ഇലവീട്

ഇന്നലെ ഉണ്ണി വരച്ച ഉറുമ്പിനോട്
ഒരു ദിവസത്തേയ്ക്കിത്തിരി
ഇത്തിരിത്തം കടം ചോദിച്ചു;
എന്റെ ആനവലിപ്പങ്ങൾ പിടിച്ചേൽപ്പിച്ചു.
ആദ്യം വഴങ്ങിയില്ലെങ്കിലും
മധുരപ്പാത്രങ്ങൾ മെരുങ്ങുന്നതോർത്താവും,
അത് സമ്മതിച്ചു.
വെച്ചുമാറിയ ഉടലുമായി
മൺപുറ്റുതേടി ഞാനരിച്ചു.
കഷ്ടകാലംതന്നെയെന്നു പറയട്ടെ,
അവിടെയുമന്നൊരു കലാപദിനമായിരുന്നു.
തടിമിനക്കെട്ട് താങ്ങിയെത്തിച്ച
അരിമണികളെച്ചൊല്ലിയുള്ള കലഹത്തിൽ,
വിശപ്പധികമില്ലാത്തതിനാലാവും,
ഏതുഭാഗത്തിലും പെടാനാവാതെ
ഞാനെന്ന കുഞ്ഞിയുറുമ്പ് ചൂളിനിന്നു
എന്റെ ഘ്രാണഗ്രാഹികളവരൊടിച്ചു.
കുഞ്ഞിക്കണ്ണുകൾ, വലുതല്ലാത്ത ഒരു കട്ടുറുമ്പ്
കുത്തിപ്പൊട്ടിച്ചു.
അന്ധതയിലുമജ്ഞതയിലും പരിഭ്രമിച്ചുവശായ ഞാൻ
തപ്പിത്തടഞ്ഞ് മൺപുറ്റിന് പുറത്ത് കടന്നു.
കണ്ണുപോയ ഉടൽ എങ്ങിനെ തിരിച്ചേൽപ്പിക്കും
എന്ന സങ്കടം സഹിക്കവയ്യാതെ,
ഒന്നുമേ വേണ്ടിയിരുന്നില്ലെന്ന് തേങ്ങിക്കരഞ്ഞു
അത് കണ്ടാവണം,
ഒരു പുൽച്ചാടി
അതിന്റെ ഇലവീട്ടിലേയ്‌ക്കെന്നെ കൂട്ടിക്കൊണ്ടുപോയി.
ഇലത്തണുപ്പിൽ,
ഇളം മധുരമുള്ള പൂമ്പൊടിതന്ന്
സൽക്കരിച്ചാശ്വസിപ്പിച്ച്,
ചിറകിലിരുത്തി അതെന്നെ
എന്റുണ്ണീടെ ഇളംപച്ചക്കടലാസിലെത്തിച്ചു
ഉണ്ണി ചോദിച്ചു:
‘എന്തിനാ കരേണേ…! ഇതിപ്പൊ ശരിയാക്കാലോ…’
ഇത്തിരിപ്പെൻസിൽ കൊണ്ട്
ഏറ്റവുമനായാസമായി
എന്റെ കണ്ണുകൾ
അവൻ വരച്ചുചേർക്കുകയാണിപ്പോൾ!