Main Menu

അലൈപായുതേ

Malayalam Story

I wandered lonely as a cloud                                           
That floats on high o’er vales and hills

അതെ ഞാനിപ്പോള്‍ ഒരു മേഘമാണ്. തീരെ കനമില്ലാതെ ഒഴുകി നീങ്ങുകയാണ്. എന്താ ണ് ഞാന്‍ കണ്ടത്…? ആകെ മഞ്ഞാണ്…മഞ്ഞിന്റെ കനത്ത മറയ്ക്കപ്പുറത്ത് അവ്യക്തമായി ആരോ…ആരാണത് …? പ്രിയതരമായ എന്തോ ആണെന്ന് മാത്രം മനസ്സിലാകുന്നു. കൈ നീട്ടി ചെല്ലാനൊരുങ്ങുമ്പോഴേയ്ക്കും മാഞ്ഞുപോകുന്ന എന്തോ ഒന്ന്. എന്നിട്ടും എന്തോ അവിടെ തങ്ങി നില്‍ക്കുന്നു. ഒരു കള്ളച്ചിരി പോലെ , അവ്യക്തമായ ഒരു മധുരഗാനം പോലെ . വല്ലാ ത്തൊരു വേദന തോന്നുന്നല്ലോ …

“അലൈപായുതേ കണ്ണാ എന്‍ മനമിഹ അലൈപായുതേ
ഉന്‍ ആനന്ദ മോഹന വേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനമലൈപായുതേ…”
ആരാണ് പാടുന്നത് ? ഞാന്‍ വ്യക്തമായിത്തന്നെ കേള്‍ക്കുന്നുണ്ട്.

മഞ്ഞപ്പട്ടിന്റെ തിളക്കം കണ്ണിലേയ്ക്കിരച്ചു കയറി. അല്ല, മഞ്ഞപ്പട്ടല്ല, ജനലിന്റെ തുറന്നു കിടക്കുന്ന ഒരു പകുതിയിലൂടെ  മഞ്ഞവെയില്‍ അകത്തേയ്ക്ക് തല നീട്ടുകയാണ്. മഞ്ഞൊക്കെ മാഞ്ഞു പോയോ ? ഞാനെന്താണ് കണ്ടത് ? ഓര്‍മ്മയുടെ നൂലിഴകള്‍ കണ്ടെടുത്ത് കൂട്ടിക്കെ ട്ടാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അവ വീണ്ടും വീണ്ടും സ്വയം മുറിഞ്ഞു പോകുകയാണ്.

ഞാനിപ്പോള്‍ വീട്ടിലല്ലേ… എന്റെ മുറിയില്‍…? പഴയ കാഴ്ചകളൊക്കെ ഒരു വേര്‍പാടിന് ശേഷം കാണും പോലെ കാണുകയാണ്. അപ്പോള്‍ ഇതുവരെ ഞാന്‍ എവിടെയായിരുന്നു? കാണുന്നതില്‍ നിന്നൊക്കെ എന്തൊക്കെ ഓര്‍മ്മകള്‍ ഉണര്‍ത്തിയെടുക്കാനാകും എന്ന് ശ്രമിച്ചു നോക്കട്ടെ. എന്തോ ചിലത് മാത്രം ഒരു വലിയ വിടവ്  സൃഷ്ടിച്ചു  കൊണ്ട് ദൂരെയകന്നു മറ ഞ്ഞിരിയ്ക്കുന്നു.

അപ്പുറത്ത് പണിക്കാരുടെ വര്‍ത്തമാനം ഉറക്കെ കേള്‍ക്കുന്നുണ്ട്. ഒന്നതിലേ നടന്നു നോക്കാം എന്ന് തോന്നി.

"പെണ്ണാച്ചാലേയ് പെറാനറിയണം. ഞാനേയ്  പയിനൊന്നെണ്ണത്തിനെയാ പെറ്റ് ”  പന്തിരു കുലം പെറ്റ  പറയിയ്ക്ക്  ശേഷം ഞാനല്ലാതെ മറ്റാര്  എന്ന അഹംഭാവത്തോടെയാണ് പാറുവ മ്മ സംസാരിയ്ക്കുന്നത്.  “ഓരോ പേറ് കഴിയുമ്പഴും ചന്തം കൂടിക്കൂടി വരും. അതല്ലേ ഈ പ്രായ ത്തിലും ഞാങ്ങനിരിയ്ക്കണ്. പയിനൊന്നും പയിനൊന്നു തരാച്ചാലും ചെല ചെല കാര്യങ്ങളില് ഒറ്റക്കെട്ടാ” പാറുവമ്മ നിര്‍ത്താന്‍ ഭാവമില്ല. ശരിയാ, സന്ധ്യയാവുമ്പോ കള്ള് കുടിച്ച് തോന്ന്യാ സം വിളിച്ചു പറയണ കാര്യത്തില് ഒരു വ്യത്യാസവുമില്ല. ബാലു കൂടെയുണ്ടായിരുന്നെങ്കില്‍ ഇതും പറഞ്ഞ് കുറേ നേരം ചിരിയ്ക്കാമായിരുന്നു.

“അതാ, കുട്ടി വര്ണ്ണ്ട് ”. ജാനു പതുക്കെ കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞത് ഞാന്‍ ശരിയ്ക്ക് കേട്ടു. ഇതിലെന്താണാവോ ഇത്ര കണ്ണ് കാണിയ്ക്കാന്‍ള്ള്?  ഓ, പണിയൊന്നും കഴിഞ്ഞിട്ടില്ല. അതു തന്നെ കാര്യം. ജാനുവും മാതുവും പാറുവമ്മയുടെ പ്രസംഗം കേട്ടു കൊണ്ട് പണിയൊക്കെ മറന്ന് അങ്ങനെയിരിയ്ക്കുകയാണ്.“ വെയിലാറീട്ടില്യ കുട്ട്യേ,ത്തിരി നേരം കൂട്യങ്ങ്ട്  കെടന്നോ ളൂ”. പാറുവമ്മ ഉപദേശം തുടങ്ങി. “ക്ഷീണം നല്ലോണങ്ങ്ട്  മാറട്ടെ, ആകെ പരോശായിരി യ്ക്കുണു”. ‘നിയ്ക്കിപ്പെന്താ കൊഴപ്പം, നിയ്ക്കൊരു കൊഴപ്പോല്യ’ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്, തൊടിയിലിറങ്ങി ഒന്ന് ചുറ്റി നടന്നാലോ എന്നാലോചിച്ചു നിന്നു. “എന്തേലും കണ്ടു പേടിച്ചതാവും, ആ കണിയാനെക്കൊണ്ട് ഒരു ചരട് ജപിച്ചു കെട്ട്വേ വേണ്ടൂ. വെറുതെ ആശ്വ ത്രീലോക്കെ കൊണ്ട്വോയി…”  “പാറ്വമ്മേ വര്‍ത്താനം തന്നെ നടക്ക്ണുള്ളൂ ട്ട്വോ. പണ്യൊ ന്ന്വായിട്ടില്യ. മഴെത്തണേനു മുന്നേ ആ കൊപ്ര്യൊന്നു ഒണക്ക്യെടുക്കണംച്ച്ട്ടാ. നാള്യേരം പൊളിയ്ക്കലന്നെ കഴിഞ്ഞിട്ടില്യ”. അമ്മ ബഹളം വെച്ചു കൊണ്ട് വന്നപ്പോള്‍ പാറുവമ്മയുടെ വര്‍ത്തമാനം നിന്നു. ആരെക്കുറിച്ചാണാവോ അവര്‍ പറയുന്നത്? അല്ലെങ്കിലും അവര്‍ക്കെ പ്പോഴും ബാധയും മന്ത്രവാദവുമൊക്കെയാണ് ഇഷ്ടവിഷയങ്ങള്‍. പാറുവമ്മ ഒരിയ്ക്കല്‍ എന്റെ കയ്യില്‍ ഒരു ചരട് കെട്ടിത്തന്നിരുന്നൂലോ.. ഒരു ചോന്ന ചരട്. “എപ്പഴും കയ്യില് കെട്ടിക്കോളൂ കുട്ട്യേ . ദേവീടമ്പലത്തില് പൂജിച്ച ചരടാ. വിചാരിയ്ക്കണതൊക്കെ നടക്കും, നല്ല ഭര്‍ത്താവ് വ രും” എന്നൊക്കെ പറഞ്ഞു കൊണ്ടാണ് കെട്ടിത്തന്നത്. ആ ചരട് എവിടെ? ആരോ അതഴിച്ചു മാറ്റിയല്ലോ? എന്തോ തമാശ പറഞ്ഞു കൊണ്ടല്ലേ അതഴിച്ചത് ? എന്താണ് പറഞ്ഞത് ? ആരാണത്?

തൊടിയിലേയ്ക്ക് തണലെത്തിക്കഴിഞ്ഞു. ചെരിഞ്ഞു നില്‍ക്കുന്ന മാവിന്റെ കൊമ്പില്‍ സുഖമായി ചാഞ്ഞു കിടക്കാം. ഊഞ്ഞാലാടുംപോലെ.  മാവില്‍ ധാരാളം മാങ്ങകളുണ്ട്. അപ്പുറത്ത് കൊന്ന നിറയെ പൂത്തു നില്‍ക്കുന്നു. പെട്ടെന്ന് മാവ് കടമ്പു മരമായി മാറിയല്ലോ. എവിടെ നിന്നോ ഓടക്കുഴലിന്റെ നാദം… ഒരു മയില്‍‌പ്പീലി എന്റെ കവിളില്‍ തലോടിയകന്നു പോയത് പോലെ.

“നിലൈ പെയ്യറാത് ശിലൈ പോലവേ നിന്ട്ര
നേരമാവതറിയാമലെ മിക വിനോദമാന മുരളീധരാ…”

കോളേജ് ഡേ – നൃത്തം കഴിഞ്ഞു ഗ്രീന്‍ റൂമില്‍ വന്നു ചമയങ്ങളഴിയ്ക്കുമ്പോള്‍  ‘ഗോപികാ, ഡാന്‍ സ്‌ ഗംഭീരമായിരുന്നു കെട്ടോ. എന്നേക്കാള്‍ ഇഷ്ടായിട്ടുണ്ട് വേറൊരാള്‍ക്ക് ’ എന്നാരോ പറ ഞ്ഞില്ലേ? ആരാണത്? കൂട്ടുകാരെ ആരെയും ഓര്‍മ്മ വരുന്നില്ല, ഒരു പേരു പോലും…

“എന്താ കുട്ടീ  ത്രിസന്ധ്യയ്ക്കാണോ ആളും വെളിച്ചോല്യാത്തോടത്ത് ഒറ്റയ്ക്ക് പോയിരിയ്ക്ക്യാ. ങ്ങട്ട് പോരൂ . വെളക്ക് വെയ്ക്കണ സമയത്ത്  പ്രാര്‍ത്ഥിയ്ക്ക്യ. ത്തിരി നേരം നാമം ചൊല്ല്വാ. ആ നാരാ യണീയം കൊറച്ചൊന്നു വായിയ്ക്കു. അച്ഛമ്മ കേക്കട്ടെ.”

“അവ്ടിരിയ്ക്ക്യായിരുന്ന്വോ. എവട്യൊക്കെ തെരഞ്ഞു?” – അമ്മയുടെ പരിഭ്രമിച്ച സ്വരം അച്ഛമ്മ യുടെ ശബ്ദത്തിന് പിന്നാലെയെത്തി. എന്താണാവോ ഇത്ര തെരയാന്‍ള്ള്? ഞാനെന്താ ചെറ്യെ കുട്ട്യാ?

അച്ഛമ്മയ്ക്കേറ്റവുമിഷ്ടം നാരായണീയം വായിയ്ക്കാനാണ്. ഞാന്‍ അടുത്തുണ്ടെങ്കില്‍ എന്നെ ക്കൊണ്ട് വായിപ്പിയ്ക്കും. പുസ്തകം തുറന്നപ്പോള്‍ കിട്ടിയത് രാസക്രീഡ. ‘കേശപാശധൃതപിഞ്ഛി കാ…’ ഹരിചന്ദനത്തിന്റെ ഗന്ധമുള്ളില്‍ നിറയും പോലെ… മഞ്ഞപ്പട്ടുലയുന്നു…  മയില്‍‌പ്പീലി യുടെ തിളക്കം ഇമകളിലൂടെ അരിച്ചിറങ്ങുന്നു…

“ഒറക്കം വര്ണ്ണ്ട് ല്ലേ. ന്നാ മതി. ഭക്ഷണം കഴിയ്ക്കാം.” അച്ഛമ്മ വിളക്കെടുത്ത് പൂജാമുറിയി ലേയ്ക്ക് നടക്കുന്നു. എനിയ്ക്കുറക്കം വരുന്നില്ലല്ലോ…?

എല്ലാവരും ഉറങ്ങിക്കഴിഞ്ഞെന്നു തോന്നുന്നു. എന്തൊക്കെ ശബ്ദങ്ങളാണ് മുഴങ്ങിക്കേള്‍ ക്കുന്നത് ? ഈ ശബ്ദങ്ങള്‍ക്കിടയില്‍ ഇവരെങ്ങനെ ഉറങ്ങുന്നു? ജനല്‍ തുറന്നപ്പോള്‍ നല്ല നിലാവ്. നോക്കിനില്‍ക്കാന്‍ തോന്നി. പക്ഷേ തണുപ്പില്ല, നല്ല ചൂട്, മേടച്ചൂട്. ആകാശത്ത് ഒറ്റ നക്ഷത്രം പോലുമില്ല. ഒഴിഞ്ഞ ആകാശം കാണുമ്പോള്‍  മനസ്സില്‍ എന്തോ ഒരു ശൂന്യത ! ആരോ പാടുന്നുണ്ട്. ഈണം ഒഴുകിയെത്തുന്നത് എന്റെ കാലുകളിലേയ്ക്കാണല്ലോ. കാലു കള്‍ ചലിയ്ക്കുന്നുണ്ടോ? എവിടെ എന്റെ ചിലങ്കകള്‍? പൂജാമുറിയിലാണ് സാധാരണ ചിലങ്ക കള്‍ സൂക്ഷിയ്ക്കാറുളളത് . പ്രാക്ടീസിന് ഒരു സമയം അച്ഛന്‍ നിശ്ചയിച്ചിരുന്നു. ആ സമയത്ത് അത് ചെയ്തോളണം. അല്ലാത്തപ്പോള്‍ ഒരു മൂളിപ്പാട്ടോ, ഒരു ചുവടോ മതി അച്ഛനു ദേഷ്യം വരാന്‍.

“തെളിന്ത നിലാവ് പട്ടപ്പഹല്‍ പോല്‍ എരിയുതേ
ഉന്‍ ദിക്കൈ നോക്കി എന്‍ ഇരു പുറുവം നെരിയുതേ
കനിന്ത ഉന്‍  വേണുഗാനം കാറ്റില്‍  വരുകിതേ
കണ്‍കള്‍ സൊരുകി ഒരു വിധമായ്  വരുകിതേ…”
എന്തൊരു വെളിച്ചം ! കണ്ണ് ചിമ്മിപ്പോയി. വെളിച്ചം കണ്ണില്‍ കുത്തിക്കയറിയ പോലെ.

“എന്താ അമ്മൂ , രാത്രി പൂജാമുറീക്കേറീട്ടാ ആട്ടോം പാട്ട്വൊക്കെ?”

ഞാനെങ്ങനെയാ പൂജാമുറിയിലെത്തിയത്? കാലില്‍ ചിലങ്കകളുണ്ടല്ലോ!  അച്ഛന്‍ ശബ്ദം കേട്ട് ഉണര്‍ന്നെണീറ്റു വന്നു ലൈറ്റിട്ടതാണ്.

“ഇപ്പൊ ചെലങ്ക അഴിച്ചു വെച്ച് കെടന്നൊറങ്ങാന്‍ നോക്ക്. പകലാവാലോ? ആ മരുന്ന് കഴിച്ച്വോ? ഡോക്ടറ്  പറഞ്ഞില്ലേ അത് കഴിച്ചാ നല്ല ഒറക്കം കിട്ടും ന്നു. വായോ. അച്ഛന്‍ എടുത്തു തരാം”.

കാര്യമന്വേഷിച്ചു വന്ന അമ്മയോട് അച്ഛന്‍ കണ്ണ് ചിമ്മിക്കാണിയ്ക്കുന്നത് കണ്ടു. എന്താ ഇവര്‍ ക്കൊക്കെ പറ്റിയത്? ആംഗ്യം കാണിയ്ക്കലും സ്വകാര്യം പറച്ചിലും! അച്ഛന്റെ ശബ്ദം താഴ്ന്നു കേട്ടിട്ടില്ല, ഇന്നേവരെ. അമ്മയോടും, അച്ഛമ്മയോടും അച്ഛന്‍ ഇപ്പോള്‍ ഇടയ്ക്കിടെ പതുക്കെ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരും അസ്വസ്ഥരാണല്ലോ? ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ? എപ്പോഴും ശബ്ദവും ബഹളവും. അകത്ത്  അമ്മയു ടേയും, അച്ഛമ്മയുടേയും ശബ്ദം, പുറത്ത്  പണിക്കാരുടെ, ഉമ്മറത്ത് അച്ഛന്റെ, ബാലു വന്നാല്‍ എന്റെ ശബ്ദവും പൊങ്ങും. അച്ഛമ്മയ്ക്കാണേറ്റവും പ്രസരിപ്പ്. ഞാനും ബാലുവും അച്ഛമ്മയെ കളിയാക്കും. അച്ഛമ്മയ്ക്കത് ഇഷ്ടമായിരുന്നു.

അച്ഛന്‍ വല്ലാതെ മാറിയിരിക്കുന്നു. അച്ഛനൊന്നു നോക്കിയാല്‍ മതി, കയ്യും കാലും വിറയ്ക്കുമാ യിരുന്നു. ഇപ്പോള്‍ എന്നെ കണ്ടാല്‍, ഞാനൊന്ന് വെറുതെ നോക്കിയാല്‍ മതി അച്ഛന്‍ തല താഴ്ത്തും . എന്തോ തെറ്റ് ചെയ്തപോലെ…

"അമ്മേ, ആരാ ആ പാടുന്നത്? കൊറേ നേരായി  കേക്ക്ണ്ണ്ടലോ?" അമ്മ ആകെ ഒരവിശ്വാ സത്തോടെ എന്റെയും അച്ഛന്റേയും മുഖത്തേയ്ക്കു മാറി മാറി നോക്കി. ‘ഒന്നൂല്യ, കുട്ടിയ്ക്ക് വെറു തെ തോന്നീതാ, ഒറങ്ങിക്കോളൂ’ എന്നൊരു ധൃതിയോടെ പറഞ്ഞ് ജനലടച്ച്, ലൈറ്റ് ഓഫാക്കി, എ സി ഓണ്‍ ചെയ്ത്  അവര്‍ പോയി. ഇനി എന്താ ചെയ്യാ? എല്ലാരും ഉറങ്ങുകയാണ്. ഇപ്പോഴും പാട്ട് കേള്‍ക്കുന്നുണ്ട്. ഇവരൊന്നുമെന്താ കേള്‍ക്കാ ത്തത്? തോന്നലാണോ? മനസ്സിലുള്ള ഈണം കാതില്‍ മുഴങ്ങിക്കൊണ്ടേയിരിയ്ക്കുകയാണോ?

Music , when soft voices die
Vibrates in the memory

അലക്സ് ജോണ്‍ സാറിന്റെ ക്ലാസ്സാണ്. ഒരു കവിയില്‍ നിന്ന് മറ്റൊരു കവിയിലേയ്ക്ക്, ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയിലേയ്ക്ക്  സാര്‍  ഒരു ലഹരിയിലെന്ന പോലെ നീങ്ങിക്കൊ ണ്ടിരിയ്ക്കുകയാണ്.‘ മിസ്‌ .ഗോപികാ മേനോന്‍, വേര്‍ ആര്‍ യു? ’ സാറിന്റെ പരിഹാസ സ്വരം.‘ സ്വപ്നം കാണുമ്പോഴും ക്ലാസ്സിലാണെന്നുള്ള ബോധം മനസ്സില്‍ അല്പം സൂക്ഷിയ്ക്കണേ’. ക്ലാസ്സിലാകെ ചിരി. പിന്നെ ആരൊക്കെയോ എന്നെ കളിയാക്കി പാടിയിരുന്നല്ലോ “സ്വപ്നസഞ്ചാരിണീ നിന്റെ മനോരഥം…”. എന്തായിരുന്നു എന്റെ സ്വപ്നം? നിലച്ചു പോയ സംഗീതത്തിന്റെ തരംഗങ്ങളാണോ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നത്…? ഇപ്പോള്‍ പാട്ട് കേള്‍ക്കുന്നത് വളരെ ദൂരെ നിന്നാണ്. ഒരിളം തണുപ്പ് കുസൃതി കാണിയ്ക്കുന്ന സുഖത്തോടെ എന്നെ തലോടുന്നുണ്ടല്ലോ? എന്നെ പൊതിയുന്ന തണുപ്പിനെന്തേ ചന്ദനത്തിന്റെ ഗന്ധം? ഉള്ളിലൊരു മയില്‍‌പ്പീലി വിറയ്ക്കും പോലെ… “ഗോപികാ ഒരാള്‍ക്ക് തന്നെ വല്ലാതങ്ങ് ഇഷ്ട പ്പെട്ടിട്ടുണ്ട്. എപ്പോഴും അന്വേഷിയ്ക്കാറുണ്ട് കെട്ടോ.” ആരാണത്…? ആരാണതെന്നോടു പറഞ്ഞത്…?

ജനലിനപ്പുറം നേരമെന്തായിരിയ്ക്കും? ക്ലോക്കില്‍ നോക്കിയപ്പോഴാണ് സമയം എട്ടു മണി. രാത്രിയോ, പകലോ? പാറുവമ്മയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എഴുനേല്‍ക്കാന്‍ തോന്നുന്നില്ല. വെറുതെയിങ്ങനെ കിടക്കാന്‍ ഒരു സുഖം. തലയിണ ഒന്നുയര്‍ത്തി വെച്ച് ചാരിക്കിടന്നപ്പോള്‍ വാര്‍ഡ്രോബിലെ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു. കുട്ടിക്കാലം തൊട്ടേ എനിയ്ക്കിഷ്ടമായിരുന്നു കണ്ണാടി നോക്കി സംസാരിയ്ക്കാന്‍. ഞാന്‍ എന്നെ നോക്കി ചിരിച്ചു. ‘ഹലോ ! ഞാന്‍ ഗോപിക, ഗോപികാ മേനോന്‍’ , ഗോപിക…മറ്റെന്തോ എന്റെ പേരിനോട് ചേര്‍ത്ത് ഞാന്‍ പറഞ്ഞിരുന്നല്ലോ?  എന്താണത് ? എത്ര പരതി നോക്കിയിട്ടും ഓര്‍മ്മയിലെവിടെയും കാണുന്നില്ലല്ലോ? ബാലുവിനോട് ചോദിച്ചു നോക്കാം. റൂമിന്റെ മൂലയ്ക്കുള്ള  ഷെല്‍ഫില്‍ കുറെ പുസ്തക ങ്ങള്‍ കാണാനുണ്ട്. ഒന്ന് നോക്കിയാലോ. എഴുന്നേല്‍ ക്കാന്‍ നോക്കുമ്പോള്‍ തലയ്ക്കാകെ ഒരു കനം. മയക്കം വിട്ടു മാറാത്ത പോലെ. കിടക്കാന്‍ തോന്നുന്നു. വേണ്ട, ഇത്രയും വൈകിയില്ലേ?

കുറെ  ഡയറികള്‍ കാണാനുണ്ട്. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ മാത്രമില്ലല്ലോ. പിന്നെ കുറെ പുസ്തകങ്ങളാണ്. ഡയറി തിരഞ്ഞപ്പോള്‍ അതിന്നിടയിലതാ  ഒരു ചെറിയ പുസ്തകം. ഓട്ടോഗ്രാഫ്! മറിച്ചു നോക്കിയപ്പോള്‍, ‘അവസരങ്ങള്‍ പ്രതിഭയെ തിരഞ്ഞ് പിറകെ അന്വേഷിച്ചെത്തും. കൈ വെടിയാതിരിയ്ക്കുക. നന്ദി, ഈ നവ്യാനുഭവത്തിന്. ആശംസക ളോടെ…’ താഴെ ഒപ്പിട്ടിരിയ്ക്കുന്നത് അശ്വതീദേവി! ഉവ്വ് , ഇപ്പോള്‍ ശരിയ്ക്കുമത്  ഓര്‍മ്മ വരുന്നുണ്ട്. എന്റെ 'രാധാമാധവം…' ടൌണ്‍ ഹാളില്‍ വെച്ചുണ്ടായ ആ  നൃത്ത സന്ധ്യ. സംഘാടകര്‍ പരിപാടി ഏല്പിച്ചപ്പോള്‍, വിശിഷ്ടാതിഥി അശ്വതീദേവിയാണെന്നറിയിച്ച പ്പോള്‍ തന്നെ നിശ്ചയിച്ചിരുന്നു പുതുമകളുള്ള ഒരു നൃത്തശില്പം അവതരിപ്പിയ്ക്കണമെന്ന്. അശ്വതീദേവി ഒരു കൃഷ്ണഭക്തയാണെന്ന് കേട്ടിട്ടുണ്ട്. സുഗതകുമാരിയുടെ കൃഷ്ണകവിതകളില്‍ നിന്ന് സ്വീകരിച്ച വരികള്‍ ചേര്‍ത്ത് ഉചിതമായ രാഗത്തില്‍ ഈണമിട്ട് രാഗമാലിക തയ്യാറാ ക്കി. മോഹിനിയാട്ടത്തിന്റെ നര്‍ത്തകരുടെ കൂടെ കഥകളിയിലെ കൃഷ്ണവേഷം. വിരഹം ഭക്തിയായി പരിണമിച്ച പ്പോള്‍… ഭക്തിയുടെ പാരമ്യത്തില്‍ മീര പാടുമ്പോള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അകമ്പടിയോടെ കഥക് നര്‍ത്തകര്‍. മറ്റ് ക്ലാസ്സിക്കല്‍ നൃത്തകലകളുടെ സവിശേഷതകള്‍ കൂടി കുറച്ച് ചേര്‍ത്തിണക്കി. മുന്‍പില്‍ കത്തിച്ചു വെച്ച കളിവിളക്ക്, ഇരു വശങ്ങളിലും നിറതിരിയിട്ടു കത്തിച്ച നിലവിളക്കുകള്‍, മുകളില്‍ നിറഞ്ഞു കത്തുന്ന തൂക്കുവിള ക്കുകള്‍  നിരത്തി -സ്റ്റേജില്‍ ആ വെളിച്ചം മാത്രം… ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വല്ലാ ത്തൊരു സുഖം തോന്നുന്നു. അശ്വതീദേവിയ്ക്ക്  ആ നൃത്തശില്പം വളരെ ഇഷ്ടപ്പെട്ടുവത്രേ. അ വരെന്നെ പ്രത്യേകം വിളിച്ച് അഭിനന്ദിയ്ക്കുകയുണ്ടായി. “ഗോപികാ, യു ഹാവ് ഡണ്‍ എ ഗ്രേയ്റ്റ് വര്‍ക്ക്. കവിതകള്‍ തന്നെ ഗംഭീരം. ലിറിക്സിന്റെ സെലക്ഷനും കമ്പോസിങ്ങും ഒക്കെ പെര്‍ ഫെക്റ്റ്. ആ കൃഷ്ണവേഷം എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ. കോസ്റ്റ്യൂംസിലും, ഭാവങ്ങളിലും, മുദ്രകളിലുമൊക്കെ ചെയ്ത ആ ബ്ലെന്‍ഡിങ് – സോ നൈസ് . മാര്‍വെലസ് ഫ്യൂഷന്‍! ഐ ഹാവ് നോ വേഡ്സ് ” . അവര്‍ക്കെത്ര പുകഴ്ത്തിയിട്ടും മതി വരുന്നില്ല. അവരുടെ അടുത്ത സ്റ്റേജ് പ്രോഗ്രാമിന് ട്രൂപ്പിനോടൊപ്പം ഒരവസരം ഓഫര്‍  ചെയ്യുകയുണ്ടായി. എന്നിട്ടെന്തു സംഭവിച്ചു? വിളിയ്ക്കാമെന്ന് അത്ര ഉറപ്പിച്ചു പറഞ്ഞതായിരുന്നല്ലോ? കൂട്ടുകാര്‍ക്കൊക്കെ ഓട്ടോഗ്രാഫില്‍  വെറും ആശംസകള്‍ മാത്രം എഴുതിക്കൊടുത്തപ്പോള്‍ എനിയ്ക്ക് ഈ വരി കള്‍ കൂടി കുറിച്ച് തരികയുണ്ടായി. ലോകപ്രശസ്തയായ നര്‍ത്തകി, അവാര്‍ഡ് ജേതാവായ സിനിമാ നടി – അന്നെത്ര സന്തോഷിച്ചു ! പിന്നെന്തുണ്ടായി? ആരായിരുന്നു എന്റെ കൂടെയുള്ളവര്‍?

ഒരു മടക്കി വെച്ച കടലാസ്… കത്താണോ? “ഞാന്‍…രാഗം കാത്തിരിയ്ക്കുന്ന ഒരു പാഴ് മുളം ത ണ്ട്, നിറമണിയാന്‍ വെമ്പുന്ന ഒരു മയില്‍‌പ്പീലി, പൂവണിയാന്‍ കൊതിയ്ക്കുന്ന കടമ്പ്… തരുമോ ഒരു മേഘരാഗം?” ആരാണെന്നില്ല, ആര്‍ക്കാണെന്നില്ല, ഇതെങ്ങനെ എന്റെ പുസ്തകത്തില്‍ വന്നു?

“ഒണര്‍ന്നീരുന്ന്വോ , ന്ന്ട്ട് വെറുതെ ഇവടെ വന്നു നിക്ക്വാ? വേഗം പോയി കുളിച്ചു വരൂ. ന്ന് ബാലേം ദീപൂം വരുംന്ന് പറഞ്ഞിട്ട്ണ്ട്. അപ്പഴയ്ക്കും അമ്പലത്തിലൊക്കെ ഒന്ന് പോയി വരൂ.” അമ്മ എന്റെ കയ്യിലെ കടലാസിലേയ്ക്ക് നോക്കിക്കൊണ്ടാണ് പറയുന്നത്. ബാലു വരുമെന്ന് കേട്ടപ്പോള്‍ ആകെയൊരുത്സാഹം തോന്നി. വരട്ടെ, കുറെ കാര്യങ്ങള്‍ ചോദിയ്ക്കാനുണ്ട്. കുളി കഴിഞ്ഞെത്തിയപ്പോള്‍ അമ്മ പറഞ്ഞു. “ഇന്ന് മുപ്പെട്ട് വെള്ള്യാഴ്ച്യല്ലേ , കൃഷ്ണന്റമ്പലത്തി ല് മാത്രം പോയാ പോര, അപ്പറത്ത് ദേവീടമ്പലത്തിലും പോയി തൊഴണം. ഒറ്റയ്ക്ക് പോണ്ട, പാറ്വമ്മേ കൂട്ടിക്കോളൂ”. “ദേവീടമ്പലത്തിലോ ! അമ്മയ്ക്ക്ന്നെ ഇത്തിരി നേരം മുമ്പേ വിളിയ്ക്കായി രുന്നില്യേ . ഇനി അവട്യൊക്കെ പോയി വരുമ്പഴയ്ക്കും നേരം കൊറേ ആവില്യെ ?” എന്ന് പരിഭ വം പറഞ്ഞു നോക്കി. അമ്മ വിടാന്‍ ഭാവമില്ല. “അതൊന്നൂല്യ, അവര് വരാന്‍ ഉച്ച്യാവും. അപ്പ ഴയ്ക്കും പോയി വരാലോ?”

പാറുവമ്മയോട് അമ്മ എന്തൊക്കെയോ ശബ്ദം താഴ്ത്തി പറയുന്നുണ്ട്. ഒന്നമ്പലത്തില്‍ പോയി വരാന്‍ ഇത്രയും നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണോ? എവിടെ ഞാന്‍ ഷെല്‍ഫിന്റെ മേലെ വെച്ച ആ കത്ത് ? “കത്തോ ഏത് കത്ത്? അതൊക്കെ പിന്നെ നോക്കാം. ഇപ്പൊ ഒന്ന് വേഗം അമ്പലത്ത് പോവാന്‍ നോക്ക്’.” കത്തിന്റെ കാര്യം ചോദിച്ചപ്പോഴേ അമ്മയ്ക്ക് ദേഷ്യം വന്നു.

ദേവീക്ഷേത്രത്തിലേയ്ക്ക് കുറെ ദൂരമുണ്ട്. നടക്കുക തന്നെ വേണം. “ഒന്ന് വേഗം വരൂ പാറ്വമ്മേ . ഇന്ന് ബാലു വരും ത്രേ.” എന്ന് ധൃതി കൂട്ടിയപ്പോള്‍ പാറുവമ്മ പതിവു തമാശ തുടങ്ങി. “അയ്യേ! ചെക്കമ്മാരടെ കൂടെ കൂട്ടുകൂടി നടക്ക്വേ? മോശം!”. അത് കേട്ടാല്‍ എനിയ്ക്ക് ചിരി വരും, ബാലുവി നും. ബാലു എന്റെ ചെറ്യച്ഛന്റെ മകളാണ് – ബാലാംബിക. ഞാനവളെ ബാലു എന്നും അവ ളെന്നെ ഗോപു എന്നും വിളിയ്ക്കും. ‘രണ്ടാളും കൂട്യാ ചെക്കമ്മാരടെ സൊഭാവം തന്ന്യാ’ എന്നാണു പാറുവമ്മ പറയാറുള്ളത്. അത് ശരിയാണ് കേട്ടോ. ഞങ്ങള്‍ അത്ര കൂട്ടാ. മറ്റൊരു കൂട്ടുകാരി യുടെ ആവശ്യം തന്നെ ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. എത്ര വര്‍ത്തമാനം പറഞ്ഞാലും ഞങ്ങള്‍ ക്ക് മതിയാവില്ല. തൊടിയിലൊക്കെ ചുറ്റി നടന്നു മാങ്ങയും, നെല്ലിയ്ക്കയുമൊക്കെ പറിച്ചു തി ന്ന് അങ്ങനെ നടക്കും. “അമ്മൂ, അച്ഛനെ വിളിയ്ക്കണോ? മരം കേറികള്. രണ്ടിനും തമ്മില് കണ്ടാ അപ്പൊ വാല് മൊളയ്ക്കും. അല്ലെങ്കില് പഞ്ചപാവങ്ങളാ.” അമ്മയുടെ ഭീഷണിയും ശകാരവും ഒന്നിച്ചു വരുമ്പോഴേ ഞങ്ങള്‍ വീട്ടിലേയ്ക്ക് കയറൂ.

“ഭവാന്യമ്മടെ  മകന്‍ നിങ്ങളിലൊരാളെ കല്യാണം കഴിയ്ക്കുംന്ന് പറേണ കേട്ടൂലോ.” ഒരിയ്ക്കല്‍ പാറുവമ്മയാണ് അച്ഛമ്മയുടെ വര്‍ത്തമാനത്തില്‍ നിന്ന് കിട്ടിയ വാര്‍ത്തഞങ്ങളെ രഹസ്യ മായി അറിയിച്ചത്. “ആര്, ദീപ്വേട്ടനോ , ഒരാളെയല്ല രണ്ടാളേം കെട്ടിക്കോട്ടേ, ഞങ്ങക്ക് സമ്മതാ.” എന്ന് ഞാന്‍ പറഞ്ഞു. “കുട്ടിയ്ക്ക് തല്ലു കൊള്ളാന്‍ നേരായി. അത്രേ ഞാന്‍ പറയൂ .” എന്നും പറഞ്ഞു പാറുവമ്മ സ്ഥലം വിട്ടു. ഞങ്ങളതും പറഞ്ഞു കുറെ നേരമിരുന്നു ചിരിച്ചു. ദീപ്വേട്ടന്റെ താല്പര്യം എന്റെ നേരെ നീളുന്നത് പലപ്പോഴും ഞാനറിഞ്ഞിട്ടുണ്ട്. കുട്ടിക്കാലം തൊട്ടേ അങ്ങനെയായിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും ബാലുവിന് ദീപ്വേട്ടനെ ഇഷ്ടമാ ണെന്ന് എനിയ്ക്കറിയാമായിരുന്നു. “നീ എടുത്തോടീ, എനിയ്ക്ക് വേണ്ട” എന്ന് ഞാനവളോട് പറ ഞ്ഞിട്ടുണ്ട്. “ഞാനൊരു പകുതി അമ്മ്യാരാണേ, എനിയ്ക്ക് നറുക്ക് വീഴുംന്നു തോന്നണില്യ” എന്ന വള്‍ പറഞ്ഞത് തമാശമട്ടിലാണെങ്കിലും അവള്‍ക്ക് വിഷമമുണ്ടായിരുന്നു. ചെറിയച്ഛന്‍ ഒരു പട്ടത്തിയെയാണ് കല്യാണം കഴിച്ചത് – വരലക്ഷ്മി. കുറെ കാലം ആരും അവരോടു മിണ്ടിയി രുന്നില്ല. പിന്നെ പതുക്കെ ദേഷ്യമൊക്കെ മാറി. “അത് സാരല്യ നമുക്ക് ദീപ്വേട്ടനെ പൂണൂലി ടീച്ച്  കുടുമേം വെപ്പിച്ച് ഒരയ്യരാക്കാം” എന്ന് ഞാന്‍  അതേ മട്ടില്‍ തന്നെ അവളെ സമാധാനി പ്പിച്ചിരുന്നു. “നീ മിണ്ടാതിരിയ്ക്ക്. അതൊക്കെ നിശ്ചയിയ്ക്കണ്ടോരു നിശ്ചയിച്ചോളും.”എന്ന് വലി യ പക്വതയോടെ പറഞ്ഞ് അവള്‍ വിഷയം മാറ്റും. പക്ഷേ… ഞാനെന്താ  ദീപ്വേട്ടനെ എനിയ്ക്ക് വേണ്ടെന്നു പറയാന്‍ കാരണം?

ദേവീവിഗ്രഹത്തിനു മുന്നില്‍ പ്രാര്‍ത്ഥനകളൊന്നും ഓര്‍മ്മയില്‍ വരാതെ നിന്നു. അമ്പലത്തി ന്റെ തെക്കുള്ള പാലമരം പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നുണ്ട്. രാത്രിയാവണം പാലപ്പൂവിന്റെ വാസനയറിയണമെങ്കില്‍. അമാനുഷിക ശക്തികള്‍ക്കാണ് ആ വാസന കൂടുതല്‍ ഇഷ്ടമാവുക എന്ന് അച്ഛമ്മ ഒരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്.

“പാറ്വമ്മേ, പാറ്വമ്മ ഗന്ധര്‍വ്വനെ കണ്ടിട്ട്ണ്ടോ ?” എന്റെ ചോദ്യം കേട്ടപ്പോള്‍  പാറുവമ്മ പേടിച്ചു മിഴിച്ചു നിന്നു.

“ഗന്ധര്‍വ്വനോ, അതാരാ കുട്ട്യേ ?”

പിന്നേ… എപ്പഴും ബാധടേം മന്ത്രവാദത്തിന്റേം കഥകള് പറഞ്ഞു നടക്കണ പാറ്വമ്മയ്ക്ക് ഗന്ധര്‍വ്വനെ അറിയില്ല്യാത്രേ. നിയ്ക്കതത്ര വിശ്വാസം പോര, എന്നാലും പറഞ്ഞു കൊടുക്കാം. “ഗന്ധര്‍വ്വന്മാര്‍ സ്വര്‍ഗ്ഗത്തിലാണത്രേ താമസിയ്ക്കുക , അവിടത്തെ പാട്ടുകാരാ. നല്ല സുന്ദര ന്മാരാ. രാത്രിയായാല്‍ ഭൂമിയില്‍ വരും. പൂക്കളും സുന്ദരിമാരുമാണത്രേ അവര്‍ക്കേറ്റവുമിഷ്ടം.”

“യ്ക്ക് നിശ്ശല്യ കുട്ട്യേ, യ്ക്കാകെ അറീണ ഗന്ധര്‍വ്വന്‍ ന്റെ കുട്ട്യോള്‍ടച്ചനാ. മൂപ്പര് അന്ത്യാമ്പോ ത്തിരി അകത്താക്കി ഉമ്മറത്തിര്ന്ന്ട്ട്  അങ്ങട്ട് തൊടങ്ങും പാടാന്‍. വെളിച്ചാവണ വരെ സൊയ് രം തരില്യ.”

“ഒന്നു വേഗം നടക്കൂ പാറ്വമ്മേ ,  അവരെത്തീട്ട്ണ്ടാവും പ്പോ.”

“യ്ക്ക് പറ്റണ്ടേ കുട്ട്യേ , വയസ്സായില്യേ?”

പറ്റാഞ്ഞിട്ടൊന്നും അല്ല, അമ്പലത്തില്‍ വെച്ച് ആ മാലതി വാരസ്യാരടെ അടുത്ത് കൊറച്ചു നേരം കൂടി സംസാരിയ്ക്കണംന്ന് മോഹണ്ടായിരുന്നു. അത് സമ്മതിയ്ക്കാത്തതിന്റെ ദേഷ്യം തീര്‍ ക്കലാണ്. എത്ര സംസാരിച്ചാലും മത്യാവലില്യ . ശേഖരണോം, വിതരണോം ! ചെറ്യച്ഛന് കാണുമ്പഴൊക്കെ കളിയാക്കും “ങാ, ബി.ബി.സീ, സുഖം തന്ന്യല്ലേ, ജോല്യൊക്കെ സുഖായി നടക്ക്ണില്യെ”? അതെന്താണെന്ന് മനസ്സിലാവാതെ എന്തോ അഭിനന്ദനമാണെന്നു കരുതി പാറുവമ്മ അഭിമാനത്തോടെ ചിരിയ്ക്കും.

ചെറിയച്ഛന്‍ ആളൊരു രസികനാ. അച്ഛനെപ്പോലെയല്ല. കഥ പറയാനും കളിയ്ക്കാനുമൊ ക്കെ ഞങ്ങളുടെ കൂടെ കൂടും. ബാലുവും ചെറിയച്ഛനും കൂട്ടുകാരെപ്പോലെയാണ്. അവളെത്ര ഭാഗ്യവതിയാണെന്നു എപ്പോഴും തോന്നാറുണ്ട്.

വീട്ടിലെത്തുമ്പോള്‍ ഗെയ്റ്റ് കടന്നു ഒരു കാര്‍ പോകുന്നത് കണ്ടു. അത് ദീപ്വേട്ടന്റെ കാറാണ ല്ലോ. “നിങ്ങളെറങ്ങ്യേന്റെ പിന്നാലെ അവര് വന്നു. അവര്ക്ക് പോയിട്ടെന്തൊക്ക്യോ അത്യാവശ്യംണ്ടത്രെ. അതോണ്ട് വേഗം ഊണ് കഴിച്ച് പോവേം ചെയ്തു.” അമ്മയ്ക്ക് പറയാനെ ന്തോ പ്രയാസമുള്ള പോലെ . “ഇപ്പൊ തൃപ്ത്യായില്ല്യേ, എത്ര പറഞ്ഞു വേഗം നടക്കാന്‍?” ഞാനെന്റെ ദേഷ്യം പാറുവമ്മയോടു തീര്‍ത്തു. അമ്മ പാറുവമ്മയുടെ നേരെ നോക്കി മിണ്ടാതെ പോകാന്‍ ആംഗ്യം കാണിയ്ക്കുന്നത് കണ്ടു. പോവുമ്പോള്‍  ‘പാവം കുട്ടി’ എന്ന് അവര്‍ പറയുന്നത് ഞാന്‍ കേട്ടു. ആരെയാണ് അവര്‍ പാവം എന്ന് പറഞ്ഞത് ങും… ബാലൂനെത്തന്ന്യാവും. ഇനി അവള്‍ക്കെല്ലാം ദീപ്വേട്ടന്‍ പറയും പോലെയല്ലേ ചെയ്യാന്‍ പറ്റൂ.

കഴിഞ്ഞ ആഴ്ചയായിരുന്നു അവരുടെ കല്യാണം. ആരും പോയില്ല. ഞാന്‍ പുറപ്പെടുമ്പോള്‍ അമ്മ “എന്താ കുട്ടീ, വല്യമ്മാന്‍ മരിച്ചിട്ട്  രണ്ടു മാസല്ലേ ആയിട്ടുള്ളൂ, പിന്നെങ്ങന്യാ” എന്ന് ചോദിച്ചു. എനിയ്ക്കെന്തോ വല്യമ്മാന്‍ മരിച്ച കാര്യം ഓര്‍മ്മ വന്നതേയില്ല.  ചെറ്യച്ഛന് രണ്ടു ദിവസം മുമ്പേ വന്നു അച്ഛമ്മയെ കൊണ്ടു പോയി. കല്യാണപ്പിറ്റേന്നു തന്നെ അച്ഛമ്മ തിരിച്ചു വന്നു. ക്ഷണിയ്ക്കാന്‍ വന്നപ്പോള്‍ അമ്മായി എനിയ്ക്കൊരു സാരി തന്നിരുന്നു. മയില്‍‌പ്പീലി യുടെ നിറത്തിലുള്ള ഒരു പട്ടുസാരി. “അവളുടെ പുടവ പോലെത്തന്നെയുള്ള സാരിയാ. അവള്‍ പ്രത്യേകം പറഞ്ഞിരുന്നു ഒരേ പോലെയുള്ള സാരി തന്നെ വേണം ഇരുവര്‍ക്കുമെന്ന്.” അമ്മാ യി എത്ര ശ്രദ്ധിച്ചു പറഞ്ഞാലും തമിഴിന്റെ ചുവ ഇടയ്ക്ക് കയറി വരും.

ഞാനൊരിയ്ക്കല്‍ ബാലുവിനോട് പറഞ്ഞിരുന്നു, എന്റെ കല്യാണദിവസം  കല്യാണസ്സാരി പോലെത്തന്നെയുള്ള ഒരു സാരി അവള്‍ക്കും വാങ്ങാമെന്ന്. “നിറം വേറ്യായ്ക്കോട്ടേ, അല്ലെങ്കില്‍ ആള് മാറ്യാലോ” എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞിരുന്നു, അയാള്‍ക്ക് അങ്ങനെയൊരു തെറ്റ് പറ്റില്യാന്ന്. ആരായിരുന്നു, അയാള്‍…? അവള്‍ വെറുതെ പറഞ്ഞതാവും. പാറുവമ്മ പറയണത്  പോലെ രണ്ടാളും കൂടി ചേര്‍ന്നാല്‍ ഇന്നതേ പറയൂ എന്നില്ലല്ലോ? പക്ഷേ… എന്തോ ഒരു തോന്നല്‍… മനസ്സെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടല്ലോ …

I gave myself to him
And took himself to pray

വായിയ്ക്കാനെടുത്ത പുസ്തകത്തിന്റെ പേജുകള്‍ മറഞ്ഞു കൊണ്ടിരുന്നു. പുസ്തകത്തിന്റെ ഉള്ളില്‍ മയില്‍‌പ്പീലി കണ്ട് ഒരിയ്ക്കല്‍ പ്രൊഫ: മാലിനീ മേനോന്‍ കളിയാക്കി. “ചെറിയ കുട്ടി യല്ലേ , മാനം കാണിയ്ക്കാതെ സൂക്ഷിച്ചോ”. അപൂര്‍വ്വമായി മാത്രമേ അവര്‍ ക്ലാസ്സില്‍ മലയാളം പറഞ്ഞിരുന്നുള്ളൂ.

“മയില്‍‌പ്പീലി വെച്ചത് ചെറിയ കുട്ടിയായത് കൊണ്ടൊന്നുമല്ല, എനിയ്ക്കറിയാമല്ലോ… എല്ലാം എന്നോടു പറയാറുണ്ട്.”  ആരാണത് പറഞ്ഞത്…?

“കടിത്ത മനത്തില്‍ ഇരുത്തി പദത്തെ
എനക്ക് അളിത്ത് മകിഴ്ത്തവാ
ഒരു തനിത്ത വനത്തില്‍ അണൈത്ത് എനക്ക്
ഉണര്‍ച്ചി കൊടുത്ത്  മുകിഴ്ത്തവാ
കലൈകടല്‍ അലയിനില്‍ കതിരവന്‍  ഒളിയെന
ഇണൈ ഇരു കഴല്‍ എനക്കളിത്തവാ…”

വൃന്ദാവനം. കടമ്പിന്റെ ചുവട്ടില്‍ രാധയുടെ കാലുകളില്‍ നൂപുരമണിയിച്ചു കൊണ്ടിരിയ്ക്കുന്ന കൃഷ്ണന്‍. രാധയുടെ പാതിയടഞ്ഞ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ സാഫല്യം. പ്രിയത രമായെന്തോ കാതില്‍ കേട്ടത് പോലെ, കാലിലാരോ മയില്‍‌പ്പീലി കൊണ്ട് തടവുന്നു. എനിയ്ക്ക് മാത്രം കാണാനൊരു നൃത്തം – ആര്‍ദ്രമായ ഒരപേക്ഷ…

“ഇനി എന്താ ചെയ്യാ രാഘവാ?”

“എനിയ്ക്കറീല്യ അമ്മേ ,വല്ലാത്തൊരു സങ്കടായിപ്പോയീലോ. ഇങ്ങന്യൊന്നും വന്നുപെടുംന്നു വിചാരിച്ചില്യ ?”

“ഇത്തിരീം കൂടി മയത്തില് കൈകാര്യം ചെയ്താ മത്യായിരുന്നൂന്ന് ഇപ്പൊ തോന്ന്വാ.”

“ഇനി അതൊക്കെ പറഞ്ഞിട്ട് പ്പെന്താ കാര്യം?”

“നമ്മള് പണ്ട് ശേഖരന്റെ കാര്യത്തില് വല്ലാണ്ടെ കടുംപിടുത്തം പിടിയ്ക്ക്യണ്ടായി. അവനെ ഒരുപാട് ശപിയ്ക്ക്യേം, വേദനിപ്പിയ്ക്ക്യേം ഒക്കെ ചെയ്തു. അതിന്റെ ശാപാന്നു തോന്ന്ണു.”

“ശര്യാണ്, ശേഖരനെ ഞാനും വല്ലാത്യൊക്കെ പറഞ്ഞിട്ട്ണ്ട്. അമ്മേ, അത് പിന്നീം ഒരമ്മ്യാ രാന്നു വെയ്ക്ക്യാ. ന്ന്ട്ടന്നെ നമ്ക്ക് ഷ്ടായില്യലോ? ഇതൊരു നസ്രാണി, എങ്ങനെ സമ്മതിയ്ക്കും?”

“പ്രയാസന്ന്യാണ്, പക്ഷേ ഈയവസ്ഥ വരില്യായിരുന്നൂലോ? അവര് ജാതി വേറ്യാച്ചാലും വല്യ തറവാട്ടുകാരാത്രേ. സാമ്പത്തിക സ്ഥിതീം കേമം തന്നെ.അവര്ക്ക് വല്യ സമ്മതൊന്നൂല്യെ ങ്കിലും മകന്റെ ഇഷ്ടം അതാന്നു കണ്ടപ്പോ അവര് വന്നു ചോദിച്ചൂലോ? പിടിച്ചോണ്ട് പോ വേ മതം മാറ്റ്വേ ഒന്നും ചെയ്തില്യലോ? അറുത്തു മുറിച്ചങ്ങട്ട് പറഞ്ഞപ്പോ അവമാനായി ത്തോന്നീട്ട്ണ്ടാവും.”

“അതൊക്കെ ശര്യന്നെ. ന്നാലും അത്രയ്ക്കിഷ്ടണ്ടെങ്കില് വേഗം പോയി വേറെ കല്യാണം കഴി യ്ക്ക്യാണോ ചെയ്യാ?”

“പ്രതീക്ഷിയ്ക്കാന്‍ ല്യാന്നു തോന്നീട്ട്ണ്ടാവും. പിന്നെ നമ്മടെ നിര്‍ബ്ബന്ധം കണ്ടപ്പോ വാശീം. ആരേം കുറ്റം പറഞ്ഞിട്ട് കാര്യല്യ രാഘവാ, നമ്മടെ കുട്ടിടെ വിധി. അവര് വന്നപ്പോ അവളിവിടെ ഇല്ല്യാതിര്ന്നത്  നന്നായി. ഒന്നും നേരിട്ട് കാണ്വേം കേക്ക്വേം ണ്ടായില്യലോ.  ഡോക്ടര് എന്താ പറഞ്ഞ്?”

“ഒന്നും നിര്‍ബ്ബന്ധിച്ച് ഓര്‍മ്മിപ്പിയ്ക്കണ്ടാന്ന് പറഞ്ഞു. പണ്ടേ നല്ല പരിചയള്ള കാര്യങ്ങളൊ ക്കെ എപ്പഴും ഓര്‍മ്മേല്ണ്ടാവും ത്രെ. ഏറെ വെഷമണ്ടാക്ക്യെ കാര്യാണലോ മറന്നു പോയിരി യ്ക്കണത് .ഒരു കണക്കിന് അത് നന്നായി. അവള്‍ക്കത്രേം വെഷമം കൊറയൂലോ? ഇഷ്ടളള കാര്യങ്ങളിലിയ്ക്ക് മനസ്സ് തിരിച്ചു വിട്ടാ മതി , പരമാവധി സന്തോഷായിരിയ്ക്കാന്ള്ള അവസരം കൊടുക്കണംന്നൊക്കെ പറഞ്ഞു. പതുക്കെ ശര്യാവും ന്നാണ് ഡോക്ടരുടെ പക്ഷം. പക്ഷേ നിയ്ക്ക് വല്യ പ്രതീക്ഷ്യൊന്നൂല്യ. കുഞ്ഞമ്മാനും ഇതന്ന്യായിര്ന്നില്ലേ അസുഖം. ഓരോ തലമൊറേലും ഓരോരുത്തര്ക്കെങ്കിലും ണ്ടാവും ന്നൊക്കെ പണ്ട് മുത്തശ്ശന്‍ പറഞ്ഞ ഓര്‍മ്മെണ്ട്. ഇവള്‍ക്കി ത്രേം കാലം കൊഴപ്പോന്നൂണ്ടായിര്ന്നില്യലോ. നേരാംവണ്ണം കിട്ട്യേപ്പോ സമാധാനായ താ. പേടിച്ചിട്ടാ ഇനി കുട്ട്യോളൊന്നും വേണ്ടാന്നു വെച്ചത്. ന്ന്ട്ട് പ്പെന്തേണ്ടായേ?”

“തലേലെഴുത്ത് മായ്ച്ചാ മായില്യാലോ?”

“അവള്‍ക്ക് നൃത്തം പഠിച്ചാ മതീന്ന് എത്ര പ്രാവശ്യം പറഞ്ഞതാ . അപ്പൊ ദീപൂന്റെ കൂടെ വിദേശത്തേയ്ക്കൊക്കെ പൂവാച്ചാ ത്തിരീം കൂടി പഠിപ്പ് നല്ലതല്ലേന്നു തോന്നി. അവട്യാവു മ്പോ ബാല കൂടെണ്ട്. ശേഖരന്റെ ശ്രദ്ധേം ണ്ടാവൂലോ ന്ന് വിചാരിച്ചു. അതോണ്ടാ നിര്‍ബ്ബന്ധി ച്ചത് . ഒന്നും വേണ്ടീര്ന്നില്യ.”

“വര്‍ത്താനം തന്നേള്ളൂ .അതൊരു പാവാ. ഒരു മനക്കട്ടീല്യ. ആര് പറേണതും വിശ്വസിയ്ക്കും. ആ കൂട്ടുകാര്യാണ് പറഞ്ഞ് പിരി കേറ്റീത് ന്നല്ലേ ബാല പറഞ്ഞ്. ആ കുട്ടിടെ ആങ്ങള്യല്ലേ അത്? അവള് ക്ലാസ്സില് എല്ലാരടേം മുമ്പില് വെച്ച് അമ്മൂനെ വല്ലാതെ ശകാരിച്ചൂത്രെ. അതോണ്ടല്ലേ അവളിങ്ങന്യൊക്കെ ചെയ്ത് ? വല്ലാത്തൊരു യോഗം. ശര്യാവും ന്നു വിചാരി യ്ക്ക്യ. ജീവനോടെ കിട്ടീതന്നെ ദൈവാധീനം. അവളെപ്പഴും കൃഷ്ണനെ വിളിച്ചോണ്ടല്ലേ നടക്ക ണത്. കൃഷ്ണന്‍ തന്നെ ശര്യാക്കട്ടെ എല്ലാം.”

“നമ്മളൊക്കെ കൊഴപ്പാക്കി വെച്ചിട്ട് ഇനി ദൈവം നേര്യാക്കട്ടേന്നു പറേണതില് എന്താ അമ്മേ അര്‍ത്ഥം? പെണ്‍കുട്ട്യല്ലേന്ന് വിചാരിച്ച് പേടിച്ച് ഒന്ന് മയത്തില് പെരുമാറീട്ടും കൂടി ല്യ. ന്ന്ട്ടും ഒക്കെ അവതാളായീലോ ? ദീപൂം ഭവാനീം കാലു മാറ്വേം ചെയ്തു.”

“വേറെ  ഇഷ്ടണ്ട് ന്നൊക്കെ പറഞ്ഞാ പിന്നെ ദീപ്വെന്താ ചെയ്യാ? ആരേം ഒന്നും പറഞ്ഞിട്ട് കാര്യല്യ രാഘവാ.”

എന്താണാവോ അച്ഛമ്മേം അച്ഛനും കൂടി സംസാരിയ്ക്കണത് ? ആരട്യോ കാര്യം കിട്ടീട്ട്ണ്ട് വര്‍ ത്താനത്തിന്. ഇവര്‍ക്കും തൊടങ്ങ്യോ പാറ്വമ്മടെ അസുഖം? ഇത്രേം നേരം ഇവരൊന്നിച്ച് സംസാരിയ്ക്കണത് കണ്ടിട്ടേല്യ . ഏതോ ഒരു പെണ്‍കുട്ടിയുടെ കാര്യാണ്ന്നു തോന്നുന്നു. കൃഷ്ണന്‍ ശര്യാക്കട്ടെ ന്നൊക്കെ അച്ഛമ്മ പറഞ്ഞൂലോ. കൃഷ്ണന്‍ ചെലപ്പോ മഹാ കള്ളനാണ്. മോഹി പ്പിച്ച് വേദനിപ്പിയ്ക്കാന്‍ മിടുക്കന്‍. അല്ലെങ്കില് ഒരാളടെ ഇഷ്ടം മുഴ്വോന്‍ പിടിച്ചു വാങ്ങീട്ട് വേറാ ളെ കൂടെ കൂട്ട്വോ? എത്ര സങ്കടം തോന്നും? ആലോചിയ്ക്കുമ്പോത്തന്നെ ഉള്ളിലൊരു വേദന…

“കതറി മനമുരുകി ഞാന്‍ അഴൈത്തവോ
ഇതറ മാതരുടന്‍ നീ കളിയ്ക്കവോ
ഇത് തകുമോ ഇത് മുറയോ ഇത് ധര്‍മ്മം താനോ
കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
മനതില്‍ വേദനൈ മികവൊട്
അലൈ പായുതേ കണ്ണാ..”

“നിങ്ങടെ കൃഷ്ണന്‍ ആളത്ര ശരിയല്ലെന്നാണ് ഒരാള്‍ടെ അഭിപ്രായം .ഇങ്ങനെ ഒരു പെണ്ണി നേം വെഷമിപ്പിയ്ക്കാന്‍ പാടില്ല പോലും.” ആരോ ഒരു നേര്‍ത്ത പരിഹാസത്തിന്റെ മധുരം ചേര്‍ത്ത് ഇടയ്ക്കിടെ എന്നോടു സംസാരിച്ചിരുന്നല്ലോ…?

“ഗോപൂ ആ കൂട്ടുകെട്ട് അത്ര നന്നല്ലാ ട്ടോ. വല്യച്ഛനൊന്നും സമ്മതിയ്ക്കും ന്ന് കരുതണ്ട. വെറു തെ ഓരോ സങ്കടണ്ടാക്കി വെയ്ക്കണ്ട.” എന്തിനാ ബാലു അങ്ങനെ പറഞ്ഞത്? ഏതു കൂട്ടുകെട്ട്?

“നീയെന്തു വിചാരിച്ചു? ഞങ്ങളെന്താ  അത്ര അന്തസ്സില്ലാത്തോരാണെന്നോ? ഞങ്ങള്‍ക്കൊരു നഷ്ടോം വരാനില്ല. കാണിച്ചു തന്നേയ്ക്കാം. നോക്കിക്കോ .” ആരുടെയോ ബഹളം കാതില്‍ മുഴങ്ങുന്നു. ആരെയാണ് ശകാരിയ്ക്കുന്നത്? എന്നെയാണോ…? ആര് ? എന്തിന്…? എന്തിനാണ് എന്റെ മനസ്സിങ്ങനെ നടുങ്ങുന്നത്…?

“ ഗോപൂ ഞാനാദ്യമേ പറഞ്ഞില്ലേ നമുക്ക് പറ്റിയതല്ല ആ കൂട്ടെന്ന്. നീയത് മനസ്സില്‍ നിന്നും കള. അവര്‍ക്കാകാമെങ്കില്‍ നമുക്കും അങ്ങനെത്തന്നെ ആയിക്കൂടെ. ഇനിയും അതു തന്നെ ആലോചിച്ച് ഓരോ സങ്കടങ്ങള്‍ വരുത്തി വെയ്ക്കല്ലേ…” ബാലുവാണല്ലോ അങ്ങനെ പറഞ്ഞത് …എന്തിന്…?

ഇതൊക്കെ സ്വപ്നമാണോ…? അതോ…? കുട്ടിക്കാലത്തേ എനിയ്ക്കുള്ള പ്രശ്നമാ ഇത്. ഉറങ്ങിയെ ണീറ്റാല്‍ കണ്ട സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ സത്യമാണെന്ന് തോന്നിപ്പോകും. ഒരിയ്ക്കല്‍ കൃഷ്ണന്‍ എന്നോടു സംസാരിച്ചുവെന്നും, എന്റെ കൂടെ കളിച്ചുവെന്നും എനിയ്ക്ക് കുറേ  മഞ്ചാടിക്കു രു സമ്മാനമായിത്തന്നുവെന്നും സ്വപ്നം കണ്ട് ആ മഞ്ചാടിക്കുരു ചോദിച്ച് കുറേ നേരം ഞാന്‍ വാശി പിടിച്ച് കരഞ്ഞെന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കാറുണ്ട്.

“വെറുതെ അവളെ കളിയാക്കണ്ട. അവള് ഭാഗ്യം ചെയ്ത കുട്ട്യാ. അതോണ്ടാ ഇങ്ങനത്തെ സ്വപ്നം കാണണ് ” അച്ഛമ്മ എന്റെ പക്ഷം ചേരും.

നടക്കാത്ത കാര്യമായതു കൊണ്ടാ. അല്ലെങ്കില്‍ ഞാനിപ്പോഴും കൃഷ്ണന്‍ എന്റെ കൂടെ കളി ച്ചിട്ടുണ്ടെന്ന് വിശ്വസിച്ചേനെ . പിന്നെയുമെത്ര സ്വപ്‌നങ്ങള്‍…മാനം കാണിയ്ക്കാതെ വെച്ച മയില്‍‌പ്പീലി പോലെ…

കൈത്തണ്ടയിലെന്തോ വേദന പോലെ… ഉതിര്‍ന്നു വീഴുന്ന മഞ്ചാടിമണികള്‍ … അറിയാതെ വിരലോടിച്ചപ്പോള്‍ കൈത്തണ്ടയിലൊരു മുറിവിന്റെ പാട് . ഇതെപ്പോഴാണെന്റെ കൈ മുറിഞ്ഞത് …!

“വേദനകളെയൊക്കെ മധുരമാക്കാന്‍ കഴിവുള്ള ഒരു കെമിസ്ട്രി  കലയിലുണ്ട്. യു ആര്‍ സോ ഗിഫ്റ്റഡ് . ഒരിയ്ക്കലും ഒരു പ്രതിസന്ധിയിലും ഈ കഴിവ് മറക്കരുത് .” – അശ്വതീ ദേവിയുടെ വാക്കുകള്‍ക്കെന്തോ മന്ത്രശക്തിയുള്ളതു പോലെ…

‘ഞാനൊരിയ്ക്കലും ഒറ്റയ്ക്കാകാറില്ല, നൃത്തം സദാ കൂടെയുള്ളപ്പോള്‍ ഞാനെങ്ങനെ ഒറ്റയ്ക്കാ കും?’ ഒരിയ്ക്കല്‍ ഒരഭിമുഖത്തില്‍  ഏകാന്തതയെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ പറഞ്ഞ മറു പടി പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. എന്തിനാണ്  ഞാനിപ്പോള്‍ ഇതൊക്കെ ഓര്‍ക്കുന്നത്…?

അടച്ചിട്ട വാതിലിനപ്പുറം സംസാരം തീര്‍ന്നിട്ടില്ല. ഇപ്പോള്‍ അമ്മയും കൂടിയിട്ടുണ്ട്. എന്താ ണി വര്‍ക്കിത്രമാത്രം പറയാനുള്ളത് ? രാത്രി ഭക്ഷണം കഴിഞ്ഞ ഉടന്‍  അച്ഛന്‍ മരുന്നെടുത്ത് തന്നു. ലൈറ്റ് ഓഫ് ചെയ്ത് പോകുമ്പോള്‍ അച്ഛന്‍ അടുത്ത് വന്നു തലയില്‍ പതിയെ തടവി ‘കണ്ണടച്ചു കിടന്നോ, സുഖമായുറങ്ങിക്കോ’ എന്ന് പറഞ്ഞു. എന്തു പറ്റീ അച്ഛന് ? കുട്ടിക്കാലത്തു പോലും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. ആളുകളിങ്ങനെ മാറുമോ? അച്ഛന്‍  മാത്രമല്ല, എല്ലാവരും – എന്താണിങ്ങനെ?

വര്‍ത്തമാനത്തിന്റെ ശബ്ദം നേര്‍ത്തു വരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് വര്‍ത്തമാനമല്ല. ഒരു പാട്ടിന്റെ അലകള്‍ എവിടെ നിന്നോ ഒഴുകി വരുന്നുണ്ട്. പാല്‍ക്കുടമുടഞ്ഞ് ഒഴുകിപ്പരന്ന പോലെ ആകാശമാകെ നിലാവ്…വാരി വിതറിയ പോലെ നിറയെ നക്ഷത്രങ്ങള്‍… എന്തോ ഒരു ഗന്ധം… പാല പൂത്തുവോ…  ആരാണെന്റെ അടുത്തിരുന്ന് എന്റെ കാലുകളില്‍ തൊട്ട ത്? എന്തിനെന്നറിയാതെ വേദനിയ്ക്കുന്ന മനസ്സില്‍ ഒരു ശ്യാമവര്‍ണ്ണത്തിന്റെ കുളിര്‍മ്മയലി ഞ്ഞതു പോലെ… ഗന്ധര്‍വ്വനാണോ …അല്ല, ഗന്ധര്‍വ്വനല്ല…

“ഒരു നര്‍ത്തകിയുടെ ദേഹി നൃത്തമാണ്. ദേഹം അതിനുള്ള ഉപാധി മാത്രം. പൂര്‍ണ്ണമായ ആത്മ സമര്‍പ്പണമാണ് ആ ധന്യതയുടെ പാരമ്യത്തിലേയ്ക്കെത്തിയ്ക്കുക.” അശ്വതീദേവിയല്ലേ അ ങ്ങനെ പറഞ്ഞത്?

ചന്ദനത്തിന്റെ തണുത്ത ഗന്ധം ഞാനറിയുന്നുണ്ട്. തെന്നി നീങ്ങുന്ന മയില്‍‌പ്പീലിയുടെ തിളക്ക ത്തിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുമ്പോള്‍ എന്റെ കാലുകളിലാരാണ് ചിലങ്ക കെട്ടിത്തരുന്നത് ? ‘ഗോപികേ നീയെന്തിനാണിങ്ങനെ എന്നെത്തേടിയലയുന്നത് ? ഞാന്‍ സദാ നിന്നില്‍ത്തന്നെ ഉണ്ടല്ലോ’ എന്നാരോ മന്ത്രിച്ചുവോ? നവരസങ്ങളിലൂടെ രാസമാറ്റത്തിനു വിധേയമാകുന്ന വേദനകള്‍ക്കിത്ര മധുരമോ…?

 12 Comments to അലൈപായുതേ

  1. കഥയേക്കാൾ കഥാപാത്രങ്ങൾ മനസിൽ നിറയുക എന്നതല്ലേ കഥയുടെ വിജയം?
    അഭിനന്ദനങ്ങൾ…

  2. പേരും കഥാതന്തുവും ഒക്കെ പഴയതാണെങ്കിലും ആധുനീകം എന്ന ലേബലിൽ പടച്ച് വിടുന്ന അറു ബോറൻ കഥകളെക്കാൾ നന്നായി വായിച്ച് പോകാം.

    കഥകളിൽ പുതുമ ഉണ്ടാകണം എന്ന് പറയുമ്പോൾ മനുഷ്യൻ മനസ്സിലാകാത്തത് എഴുതണം എന്നല്ല. മറിച്ച് പുതുയുഗത്തിന്റെ രീതികളുമായി അഭിരമിക്കുന്നവയും കൂടി ആകുകയോ അല്ലെങ്കിൽ പഴയതായാലും പുതുമയുള്ള കഥാതന്തുവോ ആയാൽ നന്ന്.

    ഇതിലും നല്ല കഥകൾ എഴുതാൻ കഴിയട്ടെ.

  3. ആദ്യത്തെ മനസ്സിലാകായ്കകളില്‍ നിന്നും ആകാംഷയില്‍ നിന്നും പതിയെ പതിയെ കാര്യം അറിഞ്ഞ് വരുമ്പോള്‍ ആ പെണ്‍കുട്ടി മനസ്സില്‍ നിറയുകയും ഒരു നൊമ്പരമായി മാറുകയും ചെയ്യുന്നു. കഥാകാരിക്ക് എല്ലാ നന്മകളും.

  4. ലളിതമായി പറഞ്ഞ കഥയില്‍ അവസാനം വരെ വായനക്കാരനെ വായിപ്പിക്കുന്ന എഴുത്ത്. നന്നായിരിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: