അര്‍ത്ഥാന്തരങ്ങള്‍

'എന്താ മാഷേ മുഖത്തൊരു വല്ലായ്ക.' ഹരീന്ദ്രന്റെ മുഖത്ത് ജാള്യം. എങ്കിലും എവിടെ നിന്നോ എത്തിനോക്കിയ ധൈര്യം സംഭരിച്ച് ഹരീന്ദ്രന്‍ പറഞ്ഞു.
'രാവുണ്ണി ആ ടീച്ചറോട് ചെയ്തത് ശരിയായില്ല.' ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. രാവുണ്ണിയുടെ ചിരി മാഞ്ഞു. ഗൗരവത്തിന്റെ ഛായ.
'ശരിയായില്ല… എന്ത് ശരിയായില്ല?'
ഹരീന്ദ്രന്റെ നേര്‍ക്കുള്ള നോട്ടത്തില്‍ രൂക്ഷത. രാവുണ്ണി കുറേക്കൂടി നിവര്‍ന്നു നിന്നു.
'പുരുഷന് ഭോഗിക്കാനുള്ളവളാണ് സ്ത്രീ. അവളുടെ അഴകില്‍ മനസ്സ് കൊണ്ടെങ്കിലും ഭോഗി ക്കാത്തവരായി ആരാണുള്ളത്? പ്രകൃതിയുടെ അനിവാര്യതയാണത്. ജീവന്റെ നിലനില്‍പ്പിന് ആധാരവും അതുതന്നെയാണ്'ന്യായീകരണത്തിന്റെ നൂലിഴകളില്‍ രാവുണ്ണി ഞാന്നു. ദേവന് മാര്ക്കരികില് ഒന്നിലധികം ഭാര്യമാര്‍ പറ്റിച്ചേര്‍ന്ന് നില്ക്കുന്നു. തീറ്റിപ്പോറ്റാന്‍ സമ്പത്തും കൂടെ ശയിക്കാന്‍ ആരോഗ്യവും ഉണ്ടെങ്കില്‍ എത്ര വേണേലും ആവാമെന്ന് പറയുന്നവര്ക്കരി കിലും വേണ്ടുവോളം സ്ത്രീകള്‍ നിരന്നിരിക്കുന്നു. രാവുണ്ണി അവരെയെല്ലാം മുന്നില്‍ നിറുത്തി. പിന്നില്‍ നിന്ന് ഹരീന്ദ്രനെ എത്തിനോക്കി.
'കാടത്തത്തിലേക്കുള്ള തിരിച്ചുപോക്കാവില്ലേ ഇത്തരം ചിന്തകള്‍.' ഹരീന്ദ്രന്‍ തടയിടാന്‍ ശ്രമിച്ചു.
'ആരാണ് ഉത്തരവാദി? സ്ത്രീയോ പുരുഷനോ? പുരുഷന്റെ കാമത്തെ ഉണര്‍ത്തിയത് ആരാണ്? മാഷ് എന്റെ കൂടെ വരൂ. ഞാന്‍ കാണിച്ചുതരാം ചിലതൊക്കെ.'
രാവുണ്ണി ഹരീന്ദ്രനെയും കൂട്ടി മേല്പോട്ടൊഴുകുന്ന കാലത്തിലൂടെ കീഴ്പോട്ട് പോന്നു. വഴിയരികില്‍ രണ്ട് മാന്പേടകള്. ഹരീന്ദ്രന്‍ ശ്രദ്ധിച്ചു. നിശ്ചലനായി നില്ക്കുന്ന കലമാന്‍. ബദ്ധശ്രദ്ധന്‍. പേടമാന് അവളുടെ കണ്തടങ്ങള് കലമാന്റെ കൂര്ത്തകൊമ്പിലുരസുന്നു. ഒരു ശൃംഗാരത്തിന്റെ നിഴലാട്ടം. അപ്പുറത്തൂടെ ഒരു പെണ്‍കുരങ്ങ് തേക്ക് മരത്തിലേക്ക് ചാടിക യറി. തേക്കിന്റെ തളിരില പറിച്ചെടുത്ത് മുഖത്ത് തേക്കാന്‍ തുടങ്ങി. മുഖം ചുവന്നു. അവള് തയ്യാറെടുക്കുകയാണ്. വശീകരണത്തിന്റെ അര്‍ത്ഥവ്യാപ്തി. അതിനുമപ്പുറത്ത് പശുക്കളതാ ഇണയെ ഉച്ചത്തില്‍ വിളിക്കുന്നു. അവറ്റകള്‍ക്ക് സമയമായിരിക്കുന്നു. അവര്‍ പിന്നേയും നടന്നു. യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന മുഖങ്ങള്‍ പരിചിതം തന്നെ.സര്‍വ്വസംഗപരിത്യാഗിയായ മുനിശ്രേഷ്ഠന്മാരില് കാമത്തിന്റെ കുളിര് പരത്തി ഏകാഗ്രതയെ നശിപ്പിച്ച അപ്സര സ്ത്രീകള്‍ തങ്ങളുടെ കര്‍മ്മവും കഴിഞ്ഞ് തിരിച്ചുപോകുന്നു. രാവണന്റെ സഹോദരിയല്ലേ ആ പോകുന്നത്. ശരീരമാസകലം ചോരയൊലിപ്പിച്ച് അവള് ഓടിയകലുന്നല്ലോ? ആദ്യം രാമനേയും പിന്നീട് ലക്ഷമണനേയും പരിണയിക്കാന്‍ കൊതിപൂണ്ടെത്തിയ രാവണ സഹോദരി. രാമനോടുള്ള സ്നേഹമായിരുന്നില്ല. പ്രാപിക്കാനുള്ള മോഹമായിരുന്നു, ഒരാള്‍ വിട്ടപ്പോള്‍ അടുത്തയാളിലേക്കവളെ നടത്തിയത്.
ഹരീന്ദ്രന്‍ മുടിയഴിച്ചിട്ടിരിക്കുന്ന പാഞ്ചാലിയെ നോക്കി. സന്തുഷ്ടയായ പാഞ്ചാലി. 'കിട്ടിയ ഭിക്ഷ അഞ്ചുപേരോടും കൂടി പങ്കിട്ടെടുത്തോളു മക്കളെ.' കുന്തി പറഞ്ഞപ്പോള്‍ പാഞ്ചാലി എതിര്‍ത്തില്ല. ദുശ്ശാസനന്റെ ചോരയ്ക്ക് വേണ്ടി മുടിയഴിച്ചിട്ട പാഞ്ചാലി അവളെ പങ്കുവെച്ച പ്പോള്‍ മിണ്ടാതെ നിന്നു. ഉള്ളില്‍ വിടര്‍ന്ന കള്ളച്ചിരി പുറത്ത് കാട്ടാതെ.
രാവുണ്ണി ഹരീന്ദ്രനെ മലയുടെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു ഗുഹയ്ക്ക് മുന്നില്‍ ലോത്ത് എന്ന വയോവൃദ്ധനിരുന്ന് തേങ്ങുന്നു. എന്തൊക്കെയോ പിറുപിറുക്കുന്നു. ഹരീന്ദ്രന്‍ ശ്രദ്ധിച്ചു.
'ഭൂമിയില്‍ ഏറ്റവും ശപിക്കപ്പെട്ടവനാണ് ഞാന്‍…' കരച്ചിലടക്കാന്‍ അയാള്‍ വല്ലാതെ പണിപ്പെടുന്നു.
'നോക്ക് ഹരീന്ദ്രന്മാഷെ ഇയാളുടെ പെണ്മക്കള് ഇയാള്‍ക്ക് വീഞ്ഞ് കൊടുത്ത് സ്വബോധം നഷ്ടപ്പെടുത്തി. എന്നിട്ട് ചെയ്തതെന്തെന്നോ? അവര്‍ പിതാവിന്റെ കൂടെ ശയിച്ചു. ആദ്യം ശയിച്ചത് മൂത്തവളായിരുന്നു. പിന്നെ ഇളയവള്‍. തുടര്‍ന്ന് ഊഴം തെറ്റാതെ അവര്‍ അയാളോടൊപ്പം മാറി മാറി ശയിച്ചു.'
വൃദ്ധന്റെ അരികില്‍ രണ്ട് കുഞ്ഞുങ്ങള്‍ കല്ലുരുട്ടിക്കളിക്കുന്നു.
'ഇതാ മൊവ്യാബ്യറും അമ്മോന്യറും. ലോത്തിന്റെ മക്കളില്‍ ലോത്തിന് പിറന്ന കുഞ്ഞുങ്ങള്‍. ഈ കുഞ്ഞുങ്ങളെ ലോത്ത് എന്ത് വിളിക്കും?'
താനറിയാതെ ചെയ്ത അപരാധമോര്‍ത്ത് ലോത്ത് കരയുകയെങ്കിലും ചെയ്യുന്നു. കരയാതെ തളരാതെ ആസക്തിപൂണ്ട് കണ്ണുകളുമായി നില്ക്കുന്ന പിതാക്കളെ നോക്കി പേടിച്ചരണ്ടുപോകുന്ന പെണ്മക്കള്. നടുക്കുന്ന ഓര്‍മ്മകളായി ഹരീന്ദ്രന്റ ചുറ്റും നിന്ന് വിതുമ്പുന്നു. ഹരീന്ദ്രന്‍ നിന്നു. രാവുണ്ണി വീണ്ടും നടക്കാന്‍ ഭാവിച്ചു.
'വേണ്ട തിരിച്ച് പോകാം' അവര്‍ തിരിച്ച് നടന്നു. കാലത്തിന്റെ മേലാപ്പിലേക്ക്.
'ഹരീന്ദ്രന്മാഷേ തുടങ്ങിവെച്ചത് സ്ത്രീയാണ്'
'പക്ഷേ നാം പുതിയ കാലഘട്ടത്തിലല്ലേ'
രാവുണ്ണി ചെറുതായൊന്ന് ചിരിച്ചതേയുള്ളു.
'കാലമെത്ര മാറിയാലും സ്ത്രീ സ്ത്രീയും പുരുഷന് പുരുഷനുമാണ്' മെല്ലെ പറഞ്ഞു.
അയാള്‍ നിന്നു. ദൂരേക്ക് കൈ ചൂണ്ടി. അശോകവനത്തില്‍ കാഷായവസ്ത്രവും ധരിച്ച് സീത ഇരിക്കുന്നു. പ്രലോഭനങ്ങളുമായി മുന്നില്‍ രാവണന്. കായശക്തിയും തപശക്തിയും സമന്വ യിപ്പിച്ച രാക്ഷസശക്തി. ഇന്ദ്രീയങ്ങളെ യഥോചിതം ചലിപ്പിച്ചും നിയന്ത്രിച്ചും ജീവിതചര്യക ളിലും വീക്ഷണങ്ങളിലും സത്ക്കര്‍മ്മങ്ങളുടെ പാന്ഥാവിലൂടെ ചലിച്ചും നേടിയ മനഃശക്തി എതിര്‍മുഖത്ത്. രണ്ടും മുഖാമുഖം എത്തിനില്‍ക്കുന്നു. ഏത് ശക്തിയാണ് മനശക്തിയെ വെല്ലുന്നത്. മനമൊരു നൂലിട ഇടറിയാല്‍ രാക്ഷസാലിംഗനത്തില് അമരാനെ സീതയ്ക്കാവൂ. എന്നിട്ടും മനശക്തിയെ വെല്ലാന്‍ രാക്ഷസശക്തിക്കായില്ല.
'സീതയും സ്ത്രീ തന്നെ മാഷെ' രാവുണ്ണി മെല്ലെ പറഞ്ഞു. ഹരീന്ദ്രനും രാവുണ്ണിയും തിരികെയെ ത്തി. വര്‍ത്തമാനകാലത്തിന്റെ പച്ചപ്പിലേക്ക് അവര്‍ വീണ്ടും വന്നു.
'എന്റെ സ്പര്ശനത്തില് അവള് പുളകമണിഞ്ഞിരുന്നു. അവള് ആഗ്രഹിച്ചില്ലായിരുന്നെ ങ്കില്‍ സര്‍വ്വശക്തിയുമെടുത്ത് എന്നെ അകറ്റിയേനെ. കീഴ്പ്പെടില്ലായിരുന്നു. മരിച്ചാല്‍ പോലും…'
രാവുണ്ണി തെല്ലിട നിറുത്തി.
'എങ്കിലും… രാവുണ്ണി…'
മാഷ് പറഞ്ഞത് എന്തെന്ന് രാവുണ്ണി ഊഹിച്ചു.
'ഞങ്ങള്‍ ആത്മാവ് കൊണ്ട് വിവാഹിതരായി കഴിഞ്ഞു. നിയമപരമായിട്ടാണെങ്കില്‍ ആവാമെ ന്ന് മാത്രം. എന്തായാലും എനിക്കവളെ വേണം. എന്റെ സ്വാര്‍ത്ഥതയെന്നോ വഞ്ചനയെ ന്നോ എന്ത് വേണമെങ്കിലും പറഞ്ഞോളു. എനിക്കവളെ പോറ്റാനുള്ള ശക്തിയുണ്ട്.'
രാവുണ്ണി ഹരീന്ദ്രനില്‍ നിന്ന് പോകാന്‍ തുടങ്ങിയിരുന്നു. അയാള്‍ക്ക് പുറകെ പങ്കജാക്ഷി ടീ ച്ചറും. ദൂരേയ്ക്ക് പോകുന്ന അവരെ നോക്കി ഹരീന്ദ്രന്‍ നിന്നു. ഒരുപാട് ദൂരെയെത്തി ടീച്ചര്‍ തിരിഞ്ഞുനോക്കി. അവ്യക്തമായ മുഖഭാവം ഹരീന്ദ്രന്‍ വായിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഹരീന്ദ്രന്‍ ഒന്നറിഞ്ഞു. ടീച്ചര്‍ രാവുണ്ണിയുടെ പുറകിലാണെന്ന്.
ഹരീന്ദ്രന്‍ ഗ്യാലറിപടിയില് എഴുന്നേറ്റിരുന്നു. കുട്ടികളുടെ പരിശീലനം കഴിഞ്ഞിരിക്കുന്നു. മൈ താനം വിജനമാണ്. ഹരീന്ദ്രന്‍ ഇറങ്ങി നടന്നു. കുറച്ചപ്പുറത്ത് ഊരകം മലയാണ്. ഹരീന്ദ്രന്‍ മലമുകളിലേക്ക് നടക്കാന്‍ തുടങ്ങി. വഴിയരികില്‍ മഴുവിനിരയാകാന് കാത്ത് നില്ക്കുന്ന ചെ റുമരങ്ങള്. അവയ്ക്കിടയില്‍ മരച്ചീനിയും വാഴയും കുരുമുളകും പച്ചക്കറികളും കൃഷി ചെയ്തിരിക്കു ന്നു. മലമുകളിലേക്കുള്ള വഴി വളഞ്ഞ് പുളഞ്ഞ് നീളുന്നു. അവിടവിടെ കല്‍മടകള്‍. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ വഴിനടത്തക്കാര് വിരളം. ഹരീന്ദ്രന്‍ മലമുകളിലെത്തി. ഒരു പാറയില്‍ ഇരുന്നു. ചുറ്റുപാടും നോക്കി. പ്രകൃതി എത്ര സുന്ദരിയാണ്. മതിവരാത്ത ദൃശ്യങ്ങള്‍. നോക്കി യിരിക്കാന്‍ കൊതിയാകുന്നു. അങ്ങ് പടിഞ്ഞാറ് വിരഹാര്‍ത്തനായ സൂര്യന്. എന്തിനൊക്കെ യോ മറപിടിക്കാന്‍ രാത്രി വന്നെത്തുകയാണ്. വന്യമായ ഇരുട്ടിന് വഴി ഒരുക്കാന്‍ വെളിച്ചം വഴിമാറുന്നു. ഇരുട്ടകറ്റാന്‍ വെളിച്ചം വേണ്ടിയിരിക്കുന്നു. അവിടവിടെ എത്തിനോക്കുന്ന ഇ ത്തിരിവെട്ടം… വന്നെത്തുന്ന വലിയ വെളിച്ചത്തെ വരവേല്‍ക്കും മുമ്പ് കടന്നെത്തുന്ന ഉറ ക്കമെന്ന ചെറിയ മരണം. വരാന്‍ പോകുന്ന വലിയ ഉറക്കത്തിനായുള്ള തയ്യാറെടുപ്പ്.
'ആ ഉറക്കമിങ്ങ് എത്തിയെങ്കില്‍…' ഹരീന്ദ്രന്‍ മലര്‍ന്ന് കിടന്നു. ചിന്തകളുടെ വേലിയേറ്റം. ഉറക്കത്തെ മാടിവിളിക്കുന്നവര്‍. സ്വയം ഉറക്കത്തെ പുണരുന്നവര്‍. ഉറക്കത്തെ ഭയപ്പെടു ന്നവര്‍.
'ഏല്‍പ്പിച്ച കര്‍മ്മം ചെയ്തുതീര്ക്കാനാകാതെ അതിന്റെ ഫലം അനുഭവിക്കാതെ എന്നിലെ ആത്മാവിന് പോകാന്‍ കഴിയുമോ. മനസ്സില്‍ അനാഥത്വം പേറി നടക്കാന്‍ വിധിക്കപ്പെട്ട ഏതോ ആത്മാവായിരിക്കും എന്നില്‍.'
ഓരോന്ന് ആലോചിച്ച് സമയം പോയതറിഞ്ഞില്ല. നിശബ്ദത ഹരീന്ദ്രനെ വലയം ചെയ്തു. നിലാവിന്റെ നേര്‍ത്ത പുഞ്ചിരിക്ക് മേല്‍ ഇരുട്ടുമറ വീണു. എങ്കിലും നക്ഷത്രങ്ങള്‍ മാത്രം അത് കണ്ടു. തണുപ്പ് വന്നെത്തിയിരിക്കുന്നു. വസ്ത്രത്തിന്റെ ചെറിയ ജാലകത്തിലൂടെ കടന്ന് തണുപ്പ് ശരീരത്തില്‍ ഒന്നു തൊട്ടു. തണുപ്പിന് ഹേമന്തത്തിന്റെ കുളിര് ഇല്ലായിരുന്നു. ഹരീ ന്ദ്രന്‍ തണുപ്പിന്റെ പുതപ്പിലൊന്ന് ചുരുളാന്‍ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. ഒരു ചീവീടിന്റെ ചിലച്ചില് അതെല്ലാം തട്ടിയകറ്റി. വടിയെടുത്ത് അതിനെയൊന്ന് അടിക്കാന്‍ തോന്നി. പു ഞ്ചിരിയും നിര്‍വൃതിയും മാഞ്ഞമുഖം കൊണ്ട് ഒരു ഗോഷ്ടിയെങ്കിലും അതിന് നേരെ തൊടുക്ക ണം. പക്ഷേ ഈ ഇരുട്ടത്ത്…എങ്കിലും ചുറ്റിലും കണ്ണോടിച്ചു. ദൂരെ ഒരു വെളുത്ത രൂപം. നിമിഷാര്‍ദ്ധം കൊണ്ട് തണുപ്പ് അകന്നു പകരം ഒരു നനവ്. വസ്ത്രങ്ങള്‍ നനവിലേക്ക് പറ്റിചേര്‍ന്നു. സൂക്ഷിച്ച് നോക്കി. ആരോ ഇരിക്കുന്നു. വെളുത്തവസ്ത്രം ധരിച്ച സ്ത്രീ. അവരില്‍ വെളിച്ചം വീഴാന്‍ തുടങ്ങി. ഹരീന്ദ്രന്‍ അവിടേക്ക് നടന്നു. അവര്‍ ചിരിച്ചു. സുന്ദരി. അവരുടെ മുടി നെറുകയില്‍ അലക്ഷ്യമായി കെട്ടിവച്ചിരിക്കുന്നു. അതില്‍ ചോര കട്ട പിടിച്ചിരിക്കുന്നു. നെറ്റിയില്‍ അവിടവിടെ ചോരപ്പാടുകള്‍. ഹരീന്ദ്രന്‍ ഒന്ന് നടുങ്ങി. രണ്ടടി പിന്നോക്കം വച്ചു.
'പേടിക്കേണ്ട. ഉപദ്രവിക്കാന്‍ വന്നതല്ല. വഴികാണാതെ ഇരുട്ടില്‍ തപ്പുന്ന നിനക്ക് വഴികാ ട്ടാന്‍ വന്നതാണ്. ഒരു പുരുഷനും ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആകില്ല. പക്ഷേ ഇന്ദ്രിയങ്ങളെ വെ ല്ലാന്‍ കെല്പ്പുള്ളവന് അത്തരം സഞ്ചാരം സാധ്യമായേക്കാം. സ്ത്രീ ഉണ്ടെങ്കിലെ പുരുഷന് പൂര്ണ്ണനാകു. അതുപോലെ തിരിച്ചും.'
ഹരീന്ദ്രന്റെ ഭയം തെല്ലൊന്ന് അകന്നു.
'നിങ്ങള്‍ ആരാണ്?'
അവരില്‍ കൂടുതല്‍ ശോഭ പരക്കാന്‍ തുടങ്ങി. ഈ സൗന്ദര്യമല്ലേ കുറെമുമ്പ് ആസ്വദിച്ചത്. കണ്‍കുളിര്‍ക്കെ കണ്ടത്. ഈണം പോലെ മനസ്സിലേക്ക് കടന്നുവന്നത്…അതെ…പാഞ്ചാലി. ഹരീന്ദ്രന്‍ ഒന്ന് പുറകോട്ട് മാറി. പാഞ്ചാലി മുന്നോട്ടുനീങ്ങി.
'നമുക്ക് നടക്കാം ഹരീന്ദ്രന്‍' അവള് നടന്നുകഴിഞ്ഞു. ഹരീന്ദ്രന്‍ കൂടെ നടന്നു. മുന്നില്‍ വഴി മാത്രം തെളിയുന്നു. ഹരീന്ദ്രന്‍ ആലോചിച്ചു. പ്രപഞ്ചത്തിന് നല്കപ്പെട്ട സ്ത്രീവേഷമല്ലേ പാഞ്ചാലി. പഞ്ചഭൂതങ്ങളാകുന്ന പാണ്ഡവര്‍ക്ക് വിഹരിക്കാന്‍ ഒരു ഇടമായവളല്ലേ പാഞ്ചാ ലി. പ്രപഞ്ച ചലനം സാധ്യമാകാന്‍ പഞ്ചഭൂതങ്ങളുടെ രതിക്രീഡയല്ലേ പാഞ്ചാലീപാണ്ഡവ പരിണയം…
ആലോചനകള്‍ ഇടയ്ക്കൊന്ന് മുറിഞ്ഞു. പാഞ്ചാലി പറയാന്‍ തുടങ്ങി. 'രാവുണ്ണിയുടെ കൂടെ വന്നതും രാവുണ്ണി പറഞ്ഞതും ഒക്കെ ഞാന്‍ കണ്ടു. കേട്ടു. അവന് അവന്റെ ഭാഗം ന്യായീ കരിച്ചു. അവന്റെ ചെയ്തികളില്‍ ശരി നിറയ്ക്കാന്‍.' പാഞ്ചാലി ഹരീന്ദ്രനെ നോക്കി. ഒരു മറു പടിക്കായി കാത്തിരിക്കുന്നപോലെ. എന്ത് പറയണം? ഹരീന്ദ്രന്‍ കുഴങ്ങി. പറയാതെ തരമില്ല.
'രാവുണ്ണി പറഞ്ഞതിലും ശരിയില്ലേ. അര്‍ജുനനല്ലേ നിങ്ങളെ വരിച്ചത്. സഹോദരന്മാര് എല്ലാവരും കൂടി ഉപയോഗിക്കാനായി അനുവാദം മേടിച്ചപ്പോള്‍ നിങ്ങളിലെ സ്ത്രീത്വം… സ്ത്രീയുടെ പവിത്രത ചവിട്ടിമെതിക്കുകയായിരുന്നില്ലേ'
വാക്കുകള്‍ക്ക് തഴമ്പ് വീണിരിക്കുന്നു. പാഞ്ചാലിയുടെ നിര്‍വ്വികാരിത അത് പ്രകടമാക്കുന്നു.
'ഹരീന്ദ്രന്റെ…തീവ്രമായ പ്രതികാരത്തില്‍ നിന്ന് ഉയിര്‍കൊണ്ട ഹോമാഗ്നിയില്‍ നിന്ന് ഉടലെടുത്തവളാണ് ഞാന്‍. ദ്രോണനേയും അദ്ദേഹത്തിന്റെ വംശത്തേയും ഇല്ലായ്മ ചെയ്യാനുള്ള കളമൊരുക്കുകയായിരുന്നു എന്റെ ദൗത്യം.'
ഹരീന്ദ്രന്‍ നോട്ടത്തില്‍ ആശ്ചര്യമുണ്ടായിരുന്നു. അവര്‍ അത് കണ്ടു. പാഞ്ചാലി തുടര്‍ന്നു.
'ദ്രോണന്റെ പിതാവിന് അപ്സര സ്ത്രീയെ കണ്ട് സ്ഖലനമുണ്ടായി. അത് ഒരു കുടത്തലാക്കി. ആ കുടത്തിലാണ് ദ്രോണന്റെ ജനനം. പുരുഷന്റെ മാരകമായ ശക്തിയാണ് അയാള്‍ക്ക്. ബുദ്ധികൂര്മ്മതയുണ്ട്. ആ പൗരുഷത്തെ വെല്ലാന്‍ ഒരു മഹായുദ്ധത്തിന്റെ ആവശ്യകതയും ഉണ്ടായിരുന്നു.'
'നിങ്ങള്ക്കെന്നിട്ടും ആ മഹാചാര്യനെ വെല്ലാനായില്ല. ചതിച്ചു. യുദ്ധധര്‍മ്മങ്ങള്‍ മറന്നു. ധര്മ്മപുത്രന് വരെ കളവ് പറഞ്ഞു. പുത്രന്റെ വിയോഗവാര്‍ത്ത താങ്ങാനാകാതെ ആ പിതൃഹൃദയം തകര്ന്നുനിന്നപ്പോള് നിങ്ങള്‍ ചതിച്ചു.' ഇടയ്ക്ക് കയറി പറയാതിരിക്കാന്‍ ഹരീന്ദ്രന്‍ കഴിഞ്ഞില്ല.
ഉത്തരം കിട്ടാത്ത പ്രഹേളികകള്‍. പാഞ്ചാലി തല കുമ്പിട്ട് നിന്നു. ചതിക്കുഴികള്‍ ഓരോന്നും തെളിഞ്ഞ് വരുന്നു. ഹരീന്ദ്രന്‍ പറഞ്ഞുകൊണ്ടേയിരുന്നു.
'ഭാര്ഗവരാമന് നല്കിയ അസ്ത്രശസ്ത്രങ്ങളെ വെല്ലാന്‍ കഴിയില്ലെന്നറിഞ്ഞിട്ടല്ലേ ആ മഹാത്മാവിനെ വധിക്കാന്‍ കെണിയൊരുക്കിയത്. ഇത്തരം കെണികള്‍ ഇതാ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു.' ഹരീന്ദ്രന്റെ കണ്ഠം ഇടറിയിരുന്നു. ഹരീന്ദ്രന്‍ പാഞ്ചാലിയുടെ മുമ്പില്‍ കൈകൂപ്പി. 'ദേവീ… എന്ത് പാപം ചെയ്തിട്ടാ ഞങ്ങള്‍ക്കീ ദുര്‍വിധി. നിങ്ങള്‍ തുടങ്ങി വെച്ച വീഥിയിലൂടെ മാനവന് ഇന്നും ചരിക്കുന്നു. പരസ്പരം കെണികളൊരുക്കി കാത്തിരിക്കുന്നു.'
'ഹരീന്ദ്രാ അതല്ല സത്യം' പാഞ്ചാലിയുടെ ശബ്ദം ഉയര്‍ന്നു. അവര്‍ കിതച്ചു. 'ദ്രോണാചാര്യര്‍ സ്വയം മരണം വരിക്കുകയായിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുത്ത ശിഷ്യര്‍ക്ക് ജയിക്കാന്‍. ദ്രുപദ മഹാരാജാവ് ഒരു സാധാരണക്കാരനെ പോലെ മുന്നില്‍നിന്ന പ്പോഴും ആചാര്യരുടെ പെരുമാറ്റം അവര്‍ണ്ണനീയമായിരുന്നു. സൗഹൃദത്തിന്റെ മഹനീയ തയിലേക്ക് കയറിച്ചെല്ലാന്‍ സുഹൃത്തിനെ അദ്ദേഹം ക്ഷണിച്ചു. അപ്പോഴും ആ വലി യ മനസ്സ് കാണാന്‍ എന്റെ പിതാവിനായില്ല. അദ്ദേഹത്തിന്റെ ശത്രുതയും പകയും വിദ്വേഷവും ഇരട്ടിച്ചതേയുള്ളു.'
ഹരീന്ദ്രന്‍ മനസ്സുകൊണ്ട് ആചാര്യരുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. സ്നേഹബന്ധങ്ങള്‍ ക്ക് ബലം വെയ്പ്പിക്കുന്ന ത്യാഗസന്നദ്ധതയ്ക്ക് മുന്നിലെ പ്രണാമം. പാഞ്ചാലി തുടര്‍ന്നു. 'ആചാ ര്യന്റെ അഭിമാനം രക്ഷിച്ചത് പാണ്ഡവരാണ്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിജയീഭവ എന്ന് പറഞ്ഞ് അര്‍ജ്ജുനനെ അനുഗ്രഹിച്ചത് അതുകൊണ്ടാണ്. അതിന്റെ സാക്ഷാത്ക്കാ രത്തിന് ആചാര്യന് സ്വയം തോറ്റുകൊടുക്കുകയായിരുന്നു. ആചാര്യന് അറിയാമായിരുന്നു. അശ്വത്ഥാമാവ് മരിച്ചിട്ടില്ലെന്ന്. പാണ്ഡവര്‍ കെണിയൊരുക്കുകയാണെന്ന്….' പാഞ്ചാലി തേങ്ങി കരയാന്‍ തുടങ്ങി.
'ദേവീ…' എന്ത് ചെയ്യണമെന്നറിയാതെ ഹരീന്ദ്രന്‍ വിഷമിച്ചു.
'അരുത്, എന്നെ അങ്ങിനെ വിളിക്കരുത്. ആ വിളിക്ക് ഞാനര്‍ഹയല്ല. എല്ലാറ്റിന്റേയും കാരണക്കാരി ഞാനായിപ്പോയല്ലോയെന്നോര്ത്ത് മനസ്സ് നീറുകയാണ്. ഒരു സ്ത്രീയെ കൊണ്ട് എന്തെല്ലാം ചെയ്യിക്കാമോ അതൊക്കെ എന്നെകൊണ്ടവര്‍ ചെയ്യിച്ചു. എന്നിലെ ദുര, അഹം, സ്വാര്‍ത്ഥം അത് നിര്‍വ്വഹിച്ച് കൊടുക്കുകയും ചെയ്തു. ഞാനൊരു പാപിയാണ്.'
കരച്ചിലടക്കാനാകാതെ പാഞ്ചാലി നിലത്തിരുന്നു.
എങ്ങിനെയാണിവരെ സമാധാനിപ്പിക്കുക. വേണ്ട. അവര്‍ കരയട്ടെ. കടന്നുവന്ന പാതക ളില്‍ ചെയ്തുവെച്ച ദുഷ്കര്‍മ്മങ്ങള്‍ മനസ്സിനെ നുള്ളിനോവിക്കുമല്ലോ. ഹരീന്ദ്രന്‍ അവരുടെ അരികിലിരുന്നു. പാഞ്ചാലി കണ്ണ് തുടച്ചു. 'സ്വയംവരപ്പന്തലില്‍ കര്‍ണ്ണനാണ് ആദ്യം വില്ല് കുലച്ചത്. എനിക്കറിയാം ലക്ഷ്യത്തിലേക്ക് കര്ണ്ണന് അമ്പ് എയ്യുമെന്ന്. അപ്പോള്‍ വിധി പ്രകാരം കര്‍ണ്ണനെ ഞാന്‍ വരിക്കണം. അതാണ് നീതിയും ധര്‍മ്മവും. ഞാന്‍ ആഗ്രഹിച്ചത് നീതി ചെയ്യാനാണ്. പക്ഷേ പിതാവും ജ്യേഷ്ഠനും കര്‍ണ്ണനെ സൂതപുത്രനെന്ന് വിളിച്ച് അവ ഹേളിക്കാന് പറഞ്ഞു. ആരായാലെന്താ വില്ല് കുലച്ചോട്ടെ, എന്ന ചോദ്യം പിതാവ് കേ ട്ടതായി നടിച്ചില്ല. പിതാവിന്റെ വാക്കുകളെ ധിക്കരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. പുത്രിയുടെ ധര്‍മ്മം എന്നെ എന്നില്‍ നിന്ന് വിലക്കി. ഞാന്‍ കേവലം പുത്രി മാത്രമാണ്'
ധര്‍മ്മാധര്‍മ്മങ്ങളുടെ പിരിവിടര്ത്തലുകള് വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങി. സ്വപുത്രിയെകൊണ്ട് അധര്‍മ്മം ചെയ്യിക്കുകയോ? ഓ… ദ്രുപതന് പാഞ്ചാലി ഒരായുധം മാത്രമാണല്ലോ. തന്റെ അഹങ്കാരത്തിന് ചിറക് വെയ്പ്പിക്കാനുള്ള ആയുധം.
'ഹരീന്ദ്രാ നിന്റെ ചിന്ത ശരിയാണ്. എന്നെയൊരു ആയുധമാക്കുകയായിരുന്നു. പിതാവ് ആ ഗ്രഹിച്ച ആളെ തന്നെ ഞാന്‍ വരണമാല്യം ചാര്‍ത്തി. ഞാനും അര്‍ജ്ജുനനെ ആഗ്രഹിച്ചി രുന്നു. ശരിയാണ്. പക്ഷേ എന്റെ സൗന്ദര്യത്തെ…എന്നെ…അഞ്ച്പേര്‍ക്കായി വിറ്റു. ധര് മ്മനിഷ്ഠനായ യുധിഷ്ഠരന് വരെ അതിന് കൂട്ട് നിന്നു. ഒരു സ്ത്രീക്ക് ഇതില്‍പ്പരം അപമാനം സഹിക്കേണ്ടിവരില്ല' തകര്‍ന്ന ഹൃദയത്തിന്റെ നൊമ്പരങ്ങള്‍ മുഖത്ത് പ്രകടമായി. നെറ്റിയിലേക്ക് ഇഴുകി വീണ അളകങ്ങള്‍ ചുരുളാന്‍ തുടങ്ങി. കാറ്റ് അവയെ തലോടി കട ന്നുപോയി.
'അമ്മയുടെ വാക്കുകള്‍ ഇടിത്തീ പോലെ കാതിലിന്നും മുഴങ്ങുന്നു. എന്നെ പകുത്ത് നല്കാന് കുന്തിയമ്മയ്ക്ക് എന്താണ് അവകാശം? എന്നെ പ്രാപിക്കാനുള്ള അവസരം വന്നപ്പോള്‍ ധര് മ്മപുത്രന് പോലും ധര്മ്മത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നിരത്തി. അമ്മയെ ധിക്കരിക്കാന്‍ പാടില്ലത്രേ. അഞ്ച് പേരെ…അഞ്ച് സഹോദരരെ….ഛെ…ഞാനെതിര്ത്ത് നോക്കി. പക്ഷേ…'
പാഞ്ചാലിയുടെ മുഖത്ത് കോപം ജ്വലിച്ചു. അവര്‍ ഇരുട്ടിലേക്ക് നോക്കി. ഇരുട്ട് കൂടുതല്‍ ഇരു ളാന്‍ തുടങ്ങി. ഏതോ നഷ്ടസ്വപ്നത്തിന്റെ നിഴല്പാടുകള് പാഞ്ചാലി പേറുന്നത് ഹരീന്ദ്രന്‍ അറിഞ്ഞു.
'അര്‍ജ്ജുനനെ ഇത്രയ്ക്ക് ഇഷ്ടപ്പെട്ടിട്ടാണോ യുധിഷ്ഠിരന് മുറിയിലുള്ളപ്പോള്‍ കടന്നുവന്നു എന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ പന്ത്രണ്ട് മാസത്തെ വനവാസത്തിനയച്ചത്?'
'ഹരീന്ദ്രന്‍…' ആ വിളിയില്‍ ഒരു തകര്‍ച്ചയുടെ കയ്പ് ഇറ്റിച്ചിരുന്നു.
'തന്റെ ഭാര്യയെ സഹോദരര്‍ക്കായി പങ്ക് വെയ്ക്കേണ്ടി വന്നതിന്റെ മനോവേദന താങ്ങാ നാകാതെ അര്ജ്ജുനന് അവിടം വിട്ടതാണ്. നിബന്ധനകള്‍ അര്ജ്ജുനന് സ്വയം തെറ്റിക്കു കയായിരുന്നു.' തേങ്ങലുകള്‍ പുറത്തേയ്ക്ക് വരാതെ പാഞ്ചാലിയില്‍ തന്നെ തിങ്ങിവിങ്ങി. പാ വം പാഞ്ചാലി. അച്ഛന്, അമ്മ, സഹോദരന് ബന്ധുക്കള്‍, ഭര്‍ത്താവ് അവള്‍ക്ക് എല്ലാ വരും ഉണ്ടായിരുന്നു. എന്നിട്ടും പാഞ്ചാലി മോഹങ്ങളുടെ ബലിയാടായി. എല്ലാവരുടേയും സ്വാര്‍ത്ഥതയ്ക്കായി അവളെ കാഴ്ചവെച്ചു. സ്ത്രീത്വം വിറങ്ങലിച്ചു. പുരുഷത്വം അവള്‍ക്ക് നേരെ അട്ടഹസിച്ചു. പക്ഷേ പുരുഷമനസ്സുകളെ ഒരുമിപ്പിച്ച് നിര്‍ത്താനും, പരുവപ്പെടുത്താനും, മഹായുദ്ധത്തിന് തയ്യാറാക്കാനും സ്ത്രീ വേണ്ടിവന്നു. സ്ത്രീയിലെ ആകര്‍ഷകത്വം, അഴിച്ചിട്ട മുടി കെട്ടിവെയ്ക്കാന്‍ ചോരവേണമെന്ന സ്ത്രീയുടെ വാശി, വലിയൊരു ജനക്കൂട്ടത്തെ നാമാവശേഷ മാക്കി. ഓര്‍മ്മകളിലേക്ക് കുരുക്ഷേത്രയുദ്ധക്കളത്തിലെ ദീനരോദനങ്ങള്‍ കടന്നുവന്നു. സ്ത്രീയു ടെ ദുര്‍വാശി സമ്മാനിച്ച യുദ്ധം. ആരാണ് ഉത്തരവാദി? ചൂണ്ടാണി വിരലുകള്‍ പാഞ്ചാലി യുടെ നേര്‍ക്ക് തിരിയുന്നു. ഏത് ബലവാനേയും വരുതിയിലാക്കാമെന്ന് കാണിച്ചുതന്ന പെണ്മനസ്സ്. പെണ്ണിന്റെ വാശിയാണോ അതോ വാശി നിറവേറ്റാന്‍ കച്ചകെട്ടിയിറങ്ങിയ പുരുഷനാണോ, ആരാണ് തെറ്റ്? യുദ്ധം ജയിക്കാന്‍ പാഞ്ചാലിയും കൂട്ടരും കുതന്ത്രങ്ങള്‍ മെനയുമ്പോഴും അശോകവനത്തില്‍ സീത തനിച്ചായിരുന്നു. പവിത്രമാര്‍ന്ന മനസ്സുമായി. ഹരീന്ദ്രന്റെ വിമ്മിട്ടപ്പെട്ട മനസ്സില്‍ നിന്ന് അറിയാതെ ചില വാക്കുകള്‍ പുറത്തേക്ക് വന്നു. 'കര്‍ണാ…അങ്ങ് എത്ര ഭാഗ്യവാന്. വിധിയുടെ നിഷ്ഠൂരത സുതപുത്രനെന്ന അപവാദം വരു ത്തിയെങ്കിലും പാപപങ്കിലമായ ചെയ്തികളില്‍ നിന്ന് അകന്ന് നില്‍ക്കാനായല്ലോ'
പഴികേള്‍ക്കാന്‍ വഴിയൊരുക്കിയ കുന്തി പുരുഷശക്തിക്ക് മുന്നില്‍ പുച്ഛമടക്കി താഴ്ന്നുനില്ക്കേണ്ടിവന്നു. കര്‍ണ്ണന്റെ മുന്നില്‍. ഇവിടെ ജയിച്ചതാരാണ്? കുന്തിയോ അതോ കര്‍ണ്ണനോ. അതോ പാഞ്ചാലിതന്നെയോ?
പാഞ്ചാലിയും ഹരീന്ദ്രനും നടന്നു. നേര്‍വഴികളില്‍ വെളിച്ചം വീണു. പാഞ്ചാലി തേങ്ങി. ഇന്നും പാഞ്ചാലിമാര്‍ തേങ്ങുന്നു. ഉള്ളിലൊതുക്കിയ വിങ്ങലുമായി മറ്റുള്ളവരുടെ താര്പ്പര്യങ്ങള്ക്ക് ബലിയാടുകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പരിഹാസ രൂപവുമായി. സീതമാര്‍ ഒറ്റപ്പെടുന്നു. ചെയ്യാത്ത തെറ്റുകള്‍ക്ക് അവര്‍ അപഹസിക്കപ്പെടുന്നു. ഭൂമി പിളര്‍ത്തി പലായനം ചെയ്യേണ്ടി വരുന്നു.
'നാം വളരെ ദൂരം പിന്നിട്ടു. അതാ വഴിയരികില്‍ മറ്റുചിലര്‍ ഹരീന്ദ്രന്യെ കാത്തിരിക്കുന്നുണ്ട്. നമുക്ക് പിരിയാം. സഹോദരിമാരോട് പറയുക, പാഞ്ചാലിയോട് ക്ഷമിക്കാന്‍, പൊറുക്കാന്‍'
അവര്‍ പെട്ടെന്ന് തിരിഞ്ഞ് നടന്നു. വസ്ത്രം കൊണ്ട് കണ്ണു തുടച്ചു. നടത്തത്തിന് വേഗത കൂടി. ഇരുളിലേക്ക് മറയുന്ന പാഞ്ചാലിയേയും നോക്കി ഹരീന്ദ്രന്‍ നിന്നു. മനസ്സില്‍ ആരുടെ യൊക്കെയോ തേങ്ങലുകള്‍. പൊട്ടിച്ചിരികള്‍ വീര്‍പ്പുമുട്ടലുകള്‍. എത്രയോ സംവത്സരങ്ങള്‍ക്ക് മുമ്പ് ആടിയ നൃത്തം ഇന്നും തുടരുന്നു. ഹരീന്ദ്രന്‍ നെടുവീര്‍പ്പിട്ടു. തിരിച്ചു നടന്നു.
സൈകതം പ്രസിദ്ധീകരിക്കുന്ന “അര്‍ത്ഥാന്തരങ്ങള്‍“ എന്ന നോവലിന്റെ ആദ്യ അധ്യായങ്ങളില്‍ നിന്ന് ഒരു ഭാഗം.