Main Menu

ആത്മാവിലെ നൊമ്പരച്ചിരി

സായാഹ്നം

വാര്‍ദ്ധക്യത്തിന്റെ ആലസ്യത്തില്‍ അനുനിമിഷം തളര്‍ന്നുകൊണ്ടിരിക്കുന്ന വെയിലിന്റെ ഇളം ചൂടേറ്റു നില്‍ക്കുന്ന തണല്‍മരങ്ങളുടെ വിളറി വീണ നിഴലില്‍ ചവിട്ടി റോഡിന്റെ അരികു പറ്റി തന്റെ സന്തതസഹചാരിയായ ഊന്നുവടിയും കുത്തി ഒരു ഫക്കീറിനെപ്പോലെ പ്രശാ ന്തഗംഭീരനായി അദ്ദേഹം നടന്നു. ആ വന്ദ്യവയോധികനെ അനുഗമിക്കാന്‍ ആരുമുണ്ടായില്ല. എതിരേല്‍ക്കാന്‍ ആള്‍ക്കൂട്ടം കാത്തുനിന്നിരുന്നുമില്ല.

എല്ലാവരും അവരവരുടെ കൃത്യാന്തര ബഹുലതയുടെ നീര്‍ച്ചുഴിയില്‍ അനവരതം വട്ടം ചുറ്റുക യാണ്.
എവിടെയും പേപിടിച്ച ധൃതിയും ബഹളവും തന്നെ.
വൃദ്ധന് പരിഭവം തോന്നിയില്ല.
താനെത്രയോ പഴഞ്ചന്‍
കുടിച്ചുതീര്‍ന്നശേഷം വലിച്ചെറിഞ്ഞുകളയപ്പെട്ട ഇളനീര്‍ തൊണ്ടുപോലെ ഉപയോഗശൂന്യന്‍. തനിക്കതില്‍ ദുഃഖമില്ല.
തന്റെ ജനങ്ങള്‍ സുഖമായിരിക്കുന്നോ?
അതേപ്പറ്റി മാത്രമാണ് ഉല്‍കണ്ഠ.

റോഡില്‍ കാറുകളുടേയും ലോറികളുടേയും സ്‌കൂട്ടറുകളുടേയും അമ്പരിപ്പിക്കുന്ന ആരവം. ഇല്ല. കുണ്ഠിതപ്പെടാനൊന്നുമില്ല.
എല്ലാവര്‍ക്കും അനവദ്യസുന്ദരമായ സുഖം തന്നെ.
വൃദ്ധന് ആശ്വാസം
ദീര്‍ഘമായ നെടുവീര്‍പ്പ്.

അപ്പോഴാണ് അങ്ങോട്ടു നോക്കിയത്. സര്‍ക്കാരാഫീസിന്റെ വരാന്തയില്‍ ജനത്തിന്റെ നീണ്ടനിര.
അവരുടെ ശബ്ദം കാതില്‍ പുഴുക്കളെപ്പോലെ അരിച്ചുകയറുന്നു.
ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ ഉന്തുകയും തള്ളുകയും അലറുകയും ചെയ്യുന്നു. ഞാന്‍ ആദ്യം എനിക്ക് ആദ്യം എന്ന ഭാവമാണ് എല്ലാവരിലും.

ആദ്യം സംശയിച്ചു.
കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യുന്ന ലഹളയായിരിക്കും.
ഛെ! അസംബന്ധമായ വിചാരം.
കുറഞ്ഞ വിലയ്ക്ക് അരി വാങ്ങാന്‍ ആര്?
സമത്വ സുന്ദരമായ സോഷ്യലിസം വിളയുന്ന തന്റെ നാട്ടില്‍ ക്ഷാമമോ?

ഇല്ല. സ്വര്‍ഗ്ഗതുല്യമായ ഈ രാജ്യത്ത് പട്ടിണിയില്ല, കരിഞ്ചന്തയില്ല, വില വര്‍ദ്ധനവും നികുതിവെട്ടിപ്പുമില്ല.
ജനസംഖ്യ കുറയ്ക്കാന്‍ സന്താനനിയന്ത്രണവും ഗര്‍ഭച്ഛിദ്രവും നടത്തേണ്ട ആവശ്യമില്ല. പിടിച്ചുപറിയും മോഷണവുമില്ല.
വിശപ്പുമാറ്റാന്‍ അമ്മയ്ക്ക് വ്യഭിചരിക്കേണ്ടതായോ സ്വന്തം കുഞ്ഞുങ്ങളെ നാണയരൂപത്തില്‍ മാറ്റിയെടുക്കേണ്ടതായോ വരില്ല.
എല്ലാം തന്റെ അനാവശ്യ ചിന്തകള്‍.

ബഹളം എന്താണെന്നന്വേഷിച്ചു കളയാം.
വൃദ്ധപിതാമഹന്‍ വടിയൂന്നി അവിടേയ്ക്കു നടന്നു.
എതിരെ വരുന്നു ഖദര്‍ധാരി.
ഖദര്‍ തൊപ്പി, ഖദര്‍ ഷര്‍ട്ട്, ഖദര്‍ വേഷ്ടി, ഖദര്‍ ഷാള്‍, ഖദറില്‍ പൊതിയപ്പെട്ട സുന്ദരമായൊരു മാംസഗോളം.
കുശാല്‍!

വൃദ്ധന്‍ മൂക്കു കണ്ണാടിയിലൂടെ ആഗതനെ ശ്രദ്ധിച്ചു.
പണ്ടത്തെ തന്റെ അനുയായി.
ഇപ്പോള്‍ നേതാവ്.

കേന്ദ്രത്തില്‍ വരെ സമ്മര്‍ദ്ദമുണ്ടാക്കി ഭരണകര്‍ത്താക്കള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടാക്കുന്ന തന്ത്ര ശാലി. പണ്ട് സ്വാതന്ത്ര്യസമരകാലത്ത് വിദേശ പട്ടാളത്തെ കണ്ടപ്പോള്‍ തലകറക്കം വന്ന് ആശുപത്രി ചികിത്സക്കും സുഖവാസത്തിനും പോയ അതേ ആള്‍.

ആഹ്‌ളാദം.
തന്റെ ആദര്‍ശങ്ങള്‍ ഭൂഖണ്ഡത്തില്‍ വിളയുന്നു.
ജനങ്ങള്‍ ആദര്‍ശം കൊയ്തുകൂട്ടുന്നു.

ഖദറിനോട് വൃദ്ധന്‍ ആരാഞ്ഞു.
“അവിടെയെന്താ ജന ബാഹുല്യം?”
ഖദര്‍ നെറ്റി ചുളിച്ചു. ഉയര്‍ന്നുനിന്ന ഉദരം മെല്ലെ തഴുകി, എന്നിട്ടു പറഞ്ഞു.
“അവിടെ താമ്രപത്രം വാങ്ങുന്നവരുടെ തിരക്കാ. സ്വാതന്ത്ര്യസമരത്തിന് ജയിലില്‍ പോയവര്‍ ക്കു പെന്‍ഷനുമുണ്ട്.”
വൃദ്ധന്‍ തൊണ്ണുകാട്ടിച്ചിരിച്ചു ചോദിച്ചു.
“താങ്കള്‍ക്കു കിട്ടിയോ?”
ഖദര്‍ മുരണ്ടു.
“കിട്ടി. രണ്ടാമതൊരെണ്ണം കൂടി സംഘടിപ്പിക്കുവാന്‍ സാദ്ധ്യതയുണ്ടോയെന്നു നോക്കുക യായിരുന്നു. എനിക്കല്ലേലും എന്റെ അളിയന്റെ പേരില്‍ കിട്ടിയാല്‍ മതി.”
വൃദ്ധന്‍ ആരാഞ്ഞു.
“നിങ്ങളുടെ അളിയന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ശിക്ഷയനുഭവിച്ചിട്ടുണ്ടോ?”
നേതാവ് പൊട്ടിച്ചിരിച്ചു.
“അളിയന്‍ ജയിലില്‍ പോയിട്ടില്ല, സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടില്ല.”
“പിന്നെങ്ങനെ കിട്ടും?”
“കിഴവാ താനൊരു മണക്കൂസാണല്ലോ, സ്വാധീനമുണ്ടെങ്കില്‍ അതൊക്കെ സാധിക്കും.”
വൃദ്ധന്‍ ചിരിച്ചു. തൊണ്ണുകാട്ടിയുള്ള ചിരി.
ചിരിച്ചുകൊണ്ടുതന്നെ ചോദിച്ചു.
“അതിരിക്കട്ടെ, താങ്കള്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ?.”
ഖദറിന്റെ പൊട്ടിച്ചിരി വീണ്ടും.
‘…..ഇല്ല. ജയിലില്‍ പോയിട്ടുണ്ട്.’
അതെങ്ങനെ?
ഞാനൊരാളെ കൊന്നു. എന്നെ ശിക്ഷിച്ചു ജയിലിലാക്കിയ ദിവസം കുറെ സ്വാതന്ത്ര്യസമര ക്കാരെയും അവിടെ കൊണ്ടു വന്നിരുന്നു. താമ്രപത്രം എനിക്കും കിട്ടി.
“കഷ്ടം” വൃദ്ധന്‍ മൂക്കത്തു വിരല്‍ വെച്ചു.
“എന്തു കഷ്ടം”? ഏയ് കിഴവാ, എന്റെ കൂടെ ജയിലില്‍ കിടന്ന ഭവന ഭേദനക്കാരനും കള്ള നോട്ടടിക്കാരനും ഒക്കെ കിട്ടിയിട്ടുണ്ട് അവാര്‍ഡ്. അവരില്‍ ചിലര്‍ എം.എല്‍.എ മാരായി, വേറെ ചിലര്‍ എം.പി. മാരായി, മറ്റു ചിലര്‍ മന്ത്രിമാരായി. ചിലര്‍ക്ക്, കോഴിക്കുഞ്ഞു കോര്‍പ്പ റേഷന്റേയും തവള കയറ്റുമതി ബോര്‍ഡിന്റേയും ചെയര്‍മാന്‍ സ്ഥാനം കിട്ടി. അതിരിക്കട്ടെ, കിഴവനെ എവി ടെയോ കണ്ട ഓര്‍മ്മയുണ്ടല്ലോ. നല്ല മുഖ പരിചയം. കോടതി മുറിയിലോ, നിയമസഭാ മന്ദി രത്തിലോ, വര്‍ക്കിംഗ് കമ്മറ്റിയാഫീസിലോ…..
ആ ചിത്രം…. ഇങ്ങനെ മുട്ടുമറയാത്ത ഒറ്റമുണ്ടും മൂക്കുകണ്ണടയും ഊന്നുവടിയുമായി ഒരു വൃദ്ധന്‍… ഖദര്‍ധാരി ഓര്‍മ്മിക്കാന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ ഫക്കീര്‍ ചിരിച്ചു.
“അതു ഞാനല്ല.” ”എന്റെ ഓര്‍മ്മപ്പിശകാകാം. ഈയിടെ ഭയങ്കര മറവി”. ”എങ്ങനെയാ നൂറുനൂറു നാട്ടുകാര്യങ്ങളല്ലേ. വരട്ടെ സമയമില്ല.”
നേതാവ് നടന്നകന്നു.

പിറകില്‍ ഒരാരവം
“ഇന്‍ക്വിലാബ് സിന്ദാബാദ്.
താമ്രപത്രം വേണ്ടേ വേണ്ട.”
ചുവപ്പുകൊടി പിടിച്ച സഖാവും അഞ്ചാറ് അനുയായികളും.
അവര്‍ അടുത്തു വന്നപ്പോള്‍ വൃദ്ധന്‍ ചോദിച്ചു.
“എന്താ നിങ്ങള്‍ താമ്രപത്രം നല്‍കുന്നതിനെതിരാണോ?”
ഞങ്ങളുടെ പാര്‍ട്ടി ഈ വക ബൂര്‍ഷ്വാസി ആചാരങ്ങളില്‍ വിശ്വസിക്കുന്നില്ല. താമ്രപത്രം ഞങ്ങള്‍ ബഹിഷ്‌കരിക്കും.”
“അപ്പോള്‍ പെന്‍ഷനോ?”
“പെന്‍ഷന്‍ ഞങ്ങള്‍ സ്വീകരിക്കും.
അതിനോട് പാര്‍ട്ടി യോജിക്കുന്നു. എന്നു തന്നെയല്ല ഇന്നാട്ടിലെ എല്ലാവര്‍ക്കും എന്തെങ്കിലും തരത്തിലുള്ള ഒരു പെന്‍ഷനെങ്കിലും നടപ്പാക്കി കിട്ടണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.”
ജാഥ മുന്നോട്ടു നീങ്ങി.

“ഇന്‍ക്വിലാബ് സിന്ദാബാദ്.”
“താമ്രപത്രം മൂര്‍ദ്ദാബാദ്.”
“പെന്‍ഷന്‍ പദ്ധതി സിന്ദാബാദ്.”
രസത്തിനു വേണ്ടി വൃദ്ധന്‍ ആള്‍ക്കൂട്ടത്തിലേക്കു നടന്നു.
സര്‍ക്കാരോഫീസിന്റെ വരാന്തയിലേക്കുള്ള ചവിട്ടുപടികള്‍ പതുക്കെ കയറുമ്പോള്‍ ഒരാള്‍ എതിരേ വരുന്നതു കണ്ടു.
പരിചയമുള്ള മുഖം.
അയാള്‍ ആ വൃദ്ധനെ കണ്ടപ്പോള്‍ തല താഴ്ത്തി.
ഓ! ഓര്‍മ്മിക്കുന്നു.
അന്നൊരിക്കല്‍-
അവസാനത്തേതാകുമെന്നറിയാതെ പ്രാര്‍ത്ഥനാലയത്തിലേക്കു പോകുമ്പോള്‍ തന്റെ നേരെ നിറയൊഴിച്ച മനുഷ്യന്‍! താമ്രപത്രവും വാങ്ങി മടങ്ങുകയാണ്.
വൃദ്ധന്‍ ചിരിച്ചു കൈകൂപ്പി.
അയാളതു ശ്രദ്ധിച്ചില്ല. ധൃതിയില്‍ നടക്കുകയാണ് ചെയ്തത്.

ഏതോ ഒരാള്‍ കരഞ്ഞുകൊണ്ടു വരുന്നു.
അയാള്‍ ആരെയോ ശപിച്ചു കൊണ്ടിരുന്നു.
വൃദ്ധന്‍ ചോദിച്ചു.
“എന്താണു കരയുന്നത്.”
ആഗതന്‍ തടിച്ച താടിരോമങ്ങളില്‍ തലോടി വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“ഫക്കീര്‍ജി, എന്റെ ഒരേ ഒരു മകന്‍. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് അവനെ സായിപ്പിന്റെ പോലീസ്സുകാര്‍ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചു കൊന്നു. എനിക്കും ഭാര്യക്കും മറ്റാശ്ര യമില്ല. അതേക്കുറിച്ചു പറഞ്ഞപ്പോള്‍ മകന്‍ മരിച്ചതിന് തെളിവില്ലെന്നു ചൊല്ലി അവരെ ന്നെ ആട്ടിപ്പായിക്കുകയായിരുന്നു.”
അയാള്‍ വിമ്മി വിമ്മി കരഞ്ഞു.
വൃദ്ധന്‍ ആശ്വസിപ്പിച്ചു.
“സാരമില്ല. വഴിയുണ്ടാക്കാം.”
അയാളേയും കൂട്ടി ഫക്കീര്‍ സര്‍ക്കാര്‍ മന്ദിരത്തിലേക്കു കയറിച്ചെന്നു.
ആള്‍ത്തിരക്ക് കുറഞ്ഞിട്ടില്ല.
വൃദ്ധന്‍ കൈകൂപ്പി.
ഘനഗാംഭീര്യത്തോടെ വിരാജിക്കുന്ന പ്രധാന ഉദ്യോഗസ്ഥന്‍ ചോദിച്ചു.
“നിങ്ങള്‍ ആരാണ്?.”
“സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരെളിയ മനുഷ്യന്‍.”
“നിങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടോ?.”
വൃദ്ധന്‍ തല കുലുക്കി.
“പല പ്രാവശ്യം.”
“പേര്?.”
“എം.കെ. ഗാന്ധി.”
ഉദ്യോഗസ്ഥന്‍ ഫയലില്‍ മുങ്ങി.
പുസ്തകങ്ങളുടെ അഗാധതയിലൂടെ ഊളിയിട്ടു പൊങ്ങി.
എന്നിട്ടു ചോദിച്ചു.
“നിങ്ങള്‍ക്കു താമ്രപത്രം കിട്ടിയില്ലേ?.”
“ഇല്ല.”
“പെന്‍ഷന്‍?.”
“അനുവദിച്ചോയെന്നറിയില്ല.”
“നിങ്ങളുടെ പേരില്‍ ആരോ വാങ്ങിയിട്ടുണ്ടല്ലോ.”
“റാം…. റാം…. വൃദ്ധന്‍ നെഞ്ചില്‍ കൈവെച്ചു നിന്നു.”

ദൂരെ ആ കാഴ്ച നോക്കിനിന്ന് ഗോഡ്‌സെ ചിരിക്കുന്നു.
സമീപം, ഇംപാലകാറിന്റെ ശബ്ദം.
വൃദ്ധന്‍ കാറിലേക്കു നോക്കി.

സ്വാതന്ത്ര്യ സമരകാലത്ത് തങ്ങളെ ഒറ്റു കൊടുക്കാന്‍ സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ കിട ന്നയാള്‍. ഇന്നു മന്ത്രിയാണ്. ഖദറേ ധരിക്കൂ. സ്വാതന്ത്ര്യത്തെക്കുറിച്ചേ പ്രസംഗിക്കൂ. സോഷ്യലിസമേ സ്വപ്നം കാണൂ.
താമ്രപത്രവുമായി ഇംപാലകാറില്‍ ചാഞ്ഞു കിടന്ന തിരുസ്വരൂപത്തിന്റെ അട്ടഹാസം ഉയര്‍ ന്നു കേട്ടു. പിതാമഹന്‍ കണ്ണടയൂരി മാറ്റി ഈറന്‍ മിഴികള്‍ തുടച്ചു. എന്നിട്ടു പതുക്കെ മറ്റേക്കി ഴവന്റെ തോളില്‍ കൈയിട്ടു വടിയൂന്നി ഒരു ഫക്കീറിനെപ്പോലെ പ്രശാന്ത ഗംഭീരനായി മുന്നോട്ടു നീങ്ങി;

ആത്മാവിലെ നൊമ്പരച്ചിരിയോടെ….

ദൂരെ, ഗോഡ്‌സെയുടെ അട്ടഹാസം അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.

പിന്നില്‍ ഇരുട്ടിന്റെ തിരനോട്ടം ആരംഭിച്ചു കഴിഞ്ഞു.One Comment to ആത്മാവിലെ നൊമ്പരച്ചിരി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: