അര്‍പ്പണം
“ഇതാ ടീച്ചര്‍ , അര്‍പ്പണ” അനിത പിടിച്ചു വലിച്ചു കൊണ്ട് വന്നതാണ് അവളെ. അരുതെന്ന് പറഞ്ഞാലും കേള്‍ക്കാതെ എപ്പോഴും വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിയ്ക്കുന്ന അനിത അവളെ എന്റെ മുന്നിലേയ്ക്ക് നീക്കി നിര്‍ത്തി.
കലോത്സവത്തിന് അര്‍പ്പണയെഴുതിയ കഥയും കവിതയും വായിച്ചപ്പോഴാണ് എനിയ്ക്ക് അവളെ ഒന്നു നേരിട്ട് കാണ ണമെന്ന് തോന്നിയത്. ഞാനത് അനിതയെ ഏല്പിച്ചു.
“അതിനെന്താ അവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ഞാനി പ്പോ കൊണ്ടുവരാം” എന്നവള്‍ പറഞ്ഞപ്പോള്‍ “ആരാ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലാത്തത്, അതിനെങ്ങനെയാ വായടച്ചിട്ടു വേണ്ടേ” എന്ന് ഞാന വളെ കളിയാക്കി.
“അര്‍പ്പണയെ കാണുമ്പോള്‍ ടീച്ചര്‍ക്കാ പരാതി തീരും. ചിരിയ്ക്കൂല്യ, മിണ്ടൂല്യ.” മറുപടി ഒട്ടും വൈകിയില്ല.
പറഞ്ഞപോലെത്തന്നെ… ഒന്നും മിണ്ടാതെ തല താഴ്ത്തി നില്‍ക്കുകയാണവള്‍. എഴുതു മ്പോള്‍ മാത്രമാണവള്‍ വാചാല എന്നെനിയ്ക്കു തോന്നിപ്പോയി.
“നന്നായി എഴുതുന്നുണ്ടല്ലോ അര്‍പ്പണ. എനിയ്ക്കിഷ്ടായി കുട്ടീടെ കഥകളും, കവിതകളുമൊ ക്കെ.” എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് അവള്‍ മുഖമൊന്നുയര്‍ത്തി നോക്കിയത്. ചെറുതാ യൊന്നു ചിരിച്ചത്. ഇളം നിലാവ് പോലെയുള്ള ഒരു ചിരി – അതെനിയ്ക്ക് വളരെ ഹൃദ്യമായി തോന്നി. എന്തു ചോദിച്ചാലും മറുപടി ഏറ്റവും കുറച്ചു വാക്കുകളില്‍ ഏറ്റവും പതിഞ്ഞ ശബ്ദ ത്തില്‍… എങ്കിലും ഞാനവളുടെ രചനകളെപ്പറ്റി സംസാരിച്ചത് അവളെ സന്തോഷിപ്പിച്ചുവെ ന്നു തോന്നി.
അതുകൊണ്ടാകണം പിന്നെ ഞാനവളെ വിളിയ്ക്കാതെ തന്നെ അവള്‍ എന്നെ അന്വേഷിച്ചു വന്നു തുടങ്ങി. ചിലപ്പോള്‍ എന്തെങ്കിലും സംശയം ചോദിയ്ക്കാന്‍, ചിലപ്പോള്‍ എന്തെ ങ്കിലും പുസ്തകം ചോദിച്ച്, പലപ്പോഴും അവളുടെ രചനകള്‍ കാണിച്ചുതരാന്‍. അവള്‍ ചോദിച്ച പുസ്തകങ്ങളും എനിയ്ക്കിഷ്ടപ്പെട്ട പുസ്തകങ്ങളും ഞാനവള്‍ക്ക് എടുത്തു കൊടുത്തു. വായിച്ച പുസ്തകങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവള്‍ക്കു വലിയ ഇഷ്ടമായിരുന്നു. അവളുടെ ചിന്തകള്‍ പോകുന്ന മാര്‍ഗ്ഗങ്ങള്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി.
എന്നും എന്തെങ്കിലും എഴുതണം എന്ന് ഞാന്‍ പറഞ്ഞത് അത്ര കാര്യമായിട്ടായിരുന്നില്ലെ ങ്കിലും അവളത് ഗൌരവമായിത്തന്നെ കണക്കിലെടുത്തു. അങ്ങനെയാണ് ആനുകാലിക ങ്ങളിലേയ്ക്ക് സൃഷ്ടികളയയ്ക്കാന്‍ ഞാനവളെ പ്രേരിപ്പിച്ചത്. ഇടയ്ക്കിടയ്ക്ക് കഥകളും കവിതകളും അച്ച ടിച്ചു വന്ന പ്രസിദ്ധീകരണങ്ങളുമായി അവള്‍ സ്റ്റാഫ് റൂമിലേയ്ക്ക് കയറി വന്നു.
“ക്ളാസ്സിലങ്ങനെ ഇരിയ്ക്കുന്നൂന്ന് മാത്രം, മനസ്സ് വേറെവിടെയോ ആണ്.” അര്‍പ്പണയെപ്പറ്റി ചില ടീച്ചര്‍മാര്‍ പരാതി പറയുമ്പോള്‍ എനിയ്ക്കറിയാം അധികം താമസിയ്ക്കാതെ എനിയ്ക്ക് ഒരു കഥയോ കവിതയോ വായിയ്ക്കാന്‍ കിട്ടുമെന്ന്.
ആദ്യമായി കിട്ടിയ പ്രതിഫലവുമായി അവള്‍ എന്റെ മുന്നില്‍ വന്നു, എന്ത് ചെയ്യണമെന്ന ചോദ്യവുമായി. ഞാനവളെയും കൊണ്ട് ഒരു ബുക്ക് സ്റ്റാളിലേയ്ക്ക് പോയി. ഇഷ്ടമുള്ള പുസ്തക ങ്ങള്‍ തെരഞ്ഞെടുക്കാന്‍ പറഞ്ഞു. പക്ഷേ അവളെടുത്ത പുസ്തകങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്ക് സന്തോഷിയ്ക്കാനായില്ല. എല്ലാം രാജലക്ഷ്മിയുടെ കൃതികള്‍… എന്തുകൊണ്ടോ രാജലക്ഷ്മിയുടെ കൃതികള്‍ ഇഷ്ടപ്പെട്ടു വായിച്ചിട്ടുണ്ടെങ്കിലും ,അതിലെ കഥാപാത്ര ചിത്രീക രണത്തെപ്പറ്റി യും കര്‍ത്താവിന്റെ കാഴ്ചപ്പാടുകളെപ്പറ്റി യുമൊക്കെ ലേഖനങ്ങള്‍ എഴുതിയിട്ടു ണ്ടെങ്കിലും ആ എഴുത്തുകാരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ എന്തോ കൂടുതല്‍ ഓര്‍ക്കാതിരിയ്ക്കാനാ ണെനിയ്ക്ക് തോന്നാറുള്ളത് . എന്താണെന്റെ മനോഭാവമെന്നു എനിയ്ക്ക് തന്നെ മനസ്സിലായി രുന്നില്ല. അപരിചിതമായ, അവ്യാഖ്യേ യമായ എന്തൊക്കെയോ തോന്നലുകള്‍…! ഞാന്‍ അര്‍പ്പണയെ എം.ടി.യുടേയും മാധവിക്കുട്ടിയുടേയുമൊക്കെ കൃതികള്‍ വായിയ്ക്കാന്‍ പ്രേരിപ്പിച്ചു.
ഒരു ദിവസം അനിതയോടോപ്പമാണ് അര്‍പ്പണ എന്റെ മുന്നില്‍ വന്നത്. ഒരു പെരുമഴയ്ക്കുള്ള കാര്‍മേഘമത്രയും അര്‍പ്പണയുടെ മുഖത്ത് ഞാന്‍ കണ്ടു. അവള്‍ക്കു വേണ്ടി അനിതയാണ് സംസാരിച്ചത്. “ടീച്ചര്‍, അര്‍പ്പണ ഇന്നാള് എഴുതിയ കഥയില്ലേ , അതിലൊരു ചെറിയമ്മ യെ ക്കുറിച്ച് പറയുന്നുണ്ടല്ലോ, ബ്ലഡ് കാന്‍സര്‍ വന്ന ഒരു രോഗി… അത് വായിച്ചിട്ട് അര്‍പ്പണയുടെ അച്ഛന്റെ അനുജത്തിയ്ക്ക് വല്ലാത്ത ദേഷ്യം വന്നു. കഥയിലെപ്പോലെ സംഭവിയ്ക്കുമോ എന്ന് പേടിയാണത്രേ അവര്‍ക്ക്. അവര്‍ അര്‍പ്പണയെ ഒരുപാട് ശകാരിച്ചു. മാത്രമല്ല, ബന്ധുക്കളോ ടൊക്കെ അവളെപ്പറ്റി കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുവെന്ന്”.
“എന്താ, അര്‍പ്പണാ നിന്റെ ചെറിയമ്മയ്ക്കങ്ങനെ തോന്നാന്‍?” എന്ന് ഞാന്‍ ചോദിച്ച പ്പോള്‍ അവള്‍ ഒരുപാടു ബുദ്ധിമുട്ടിയാണ് സംസാരിച്ചത്. “എനിയ്ക്കറിയില്ല ടീച്ചര്‍, ആ കഥയിലെ അന്തരീക്ഷം എന്റെ അച്ഛന്റെ തറവാടും ചുറ്റുപാടുമാണ്. നിറയെ പാടവും പറമ്പും പുഴയുമൊ ക്കെയുള്ള സ്ഥലമാണ് അച്ഛന്റെ നാട്. എനിയ്ക്കത് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനങ്ങനെ എഴുതിയത്. അല്ലാതെ ചെറിയമ്മയുമായി യാതൊരു സാമ്യവും ആ കഥയ്ക്കില്ല. ഞാനെത്ര പറഞ്ഞിട്ടും ചെറിയമ്മയ്ക്കത് മനസ്സിലാകുന്നേയില്ല. ഞാനെന്തോ വലിയൊരു തെറ്റ് ചെയ്ത മട്ടിലാണ് എല്ലാവരും എന്നെ നോക്കുന്നത്”. അവള്‍ അത് തന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എത്ര പറഞ്ഞിട്ടും മതിയാകാത്ത പോലെ. “പോട്ടെ, എഴുതുമ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചേയ്ക്കാം, ഇനി അതോര്‍ത്ത് വിഷമി യ്ക്കണ്ട”. എന്നൊക്കെ പറഞ്ഞു ഞാന്‍ അവളെ ഒരു വിധം സമാധാനിപ്പിച്ചയച്ചു.
അര്‍പ്പണയുടെ ചെറിയമ്മ എന്റെ സുഹൃത്തായിരുന്നു. ഞങ്ങള്‍ കോളേജില്‍ ഒന്നിച്ചായിരു ന്നു പഠിച്ചത്. ആ സ്വാതന്ത്ര്യം കൊണ്ട് ഞാനവളോട് ഒന്ന് സംസാരിച്ചു നോക്കാമെന്ന് കരുതി. ഞാന്‍ സംസാരിയ്ക്കുമ്പോള്‍ അവള്‍ എന്നോടുകൂടി നീരസമുള്ള പോലെ ഇടയില്‍ കയറി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.“എന്തിനാ താന്‍ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നത്. ഒരു കഥയെഴുതുമ്പോള്‍ അച്ഛനമ്മമാരോ, ചെറിയമ്മയോ, വലിയമ്മയോ, ചെറിയച്ഛനോ, വലിയച്ഛനോ ആരെങ്കിലുമൊക്കെ അതില്‍ കഥാപാത്രങ്ങളായി വരില്ലേ? ഇതൊക്കെയ ല്ലേ മനുഷ്യബന്ധങ്ങള്‍? അവളുടെ അച്ഛനും അമ്മയ്ക്കും വിഷമം തോന്നുമെന്നെങ്കിലും താനോര്‍ക്കണ്ടേ. ആരോടുള്ള പ്രതികാരമാ താനവളോടു കാണിയ്ക്കുന്നത്? ഒരമ്മയെ പോലെ അവളെ പ്രോത്സാഹിപ്പിയ്ക്കേണ്ടവളല്ലേ താന്‍? ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിയ്ക്കു ന്നത് ശരിയാണോ?” എന്ന് ഞാന്‍ ഒരു വിധം പറഞ്ഞു നിര്‍ത്തുമ്പോഴേയ്ക്കും “ശരിയും തെറ്റു മൊന്നും താനെന്നെ പഠിപ്പിയ്ക്കേണ്ട. അവള്‍ മനഃപൂര്‍വ്വമാണെഴുതിയത്. ആ ധിക്കാരിയെ ഞാന്‍ വെറുതെ വിടില്ല” എന്നും പറഞ്ഞ് അവള്‍ ഫോണ്‍ താഴെ വെച്ചു. പണ്ടേ വാശിക്കാ രിയായ അവളോടു പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിയ്ക്ക് ബോദ്ധ്യമായി.
കുറച്ചു ദിവസത്തിനുള്ളില്‍ അവള്‍ വീണ്ടും പരാതിയുമായെത്തി. ഇപ്പോഴും അവളുടെ മൌനത്തിന്റെ നാവായി വന്നത് അനിതയായിരുന്നു. “ടീച്ചര്‍, അര്‍പ്പണയോട് അവളുടെ മുത്തശ്ശന്‍ ഇനി എഴുതരുതെന്ന് പറഞ്ഞുവത്രേ. ചെറിയമ്മ ഏഷണി കൂട്ടിയിട്ടാണ്. ജാതക ദോഷം കാരണം കല്യാണം നടക്കാത്ത ഒരു പെണ്‍കുട്ടിയുടെ കഥ ഇവളെഴുതിയിരുന്നി ല്ലേ, ഇവളുടെ ബന്ധത്തിലൊരു സ്ത്രീ ഡിവോഴ്സ് കഴിഞ്ഞു വീട്ടില്‍ വന്നു നില്പുണ്ട്. അവരെ പ്പറ്റിയാണ് ആ കഥ എന്ന് ചെറിയമ്മ മുത്തശ്ശനെ പറഞ്ഞു വിശ്വസിപ്പിച്ചിരിയ്ക്കുകയാണത്രേ”. എന്തോ ആവശ്യ ത്തിനു മ്യൂസിക് ടീച്ചര്‍ വിളിച്ചപ്പോള്‍ അനിത അതിനു പിറകെ പറന്നു പോയി.“നിനക്ക് എഴുതാതിരിയ്ക്കാന്‍ കഴിയുമോ അര്‍പ്പണാ…”എന്റെ ചോദ്യം മുഴുവനാകും മുമ്പേ എഴുതുമ്പോള്‍ എനിയ്ക്ക് കിട്ടുന്ന സുഖവും സമാധാനവും എന്തെന്ന് മറ്റാര്‍ക്കുമറിയില്ല ല്ലോ. എഴുതുമ്പോള്‍ മാത്രമാണ് ഞാന്‍ ജീവിയ്ക്കുന്നു എന്നെനിയ്ക്കു തോന്നാറുള്ളത്. എഴുത്ത് നിര്‍ത്താന്‍ എനിയ്ക്കാ വില്ല ടീച്ചര്‍ ” എന്നവള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ ഉറപ്പിച്ചു തന്നെ പറഞ്ഞു. ശ്വാസം മുട്ടും പോലെ ഒരു നേര്‍ത്ത പിടച്ചിലായിരുന്നു അപ്പോള്‍ അവളുടെ ശബ്ദത്തിന്. എന്താണവളെ ഇത്ര ഒറ്റപ്പെടുത്തുന്നതെന്ന് ചോദിയ്ക്കാനെനിയ്ക്ക് തോന്നിയെ ങ്കിലും ചോദിച്ചില്ല. അതെപ്പോഴെങ്കിലും അവള്‍ തന്നെ എഴുതും. “അര്‍പ്പണാ ഇനിയും എഴുതൂ, എഴുതിക്കൊണ്ടേയിരിയ്ക്കൂ” എന്നു മാത്രം ഞാന്‍ പറഞ്ഞു. “അര്‍പ്പണാ, അച്ഛനും അമ്മയുമൊന്നും നിനക്ക് വേണ്ടി സംസാരിയ്ക്കാറില്ലേ” എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. എന്റെ ഒരു പാടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു അത്.
അധിക ദിവസം കഴിയും മുന്‍പേ കറുത്തു കടുത്ത മൌനവുമായി അവള്‍ വീണ്ടും വന്നു. ഇപ്രാവശ്യം തനിച്ചാണ്. അതുകൊണ്ടായിരിയ്ക്കണം ഒരല്പനേരം മിണ്ടാതെ നിന്ന ശേഷം പതുക്കെ അവള്‍ തന്നെ പറഞ്ഞു തുടങ്ങി. “എന്റെ പുതിയ കഥയില്ലേ, ഒരു മന്ദബുദ്ധി യായ കുട്ടിയെ കുറിച്ചുള്ള കഥ, അത് അനിത വായിച്ചു. അതിനു ശേഷം അവള്‍ എന്നോടു മിണ്ടുന്നില്ല. അവള്‍ക്കു മെന്റലി റിട്ടാര്‍ഡഡ് ആയ ഒരനുജനുണ്ടത്രേ, അവനെപ്പറ്റിയാണ് ഞാനെഴുതിയിരിയ്ക്കുന്ന തെന്നാണ് അനിതയുടെ വിചാരം. അവള്‍ക്കങ്ങനെയൊരു അനുജനു ള്ള കാര്യം തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല. അവളെന്നോടക്കാര്യം പറഞ്ഞിട്ടേയില്ല. അല്ലെന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിട്ടും അവള്‍ വിശ്വസിയ്ക്കുന്നേയില്ല. ടീച്ചര്‍, എം.ടി. യും, മാധവിക്കുട്ടിയുമൊക്കെ അവരുടെ ജീവിത പശ്ചാത്തലങ്ങളെ കഥകളാക്കിയി ല്ലേ? ബന്ധുക്കളെ കഥാപാത്രങ്ങളാക്കി യില്ലേ .ഞാനങ്ങനെ ചെയ്തിട്ടില്ല. എന്നിട്ടു പോലും ഇവരെന്തിനെന്നെ ഇങ്ങനെ ഉപദ്രവി യ്ക്കുന്നു”. അവളുടെ താഴ്ന്ന ശബ്ദം ഒരു വിലാ പത്തിലേയ്ക്കെത്തിച്ചേരും പോലെ എനിയ്ക്ക് തോന്നി. “അര്‍പ്പണാ, നീയെന്തിനാണിങ്ങ നെ അപ്സെറ്റാകുന്നത് . നിന്റെ കര്‍മ്മം എഴുതുക എന്നതാണ്. എന്തൊക്കെ തടസ്സങ്ങളു ണ്ടാക്കിയാലും നിന്റെ കൈകള്‍ക്കും മനസ്സിനും വിലങ്ങിടാന്‍ ആര്‍ക്കുമാവില്ലല്ലോ? കുട്ടി എഴുതൂ. ശേഷമെല്ലാം കാലത്തിനു വിട്ടു കൊടുക്കൂ ”. ഞാന്‍ അവള്‍ക്കു ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. “ശരി ടീച്ചര്‍, എഴുതാതിരിയ്ക്കാനെനിയ്ക്കാ വില്ല. പക്ഷേ ഇനി ആനുകാലി കങ്ങളിലേയ്ക്ക് ഞാനയയ്ക്കില്ല” അത് അര്‍പ്പണയുടെ ശബ്ദമാണെന്നെനിയ്ക്ക് തോന്നിയില്ല.
അര്‍പ്പണ അറിയാതെ ഞാന്‍ അനിതയെ വിളിച്ചു സംസാരിച്ചു. “സോറി ടീച്ചര്‍, ടീച്ചര്‍ ഇതില്‍ ഇടപെടരുത്. ഞാന്‍ എന്റെ അനുജനെപ്പറ്റി ആരോടും ഒന്നും പറയാറില്ല. അര്‍പ്പണയു ടെ കസിന്‍ എന്റെ നെയ്ബറാണ്. ഞാന്‍ പറഞ്ഞിട്ടില്ലെങ്കിലും അവളങ്ങനെ അറിഞ്ഞിരി യ്ക്കാമല്ലോ? അത്ര കൃത്യമായിട്ടാണ് അവന്റെ മാനറിസങ്ങള്‍ അവള്‍ എഴുതിയിരിയ്ക്കുന്നത്. ഞാനും അര്‍പ്പണയും തമ്മിലുള്ള ഫ്രന്‍റ്ഷിപ് അറിയാവുന്നതു കൊണ്ട് പലരും അത് ഞാന്‍ പറഞ്ഞു കൊടുത്തതാണവള്‍ക്ക് എന്നാണു കരുതുന്നത്. അവനുണ്ടായതില്‍ പിന്നെ എന്റെ അമ്മ പുറത്തെവിടേയും പോകാറില്ല. അമ്മ ആ കഥ വായിച്ചിട്ട് കുറെ കരഞ്ഞു. എന്നെ കുറെ ചീത്ത പറഞ്ഞു. എന്നാലും അര്‍പ്പണ എന്നോടിങ്ങനെ ചെയ്തല്ലോ. ഇനി അവളുമായി ഒരു കൂട്ടുകെട്ടുമില്ല. ടീച്ചര്‍ എന്നെ നിര്‍ബ്ബന്ധിയ്ക്കരുത്”. എന്ന് അനിത അറുത്തു മുറിച്ച് പറഞ്ഞു.
“എടോ, തന്റെ അര്‍പ്പണയില്ലേ, ആ മിണ്ടാപ്പൂച്ച , ഇപ്പോഴാകെയങ്ങു മാറിപ്പോയിരി യ്ക്കുന്നല്ലോ. പണ്ടത്തെ കൂട്ട് തൊട്ടാവാടിയൊന്നുമല്ല. അവളെന്നോടു വഴക്കിനു വന്നാരു ന്നു. എ പ്ളസുകാര്‍ക്കുള്ള കോച്ചിങ് ക്ളാസ്സെടുക്കുമ്പം ആ ടെന്‍ത് എ യിലെ മാളവിക അടുത്തിരിയ്ക്കുന്ന കൊച്ചിനോട് വര്‍ത്തമാനോം പറഞ്ഞിരിപ്പാണെന്നേ. ദേഷ്യം വന്നു ഞാന വളെയൊന്നു ശാസിച്ചപ്പം അര്‍പ്പണ പറയുവാ, മനുഷ്യരായാ ചെലപ്പം സംസാരിച്ചെന്നി രിയ്ക്കും, ഇത് ജയിലൊന്നുമല്ലല്ലോ എന്ന്. ആ പെണ്ണ് വല്ലാത്ത ധിക്കാരിയാ കേട്ടോ, വല്യ എഴുത്തുകാരിയാന്നുള്ള അഹങ്കാരമാ”. ബെറ്റി ടീച്ചറുടെ പരാതി മുഴുവന്‍ ഞാന്‍ കേട്ടു കൊണ്ടിരുന്നു. അര്‍പ്പണയുടെ മാറ്റം ഞാന്‍ ശ്രദ്ധിച്ചിരുന്നു. അസഹ്യതയാണവളുടെ ഇ പ്പോഴത്തെ സ്ഥിരം ഭാവം. പ്രിയപ്പെട്ടവരൊക്കെ പേടിപ്പിയ്ക്കുന്ന നിഴലനക്കങ്ങളായി അവളുടെ മനസ്സില്‍ കൂടു കെട്ടിയിരിയ്ക്കുന്നു!
ഒരിയ്ക്കല്‍ അവള്‍ എന്റെ മുമ്പില്‍ വന്നു നിന്നു…വെറുതെ…ഒന്നും പറയാതെ. എന്തോ തിരക്കു മായി ഓടി നടക്കുന്ന വാസുദേവന്‍ മാഷ് “എന്താ കുട്ടീ, ഈയിടെ മാസികകളിലൊന്നും കാണുന്നില്ലല്ലോ” എന്ന് ചോദിച്ചു കൊണ്ട് അതിലെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ പരസ്പരം ഉള്ളറിയുന്ന ഒരു നോട്ടം നോക്കിപ്പോയി.“ടീച്ചര്‍ പണ്ട് എഴുതിയിരുന്നു അല്ലേ” എന്ന് ഒരു ചോദ്യം പിറകെ വന്നപ്പോള്‍ എന്റെ കണ്ണുകള്‍ പിന്‍വലിഞ്ഞു. ഒരു ടീച്ചര്‍ക്ക് അത്യാവശ്യമെന്നു കരുതി ഞാനണിഞ്ഞിരുന്ന ആത്മവിശ്വാസത്തിന്റേയും ശുഭാപ്തിവിശ്വാ സത്തിന്റേയുമൊക്കെ മുഖാവരണത്തിലാണ് അവളുടെ വാക്കുകളുടെ നഖങ്ങള്‍ അമര്‍ന്നി രിയ്ക്കുന്നത്. ഒരു നെടുവീര്‍പ്പു പോലെ അവള്‍ തിരിഞ്ഞകന്നു പോകുന്നത് എന്റെ കുനിഞ്ഞ കണ്ണുകള്‍ കണ്ടു.
അര്‍പ്പണ പിന്നീടെന്നെത്തേടി വന്നത് മോഡല്‍ എക്സാമിന്റെ പേപ്പര്‍ നോക്കിക്കൊടുക്കുന്ന തിരക്കിലാഴ്ന്നിരിയ്ക്കുമ്പോഴാണ്. വീട്ടിലെ അന്തരീക്ഷത്തില്‍ സ്വസ്ഥമായിരുന്നു ചെയ്യാന്‍ കഴി യാത്തതിന്റെ നീരസവും സ്റ്റാഫ് റൂമിലിരുന്നു ചെയ്യേണ്ടി വന്നതിന്റെ അസ്വസ്ഥതയുമൊ ക്കെയായിരിയ്ക്കുമ്പോഴാണ് “ടീച്ചര്‍, എനിയ്ക്കൊരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞു കൊണ്ട് അവള്‍ വന്നത്. “ഇപ്പോള്‍ അല്പം തിരക്കിലാണല്ലോ കുട്ടീ, പേപ്പര്‍ കറക്ഷന്‍ കഴിയട്ടെ. രണ്ടു ദിവസം കഴിഞ്ഞു വരൂ” എന്ന് പറഞ്ഞപ്പോള്‍ അവളെന്റെ മുഖത്തേ യ്ക്കുറ്റു നോക്കി ഒന്നു ചിരിച്ചു. വല്ലാത്തൊരു ചിരി! എവിടെ അവളുടെ നിലാച്ചിരി എന്നൊരാ ധി എന്റെയുള്ളില്‍ നിറഞ്ഞു. പേപ്പര്‍ വേഗം നോക്കിക്കൊടുക്കാതെ വര്‍ത്തമാനത്തിനു നിന്നാല്‍ ശരിയാവില്ല എന്ന് ഒന്നിലധികം പ്രാവശ്യം ഞാന്‍ സ്വയം പറഞ്ഞുറപ്പിയ്ക്കാന്‍ ശ്രമിച്ചു. ജാള്യത നിറഞ്ഞ മനസ്സത് തട്ടിത്തെറിപ്പിച്ച് പരിഭവിച്ച് മുഖം തിരിച്ചു നിന്നു.
പിന്നീട് കുറെ ദിവസം അര്‍പ്പണയെ കണ്ടതേയില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ പറഞ്ഞു “ സ്വയം പ്രഖ്യാപിത സ്റ്റഡി ലീവായിരിയ്ക്കും. ഇത്രേം കാലം കഥേം കവിതേം എഴുതി നടന്ന തല്ലേ. ഇപ്പോഴാവും പഠിത്തത്തിന്റെ ചൂട് കയറിയത്. എ പ്ലസ് പ്രതീക്ഷിയ്ക്കാ വുന്ന കുട്ടിയാണ്. വീട്ടിലിരുന്നു പഠിയ്ക്കുന്നെങ്കിലങ്ങനെയായ്ക്കോട്ടേ”. എങ്കിലും മനസ്സ് സ മ്മതിയ്ക്കാതെ ഞാന വളുടെ വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തു. അവളുടെ അച്ഛനാണ് ഫോണ്‍ എടു ത്തത്. “അര്‍പ്പണയെ കണ്ടിട്ട് കുറെദിവസമായല്ലോ, എന്തു പറ്റി” എന്ന് ഞാന്‍ ചോദിച്ച പ്പോള്‍ അദ്ദേഹം ഒരു നെടുവീര്‍പ്പോടെ ഡിസ്കണക്റ്റ് ചെയ്തു.“നെടുവീര്‍പ്പുകള്‍ക്ക് പലതും പറയാനുണ്ട്” ഭാഷയില്‍ ഭാവഹാവാദികള്‍ക്കുള്ള പങ്കിനെക്കുറിച്ച് പറഞ്ഞു കൊടുക്കുമ്പോള്‍ ഒരിയ്ക്കല്‍ ഞാന്‍ തന്നെ പറഞ്ഞ വാക്കുകള്‍ എന്നെ തിരിഞ്ഞു കൊത്തി. അര്‍പ്പണ എന്തൊ ക്കെയോ പറയും പോലെ എനിയ്ക്ക് തോന്നി. സ്വന്തം അസ്വസ്ഥതകള്‍ക്കു പുറമേ മറ്റുള്ള വരുടേയും കൂടി ഏറ്റുവാങ്ങുന്ന, ഭാവനയ്ക്ക് പഴുതുകളേറെ തുറന്നു കൊടുക്കുന്ന എന്റെ മനസ്സി നെ ഞാന്‍ ശപിച്ചു. പിന്നെ എന്റെ ഭീരുത്വത്തെ പരിഹസിച്ച് സ്വയം സാന്ത്വനിപ്പിച്ചു. മറ്റു പല തിരക്കുകളിലൂടെയും ഒഴുകിപ്പോകുന്ന മനസ്സ് എന്നിട്ടും ഇടയ്ക്കിടെ അര്‍പ്പണയില്‍ മുട്ടിത്തിരിഞ്ഞ് നിന്നു.
പഴയ ചോദ്യക്കടലാസുകളും കുറെ സ്റ്റഡീ മെറ്റീരിയല്‍സുമൊക്കെയായി അവസാന പോരാട്ട ത്തിനു മുന്നോടിയായുള്ള കോച്ചിങ് ക്ളാസ്സിനു സ്കൂളിലെത്തി സ്റ്റാഫ് റൂമിലേയ്ക്ക് കയറിയ പ്പോള്‍ അവിടെ വല്ലാത്തൊരു നിശ്ശബ്ദത! പലപ്പോഴും പല കാര്യങ്ങളും അറിയാതെ പോകുന്ന എന്നെ ഇങ്ങനെയുള്ള നിശ്ശബ്ദത വല്ലാതെ ഭയപ്പെടുത്താറുണ്ട്. മീരട്ടീച്ചര്‍ അ ന്നത്തെ പത്രത്തിന്റെ ഉള്‍ പേജ് എന്റെ മുന്നിലേയ്ക്ക് നീക്കി വെച്ചു. അതില്‍ ഞാനേറെയി ടപ്പെടുന്ന നിലാച്ചിരിയുമായി അര്‍പ്പണ! ഒരു പാടു പ്രതിഷേധങ്ങള്‍ക്കും ശാപങ്ങള്‍ക്കുമുള്ള ഒരേ ഒരു മറുവാക്ക് പോലെ… താഴെ സന്തപ്തരായ കുടുംബാംഗങ്ങള്‍ , ബന്ധുമിത്രാദികള്‍ – പതിവ് വാക്കുകള്‍ പാഴ് വാക്കുകളെന്നു തോന്നിപ്പോയി. ഒരിത്തിരി കരുണ കാണിച്ചിരു ന്നെങ്കില്‍…
ഊഹാപോഹങ്ങള്‍ക്കിടയിലൂടെ നടന്നു പുറത്ത് ഒറ്റയ്ക്കൊരിടം തേടി പോകുമ്പോള്‍ തളര്‍ന്നു തരിച്ച മനസ്സ് പതുക്കെ ഉണര്‍ന്നു തുടങ്ങി.
“ ടീച്ചര്‍, ഞാനൊന്ന് പറയട്ടെ” ഒടുവില്‍ കണ്ടപ്പോള്‍ അവള്‍ ചോദിച്ച ചോദ്യം അവസാ നിയ്ക്കാനിഷ്ടമില്ലാത്ത പോലെ അവിടെ ഞാന്‍ ആവര്‍ത്തിച്ചു കേട്ടു. തളം കെട്ടിക്കിടന്ന എന്റെ മനസ്സിലേയ്ക്ക് ഒരു പാട് ഓളങ്ങളുണ്ടാക്കിക്കൊണ്ട് ഒരു കണ്ണീര്‍ത്തുള്ളി പോലെ അടര്‍ന്നു വീണു അവളുടെ സൌമ്യമായ മുഖം…ഞാന്‍ അന്ന് ആദ്യമായി കണ്ട അര്‍പ്പണ! പെട്ടെന്ന് ആ നിലാച്ചിരി ജ്വലിച്ചു തുടങ്ങി. ഉച്ചവെയില്‍ പോലെ പൊള്ളി. അവളുടെ കണ്ണു കള്‍… ആ നോട്ടം… അവളാകെത്തന്നെ ജ്വലിച്ചു നിന്നു. എന്റെ ഇരുളിലേയ്ക്കു ആളിപ്പടര്‍ന്നു വന്ന ആ ജ്വാലയുടെ വിരല്‍ത്തുമ്പുകളില്‍ പിടിച്ച് ഞാന്‍ ആരാധനയോടെ നിന്നു. ഒരിയ്ക്കലും ഓര്‍ക്കരുതെന്നു കരുതി മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് അമര്‍ത്തിയൊതുക്കി വെച്ചിരുന്നതു മുഴുവന്‍ ആര്‍ത്തിരമ്പി വന്നു തിമിര്‍ത്താടും പോലെ… ആ ഉറഞ്ഞു തുള്ളലില്‍ നിന്നുയരുന്ന വെളിപാട് പോലെ… അര്‍പ്പണ പറയാനിരുന്നതെന്തെന്നു ഞാന്‍ അറിഞ്ഞു…
അപരിചിതമായ, അവ്യാഖ്യേയമായ തോന്നലുകളുടെ മുഴുവന്‍ പൊരുള്‍ എന്നില്‍ നിറഞ്ഞു.
By : Sujaya
Cover Image : sodahead.com
Nice
നന്ദി
നന്ദി