അർക്കമാപിനി
ഇവിടെയുണ്ട് ഞാനെന്നറിയിക്കുവാൻ
മധുരമാമൊരു കൂവൽ മാത്രം മതി
ഇവിടെയുണ്ടായിരുന്നു ഞാനെന്നതിൻ
വെറുമൊരു തൂവൽ താഴെയിട്ടാൽ മതി
പി പി. രാമചന്ദ്രൻ
ഉണക്കമീനും ചക്കയും ചേർന്ന് ഒരുക്കുന്ന ഒരു മണസങ്കലനമാണ് തിരക്ക് പിടിച്ച വീതി കുറഞ്ഞ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ രേഖയുടെ നാസാരന്ധ്രങ്ങൾക്ക് സ്വാഗതമേകിയത്. ഒരു ദയയുമില്ലാതെ തലയ്ക്കു മുകളിൽ കത്തി നിൽക്കുന്ന സൂര്യൻ. മേടചൂടിലും ഈ മലയോര പട്ടണത്തിന് ചടുലതയുള്ള നൃത്തക്കാരിയുടെ മട്ടാണ്. കുട്ടിക്കൽ ആണ് ഡ്യുട്ടി എന്നറിഞ്ഞപ്പോഴേ കേട്ടു പരിചയം മാത്രമുള്ള ആ സ്ഥലത്തേക്കുള്ള യാത്രയെക്കാൾ സുരക്ഷിതമായി തങ്ങാൻ ഒരിടം കിട്ടുമോ എന്നതായിരുന്നു അവളുടെ ആദ്യ ആശങ്ക. മാത്രമല്ല ഉരുൾപൊട്ടലിൽ ഇല്ലാതായ മാർട്ടിന്റെ കുടുംബം.. ആദ്യം മനസ്സിൽ വന്ന ചിത്രം അതാണ്. കളക്ഷൻ സെന്ററിൽ 8 മണിക്ക് തന്നെ എത്തണമെങ്കിൽ ഇന്നത്തെ ദീർഘമായ യാത്ര കഴിഞ്ഞു പിറ്റേന്ന് പുലർച്ചെ കോഴി കൂവുന്നതിനു മുന്നേ വീട്ടിൽ നിന്നിറങ്ങണം. അത് അവളെ സംബന്ധിച്ച് ദുഷ്‌ക്കരമായതിനാലാണ് നാസറിക്ക തന്ന മേൽവിലാസവുമായി ട്രെയിനിങ് സെന്ററിൽ നിന്നും ആ വീട് അന്വേഷിച്ചു ഈ നട്ടുച്ചക്ക് തന്നെ തിരിച്ചത്. വിശപ്പുണ്ടെങ്കിലും അടുത്തു കണ്ട ബേക്കറിയിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളവും വാങ്ങി മുണ്ടക്കയത്തേക്ക് പോകുന്ന ബസ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് അവൾ നടന്നു. സാമാന്യം തിരക്കുണ്ടെങ്കിലും ഒരു അമ്മാവന്റെ അടുത്തായി സീറ്റ് തരപ്പെടുത്തി. വളഞ്ഞു പുളഞ്ഞു ചെങ്കുത്തായി കിടക്കുന്ന റോഡിലൂടെ ആ ബസ് വേഗത്തിൽ ഓടാൻ തുടങ്ങി. റബ്ബറും പൈനാപ്പിൾ കൃഷിയിടങ്ങളും പിന്നിട്ട് അത് ഹൈറേഞ്ചിലേക്കു മെല്ലെ കയറി. അവൾ മൊബൈലിൽ കുറച്ചു പച്ചപ്പ് പകർത്തി. വീട്ടിൽ ചെന്നിട്ടു വേണം എഡിറ്റ് ചെയ്തു നല്ല പാട്ടൊക്കെ ചേർത്തു റീൽ ആക്കാൻ. ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു പത്ത് ഫോളോവേഴ്സിനെ കൂടി കൂട്ടണം. ഞാനൊരു സോമിയാമാനിയക്ക് തന്നെ. അവൾ വീഡിയോ ഒന്നൂ കൂടി എഡിറ്റ് ചെയ്തു ക്ലിയർ ആക്കി.
റോഡിന്നിരുവശങ്ങളിലുമായി ധാരാളം മരങ്ങൾ ഉണ്ട്. പക്ഷേ കാറ്റിനിപ്പോഴും കനലിന്റെ ചൂരാണ്. വിയർപ്പിന്റെ മുഷിഞ്ഞ ഗന്ധത്തിനിടയിലും ബസ്സിനുള്ളിൽ ഉച്ചമയക്കത്തിന്റെ ആലസ്യം. ഇറങ്ങാനുള്ള സ്ഥലം അപരിചിതമായതിനാൽ അവൾ ഉച്ചമയക്കത്തെ അകറ്റി നിർത്തി. കണ്ടക്ടറോട് മുൻകുട്ടി പറഞ്ഞിട്ടു ഗൂഗിൾ മാപ് ഓൺ ചെയ്തു വച്ചു. ഇനി അര മണിക്കൂർ. ചെറിയ വെള്ളച്ചാട്ടവും കടന്നു കാടിന്റെ അരികിലൂടെ ആ വണ്ടി മുന്നേറി. ബസ്സിനുള്ളിലാകെ ഇരുൾ പടർത്തുന്ന നിശബ്ദത.. കാടിന്റെ ഗന്ധം വഹിച്ച കാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു.
“കുട്ടിക്കൽ അടുത്ത സ്റ്റോപ്പാണ്.”
ഒരശരീരി, കണ്ടക്ടറുടെ സ്വരം. അപ്പോഴേക്കും ബസ്സ് കാടിന്റെ ഇരുട്ടിൽ നിന്നും വെളിച്ചമുള്ള പുൽപ്രദേശത്തേക്ക് വന്നു നിന്നു. ഇവിടെയാണോ എന്നർത്ഥത്തിൽ അവൾ അയാളെ ഒന്ന് നോക്കി.
“കൊച്ചേ ഒന്ന് ഇറങ്ങിയട്ടെ ഇതാ സ്ഥലം.”
അയാൾ അക്ഷമനായി. മേൽക്കൂര തകര കൊണ്ട് മറച്ച ഒരു വെയ്റ്റിംഗ് ഷെഡ് അല്ലാതെ അവിടെ ഒരു പക്ഷിക്കുഞ്ഞിനെ പോലും കണ്ടില്ല. ഇക്ക തന്ന ഫോൺ നമ്പറിലേക്ക് ഒന്നുകൂടെ വിളിച്ചു ഉറപ്പു വരുത്തി.
“മോളെ, നേരെ നടന്നു ആ വളവു കേറി ഇങ്ങു പോരെ”
“ശരി ചേച്ചീ..” ഫോണിൽ നിന്നും അന്നമ്മച്ചേച്ചിയുടെ സ്വരം.
അവൾ ആ നേരെയുള്ള റോഡിലൂടെ നടക്കാൻ തുടങ്ങി. റബ്ബർ അല്ലാതെ വേറൊന്നും കണ്ടില്ല. റബ്ബറിന്റെ തണൽ ഉണ്ടെങ്കിലും ഉഷ്ണത്തിന് ഒരു ശമനവുമില്ല. ഉഷ്ണതരംഗസാധ്യത ഉണ്ടെന്നു വാർത്തയിൽ കേട്ടത് അവൾക്ക് ഓർമ്മ വന്നു. കുളിച്ചാലും ടവൽ നനയുന്ന വിയർപ്പാണ്. മരങ്ങളുടെ നിഴൽ പറ്റി നടന്നു.
ഭാഗ്യം, ഒരു ചായക്കട കാണുന്നുണ്ട്. ഇൻസ്റ്റന്റ് ചായക്കടയാണെന്ന് തോന്നുന്നു. രണ്ട് പേരുണ്ട്. അന്യഗ്രഹജീവിയെ കണ്ട പോലെ അവൾ വരുന്നതും നോക്കി ഇരിക്കുകയാണ്. ഇതിന്റെ ഒരു ഫോട്ടോ കൂടി എടുക്കാം.. “മരങ്ങൾക്കിടയിൽ ഒരു ഇൻസ്റ്റന്റ് ടീ ഷോപ്പ്.” ഓ വേണ്ട ഹെഡിങ് പിന്നീട് ആലോചിക്കാം.
“ചേട്ടാ മെമ്പറുടെ വീട്ടിലേക്കുള്ള വഴി?”
“കൊച്ച് എവിടുന്നാ, നിക്ക് ഞാനും ആ വഴിക്കാ.”
പാതി കുടിച്ച ചായ കളഞ്ഞേച്ചും അവളുടെ കൂടെ അയാൾ വഴികാട്ടാൻ ഇറങ്ങി. മുഷിഞ്ഞ ഷർട്ടും പണ്ടെങ്ങോ വെള്ളയായിരുന്ന മുണ്ടും ധരിച്ച അയാളെ കണ്ടാൽ ചിതലരിച്ച മഞ്ഞനിറമുള്ള പുസ്തകത്താളിൽ നിന്നും ഇറങ്ങി വന്നതാണെന്ന് തോന്നും. മെലിഞ്ഞു നീണ്ട അയാളുടെ നെറ്റിയിലെ മറുക് ചിരിക്കുമ്പോൾ ഭയം തോന്നിപ്പിക്കുന്ന വിധം മുഴച്ചു നിന്നിരുന്നു.
“വാ എന്റെ കൂടെ പോരെ.”
അയാൾ മുന്നേ നടന്നു ആർ കെ നാരായണൻറെ The guide എന്ന പുസ്തകത്തിന്റെ മുഖചിത്രം അവളോർത്തു വഴികാട്ടി. ഇനിയിപ്പോ റെയിൽവേ രാജുവിനെ പോലെ ഇയാളും ഒരു സ്വാമിജി എങ്ങാനും ആണോ.
ഇവിടെ ആനയും പുലിയുമൊക്കെ കാണുമോ?” അവൾ ഒരു കുശലത്തിനു തുടക്കം കുറിക്കാനെന്നോണം ചോദിച്ചു.
“ഓ അങ്ങനെ ഒന്നും ഇല്ലെന്നേ.” അയാൾ ലേശം മൗനത്തിലായി..”പക്ഷേ ഈ അടുത്തിടയായി ആനയും കുരങ്ങനുമൊക്കെ വരുന്നുണ്ട്. പിന്നെ കാട്ടുപോത്തും. കൊച്ച് ഇതു കണ്ടോ”
അയാൾ തലയിലെ മുറിവിന്റെ പാട് കാട്ടി ഉറക്കെ ചിരിച്ചു..”ചായ കുടിച്ചോണ്ട് നിന്നപ്പോ കാട്ടു പോത്ത് കുത്തിയതാ. പിന്നെ ഒന്നും അറിഞ്ഞില്ല.” കുർത്ത നോട്ടം നോക്കി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. അയാളുടെ മുഖം കൂടുതൽ വികൃതമായി. പുകയിലക്കറ പുരണ്ട പല്ലുകൾ. കല്ലറയിൽ നിന്നും ഇറങ്ങി വന്ന പ്രേതം പോലെ. വായിച്ചു പതിഞ്ഞ ചില പ്രേതകഥകൾ ഇതാ യാത്ഥാർത്ഥ്യമായി മുന്നിൽ നിൽക്കുന്നു.
മരങ്ങൾക്കിടയിലൂടെ കടന്നുവന്ന ഉഷ്ണകാറ്റിൽ നിന്നും ഭയത്തിന്റെ കണങ്ങൾ അവളുടെ മനസ്സിലേക്ക് ചേക്കേറാൻ തുടങ്ങി.
“ചേട്ടന്റെ വീട് എവിടെയാ?” വിഷയം മാറ്റാൻ വേണ്ടി വെറുതെ ഒന്ന് ചോദിച്ചു.
“അവിടെ ആ കാണുന്ന മലക്കടുത്തു…” കിഴക്ക് ഭാഗത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
“അവിടെയോ… അത് കാടല്ലേ”
“ആ അതിനടുത്തായി വരും”
“ഇവിടെ നിന്നാ ശരിയാവില്ല, കൊച്ച് നടക്ക്.. ദാ മെമ്പറെടെ വീടെത്തി.” അയാൾ വീട് കാട്ടിത്തന്നിട്ടു പോയി.
മനോഹരമായ ഒരു വീട്. കാഴ്ചയിൽ അധികം പഴക്കം ചെന്നതല്ല. ഉള്ള ചെടികൾ വൃത്തിയായി വെട്ടി ഒതുക്കിയിരിക്കുന്നു.
ആർക്കും സ്വാഗതമേകുന്ന പോലെ മലർക്കേ തുറന്നു കിടക്കുന്ന ഗേറ്റ് .
കാളിങ് ബെല്ലിൽ വിരൽ അമർത്തണോ ഫോൺ ചെയ്യണോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ അതാ ഫോണിൽ നിന്നും വീണ്ടും വിളി വന്നു.
“മോളേ വീട്ടിലോട്ടു കയറിയോ. അവിടെ അച്ചാച്ഛനുണ്ട്. മോനും മോളും ആശുപത്രിയിൽ പോയേക്കുവാ. സ്വന്തം വീടുപോലെ കയറിക്കോ. ഞാനേ താഴെ ഒരു വീട്ടിൽ നിക്കുവാ. ഇപ്പൊ അങ്ങ് വന്നേക്കാം.”
“ശരി ചേച്ചീ.”
അവൾ ബാഗടുത്തു ഹാളിൽ വച്ചു. ടീപോയിൽ കിടന്ന പത്രമെടുത്തു സെറ്റിയിലിരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു. നല്ല വായു സഞ്ചാരമുള്ള ഒരു വീട്. . അങ്ങ് അറബിക്കടലിനടുത്തുള്ള ഒരു അപരിചിത ഹൈറേഞ്ചിലുള്ള ഏതോ ഒരു വീട്ടിലിരുന്നു കാലുമ്മേൽ കാലും വച്ചു പത്രം വായിക്കുന്നു. മനുഷ്യന്റെ ഓരോ കാര്യമേ.. മനുഷ്യനെപ്പൊഴാ യാത്ര ചെയ്യാൻ തുടങ്ങിയത്. ശിലായുഗവും കഴിഞ്ഞു നിയാണ്ടർ താൽ യുഗത്തിലോ മറ്റോ അല്ലേ.
“അവർ നല്ല ആൾക്കാരാ, നിനക്ക് സ്വന്തം വീട്ടിലെന്നപോലെ അവിടെ നിൽക്കാം.” നാസറിക്കയുടെ വാക്കുകളോർത്തു. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കേണ്ട എന്നൊന്നും അറിയാത്ത ഈ സത്യാനന്തര കാലത്തു ഇതുപോലെ ഒന്ന്…
“അവള് താഴത്തെ വീട് വരെ പോയിരിക്കുകയാ, കുറച്ചു കഴിഞ്ഞു വരും.”
ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് മുഖത്ത് പുഞ്ചിരി നിറച്ചു പതിയെ വരുന്ന ആ ശബ്ദത്തിനുടമയെ കണ്ടു. അവൾ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ.”
ഓരോ വാക്കും സൂക്ഷ്മതയോടെ എടുത്തു വച്ചു, പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം. ഒരു കൊച്ചുകുട്ടി ആദ്യമായി ഇരട്ടവരയlൻ പുസ്തകത്തിൽ എഴുതുന്ന പോലെ.
“ഇല്ല, വരുന്ന വഴിയിലെ ചായക്കടയിലെ ചേട്ടൻ കൂടെ വന്നു.”
“അതാരാ ,അങ്ങനെ ഒരു ചായക്കട ഇവിടെ അടുത്തില്ലല്ലോ.”
“കൂട്ടിക്കൽ ഭാഗത്തായിട്ടാണ് വീട് എന്നാ എന്നോട് പറഞ്ഞത്.”
“അത് പോട്ടെ ഊണ് കഴിച്ചിട്ടാണോ ഇറങ്ങിയത്.” ബേപ്പൂർ സുൽത്താൻ പറയും പോലെ ആദ്യം ചോദിക്കേണ്ട ചോദ്യം.
“ആ അതെ.”
“നാളെ എപ്പോഴാ സ്കൂളിൽ എത്തേണ്ടത് ?”
“8 മണിക്ക്.”
“ആ ഇവിടുന്നു 7 മണിക്കുള്ള ബസ്സ് മതിയാവും.”
“ഇവിടെ പൊതുവെ എങ്ങനെയാ ഇലക്ഷൻ ചൂട്.”. -ഇപ്പോ ആർക്കും ഒരു ചൂടൊന്നും ഇല്ലെന്നേ. വോട്ട് ചെയ്യാൻ പോണ്ടെന്നാ മകന്റെ അഭിപ്രായം. ഒന്നോർത്താ എന്തിനാ. കഴിഞ്ഞാഴ്ച അല്ലേ ആ മുക്കിലെ എസ്തപ്പാനെ കാട്ടുപോത്തു കുത്തിമറിച്ചിട്ടത്. രണ്ടു ദിവസം ആശുപത്രിയിൽ കിടന്നു അവൻ മണ്ണടിഞ്ഞു.
അങ്ങനെ ഓരോ ദിവസവും രാവുകൾ ഏറ്റുമുട്ടലുകളുടെയും പുലരികൾ മരണത്തിന്റെയും കഥകൾ പറയുന്ന ഗ്രാമമായി ഇതു മാറിക്കഴിഞ്ഞിരിക്കുന്നു.
ഭയം അവളുടെ അരികിലേക്ക് ഒന്നൂകൂടി ചേർന്നിരുന്നു.
“അപ്പോൾ ഞാൻ വന്ന വഴി, കൂടെ വന്ന ആൾ അവരൊക്കെ….” ചിരിക്കുമ്പോൾ വികൃതമായ മുഖം.. മിഥ്യയോ സത്യമോ.. കാട്ടിൽനിന്നും വീട്ടിലേക്കു വരുന്ന മൃഗങ്ങൾ..
കാടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ റീലുകൾ, എൻ എ നസീറിന്റെ അനുപമമായ വനചിത്രങ്ങൾ.. ഇതൊക്കെ അവൾക്കു മുന്നിൽ ഫോണിലെ സമയം കൊല്ലികളായ ചിത്രങ്ങളായി. ഓൾഗാ ടോകാർ ചുക്ക് എഴുതിയ Drive your plow over the bones of the dead ലെ ചില വരികളിലൂടെ അവൾ കടന്നുപോയി.
കൊടുങ്കാറ്റിലെ യാത്രികരേ നമ്മൾ ജനിച്ചത് ഈ വീട്ടിലാണ്.
ഈ ലോകത്തിലേക്ക് എടുത്തെറിയപെട്ടവർ..
അസ്ഥികളില്ലാത്ത നായയെ പോലെ…
കടമെടുത്ത അഭിനേതാവിനെ പോലെ..
നമ്മൾ കൊടുങ്കാറ്റിലെ യാത്രികർ
“മോളെന്താ ആലോചിക്കുന്നത്, അവളിപ്പോ വരും. മെമ്പർ ആയിപ്പോയില്ലേ. താഴെ കുറച്ചു കൃഷി ഉണ്ട് വാഴ. ആനയിറങ്ങി അതൊക്കെ നശിപ്പിച്ചു. അതുകൂടി പത്രക്കാർക്ക് കാണിച്ചു കൊടുത്തിട്ടേ അവൾ വരൂ. രാത്രി ഇപ്പൊ ആരും ഉറങ്ങുന്നില്ല. മേലേ ഭാഗത്തു രണ്ടു മൂന്നു ആടിനെ കടിച്ചോണ്ട് പോയെന്നൊക്കെ കേട്ടു. ആന്റണിയാ പറഞ്ഞത്. പുലിയാണോ നരിയാണോ ആർക്കറിയാം.. എന്തായാലും മോള് നേരത്തെ വന്നത് കാര്യമായി.
സൈക്കിളിൽ പോകുന്ന ആളിന്റെ മുകളിലേക്കു പുലി ചാടി വീണ റീൽ ആവർത്തിച്ചു കണ്ടു ചിരിച്ചിരുന്നപ്പോൾ ഇങ്ങനെ ഒരു യാഥാർത്ഥ്യത്തിലേക്കു എത്തുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. പുറത്തെ ചൂടിനെക്കാൾ മനസ്സിന്റെ ഉഷ്ണം കൊണ്ട് അവളുടെ മുഖം വിവർണ്ണമായി.
“പേടിക്കണ്ട രണ്ടുദിവസം കൊണ്ട് നടന്ന സംഭവങ്ങളാണ് ഇതൊക്കെ.” അച്ചാച്ചൻ പത്രം നിവർത്തി കൊണ്ട് പറഞ്ഞു..”മൃഗങ്ങൾക്ക് അറിയുമോ ഇലക്ഷൻ വരുന്നെന്ന്.” ഒരു തമാശ പറഞ്ഞ പോലെ അയാൾ അത് കേട്ടു സ്വയം ചിരിച്ചു.
പുറത്തു കാർ വന്നത് കണ്ടു അവർ സംസാരം നിർത്തി വെളിയിലേക്ക് വന്നു. കാറിൽ നിന്നു വിളയാത്ത പഴക്കുലയുമായി മധ്യവയ്സ്കയായ ഒരു സ്ത്രീ ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. പിന്നാലെ കുഞ്ഞു വയറും താങ്ങി ഒരു ചുരിദാർകാരിയും ഒരു കൊച്ചുകുട്ടിയും. ഡ്രൈവർ സീറ്റിലിരുന്ന ചെറുപ്പക്കാരൻ ഗേറ്റ് അടച്ചു വന്നു.
“വന്ന കാലിൽ തന്നെ നിക്കുവാണോ?” അവർ ചിരിച്ചു
ചേച്ചി അവൾക്കു മുറി കാട്ടി കൊടുത്തിട്ടു പറഞ്ഞു..”കുളിച്ചു വാ.”
അവർ വേഗം പോയി മുറിയിൽ കിടന്ന തുണികൾ മാറ്റി തൂത്തു വൃത്തിയാക്കി.
“അച്ചാച്ചനും ഞാനും കിടക്കുന്ന മുറിയാ. ഉള്ളത് കൊണ്ട് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.” അവരൊന്നു ചിരിച്ചു അതു പറഞ്ഞു അടുക്കളയിലേക്ക് പോകാൻ തുടങ്ങി. എന്തോ ആലോചിച്ചെട്ടെന്നപോലെ തിരികെ വന്നു.
“കൊച്ചേ നീ ഇപ്പോ വന്നത് ഒരു പ്രശ്നം പിടിച്ച സമയത്താണല്ലോ. ഇവിടെ കാട്ടാനയും പോത്തുമൊക്കെ ഇറങ്ങുന്ന സ്ഥലമായി മാറി. തോമസിന്റെ ആടുകളെ കാണുന്നില്ല എന്ന് ആന്റണി പറഞ്ഞു. ഞങ്ങൾ അന്യഷിച്ചിറങ്ങിയതാ. അങ്ങ് എലായുടെ അറ്റത്തു കടിച്ചു കീറി ഇട്ടിരിക്കുന്നു. ഒന്നിനാണേ രണ്ടു കാല് മാത്രമേ ഉള്ളു. കടുവ ആണെന്നാ പറയുന്നേ.അർക്കമാപിനി എന്ന് അതിനു പേരുമിട്ടു. അത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫയർഫോഴ്സുകാരും ഫോറെസ്റ്കാരും തെരഞ്ഞു മടുത്തു. അതു എവിടെയാ ഒളിഞ്ഞിരിക്കുന്നേന്നു ആർക്കും അറിയാമ്മേലാ.. എല്ലാർക്കും പുറത്തിറങ്ങാൻ തന്നെ പേടിയാ. മൂന്ന് മണിക്ക് മുന്നേ വീട്ടിലെത്തണം എന്നാണ് കളക്ടറുടെ ഉത്തരവ്. രാവിലെ ഫോറെസ്റ്റ്കാരുടെ വണ്ടി വരും. മോള് അതിൽ കയറി പൊയ്ക്കോ. എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്.”
അതിനിടെ എമർജൻസി സൈറെൻ പുറപ്പെടുവിച്ചുകൊണ്ട് പോലീസ് ജീപ്പ് പോകുന്നത് ജനലിലൂടെ കണ്ടു. ഭയത്തിന്റെ ഇതളുകൾ ചൂടി ഒരു രാത്രി സന്ധ്യക്ക് മേൽ പടർന്നു കയറി. ഇരുട്ടിന്റെ ജാലകം തുറന്നു ഒരു കൂമൻ മരച്ചില്ലകളിൽ ചിറകു വീശി.. “അന്നമ്മ ചേച്ചിയുടെ വീട്ടിലാണ്. കുഴപ്പമില്ല, നാളെ രാവിലെ കളക്ഷൻ സെന്ററിലേക്ക് പോകും” വീട്ടിലേക്കു ഒരു ടെക്സ്റ്റ് മെസ്സേജിട്ടു അവൾ ഫ്രഷ് ആകാൻ പോയി.
ബക്കറ്റിൽ വെള്ളം നിറക്കുമ്പോൾ ആരൊക്കെയോ സംസാരിക്കുന്നതു പോലുള്ള തോന്നൽ. പേടി തോന്നുമ്പോൾ കുഞ്ഞിലേ ഇതുപോലെ അപരിചിതർ സംസാരിക്കുന്നതും അപരിചിതമായ ശബ്ദങ്ങളും കേൾക്കും. ശരീരത്തിനു ക്ഷീണം തോന്നുമ്പോഴാണ് ഇങ്ങനെ എന്ന് അമ്മ പറയാറുണ്ട്. കുളിച്ചിട്ടു നാളത്തേക്ക് വേണ്ടതെല്ലാം എടുത്തു വക്കണം.
വെളിയിൽ എന്തൊക്കയോ ശബ്‍ദം കേൾക്കുന്നുണ്ട്. നിലവിളി ആണോ.. കനത്ത നിശ്ശബ്ദതയിൽ അകലെ നിന്നും കേൾക്കുന്ന ഒരു ആടിന്റെ കരച്ചിൽ.. ഇങ്ങോട്ട് വരണ്ടായിരുന്നു. വന്നില്ലെങ്കിൽ എവിടെ തങ്ങുമായിരുന്നു. അതും ‘ അറിയില്ല. റബറിന്റെ ചോലകളിൽ നിന്നും ഒരു കടുവയുടെ അലർച്ച..
അമ്മേ…
“എന്താ…”
കണ്ണുതുറക്കുമ്പോൾ ചുറ്റിലും പരിഭ്രമിച്ച മുഖങ്ങൾ.
“ഉറങ്ങിപ്പോയി.” ഒരു ചെറു ചമ്മലോടെ എഴുന്നേറ്റു.
”വാ നമുക്ക് രണ്ടു ചപ്പാത്തി കഴിച്ചിട്ട് കിടക്കാം.”
എല്ലാവരും അത്താഴം കഴിക്കാൻ മേശക്കു ചുറ്റും കൂടി. അവർ കുരിശു വരച്ചു പ്രാർത്ഥിക്കുന്നതും കണ്ടു അവളിരുന്നു. ഇപ്പോൾ എന്റെ ദൈവങ്ങൾ ഇവരാണ്. എനിക്ക് അന്നവും അഭയവും തന്നവർ.
“ഫോണടിക്കുന്നു. നോക്കിയേച്ചും വരാം.”
“പ്രസിഡന്റാ.. ആടിനെ തിന്നത് കടുവ തന്നെയാ .. നമ്മുടെ ചുറ്റും ഒന്ന് ശ്രദ്ധിക്കണേന്ന് …” ഗർഭിണി ആയ ആശ ആകെ പേടിച്ചു തളർന്നിരുപ്പാണ്.
“ഈ കൊച്ചിന്റെ കാര്യമോർത്തിട്ടാ.” ചേച്ചി അവളെ നോക്കി പറഞ്ഞു.
“സാരമില്ല, ഫോറസ്റ്റ്കാർ അതിനൊപ്പമുണ്ട്. മയക്കു വെടി വച്ചു അതിനെ പിടിക്കും..”
ചേച്ചി അതും പറഞ്ഞു സ്വയം സമാധാനിക്കാൻ ശ്രമിച്ചു. കതകും ജന്നലും നന്നായി അടച്ചിട്ടുണ്ടോ എന്ന് നോക്കി ഞങ്ങളെല്ലാവരും നിശബ്ദരായി. രാത്രിയുടെ ഓരോ ചെറിയ ഇലയനക്കങ്ങളും ഭയത്തിന്റെ ഇടിമുഴക്കങ്ങളായി. അവൾ കർട്ടൻ മാറ്റി ഇരുട്ടിലേക്കു നോക്കി. റബ്ബർ കാട്ടിൽ നിന്നും രണ്ടു പച്ചക്കണ്ണുകൾ അവൾക്കു നേരെ നീണ്ടുവന്നു. അത് വളരെ സാവകാശം കിണറിനടുത്തേക്ക് നീങ്ങി. തൊട്ടിയിലെ വെള്ളം അൽപ്പാല്പം കുടിച്ചു വീണ്ടും നാലുപാടും നോക്കി. എന്നിട്ട് വീർത്ത വയറും താങ്ങി റബ്ബർ കാട്ടിലേക്കു പതിയെ നടന്നു.
“മോളേ ആശക്കു ഒരു വയ്യായ്ക. ആശുപത്രിയിൽ പോകേണ്ടി വരും. എങ്ങനെയാ ഒരെത്തുമ്പിടിയുമില്ല” അപ്പോഴേക്കും വീർത്ത വയറും താങ്ങി അത് ഇരുട്ടിലേക്കു മറഞ്ഞിരുന്നു.
“ഒരു വണ്ടി വിടണം” ഫോറസ്റ്റ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു..”എന്തെങ്കിലും പ്രശ്നം?”
“ഒരു പ്രസവം.” അവൾ ഇരുട്ടിലേക്കു നോക്കി പറഞ്ഞു.
ഫമിത