Main Menu

ഉറുമ്പോളം

  • കുട്ടിക്കാലത്തിലേക്ക് നടന്നപ്പോഴാണ്
    കാലില്‍ കുപ്പിച്ചില്ല് കൊണ്ടത്
    പച്ചച്ചാണകവും
    കമ്മ്യൂണിസ്റ്റ് പച്ചയും കൊണ്ട്
    മുറിവൊപ്പിത്തന്ന്
    മുലഞാന്ന കിഴവിത്തള്ള
    പൊന്തക്കാട്ടിലേക്കു
    പശുക്കിടാവിന്റെ കിട്ടാക്കയര്‍
    തിരഞ്ഞുപോയി
    ഉച്ചവെയില്‍ ഉറങ്ങിക്കിടന്ന
    കുളക്കടവില്‍ നിന്ന്
    പച്ചത്തെറി
    തിരിഞ്ഞു നോക്കിയപ്പോള്‍
    മൂടും മുലയും ഒളിഞ്ഞുനോക്കിയതിന്
    ഒരു നിക്കറുകാരന്റെ
    ചുപ്പാണി ചെത്തുമെന്നു
    പെണ്ണൊരുത്തി
    വെള്ളത്തില്‍ക്കിടന്നു തിളക്കുന്നു…
    അച്ഛനോടു പറഞ്ഞാലും
    അവളോടു പറയരുതെന്ന്
    ഒരു ബീഡിമുറത്തില്‍
    കാലണ കിടന്നു കരയുന്നു…
    കിട്ടാക്കടങ്ങള്‍ ഒരുപാടുണ്ടെങ്കിലും
    കുട്ടിക്കാലത്തിലേക്ക് പറക്കുന്നതിന്
    പലിശ വേണ്ടെന്ന്
    പൊത്തില്‍നിന്ന് പിടിച്ച തത്ത
    കൂട്ടില്‍ക്കിടന്നു ചിലക്കുന്നു…
    എങ്കിലും
    ഒന്നും തിരയാന്‍ വേണ്ടി
    തിരിഞ്ഞുനടക്കരുതെന്ന
    അറിയിപ്പുപലകയുമായി
    ആരൊക്കെയോ വഴി മുടക്കുന്നുണ്ട്…!!



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: