Main Menu

വിയർപ്പുമണികൾ

Saikatham Online Magazine

 

“തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ;

വിലയായ് നല്‌കണം മെയ്‌തൻ വേർപ്പുമുത്തുകൾ മേല്‌ക്കുമേൽ”

ഈ വരികൾ വായിക്കുമ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നുന്നുണ്ടോ?

 

 

ഇന്നത്തെ കേരളത്തിൽ ഈ വരികൾ എത്രത്തോളം പ്രസക്തമാണ്?

പേരും നാളും സ്ഥലവും സമയവുമെല്ലാം വെളിപ്പെടുത്തി നമ്മുടെ നാട്ടിൽ ഒന്നും പറയാൻ പാടില്ല.

മാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാട്ടുകള്ളന്മാർ പോലും മാനനഷ്ടത്തിന് കേസ്സുകൊടുക്കും.

അതുകൊണ്ട് എവിടെയാണ്, ആരാണ് എന്നൊന്നും വെളിപ്പെടുത്താതെ കാര്യം പറയാം.

കുറച്ചു മാസ്സങ്ങൾക്ക് മുൻപ് എനിക്ക് കൊല്ലത്തുള്ള ഒരു സർക്കാർ ഓഫീസിൽ ഔദ്യോഗികമായ ഒരു ആവശ്യത്തിനായി പോകേണ്ടി വന്നു.

വളരെ അത്യാവശ്യമായി ചില ഡോക്യുമെന്റ്സ് അവിടെ നിന്ന് വാങ്ങേണ്ടതുണ്ട്.

ധാരാളം ഓഫീസ്സുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ്. പലരോടും അന്വേഷിച്ച് എനിക്ക് സമീപിക്കേണ്ട ഓഫീസ് കണ്ടുപിടിച്ചു.

അതിൽ ആദ്യത്തെ സീറ്റിൽ ഇരിക്കുന്നത് അധികം പ്രായമില്ലാത്ത ഒരു പെണ്‍കുട്ടിയാണ്.
എതിർവശത്തുനിൽക്കുന്ന സമപ്രായക്കാരായ മറ്റു രണ്ട് പെൺകുട്ടികളുമായി തന്റെ കയ്യിലിട്ടിരിക്കുന്ന നിറപ്പകിട്ടാർന്ന ഒരു വളയെക്കുറിച്ച് കൂലങ്കഷമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് കൺമണി.

അതിനിടയിലൂടെ എന്റെ കയ്യിലിരുന്ന പേപ്പർ കാട്ടി ഞാൻ ചോദിച്ചു “ഈ ഡോക്യുമെന്റ്സ് എവിടെ കിട്ടും?”. 

“ആ സീറ്റിൽ ചോദിക്കൂ”, ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാതെ ഓമലാൾ മൊഴിഞ്ഞു.

ഞാൻ ഓടി പെണ്‍കുട്ടി ചൂണ്ടിക്കാട്ടിയ സീറ്റിന്റെ മുൻപിൽ ചെന്നു.
അത്ഭുതം! അവിടെയിരുന്ന ചെറുപ്പക്കാരൻ എന്റെ കൺമുൻപിൽ ആവിയായിരിക്കുന്നു. പണ്ടു കുട്ടിയായിരുന്നപ്പോൾ ബാലഭൂമിയിൽ വായിച്ച അത്ഭുതത്താമര എന്ന കഥ ഞാൻ ഓർത്തു. അത് വെറും കഥയല്ല. അത്ഭുതത്താമരയുടെ ഇല ദേഹമാസകലം പുരട്ടി ഈ ചെറുപ്പക്കാരൻ നമ്മുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞു എന്ന് എനിക്ക് ഉറപ്പായി.

കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ അടുത്ത സീറ്റിലിരുന്ന സുന്ദരിയായ സ്ത്രീയെ സമീപിച്ചു. പേഴ്സിന്റെ ഉള്ളിൽ ഘടിപ്പിച്ചിരുന്ന കുട്ടിക്കണ്ണാടിയിൽ നോക്കി ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ ബൌണ്ടറി ലൈൻ ശരിയാക്കിയ ശേഷം അവർ എന്നെ നോക്കി ചിരിച്ചു. ഞാൻ വീണ്ടും എന്റെ കയ്യിലുള്ള കടലാസ് നീട്ടി

”ഈ ഡോക്യുമെന്റ്സ്“.

എന്റെ തൊണ്ട വരണ്ടു. ശബ്ദം ഇടറി. ഇവ കിട്ടാതെ തിരിച്ചു പോകുന്ന കാര്യം ആലോചിക്കാൻ വയ്യ. അവിടെ മറ്റൊരാപ ത്ത് എന്നെ വിഴുങ്ങാൻ ആപ്പിറ്റെസറും കഴിച്ച് വായും പിളർന്നിരിക്കുകയാണ്. സമയം പതിനൊന്ന് മണിയാകുന്നു. ഞാൻ പ്രതീക്ഷയോടെ അവരുടെ ചുവപ്പിച്ച ചുണ്ടുകളിലേക്ക് നോക്കി. അവയിൽ നിന്നുതിരുന്ന മൊഴിമുത്തുകൾ ഒന്നും പാഴാകാതെ പിടിക്കാൻ റഡിയായി നിന്നു.

“ഈ സീറ്റിലെ ആളൊടു ചോദിക്കണം”.ചെറുപ്പക്കാരൻ ആവിയായിപ്പോയ കസേര ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
ബാലഭൂമിയുടെ അടുത്ത ലക്കം പത്രക്കാരൻ തരാഞ്ഞതു കാരണം എനിക്ക് അത്ഭുതത്താമരയുടെ ഇഫക്ടിനെ നിർവീര്യ മാക്കാൻ അറിയാതെ പോയി. അങ്ങനെ ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിനെപ്പോലെ നിൽക്കുമ്പോൾ ദൈവം ഒരു ചായക്കാരന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ആളില്ലാത്ത സീറ്റിൽ അയാൾ ചായ വെക്കുന്നു. “ഐഡിയാ”. ഞാൻ പുറത്തു കടന്ന് അല്പം മുൻപോട്ടു നടന്ന് ഒരു തുണിനു മറഞ്ഞു നിന്നു. അതാ നമ്മുടെ ആവിക്കുട്ടൻ ഒരു കാറിന്റെ മറവിൽ നിന്ന് ഓഫീസിനുള്ളിലേക്ക് പോകുന്നു. പിന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. ഒറ്റ ഓട്ടത്തിന് തിരികെ ഉള്ളിൽ കടന്ന് ആവിക്കു ട്ടന്റെ മുൻപിലെത്തി. ഗ്ളാസ്സിൽനിന്ന് ചായകുടിച്ചിട്ട് മുഖമുയര്‍ത്തിയ അയാൾക്ക് വീണ്ടും പോക്കറ്റിൽ നിന്ന് അത്ഭുതത്താ മര എടുക്കാൻ അവസരം നൽകാതെ ഞാൻ എന്റെ കയ്യിലിരുന്ന പേപ്പർ നീട്ടി.

ആവിക്കുട്ടൻ അയാളുടെ അത്ഭുതകരമായ ബുദ്ധി, ഓർമ്മ എന്നിവ കൊണ്ട് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു ബുക്കും നോക്കാതെ ഉടൻ മറുപടി വന്നു. “ഈ ആപ്ളിക്കേഷൻ ഇവിടെ എത്തിയിട്ടില്ല”. ഏഴാം തലമുറ കംപ്യൂട്ടറിന്റെ മറുപടി. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.

ഞാൻ കഴുതക്കാലു പിടിക്കാൻ തന്നെ തീരുമാനിച്ചു. “ഇവിടെ ഉറപ്പായും തന്നിരുന്നു സാർ”. നടുവ് മാക്സിമം വളച്ച് ദയനീയ ഭാവത്തിൽ ഞാൻ പറഞ്ഞു.

“ആ ബുക്കിലെങ്ങാണും എൻട്രി ഉണ്ടോ എന്ന് നോക്ക്”. ഞാൻ അയാൾ ചൂണ്ടിയ വിരലിന്റെ അറ്റത്തേക്ക് നോക്കി. അവി ടെ ഒരു മേശപ്പുറത്ത് കുറേ തടിയൻ രജിസ്റ്ററുകൾ കിടക്കുന്നു. കയ്യിൽ വാച്ചില്ലാത്തതുകൊണ്ട് ഞാൻ മൊബൈലിൽ സമയം നോക്കി. 11.25.

രജിസ്റ്ററുകൾ ഒന്നൊന്നായി ഞാൻ മറിച്ചുനോക്കാൻ തുടങ്ങി. കുറേ സമയം തിരഞ്ഞു. എൻട്രി പോയിട്ട് അതിന്റെ വാലുപോ ലുമില്ല. ആവിക്കുട്ടൻ ഇരുന്നിടത്തേക്ക് നോക്കി. അയാൾ വീണ്ടും ആവിയായിരിക്കുന്നു.

അടുത്തു നിന്ന പ്യൂൺ എന്നു തോന്നിക്കുന്ന ഒരാൾ തിരിഞ്ഞു നോക്കിയ തക്കത്തിന് ഞാൻ അയാളുടെ കാൽക്കൽ വീണു.

ശരിക്ക് പറഞ്ഞാൽ വീണു എന്ന് തോന്നിപ്പിച്ചു പക്ഷേ വീണില്ല.

അയാൾ പേടിച്ച് ഒരടി പിറകോട്ട് മാറിയപ്പോൾ ഞാൻ എന്റെ കയ്യിലിരുന്ന തുണ്ട് നീട്ടി. “സർ. രക്ഷിക്കണേ” എന്ന് പണ്ട് വെള്ളപ്പൊക്കസമയത്ത് നാട്ടിൽ തെണ്ടാനെത്തുന്ന ഒട്ടിച്ചിയെപ്പോലെ നിലവിളിച്ചു.
എന്റെ നിലവിളി അയാളെ എംപവർ ചെയ്തതുകൊണ്ടാകാം കക്ഷി വളരെ ഗൌരവത്തിൽ തുണ്ട് പരിശോധിച്ചു. ആൽബർട്ട് ഐൻസ്ടീൻ തലപുകച്ചതുപോലെ കുറച്ചു സമയം തലപുകച്ചു. എന്നിട്ട് അല്പം അകലെ മറ്റൊരു മുറി ചൂണ്ടിക്കാട്ടിയിട്ടു പറഞ്ഞു “എന്തായാലും ഈ ഡോക്യുമെന്റ്സ് ഉണ്ടോ എന്ന് അവിടെ ഒന്ന് അന്വേഷിക്ക്.ഉണ്ടെങ്കിൽ ഇവിടെ വന്ന് വേറെ ഒരു അപേക്ഷ കൊടുക്ക്”.

ഞാൻ വീണ്ടും മൊബൈലിൽ നോക്കി. സമയം 12.10. അങ്ങനെയെങ്കിൽ അങ്ങനെ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ അവിടെ ചെന്നു. കുറേ ഷെൽഫുകളിലായി ധാരാളം ഡോക്യുമെന്റ്സ് അടുക്കിവെച്ചിരിക്കുന്നു. നടുക്കൊരു കസ്സേരയിലിരുന്ന് ഒരു ചുള്ളൻ ചുണക്കുട്ടൻ മൊബൈലിൽ സംസാരിക്കുന്നു.

ഫോൺ ചെവിയിൽ നിന്ന് മാറ്റാതെ എന്ത് വേണം എന്ന് എന്നോട് ആംഗ്യഭാഷയിൽ ചോദിച്ചു. ഞാൻ പറഞ്ഞതിന്റെ കാൽഭാഗവും മൊബൈലിൽ കേട്ടതിന്റെ മുക്കാല്‍ഭാഗവും ഒന്നിച്ചു കേട്ട് അദ്ദേഹം എന്തൊക്കയോ പറയാൻ ശ്രമിച്ചു.

പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും എനിക്കൊന്നും മനസ്സിലായില്ല. എന്തായാലും ഫോണിലെ സംഭാഷണം കഴിയട്ടെ എന്നു കരുതി തോൽവി സമ്മതിച്ചു ഞാൻ മാറി നിന്നു.

ഏകദേശം പത്തു മിനിട്ടോളം കഴിഞ്ഞു കാണും ചുള്ളൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. ആവൂ. ആശ്വാസമായി.
“എന്താണ് കാര്യം?”

ചോദ്യം പകുതി കേട്ടപ്പോൾ തന്നെ ഞാൻ ഉത്തരം അവതരിപ്പിക്കാൻ തുടങ്ങി. “സർ ഈ നമ്പറിലുള്ള ഡോക്യുമെന്റ്സ്….”. ഞാൻ പറയാൻ തുടങ്ങിയതേയുള്ളു എവിടെ നിന്നോ ഒരു പാട്ട് “മുച്ചേ ദേഖാ തും നേ ജാനാ സനം…”. ചുള്ളൻ പാന്റിന്റെ പോക്കറ്റിൽ നിന്നും പലക പോലെ മറ്റൊരു ഫോൺ വലിച്ചെടുത്ത് ചെവിയിൽ വെച്ചു.
എന്റെ പള്ളീ എന്നുവിളിച്ചു പോയി ഞാൻ. ഇപ്പോൾ സമയം 12.30.വീട്ടിൽ നിന്ന് രാവിലെ ഇറങ്ങിയ സമയം രാഹുകാലമോ മറ്റോ ആയിരുന്നോ എന്നൊക്കെ ഓർക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ ചുള്ളൻ ഫോൺ വെക്കുന്നതും നോക്കി നിന്നു. വീണ്ടും ഒരു പതിനഞ്ച് മിനിറ്റ് ഫോണിലൂടെ റിയൽ എസ്റ്റേറ്റ് കച്ചവടം. റെയില്‍വേ സ്റ്റേഷന്റെ മുൻപിൽ വെയിറ്റ് ചെയ്യാൻ ആരോ ടോ പറഞ്ഞിട്ട് അദ്ദേഹം ഫോൺ പാന്റിന്റെ കാലിലുള്ള പോക്കറ്റിൽ താഴ്ത്തിയ ശേഷം എന്നെ നോക്കി.

പെട്ടെന്നാണ് ഒരു ഫയർ എഞ്ജിന്റ ശബ്ദം എവിടുന്നോ പൊട്ടി പുറപ്പെട്ടത്. ആദ്യത്തെ പലക ഫോണിൽ നിന്നാണ്. അതെ ടുത്ത് ചെവിയിൽ വെച്ച് എന്തോ പിറുപിറുത്ത ശേഷം അയാൾ എന്നെ നോക്കി.

പല ഫോണുകളുടെ പലതരം ശബ്ദങ്ങൾ കാരണം ആകെ കൺഫ്യൂഷനിലായ ഞാൻ തല കുടഞ്ഞ് സമനില വീണ്ടെടു ക്കാൻ ശ്രമിക്കവേ അയാൾ പെട്ടെന്ന് പറഞ്ഞു “മാഡം, അഞ്ച് മിനിറ്റ് വയിറ്റ് ചെയ്യൂ. ഞാൻ ഉടനെ വരാം”.
എന്തൊരു വിനയം. ചൂടുപിടിച്ചു നിന്ന ഞാൻ തണുത്തുറഞ്ഞു പോയി.

വരാന്തയിൽ ഇട്ടിരുന്ന കസ്സേരയിൽ ഒരു കാക്ക ഇരിക്കുന്നു. അതിനോട് എന്തൊക്കയോ ഡിസ്കസ് ചെയ്തു കൊണ്ട് അടുത്തുതന്നെ ഒരു ആടും നിൽക്കുന്നുണ്ട്. ഇതുങ്ങളെ രണ്ടിനെയും ഓടിച്ചാൽ എനിക്കിരിക്കാം.

ഒന്നാമത് കഷ്ടകാലം. ഇനി ആടെങ്ങാണും കരഞ്ഞു കൊണ്ട് ഓടിയിട്ടുവേണം പഞ്ചമി ഹരിദാസും പാർട്ടിയും വന്ന് എന്നെ തല്ലിക്കൊല്ലാൻ. തലയിലെഴുത്തിനെ ശപിച്ചുകൊണ്ട് ഞാൻ നില്പ് തുടർന്നു. പുറത്തു പോയി എന്തെങ്കിലും വാങ്ങി കഴിക്കാം എന്നു വിചാരിച്ചാൽ അതിനിടയിൽ ഈ ചുള്ളൻ തിരിച്ചെത്തിയാലോ.
അഞ്ച് മിനിട്ടുകൾ കടന്നു പൊയ്കൊണ്ടേയിരുന്നു.

സമയം 2.10.ബാഗിൽ കരുതിയിരുന്ന വെള്ളവും തീർന്നു.

വിശപ്പു കൂടി തലവേദനയും ദേഷ്യവുമാകുന്നു. സമയം പിന്നെയും കടന്നു പോയി. മൂന്നു മണിയാകുന്നു. അതാ വരുന്നു നമ്മുടെ ചുള്ളൻ.

എനിക്കാശ്വാസമായി. അല്പം താമസിച്ചെങ്കിലും കാര്യം നടക്കുമല്ലോ. വന്ന ഉടനെ അയാൾ എന്റെ കയ്യിലിരുന്ന തുണ്ട് വാങ്ങി . എന്നിട്ട് ഏറ്റവും അവസാനം ഇരുന്ന ഒരു റാക്കിൽ പോയി നോക്കി. തിരികെ വന്നു പറഞ്ഞു. “നിങ്ങളുടെ ഡോക്യു മെന്റ്സ് ഇവിടുണ്ട്. പക്ഷേ തരാൻ പറ്റില്ല. ആദ്യം നിങ്ങൾ കൊടുത്ത അപേക്ഷയിൽ ഓർഡർ ഇടുവിച്ച് ഇവിടെ വരുത്തണം. എങ്കിലേ ഇവിടെ നിന്നും ഡോക്യുമെന്റ്സ് തരാൻ പറ്റൂ.” ചുള്ളൻ നയം വ്യക്തമാക്കി.
അപേക്ഷ തന്നെ കാണാതായ സ്ഥിതിക്ക് അതിന്മേൽ ഓർഡർ എങ്ങനെ ഇടീപ്പിക്കും? സംഗതി ചടങ്ങാവുന്ന ലക്ഷണമാണ്. സമയം 3.30. ഞാൻ വീണ്ടും ആദ്യത്തെ ഓഫീസിലേക്ക് പോയി.

അതിന്റെ മേലധികാരി ആരെന്നന്വേഷിച്ചു. ഒരാൾ തടിച്ച ഫ്രയിമുള്ള കണ്ണട വെച്ച ഒരു മാന്യദേഹത്തിനെ ചൂണ്ടിക്കാട്ടി തന്നു. ഞാൻ തുണ്ട് പേപ്പറുമായി അദ്ദേഹത്തിന്റെ അടുത്തു ചെന്നു. പതിവുപോലെ പേപ്പർ നീട്ടി കാര്യം പറഞ്ഞു.

“അത് നോക്കുന്ന ആൾ ഇന്ന് അല്പം നേരത്തെ പോയല്ലോ. നാളെ വരൂ. ആ സീറ്റിലിരിക്കുന്ന സാറിനെ കണ്ടാൽ മതി”.

ഓ. നമ്മുടെ ആവിക്കുട്ടനാണ് താരം. ആ സാർ സീറ്റിൽ എപ്പോഴാണ് ഇരിക്കുന്നത് എന്ന് ചോദിക്കാൻ എന്റെ നാക്കുതരിച്ചു. പിന്നെ പണിപ്പെട്ട് അതടക്കി. കാരണം മുള്ള് ചെന്ന് ഇലയിൽ വീണാലും ഇല ചെന്ന് മുള്ളിൽ വീണാലും ഇലക്കല്ലേ ദോഷം.

എന്തായാലും നാലര മണിയോടെ പുറത്തിറങ്ങി റോഡരികിൽ നിന്നും ഒരു കരിക്ക് വാങ്ങി കുടിച്ചിട്ട് കോന്തി കൊല്ലത്തുനിന്നും പഴയപോലെ തുണ്ടു കടലാസ്സുമായി തിരികെ പോന്നു.

തിരിച്ചുള്ള യാത്രയിൽ ബസ്സിലിരിക്കുമ്പോൾ ഉള്ളൂരിന്റെ വരികൾ മനസ്സിലേക്ക് ഇടിച്ചു കയറി.

“തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ
വിലയായ് നല്‌കണം മെയ്‌തൻ വേപ്പുമുത്തുകൾ മേല്‌ക്കുമേൽ “.

നമ്മുടെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന പലരും അവരുടെ വിയർപ്പുമണികൾ എവിടെ ചൊരിഞ്ഞിട്ടാണോ പണം സമ്പാദിക്കുന്നത്?

മഹാകവി ഉള്ളൂരിന്റെ വരികൾ തിരുത്താനുള്ള ആംപിയർ എനിക്കില്ല.
എങ്കിലും ചോദിച്ചു പോകുന്നു മുകളിലെഴുതിയ വരികൾ കാലാതിവര്‍ത്തിയാണോ?



2 Comments to വിയർപ്പുമണികൾ

Leave a Reply to VinodCancel reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: