Main Menu

ഉറക്കങ്ങളുടെ മുറിവുകള്‍

തണുപ്പ് ഈ വര്‍ഷം ക്രൂരനായൊരു വേട്ടക്കാരനെപ്പോലെ പൂക്കളെയെല്ലാം കരിച്ചു കളയുകയാണ്. എന്റെ ഡാഫോഡില്‍ പൂക്കള്‍ അടുക്കളയ്ക്കരികിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നെടുവീര്‍പ്പിടുന്നത് ഇനിയല്പനാളുകള്‍ കൂടി കാണേണ്ടി വരും. വീടിന്റെ പിറകുവശത്തെ സ്ഥലം ചെടികളൊന്നുമില്ലാതെ നഗ്നയായി എന്നെ വിഷമിപ്പിച്ചുകൊണ്ടേ യിരിക്കുന്നു. ശിശിരത്തില്‍ തുടങ്ങിയ ഈ തണുത്ത ഋതു എന്നെ വീണ്ടും വിഷാദരോഗിയാ ക്കുന്നതുപോലെ

''നീയെന്താ ആലോചിച്ചോണ്ടു നില്‍ക്കുന്നെ? ഞാന്‍ പോണു.''
മറുപടിക്ക് കാക്കാതെ രവി ജോലിക്ക് പുറപ്പെട്ടു. മുന്‍വാതിലടച്ച് രേഷ്മ മുകളിലത്തെ നില യിലെ ബാല്‍ക്കണിയ്ക്കരികിലെത്തി.

എന്ന് മുതലാണ് അങ്ങനെയൊരു  ആഗ്രഹം തോന്നിത്തുടങ്ങിയത്? വ്യക്തമായും ഓര്‍മ്മയി ല്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രാവിലെയുള്ള ഓട്ടപ്പാച്ചിലുകള്‍ അന്നൊന്നും മടുപ്പിച്ചിരു ന്നില്ല. കൗമാരകാലം പതുക്കെ അതിനെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നോ? ഉവ്വ്, ശരിയാണ്. ഒന്നും പ്രത്യേകിച്ച് സംഭവിച്ചതല്ല, മറിച്ച് അന്നു മുതലാണ് പൂര്‍ത്തി യാകാത്ത സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. വെള്ളത്തിലങ്ങനെ ഒഴുകി നടക്കുന്ന തോണിയില്‍ വെറുതെ ചിരിച്ചുകൊണ്ട് ഓളങ്ങളിലൂടെ അങ്ങനെ നടക്കുമ്പോള്‍, ഒരിക്കലും പൂര്‍ണ്ണമായി കാണാന്‍ കഴിയാത്ത മുഖവുമായി ഒരാള്‍ കണ്ണുകളിലേക്ക് നോക്കി എന്തൊക്കെയോ പറയാ നൊരുങ്ങുമ്പോള്‍, പറയില്ലെന്ന വാശിയില്‍ ഒളിച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന ചില തെറ്റുകളില്‍, ആര്‍ത്തിയോടെ മുറ്റത്തേക്കിറങ്ങി മേലോട്ട് നോക്കിച്ചിരിക്കുമ്പോള്‍ അല്ലെങ്കിലെപ്പോ ഴൊക്കെയോ ഒന്നും പൂര്‍ത്തിയാകാതെ ആരൊക്കെയോ എന്നെ ഉണര്‍ത്തിയിരുന്നു. പിന്നെ യൗവ്വനം, ഉത്തരവാദിത്തങ്ങളുടെ ചോദ്യോത്തരവേദിയല്ലാതെ മറ്റെന്താണത്. ധര്‍മ്മ ങ്ങള്‍ പലപ്പോഴും ജീവിക്കാന്‍ സമ്മതിക്കാറില്ല. സ്വയം അറിയുന്നതിനുമുമ്പേ എന്തിലേ ക്കൊക്കെയോ ഉള്ള എടുത്തുചാട്ടമായിരുന്നു എല്ലാം എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോഴേ ക്കും തിരിച്ചുനടക്കാനുള്ള വഴികള്‍ അടയ്ക്കപ്പെട്ടിരിക്കും. ഉച്ചയായപ്പോഴേക്കും രവി തിരി ച്ചെത്തിയിരിക്കുന്നു. ഇന്നിനി മുഴുവന്‍ മഞ്ഞുമഴയാണ്. വഴികളും മരങ്ങളുമെല്ലാം വെളുത്ത ചിരിയോടെ മരവിച്ചുറങ്ങും. ഇവിടെ വെളുപ്പിന് വിഷാദത്തിന്റെ നിറമാണെന്നു തോന്നുന്നു.

രവി സോഫയില്‍ മൂടിപ്പുതച്ചിരുന്ന് ന്യൂസ് അവറിന്റെ പൊട്ടുന്ന വാര്‍ത്തകളിലേക്ക് കണ്ണും നട്ടിരിക്കുന്നു. ബ്ലൂ മൂണിന്റെ രണ്ടാമത്തെ കുപ്പിക്ക് വാര്‍ത്തകളെക്കാള്‍ ചൂടുള്ളതുപോലെ യാണ് രവിക്കെന്ന് തോന്നുന്നു.
സൂര്യന്‍, വെളുത്തനിറമുള്ള ഭൂമിയെ ഉറങ്ങാനനുവദിച്ച് നക്ഷത്രങ്ങളെ കാവല്‍ നിര്‍ത്തിയിരി ക്കുന്നു. വായിച്ചിട്ട് മനസ്സിലാകാത്ത പുസ്തകത്തിന്റെ അവതാരിക വായിക്കാന്‍ തുടങ്ങി രേഷ്മ.

''രേഷ്മ, നമ്മളെത്രയോ യാത്രകള്‍ പോയിരിക്കുന്നു, ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. അതിലേതാണ് നിനക്കേറെയിഷ്ടം?'' രവിയുടെ ചോദ്യത്തിനുത്തരം നല്‍കാനായി രേഷ്മ അല്പമൊന്നാലോചിച്ചു.

''ഓ, അങ്ങനെയൊന്നുമില്ല. എല്ലാ യാത്രകളും എനിക്കിഷ്ടമാണ്. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതയുണ്ടല്ലോ'' ഉദാസീനമായൊരു മറുപടി.
''ശരി, ആയ്‌ക്കോട്ടെ. എങ്കില്‍ ഇത് പറയൂ, ഞാന്‍ മനസ്സിലാക്കാത്ത നിന്റെ ഒരാഗ്രഹം, അതെന്താണ്?''
രേഷ്മയുടെ കണ്ണുകളില്‍ ഒരു തിളക്കം.

''എനിക്കൊന്നുറങ്ങണം'' അവള്‍ പെട്ടെന്ന് പറഞ്ഞു.
''എന്താ?''
''എനിക്കൊന്നുറങ്ങണം''
'' അപ്പൊ നീ ഉറങ്ങാറില്ലേ രാത്രികളില്‍?'' പരിഹാസത്തോടെ രവിയും ചോദ്യം
''എനിക്കുറങ്ങേണ്ടത് രാത്രിയിലല്ല. അതൊരു നിഷ്ഠപോലെ എല്ലാവരും ചെയ്യുന്നതല്ലേ''
''പിന്നെ?''
''പുലരിയുറക്കം'' രേഷ്മ പുഞ്ചിരിയോടെ രവിയുടെ കണ്ണുകളിലേക്ക് നോക്കി
''അതെന്തുവാ?'' രവി മനസ്സിലാകാത്തതുപോലെ അവളെ നോക്കി
''രാവിലെ, ആരും ശല്ല്യപ്പെടുത്താതെ, ഉണര്‍ത്താതെ മതിവരുവോളം എനിക്കൊന്നുറങ്ങണം. ഒരിക്കലെങ്കിലും ഒരു സ്വപ്നമെങ്കിലും പൂര്‍ത്തിയാക്കണം''

രവിയുടെ മുഖത്ത് ഒരു ദുഃഖത്തിന്റെ നിഴല്‍ മിന്നിമറഞ്ഞുപോലെ.
''നാളെ നീയുറങ്ങ്, മതിവരുവോളം. വീട്ടിലെ കാര്യങ്ങളൊക്കെ നാളെ എന്റെ വക. മതിയോ?
വല്ലാത്തൊരു സന്തോഷത്തോടെ രേഷ്മ രവിയെ നോക്കിച്ചിരിച്ചു.

ഏത് മഴയത്ത് നനഞ്ഞ പൂക്കളാണ് നീ എന്റെ മുഖത്തേക്കെറിയുന്നത്. ഓചിതാ തടാകത്തി ലെ ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെ ഓടുമ്പോള്‍ നിനക്കെന്നെ തോല്‍പ്പിക്കാന്‍ അതല്ലാ തെ മറ്റൊരു വഴിയുമില്ലല്ലോ. ഇതെത്രാമത്തെ തവണയാണ് നമ്മളിവിടെ വരുന്നത് അല്ലേ. പലരും ചോദിച്ചു, വേറെ സ്ഥലമില്ലാത്തതുപോലെയാണല്ലോ എന്ന്. പക്ഷേ ഇവിടെ എന്തു ഭംഗിയാണ്. കരയില്‍ നിന്നും ദുരേക്ക് നോക്കുമ്പോള്‍ കാണാം തടാകത്തിലെ വെള്ളത്തിന്റെ നിറം ദൂരേക്ക് പോകുംതോറും വ്യത്യാസപ്പെടുന്നത്.
''ദാ, നമുക്ക് അങ്ങോട്ട് പോകാം.'' അവള്‍ തടാകത്തിന്റെ നടുവിലേക്ക് ബോട്ട് പായിപ്പിച്ചു.

ദ്വീപുകള്‍ ഒറ്റപ്പെടലിന്റെ പരാതികളില്ലാതെ എത്ര മനോഹരമായാണ് ഒരുങ്ങിയിരി ക്കുന്നത്. ഒന്നു വട്ടം കറങ്ങാന്‍ മാത്രം സ്ഥലമുള്ള കുട്ടി ദ്വീപുകള്‍, നീളന്‍ മരങ്ങളുള്ള വലിയ ദ്വീപുകള്‍. തടാകത്തിന്റെ ഒത്ത നടുവിലെത്തിയപ്പോള്‍ ഒരുന്മാദം പോലെ അവള്‍ കൂവിവിളിച്ചു.

''നിനക്ക് ഭ്രാന്തു പിടിച്ചോ? പതുക്കെ, ആളുകള്‍ കേള്‍ക്കും.'' അവന്‍ അവളെ ശാസിച്ചു.
രണ്ടുമരങ്ങള്‍ മാത്രമുള്ള കുട്ടി ദ്വീപിലേക്ക് ബോട്ടടിപ്പിച്ച് കയര്‍ വലിച്ചു കെട്ടി അവരവിടെ മണലില്‍ ഇരുന്നു. നീലാകാശത്തിന്റെ ഭംഗി ആദ്യമായെന്നപോലെ അവള്‍ ആസ്വദിച്ചു. സ്വാതന്ത്ര്യത്തിന്റെ ചിറകടികള്‍ പോലെ കറുത്ത നിറമുള്ള പക്ഷികള്‍ തടാകത്തിനു മുകളിലൂടെ പറന്നു കളിച്ചു.

''ചിലപ്പോള്‍ തോന്നും ഞാനും ഈ ദ്വീപിനെപ്പോലെയാണെന്ന്. മറ്റുള്ളവര്‍ക്ക് കാണാ നായി സ്വയം അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. പക്ഷേ, ഒരിക്കെലെങ്കിലും ഈ ദ്വീപും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ തടാകത്തിനപ്പുറത്തെ കരയോട് ചേരാന്‍'' എഴുന്നേറ്റ് നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ മെല്ലെ പറഞ്ഞു.

കാറ്റിന്റെ ശക്തിയില്‍ ഓളങ്ങള്‍ക്ക് ശക്തി കൂടിയതുപോലെ. അവള്‍ നിന്നിരുന്ന മണല്‍ കുതിര്‍ന്നു താഴ്ന്നു. ഒരു നിലവിളിയോടെ വെള്ളത്തിലേക്ക് വീഴാനൊരുങ്ങിയ അവളുടെ നേര്‍ക്ക് അവന്റെ കൈകള്‍ നീണ്ടു.
ഇല്ല, ആരും പിടിക്കുന്നില്ല. താന്‍ മരിക്കാന്‍ പോകുന്നു. അവള്‍ കരച്ചിലോടെ മുഖം പൊത്തി. വിരലുകള്‍ക്കിടയിലൂടെ വെളിച്ചമടിക്കുന്നു. ഇതെവിടെയാണ്?

രേഷ്മ കിടക്കയില്‍ നിവര്‍ന്നിരുന്നു. രാവിലെയായിരുന്നു. അടുത്ത് രവി നല്ല ഉറക്കത്തിലാണ്. വല്ലാത്തൊരു വിമ്മിട്ടം, വായില്‍ ഒരുതരം പുളിച്ചുതേട്ടല്‍ പോലെ. രേഷ്മ വേഗം ബാത്ത്‌റൂമിലേക്ക് പോയി.

''രവി, ഒന്നെഴുന്നേല്‍ക്കൂ''
''എന്താ ഇത്ര രാവിലെ?'' ഉറക്കമുണര്‍ന്നതിന്റെ അസ്വാരസ്യം രവിയുടെ കണ്ണുകളിലുണ്ടായിരുന്നു.
''പോസിറ്റീവ് ആണ്'' രേഷ്മ അവന്റെ കൈകളില്‍ മെല്ലെ പിടിച്ചു.
''എന്ത്?''
ഒരു പുഞ്ചിരിയോടെ അവള്‍ കയ്യിലിരുന്ന പ്രഗ്നന്‍സി ടെസ്റ്റ് കിറ്റ് മെല്ലെ ഉയര്‍ത്തിക്കാട്ടി.
ഏതോ ഒരു മുറിഞ്ഞ സ്വപ്നത്തിന്റെ ബാക്കിയെന്നോണം അതിലെ കട്ടിയുള്ള വര അവരെ തുറിച്ചു നോക്കി.
തിരക്കേറിയ റോഡിലൂടെ രവി വളരെ ശ്രദ്ധയോടെ കാറോടിച്ചു.
''അല്ലെങ്കിലും ഏത് പെണ്ണാണ് ഒരു സ്വപ്നമെങ്കിലും മുഴുവനായും കണ്ടിട്ടുള്ളത്''

വലതു ഭാഗത്തിരുന്ന രേഷ്മയുടെ ചുണ്ടുകള്‍ക്കിടയിലെവിടെയോ ഒരു ചിരി കുരുങ്ങിക്കിടന്നത് രവി കണ്ടില്ലെന്ന് നടിച്ചു.

സൈകതം ബുക്സ് പ്രസിദ്ധീകരിച്ച പ്രിയ ഉണ്ണികൃഷ്ണന്റെ “സൌണ്ട് പ്രൂഫ് എന്ന കഥാസമാഹാരത്തില്‍ നിന്ന്.13 Comments to ഉറക്കങ്ങളുടെ മുറിവുകള്‍

  1. ”അല്ലെങ്കിലും ഏത് പെണ്ണാണ് ഒരു സ്വപ്നമെങ്കിലും മുഴുവനായും കണ്ടിട്ടുള്ളത്”

    True 🙂

  2. ചിലപ്പോള്‍ തോന്നും ഞാനും ഈ ദ്വീപിനെപ്പോലെയാണെന്ന്. മറ്റുള്ളവര്‍ക്ക് കാണാ നായി സ്വയം അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. പക്ഷേ, ഒരിക്കെലെങ്കിലും ഈ ദ്വീപും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ തടാകത്തിനപ്പുറത്തെ കരയോട് ചേരാന്‍

  3. പുസ്തകം എന്ന് പുറത്ത് വരും. സൈറ്റില്‍ കണ്ടില്ല അതാണ് ചോദിച്ചത്.

    • പുസ്തകം ജൂണ്‍ 25ആം തിയതിക്കുള്ളില്‍ പുറത്തിറങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: