Main Menu

ആദിയിലേക്ക്.. !

ആദിയിലേക്ക്.. !

വിരലു വെച്ചാൽ മുറിഞ്ഞുപോകുന്ന കൊടും മഴയുടെ പകലുകളും രാത്രികളുമായിരുന്നു അത്.. ആമ്പലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെയൊരു മഴ, അവളോ അവളുടെ അമ്മയോ അതുവരെയ്ക്കും കണ്ടിട്ടില്ലായിരുന്നു. വല്യച്ചാച്ചൻ കണ്ടിരിക്കും.. ഒരു മഹാവെള്ളപ്പൊക്കത്തിന്റെ കഥ വല്യച്ചാച്ചൻ ഇടയ്ക്കിടെ ആമ്പലിനു പറഞ്ഞു കൊടുക്കാറുണ്ടായിരുന്നല്ലോ..

ലോകം അവസാനിക്കുകയാണെന്നാണ് ആമ്പൽ കരുതിയത്. മുണ്ടൂർക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ ഒരോന്നോരോന്നായി മുങ്ങിക്കൊണ്ടിരുന്നു. മുണ്ടൂർപ്പുഴയാകട്ടെ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ഭീതിതമായി കരകവിഞ്ഞൊഴുകി. എന്നിട്ടും പുഴ കുറവക്കോളനിയോട് ദയ കാണിച്ചു. കോളനിയെ മുക്കികളയാൻ മടിച്ചു. പിന്നെയൊഴുകി വന്ന മലവെള്ളത്തിൽ ഒരു തരിപോലും അവശേഷിപ്പിക്കാതെ, ആമ്പലിന്റെതടക്കമുള്ള കുറവക്കോളനിയിലെ വീടുകളെയെല്ലാം അവൾ ഒഴുക്കി കളഞ്ഞു… അതിവേഗം വളർന്നുകൊണ്ടിരുന്ന ‘നഗരമെന്ന പ്രതിഭാസം’ ഒരിക്കൽ ആട്ടിയിറക്കിയ കുറവക്കോളനിയിലെ ഓടുമേഞ്ഞ ആ രണ്ടുമുറി വീട് നിലംപൊത്തും മുൻപ് മരണതുല്യമായ മൂകഭാവത്തോടെ വലിയൊരു നെടുവീർപ്പതിന്റെ മുകപ്പിൽ അവശേഷിപ്പിച്ചുകൊണ്ട് മുണ്ടൂർപ്പുഴയിലെ കറുത്ത ജലത്തിലേക്ക് മൂക്കുകുത്തി വീഴുന്ന മഴരേഖകളെ നിർവികാരമായി നോക്കി നിന്നിരുന്നു ഏറെ നേരം.. ആദ്യം ചായ്പ്പ് വീണു. പിന്നെ കുതിർന്ന ഭിത്തികൾ വെള്ളത്തിലേക്കിരുന്നു. പതുക്കെ പതുക്കെ വെള്ളത്തിന്നടിയിലേക്ക്.. ആമ്പലിന്റെ വീട് മുങ്ങിയതിനോടൊപ്പം മുണ്ടൂർക്കരയെയാകെ വിറപ്പിക്കുന്ന ശബ്ദത്തിൽ മറ്റൊന്ന് കൂടി വെള്ളത്തിലേക്ക് തകർന്നു വീണു- നാഷണൽ റയോൺസ് എന്ന ഫാക്ടറി. ഭൂമിയുടെ അനുവാദമില്ലാതെ കെട്ടിപ്പൊക്കിയതിനെയെല്ലാം പുഴയെടുത്തു. ഭൂമി സ്വതന്ത്രയായി. അവളുടെ ഭാരങ്ങൾ അഴിഞ്ഞു വീണു. ‘ചത്തതും ജീവനുള്ളതുമായ ജന്തു ജാലങ്ങൾ’ മുണ്ടൂർക്കരയെയാകെ മുക്കിക്കളഞ്ഞ വെള്ളത്തിൽ വട്ടം കറങ്ങി പിന്നെയൊന്ന് നിന്ന് വീണ്ടും വട്ടംകറങ്ങി ഒഴുകി നടന്നു.. മഹാപ്രളയം!

രാവും പകലും തിരിച്ചറിയാനാവാത്ത വിധം മഴ കൊടുമ്പിരികൊള്ളും മുൻപ് “വല്യച്ചാച്ചൻ” എന്നൊരാന്തൽ ആമ്പലിന്റെ അടിവയറ്റിലെങ്ങാണ്ടൊരിടത്ത് നിന്ന് പുറപ്പെട്ട് തൊണ്ടക്കുഴിയിൽ വന്ന് തങ്ങി നിന്നിരുന്നു. ഒന്നു രണ്ടു ദിവസമായി ‘അകന്നതും അടുത്തതുമായ’ ബന്ധുക്കളൊക്കെ വല്യച്ചാച്ചനെ വന്നു കണ്ടുപോകുന്നുണ്ടായിരുന്നു. “തന്തപ്പിടി വാവ് കടക്കൂലന്നാണ് തോന്നണേ ട്ടാ ” എന്നും പറഞ്ഞ് വല്യച്ചാച്ചനെ കാണാൻ വരുന്നവരൊക്കെ സഹതാപത്തിന്റെ ഒരു നെടുവീർപ്പിനെ ആ വീട്ടിൽ ഉപേക്ഷിച്ചിട്ടായിരുന്നു തിരിച്ചു പോയ്ക്കൊണ്ടിരുന്നത്. വല്ല്യച്ചാച്ചനാകട്ടെ ആരെയും, ഒന്നിനെയും കാണേണ്ടെന്ന് വാശിയുള്ളത് പോലെ കണ്ണടച്ച്, വെള്ളം സ്പൂണിൽ കോരി ചുണ്ടിൽ മുട്ടിച്ചു കൊടുത്താൽ നിസ്സഹായമായ ഒരു ഞെരക്കത്തോടെ- നേർത്ത് നേർത്ത് ദുർബലമായൊരു നിലവിളിയാണത് – പാതി ചുണ്ടിന്റെ വിടവിലൂടെ പുറത്തേക്കൊലിപ്പിച്ചും പാതി തൊണ്ടയിലേക്കിറക്കിയും ഒരേ കിടപ്പായിരുന്നു. വല്യച്ചാച്ചന്റെ മുറിയിലെ ജനൽ മഴയിലേക്ക് തുറന്നു വെച്ച് ആമ്പൽ വല്യച്ചാച്ചനെ വിളിച്ചിരുന്നു- ‘ദേ ..വല്യച്ചാച്ചാ.. നോക്ക്യേ.. പൊഴ വര്ണൂ.. വെള്ളം.. ചുറ്റിലും വെള്ളം.. “

വല്യച്ചാച്ചൻ കണ്ണു തുറന്നില്ല.. ജനലഴികളിൽ വെള്ളം വന്നലച്ചു കൊണ്ടിരുന്ന മണിക്കൂറുകൾക്കൊടുവിൽ ഒരു ഫൈബർ വെള്ളത്തിൽ ആരൊക്കെയോ ചേർന്നാണ് വല്യച്ചാച്ചനെയും ആമ്പലിനെയും അവളുടെ അമ്മയെയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചത്.. വല്യച്ചാച്ചനെ കയറ്റി കൊണ്ടുപോകുമ്പോൾ മഴ നനയാതിരിക്കാൻ ഒരു ടാർപോളിൻ ഷീറ്റ് ആരെല്ലാമോ ചേർന്ന് വള്ളത്തിനു മുകളിൽ നിവർത്തിപ്പിടിച്ചിരുന്നു.. ഉടുതുണിക്ക് മറുതുണിയില്ലാതെ വീടുപേക്ഷിച്ചു പോകുമ്പോൾ ആമ്പലിന് വല്യച്ചാച്ചൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന ആ വാക്യങ്ങൾ ഓർമ്മ വന്നു. -” ഒന്നും നേടിയെടുത്ത ചരിത്രം നമുക്കില്ല കുഞ്ഞേ.. നഷ്ടങ്ങളുടെയും ഉപേക്ഷിക്കപ്പെടലിന്റെയും ചരിത്രമേ നമുക്കുള്ളൂ..”..

നഗരവും കോളനിയും,ധനികരും , ദരിദ്രരും, സവർണ്ണനും അവർണ്ണനും എന്നൊന്നും വ്യത്യാസമില്ലാതെ തിങ്ങി നിറഞ്ഞ ദുരിതാശ്വാസ ക്യാമ്പിൽ വായുവും വെട്ടവും കിട്ടുന്നൊരിടത്ത്, ഒരു കോണിൽ, എവിടെനിന്നോ സംഘടിപ്പിച്ച മടക്കിവെക്കാവുന്ന ഒരു കട്ടിലിൽ, നിസ്സഹായതയോടെയും അങ്ങേയറ്റം സഹതാപത്തോടെയും കൂട്ടം കൂടി നോക്കി നിന്ന ആൾക്കൂട്ടത്തിനു നടുവിൽ, പറയാൻ വന്നതെന്തോ പൊടുന്നനെ മറന്നുപോയെന്നോണം വായ് തുറന്നു പിടിച്ച് നിശ്ചലനായി വല്യച്ചാച്ചൻ കിടക്കുന്നത് ആമ്പലിനു സഹിക്കാനാവുന്ന കാഴ്ചയായിരുന്നില്ല. അവൾ നരച്ച രോമങ്ങൾ എഴുന്നു നിൽക്കുന്ന വല്യച്ചാച്ചന്റെ ശോഷിച്ചെല്ലുന്തിയ നെഞ്ചിൽ ചെവി ചേർത്തു. ഏറെക്കാലമായി അടഞ്ഞു കിടന്ന ഒരു വാതിൽ തുറക്കും പോലെ ഒരു നീണ്ട ഞെരക്കം അവൾ കേട്ടു. വല്യച്ചാച്ചൻ വാതിൽ തുറന്ന് മറ്റേതോ ലോകത്തേക്ക് പോവുകയാണോ??..

വല്യച്ചാച്ചൻ അവൾക്കൊരു കളിപ്പാട്ടമായിരുന്നു. ഒരിക്കലും കൈവിട്ടുപോകാതെ ഒരു കുഞ്ഞ് അതിനേറെ പ്രിയപ്പെട്ട കളിപ്പാവയെ തന്നോട് ചേർത്തുപിടിക്കും പോലെ ആമ്പൽ അവളുടെ വല്യച്ചാച്ചനെ ആത്മാവിനോട് ചേർത്തു പിടിച്ചിരുന്നു. അവൾക്ക് കളിക്കാൻ, കഥകൾ പറഞ്ഞു കൊടുക്കാൻ, പിണങ്ങാൻ,- എന്തിനും അവൾക്കൊരു വല്യച്ചാച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനെ കണ്ട ഓർമ്മയുണ്ടായിരുന്നില്ല അവൾക്ക്. ഓർമ്മകളുടെ തുരുത്തിൽ ഒരു ചെറിയ നിഴൽ തുണ്ടായിപ്പോലും അച്ഛൻ അവശേഷിച്ചിരുന്നില്ല ആമ്പലിനുള്ളിൽ. അമ്മയുടെ ഗർഭപാത്രത്തിന്റെ നനുനനപ്പിൽ നിന്ന് അവൾ ഈ ലോകത്തേക്ക് വന്നു വീണത് വല്യച്ചാച്ചന്റെ രേഖകൾ മാഞ്ഞു തുടങ്ങിയ ചുളിവുവീണ പരുപരുത്ത കൈകളിലേക്കായിരുന്നു. “പെറ്റു വീണയുടനെ പെണ്ണേ.. നീ നോക്കിയ നോട്ടം ” എന്ന് വല്യച്ചാച്ചൻ അവളെ നെഞ്ചിൽ കിടത്തി പറഞ്ഞിരുന്നപ്പോഴെല്ലാം ആമ്പൽ വല്യച്ചാച്ചന്റെ നരച്ച നെഞ്ചുരോമങ്ങളിൽ മുഖമമർത്തി വെച്ചിരുന്ന് ചിരിക്കാറുണ്ടായിരുന്നു. അങ്ങനേ കിടക്കുമ്പോഴായിരുന്നു വല്യച്ചാച്ചൻ അവൾക്ക് കഥകൾ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നത്.

മഞ്ഞപാപ്പാത്തികളുടെയും പുള്ളിച്ചാടൻമാരുടെയും കഥ, മുണ്ടൂർക്കരയുടെയും കുറവക്കോളനിയുടെയും ചരിത്രം. തൊട്ടപ്പുറത്ത് ഒരു മഹാനഗരം വളർന്നു പന്തലിച്ചപ്പോൾ നിർദ്ദയം അവിടെ നിന്നും ആട്ടിയിറക്കപ്പെടുകയും പിൽക്കാലത്ത് നഗരമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള തുരുത്തായി മാറുകയും ചെയ്ത കുറവക്കോളനിയുടെ ചരിത്രം കേൾക്കുമ്പോഴെല്ലാം ആമ്പലിനു കരച്ചിൽ വരുമായിരുന്നു. ‘ഒന്നും നേടിയെടുത്ത ചരിത്രം നമുക്കില്ല കുഞ്ഞേ.. നഷ്ടങ്ങളുടെയും ആട്ടിയിറക്കപ്പെടലിന്റെയും ചരിത്രമേ നമുക്കുള്ളൂ ‘ എന്ന, ഒരായുഷ്കാലം മുഴുവനായും പുസ്തകങ്ങൾ വായിച്ചു കൂട്ടിയതിന്റെ പ്രതിഫലമായി കിട്ടിയ തന്റെ അച്ചടി ഭാഷയിൽ ഒരു നാടകത്തിന്റെ അവസാന ദൃശ്യത്തിലേത് പോലെ വിദൂരതയിലേക്ക് നോക്കി ഇടറിയ ശബ്ദത്തോടെ കഥ പറയുമ്പോൾ വല്യച്ചാച്ചന്റെ നെഞ്ചിൽ നിന്നും ആമ്പൽ ഒരു അടക്കിപ്പിടിച്ച നിലവിളി കേൾക്കാറുണ്ടായിരുന്നു. അവൾക്കാ കഥ കേൾക്കാൻ ഇഷ്ടമായിരുന്നില്ല. വല്യച്ചാച്ചന്റെ നിലവിളിക്കൊപ്പം ആമ്പലിന്റെ ചുണ്ടുകൾ വിതുമ്പി തുടങ്ങുന്നത് കാണുമ്പോൾ കുഴിനഖം കുത്തി കറുത്തുപോയ വിരലുകളോടെ അവളുടെ നീണ്ടമുടിയിൽ തലോടി ഒരു കാലത്തെ മുഴുവൻ നെഞ്ചിൽ ദഹിക്കാൻ വിട്ട് ആ വൃദ്ധൻ അവൾക്ക് ‘ആട്ടക്കാരി ശലഭത്തിന്റെ’ കഥപറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.

തേൻകുടിച്ചുറങ്ങിപ്പോയ ‘ആട്ടക്കാരി ശലഭം’ ഉറക്കമുണർന്നപ്പോൾ ആമ്പലായി മാറിയ കഥ കേൾക്കുമ്പോൾ സങ്കടമെല്ലാം മറന്ന് ആമ്പൽ ചിരിക്കുമായിരുന്നു. “ആട്ടക്കാരി ആമ്പലിനെ പോലെ ഒരിടത്ത് ഉറച്ചു നിൽക്കില്ല. പറന്നു പറന്നു പറന്നു ചെന്ന് ഒരിലയിലിരിക്കേണ്ട താമസം, ഇരിപ്പുറക്കാതെ അവൾ അവിടെ നിന്നും പറന്നുയരും.. “തണലാണ് ആട്ടക്കാരിക്കിഷ്ടം. ഒരു തണൽ തേടിയാണ് അവളങ്ങനെ പറന്നു കൊണ്ടിരിക്കുന്നതെന്ന്” വല്യച്ചാച്ചൻ പറഞ്ഞു കൊടുത്തിരുന്നു അവൾക്ക്. കണ്ണു തുറക്കാതെ, വായ് അടയ്ക്കാതെ, ആമ്പലിനെ പോലും തിരിച്ചറിയാതെ ദുരിതാശ്വാസ ക്യാമ്പിലെ ആൾക്കൂട്ടനെടുവീർപ്പുകളുടെ ആവിയിൽ ഒരു നേർത്ത ശ്വാസം അകത്തേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്ത് കൊണ്ടിരുന്ന വല്യച്ചാച്ചനെ നോക്കി ആട്ടക്കാരി ശലഭത്തിന്റെ കഥയോർത്തപ്പോൾ ആമ്പലിനു അവൾ പൊള്ളുന്ന ഒരു മരുഭൂമിയിൽ അകപ്പെട്ടത് പോലെയാണ് അനുഭവപ്പെട്ടത്.

വല്യച്ചാച്ചൻ മരിച്ചു പോവുകയാണോ ? ‘ഒന്നിനുമല്ലെങ്കിൽ പോലും ചിലരെയൊക്കെ കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നതിനോളം വലിയ മറ്റേത് തണലുണ്ട് ‘ എന്നൊന്നും ചിന്തിക്കാനുള്ള ബുദ്ധിയില്ലായിരുന്നിട്ടും ‘വല്യച്ചാച്ചനില്ലായ്മ’ വരും കാലങ്ങളിൽ അവളുടെ ജീവിതത്തിൽ പേരറിയാത്തൊരു ശൂന്യത സൃഷ്ടിക്കുമെന്ന് ആമ്പൽ ആ നിമിഷം തിരിച്ചറിഞ്ഞിരുന്നു. അവൾക്ക് വല്യച്ചാച്ചനെ വിളിച്ചെഴുനേൽപ്പിക്കണമെന്ന് തോന്നി. ചില ‘പകൽനേര’ ഉറക്കങ്ങളിൽ ചുണ്ടിൽ ഉപ്പ് മുട്ടിച്ച് വല്യച്ചാച്ചനെ ഉണർത്താറുണ്ടായിരുന്നു അവൾ. അവൾക്ക് ചുണ്ടിൽ ഉപ്പ് മുട്ടിക്കാനെന്നോണം ചിലദിവസങ്ങളിൽ ഉറക്കം നടിച്ചു കിടക്കാറുമുണ്ടായിരുന്നു വല്യച്ചാച്ചൻ. ഒരു കളിപ്പാട്ടത്തിനോടെന്ന പോലെ വല്ല്യച്ചാച്ചനുമൊത്ത് കളിച്ചു കളിച്ച് വല്യച്ചാച്ചനും ആമ്പലും ഒരുമിച്ചുറക്കമാവുന്നത് എത്തി നോക്കി ആമ്പലിന്റെ അമ്മ അടുക്കളയെന്നോ ഊണുമുറിയെന്നോ വേർതിരിച്ചു പറയാനാവാത്ത ആ ഇരുണ്ട ചുവരുകളുള്ള മുറിയിൽ നിന്ന് ചിരിക്കാറുണ്ടായിരുന്നു അപ്പോഴെല്ലാം..

എല്ലാ പകലുറക്കങ്ങളിലും ആമ്പൽ ഒരേ സ്വപ്നമാണ് കണ്ടുകൊണ്ടിരുന്നത്. സ്വപ്നത്തിൽ നീല പളുങ്കു പോലെ വെട്ടിത്തിളങ്ങുന്ന ജലമൊഴുകുന്ന മുണ്ടൂർപ്പുഴയിൽ ഒരു തോണിയുടെ തുഞ്ചത്ത് ആകാശദേഹം നോക്കി കിടക്കുകയായിരുന്നു അവൾ. കാറ്റും വെളിച്ചവും പക്ഷികളുടെ കലപിലകളും.. ഓളം വെട്ടി മറിയുന്ന മീനുകൾ. അവയെ കൊത്തിപ്പെറുക്കാൻ ഊളിയിടുന്ന നീർകാക്കകൾ. സ്വപ്നത്തിൽ മുണ്ടൂർക്കരയുടെ പോയകാല മുഖമാണ് അവൾ കണ്ടു കൊണ്ടിരുന്നത്. ഒരിക്കലും കാണുകയേ ഉണ്ടായിട്ടില്ലാത്ത ആ കാലത്തെ, അവളുടെ ഓർമ്മകളുടെ വെള്ളിയരങ്ങിലേക്ക് പകർത്തിയത് വല്യച്ചാച്ചൻ പറഞ്ഞു കൊടുത്ത കഥകളായിരുന്നു. സ്വപ്നത്തിൽ കടവിലെ പടിക്കെട്ടിനോട് ചേർന്ന് താമരയിതളുകളിൽ മുട്ടിയുരുമ്മി പറക്കുന്ന ശലഭങ്ങളെ കാണുമ്പോൾ ഉറക്കത്തിൽ അവൾ വിളിച്ചു പറഞ്ഞു -‘രത്നനീലി.. രത്നനീലികൾ വല്യച്ചാച്ചാ.. ‘.! ആമ്പലിനു ധാരാളം ശലഭങ്ങളുടെ പേരുകളറിയാം.-രത്നനീലി, മഞ്ഞപാപ്പാത്തി, ഇലമുങ്ങി, ഇരുതലച്ചി, വേലിത്തുള്ളൻ, ആട്ടക്കാരി അങ്ങനേ നിരവധി ശലഭങ്ങളുണ്ട്. വല്യച്ചാച്ചനാണ് അവൾക്കവയുടെ പേരുകൾ പഠിപ്പിച്ചു കൊടുത്തിരുന്നത്. ഉറക്കം ഞെട്ടി കണ്ണുതുറക്കുന്ന തന്നെ നോക്കി ചിരിക്കുന്ന വല്യച്ചാച്ചനോടവൾ ചോദിക്കാറുണ്ട് ‘ഈ പൂമ്പാറ്റോളൊക്കെ എവിട്ക്ക്യാ വല്യച്ചാച്ചാ പോയെ ‘?…

‘മഞ്ഞപാപ്പാത്തികൾ കൂട്ടത്തോടെ മരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട് വല്യച്ചാച്ചൻ.. അതിൽ പിന്നെ അവ ഇവിടേക്ക് വന്നിട്ടില്ല..ഇവിടെ മണ്ണുണ്ടോ?കാറ്റുണ്ടോ? പൂക്കളുണ്ടോ? ഒന്നുമില്ല. കറുത്ത വിഷമല്ലേ ചുറ്റും. ഇത് നമ്മുടെ വിധിയാണ് കുഞ്ഞേ.. നിന്നോട് ഞങ്ങൾ ചെയ്ത കൊടിയ പാപം. മാപ്പില്ലാത്ത തെറ്റ് ..’ എന്ന് പറഞ്ഞ് നെഞ്ചുകീറുന്ന വ്യസനത്താൽ കനത്ത മുഖവുമായി വല്യച്ചാച്ചൻ അവളെ ‘ഉപ്പുചാക്കുപോലെ’ ചുമലിലെടുത്ത് പുറത്തേക്ക് നടക്കാറുണ്ടായിരുന്നു. വല്യച്ചാച്ചന്റെ മുതുകിലങ്ങനെ ഒരു മുയൽക്കുഞ്ഞിനെ പോലെ പതുങ്ങിയിരിക്കാൻ അവൾക്കേറെയിഷ്ടമായിരുന്നു. പുറത്തേക്കിറങ്ങി വല്യച്ചാച്ചൻ ദൂരേക്ക് ചൂണ്ടി കാണിക്കുമ്പോൾ കറുത്ത വിഷപ്പുകയുയരുന്ന ഒരു പുകക്കുഴൽ കണ്ടിരുന്നു ആമ്പൽ. റയോൺസ് ഫാക്ടറിയുടെ ആ പുകക്കുഴൽ ഉഗ്രവിഷം തുപ്പുന്ന ഒരു സർപ്പത്തെ പോലെ മുണ്ടൂർക്കരയുടെ മേലെ പത്തിവിടർത്തി നിൽക്കുകയാണെന്നാണ് ആമ്പലിനു തോന്നിയത്. അതിന്റെ വിഷമേറ്റാണ് അവൾ പരിസരദിനത്തിൽ സ്കൂളിൽ നിന്ന് കൊണ്ട് വന്നു നട്ട വേപ്പുമരം ഉണങ്ങിപോയത്. ജൂൺ 5, പരിസര ദിനത്തിൽ സ്കൂളിൽ നിന്ന് ഒരു കുട്ടിക്ക് ഒരു മരമെന്ന കണക്കിൽ ഓരോ തവണ കിട്ടുന്ന വൃക്ഷത്തൈയും അവൾ വീട്ടുമുറ്റത്ത് കൊണ്ട് വന്നു നട്ടു. ചിരട്ടകൊണ്ട് മണ്ണ് കോരി, ചെടി നട്ട്, പുഴയിൽ നിന്ന് കോരി വെള്ളമൊഴിച്ചു. മണ്ണ് കോരുമ്പോൾ അമ്മ വിളിച്ചു പറയും -‘മണ്ണിൽ കളിക്കല്ലേട്ടാ.. . മുണ്ടൂർക്കരേലെ മണ്ണാ.. ഇല്ലാത്ത രോഗങ്ങളൊക്കെ വരു’മെന്ന്. അത് സത്യമാണ്, അവിടുത്തെ മണ്ണ് രോഗാണുക്കളുടെ ഈറ്റില്ലമാണ്. ചെരിപ്പിടാതെ നടന്നാൽ കാലിൽ ചൊറിച്ചിലും വ്രണങ്ങളും വരും. തൊലി ഉരിഞ്ഞു പോകും.

റയോൺസ് ഫാക്ടറി പ്രവർത്തിച്ചു തുടങ്ങിയതിൽ പിന്നെയാണ് മുണ്ടൂർക്കരയിലെ മണ്ണിന്റെ നിറവും മണവും മാറിയത്. മണ്ണിന് മഞ്ഞ നിറവും രാസവസ്തുക്കളുടെ മണവുമാണ്. മണ്ണൊന്ന് കൈകൊണ്ട് തൊട്ട് നോക്കാൻ കൊതിക്കുകയായിരുന്നു മുണ്ടൂർക്കരയിലെ കുട്ടികൾ. അവരുടെ നിറഞ്ഞ ചിരികൾക്കു മേലെ വിഷാദത്തിന്റെ ഇരുട്ട് പടർത്തി ഫാക്ടറിയിൽ നിന്നുള്ള വിഷം വമിക്കുന്ന കറുത്ത പുക ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു. നട്ട് നനച്ചു പിടിപ്പിക്കുന്ന ചെടികൾ ഓരോന്നും ദിവസങ്ങൾക്കുള്ളിൽ വാടിതളർന്നു കരിഞ്ഞു വീഴുന്നത് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആമ്പലിനെ വല്യച്ചാച്ചൻ ചേർത്തു പിടിക്കുമ്പോൾ അവൾ ചോദിക്കാറുണ്ട് -‘വല്യച്ചാച്ചാ.. . നമ്മ്ടെ നാട്ടിലിനി മരങ്ങളൊന്നും വളരില്ലേ? .. ഇവ്ടെ ഇനി ചെടികളൊന്നും പിടിക്കില്ലേ ? ‘ അപ്പോൾ അവളുടെ മണ്ണുപുരണ്ട നിർമലമായ കുഞ്ഞിക്കൈകൾ ഒരു പൂവിനെയെന്നപോലെ തന്റെ കൈക്കുള്ളിലൊതുക്കി അവളെയും കൊണ്ട് വല്ല്യച്ചാച്ചൻ പുഴവക്കിലേക്ക് നടക്കും.കൈയേറ്റത്താലും മാലിന്യങ്ങളുടെ നിക്ഷേപത്താലും ഞെരുങ്ങി ശ്വാസം മുട്ടി അങ്ങിങ്ങ് മണൽത്തിട്ടകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പാവം പാവം മുണ്ടൂർ പുഴയിലേക്ക് നോക്കി അപ്പോൾ വല്ല്യച്ചാച്ചൻ പറയാറുണ്ട് – “വരും .. നഷ്ടപ്പെട്ടവയെല്ലാം ഒരിക്കൽ തിരിച്ചു വരും.. പൂക്കളും ശലഭങ്ങളും തണലുകളും തിരിച്ചു വരും.. പുഴ തിരിച്ചു വരും.. അവൾ വെള്ളമാണ്.. അവൾക്കെവിടെയും തങ്ങി നിന്ന് ശീലമില്ല.. ഇളകി മറിഞ്ഞൊരുനാൾ തിരിച്ചുവരും. തിരിച്ചു വിളിച്ചുകൊണ്ട് ഒരു കുഞ്ഞുഹൃദയമെങ്കിലും ഇവിടെ മിടിച്ചു കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് അവൾക്ക് മടങ്ങി വരാതിരിക്കാനാവുക?”..

അതുകേട്ട് ‘നക്ഷത്രമിന്നൽക്കണ്ണുകളോടെ’ ആമ്പൽ മണ്ണുപുരണ്ട കൈ അവളുടെ നെഞ്ചിൽ ചേർത്ത് പിടിക്കാറുണ്ട്.. മണ്ണ്.. അതമ്മയാണെന്നവൾക്കറിയാം.. അമ്മയോളം അലിവാർക്കാണുള്ളത്.. ഓരോ തവണയും അവൾ നട്ട് പിടിപ്പിക്കുന്ന ചെടികൾ കരിഞ്ഞു പോകുമ്പോഴും മുണ്ടൂർക്കരയുടെ വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറാവാതെ പിന്നെയും പിന്നെയും ആമ്പൽ ചെടികൾ വെച്ചു പിടിപ്പിച്ചു – മണ്ണിന്റെ മാറിൽ.!

മണ്ണിന്റെ മാറിൽ കിടക്കുന്നത് പോലെയാണ് വല്യച്ചാച്ചന്റെ നെഞ്ചിൽ കിടക്കുന്നതെന്ന് അവൾക്ക് തോന്നിയിരുന്നു. പൊടുന്നനെ, ഉണങ്ങിയ പയറുവിത്തുപോലെ ചുരുണ്ടുപോയ ആ വൃദ്ധന്റെ മാറിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു അവൾക്ക്. ആമ്പൽ വല്യച്ചാച്ചന്റെ നെഞ്ചിലും അമ്മ വല്യച്ചാച്ചന്റെ തണുത്തുറഞ്ഞ കാലടികളിലും തിരുമ്മിക്കൊണ്ടിരുന്നു. അടഞ്ഞു കിടന്ന കണ്ണുകൾ തള്ളി തുറന്ന് അതുവരെയ്ക്കും പറയാതെ പോയ കഥകളും ചരിത്രവും വാക്കുകളും വലിയൊരു ശ്വാസത്തോടെ, ഇരമ്പുന്ന ഒരു കാറ്റുപോലെ ഉള്ളിലേക്കിറക്കി ഏറ്റവുമവസാനമായി തന്റെ നെഞ്ചിൽ തലോടിക്കൊണ്ടിരുന്ന ആമ്പലിന്റെയും കാൽക്കലിരിക്കുന്ന തന്റെ മകളുടെയും വിതുമ്പുന്ന ചിത്രം ഒപ്പിയെടുത്ത് വല്യച്ചാച്ചൻ എന്നെന്നേക്കുമായി കണ്ണുകളടച്ചു.

‘ചാച്ചാ.. പോവേണ് ല്ലേ.. ഈ മഴേത്ത്.. വല്ലോട്ത്തും കെടന്ന് കണ്ണടക്കാനാവും വിധി.. പോക്കോട്ടാ ‘ എന്ന് വിതുമ്പി ആമ്പലിന്റെ അമ്മ വല്യച്ചാച്ചന്റെ കാൽക്കലേക്ക് മുഖമമർത്തി. ആമ്പലപ്പോഴും വല്യച്ചാച്ചന്റെ നെഞ്ചിൽ തഴുകുകയായിരുന്നു. തിരിച്ചു വിളിച്ചുകൊണ്ട് ഒരു കുഞ്ഞ് ഹൃദയമെങ്കിലും മിടിക്കുന്നുണ്ടെങ്കിൽ നഷ്ടപ്പെട്ടവയെല്ലാം ഒരിക്കൽ മടങ്ങി വരുമെന്ന് അവൾക്ക് വല്യച്ചാച്ചൻ തന്നെയാണ് അന്നൊരിക്കൽ പറഞ്ഞ് കൊടുത്തത്. അവൾ വിളിച്ചു. വല്യച്ചാച്ചൻ കേട്ടില്ല. മരണത്തിന്റെ തണുപ്പ് വല്യച്ചാച്ചന്റെ ഉന്തിയ നെഞ്ചിൻ കൂടിനുള്ളിൽ നിന്ന് പതുക്കെ തന്റെ കൈകളിലേക്ക് അരിച്ചു കയറുന്നതവളറിഞ്ഞു..

“ഇനിയെന്ത്? ” എന്നൊരു ചോദ്യം ആ ക്യാമ്പിലാകെ അലയടിച്ചു. വൈകാതെ ഒരു ഡോക്ടർ വന്നു. മരണം സ്ഥിതീകരിച്ച ഡോക്ടർ വെളുത്ത തുണികീറി വല്യച്ചാച്ചന്റെ താടി കൂട്ടിക്കെട്ടി.. ഒരിക്കൽ കൂടി ആമ്പൽ പ്രതീക്ഷയോടെ വല്യച്ചാച്ചന്റെ വിരലുകളിലേക്ക് നോക്കി. ചിലപ്പോഴെല്ലാം അഗാധമായ ഓർമ്മകളുടെ കയത്തിലേക്ക് ഇറങ്ങി പോകുമ്പോൾ വല്യച്ചാച്ചൻ വലതു കൈയിലെ തള്ളവിരലും ചൂണ്ടുവിരലും പരസ്പരം തിരുമ്മിക്കൊണ്ടിരിക്കുന്നത് അവൾ കണ്ടിട്ടുണ്ട്. നിത്യമായ ഓർമ്മയിലേക്കാണ് ഇപ്പോൾ വല്യച്ചാച്ചൻ പോകുന്നത്. അവൾ നോക്കി -വിരലുകൾ ചലിക്കുന്നുണ്ടോ.? ഇല്ല.. വിശുദ്ധിയുടെ ജലത്താൽ സ്നാനം ചെയ്യപ്പെട്ട്, സ്വന്തം മണ്ണിൽ കിടന്ന്, അവിടെ തന്നെ കത്തി തീർന്ന്, വായുവിൽ അലിഞ്ഞു ചേരാൻ വല്യച്ചാച്ചന് കഴിഞ്ഞില്ല. പ്രളയജലം മൂടിയ മുണ്ടൂർക്കരയിൽ ഇനിയൊരു തുണ്ട് കരഭൂമിയില്ല.

വെള്ളമിറങ്ങുന്നത് വരെ കാത്തിരുന്നാൽ ഏറെനാളായി കിടപ്പിലായി വൃണങ്ങൾ പൊട്ടിയ ദേഹം ദുർഗന്ധം പരത്തും . വല്യച്ചാച്ചന്റെ ദേഹം ദൂരെ ഇലക്ട്രിക് ശ്മാശാനത്തിലേക്ക് കൊണ്ട് പോകുമ്പോൾ കൂടെ പോകണമെന്ന് ആമ്പൽ വാശിപിടിച്ചു. അമ്മയും അവൾക്ക് പേരറിയാത്ത മറ്റാരൊക്കെയോ ചേർന്ന് അവളെ പൊതിഞ്ഞു പിടിച്ചു. മഴയുടെ തണുപ്പിലും അവളുടെ ദേഹത്ത് തീയുടെ പൊള്ളൽ. ചൂട്.. ആമ്പലിന്റെ ബോധം മറഞ്ഞു.. വല്യച്ചാച്ചനെ കയറ്റിയ ആംബുലൻസിന്റെ അടഞ്ഞു തുടങ്ങുന്ന വാതിലുകളാണ് വല്യച്ചാച്ചനെ കുറിച്ചുള്ള അവളുടെ കണ്ണിലെ അവസാനത്തെ ചിത്രം.. ഒരു വാതിൽ അടയുകയാണ്.. കഥകളുടെ ലോകത്തേക്കുള്ള അവളുടെ ഒരേയൊരു വാതിൽ.. ഒരു തണൽ, അത് നഷ്ടപ്പെടുകയാണ്. വാർദ്ധക്യത്തിന്റെ അവശതയിലും വാത്സല്യത്തിന്റെ കുളിരുമായി കാത്തു നിന്ന തണൽ.. ഒരു ജലാശയം വരണ്ടു പോവുകയാണ്.. പൊള്ളുന്ന വേനലിലും വരൾച്ചയിലും തേവി തേവി വറ്റാറായെങ്കിലും തെളിനീർ കിനിയുന്നൊരു ജലാശയം… ഒരു കാലമിതാ, അവളുടെ കണ്മുന്നിൽ നിന്ന് മറഞ്ഞു പോകുന്നു.. ഒരു മൺകുടുക്കയിൽ ചാരമായാണ് വല്യച്ചാച്ചൻ എന്ന കാലം പിന്നെ മടങ്ങി വന്നത്.. പകലുറക്കങ്ങളിൽ കഥ പറഞ്ഞു കൊടുക്കാൻ ആമ്പലിനെ വല്യച്ചാച്ചൻ നെഞ്ചിൽ കിടത്താറുണ്ടായിരുന്നത് പോലെ ദുരിതാശ്വാസക്കാമ്പിലെ ഇടക്കാലവാസം തീരും വരേയ്ക്കും അവൾ മൺകുടുക്കയിലെ വല്യച്ചാച്ചനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു..

പിന്നെയും ദിവസങ്ങൾ നീണ്ടു നിന്നു മഴ. വീട് വിട്ട് തെരുവിലേക്കിറങ്ങിയവരെല്ലാം ആകാശത്തിനു കീഴെ സ്വയം ഒരു വീടായിത്തീർന്നു. അഭയം, കരുതൽ നല്കുന്നതെന്തോ അത് വീട് – ഒരാൾ മറ്റൊരാൾക്ക് കരുതൽ,ഒരാൾ മറ്റൊരാൾക്ക് അഭയം..
പ്രകൃതി മനുഷ്യനെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു.. ഒരാൾ മറ്റൊരാൾക്ക് നൽകേണ്ടത് കരുണ.. സ്നേഹത്തേക്കാൾ ഭംഗി കരുണയ്ക്ക്..
അങ്ങനേ മഴ തോർന്നു..
പുഴ മടങ്ങി..
വെള്ളമിറങ്ങി..
വെയിലുദിച്ചു..
മുണ്ടൂർക്കര ആദിയിലേക്ക് മടങ്ങി.. ക്യാമ്പിലെ അവസാന ദിനം, അത്രയും ദിവസത്തെ സഹവാസം കൊണ്ടൊന്നായി മാറിയ പലകുടുമ്പങ്ങൾ, രാത്രി തപ്പും തകിലുമായി ഒരു പാക്കനാർ പാട്ടിന്റെ ഈണത്തിനു ചുറ്റുമിരുന്നു. കൂട്ടത്തിലെ ഒരു പാട്ടുകാരൻ പാടുന്ന വരികൾ, കൂടി നിന്നവർ ഏറ്റുപാടി..
“മഞ്ഞണിഞ്ഞ മാമലയിൽ –
വാഴും മുകിൽ ഭഗവാന്റെ
തിരുമകളായവളെ,
നല്ല പൊന്നുമലവാരത്തമ്മേ…. “എന്ന് ആ ഈണമങ്ങനേ തുടരുമ്പോഴും ആമ്പൽ തന്റെ വല്യച്ചാച്ചനെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.. അവളുടെ ഹൃദയത്തിനപ്പോൾ പ്രകൃതിയുടെ താളമായിരുന്നു. വല്യച്ചാച്ചന് മാത്രം കേൾക്കാവുന്ന താളം… !

പോർക്കളം പോലെ ശൂന്യമായിടത്തേക്ക്, മുണ്ടൂർക്കരയുടെ ആദിയിലേക്ക് ഇനി അവർ ഇറങ്ങി ചെല്ലും. മുണ്ടൂർക്കരക്ക് മേലെ ഫണം വിരിച്ചു വിഷം തുപ്പി നിന്നിരുന്ന റയോൺസ് ഫാക്ടറിയുടെ ഒരവശേഷിപ്പും അവിടെ കാണില്ല. ..മനുഷ്യൻ കൈയേറിയതെല്ലാം പുഴ തിരിച്ചെടുക്കും. അവൾ പുതിയ വഴി കണ്ടെത്തിയിരിക്കും. രൗദ്രഭാവം വെടിഞ്ഞവൾ മെലിഞ്ഞ്, മലവെള്ളം ഒഴുക്കി കൊണ്ടുവന്ന വെള്ളാരൻ കല്ലുകൾക്കിടയിലൂടെ നേർത്ത ഒരു താളത്തോടെ ഒഴുകിക്കൊണ്ടിരിക്കും. അവൾ വെയിലേറ്റ് വെട്ടി തിളങ്ങും..
ഒന്നിൽ നിന്ന് തുടങ്ങുകയാണ്.. രണ്ടാമൂഴമാണ്.

വല്യച്ചാച്ചന് മീതെ ആമ്പൽ ഒരു രാജമല്ലിത്തൈ നടും..അത് വളരും.. പച്ചക്കുട നിവർത്തി തണൽ വിരിക്കും.. അപ്പോൾ അതിൽ വിരിയുന്ന ആദ്യത്തെ മഞ്ഞ പൂങ്കുലയിൽ തേൻ നുകരാൻ അവ പറന്നെത്തും.. മഞ്ഞപാപ്പാത്തികൾ.. അവ തിരിച്ചു വരികയാണ്.. ഇലകൾക്ക് കീഴെ ഇത്തിരിത്തണൽ വട്ടത്ത് ഇരിപ്പുറക്കാത്ത ആട്ടക്കാരികളെയും അവൾ കാണും.. നഷ്ടപ്പെട്ടവയെല്ലാം തിരിച്ചു വരും.. നല്ല നാളുകൾ ! മുണ്ടൂർക്കരയുടെ ആദിനാളുകൾ… ആദിയിൽ ഒരു തണൽ വഴിയോരത്ത്, വല്യച്ചാച്ചനുണ്ടാകും..
കഥകളുമായി.

ശ്യാം സുന്ദർ പി ഹരിദാസ്



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: