൊക്കെ അറിയാലോ? ഇനി എത്രകാലം അവളിങ്ങനെ… അവള്‍ടെ കാര്യം ഞാന്‍ ഫിലിപ്പച്ചനോട് പറഞ്ഞിട്ടുണ്ട്. പള്ളീടെ സ്‌കൂളിലാക്കാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യാം.’ അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി. ഒറോതമ്മച്ചീടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നാലും ആങ്ങളയുടെ തീരുമാനങ്ങളെ മറികടക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.
അന്ന് രാത്രി ഒറോതമ്മച്ചി എമിലിയുടെ അടുത്താണ് കിടന്നത്. അവര്‍ തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിനടിയിലേക്കെന്ന പോലെ എമിലിയെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. എമിലിയുടെ കണ്ണ് നിറഞ്ഞൊഴുകി. എന്നാലും അവള്‍ ഉറക്കം നടിച്ച് ഇരുട്ടിനെ നോക്കി കിടന്നു. ഇരുട്ടിന്റെ നിറം മാത്രമാണ് അവളുടെ കണ്ണുകള്‍ക്ക് വ്യക്തമായി തെളിഞ്ഞിരുന്നത്.
എമിലിയെ പെറ്റ അവളുടെ അമ്മ വിഷം കഴിച്ച് ചത്തേപ്പിന്നേ ഒറോതമ്മച്ചിയാണ് എമിലെ നോക്കിയത്. അന്നേരം വളരെയേറെ കൊതിച്ച് മഠത്തില്‍ ചേരാന്‍ നില്‍ക്കുകയായിരുന്നു. ഒറോതമ്മച്ചി. അതെല്ലാം വേണ്ടെന്നു വെച്ച്, തുന്നല്‍ പണികളെല്ലാം ചെയ്ത് എമിലിയെ വളര്‍ത്തി.
പിറ്റേന്ന് പോകാന്‍ നേരം അമ്മാച്ചന്‍ എമിലിയുടെ നെറുകയില്‍ വാല്‍സല്യത്തോടെ ഒന്നു തൊട്ടു.
പിന്നീടുള്ള ദിവസങ്ങളത്രയും എമിലി ഉറങ്ങിയില്ല. എമിലിയും, ഒറോതമ്മച്ചിയും മന:പൂര്‍വ്വം മുഖം കൊടുക്കാതെ നടന്നു. ആവശ്യത്തിന് മാത്രം സംസാരിച്ചു. നഷ്ടങ്ങള്‍ക്കും, സ്‌നേഹത്തിനുമിടയില്‍ ചിലത് ഉള്‍കൊള്ളാന്‍ അവര്‍ തയ്യാറെടുത്തു.
ഒറോതമ്മച്ചീടെ കെട്ട് നടക്കുന്നതില്‍ എമിലിക്ക് സന്തോഷം ഉണ്ടായിരുന്നു. എന്നാലും എവിടെയോ ഒരു വിങ്ങല്‍… പുതിയ കളികളുടെ കാലമായിട്ടും ആ പഴയ കളി തന്നെ അവള്‍ തുടര്‍ന്നു.’കല്ല് നീക്കികളി’എമിലിയും ലോലയും കളിച്ചു. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ അവര്‍ ആ കളി തുടര്‍ന്നു. അന്ന് എമിലി അതീവ ശ്രദ്ധയോടെ ഓരോ കല്ല് നീക്കുമ്പോഴും ലോല ചിരിച്ചു കൊണ്ട് അലസമായി കളി തുടര്‍ന്നു. ആദ്യത്തെ രണ്ട് നീക്കങ്ങള്‍ വെള്ളത്തിന്റെ ചെരിഞ്ഞുള്ള ഒഴുക്കിനോളം സമാനമായിരുന്നു. പിന്നീട്, കളിയുടെ ഒരു മായാജാല നിമിഷത്തില്‍ എമിലി ലോലക്ക് ആ ചലനം തിരിച്ചറിയാന്‍ കഴിയുന്നതിന് മുമ്പ് ഒരു കല്ലിനെ മുന്നിലേക്ക് നീക്കി. ആ നീക്കം ലോലയില്‍ ഒരു വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അവള്‍ കണ്ണൂ കൂര്‍പ്പിച്ചു കൊണ്ട് ആ കളത്തേയും കല്ലുകളേയും നോക്കിയിരുന്നു… ഒരു ഇടവേള അനിവാര്യമായപ്പോള്‍ അവര്‍ ആ കളി അന്നത്തേക്ക് നിര്‍ത്തി.
കനാല്‍ വരമ്പിലൂടെ അവര്‍ നടന്നു. എമിലിയുടെ കണ്ണുകള്‍ കൂടുതല്‍ മങ്ങിത്തുടങ്ങിയിരുന്നു. ലോല എമിലിയുടെ കൈ പിടിച്ചു. എമിലി ലോലയുടെ കൈകള്‍ക്കുള്ളില്‍ നിന്ന് തന്റെ കൈകളെ സ്വതന്ത്രമാക്കി.
‘എമിലി ചേച്ചി ഞങ്ങളെയൊക്കെ വിട്ട് പോവാണല്ലേ?’ അമ്മച്ചി പറഞ്ഞല്ലോ. കുഞ്ഞുകണ്ണുകളില്‍ സങ്കടം നിറച്ച് ലോല ചോദിച്ചു. കനാലിന്നടിയിലെ ചേറിലെ കുഞ്ഞുമീനുകള്‍ കാതു കൂര്‍പ്പിച്ചു.
‘അയ്യേ എന്റെ കൊച്ചിനെ വിട്ട് എമിലി ചേച്ചി എവിടെ പോവാനാ…’ അവള്‍ ലോലയെ സമാധാനിപ്പിച്ചു.
രാത്രിയുടെ നിലാവില്‍ ആ പാറപ്പുറത്തെ കളവും കല്ലുകളും ഒരു കൊട്ടാരവും അതിലെ കാവല്‍ക്കാരെയും പോലെ തോന്നിച്ചു. മഞ്ഞ വെയില്‍ വിഷാദം അണിഞ്ഞു നിന്ന പിറ്റേന്ന് വൈകുന്നേരം, ചലനമില്ലാതെ നില്‍ക്കുകയായിരുന്ന, കളിയില്‍, മൗനത്തെ മാറ്റി നിര്‍ത്തി കൊണ്ട് ലോലക്ക് ജയിക്കാന്‍ പാകത്തിന് എമിലി അതിവേഗത്തില്‍ ഒരു കല്ലിനെ മുന്നോട്ട് നീക്കി കൊണ്ട് കളിയില്‍ പുതിയൊരു സാദ്ധ്യത സൃഷ്ടിച്ചു. കനാലിന് എതിര്‍വശത്തുള്ള വയലിനെ മൈതാനമാക്കി കൊണ്ട് കളിക്കാനിറങ്ങിയ കോഴി കുഞ്ഞുങ്ങളെ കണ്ണു വെച്ച് ഒരു ചെമ്പന്‍ പരുന്ത് ആകാശത്തിനോടടുത്ത് ഒഴുകി നടന്നു.
അന്ന്, പതിനഞ്ചാം നാള്‍ ഒറോതമ്മച്ചീടെ കെട്ടായിരുന്നു. അമ്മാച്ചനും എല്‍സിയാന്റിയും ബന്ധുക്കളും നാട്ടുകാരും അടക്കം വളരെ കുറച്ചു പേര്‍. ഒറോതമ്മച്ചി തുന്നിയ ഒരു അതിമനോഹരമായ റോസ് കുപ്പായമായിരുന്നു എമിലിക്ക്. നല്ല ഉയരമുള്ള ആളായിരുന്നു ഒറോതമ്മച്ചിയെ കെട്ടിയത്. പള്ളി മുറ്റത്തു നിന്ന് കാറില്‍ കയറാന്‍ നേരം ഒറോതമ്മച്ചി എമിലിയുടെ കൈ ചേര്‍ത്തു പിടിച്ചു. അപ്പോഴും ഒറോതമ്മച്ചിയുടെ വിരലുകള്‍ക്ക് നല്ല തണുപ്പുണ്ടായിരുന്നു. എമിലിയുടെ വിരലുകള്‍ ആ തണുപ്പിനെ ഒപ്പിയെടുത്തു.
എമിലി വീട്ടില്‍ തനിച്ചായി. നാളെ മഠത്തീന്ന് സിസ്റ്റര്‍മാര്‍ വന്ന് എമിലിയെ കൂട്ടിക്കൊണ്ട് പോവും. ആകാശം കറുത്തിരുണ്ട് കര്‍ക്കിടകമഴ ചാറി നിന്ന അന്ന് വൈകുന്നേരം, കനാലിനു മുകളിലൂടെ തീര്‍ത്തും ശാന്തമായി അവസാനത്തെ പക്ഷിയും പറന്ന് പോയി. ആ സമയം ചെമ്പരത്തി വളഞ്ഞു കുത്തി തലയുയര്‍ത്തി ചോപ്പിച്ച് കാവല്‍ നില്‍ക്കുന്ന മുള്‍ വേലിക്കിടയിലൂടെ അപ്പുറത്തേക്ക് മുറിച്ചു കടക്കാന്‍ കൊതിച്ചു. വേലിയുടെ വിടവിലൂടെ കടന്ന ശലഭം കൂര്‍ത്ത മുള്ളില്‍ ചിറകു കുരുങ്ങി, വേദന കൊണ്ട്, മദിച്ചു നടന്ന ഇന്നലെകളെ ശപിക്കുകയായിരുന്നു. ലോല ജനാലയിലൂടെ ഏന്തിവലിഞ്ഞ് എമിലിയിലേക്ക് നോക്കി. കണ്ണാടിയില്‍ ലോല കണ്ടു. കഴുക്കോലില്‍ മനോഹരമായ ചിത്രങ്ങള്‍ തുന്നിപിടിപ്പിച്ച വെളുത്ത ഷാളില്‍ തൂങ്ങിക്കിടക്കുന്നു എമിലി. കഴുത്തില്‍ കുടുങ്ങിയ കമ്പിയുമായി ഓടിപ്പോയ പൂച്ചക്കുഞ്ഞ് എവിടെ നിന്നോ പ്രത്യക്ഷനായി. അത് ആ മുറിയിലാകെ പരതി നടന്നു. പെട്ടെന്ന് മഴയിലേക്ക് ഒരു വെയില്‍ ചാഞ്ഞു. ഇണ ചേരുന്ന രണ്ടു പാമ്പുകളെ പോലെ വെയിലും, മഴയും. കണ്ണാടിയില്‍ എമിലിയുടെ കുപ്പായത്തിന്റെ റഓസും, പുറത്തെ മഴയും, വെയിലിന്റെ മഞ്ഞയും ഷാളിലെ പൂക്കളുടെ ചുവപ്പും കൂടിക്കലര്‍ന്ന നിറം നിറഞ്ഞു. ലോലയുടെ കുഞ്ഞിക്കണ്ണുകള്‍ അത് നോക്കി നിന്നു.
‘എമിലിചേച്ചീ ദേ എന്നെ പറ്റിച്ചത് മതി, ഇറങ്ങി വാ, നോക്ക്… വെയിലും മഴയും കുറുക്കന്റെ കല്ല്യാണം വന്നു. എമിലി ചേച്ചീ…’
അന്നേരം വിളികേട്ട പോലെ എമിലിയുടെ കണ്ണുകള്‍ ലോലയെ നോക്കുന്നുണ്ടായിരുന്നു.