Main Menu

ആകാശത്തേക്കുള്ള ദൂരം

താടിയും മുടിയും പാടെ നരച്ച എന്റെ മുത്തശ്ശനെപ്പോലെയാണ് ശരത് കാലത്തെ ആകാശം.
മുത്തശ്ശനെപ്പറ്റി എനിക്ക് അത്രയ്‌ക്കൊന്നും ഓര്‍മ്മകളില്ല.
ബാല്യത്തിന്റെ പ്രസരിപ്പുകള്‍ക്കിടയില്‍ കാലിടറി എപ്പോഴൊ മുറ്റത്ത് വീണുപോയപ്പോള്‍ ഒരു മഴ പോലെ മുത്തശ്ശന്റെ കൈകള്‍ എനിക്ക് മേല്‍ ഊര്‍ന്നി റങ്ങിയത്.
മണ്ണും കണ്ണീരും പുരണ്ട മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളില്‍ ആകാ ശം പോലെ മുത്തശ്ശന്‍ പടര്‍ന്നു നിന്നത്.
പിന്നെ ഒരു ഓര്‍മ്മയുള്ളത് മുത്തശ്ശന്‍ മരിക്കാന്‍ കിടന്ന ദിവസമാണ്. അന്ന് വീട്ടില്‍ കൊച്ചച്ഛന്‍മാരുടെയും അമ്മായിമാരുടേയും കുട്ടികള്‍ വന്നിരുന്നു. എത്രമാത്രം കളികളാണ് അന്ന് പഠിച്ചത്. കളിച്ച്, ചിരിച്ച് എപ്പോഴോ തളര്‍ന്നുറ ങ്ങിപ്പോവുകയായിരുന്നു. ഉറക്കത്തിന്റെ ആഴക്കയത്തില്‍ നിന്ന് എപ്പോഴോ അമ്മ വിളിച്ചുണര്‍ത്തിയതും കിണ്ടിയിലെ വെള്ളത്തില്‍ തുളസിയിതള്‍ മൂന്ന് വട്ടം മുക്കി മുത്തശ്ശന്റെ ചുണ്ടില്‍ ഇറ്റിച്ചതും ഉറക്കച്ചടവാര്‍ന്ന ഓര്‍മ്മകളാണ്.
അതിനിടയിലും ഞെട്ടലോടെ മനസില്‍ പറ്റിപ്പിടിച്ച ഒരു ചിത്രമുണ്ട്. രണ്ടു ദിവസമായി കയറ്റിയ ഗ്ലൂക്കോസ് മുഴുവനും മുത്തശ്ശന്റെ കടവായിലൂടെ ഒഴുകിപ്പോവുകയായിരുന്നു. അത് വരാന്തയുടെ ചരിവോരത്തൊക്കെയും തളം കെട്ടി നിന്നു.
അപ്പോള്‍ത്തന്നെ അമ്മ കട്ടിലില്‍ കിടത്തിയതും വൈകാതെ ഞാന്‍ ഉറക്ക ത്തിലേക്ക് വഴുതിപ്പോകവെ ഒരു കൂട്ടനിലവിളി എനിക്ക് മേലെ ചിറകടിച്ച് പോയതും മുത്തശ്ശനെപ്പറ്റിയുള്ള എന്റെ അവസാന ഓര്‍മ്മ.
പിന്നെ കര്‍ക്കിടകമായിരുന്നു.
ആകാശം കറുത്തുപോയി.
പാഠങ്ങളുടെ കഠിനകാലം.
കറുത്ത ആകാശത്തുനിന്നും ഇരുണ്ട ഭൂമിയിലേക്ക് മഴ വീണു.
ഒരു മഴക്കാലത്ത് അങ്ങനെ ആകാശത്തുനിന്ന് മരിയ പെയ്തിറങ്ങി. മരിയ മാലാഖയായിരുന്നു.
മരിയ മലവെള്ളപ്പാച്ചിലായിരുന്നു.
ഞാന്‍ അതില്‍ കുത്തിയൊലിച്ചുപോയി.
അങ്ങനെയാണ് മലങ്കര സെന്റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ആഡം ബരപൂര്‍ണമായ അള്‍ത്താരക്ക് മുന്നില്‍ നിന്ന് ഞാന്‍ എന്റെ മുത്തശ്ശനെ കണ്ടെടുക്കുന്നത്. ക്രിസ്തുവിന്റെ ദയാപൂര്‍ണമായ പുഞ്ചിരിയോടെ ഗബ്രിയേ ലച്ചന്‍ അള്‍ത്താരക്കു മുന്നിലൊരാകാശമായി നിന്നു.
കുര്‍ബാന കഴിഞ്ഞിട്ടും ഞാന്‍ എഴുന്നേറ്റില്ല. മരിയ ചോദിച്ചു.
‘എന്തു പറ്റി നിനക്ക്?’
‘ഞാന്‍ എന്റെ മുത്തശ്ശനെ കണ്ടെത്തിയിരിക്കുന്നു.’ മരിയയോടു ഞാന്‍ പറഞ്ഞു.
‘മുത്തശ്ശന്‍ എനിക്ക് കളഞ്ഞുപോയിരുന്നു.’
‘എന്നിട്ട് എവിടെ നിന്റെ മുത്തശ്ശന്‍?’ എന്ന് മരിയ ഒരല്‍പ്പം കുസൃതിയോടെ ചോദിച്ചു.
ഞാന്‍ അള്‍ത്താരയിലെ ക്രൂശിത രൂപത്തിനു നേരെ കൈ ചൂണ്ടി. അപ്പോള്‍ അവള്‍ പതിവുപോലെ പൊട്ടിച്ചിരിക്കുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷെ അവളുടെ കണ്ണുകള്‍ അള്‍ത്താരയിലെ പെയ്ന്റിംഗില്‍ ക്രൂശിത രൂപത്തിനു പിന്നിലുള്ള ആകാശത്തിലേക്ക് അലഞ്ഞ് അലിഞ്ഞ് പോയത് ഞാന്‍ കണ്ടു. മരിയയെങ്കിലും എന്നെ തിരിച്ചറിയുന്നുവല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു.
മരിയയുടെ വീടിന് മുന്നില്‍ ഒരു നല്ല പൂന്തോട്ടമുണ്ടായിരുന്നു. അതില്‍ ഒറ്റപ്പെട്ട് നിറയെ പൂത്ത ഒരു ചെമ്പരത്തിയും…
അവളുടെ വീടിന് മുന്നിലൂടെ എന്നു പോകുമ്പോഴും ഞാനാ ചെമ്പരത്തി യിലേക്ക് ഉറ്റു നോക്കുമായിരുന്നു. അവളുടെ പൂന്തോട്ടത്തില്‍ അധികവും പൂക്കളു ള്ള ചെടികളെ ഉണ്ടായിരുന്നൊള്ളു. പട്ടത്തിയും പനീര്‍ ചെടികളും കനകാംബര വും ചെമ്പകവും ലില്ലിയും മുല്ലയും വാടാമല്ലിയുമങ്ങനെയങ്ങനെ…
അതിലൊരു പൂ വിടര്‍ന്നാലും കൊഴിഞ്ഞാലും എനിക്കറിയാമായിരുന്നു. പിന്നേയും എത്രയോ നാള്‍ കഴിഞ്ഞ് ഒരു തിരുവോണ നാളിലെ മഴയുള്ള സായാ ഹ്നത്തിലാണ് അതിനിടയില്‍ മരിയ വിടര്‍ന്നു നില്‍ക്കുന്നത് ഞാന്‍ കണ്ടത്.
അന്ന് മറ്റു പൂക്കളൊന്നും ഞാന്‍ കണ്ടില്ല.
‘എന്റെ പൂന്തോട്ടത്തിലേക്ക് നീ ആര്‍ത്തിയോടെ നോക്കുന്നത് ജനാലക്ക് അപ്പുറത്തു നിന്ന് ഞാന്‍ എന്നും കാണാറുണ്ട.്’ മരിയ തുടര്‍ന്നു.
‘അന്നേ എനിക്കറിയാമായിരുന്നു, നീ എന്നെ പ്രണയിക്കുമെന്ന്.’
‘നീ പൂവും ഞാന്‍ പൂമ്പാറ്റയുമാവുന്നു’ എന്നു ഞാന്‍ മരിയയോട് പറയുകയും ചെയ്തു.
ഇപ്പോള്‍, മരിയ തന്റെ കൈ മെല്ലെ എന്റെ ചുമലില്‍ വച്ചുകൊണ്ട് എന്നോട് പറയുന്നു.
‘നമ്മുടെയൊക്കെ മുത്തശ്ശന്‍മാര്‍ നമ്മെ വിട്ട് എവിടേക്കാണ് പോവുക!’
ഞാന്‍ അവളുടെ കൈത്തലം ചേര്‍ത്തു പിടിച്ചുകൊണ്ട് ചേദിച്ചു.
‘എന്റെ മരിയ-നീ എന്റെ കൂട്ടുകാരിയോ, പെങ്ങളൊ?’
അന്നുതന്നെയാണ് മരിയ എന്നെ ഗബ്രിയേലച്ചന്റെ മുറിയിലേക്ക് കൊണ്ടുപോയത്. ഗബ്രിയേലച്ചന്‍ ചോദിച്ചു
‘മരിയ, ഇതാരാണ്?’
എന്താണ് മരിയ എന്നെ പരിചയപ്പെടുത്തിയെതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. ഞാന്‍ ഗബ്രിയേലച്ചന്‍ എന്ന ആകാശത്തില്‍ ദിക്കുമുട്ടി അലയുകയായിരുന്നു.
‘അധര്‍മ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്‌നേഹം തണുത്തു പോകും. എന്നാല്‍ അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷപ്പെടും’ എന്ന് ഗബ്രിയേലച്ചന്‍ പുതിയ നിയമം വായിച്ചു. പിന്നെ മരിയായുടെ കൂട്ടുകാരന് ഇതിരിക്കട്ടെ എന്ന് പുതിയ നിയമപുസ്തകം എനിക്ക് നീട്ടി.
അത് കൈനീട്ടി വാങ്ങിക്കുമ്പോള്‍ മനസിനകത്തെ വിദൂരങ്ങളില്‍ നിന്ന് മിന്നാമിനുങ്ങുകള്‍ പറന്നുവന്നു.
ഗബ്രിലേച്ചന്‍ പറഞ്ഞു:
‘മരിയക്കൊപ്പം സമയം കിട്ടുമ്പോഴൊക്കെ നീയും വരിക’
ഗബ്രിയേലച്ചന്റെ മുറിക്ക് അടുത്ത് പള്ളിവക നേഴ്‌സറി സ്‌കൂളാണ്.
നേഴ്‌സറിയുടെ മുറ്റം ഗബ്രിയേലച്ചന്റെ മുറിക്ക് മുന്നിലേക്ക് പടര്‍ന്നു കിടന്നിരുന്നു.
മുറ്റത്ത് കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുമ്പോള്‍ ഗബ്രിയേലച്ചന്റെ മുറ്റത്തും പൂന്തോട്ടമുണ്ടാകുന്നു.
ഞാന്‍ ആ വഴി പോകുമ്പോഴൊക്കെ പൂക്കള്‍ക്കപ്പുറത്ത് ഗബ്രിയേലച്ചന്റെ മുറിയില്‍ വാതിപ്പാളികള്‍ക്കിടയിലൂടെ ഒരു നിലാത്തുണ്ടുപോലെ അച്ചന്റെ കാല റ്റത്തെ ളോഹ കാണാം.
ഒരിക്കല്‍ മരിയ കൂടെ ഉണ്ടായിരുന്നു.
അവള്‍ പറഞ്ഞു:
‘ഗബ്രിയേലച്ചന്‍ എപ്പോഴും വായിക്കുകയാവും. അതും ഒരേ ഒരു പുസ്തകം’
ബൈബിളിന്റെ പുനരാവര്‍ത്തികളില്‍ ഗബ്രിയേലച്ചന്‍ പിന്നേയും പിന്നെയും ശുദ്ധമാവുന്നു – തങ്കംപോലെ – വെണ്ണപോലെ – നിലാവുപോലെ
മരിയ പറയും:
‘ഈ ഇടവകയിലെ ക്രിസ്തുവാണ് ഗബ്രിയേലച്ചന്‍. ഇവിടുത്തെ മനുഷ്യ രുടെ സകല പാപങ്ങളും തി•കളും അച്ഛന്‍ ഒരാള്‍ ഏറ്റെടുക്കുന്നു.’
അവള്‍ തുടര്‍ന്നു
‘ഇവിടെ ഒരാള്‍ ഉണ്ടില്ലെങ്കില്‍ അച്ചന്‍ അറിയും’
പക്ഷെ പിന്നെ ഒരിക്കലും ഞാന്‍ അച്ചനെ തേടി പോയില്ല.
‘നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍. ഈ ലോക ത്തിനു അനുരൂപമാകാതെ ന•യും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസു പുതുക്കി രൂപാന്തരപ്പെടുവിന്‍’
എന്നാവശ്യപ്പെടുന്ന ആ കണ്ണുകളെ അഭിമുഖീകരിക്കുക എനിക്ക് വയ്യാ യിരുന്നു.
ഗബ്രിയേലച്ചനെ മറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു ദിനം മരിയ പറഞ്ഞു, സ്റ്റേറ്റ്‌സില്‍ നിന്ന് അന്നാ ആന്റിയും ഫാമിലിയും നാട്ടിലെത്തിയിട്ടു ണ്ടെന്ന്.
അപ്പോള്‍ ഞാന്‍ ഊഹിച്ചു. ‘ഇനി മരിയ ആമസോണിന്റെ തീരത്തേക്ക്…’
‘അപ്പലേച്ചിയന്‍ തെരുവിലെ മഞ്ഞിലേക്ക്’ എന്നവള്‍ തിരുത്തി.
പിന്നെ അവള്‍ ഒരു സ്വകാര്യം പോലെ പറഞ്ഞു:
‘ഇന്നലെ ജോസഫ്.. കൊച്ചിലെ തന്നെ അവന്‍ വികൃതിയാണ്’
അവളുടെ വളച്ചുകെട്ടലുകളിലേക്ക് ആശങ്കയോടെ ഞാന്‍ എന്റെ കണ്ണു കൂര്‍മ്പിച്ചു
‘അവന്റെ ചുംബനം – നോക്കു, എന്റെ ചുണ്ടുകള്‍ മുറിഞ്ഞിരിക്കുന്നു.’
പിന്നെ അന്നാ ആന്റിയുടെ വീട്ടില്‍ ഓര്‍ക്കിഡ് ചെടികളുണ്ട് എന്ന് മരിയ പറഞ്ഞു.
”അവര്‍ക്ക് ഓര്‍ക്കിഡ് കൃഷിയുണ്ട്”
”മരിയ പോയാല്‍ നിന്റെ വീട്ടിലെ മുല്ലക്കും ചെത്തിക്കും നിറയെ പൂത്ത ചെമ്പരത്തിക്കും ആരുണ്ട്”? എന്ന് ഞാന്‍ അവളോട് ചോദിച്ചു.
അപ്പോള്‍ ഒരു ശവഘോഷയാത്ര കണ്ണീര്‍മുഖങ്ങളോടെ ഞങ്ങളെ കടന്നു പോയി. തനിക്കുമുകളില്‍ ആകാശത്തേക്ക് കണ്ണിറുക്കി അടച്ചുകൊണ്ട് ഗബ്രിയേ ലച്ചന്‍ ആള്‍ക്കൂട്ടത്തിനു മുകളില്‍ ഒഴുകിപ്പോയി.
കണ്ണു തുറന്നിരുന്നിട്ടും എന്തേ മരിയ അതു കാണുന്നില്ലെന്നും കുഞ്ഞുങ്ങ ളെപ്പോലെ നിലവിളിക്കുന്നില്ലെന്നും ഞാന്‍ അത്ഭുതപ്പെട്ടു. മരിയ അപ്പലേച്ചിയന്‍ ചെരുവില്‍ മഞ്ഞില്‍ ഒരു ചുംബനത്തിന്റെയൊ ഗാഢാലിംഗനത്തിന്റെയൊ നിര്‍വൃ തികളിലാണെന്ന് ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ഒരു ഓര്‍ക്കിഡ് പൂവിന്റേ തു പോലെ അവളുടെ കണ്ണകളില്‍ കൃത്രിമമായ ഒരു തിളക്കമുണ്ടായിരുന്നു.
‘ജീവിതമെന്നാല്‍ പ്രണയ നഷ്ടങ്ങളും ക്രൂശിക്കപ്പെടലുകളുമാണെ’ന്ന് എനിക്ക് അവളെ വിളിച്ചുണര്‍ത്തി പറയണമെന്നുണ്ടായിരുന്നു, പക്ഷേ-
‘എനിക്കൊന്നും ക്ഷോഭിക്കാന്‍കൂടി കഴിയുന്നില്ലല്ലൊ മരിയ’ എന്ന് ഞാന്‍ മരിയയോട് കുണ്ഠിതപ്പെടുകയാണ് ഉണ്ടായത്. മരിയ അപ്പോള്‍ ഒരു പ്രത്യേക താളത്തില്‍ ചൊല്ലി.
‘ക്രോധമല്ലൊ യമനായത് നിര്‍ണയം…’
ഞാന്‍ അതു പൂരിപ്പിച്ചു
മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി വെളുത്തൊരു കുഞ്ഞാട്’
മരിയ ചിരിച്ചു. പിന്നെ അവള്‍ ഒരു കാമുകിയുടെ ചാപല്യമൊട്ടാകെ പ്രദര്‍ ശിപ്പിച്ചുകൊണ്ട് ഓടിപ്പോകുകയും ചെയ്തു.
ഇപ്പോള്‍ ചാപിള്ളയായിപ്പോകുമോ എന്ന് ഭയം തോന്നുന്ന ഈ കഥയുടെ അവസാന തിരിവില്‍ വച്ച് ഞാന്‍ ആകാശത്തേക്ക് നോക്കുന്നു. എന്റെ കണ്ണുകള്‍ ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മേല്‍നിലകളില്‍ എവിടെയൊ തടഞ്ഞു നില്‍ക്കുന്നു.
മാറ്റങ്ങള്‍ എത്രവേഗത്തിലാണെന്ന് ഞാന്‍ വിയര്‍ക്കുന്നു.
ഗബ്രിയേലച്ചന്റെ മുറിക്കടുത്തുള്ള നഴ്‌സറി സ്‌കൂള്‍ ഇടിച്ചു നിരത്തി കളഞ്ഞു.
അവിടെ പുരോഗതി.
പള്ളിവക സ്‌കൂളും ബോര്‍ഡിംഗ് ഹോമും.
ബോര്‍ഡിംഗ് ഹോമിനു മുകളില്‍ ഒരു ജനാലക്കപ്പുറം ജയിലിലെന്നോണം ഒരു ആണ്‍കുട്ടി നിന്നിരുന്നു. അവന്റെ മുഖം വിളറിയും കണ്ണുകള്‍ നിറഞ്ഞും ഇരുന്നു. ‘നീയൊരു പൂമ്പാറ്റയായി ജനലഴികളെക്കടന്ന് ആകാശത്തേക്ക് പറന്നു പോവുക’ എന്ന് ഞാനവനോട് വിളിച്ചു പറഞ്ഞു.
അവന്‍ അത് കേള്‍ക്കുന്നുണ്ടായിരുന്നില്ല.
അവന്റെ കണ്ണുകള്‍ എതിര്‍വശത്തെ പള്ളി ഗോപുരത്തിന്റെ മുഖപ്പില്‍ വഴുതി നടക്കുകയായിരുന്നു. പള്ളിമേടയുടെ മുഖപ്പ് ചായംപൂശാന്‍ വൈകി, മഴവെള്ളംവീണു പായല്‍പിടിച്ച് വൃത്തികെട്ടുപോയിരുന്നു.
ഞാന്‍ പിന്നേയും അവനോട് വിളിച്ചു പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ട കുട്ടി, നിന്റെ കൂട്ടുകാരെയെല്ലാം വിളിക്കുക… ആ ജനാലയില്‍ വസന്തമുണ്ടാകട്ടെ.’
അവന്റെ കണ്ണുകള്‍ വലിയ കനത്തോടെ എന്റെ മേല്‍ വന്നു വീണു. പിന്നെയവന്റെ വാക്കുകളും.
‘ഇവിടെ ഞാന്‍ ഒറ്റക്കാണല്ലോ! എനിക്ക് കൂട്ടുകാരാരും ഇല്ലല്ലോ!’
ഞാന്‍ മരിയ സ്റ്റേറ്റ്‌സിലേക്ക് പോയല്ലോ എന്നോര്‍ത്തു. മുത്തശ്ശനും ഗബ്രി യേലച്ചനും മരിച്ചുപോയല്ലോ എന്നും ക്രിസ്തു ക്രൂശിക്കപ്പെട്ടല്ലോയെന്നും ഞാന്‍ ഓര്‍ത്തു.
എന്നിട്ടും ഞാന്‍ പിന്നേയും പ്രതിക്ഷയോടെ വിളിച്ചു പറഞ്ഞു.
‘നോക്കു കുഞ്ഞേ – നീ എത്ര ഉയരത്തിലാണ്. ആകാശം നിനക്കെത്ര അടുത്ത്. ആ കൈകള്‍ ഒന്ന് ഉയര്‍ത്തുകയെ വേണ്ടു.’
അവന്റെ കണ്ണീര്‍ ഇരുമ്പഴികളില്‍ വീണു. അവന്‍ പറഞ്ഞു.
‘അവിടെ നിന്നും ഇവിടെ നിന്നും ആകാശത്തിലേക്കുള്ള ദൂരം സമം’
പക്ഷെ, അത് വിശ്വസിക്കാന്‍ ഏത് യുക്തിക്കാണ് കഴിയുക.
അതുകൊണ്ടാണ് സുഹൃത്തേ, ഞാന്‍ ഇപ്പോഴും എന്റെ എട്ടിഞ്ചോ മറ്റൊ ഉള്ള ഈ സ്‌കെയിലുകൊണ്ട് ആകാശത്തേക്കുള്ള ദൂരമിങ്ങനെ അളക്കുന്നത്. അളവെടുപ്പിന്റെ സൂക്ഷ്മതയില്‍ ഞാന്‍ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നതേയില്ല. ഞാന്‍ ഇപ്പോഴും ഒരു വൃത്തികെട്ട ഉത്തരവാദിത്വത്തോടെ അളന്നുകൊണ്ടേയിരി ക്കുകയാണ്.
പക്ഷേ:- ഉദാത്തമായ ഏതോ ഉദാസീനതകളില്‍ മാത്രം ഞാന്‍ ഓര്‍ത്തു പോകുന്നു.
‘അവിടെ നിന്നും ഇവിടെനിന്നും ആകാശത്തേക്കുള്ള ദൂരം…’Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: