Main Menu

ഇരുളിലടക്കപ്പെട്ടവരുടെ ഗദ്ഗദം

Irulil akappettavarude gadgadam

വിളക്കണഞ്ഞ വൃദ്ധസദനത്തിലിരിക്കുമ്പോഴും, ഉറങ്ങാൻ സമയം രണ്ടാത്മാക്കൾ അന്യോന്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? നമ്മുടെ മക്കൾ ഉറങ്ങിയിട്ടുണ്ടാവുമോ? അതെ. അതാണ് നമ്മുടെ മാതാപിതാക്കൾ. അവരുടെ മക്കളോടുള്ള കരുതൽ. എന്നാൽ അവരോട് തിരിച്ചോ? നമുക്ക് ജീവനേകി ജീവിതത്തിന്റെ ഹരിതത്തിലേക്ക് പിച്ചവച്ച് നടത്തിയ അവരുടെ തളർച്ചയുടെ കാലഘട്ടത്തിൽ താങ്ങും തണലുമാകേണ്ടവർ നമ്മൾ മക്കളല്ലാതെ ആരാണ്?

പ്രസവിച്ചു പോറ്റി വളർത്തിയിട്ടും അവസാനത്തെ തീ പകരാൻ ഒന്ന് കരയാൻ പോലും ആരുമില്ലാതെ എത്രയോ അമ്മമാർ നമ്മുടെ ചുറ്റിലും ഉണ്ട്. പുണ്യം തേടി നാം തീർഘാടന കേന്ദ്രങ്ങളിലലയുമ്പോൾ, ഒരു കാര്യം നാം ഓർക്കണം, നമ്മുടെ മാതാപിതാക്കളെ സുരക്ഷിതരാക്കിയാണോ തന്റെ യാത്ര ആരംഭിച്ചത് എന്നുള്ളത്. ഇന്ന് നാം അനുഭവിക്കും സൗഭാഗ്യത്തിനടിത്തറ അവരുടെ വെറും ഔദാര്യം ഒന്ന് കൊണ്ടു മാത്രം.

വൃദ്ധസദനത്തിലെത്തിയ ഒരു അമ്മയുടെ കണ്ണീരണിഞ്ഞ ഗദ്ഗദം ഇതാ.. “കുഞ്ഞായിരിക്കുമ്പോഴും തന്റെ മകൻ വലിയ മറവിക്കാരനായിരുന്നു . ഇന്നിതാ വലുതായി വലിയ ഇരുനില ബംഗ്ലാവ് കെട്ടിപ്പടുത്തപ്പോഴും അമ്മക്കൊരു കൊച്ചുമുറി പണിയാൻ അവൻ മറന്ന് പോയി. ഇന്നും അവനെ മറവിരോഗം കാർന്നു തിന്നുന്നു”.

അസ്ഥി നുറുങ്ങും വേദന അമ്മക്ക് സമ്മാനിച്ചാണ് തന്റെ ജനനമെന്നും, അച്ഛന്റെ ചോരയൂറ്റിയാണ് തന്റെ വളർച്ചയെന്നും മനുഷ്യൻ എന്ന് തിരിച്ചറിയുന്നുവോ ആ നിമിഷം , വൃദ്ധ സദനത്തിലെ തിരക്കിന് തിരശീല വീഴും. നമുക്ക് വേണ്ടി പുകഞ്ഞ് തീർന്ന അമ്മയും, എരിഞ്ഞു കത്തിയ അച്ഛന്റെയും മുഖം – നമ്മുടെ ഇന്നിന്റെ ശക്തിയിൽ എപ്പോഴും തെളിഞ്ഞു വരണം.

നാം നമ്മുടെ മക്കൾക്ക് കൊടുക്കും പരിഗണനയും ലാളനയും ചിന്തിച്ചാൽ – അവരിൽ നിന്നും ഇത്തരമൊരു അവഗണന നമുക്കും വരില്ലേ എന്നൊന്ന് മറിച്ച് ചിന്തിച്ചാൽ – ഒരിക്കലും നാം നമ്മുടെ മാതാപിതാക്കളെ അവഗണിക്കാതെ നമ്മോട് കൂടെ ചേർത്ത് നിർത്താൻ നിർബന്ധിതരാകും. “ഈ ഭൂമിയിലെ സന്ദർശകർ മാത്രമാണ് നാമെന്നും, അറ്റമില്ലാത്ത ഈ ഭഗോളത്തിൽ ആരോ തെളിച്ചിട്ട വഴിയിലൂടെ മൃത്യുവെ തേടിയലയും വഴിപോക്കർ “ആണ് നാം എന്ന തിരിച്ചറിവ് നമുക്കും നമ്മുടെ മക്കൾക്കും ഉണ്ടാവണം.

ഏകദേശം 565-ഓളം വൃദ്ധസദനങ്ങളുള്ള കേരളം, വരും വർഷങ്ങളിൽ വൃദ്ധസദനരഹിതമായ, സ്നേഹസമ്പന്നമായ സാക്ഷര കേരളംപോലെ എല്ലാ രീതിയിലും മുന്നിലെത്തണം. അതിനായി നാം ഓരോരുത്തരും ശ്രദ്ധിക്കണം. അമ്മയെ വൃദ്ധ സദനത്തിലാക്കിയിട്ട് വീട്ടിലെ വളർത്തുനായയെ കാണാതെ പോലീസിൽ പരാതി നൽകി രാപകലോളം നാടുനീളെ അലയുന്നവർ ആകരുത് നാം. നമ്മുടെ ഗവൺമെന്റും ബിസിനസ് ചിന്താഗതിയോടെ ഫൈവ് സ്റ്റാർ വൃദ്ധസദനങ്ങൾ കെട്ടിപ്പടുക്കുവാൻ അനാവശ്യമായി അനുമതി കൊടുക്കാതിരുന്നാൽ നമ്മുടെ മാതാപിതാക്കൾ നമ്മുടെ കൂടെ സുരക്ഷിതരും, അങ്ങിനെ നമ്മുടെ വളർന്നു വരുന്ന പുതിയ തലമുറക്ക് ഒരു പുതിയ സാൻമാർഗികത നേടികൊടുക്കുവാനും നമുക്കാവും.

യൗവ്വനം നിത്യമല്ലെന്നും, വാർധക്യമെന്ന നഗ്നസത്യം തിരിച്ചറിയുവാനും മനുഷ്യന് കഴിയണം. സർവ്വശക്തൻ നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ.

ഡോ.ഹസീനാ ബീഗം
ഹെഡ്മിസ്ട്രസ്സ്
മോഡൽ സ്കൂൾ, അബുദാബി.Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: