Main Menu

അമാനത്തിന്റെ ക്രൂരമായ പീഡനവും കൊലപാതകവും

Gang rape protest on Raisina Hill india2012 ആരംഭിച്ചത് ബഹുജനപ്രക്ഷോഭങ്ങളുടെ ഒരു തിരയിളക്കത്തോടെയാണ്. അവസാനിക്കുന്നതും അങ്ങനെ തന്നെ. അഴിമതിക്കെതിരായ, മുഖമുള്ള സമരമായിരുന്നു ഒന്നെങ്കിൽ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള, വിവിധ ധാരകൾ ഒന്നിക്കുന്ന സമരമാണ് ഇപ്പോഴത്തേത്. പക്ഷേ ആദ്യത്തേതിന്റെ കാര്യത്തിലെന്ന പോലെയല്ല, രണ്ടാമത്തെ സമരം കടുത്ത മർദ്ദനോപാധികൾ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. പലപ്പോഴും സംഭവിക്കുന്നതു പോലെ, സമരങ്ങളുടെ ആയുസ്സ് അവർ ഉയർത്തുന്ന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതോടെ (അതിലേക്കുള്ള ആദ്യ പടി സ്വീകരിക്കുമ്പോൾ തന്നെ) ഇല്ലാതാകാറുണ്ട്. പക്ഷേ ഇന്ത്യയുടെ ‘അമാനത്തി’ന്റെ ക്രൂരമായ പീഡനവും കൊലപാതകവും സമരത്തിനപ്പുറമുള്ള ആശങ്കകളാണ് ഉണർത്തുന്നത്. ശരിയാണ്, ഇപ്പോൾ ഇന്ത്യ അതിന്റെ സഹോദരിമാർക്കും പെണ്മക്കൾക്കും വേണ്ടി പ്രതികരിക്കുന്നുണ്ട്. പക്ഷേ ആഴത്തിൽ വേരോടേണ്ട ധാരണകളുടെ കാര്യത്തിൽ ഏറെ ഹ്രസ്വമാണ് രാഷ്ട്രത്തിന്റെ ഓർമശക്തി. ഈ സമരപ്പന്തലിൽ നിന്ന് നാം തിരിച്ചു പോകുന്നത് ദളിത് പീഡനങ്ങൾ തുടർക്കഥകളാകുന്ന വടക്കന്‍ ജില്ലകളിലേക്കും ഓരോ മിനിട്ടിലും ഏതെങ്കിലും തരത്തിൽ ഒരു സ്ത്രീ അപമാനിക്കപ്പെടുന്ന പൊതുവാഹനങ്ങളിലേക്കും ശരീരകേന്ദ്രിതമായ അസ്തിത്വത്തിലേക്ക് അവരെ ചുരുക്കിയൊടിക്കുന്ന വിപണിയിലേക്കും രണ്ടാംകിട പൗരന്മാരായി അവരെ മാറ്റുന്ന വീടുകളിലേക്കും വിദ്യാലയങ്ങളിലേക്കുമാണ്. അവിടെ കനച്ചു കിടക്കുന്ന കാലത്തിന്റെ ദുർഗന്ധമാണ് പലതായി പെരുകി നമ്മുടെ തെരുവുകളിലേക്കെത്തുന്നത്.

സ്ത്രീകൾ തൊഴിലിടത്തിലേക്കു പോകുന്നത് ഒരിക്കൽ വിപ്ളവമായിരുന്നു, സ്ത്രീകൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഈ വിപ്ളവത്തിന്റെ ഒരു ഭാഗമായാണ് വീക്ഷിക്കപ്പെട്ടത്. പക്ഷേ മനുഷ്യനെന്ന നിലയിൽ അവകാശപ്പെട്ട ഇത്തരം ചെറിയ ആനുകൂല്യങ്ങൾ പോലും പാടേ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് രോഗബാധിതമായ ഈ സമൂഹം അവരെ കൊണ്ടുചെന്നെത്തിക്കുന്നത്. രാഷ്ട്രം അഭിസംബോധന ചെയ്യുന്നത് അതിനാൽ തന്നെ ഒരു ലിംഗാധിഷ്ഠിത പ്രശ്‌നം മാത്രമല്ല. രാഷ്ട്രം അതിന്റെ എല്ലാ പൗരന്മാർക്കും വാഗ്ദാനം ചെയ്യുന്ന സുരക്ഷ ലഭ്യമാക്കുന്നതിൽ ഇരട്ട വെല്ലുവിളി നേടേണ്ടി വരുന്ന സ്ത്രീകളുടെ മനുഷ്യാവകാശ പ്രശ്‌നം കൂടിയാണിത്. ആ തിരിച്ചറിവില്ലാതെ ഈ വിഷയങ്ങളെ സമീപിച്ചാൽ ഒരു വധശിക്ഷ കൊണ്ട് സമരങ്ങൾ അവസാനിച്ചേക്കാം, സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗം ഭേദപ്പെടില്ല.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: