Main Menu

3 കവിതകൾ

Saikatham Online Magazine

 

 

 

 

 

 

 

 

 

കുരുതി മോക്ഷം

അരിഞ്ഞരിഞ്ഞു തീര്‍ക്കണം
തിരിച്ചുവാങ്ങി തീരണം
അതിന്‍റെ പേരില്‍ നാട്ടിലാകെ
സ്തംഭനം വരുത്തണം
ചിതയെരിഞ്ഞൊടുങ്ങവേ
പ്രതിഫലം കൊടുക്കുവാന്‍
എതിരണിയിലൊരുത്തനെ
കുരുതിയായി നല്‍കണം
വഴിയിലിട്ടോ വീട്ടിലിട്ടോ
കുട്ടികള്‍ തന്‍ മുന്നിലിട്ടോ
കടുത്ത വെട്ടു വെട്ടി വെട്ടി
ശവശരീരമാക്കണം
ആണൊഴിഞ്ഞ വീട്ടിലെ
നീണ്ട രോദനം പകര്‍ത്തി
ചാനലായ ചാനലൊക്കെ
ചര്‍ച്ച ചെയ്തിരിക്കണം.
പിരിച്ചെടുത്തു നിന്‍റെ പേരില്‍
മണ്ഡപം പണിയണം
പകുത്തെടുത്ത കാശു കൊണ്ടു
പാര്‍ട്ടി ഫണ്ടുയര്‍ത്തണം.
ദത്തെടുത്ത നിന്‍റെ കുട്ടി
പാര്‍ട്ടിയില്‍ വളരണം
നാളെ രക്തസാക്ഷിയായി
നിന്‍റരികിലെത്തണം.
പ്രബുദ്ധ കേരളം

ശപിച്ചിടുന്നീ നാടിനെ
ചേകവ ചരിത്രമുള്ള
പക പുകയുമൂരിനെ
ശാപമോക്ഷം നേടുവാന്‍
കുരുതി തന്നെ മാര്‍ഗ്ഗമെങ്കില്‍
ബലികൊടുപ്പിനിരകളായി
നേതൃനിരകളെ തിരയണം
അന്നു തീരും ഈ നശിച്ച
രക്ഷസാക്ഷി നാടകം
പിന്നുയര്‍ന്നു കേട്ടിടും
ശാന്തിമന്ത്ര വീചികള്‍

ഒരു മീന്‍ വിപ്ലവം
സ്ത്രീസമത്വഭേരി കേട്ടുണര്‍ന്നു
നോക്കിയമ്മയെ
സഹനഭാവ ദുഃഖമൂറും
സാന്ത്വന ശ്രീലക്ഷ്മിയെ
പേറ്റുനോവെനിക്കു വേണ്ടി
നോറ്റിരുന്ന ദേവിയെ
പോറ്റിടാന്‍ പാലുതിര്‍ത്ത
പാതി ദൈവരൂപിയെ
ആര്‍ദ്രചുംബനങ്ങളാല്‍
ഉണര്‍ത്തിടുന്ന പുഷ്പമേ
താരാട്ടുപാട്ടു പാടി
ഊയലാട്ടും തെന്നലേ
നിനക്കു തുല്യ നീമാത്രമെന്ന-
റിഞ്ഞിടുന്ന നാളിലേ
പുരുഷ പീഡനത്തിനായൊരുക്കം
മീന്‍ വിപ്ലവത്തിളപ്പു
നിര്‍ത്തിടൂ

ജന ഗര്‍ജ്ജനം
കൊട്ടാരക്കോട്ടയ്ക്കു മുന്‍പില്‍
‘ജനദാസ’ന്‍റെ മൂക്കിന്‍റെ തുമ്പില്‍
ഒന്നല്ല രണ്ടല്ല നൂറോളമാഴ്ചകള്‍
ദര്‍ശനം കാത്തവന്‍ നിന്നു
ഔദാര്യ ലഭ്യതയ്ക്കല്ല
സൗഭാഗ്യലബ്ധിക്കുമല്ല
‘രക്ഷകര്‍’ ജീവനെ തല്ലിക്കെടുത്തിയ
സോദരമോക്ഷത്തിനായി
വര്‍ഷവും ഗ്രീഷ്മവും വേനലും ഏറ്റേറ്റു
ജീര്‍ണ്ണിച്ചുണങ്ങിയവന്‍റെ ദേഹം
എന്നും നിന്‍ രഥം പോകുന്നതും നോക്കി
മൗനനിസംഗനായി നിന്നു
അന്തപ്പുരസുഖച്ചൂടറിയുന്ന മന്നനു
സിംഹാസനത്തിനോടെന്തു നീതി?
അന്ധത മൂടിയടഞ്ഞ നേത്രത്തി-
ലേക്കര്‍ച്ചന കാട്ടിയിട്ടെന്തു കാര്യം?
എങ്കിലും ദര്‍ബാറിലെത്തി ഒരുനാളാ
സങ്കട ഭാണ്ഡമഴിച്ചുവച്ചു
പുച്ഛമൊളിപ്പിച്ച വാക്കുകള്‍ കൊണ്ടു നീ
നിശ്ചദാര്‍ഢ്യമളക്കാന്‍ ശ്രമിച്ചു!
നവമാദ്ധ്യമത്തിലൂടെ
സംഘടിച്ചു ശക്തരായ
പ്രജകളവനെയേറ്റെടുത്തു,
കണ്ടു വിറളി പൂണ്ടു നീ
രഥമിറങ്ങിയരികിലെത്തി
കുശലജല്പനങ്ങളായ്
ജനമിളകി നീതി തേടി
നിന്‍റെ നേരെ വിരലു ചൂണ്ടി
പൊതുജനത്തെ മൗനമാക്കാന്‍
ധാര്‍ഷ്ട്യമോടെ നീ ശ്രമിച്ചു
അവര്‍ കനിഞ്ഞു തന്നതൊക്കെ
അവരുടേതെന്നോര്‍ത്തിടാതെ
തിണ്ണമിടുക്കു കാട്ടുവാനായി നീ
ഊട്ടി വളര്‍ത്തുന്ന വാലാട്ടും ജന്മങ്ങള്‍
വാരിയെല്ലൂരിയെടുത്തു ‘പൊതുജന’
പ്രാണനില്‍ പാതി പറിച്ചു വച്ചു
ഇല്ലാ മറക്കാന്‍ കഴിയില്ല നിന്‍ പൊള്ളസാന്ത്വനം
പൂശിയ വാക്കും പ്രവര്‍ത്തിയും
ഇല്ലാ പൊറുക്കാന്‍ കഴിയില്ല ആ ധാര്‍ഷ്ട്യം
നെഞ്ചിലെ നീറും നെരിപ്പോടു സത്യം
ജനാധിപത്യമുള്ള നാട്ടില്‍
ജനം തിരഞ്ഞെടുത്തവന്‍ ‘നൃപന്‍’
മദിച്ചു രാജവാഴ്ച ചെയ്താല്‍
മടുത്തെടുത്തെറിഞ്ഞിടും ജനം



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: