ആസൂത്രണത്തിന്റെ സ്‌ത്രൈണ പാഠങ്ങള്‍
സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്‌ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന്‍ റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്‍. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ധനം സമ്പാദിക്കാനാവാത്തവള്‍. അത് അമ്മയുടെ താഴ്ന്ന സാമൂഹിക നിലയ്ക്ക് അടിവരയിടുന്നു. പുറത്ത് ചെയ്യുന്ന ജോലി പണം കിട്ടുന്നതും അകത്ത് ചെയ്യുന്ന ജോലി പണം കിട്ടാത്തതുമാണെന്ന് വേര്‍തിരിവുണ്ട്. പണം കിട്ടാത്ത ജോലി മൂല്യമില്ലാത്ത ജോലി എന്ന വിലയിരുത്തലും ഉണ്ടാകുന്നു. അതേസമയം സ്ത്രീയുടെ വീട്ടുജോലികള്‍ വിവിധ മേഖലകളില്‍പെടുന്ന കായികവും ബുദ്ധിപരവുമായ പ്രവര്‍ത്തനമാണ്.
അത് വിലമതിക്കാനാവാത്തതുമാണ്. അതിന് സാമ്പത്തികമായി മൂല്യനിര്‍ണയം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ സാമ്പത്തികമായി നേട്ടമില്ലാത്തതല്ല എന്നല്ല അതിനര്‍ത്ഥം. വൈകാരികവും വൈയക്തികവുമായ ഘടകങ്ങള്‍ അതിന് ഒരു പരിധിവരെ സാമ്പത്തികമായി വിലയിരുത്തുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. എങ്കിലും ഇതുതന്നെ പണം കൊടുക്കുന്ന പണികളായും നടക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക വിലയിരുത്തല്‍ ആവശ്യമാകുന്നു. വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ പുറത്ത് ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ ജോലിയായി പുറത്ത് ചെയ്യുന്ന ജോലി മാത്രമാണ് പരിഗണിക്കുന്നത്. വീട്ടുജോലി കാണാപ്പണിയായി മാറുന്നു. അതുകൊണ്ടുതന്നെ ഇരട്ട ജോലിഭാരം സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്നു. ഇത് സമൂഹം തന്നെ സ്വാംശീകരിച്ചിട്ടുള്ള അവസ്ഥയാണ്. വീടിനകത്തെ അധ്വാനം സാമ്പത്തിക വിനിമയത്തിനും പുറത്താകുന്ന അവസ്ഥയാകുന്നു. വീടിനകത്തെ അധ്വാനം സാമ്പത്തിക വിനിമയത്തിനും പുറത്താകുന്ന അവസ്ഥയാകുന്നു. കാണാപ്പണി എന്ന അവസ്ഥ.യില്‍ പിന്നെ പങ്കുവയ്ക്കലിനെ കുറിച്ചുള്ള ചര്‍ച്ച പോലും അസാധ്യമാകുന്നു. അധ്വാനം സമ്പത്തായിരിക്കെ രാജ്യത്തെ പകുതിയിലധികം വരുന്ന ജനതയുടെ എത്രയോ മണിക്കൂറുകള്‍ ഉള്ള അധ്വാനം എണ്ണപ്പെടാതെ പോവുകയും ചെയ്യുന്നു.
കോഴിക്കോട്ടെ രാമദാസ് വൈദ്യര്‍ തമാശക്കായിട്ടായിരുന്നോ എന്നറിയില്ല ഒപ്പം ജീവിച്ചിരുന്ന തന്റെ ഭാര്യക്ക് സേവനം കണക്കാക്കി ശമ്പളം നല്‍കിയിരുന്നതായി കേട്ടിട്ടുണ്ട്. അത് അവകാശം അംഗീകരിക്കുന്നതിന്റെ ഒരു രൂപകമാകുന്നുണ്ട്. വീട്ടിലേക്കുള്ള അധ്വാനങ്ങളില്‍പെടുന്നത് തന്നെയാണ് വെള്ളം, വിറക് എന്നിവ സമാഹരിക്കുന്നതിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍. വെള്ളം പല പ്രദേശങ്ങളിലും ലഭ്യമല്ലാതെയാകുമ്പോള്‍ ലഭ്യമായ പ്രദേശങ്ങളിലേക്ക് കിലോമീറ്ററുകള്‍ താണ്ടിപ്പോകുന്ന സ്ത്രീകള്‍ വിരളമല്ല.
അതുപോലെ തന്നെയാണ് വിറകിന്റെയും വെള്ളത്തിന്റെയും കാര്യം. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന വിവേകരഹിതമായ ഇടപെടലുകളാണ് മുഖ്യമായും ഇത്തരം വിഭവങ്ങള്‍ ഇല്ലാതാകാന്‍ കാരണം. അതുകൊണ്ട് തന്നെ അത്തരം പ്രശ്‌നങ്ങള്‍ പ്രാഥമികമായി ബാധിക്കുന്നത് സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെയാണ് അത്തരം സമരങ്ങളില്‍ സ്ത്രീകളുടെ മേല്‍കൈ ഉണ്ടാകുന്നത്. അത് പ്ലാച്ചിമടയിലായാലും ചിപ്‌കോയിലായാലും വിഭിന്നമാകുന്നില്ല.
ഇത്തരം പ്രകൃതിവിഭവങ്ങളുടെ അഭാവം സ്ത്രീകളെയാണ് ബാധിക്കുന്നത് എങ്കിലും അതിന്മേല്‍ തീരുമാനം എടുക്കുന്ന കാര്യം വരുമ്പോള്‍ സ്ത്രീകളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കപ്പെടാറില്ല. എല്ലാ മനുഷ്യര്‍ക്കും അത്യാവശ്യമെങ്കിലും വെള്ളം സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകള്‍ക്കായതുകൊണ്ട് അതൊരു സ്ത്രീ വിഷയമായി പരിഗണിക്കപ്പെടുകയാവണം. വര്‍ത്തമാനം കേരളം ഇതിന്റെ ഏറ്റവും രൂക്ഷമായ് അനുഭവം ഏറ്റുവാങ്ങുകയാണ്.
കേരളത്തിലെ ഭൂവിനിയോഗങ്ങളില്‍ വന്നിട്ടുള്ള വലിയ മാറ്റങ്ങള്‍ കേരളത്തിന്റെ പ്രകൃതിവിഭവങ്ങളില്‍ വലിയ കുറവ് വരുത്തിക്കഴിഞ്ഞു. ജലലഭ്യത ഉറപ്പ് വരുത്തിയിരുന്ന തണ്ണീര്‍ത്തടങ്ങളും കൃഷിയിടങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. അത് തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടു എന്നുള്ള തിരിച്ചറിവ് നമുക്കിനിയും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്നവയും നഷ്ടപ്പെടലുകള്‍ അഭിമുഖീകരിക്കുകയാണ്. വികസനത്തിന്റെ ആസൂത്രണ ഘട്ടങ്ങളിലൊന്നും ഇത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. വികസനത്തിന്റെ ആസൂത്രണകാര്യങ്ങളിലുള്ള സ്ത്രീപക്ഷ സമീപനത്തിന്റെ അഭാവം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
കുടുംബത്തിലേക്ക് വിഭവങ്ങള്‍ എത്തിക്കുന്നതില്‍ സ്ത്രീകള്‍ കാണിക്കുന്ന കാര്യക്ഷമത പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിഭവത്തിന്റെ ഉപയോഗവും അതിന്റെ മേല്‍നോട്ടവും. വിഭവങ്ങള്‍ സൂക്ഷിക്കുന്നതിനും അത് ഇല്ലാത്ത കാലത്തേക്ക് സൂക്ഷിക്കുന്നതിനുമെല്ലാം പ്രാദേശികമായ രീതികള്‍ നിലവിലുണ്ടായിരുന്നു. കേരളത്തിലെ വികസന വിസ്‌ഫോടനത്തിനിടക്ക് അതെല്ലാം നമുക്ക് നഷ്ടമായിപ്പോയി. വിറക് സൂക്ഷിക്കുന്നതും ലഭ്യമല്ലാത്തപ്പോള്‍ പലരീതിയിലുള്ള ബദലുകള്‍ കണ്ടെത്തുന്നതുമെല്ലാം അതില്‍പെടും. റബര്‍ കായകള്‍ കത്തിക്കാന്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതൊക്കെ തന്നെ ഉദാഹരണമാകുന്നു. അതുപോലെ തന്നെ ചാണതം പരത്തി ഉണക്കിക്കത്തിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം ഉണ്ട്. ഇത് ഉണക്കി സൂക്ഷിക്കുന്ന രീതികളെ കുറിച്ച് എച്ചില്‍ എന്ന ആത്മകഥയില്‍ ശരണ്‍കുമാര്‍ ലിംബാളെ പറയുന്നുണ്ട്. മൃഗപരിപാലും മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം സാധാരണ ദൃശ്യമാകുന്നതിലുമപ്പുറമാണ്. ചാണകവരളികള്‍ വില്‍പന നടത്തുന്നത് ജോലിയായി സ്വീകരിച്ചിട്ടുള്ളവരുമുണ്ട്. സൂക്ഷിക്കാനുള്ള എളുപ്പവും മറ്റ് ഇന്ധനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.
പുതിയ വികസന പരിപാടികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ പലപ്പോഴും നിലവിലുള്ളവ പാലിച്ചിരുന്ന പാരിസ്ഥിതിക സമീപനം കൈവിടുന്നുണ്ട്. എല്ലായിടങ്ങളിലും വികസനത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ അന്ധമായ മനുഷ്യത്വരഹിതസമീപനങ്ങള്‍ കാണാമെങ്കിലും കേരളം പോലെ വികസനം ദ്രുതഗതിയില്‍ മുന്നേറുന്നിടങ്ങളില്‍ അത് അതിരൂക്ഷമാവുന്നു.
മൂലമ്പള്ളിയിലും മറ്റുമുണ്ടായ കുടിയൊഴിപ്പു സമരങ്ങളിലെ ചിത്രങ്ങള്‍ നമ്മെ പിടിച്ചുകുലുക്കുന്നത് അതുകൊണ്ടാണ്. ജീവനത്തിന്റെ പ്രാഥമിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമരമുഖത്ത് നിറയെ ഉണ്ടാകുന്നത് സ്ത്രീകളാണ്. അല്ലാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു എന്ന പതിവ് ശൈലിയല്ല. വീട്ടമ്മ എന്നുള്ളത് എതിര്‍ലിംഗമില്ലാത്ത സര്‍വനാമമാണ് എന്നുള്ളത് ഒരു വലിയ ശരിയാണ്. ഈ പ്രയോഗം ഫ്യൂഡല്‍ മണം ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും, സ്ത്രീ ജീവിതത്തിന്റെ സാമ്പത്തിക നിരര്‍ത്ഥകത വെളിവാക്കുന്നതായി തോന്നാമെങ്കിലും അത് അനന്യമായ ഒരിടം സൃഷ്ടിച്ചെടുക്കുന്നുമുണ്ട്.
ജീവനെ ഗര്‍ഭം ധരിച്ച് പ്രസവിച്ച അരുമയോടെ പരിചരിച്ച് വളര്‍ത്തി സമൂഹത്തിലേക്ക് വിടുന്ന സ്ത്രീ കരുണയോടെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പാരമ്പര്യം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. പാകം ചെയ്ത വിഭവങ്ങള്‍ കുറവുണ്ടെങ്കില്‍ അത് സ്വയം സഹിച്ച് മറ്റുള്ളവര്‍ക്കോരോരുത്തര്‍ക്കും ആവശ്യവും മുന്‍ഗണനയും അറിഞ്ഞ് പങ്കുവച്ച് നല്‍കുന്നതുമുതല്‍ പ്രകൃതിയുടെ ഭിന്നമുഖങ്ങളെ അറിഞ്ഞ് വിവിധകാലങ്ങള്‍ക്കായി കരുതലോടെ കാത്തുവെക്കുകയും ചെയ്യുന്നതുവരെ എത്തി നില്‍ക്കുന്നു. അമ്മയോളം മിടുക്കുള്ള ഒരു ആസൂത്രണവിദഗ്ധ ആരാണുള്ളത് എന്ന് ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നാതിരിക്കില്ല. പക്ഷെ ആ വൈദഗ്ധ്യം പാഴാക്കുന്നതിലുള്ള വൈദഗ്ധ്യമാണ് ഇപ്പോള്‍ നമ്മെ ഭരിക്കുന്നത്.
(സൈകതം പ്രസിദ്ധീകരിച്ച പി. ഇ. ഉഷയുടെ “അരികുജീവിതങ്ങള്‍“ എന്ന പുസ്തകത്തില്‍ നിന്നും ഒരു ലേഖനം)
rule of giving pension or salary to home makers should be passed.