Main Menu

അമൃതംഗമയ

Saikatham Online Malayalam Magazine

കാര്‍മ്മികന്‍ ചൊല്ലിത്തന്ന മന്ത്ര ങ്ങള്‍ ആവര്‍ത്തിച്ചു. പറയുന്ന തൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒന്നും മനസ്സില്‍ പതിയുന്നുണ്ടാ യിരുന്നില്ല. എന്തുചെയ്യുമ്പോഴും പതിവുള്ള ഞാനെന്താണീ ചെയ്യു ന്നത് എന്ന ഭയം, ഈ ശ്രമം വിജയിയ്ക്കുമോ എന്ന ആശങ്ക, എ ന്തായാലും ചെയ്യാനൊരുങ്ങിയത ല്ലേ ചെയ്തു നോക്കൂ എന്ന സ്വയം സാന്ത്വനം എന്നീ ഭാവങ്ങളെല്ലാം മനസ്സില്‍ മാറി മാറി തിരനോട്ടം നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ മുങ്ങി നിവര്‍ന്നു കയറി ആദ്യത്തെ പടവില്‍ കാല്‍ വെച്ചപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാനാഞ്ഞു. അരുതെന്ന് വിലക്കിയ മനസ്സ് പറഞ്ഞു തന്നു, ഇങ്ങോട്ടിറങ്ങുമ്പോള്‍ ഇതവസാനത്തെ പടവായിരുന്നു. ഇപ്പോള്‍ ആദ്യത്തെയാണ്. ഇറങ്ങിയ പടികളല്ല കയറുന്നത്. എന്തോ ഒരു ശൂന്യത മനസ്സില്‍ നിറഞ്ഞു വിങ്ങി നില്‍ക്കുന്നു. അറിയാതെ കൈകള്‍ തലയ്ക്കു നേരെയുയര്‍ന്നു. ശൂന്യതയുടെ പുതിയൊരു പാഠം. ഇനിയെല്ലാം പുതിയതാണ്. പുതിയൊരു പിറവി യുടെ ദൃഷ്ടിയുറയ്ക്കാത്ത കണ്ണുകളോടെ എല്ലാം കണ്ടു പഠിയ്ക്കണം. പഠിച്ചതത്രയും തള്ളിക്കളഞ്ഞ് അവയുടെ പാഠഭേദങ്ങള്‍ തേടിപ്പോകണം.

“നീയെന്താ പറയണത് ? നിന്നെക്കൊണ്ടാ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയില്ല.നിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമിതല്ല.പറയുമ്പഴൊക്കെ ഗംഭീരായി തോന്നും. ചെന്നുപെടുമ്പഴാവും കൊഴപ്പായീന്നു തോന്ന്വാ. ഇതൊന്നും വേണ്ടാ. ഞാന്‍ പറയണത് കേക്കൂ. ഇപ്പഴും വൈകീട്ടില്യ. ഉറപ്പുള്ള ബന്ധങ്ങള്‍ ഇല്ല്യാതായിപ്പോയതാണ് നിന്റെ പ്രശ്നം. അങ്ങനൊന്ന് കിട്ട്യാ നിന്റെ മനസ്സ് തനിയെ അടങ്ങിക്കോളും. സ്നേഹം കൊടുത്താ എവിടുന്നെങ്കിലും തിരിച്ചു കിട്ടാതിരി യ്ക്കില്യ. അല്ലാതെ ഈ ഭ്രാന്തിന്യൊന്നും ഞാന്‍ പിന്തുണയ്ക്കും ന്ന് വിചാരിയ്ക്കണ്ട”- പൂര്‍ണ്ണിമ ഒരു ഭീഷണിയുടെ സ്വരത്തില്‍ തന്നെ ഉപദേശിച്ചിരുന്നു. ഇനിയൊരു ബന്ധം… ഇനിയൊരു പ്രതീക്ഷയോടെ സ്നേഹിയ്ക്കാനുള്ള കഴിവില്ല. പ്രതീക്ഷക ളെല്ലാം നിരര്‍ത്ഥകമാണെന്നു പഠിപ്പിച്ചവരുടെ പട്ടികയ്ക്ക് നീളമേറും.

“എല്ലാവരും ഇഷ്ടമുള്ള പേര് സ്വീകരിച്ചിരിയ്ക്കും. ജാതിമതാദികളൊന്നും ഇവിടെ പ്രശ്ന മല്ല. ഈ പുനര്‍ജന്മത്തില്‍ എല്ലാവരും ദേവന്മാരും ദേവിമാരുമാണ്. നമ്മുടെ സംബോധ നകളുമങ്ങനെയായിരിയ്ക്കും. നമ്മിലുള്ള നന്മയെന്ന ദൈവികതയെ അപ്പോഴാണ്‌ നാം തിരിച്ചറിയുക.” ആനന്ദ് ദേവ്ജി തുടര്‍ന്നു കൊണ്ടിരുന്നു. “ഞാന്‍ എല്ലാവര്‍ക്കും കുറെ പേപ്പര്‍ തന്നില്ലേ, സ്വന്തം മനസ്സുതന്നെ അതിലേയ്ക്ക് പകര്‍ത്തുക. എഴുതിയത് കൈമാറി വായിയ്ക്കുക. നമുക്കിടയില്‍ രഹസ്യങ്ങളില്ല. നമുക്കൊ ക്കെ അറിയാവുന്നതാണ് ഇവിടെ എത്തിച്ചേര്‍ന്നവരെല്ലാം അഭയം തേടിയെത്തിയവരാണ്. കുറെ പേര്‍ നിരപരാധികള്‍, മറ്റു പലര്‍ കൊടിയ അപരാധങ്ങള്‍ ചെയ്തവരെങ്കിലും ആത്മനിന്ദയനുഭവിയ്ക്കുന്നവര്‍. അന്യരുടെ ദുരന്തങ്ങള്‍ പലപ്പോഴും നമുക്ക് സ്വന്തം ദുരനുഭവങ്ങള്‍ നിസ്സാരങ്ങളാ ണെന്ന തോന്നലുണ്ടാക്കും. സ്വയം ആശ്വസിയ്ക്കുക, അന്യനെ സാന്ത്വനിപ്പിയ്ക്കുക – അതാണോരോരുത്തരും ചെയ്യേണ്ടത്. അതിന് നിങ്ങള്‍ പരസ്പരം അറിഞ്ഞിരിയ്ക്കണം. നിന്ദയോ, പരിഹാസമോ, വെറുപ്പോ, അഹംബോധമോ ഇല്ലാതെ അറിഞ്ഞ് അംഗീകരിച്ച് ജീവിയ്ക്കുകയാണെങ്കിലേ നിങ്ങളിവിടെ വന്നുചേര്‍ന്നതിനു ഫലമുണ്ടാകൂ. ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ അതിനുളളതായിരിയ്ക്കും.”ഒരു പരിണാമത്തിനുള്ള അവസരങ്ങള്‍ തന്നുകൊണ്ടി രിയ്ക്കുകയാണ് ആനന്ദ് ദേവ്ജി.

ഒരു പാട് അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സ്ഥാപനത്തെക്കുറിച്ചറി ഞ്ഞത്. ‘പുനര്‍ജ്ജനി ’ എന്ന പേരു തന്നെ വ്യത്യസ്തമായനുഭവപ്പെട്ടു. ആശ്രമം എന്ന് കേള്‍ക്കുമ്പോഴേ വെള്ളയോ കാവിയോ വസ്ത്രവും ഭജനയുമൊക്കെയാണ് മനസ്സില്‍ വരാറുള്ളത്. പിന്നെ പലപ്പോഴും വാര്‍ത്തകളിലിടം പിടിയ്ക്കുന്ന ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യ ങ്ങളും. “ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ നീയിപ്പോ ആശ്രമംന്നു പറഞ്ഞു പുറപ്പെട്ടിരിയ്ക്കണത്. നിന്റെ ചിന്താഗതി കള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്ന അന്തരീക്ഷമല്ല അതെന്ന് പ്രത്യേകം പറഞ്ഞു തരേണ്ടതുണ്ടോ?” പൂര്‍ണ്ണിമ ആവു ന്നതും പിന്തിരിപ്പിയ്ക്കാന്‍ നോക്കിയതാണ്. പക്ഷേ ഇനിയീ തീരുമാനത്തില്‍ നിന്നൊരു തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിരുന്നു. “ഇതൊരു പൂര്‍ണ്ണവിരാമത്തിനു മുമ്പുള്ള അവസാനശ്രമം മാത്രം” എന്നു പറഞ്ഞതോടെ പൂര്‍ണ്ണിമ എതിര്‍പ്പവസാനിപ്പിച്ചു. എന്നല്ല “ഞാനും ഒന്ന് കാണട്ടെ” എന്നു പറഞ്ഞു കൂടെ വരികയും ചെയ്തു. ഒരു ഇന്റര്‍വ്യൂ അഭിമുഖീകരിയ്ക്കേണ്ടി വന്നപ്പോള്‍ മടുപ്പാണ് തോന്നിയത്. ഇതെന്താ കോളേജ് അഡ്മിഷനോ മറ്റോ ആണോ എന്നൊരു പ്രതിഷേധം ഉള്ളിലുണര്‍ന്നു. ആശ്രമത്തിലെ അന്തേവാസിയാകാ നുള്ള പക്വത മനസ്സിന് വന്നിട്ടുണ്ടോ എന്നറിയാനുള്ള ശ്രമമായിരുന്നു അത്. “ഇതിനെ ഒരു സുരക്ഷിതസ്ഥാനമായോ ഒരിടത്താവളമായോ കാണരുത്. തീര്‍ച്ചയായും ഇതൊരഭയ സ്ഥാനമാണ്. നിങ്ങള്‍ സ്വസ്ഥയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം വീട് തന്നെ മതിയല്ലോ. അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്കിവിടെ വരേണ്ടി വന്നത്.” ഒരു പുഞ്ചിരിയോടെ മൃദുവായ ഭാഷയിലാണ് പറയുന്നതെങ്കിലും ദേവ്ജി കാര്യങ്ങള്‍ അറുത്തു മുറിച്ചു തന്നെ പറഞ്ഞിരുന്നു. “മതവും രാഷ്ട്രീയവും ഇവിടെ പാടില്ല. ഭജനകളും ആരാധനകളുമില്ല. തല മുണ്ഡനം ചെയ്യണം, എല്ലാ വരും പച്ചനിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം” – ആശ്രമ നിയമങ്ങള്‍ നിരത്തിയപ്പോള്‍ വലിയ വിയോജിപ്പൊന്നും വ്യക്തിപരമായി ഇല്ലായിരു ന്നെങ്കിലും അത്ര തൃപ്തി തോന്നിയില്ല. “സൌന്ദര്യബോധം അഹംബോധത്തിന്റെ ഒരംശം തന്നെയാണ്, സൌന്ദര്യം കൊണ്ട് നമുക്കൊന്നും നേടാനില്ല, അതു കൊണ്ടാണ് മുണ്ഡനം ചെയ്യാന്‍ പറഞ്ഞത്. പിന്നെ, പച്ച സമൃദ്ധിയുടെ നിറമാണ്. നമുക്ക് വേണ്ടത് സമൃദ്ധി യാണ്, സംതൃപ്തിയും സന്തോഷവും എല്ലാ നന്മകളും സമൃദ്ധമായുള്ള മനസ്സ് ”ദേവ്ജിയുടെ വിശദീകരണം ആ അതൃപ്തി നീക്കി ത്തന്നു. “കാര്യമൊക്കെ ശരി തന്നെ. പക്ഷേ ഇത്… ഇത് നിന്നെക്കൊണ്ടാവുമോ ?” എന്റെ ചുരുണ്ട് മുട്ടോളം നീണ്ട മുടിയില്‍ തലോടിക്കൊണ്ട് പൂര്‍ണ്ണിമ ചോദിച്ചപ്പോള്‍ മറുപടിയൊന്നും പറഞ്ഞില്ല. ഏതു നഷ്ടവും നിസ്സാരമെന്നു മാത്രമേ ചിന്തിയ്ക്കാന്‍ കഴിഞ്ഞുള്ളു.

“ഓരോ ബന്ധവും മനസ്സില്‍ കൊണ്ടുവരിക, നിങ്ങളെ നിങ്ങളാക്കിത്തീര്‍ത്ത ഓരോ ബന്ധവും… ഓരോന്നായി അറുത്തു മാറുക. എളുപ്പമല്ല അത്. പക്ഷേ ചെയ്തേ പറ്റൂ. ഓര്‍ക്കുക, നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ചടങ്ങാണിത്‌. ഓരോരുത്തര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ചെയ്യാം. നിങ്ങള്‍ സ്വയം ദൈവത്തിനു സമര്‍പ്പിച്ചു കൊള്ളുക. എല്ലാം നിങ്ങളുടെ മനസ്സിന്റെ തൃപ്തിയ്ക്ക് വേണ്ടി മാത്രം. നിങ്ങളുടെ ഈ ജന്മം കഴിഞ്ഞു എന്നു തന്നെ ഉറച്ചു വിശ്വസിയ്ക്കൂ. ഇനിയൊരു പുതിയ ജന്മമാണ്. ജാതിമതഭേദങ്ങളില്ലാത്ത ഒരു പുതിയ ജന്മം. കരച്ചിലില്ലാത്ത ഒരു പുതിയ പിറവി.” ദേവ്ജി നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരിയ്ക്കെ മനസ്സൊന്നെതിര്‍ത്തു. കരച്ചിലില്ലെന്നാര് പറഞ്ഞു. ബന്ധങ്ങ ളുടെ രക്തം പുരണ്ട കബന്ധങ്ങളാണ് പലരുടെയും മനസ്സ് നിറയെ. അവര്‍ നിറകണ്ണുകളോടെയാണ് ഓരോന്നും ചെയ്തു കൊണ്ടിരുന്നത്. ബന്ധ ങ്ങളോരോന്നും മുമ്പേ അകന്നു പോയതുകൊണ്ട് വേദനിയ്ക്കാന്‍ പോലും കഴിയാതെ ശൂന്യമായിരുന്നു മനസ്സ്. ആദ്യമാദ്യം പൊരുത്തപ്പെടാന്‍ പ്രയാസം തോന്നിയെങ്കിലും പിന്നീട് ഒരു ഭാരക്കുറവിന്റെ സുഖം അനുഭവപ്പെ ട്ടു. സ്വയമൊന്നും അറുത്തു മാററിയില്ലെ ന്നതുകൊണ്ട് ഒരു കുറ്റബോധവും തോന്നിയതുമില്ല. ആത്മപിണ്ഡസമര്‍പ്പണത്തിനാ യി കാര്‍മ്മികന്റെ മുന്നിലെത്തിയപ്പോഴും ഉള്ളു വിറച്ചില്ല. മുങ്ങി നിവര്‍ന്നു പടി കയറുമ്പോള്‍ ഒരു നോക്ക് ഞാന്‍ വ്യക്ത മായും കണ്ടു. ചുരുണ്ട മുടിയും വേദനയുടെ നിഴല്പാടുകള്‍ നിറഞ്ഞ മുഖവും ശൂന്യമായ കണ്ണുകളുമുള്ള ഒരു രൂപം ഒഴുകിമായു ന്നത്. ആദ്യമൊരു നടുക്കം തോന്നിയെങ്കിലും പിന്നീട് അനാവശ്യമായ എല്ലാ ഭാരങ്ങളും ഒഴിവാക്കിയ ഒരു സുഖം തോന്നി.

“ഞാനിവിടെയിരുന്നോട്ടെ”-ഒരു പതിഞ്ഞ ശബ്ദം അടുത്തുനിന്നു കേട്ടപ്പോഴാണ് നോക്കി യത്. തുളസിയാണ്. ആദ്യ ദിവസം എന്റെ അടുത്ത് വന്നിരുന്നു, ‘ഒരു പേര് പറഞ്ഞു തരാമോ’ എന്നു ചോദിച്ചുകൊണ്ട്. എവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്നൊരു തോന്നലു ണ്ടായി. ശരിയ്ക്കുള്ള പേര് ചോദിച്ചില്ല. അവളെ കണ്ടപ്പോഴേ മനസ്സില്‍ തോന്നിയ പേര് തുളസി എന്നാണ്. പിന്നീട് അവള്‍ തന്റെ ജീവിതം പകര്‍ത്തി വെച്ചത് വായിച്ചപ്പോഴാണ് ആളെ മനസ്സിലായത് – ഡോ:സൂസന്‍ മാത്യൂസ്. പീഡനക്കേസുമായി ബന്ധപ്പെട്ട് പത്ര ങ്ങളിലും ചാനലുകളിലും ദിവസങ്ങളോളം നിറഞ്ഞു നിന്നവള്‍. കോടതി മുറിയില്‍ അവള്‍ എണ്ണിയെണ്ണി പറഞ്ഞു –ആദ്യം സ്വന്തം ആങ്ങള, പിന്നെ ഭാവിവരന്‍,പിന്നെ മൂന്ന് അടുത്ത സുഹൃത്തു ക്കളും. കരഞ്ഞും ക്ഷോഭിച്ചും നില്‍ക്കുന്ന അവളുടെ ഫോട്ടോകള്‍ അന്നൊരു നിത്യക്കാഴ്ചയായിരുന്നു. ഒരു മുഖവുരയില്ലാതെ അവള്‍ പറഞ്ഞു “മാതാപിതാക്കള്‍ പെണ്മക്കളുടെ ശാരീരികമായ അഭിമാനത്തെക്കുറിച്ചു മാത്രമേ വേവലാതിപ്പെടൂ അല്ലേ? അവര്‍ക്കും അഭിമാനമുണ്ട്, സ്വപ്നങ്ങളുണ്ടെന്ന് അവരൊരിയ്ക്കലും ചിന്തിയ്ക്കില്ല അല്ലേ ? ഞാന്‍ എന്നും എന്റെ പപ്പയും മമ്മിയും പറയുന്നതേ കേട്ടിട്ടുള്ളൂ. അവര്‍ പറഞ്ഞ കോഴ്സിനു ചേര്‍ന്നു, അവര്‍ പറഞ്ഞ കോളേജില്‍ പഠിച്ചു. എല്ലാ താല്പര്യ ങ്ങളും അവരുടെ അനുവാ ദത്തോടെ മാത്രം ചെയ്തു. എന്നിട്ടെന്തുണ്ടായി? എനിയ്ക്കുമുണ്ടായിരുന്നു മോഹങ്ങള്‍… നല്ല ഡോക്ടറെന്നു പേരെടുക്കണം, ധാരാളം പണമുണ്ടാക്കണം, ഇഷ്ടപ്പെട്ട ആളെ വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം കഴിയ്ക്കണം, പപ്പയും മമ്മിയും ആങ്ങളയും ഭര്‍ത്താവും കുട്ടികളുമൊക്കെയായി എല്ലാ ആഡംബരങ്ങളേോടെയും ജീവിയ്ക്കണം. എന്തു കിട്ടി എനിയ്ക്ക്…? തുടക്കം കുറിച്ചത് ആങ്ങള തന്നെ. അടുത്തതെന്റെ പ്രിയപ്പെട്ട കാമുകന്‍.കുറ്റം പറയരുതല്ലോ. യാതൊരു ബലപ്രയോഗവും ഉണ്ടായില്ല.’നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, ഞാനുണ്ട് കൂടെ, എന്നും’ എന്നൊക്കെ പറഞ്ഞ പ്പോള്‍ ഞാനതൊക്കെ വിശ്വസിച്ചു. പിന്നെ പെണ്‍സുഹൃത്തുക്കളൊക്കെ മുഖം തിരിച്ചു നടന്നപ്പോള്‍ സഹതാപം കാ ണിച്ചു കൂടെ നിന്ന സുഹൃത്തുക്കള്‍… മകനെ പുണ്യവാളനാക്കാന്‍ പപ്പയും മമ്മിയും കോടതിയില്‍ പറഞ്ഞതെന്താണെന്നോ, എനിയ്ക്ക് ഭ്രാന്താണെന്ന്. പിന്നെ എന്റെ പരാതികള്‍ക്കെന്തു വില? ഇപ്പോള്‍ എല്ലാവരും സുഖമായി ജീവിയ്ക്കുന്നു. നഷ്ടങ്ങ ളത്രയും എനിയ്ക്ക്, എനിയ്ക്ക് മാത്രം.”അവളുടെ വരണ്ടു പോയ കണ്ണുകളില്‍ ഒരു ചെറിയ നനവ്‌ പോലും പ്രതീക്ഷിയ്ക്കാനില്ലെ ന്നെനിയ്ക്ക് തോന്നി, ഇത്ര വാചാലത പോലും ഞാനവളില്‍ നിന്നു കരുതിയതല്ല. എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. എല്ലാം തട്ടിയുടയ്ക്കാനുള്ള ഒരു കരുത്ത് അവളുടെ വലിഞ്ഞു മുറുകിയ മനസ്സില്‍ നിന്നും ശരീരമാകെ വ്യാപിയ്ക്കുന്നു ണ്ടെന്ന് അടുത്തിരുന്നു കൊണ്ടു തന്നെ ഞാന്‍ വ്യക്തമായി അറിഞ്ഞു.

“അനസൂയാദേവി ഇവിടെ വരൂ” ദേവ്ജി വിളിച്ചപ്പോഴാണ് ശ്രദ്ധിച്ചത്. ഇദ്ദേഹം എപ്പോള്‍ വന്നു? അതോ ഇത്രയും നേരം ഇവിടെ നില്പുണ്ടായിരുന്നോ ? തുളസി പെട്ടെന്ന് ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി. “തുളസീദേവിയുടെ മനസ്സ് ഇനിയും സ്വസ്ഥമായിട്ടില്ല അല്ലേ.ദേവിയ്ക്ക് അവരെ സഹായി യ്ക്കാന്‍ കഴിഞ്ഞേയ്ക്കും, ആദ്യദിവസങ്ങളിലെ പ്പോലെയല്ല ദേവി ഇപ്പോള്‍, ഒരുപാടു മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് പറയുന്നത്. നിങ്ങള്‍ക്ക് അവരെ സമാധാനിപ്പിയ്ക്കാനുള്ള പക്വ തയുണ്ട്. ശ്രമിയ്ക്കൂ.” പറയാനുള്ളത് പറഞ്ഞ് ദേവ്ജി പോയി. ആകെ ഒരു നീരസമാണ് തോന്നിയത്. എന്തോ… മറ്റാരോടും തോന്നാത്ത ഒരു അപ്രിയം എനിയ്ക്ക് ഇദ്ദേഹത്തോട് മാത്രം തോന്നുന്നു. പക്ഷേ ഞാനൊ രുപാട് മാറിക്കഴിഞ്ഞിരിയ്ക്കുന്നു എന്ന ആ അഭിപ്രായത്തില്‍ മനസ്സുടക്കി നിന്നു. വന്നിട്ട് ദിവസങ്ങളേറെക്കഴിഞ്ഞിരിയ്ക്കുന്നു. എത്രയെന്നു ശ്രദ്ധിച്ചിട്ടില്ല. മുറിയില്‍ കലണ്ടറില്ല. വന്ന ആദ്യനാളുകളിലൊ ന്നില്‍ ദേവ്ജി പറഞ്ഞിരുന്നു.“കലണ്ടര്‍ ഓഫീസിലുണ്ട്. അത് നമ്മുടെ പ്രവൃത്തികളെക്കുറിച്ചോര്‍മ്മിപ്പിയ്ക്കാനാണ്. മുറിയിലൊരു കലണ്ടര്‍ ഉണ്ടായാല്‍ അത് നമ്മളില്‍ വ്യക്തിപരമായ പല ഓര്‍മ്മകളുമുണ്ടാക്കിയേയ്ക്കും.” ശരിയാണ്, പ്രിയ പ്പെട്ടവരുടെ പിറന്നാളും, വിവാഹവാര്‍ഷികവുമെല്ലാം കലണ്ടറില്‍ അടയാളപ്പെടുത്തി വെച്ച് അവരെ കൃത്യമായി വിളിച്ച് ആശംസിയ്ക്കുന്ന ഒരു പതിവ് മുമ്പെനിയ്ക്കുണ്ടായിരു ന്നു. എല്ലാം ഒരു ജനിമൃതികള്‍ക്കപ്പുറത്തു നടന്ന പോലെ…കണ്ണ് വരണ്ട് വല്ലാതെ എരി യുമ്പോഴാണു തോന്നുക, ഒരു കണ്ണാടിയുണ്ടെങ്കില്‍ കണ്ണില്‍ തനിയെ മരുന്നൊഴിയ്ക്കാമാ യിരുന്നു. പക്ഷേ മുറികളില്‍ കണ്ണാടി പതിവില്ല. അതിനുള്ള ന്യായീകരണവും ദേവ്ജി ഒരിയ്ക്കല്‍ പറഞ്ഞിരുന്നു, “നമുക്കെന്തിനാണ് കണ്ണാടി? കണ്ണാടിയില്‍ നാം പലപ്പോഴും കാണുക മുഖമല്ല, മുഖംമൂടികളാണ്. ആ വൈകൃതം നമ്മുടെ മനസ്സിനെ വീണ്ടും വീണ്ടും നശിപ്പിയ്ക്കുകയേ ഉള്ളൂ.” അത്യാവശ്യം വേണ്ട സൌകര്യങ്ങള്‍ മാത്രം. വൃത്തിയും ഒതുക്കവുമുള്ള മുറികള്‍. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കോട്ടേജുകള്‍, ആരും അധികം അടുക്കാ തിരിയ്ക്കാന്‍. എല്ലാവര്‍ക്കും തമ്മില്‍ അടുപ്പം വേണം, ഒരേ അകലത്തിലുള്ള അടുപ്പം. രാത്രി വേണമെങ്കില്‍ പുറത്ത് വന്നിരിയ്ക്കാം, കാറ്റ് കൊണ്ട്, നിലാവ് കണ്ട്. എല്ലാം സുരക്ഷിതം, പുറത്ത് സെക്യൂരിററിയുണ്ട്, അതും ഇവിടത്തെ അന്തേവാസികള്‍ തന്നെ. ഞാനേറെ മാറി എന്ന ദേവ്ജിയുടെ വാക്കുകള്‍ വീണ്ടും മനസ്സിലുയര്‍ന്നു വന്നു. മാറണം എന്നു തന്നെയാണ് ആഗ്രഹിച്ചിരുന്നത്. മാറിയോ…? എങ്കില്‍ കാരണം എന്റെ കുട്ടികള്‍ തന്നെ. “എല്ലാവര്‍ക്കും അറിവും കഴിവും താല്പര്യവുമുള്ള പ്രവൃത്തികള്‍ ചെയ്യാം, ചെയ്യണം” ദേവ്ജി പറഞ്ഞിരുന്നു. അദ്ധ്യാപനം തന്നെ തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു – “നല്ല കാര്യം, കുട്ടികളെ ജീവിയ്ക്കാന്‍ പഠിപ്പിയ്ക്കൂ. സങ്കല്പങ്ങളല്ല, യാഥാര്‍ത്ഥ്യങ്ങള്‍. അവര്‍ അറിഞ്ഞും കണ്ടും വളരട്ടെ.” സ്ഥാപനത്തിന്റെ ഭാഗമായുള്ള സ്കൂള്‍. തികഞ്ഞ സ്വാതന്ത്ര്യം, സഹകരണം. അദ്ധ്യാപനത്തിന്റെ പുതിയ പാഠങ്ങള്‍ പരിശീലനമില്ലാതെ തന്നെ പഠിച്ചു, ക്ലാസ് മുറികള്‍ക്കപ്പുറത്ത് പ്രകൃതി തന്നെ വിദ്യാലയമായി. എന്റെ പരിമി തികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ…നട്ടെല്ല് പിളരുന്ന വേദനയോടെ പാതിയിലേറെ മരവിച്ച കാലുകളുമായി മുകളിലേയ്ക്കുയര്‍ന്നു പോകുന്ന കോണിപ്പടികളുടെ താഴെ ഉള്ളു തകര്‍ന്നു നിന്നിരുന്ന കാലത്തിനേറെ പഴക്കമില്ല. വേണ്ട…ഇനി പിന്നിട്ട വഴികളിലേ യ്ക്കൊരു തിരിഞ്ഞു നോട്ടം വേണ്ട. ഇപ്പോള്‍ ചുറ്റും കുട്ടികള്‍, അവര്‍ക്ക് പറയാനുള്ള പലപല കാര്യങ്ങള്‍, കളിച്ചും കഥ പറഞ്ഞും അവരറിയാതെ ത്തന്നെ അവരെ പഠിപ്പി യ്ക്കുമ്പോഴുള്ള സുഖം… അതു തന്നെയായിരിയ്ക്കണം എന്റെ മാറ്റത്തിന് കാരണവും.

ഒരു ദിവസം ഉച്ച മയങ്ങിയ നേരം, തോട്ടത്തില്‍ വാടിനില്‍ക്കുന്ന ചെടികള്‍ നനച്ചു കൊണ്ടിരിയ്ക്കുന്ന സമയത്താണ് പിന്നില്‍ നിന്നാരോ കാലില്‍ കെട്ടിപ്പിടിച്ചു കൊണ്ട് അമ്മേ എന്ന് വിളിച്ചത്. നോക്കിയപ്പോള്‍ നാല് വയസ്സുള്ള ഒരു കുട്ടി – ഓമനത്തമുള്ള മുഖം, ആ കുഞ്ഞു വയസ്സിനു താങ്ങാന്‍ പറ്റാത്ത എന്തോ ഒരു വലിയ സങ്കടം അവിടെ നിറഞ്ഞു നില്പുണ്ട്. നീര് വെച്ച പോലെ ഉയര്‍ന്നു നില്‍ക്കുന്ന കവിളുകളും ഒരു വല്ലാത്ത ക്ഷീണഭാവവും ആ മുഖത്ത് ഒരു വലിയ ദൈന്യത പോലെ കണ്ടു. പ്രതീക്ഷ പിഴച്ചതിന്റെ നിരാശയോടെ അവളല്പം മാറിനിന്നു. ഞാനവളെ എടുക്കാനൊരുങ്ങുമ്പോള്‍ ദേവ്ജി അവിടെയെത്തി. “കബനീ, അത് കുട്ടിടെ അമ്മയല്ല. മുറിയിലേയ്ക്ക് പൊയ്ക്കോളൂ” എന്നു പറഞ്ഞത് കേട്ടപ്പോള്‍ അവള്‍ വല്ലാത്തൊരു നഷ്ടബോധത്തോടെ തല കുനിച്ച് മിണ്ടാതെ പോയി. “ദേവി അമ്മയല്ല, അവള്‍ നിങ്ങളുടെ മകളുമല്ല, അതോര്‍ക്കുക” എന്നു കൂടി പറഞ്ഞപ്പോള്‍ എനിയ്ക്കദ്ദേഹത്തോടു വല്ലാത്ത ദേഷ്യം തോന്നി. അവള്‍ എന്നെ അമ്മ എന്ന് വിളിച്ചാല്‍, ഞാനവളെ ഒന്നെടുത്താല്‍ എന്ത് സംഭവിയ്ക്കാനാ? എന്തിനാ ഇദ്ദേഹം ഇങ്ങനെ ഇടപെടുന്നത് എന്നൊക്കെ മനസ്സ് പിറുപിറുത്തു തുടങ്ങുമ്പോള്‍ ദേവ്ജി പറഞ്ഞു. “കബനി അനാഥയാണ്. അവളുടെ അച്ഛനും അമ്മയും ഒരു വലിയ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്തു. മകളെയും കൂടെ കൂട്ടിയിരുന്നു. പെണ്‍കു ഞ്ഞിനെ ഈ ലോക ത്തിനു വിട്ടു കൊടുക്കാതിരിയ്ക്കാനുള്ള സന്മനസ്സ് അവര്‍ കാണിച്ചു. മകനെ നേരത്തെ നാട്ടിലേയ്ക്കയച്ചു. പക്ഷേ നിര്‍ഭാഗ്യവ ശാല്‍ ഇവള്‍ മാത്രം മരിച്ചില്ല. അകത്തു ചെന്ന വിഷം കാരണമാണ് അവളുടെ കവിളുകളും കയ്യും കാലുമൊക്കെ നീര് വന്നു വീങ്ങിയിരിയ്ക്കുന്നത്. ആന്തരികാവയവങ്ങളെ വിഷം അത്രയ്ക്ക് ബാധിച്ചിട്ടുണ്ട്. ബന്ധുക്കള്‍ അവളെ ഏറ്റെടുക്കാന്‍ തയ്യാറാ യില്ല. അങ്ങനെ അവളിവിടെയെത്തി. ബന്ധു വീടുകളില്‍ ഒരാശ്രിതയായി, ഒരു ശല്യം പോലെ ജീവിയ്ക്കുന്നതിനേക്കാള്‍ ഈ അവസ്ഥ യല്ലേ ഭേദം…? താനൊരനാഥയാണെന്നറിഞ്ഞു കൊണ്ടു തന്നെ അവള്‍ വളരട്ടെ. ആ തിരിച്ചറിവ് അവള്‍ക്കുള്‍ ക്കരുത്ത് കൊടുക്കട്ടെ. മൃദുലസങ്കല്പങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യത്തി ന്റെ കാഠിന്യമാണ് അവളറിയേണ്ടത്.” എന്റെ കണ്ണുക ളിലേയ്ക്ക് നോക്കിക്കൊണ്ട് ദേവ്ജി പറഞ്ഞപ്പോള്‍ ഇദ്ദേഹമെങ്ങനെയാണ് എന്റെ മനസ്സ് പറയുന്ന കാര്യങ്ങള്‍ അറിയു ന്നതെ ന്നൊരാശ്ചര്യം എന്റെ മനസ്സിലുണര്‍ന്നു. “കബനി ഞാനിട്ട പേരാണ്. പഴയ പേര് അവള്‍ക്കിനി വേണ്ട” എന്നദ്ദേ ഹം പറഞ്ഞപ്പോള്‍ തോന്നി ഒരു മനുഷ്യന്റെ പേരും അയാളുടെ അനുഭവങ്ങളും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ല. എന്റെ പേര് എനിയ്ക്കെന്നും ഒരു പൊരുത്തക്കേടായിരുന്നു. ഒരു പാകമല്ലാത്ത ഉടുപ്പണിഞ്ഞ അസ്വസ്ഥതയായിരുന്നു അതെന്നുമെനിയ്ക്ക് തന്നത്. തികഞ്ഞ അവജ്ഞയോടെ അതെന്നും എന്നെ ആക്ഷേപിച്ചു കൊണ്ടിരുന്നു. എന്തോ ആ പേരുപേക്ഷിച്ചപ്പോള്‍ ഒരു കോമാളി വേഷം അഴിച്ചു വെച്ച സുഖമാണ് തോന്നിയത്.

“ദേവി തുളസീദേവിയോടു കബനിയുടെ അസുഖത്തെപ്പറ്റി പറയൂ, അവളെ ചികിത്സി യ്ക്കാനും. ഹയര്‍സ്റ്റഡീസിനു പോകാ നുള്ള അവസരമൊരുക്കാമെന്നും.” ദേവ്ജിയുടെ നിര്‍ദ്ദേശം വളരെ നല്ലതാണെന്നെനിയ്ക്ക് തോന്നി. ഞാന്‍ കഴിയ്ക്കാറുള്ള മരു ന്നുകള്‍ അവളെടുത്തു നോക്കാറുണ്ടായിരുന്നു. ഫിസിയോതെറാപ്പി ചെയ്യാന്‍ എന്നെ സഹായി യ്ക്കാറുമുണ്ട്. ക്ലാസ്സെടുക്കു മ്പോള്‍ പോലും ഇടയ്ക്ക് വന്നോര്‍മ്മിപ്പിയ്ക്കും. “ഒരേ പൊസിഷനില്‍ അധിക നേരം പാടില്ല”. അത് യാദൃച്ഛികമായി കേട്ടാണ് ദേവ്ജി എനി യ്ക്ക് ക്ലാസ് റൂമില്‍ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തന്നത്. “ഡിസ്കിനാണ് പ്രശ്നം. അതുകൊണ്ടാണ് കാലില്‍ തരിപ്പുണ്ടാകുന്നത്. ഇരിപ്പും കിടപ്പുമൊക്കെ ശരിയായ പൊസി ഷനിലായാല്‍ വേദനയ്ക്ക് കുറച്ചൊക്കെ സമാധാനമുണ്ടാകും. നട്ടെല്ലിനു സപ്പോട്ട് കിട്ടുന്ന ചെയറും ബെഡ്ഡുമൊക്കെ ഉപയോഗിയ്ക്കണം.”അവള്‍ വളരെ ഗൌരവത്തോടെ ഉപദേശിയ്ക്കു മ്പോള്‍ ഞാന്‍ പറയാ റുണ്ട്. “തുളസീദേവി ഒരു നല്ല ഡോക്ടറായിത്തന്നെ തുടരേണ്ടതാണ്. ഇവിടത്തെ അന്തേവാസികളെ നോക്കൂ, പലരും പല ആരോഗ്യപ്രശ്ന ങ്ങളുള്ളവരാണ്. നമുക്കൊരു ഡോക്ടര്‍ മാസത്തിലൊരിയ്ക്കലല്ലേ വരാറുള്ളൂ. ചികിത്സ യിലൂടെ ലഭിയ്ക്കുന്ന ആത്മസംതൃപ്തി എത്ര വലിയൊരു സുഖമാണ്. എം. ബി. ബി. എസ്സോടെ പഠനം നിര്‍ത്തിയത് കഷ്ട മായി. തുടര്‍ന്നു പഠിച്ചു കൂടെ ?” വേദന നിറഞ്ഞ ഒരു ചിരിയോടെ അവള്‍ ഒന്നും മിണ്ടാതെ പോകും. ഇന്നിപ്പോള്‍ ദേവ്ജി തന്നെ പറഞ്ഞിരിയ്ക്കുകയാണ് അവളുടെ പഠനം തുടരുന്നതിനെപ്പറ്റി. എത്രയും വേഗം അവളോടത് പറയണം. അവള്‍ക്കേറെ സന്തോഷമാകും.

“ദേവിയെന്താ ആലോചിച്ചോണ്ട്‌ നിക്കണേ ? ങ്ങനെ നിക്കണ കണ്ടോണ്ട് ചോയ്ച്ചതാ ണേ.ഞാന്‍ ലൈബ്രറീലിയ്ക്ക് പോട്ടെ” ലക്ഷ്മി നടന്നു കൊണ്ടു തന്നെ പറഞ്ഞു. ലക്ഷ്മിയുടെ കഥ ഒരിയ്ക്കല്‍ അവള്‍ തന്നെ പറഞ്ഞതാണ്. “ഞാനിവിടെ വന്നപ്പോ ചീര്വായിരുന്നു. ദേവ്ജിയാ ലക്ഷ്മി എന്ന് പേരിട്ടേ. എനിയ്ക്ക് എഴുതാനും വായിയ്ക്കാനും ഒന്നും അറീല്ലാരുന്നു. ഒക്കെ അദ്ദേഹമാ പഠിപ്പിച്ചേ.” ലക്ഷ്മി ഇവിടത്തെ ആദ്യകാല അന്തേവാസികളിലൊരാളാണ്. അവളൊരാദിവാസി സ്ത്രീയായിരുന്നു. മൂന്നു മക്കളുടെ അമ്മ. “മക്കളെവിടെ” എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. “മൂത്തത് രണ്ടെണ്ണം എവിട്യാന്നറീല്ല. ഒടുക്കത്തെ ചത്തു പോയി. അതൊരു പെണ്ണായിരുന്നു. ചത്തത് നന്നായി. അല്ലെങ്കി അതിനേം ആ കാലന്‍…”അവള്‍ പകുതിയില്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു, “ആര്…?” “എന്റപ്പന്‍” അവളെത്ര അമര്‍ത്തിയാലും അടങ്ങാത്ത ദേഷ്യത്തോടെ പറഞ്ഞു. “ഭര്‍ത്താവ് ?” ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. “ഭര്‍ത്താവില്ല, അപ്പന്‍ തന്നെ. എന്റെ മൂന്നു മക്കടേം അപ്പന്‍ എന്റപ്പന്‍ തന്നെയാ.” ആ അനുഭവത്തിന്റെ ഭീകരതയിലേയ്ക്കു മനസ്സൂന്നവേ അവള്‍ തുടര്‍ന്നു. “വേദനിച്ചു കരഞ്ഞപ്പോ ന്നെ ആരും നോക്കീല്ല്യ. ഒരു മലഞ്ചെരൂല് കെടന്നാ ഞാനൊടു ക്കത്തേനെ പെറ്റതേ. ആരും അട്ത്ത്ണ്ടായില്യ. പിന്നെ ആള്‍ക്കാരൊക്കെ അറിഞ്ഞു വന്നപ്പഴയ്ക്കും കുട്ട്യേ എറുമ്പരിച്ച് തൊടങ്ങീര്ന്നു. ആശ്വത്രീല് കൊണ്ട്വോയപ്പഴയ്ക്കും അയിന്റെ ജീവന്‍ പോയി. ടി.വീലോക്കെ വന്നീര്ന്നു. അന്നൊക്കെ യ്ക്ക് ഭ്രാന്ത് പിടിച്ച മാതിര്യായിരുന്നു. ആരേലും അടുത്ത് വന്നാ നിയ്ക്ക് പേട്യായി ര് ന്നു. ഞാനവരെ ഉപദ്രവിയ്ക്കും. പിന്നെ ഇവര് കൊറേ ചികിത്സിയ്ക്ക്വൊക്കെ ചെയ്തു. അങ്ങന്യാ അസുഖം മാറീതേ. ഇപ്പൊ ഒന്നൂല്യെങ്കിലും സമാധാനം ണ്ട്. വായി യ്ക്കാനും എഴ്താനും ന്നല്ല സംസാരിയ്ക്കാന്തന്നെ പഠിപ്പിച്ചത് രാമകൃഷ്ണദേവനാ. ന്റെ പണ്ടത്തെ വര്‍ത്താനൊന്നും കേട്ടാ ആരക്ക്വൊന്നും മനസ്സിലാവ്ന്ന്യല്ല.” അവള്‍ ചെറിയൊരു ചിരിയോടെ പറഞ്ഞു. കഴിഞ്ഞ കാലത്തെപ്പറ്റി ആത്മസംയമന ത്തോടെ ചിന്തിയ്ക്കാനുള്ള ശേഷി അവള്‍ക്കു കൈ വന്നിട്ടുണ്ട്.

രാമകൃഷ്ണദേവന്‍ പലപ്പോഴും അക്ഷരാഭ്യാസമില്ലാത്തവരെ പിടിച്ചിരുത്തി പഠിപ്പിയ്ക്കു ന്നതും വായിയ്ക്കാനെളുപ്പമുള്ള ചെറിയ പുസ്തകങ്ങള്‍ കൊടുത്ത് വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതും കണ്ടിട്ടുണ്ട്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഊന്നുവടിയുടെ സഹായത്തോടെ യാണ് അദ്ദേഹം നടന്നിരുന്നത്. ചിലപ്പോള്‍ ദേവ്ജി അദ്ദേഹത്തെ താങ്ങിനടത്തുന്നത് കാണാം. എന്നും സന്ധ്യയ്ക്ക് ഹാളില്‍ എല്ലാവരും ഒത്തുചേരണം. പ്രഭാഷണമുണ്ടാകും. നല്ല കാര്യങ്ങള്‍ പറഞ്ഞു തരിക, ആത്മവിശ്വാ സമുണ്ടാക്കുക, എന്ന ഉദ്ദേശ്യത്തോടെയാണ് ദേവ്ജി അങ്ങനെയൊരു പതിവുണ്ടാക്കിയത്. ഗീതയും ബൈബിളും ഖുറാനും സാരോപദേശകഥകളുമെല്ലാം അവിടെ ചര്‍ച്ച ചെയ്യും. തികഞ്ഞ നിഷ്പക്ഷ മനോ ഭാവത്തോടെയാണ് അദ്ദേഹം അത് ചെയ്തിരുന്നത്. എങ്ങനെ ഇത്രയും ആഴത്തിലുള്ള അറിവ് ഇദ്ദേഹം നേടി എന്നൊരത്ഭുതം തോന്നാറുണ്ട് അത് കേള്‍ക്കു മ്പോള്‍. ആദ്യമാദ്യം എനിയ്ക്ക് അതൊന്നും കേള്‍ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. ദേവ്ജിയ്ക്ക് തിരക്കുള്ള ദിവസങ്ങളില്‍ രാമകൃഷ്ണ ദേവനാണ് നേതൃത്വം നല്‍കുക. അപ്പോള്‍ മാത്രമാണ് അദ്ദേഹം കാര്യമായൊന്നു സംസാരിച്ചു കാണുക. മിക്ക സമയവും ലൈബ്രറിയില്‍ കഴിച്ചുകൂട്ടുന്ന അദ്ദേഹം ആരോടും ഇടപഴകാറില്ല. എന്തോ കടുത്ത വേദന, ഒരാത്മപീഡനമനോഭാവം ഉള്ളതു പോലെ…

“ഗംഗാദേവിയ്ക്ക് സുഖമില്ല, നല്ല പനി.ദേവ്ജിയോടു പറഞ്ഞപ്പോ തുളസി ഡോക്ടറെ വിളിയ്ക്കാന്‍ പറഞ്ഞു.” ലക്ഷ്മി തുളസി യെ വിളിയ്ക്കാന്‍ പോകുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു. ഗംഗാദേവി… ആരോടും ഒന്നും മിണ്ടാറില്ല, ചിരിയ്ക്കാറില്ല, മുറി വിട്ടു പുറത്തിറ ങ്ങാറില്ല, അസുഖം ശരീരത്തിനോ മനസ്സിനോ എന്നു തന്നെ മനസ്സിലായിട്ടില്ല. എല്ലാവരു ടെയും കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാനും അന്വേഷിയ്ക്കുകയും ചെയ്യുന്ന ദേവ്ജി ആ മുറിയിലേ യ്ക്ക് കയറാറില്ല, പലരുടേയും കാര്യത്തില്‍ ചെയ്യാറുള്ള പോലെ എന്നെ ഒന്നും എല്പിച്ചി ട്ടില്ല. എല്ലാം സുഹാസിനീ ദേവിയാണ് ചെയ്യാറുള്ളത്. ഭക്ഷണം കൊണ്ടു പോയി കൊടുക്കു ന്നതും, മരുന്ന് കഴിപ്പിയ്ക്കുന്നതുമെല്ലാം കണ്ടിട്ടുണ്ട്.

സുഹാസിനീ ദേവി – വേറിട്ട ഒരു വ്യക്തിത്വമായി തോന്നാറുണ്ട്. എപ്പോഴും ചിരിച്ചു കൊണ്ട്, എപ്പോഴും ചിരിപ്പിച്ചു കൊണ്ട്. എല്ലാ ചുമതലയും നിസ്സാരമെന്ന പോലെ വഹിയ്ക്കും. ദേവ്ജി പ്രഭാഷണവേളയില്‍ പലപ്പോഴും പറയാറുണ്ട്. “ചിരിയ്ക്കാനര്‍ഹ തയില്ലാത്തവരല്ല നിങ്ങള്‍. ഗൌരവം നിറഞ്ഞ മനസ്സും മുഖവുമൊന്നും ഇവിടെ ആവശ്യ മില്ല. ചിരിയ്ക്കാം, തമാശ പറയാം, ചിരിപ്പിയ്ക്കാം. ആരെയും വേദനിപ്പിയ്ക്കാത്ത തമാശകള്‍ – അത് മനസ്സിന്റെ ഭാരം കുറയ്ക്കും.” അത് ശരിയാ യുള്‍ക്കൊണ്ട ഒരേയൊരു വ്യക്തി സുഹാസിനിയാണെന്നു തോന്നി. ഒരിയ്ക്കല്‍ നേരിട്ടു തന്നെ ചോദിച്ചു, സ്വന്തം വ്യക്തിത്വം അറിഞ്ഞു കൊണ്ടു തന്നെ സ്വീകരിച്ച പേരാണോ ഇതെന്ന്. “ഏയ്…ഒരു പേരിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാ ത്തപ്പോള്‍,പേര് തന്നെ ഒരാവശ്യവുമില്ലാത്ത തെന്ന് തോന്നിയിരുന്ന ഒരവസ്ഥയില്‍ ദേവ്ജി തന്ന പേരാണിത് ” എന്നു പറഞ്ഞ് ചിരിച്ചു. സുഹാസിനി ചിരിയ്ക്കുമ്പോള്‍ കണ്ണുകളും ചിരിയ്ക്കുന്നതു പോലെ തോന്നും. മുഖത്തിന്റെ ഒരു വശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ പൊള്ളലിന്റെ പാടില്ലെങ്കില്‍ ആ ചിരി എത്ര സുന്ദരമാകുമെന്നു തോന്നാറുണ്ട്.

ഭാഷയില്‍ ഒഴുക്കോടെ വളരെ ആകര്‍ഷകമായി സംസാരിയ്ക്കും സുഹാസിനി. അവരോടു സംസാരിച്ചു കഴിയുമ്പോള്‍ മനസ്സി നൊരു സുഖം തോന്നാറുണ്ട്. പക്ഷേ അവരുടെ ഉച്ചാര ണം കേട്ടാല്‍ത്തന്നെ മനസ്സിലാവും മലയാളിയല്ലെന്ന്. ദേവ്ജിയും രാമകൃഷ്ണദേവനും പല ഭാഷകള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നത് കാണാം. ഏതാണ് മാതൃഭാഷയെന്ന് മനസ്സിലാവുക യേയില്ല. അല്ലെങ്കിലും ഭാഷകള്‍ക്കും ഭാഷാഭേദങ്ങള്‍ക്കുമൊക്കെ അതീതമായ ഒരു ലോകത്താണല്ലോ ഇപ്പോള്‍ ജീവി യ്ക്കുന്നത്.

എത്ര ശാസിച്ചാലും ഇടയ്ക്കറിയാതെ തിരിഞ്ഞു നോക്കുകയാണ് മനസ്സ്. അവിടെ വിലപ്പെട്ടതൊന്നുമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. ഇരയുടെ തളര്‍ച്ചയും, വേദനയും, ഭയവും മാത്ര മാണ് കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പുകളായുള്ളത്. ജീവിതം എന്താണ് കരുതിവെച്ചി രിയ്ക്കുന്നതെന്ന ആകാംക്ഷയിലാണ് അക്കാലമത്രയും കഴിഞ്ഞു പോയത്. സ്നേഹിയ്ക്കാനും സ്നേഹി യ്ക്കപ്പെടാനും മാത്രമാണാഗ്രഹിച്ചത്. മറ്റൊരു നേട്ടത്തിലേയ്ക്കും മനസ്സ് കടന്നു ചെന്നിരുന്നില്ല. എന്നിട്ട്… മുറുകെ പിടിച്ച കൈകളിലെന്തൊക്കെയോ ഉണ്ടെന്നു കരുതിയിരുന്നു. ശൂന്യതയെയാണ് മുറുകെ പിടിച്ചിരുന്നതെന്നറിഞ്ഞപ്പോള്‍…അപ്പോള്‍ പോലും ധാരണകളൊന്നും തെറ്റായി തോന്നിയില്ല. പ്രായോഗികതയുടെ കണക്കു പുസ്തകം നിവര്‍ത്തി വെച്ച് ജീവിതം തല്ലിപ്പഠിപ്പിച്ച പാഠങ്ങളത്രയും തെറ്റാണെന്നു തന്നെ വിശ്വസിച്ചു. മോഹങ്ങളെ സങ്കല്പങ്ങളാക്കി ഉണ്ടാക്കിയെടുത്ത സമാധാനത്തിന്റെ ഇല്ലാത്ത തണല്‍ തലയ്ക്കു മുകളിലുണ്ടെന്ന് സ്വയം സാന്ത്വനിപ്പിച്ചു.

“ദേവി എന്തോ ചിന്തയിലാണല്ലോ” ആരാ രക്ഷപ്പെടുത്തിയതെന്ന് തിരിഞ്ഞു നോക്കിയ പ്പോള്‍ തുളസിയാണ്. അവളി പ്പോള്‍ കുറെ മാറിയിട്ടുണ്ടെന്നു തോന്നി. അന്തേവാസികളുടെ അസുഖവിവരങ്ങള്‍ അന്വേഷിയ്ക്കുന്നതും ചികിത്സിയ്ക്കുന്നതും ചിലപ്പോള്‍ ചെറിയ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുത്തും പാട്ടു പാടിക്കൊടുത്തും കളിയ്ക്കുന്നതും കാണാറുണ്ട്. “ഗംഗാദേവിയ്ക്ക് നല്ല പനി. വൈറല്‍ഫീവറാണ്, പേടിയ്ക്കാനൊന്നുമില്ല. മരുന്ന് കഴിപ്പിയ്ക്കാനാണ് പണി. ലക്ഷ്മി വന്നതു കൊണ്ട് രക്ഷപ്പെട്ടു. അവളാകുമ്പോ നിര്‍ത്താതെ സംസാരിയ്ക്കും, കൂട്ടത്തില്‍ മരുന്ന് കഴിപ്പിയ്ക്കലും നടക്കും.” –ചിരിച്ചുകൊ ണ്ടാണവള്‍ പറയുന്നത്. മറ്റ് മുറിവുകളെല്ലാമുണങ്ങി ഒരു ഡോക്ടറുടെ മാനസികാവസ്ഥ യിലേയ്ക്കവള്‍ മടങ്ങിവന്നു എന്നു തോന്നി. “എന്താ, രാത്രി വൈകിയല്ലോ, ഉറങ്ങണ്ടേ” – ദേവ്ജിയാണ്. അധികം അടുപ്പവും വര്‍ത്തമാനവും വേണ്ട എന്ന തിന്റെ സൌമ്യമായ ഓര്‍മ്മിപ്പിയ്ക്കല്‍. തുളസി ഗംഗാദേവിയുടെ വിവരങ്ങള്‍ വിസ്തരിച്ചു പറയാന്‍ തുടങ്ങി. വലിയ താല്പര്യ മൊന്നുമില്ലാത്ത മട്ടില്‍ അദ്ദേഹം കേട്ടു നിന്നു. അപ്പോഴാണ്‌ പെട്ടെന്നൊ രാള്‍ വന്ന് തുളസിയുടെ കാല്‍ക്കല്‍ നമസ്ക രിച്ചത്. ഒന്നും പറയാതെ എഴുന്നേറ്റു പോകു കയും ചെയ്തു. ആകെ അമ്പരന്നു നിന്ന തുളസിയോട് ദേവ്ജി പറഞ്ഞു. “സാരമില്ല, അയാള്‍ ഇവിടത്തെ ഒരന്തേവാസി തന്നെയാണ്. ഒരു കൊലപാതകി. സ്വന്തം മകളെ പീഡിപ്പിച്ചു കൊന്നു. ആ മൃതദേഹത്തേയും പീഡിപ്പിച്ചുവത്രേ. ഡ്രഗ് അഡിക്റ്റ് ആയിരുന്നു. ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങി ആര്‍ക്കും വേണ്ടാത്തവനാ യി കുറെ അലഞ്ഞു നടന്നതിനു ശേഷമാണ് ഇവിടെ എത്തിയത്. അസുഖം കുറെ ഭേദമായപ്പോള്‍ ചെയ്ത തെറ്റിനെപ്പറ്റി ബോധമുണ്ടായി. ദേവിയുടെ അനുഭവങ്ങള്‍ അറിഞ്ഞതുകൊണ്ടാണിങ്ങനെ ചെയ്തത്. ഇനി നേരം വൈകണ്ട, ഉറങ്ങിക്കോളൂ. തുളസീദേവിയ്ക്ക് കുറേ പഠിയ്ക്കാനില്ലേ” എന്ന് രണ്ടു പേരോടുമായി പറഞ്ഞ് ദേവ്ജി പോയി. എല്ലാ ഉന്മേഷവും കെട്ടടങ്ങിയ പോലെ തുളസി തളര്‍ന്നിരുന്നു. “എല്ലാ പെണ്ണുങ്ങളുടേയും കഥ എത്തിച്ചേരുന്നത് ഒരിടത്തു തന്നെ അല്ലേ? സ്ത്രീ എന്നു വെച്ചാല്‍ ഒരു ശരീരം മാത്രം. ആണ്‍മക്കള്‍ക്ക് ഉപദ്രവിച്ച് രസി യ്ക്കാനും നിന്ദിയ്ക്കാനും നശിപ്പിയ്ക്കാനുമുള്ള കളിപ്പാട്ടങ്ങള്‍ മാത്ര മായാണ് അച്ഛനമ്മമാര്‍ പോലും പെണ്മക്കളെ കാണുന്നത് അല്ലേ?വിദ്യാഭ്യാസമോ ജോലിയോ ഒന്നും അവള്‍ക്ക് രക്ഷയാ വില്ല. പെണ്ണായി ജനിയ്ക്കുന്നതിലും ഭേദം ഒരു നിസ്സാരമൃഗമായി ജനിയ്ക്കുന്നതാ യിരുന്നു.” അവളുടെ മനസ്സ് വീണ്ടും പഴയ അനുഭവങ്ങളിലേയ്ക്ക് ഇടറി വീഴുന്നത് ഞാനറിഞ്ഞു. ഒരു വാക്ക് പോലും തെറ്റാണെന്നെനിയ്ക്ക് തോന്നിയില്ല. “കുട്ടി പോയി കിടന്നോളൂ. ഒന്നും ഓര്‍ക്കണ്ട” എന്നു മാത്രംപറഞ്ഞു. ഒരു നിശ്വാസം പോലെ അവള്‍ പോകുന്നത് നോക്കി നിന്നു. അവളി ന്നുറങ്ങില്ല, തീര്‍ച്ച. ഞാനോ…

എത്ര കടിഞ്ഞാണിട്ട് പിടിച്ചു മുന്നിലേയ്ക്കു വലിച്ചാലും കുതറിത്തെറിപ്പിച്ച് പിറകോട്ടു തിരിഞ്ഞോടുന്ന കുതിരയെപ്പോലെ യാണ് മനസ്സ്. അതിന്റെ വന്യമായ സഞ്ചാരം…ഒടുവില്‍ തളര്‍ന്ന കുളമ്പടികളോടെ വേച്ചുവേച്ചു കൊണ്ട് ഒരു തിരിച്ചു വരവ്…കഴിഞ്ഞകാലം അത്ര വലിയ ഗൃഹാതുരതയൊന്നുമാകുന്നില്ല. സ്വസ്ഥതയുടെ പുതിയ അനുഭവങ്ങളുമായി പൊരു ത്തപ്പെടാന്‍ കഴിയുന്നുമുണ്ട്. പക്ഷേ…നടന്നുപോന്ന വഴികളിലേയ്ക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാലടിപ്പാടു പോലും കാണാതെ വരുമ്പോഴുണ്ടാകുന്ന അമ്പരപ്പ്, ഒരു കൊഞ്ചല്‍, ഒരു കുട്ടിക്കഥ പോലും അന്യമായി നില്‍ക്കുന്ന അവസ്ഥ. എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ഒരു കുട്ടിക്കഥയാണല്ലോ. നരി പിടിച്ച കുട്ടിയുടെ കഥ. ഏഴു മലകള്‍ ക്കപ്പുറത്തുനിന്നു നരിയിറങ്ങി വന്നു. അച്ഛന്റേയും അമ്മയുടേയും അടുത്തു കിടന്ന കുട്ടിയെ കടിച്ചു വലിച്ചു കൊണ്ടുപോയി. കുട്ടി എത്ര വിളിച്ചിട്ടും അച്ഛനും അമ്മയും ഉണര്‍ന്നില്ല. എന്തേ ഉണരാഞ്ഞത്? അവര്‍ക്കാ കുട്ടിയെ വേണ്ടായിരുന്നോ? എവിടെ നിന്നോ ഒരു കരച്ചില്‍…ഒരു ദീനമായ കുഞ്ഞുശബ്ദം…ഒരമര്‍ത്തിയ മുരള്‍ച്ച കേട്ടുവോ… എവിടെയൊക്കെയോ വിളക്കുകള്‍ തെളിയുന്നുണ്ടല്ലോ? കുട്ടികളുടെ ബില്‍ഡിങ്ങില്‍ നിന്നാണ്. അവ ര്‍ക്കൊന്നിച്ചുള്ള താമസസ്ഥലമാണ്. അവര്‍ മിണ്ടിയും കളിച്ചും പങ്കിട്ടും വളരട്ടെ. അവരു ടെ മനസ്സിലെ വേദനകള്‍ പെട്ടെന്ന് മാഞ്ഞു പോകുമല്ലോ. ആരാ അവിടെ കരയുന്നത്?എന്നന്വേഷിച്ചു ചെന്നപ്പോള്‍ മടങ്ങി വരുന്ന സെക്യൂരിറ്റി ഒരു ചിരിയോടെ പറഞ്ഞു. (എന്തോ ചില്ലറ മാന സിക പ്രശ്നമുള്ള ആളാണയാള്‍, എപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കും. കുട്ടികളുടെ കൂടെയാണ് മിക്കപ്പോഴും കാണാറുള്ളത്. ഒരിയ്ക്കല്‍ പേര് ചോദിച്ചപ്പോള്‍ ചിരി മാഞ്ഞു. ദശരഥന്‍ എന്ന് പിറുപിറുത്തു കൊണ്ട് പോയി. ശങ്കര്‍ എന്നാണ് പേരെന്നും അയാള്‍ക്ക് സുഖമില്ലെന്നും തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചത് ലക്ഷ്മിയാണ്‌.) “കബനി…സാരമില്ല. എന്തോ സ്വപ്നം കണ്ടു പേടിച്ചതാണ്. ഉറങ്ങാന്‍ കൂട്ടാക്കുന്നില്ല. ലക്ഷ്മീ ദേവി അങ്ങോട്ട്‌ പോയിട്ടുണ്ട്.” അയാള്‍ വീണ്ടും ചിരിച്ചു കൊണ്ട് ഇരുട്ടിലേയ്ക്ക് മറഞ്ഞു. എന്തായിരിയ്ക്കും അവള്‍ കണ്ട സ്വപ്നം?

ഒരു പുതിയ അന്തേവാസി എത്തിയിട്ടുണ്ട്. സ്വയം യാത്രയാക്കി തല മുണ്ഡനം ചെയ്ത് പച്ച വസ്ത്ര മണിഞ്ഞ് ഏതെങ്കിലു മൊരു ദേവീരൂപത്തില്‍ അധികം താമസിയാതെ എത്തിച്ചേരും. ‘മകന്റെ ഉപദ്രവം സഹിയ്ക്കാനാകാതെ മകള്‍ പണ്ടേ ആത്മഹത്യ ചെയ്തു. കുറെ കാലത്തിനു ശേഷം ഭര്‍ത്താവ് മരിച്ചു. സകല കൊള്ളരുതായ്മകള്‍ക്കും മറ പിടിച്ച് ലാളിച്ച് വളര്‍ ത്തിയ മകന്‍ വലിയ ഉദ്യോഗവും കുടുംബവുമൊക്കെയായപ്പോള്‍ അമ്മയെ പുറംതള്ളി സ്വത്ത് കൈക്കലാക്കി വിദേശ ത്തേയ്ക്ക് ചേക്കേറി. അകന്ന ബന്ധുക്കളാരോ ആണ് ഇവിടെ കൊണ്ടുവന്നാക്കിയത് ’ – ഒരു സംക്ഷിപ്ത വിവരണവുമായി ലക്ഷ്മി എത്തി. അത് നന്നായി. അങ്ങനെത്തന്നെ വേണം. ചെയ്ത തെറ്റിന്റെ ഫലം അനുഭവിയ്ക്കട്ടെ. തുളസി സന്തോഷം മറച്ചുവെച്ചില്ല. ദേവ്ജി പറഞ്ഞ പോലെ ഇവള്‍ക്ക് നിര്‍മ്മമത കൈവരാന്‍ ഇനിയും സമയം വേണ്ടി വരും.

പകല്‍ മുഴുവനുള്ള അധ്വാനത്തിന്റെ ക്ഷീണമുണ്ട്. വേദനയും. ഉറക്കം വരുന്നുണ്ട്. കിടന്നു നോക്കാം. എന്താണാവോ കബനി കണ്ട സ്വപ്നം? അമ്മ കൊടുത്ത പായസം കൊതിയോ ടെ കഴിച്ച അവളുടെ അടഞ്ഞു പോകുന്ന കണ്ണുകളിലേയ്ക്ക് അവസാനം കടന്നു ചെന്ന ദൃശ്യങ്ങള്‍ എന്തായിരിയ്ക്കും? കയറിന്റെ തുമ്പത്ത് പിടഞ്ഞു തീരുന്ന ആ പ്രിയപ്പെട്ട രൂപങ്ങള്‍. ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന സ്നേഹം, വാത്സല്യം, സുരക്ഷിതത്വം… അവള്‍ക്കെന്തെങ്കിലും മനസ്സിലായിട്ടുണ്ടാകുമോ? ചുറ്റുമുള്ള കോട്ടേജുകളിലെ വിളക്കുക ളണഞ്ഞിരിയ്ക്കുന്നു. ഉറങ്ങണം, ഉറങ്ങിയേ പറ്റൂ എന്ന വാശിയോടെ എന്തോ മന്ത്രിച്ചു കൊണ്ട് കിടന്നു. ഇരുട്ട് കണ്ണുകളിലേയ്ക്കൂര്‍ന്നിറങ്ങുന്നു. അച്ഛനും അമ്മയും അടുത്തുണ്ട്, പേടിയ്ക്കാനില്ല. പക്ഷേ…ദൂരെ ഒരമര്‍ ത്തിപ്പിടിച്ച മുരളല്‍…ഏഴാം മലയ്ക്കപ്പുറത്തുന്നതാ നരിയിരമ്പക്കം കേക്കുണു. അച്ഛാ ഉണരുണരൂ,അമ്മേ ഉണരുണരൂ… കുട്ടി കരഞ്ഞു. ആരും ഉണര്‍ന്നില്ല. ആറാം മലയ്ക്കപ്പുറത്തുന്നതാ…അഞ്ചാം മല…നാല്, മൂന്ന്, രണ്ട്, ഒന്ന്…അച്ഛനും അമ്മയും ഉണര്‍ന്നില്ല. നരിയുടെ കൂര്‍ത്ത നഖങ്ങള്‍ ആഴ്ന്നിറങ്ങുന്നു, നരിയുടെ തുറിച്ച കണ്ണുകളില്‍ വേദന കണ്ട രസവും സന്തോ ഷവും. കൂര്‍ത്ത പല്ലുകളില്‍ ക്രൌര്യം. ഒരു കരച്ചിലോടെ പിടഞ്ഞുണരുമ്പോള്‍ വിറയ്ക്കുന്ന ഹൃദയത്തുടിപ്പുകള്‍ പറഞ്ഞു. ഇല്ല, ആരുമില്ല. ഇരുട്ട് മാത്രം… ഉറക്കം പേടിച്ച് മാറി നിന്നു. വാതില്‍ തുറന്ന് പുറത്തിറങ്ങി. നക്ഷത്രങ്ങള്‍ സാന്ത്വനിപ്പിച്ചു, സാരമില്ല ഞങ്ങള്‍ ഇവിടെ കാവല്‍ നില്‍ക്കുന്നുണ്ട്. കസേര വലിച്ചിട്ടിരുന്നു. കിതപ്പൊന്നടങ്ങട്ടെ. കണ്ണുകള്‍ ആകാശ ത്തേയ്ക്കുയര്‍ന്നു. നക്ഷത്രങ്ങള്‍ വീണ്ടും കണ്ണു ചിമ്മി ക്കാണിച്ചു. മരിച്ചവരൊക്കെ നക്ഷത്രങ്ങ ളായി മാറുമെന്ന സങ്കല്പ ത്തിന്റെ സൌന്ദര്യത്തെപ്പറ്റി ചിന്തിച്ചു പോയി. എത്ര സ്വസ്ഥമാ യ ഒരു ലോകമായിരിയ്ക്കുമത് ! ജീവിച്ചിരിയ്ക്കുമ്പോള്‍ മനുഷ്യന്‍ എന്തിനിത്ര അഹങ്കാ രിയും സ്വാര്‍ത്ഥനുമാകുന്നു? സ്വന്തം മോഹങ്ങള്‍ സാധിച്ചാല്‍ പോരേ ? മറ്റാരും ഉയരരു തെന്ന്, എന്തിന്, സ്വസ്ഥമായി ജീവിയ്ക്കുക പോലുമരുതെന്ന് എന്തിന് വാശി പിടിയ്ക്കുന്നു?…“ഞാനെന്തു തെറ്റ് ചെയ്തു?” പരി ചിതമായ ആത്മരോദനം ഉള്ളിലുയരുന്നു. ഒരു തെറ്റും ആര്‍ക്കും ചൂണ്ടിക്കാണിയ്ക്കാനില്ല. പിന്നെ എന്തിനീ ശിക്ഷ? കാപട്യം തിരിച്ച റിഞ്ഞ് ജീവിയ്ക്കാന്‍ കഴിഞ്ഞില്ല. സ്നേഹത്തെ ഏണിപ്പടിയായി മാത്രം കാണുന്നവര്‍ക്ക് അവസരമൊരുക്കിക്കൊ ടുത്തു. കയറാന്‍ മാത്രം ആഗ്രഹിയ്ക്കുന്നവര്‍ ഇറക്കത്തെപ്പറ്റി ചിന്തിയ്ക്കില്ലല്ലോ? ചവിട്ടിക്കയറിയ പടവുകള്‍ പിന്നീടാവശ്യമില്ല. രക്തബന്ധത്തിന്റെ അര്‍ത്ഥശൂന്യത അന്നു തൊട്ടറിഞ്ഞു തുടങ്ങിയതാണ്‌. രക്തം വെള്ളത്തേക്കാള്‍ കട്ടി കൂടിയതാണത്രേ! കേടു സംഭവിച്ചാലോ…? ഇനിയൊന്നും വിട്ടുകൊടുക്കാനില്ലെന്നു ഇരുവര്‍ക്കും തോന്നും വരെ ആ നാടകം തുടര്‍ന്നു. പരിപൂര്‍ ണ്ണമായും തകര്‍ത്തതിന്റെ സന്തോഷം കൂടി കൊടുത്ത് രക്ഷപ്പെട്ടതാണ്. പൊരുത്തപ്പെടലിന്റെ പുതിയ പാഠങ്ങള്‍ ആസ്വദിച്ച് മനസ്സിലാക്കുമ്പോഴും ചെറിയൊരസ്വസ്ഥത പോലും മനസ്സിനെ വീണ്ടും ആ ഇരുള്‍ക്കുഴിയിലേയ്ക്ക് തന്നെ വലിച്ചിടുന്നു.

“ഉറക്കം വരുന്നില്ല അല്ലേ” എപ്പോഴാണ് തുളസി വന്നതെന്നറിഞ്ഞില്ല. “എന്തിനാ ദേവീ നമ്മളൊക്കെ ജനിച്ചത്? വെറുതെ… നശിയ്ക്കാന്‍ വേണ്ടി മാത്രം… അച്ഛനമ്മമാരുടെ സന്തോഷത്തിനു ജനിച്ചവരാണ് നമ്മള്‍. നമ്മുടെ ജീവിതം നന്നാ ക്കിത്തരേണ്ട ബാദ്ധ്യത അവര്‍ക്കുള്ളതാണ്‌. നമ്മളെന്തു തെറ്റ് ചെയ്തു? അരുതാത്തതെന്തെങ്കിലും ചെയ്തിട്ടാണോ നമ്മുടെ ജീവിതം ഇങ്ങനെയായിപ്പോയത് ? അച്ഛനമ്മമാര്‍ക്ക് ആണ്മക്കളെയാണിഷ്ടമെ ങ്കില്‍ ആണ്‍കുട്ടിയ്ക്ക് തന്നെ ജന്മം കൊടു ക്കാനുള്ള ദിവ്യശക്തി ഉണ്ടായിരിയ്ക്കണം. ദേവിയ്ക്കറിയാമോ ഞാനെന്റെ മമ്മിയെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന്. ആ സ്നേഹം തിരിച്ചുകിട്ടാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നോ. പലപ്പോഴും നിരാശ തോന്നുമ്പോള്‍ ഞാന്‍ മമ്മിയോടു വഴക്കിടുമായിരുന്നു. ഒരു ഫലവുമുണ്ടായില്ല. ”ഇവളുടെ വാക്കുകള്‍ക്കു മറുവാക്ക് പറയാന്‍ എനിയ്ക്കൊരിയ്ക്കലും കഴിയുന്നില്ലല്ലോ എന്ന ചിന്തയോടെ ഞാന്‍ അവളെ സമാധാനിപ്പിച്ചു. “സാരമില്ല തുളസീ, ഒന്നോര്‍ത്താല്‍ അമ്മമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരൊരു മൂഢസ്വര്‍ഗ്ഗത്തിലാണ്. അവരുടെ മനസ്സില്‍ മകനൊഴികെ മറ്റാര്‍ക്കും സ്ഥാനമുണ്ടാകില്ല. മറ്റൊന്നും മനസ്സിലാക്കാന്‍ അവരെക്കൊണ്ടാവുകയുമില്ല. അവരും കുട്ടിക്കാലത്ത് ഈ പ്രശ്നങ്ങളൊക്കെ അനുഭവിച്ചവ രാകും. എന്നിട്ടും അവര്‍ മാറി ചിന്തിയ്ക്കുന്നില്ലല്ലോ. ഒരു പക്ഷേ തുളസി ഒരാണ്‍കു ട്ടിയുടെ അമ്മയായിരുന്നെങ്കില്‍ ഇങ്ങനെ യൊന്നും പറയുകയില്ലായിരുന്നു.” എന്റെ അഭിപ്രായം അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. “ഞാനോ…?എനിയ്ക്കൊരു മകനുണ്ടാ യിരുന്നെങ്കില്‍, അവന്‍ മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ച് രസിയ്ക്കുന്നവനാണെങ്കില്‍ അവന്‍ ഈ ലോകത്ത് ജീവിയ്ക്കേണ്ടെ ന്നു തന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തുമായിരുന്നു.” അവള്‍ വെട്ടിത്തുറന്നു പറഞ്ഞു കൊണ്ട് തുടര്‍ന്നു. “ആണുങ്ങളേയില്ലാത്ത ലോകം. അവിടെ മാത്രമേ പെണ്ണിന് രക്ഷയുണ്ടാകൂ.” എങ്ങോട്ടാണീ കുട്ടിയുടെ മനസ്സ് പോകുന്ന തെന്ന ചിന്തയോടെ ഞാന്‍ തടുത്തു. “അങ്ങനെ പറയല്ലേ തുളസീ, നമ്മുടെ അനുഭവങ്ങള്‍ അങ്ങനെയായതു കൊണ്ടാണ് കുട്ടിയ്ക്കിതൊക്കെ തോന്നുന്നത്. ആണുങ്ങളിലുമില്ലേ നല്ലവര്‍. ആ ശങ്കര്‍ ദേവനില്ലേ,സെക്യൂരിറ്റി, ചെറുപ്പത്തിലേ ഭാര്യ മരിച്ച് ഒറ്റയ്ക്കായി തന്റെ മക്കള്‍ക്ക് നല്ലൊരു ജീവിതമുണ്ടാക്കാന്‍ പാടുപെട്ട ആളാണയാള്‍. ഒടുവില്‍ മക്കളൊ ക്കെ നല്ല നിലയിലായപ്പോള്‍ അച്ഛനെ തള്ളിക്കളഞ്ഞു. ഇന്നത്തെ പത്രത്തില്‍ കണ്ടില്ലേ കാമുകനോടൊത്തു ജീവിയ്ക്കാന്‍ വേണ്ടി സ്വന്തം കുട്ടിയെ കൊന്ന ഒരമ്മയെപ്പറ്റി. നല്ലതും ചീത്തയും രണ്ടു കൂട്ടരിലുമുണ്ട്. അതില്‍ വര്‍ഗ്ഗഭേദമൊന്നുമില്ല. പിന്നെ തെറ്റൊന്നും ചെയ്തി ല്ലെങ്കിലും എല്ലാവര്‍ക്കും സമാധാനമുള്ള ജീവിതം കിട്ടിക്കൊള്ളണമെന്നില്ല. ചില വിത്തു കള്‍ പാറപ്പുറത്ത് വീഴും. അവ ഉണങ്ങി നശിച്ചു പോകും.നമ്മളൊക്കെ ആ കൂട്ടത്തില്‍ പെട്ടവരാണ്. പിന്നെ, ജന്മഫലത്തെ കുറെയൊക്കെ മറികടക്കാന്‍ കര്‍മ്മഫലം കൊണ്ടാ കും. നല്ല കാര്യങ്ങള്‍ ചെയ്യാം. അതുകൊണ്ടാകാം നമ്മളിവിടെ എത്തിപ്പെട്ടത്.”

“പാറപ്പുറത്ത് വീണ വിത്തുകള്‍…ദേവിയ്ക്ക് ഇനിയും, ഇത്ര അനുഭവിച്ചിട്ടും സ്നേഹ ത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല അല്ലേ? ഇനിയെങ്കിലും മനസ്സിലാക്കൂ. ഈ ലോക ത്തിന് സ്നേഹം ആവശ്യമില്ല,ഒരു നന്മയും ഒന്നും യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടതില്ല, ഉണ്ടെന്ന തോന്നല്‍ ജനിപ്പിയ്ക്കുക മാത്രമേ വേണ്ടൂ. അങ്ങനെ പെരുമാറാന്‍ കഴിയുന്നവര്‍ ജീവിതത്തില്‍ എല്ലാം നേടും. നാട്യങ്ങളാണിവിടെ എല്ലാവര്‍ക്കും പ്രിയം.” എല്ലാറ്റിനോടു മുള്ള വെറുപ്പ്‌ തുളസിയുടെ വാക്കുകളില്‍ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാ നല്‍പനേരം ഒന്നും മിണ്ടാതിരുന്നു. പെട്ടെന്ന് മനസ്സ് കണ്ടെത്തിത്തന്ന ഉപായം പോലെ ഞാന്‍ ചോദിച്ചു – “തുളസി നന്നായി പാടുമല്ലേ ?പാട്ടിനു മനുഷ്യമനസ്സിനെ സ്വാധീനി യ്ക്കാന്‍ കഴിവുണ്ടെന്ന് കേട്ടി ട്ടുണ്ട്. മ്യൂസിക് തെറാപ്പി പരീക്ഷിച്ച പല ഡോക്ടര്‍മാരുമുണ്ട ല്ലോ ”. “പിന്നേ…മ്യൂസിക് തെറാപ്പി വളരെ എഫക്ടീവാണ്. പേഷ്യന്റിന്റെ മാനസികപ്രശ്നങ്ങള്‍ കുറയ്ക്കാം. പിന്നെ ശരീരത്തെയല്ലേ ചികിത്സിയ്ക്കേണ്ടൂ? ഞാനെപ്പോഴും ചിന്തി യ്ക്കാറുള്ള വിഷയമാണത്. എന്നെങ്കിലും എനിയ്ക്കീ പ്രൊഫഷനില്‍ എസ്റ്റാബ്ലിഷ്ഡ് ആകാന്‍ കഴിയുമെങ്കില്‍ മ്യൂസിക് തെറാപ്പി ഞാന്‍ വളരെ ഭംഗിയായിത്തന്നെ ഉപയോഗിയ്ക്കും.” അവളുടെ മനസ്സില്‍ പുതിയ സങ്കല്‍പ്പങ്ങള്‍ വന്നു നിറയുന്നതിന്റെ തിളക്കം കണ്ണു കളില്‍ കണ്ടു. “എന്നാല്‍ കുട്ടി ഇപ്പോള്‍ ഒരു പാട്ട് പാടൂ”. അതൊരു വിഷയം മാറ്റല്‍ മാത്ര മായിരുന്നില്ല. അത്രയ്ക്കിഷ്ടമുണ്ടായിരുന്നു സംഗീതത്തോട്. പാതിരാവായിട്ടും ഉറക്കം വരാതെ കിടക്കുമ്പോള്‍ വേദനകളറിയാതിരിയ്ക്കാന്‍ നേര്‍ത്ത ശബ്ദത്തില്‍ പാട്ട് കേട്ട് സമയം കഴിയ്ക്കാറുണ്ടായിരുന്നു. തുളസിയുടെ കണ്ണുകളില്‍, ചുണ്ടുകളില്‍, കൈവിരലുകളില്‍ വരെ സംഗീതം വന്നു നിറയുന്നത് നോക്കിയിരുന്നു. ഞാനിതുവരെ കേള്‍ക്കാത്ത ഒരു പാട്ടാണ്. പക്ഷേ മനസ്സറിയാതെ പാട്ടിനൊപ്പം ഒഴുകുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. അവള്‍ പണ്ട് ഇഷ്ടമുള്ള ആര്‍ക്കെങ്കിലും വേണ്ടി പല തവണ പാടിയ പാട്ടായിരിയ്ക്കാമിത്.

“ഇനിയുമുറങ്ങാറായില്ലേ ?രാത്രി ഉറങ്ങാനുള്ളതാണ്.”- ദേവ്ജിയും സുഹാസിനിയും! ശബ്ദം കേട്ട് എഴുന്നേറ്റു വന്നതായിരി യ്ക്കണം. “സംഗീതം നമുക്കു തരുന്നത് നൈമി ഷികമായ മനശ്ശാന്തി മാത്രമാ ണ്. അതുകൊണ്ട് ജീവിതത്തില്‍ നമുക്കൊന്നും നേടാനില്ല. കുറേ മൂഢസങ്കല്പങ്ങള്‍ മനസ്സില്‍ പ്രതിഷ്ഠിയ്ക്കുകയും ചെയ്യും. നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഇത്തരം വ്യര്‍ത്ഥമായ താല്‍പര്യങ്ങളില്‍ പെട്ട് സമയം കളഞ്ഞ് അതിനു തടസ്സം വരുത്താതിരിയ്ക്കുക.” ദേവ്ജിയുടെ ശബ്ദത്തില്‍ സാധാരണയുള്ള സൌമ്യത യ്ക്കും മേല്നില്‍ക്കുന്ന ഒരു ഗൌരവം… നീരസം പുറത്ത് കാണിയ്ക്കാതെ മിണ്ടാതെ നിന്നു. തുളസി ഒരസഹ്യതയോടെ എഴുന്നേറ്റു പോയി. “അനസൂയാദേവീ, ഒരിയ്ക്കല്‍ തുളസീദേവിയുടെ മനസ്സു മാറ്റിയത് നിങ്ങളാണ്. പക്ഷേ ഇപ്പോള്‍ നിങ്ങളാണവരെ പഴയ ഓര്‍മ്മകളിലേയ്ക്ക് വലിച്ചിടുന്നത്. ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം ആരും ആരോടും വെച്ച് പുലര്‍ത്തരുതെന്നു ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. ഇത് നല്ലതിനല്ല, രണ്ടുപേര്‍ക്കും.” വളരെ സൌമ്യമായാണ് പറഞ്ഞതെങ്കിലും ആ കുറ്റപ്പെടുത്തലിന്റെ മൂര്‍ച്ച അസഹ്യമായിത്തോന്നി. തുളസി അല്പകലെ നില്പുണ്ട്. ദേവ്ജി പോകാന്‍ കാത്തു നില്‍ക്കുകയായിരിയ്ക്കും. ഇനി കൂടുതല്‍ പ്രശ്നങ്ങള്‍ വേണ്ടെന്ന ചിന്തയോടെ തിരിച്ചു പോകാനൊരുങ്ങുമ്പോ ഴാണ് തുളസിയുടെ ശബ്ദം ഉയര്‍ന്നു കേട്ടത്. “ സംഗീതം അനാവശ്യമാണോ? വിഡ്ഢിത്തമാണോ? എന്തറിയാം നിങ്ങള്‍ക്ക് സംഗീതത്തെപ്പറ്റി? ഒരു മൂളിപ്പാട്ടെങ്കിലും എപ്പോഴെ ങ്കിലും പാടിയിട്ടുണ്ടോ? തികഞ്ഞ സുപ്പീരിയോറിറ്റി കോംപ്ളക്സാണ് നിങ്ങള്‍ക്ക്. ആരായി രുന്നാലും നിങ്ങള്‍ ആണുങ്ങളുടെയൊക്കെ മനസ്സ് ഒന്നു തന്നെയാണ്. നിങ്ങള്‍ പറഞ്ഞതനുസരിച്ചാ യിരിയ്ക്കണം എല്ലാം. എന്തിനു ഞങ്ങളിവിടെ അഭയം തേടി വന്നു? ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേയ്ക്ക്‌. നിങ്ങളുടെ ആജ്ഞ കേട്ട് വാലാട്ടി നില്‍ക്കുന്ന വളര്‍ത്തുപട്ടികള്‍.”

തുളസിയുടെ വാക്കുകള്‍ അല്പം കടുത്തു പോയെങ്കിലും ഒന്നും തെറ്റായി തോന്നിയില്ല. പല പ്പോഴും മനസ്സ് പ്രതിഷേധിച്ചി ട്ടുണ്ട്. ദേവ്ജി എന്നൊരു സംബോധന, എല്ലാവരും ദേവ ന്മാരും ദേവിമാരും. ഇയാള്‍ ഒരു തികഞ്ഞ ഹൈന്ദവവിശ്വാസി യായിരിയ്ക്കണം. പറയു ന്നതൊക്കെ വലിയ കാര്യങ്ങള്‍, ചെയ്യുന്നതോ…ആരോടും അധികം അടുക്കാന്‍ പാടില്ല, സ്നേഹം പാടില്ല, അതെല്ലാം സങ്കല്‍പ്പങ്ങള്‍. പുതിയ സാഹചര്യങ്ങളുമായി പൊരുത്ത പ്പെടാന്‍ കഴിയാത്തവരുടെ മനസ്സ് മാററിയെടുക്കലാണ് എനിയ്ക്ക് തരുന്ന ദൌത്യം. വാരിക്കുഴിയില്‍ വീഴുന്നവരെ മെരുക്കുന്ന താപ്പാന! ആത്മനിന്ദ തോന്നി പ്പോയി. പല തവണ മുറിഞ്ഞ ഉറക്കത്തിന്റെ കണ്ണികള്‍ ഏച്ചുകൂട്ടാന്‍ പറ്റുമോ എന്ന് ചിന്തിച്ചുകൊണ്ട് പിന്തിരിഞ്ഞ പ്പോള്‍ സുഹാസിനി! അപ്പോഴും അവരുടെ മുഖത്ത് അതേ ചിരിയുണ്ട്. “ഉറക്കം അത്യാവശ്യമല്ലെങ്കില്‍ കുറച്ചു നടക്കാം, വരൂ.” വലിയ താല്പര്യം തോന്നിയില്ലെങ്കിലും ഒഴിഞ്ഞു മാറിയില്ല.

“ദേവി മാനവിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഫെയ്മസ് ഗസല്‍ സിങര്‍…”

മാനവ്… ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്താണ് അദ്ദേഹത്തെപ്പറ്റി ധാരാളം കേട്ടിട്ടുള്ളത്. ‘കഹാം ഖോ ഗയി മേരി വോ സുന്‍ഹരി യാദേന്‍ ’ എന്ന ഗസല്‍ അന്ന് ഞങ്ങളുടെയൊക്കെ ഹരമായിരുന്നു. കുറച്ചു കാലത്തിനു ശേഷം പെട്ടെന്ന് സംഗീതലോ കത്തു നിന്ന് അപ്രത്യക്ഷനായി. തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റും കേട്ടിട്ടുണ്ട്. പക്ഷേ…ഇപ്പോള്‍ അദ്ദേഹത്തെപ്പറ്റി പറയാന്‍… ?

“അദ്ദേഹത്തിന്റെ പിതാവ് ഒരു മുസല്മാനായിരുന്നു. മതതീവ്രവാദത്തെ എതിര്‍ത്തിരുന്ന ഒരു യഥാര്‍ത്ഥ മുസല്‍മാന്‍. മുഹമ്മദ്‌ യാസിം. മാതാവ് ക്രിസ്ത്യന്‍. കന്യാസ്ത്രിയായി രുന്നു. പ്രശസ്ത എഴുത്തുകാരി. ഇസബെല്ല എന്ന പേരിലാണ് എഴുതിയിരുന്നത്. സഭ യുടെ തെറ്റായ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് എഴുതിയതിനു ശിക്ഷയേല്‍ ക്കേണ്ടി വന്നവള്‍. മാനസിക പീഡനം അസഹ്യമായപ്പോള്‍ ശിരോവസ്ത്രമൂരിയെറിഞ്ഞ് സമൂഹത്തിലേയ്ക്കിറങ്ങി. പിന്നീട് അവരൊരു ശക്തയായ സാമൂഹ്യ പ്രവര്‍ത്തകയായി മാറി.”

എപ്പോഴോ കേട്ടിട്ടുള്ള കാര്യങ്ങള്‍. ഇസബെല്ലയുടെ ‘ഗോഡ്’ എന്ന കൃതി വായിച്ചിട്ടുണ്ട്. ആദ്യം അന്ധവിശ്വാസങ്ങളുടെ പുസ്തകം എന്ന് കരുതി വായിയ്ക്കാതെ മാറ്റി വെച്ചതാ യിരുന്നു. പിന്നെ എപ്പോഴോ മറ്റൊന്നും വായിയ്ക്കാന്‍ കിട്ടാതിരുന്ന ഒരു അവസരത്തിലാണ് പുസ്തകം കയ്യിലെടുത്തത്. ദൈവത്തെ നന്മയായും നന്മയെ ദൈവമായും കാണുന്ന ഒരു പ്രത്യേക വീക്ഷണം. വിശുദ്ധഗ്രന്ഥങ്ങളില്‍ കണ്ടിട്ടുളളതുതന്നെയെങ്കിലും ഈ ചിന്തകളും വ്യാഖ്യാനങ്ങളും വേറിട്ടു നില്‍ക്കുന്നതായി തോന്നി.

“സമാനാശയങ്ങളാണ് ഇരുവരെയും തമ്മിലടുപ്പിച്ചത്. മുഹമ്മദ്‌ യാസിമിന്റെത് ഒരു കൊലപാതകമായിരുന്നു. കൊന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ. അഭിപ്രായവ്യത്യാ സങ്ങളുണ്ടാക്കിയ ശത്രുത ഒടുവില്‍ അങ്ങനെ കലാശിച്ചു. നാസര്‍ അല്‍താഫ് – ജീവിത ത്തില്‍ ക്രൂരത മാത്രമേ പ്രവര്ത്തിച്ചിട്ടുള്ളൂ. ഒരു മതതീവ്രവാദ സംഘടനയിലെ അംഗമായി രുന്നു. മതസംരക്ഷകനെന്നു സ്വയം വാഴ്ത്തിയ അയാള്‍ യാസിമിനെ വീട്ടില്‍ നിസ്ക രിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്താണ് വെട്ടി വീഴ്ത്തിയത്. ഭാര്യയും മകനും കണ്ടു നില്‍ക്കെത്തന്നെ ആ ശരീരം വെട്ടി വെട്ടി മുറിച്ചു.”

മാനവിനെപ്പറ്റി പത്രത്തില്‍ വന്ന ഒരു ഇന്റര്‍വ്യൂവില്‍ ഈ സംഭവം പണ്ട് ഞാന്‍ വായി ച്ചിട്ടുണ്ട്. “ക്രിസ്ത്യാനിയോ, മുസ്ലീമോ അല്ല, ഒരു നല്ല മനുഷ്യനാകണം ഞാന്‍ എന്നാണ് എനിയ്ക്ക് ജന്മം തന്നവര്‍ ചിന്തിച്ചത്. അതുകൊണ്ടാണ് അവര്‍ എനിയ്ക്ക് മാനവ് എന്ന് പേരിട്ടത് ” എന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞ കാര്യമാണ് ഞാന്‍ അന്ന് ശ്രദ്ധി ച്ചത്. സ്വന്തം പിതാവിനെ വെട്ടിക്കൊല്ലു ന്നത് കണ്ടു പകച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടി യുടെ ഫോട്ടോയും അന്ന് പത്രത്തിലുണ്ടായിരുന്നു. ഇതൊക്കെ പണ്ടെന്നോ ഉത്തരേന്ത്യയി ലെവിടെയോ നടന്ന കാര്യങ്ങള്‍. ഇതൊക്കെ എന്തിനാണിപ്പോള്‍ സുഹാസിനി പറയു ന്നത് ?

“നാസര്‍ അല്‍താഫ് – കൊടും ക്രൂരതകളെ ചെയ്തിട്ടുള്ളൂ, വീട്ടുകാരോടും സമൂഹത്തി നോടും. ഭാര്യയെ മകള്‍ക്ക് മുന്നില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊന്നു കെട്ടിത്തൂക്കിയവ നാണ്. മാനവ് ഒരു ഗായകനെന്ന നിലയില്‍ പ്രശസ്തനായി ക്കൊണ്ടിരിയ്ക്കെ തീവ്രവാദി യെന്ന് കളളത്തെളിവുണ്ടാക്കി കെണിയില്‍ പെടുത്തി. കുറെ കാലം കഷ്ടപ്പെട്ടിട്ടാണെ ങ്കിലും നിയമത്തിനു മുന്നില്‍ താന്‍ നിരപരാധിയെന്നു തെളിയിയ്ക്കാന്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിനു കഴിഞ്ഞു. കാലത്തിന്റെ കണക്കുപുസ്തക ത്തില്‍ എല്ലാവര്‍ക്കും കാണും ഒരിടം… അല്‍താഫിന്റെ ശത്രുക്കള്‍ അയാളെ ആക്രമിച്ചു. മര്‍ദ്ദിച്ചവശനാക്കി. അയാളുടെ മകളോട് ഒരു പെണ്‍കുട്ടിയോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും പ്രവര്‍ത്തിച്ചു. വീട് തീ വെച്ച് നശിപ്പിച്ചു.”

“ഇതൊക്കെ ഞാനിപ്പോള്‍ എന്തിനാണ് പറയുന്നതെന്നായിരിയ്ക്കും അനസൂയാദേവി ചിന്തിയ്ക്കുന്നത്, അല്ലേ?” പെട്ടെന്ന് കഥ നിര്‍ത്തി സുഹാസിനി ചോദിച്ചപ്പോള്‍ ഞാന്‍ ചെറുതായൊന്നു ഞെട്ടി. ഒരു സംഭവവിവരണം പോലെയല്ല ഒരു ദൃശ്യാവിഷ്കാരം പോലെത്തന്നെയാണവര്‍ പറഞ്ഞു കൊണ്ടിരുന്നത്. ഒരു സിനിമ കാണുന്ന പ്രതീതിയായി രുന്നു എനിയ്ക്ക്. എങ്കിലും ‘ഇതെന്തിന് ’ എന്ന് ഞാനുള്ളില്‍ ചോദിച്ച ചോദ്യം ഇവരെ ങ്ങനെ കേട്ടു എന്നൊരമ്പരപ്പെനിയ്ക്കുണ്ടായി…

“ദേവ്ജിയെ പൂര്‍ണ്ണമായംഗീകരിയ്ക്കാന്‍ കഴിയുന്നില്ല, അല്ലേ?” സുഹാസിനി എന്റെ കണ്ണുകളിലേയ്ക്ക് തന്നെയാണ് നോക്കു ന്നത്. “ദേവ്ജി എന്ന സംബോധന അദ്ദേഹം സ്വയം സ്വീകരിച്ചതൊന്നുമല്ല. ഞാനാണദ്ദേഹത്തെ അങ്ങനെ വിളിച്ചു തുടങ്ങിയത്. പിന്നെ എല്ലാവരും അങ്ങനെത്തന്നെ തുടര്‍ന്നു എന്ന് മാത്രം. അദ്ദേഹം എല്ലാവരെയും ദേവി, ദേവന്‍ എന്നൊക്കെ വിളിയ്ക്കുന്നതും അങ്ങനെ വിളിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. ആരും തങ്ങള്‍ മോശക്കാരാണ് എന്നൊരപകര്‍ഷതയോടെ ജീവി യ്ക്കരുതെന്ന് കരുതിയാണ്. എല്ലാവരിലുമുള്ള നന്മയെ അംഗീകരിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുക യാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ദൈവം നന്മയാണ്. അദ്ദേഹം ഹൈന്ദവവിശ്വാസിയല്ല, ഹിന്ദുവുമല്ല. ഇവിടെ മറ്റു മതത്തിലുള്ള പേരുകള്‍ സ്വീകരിച്ചവരും എത്രയോ പേരുണ്ട്. ദേവിയ്ക്കിതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന്‍ എനിയ്ക്ക് പല പ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ഞാനിതെല്ലാം പറഞ്ഞത്.”

കള്ളം വെളിപ്പെട്ടപോലെ ഒരു നിസ്സഹായത എനിയ്ക്കെന്തിനാണ് തോന്നിയത്. എന്റെ മുറുമുറുപ്പുകള്‍ക്ക് മരുന്നായി സുഹാസിനി എന്തിനീ കഥ പറഞ്ഞു? ചിതറിക്കിടക്കുന്ന കണ്ണികള്‍ കോര്‍ക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങുമ്പോള്‍ സുഹാ സിനി തുടര്‍ന്നു. “ദേവിയ്ക്കറിയാമോ, ആ സുപ്രസിദ്ധ ഗസല്‍ ഗായകന്‍ മാനവാണ് നമ്മുടെ ആനന്ദ് ദേവ്ജി. ഭര്‍ത്താവിന്റെ കൊലപാതകം നേരില്‍ക്കണ്ട നിമിഷം മനസ്സ് തകര്‍ന്ന ഇസബെല്ലയാണ് ദേവ്ജി നേരില്‍ കാണുകയോ ശുശ്രൂഷിയ്ക്കുക യോ ചെയ്യാത്ത ഗംഗാദേവി.”

വല്ലാത്തൊരു വെളിച്ചം എന്റെ കണ്ണുകളില്‍ കുത്തിക്കയറിയ പോലെ ഞാന്‍ കണ്ണിറുക്കെ ചിമ്മി. എത്ര പുനര്‍ജ്ജനിക ളാണാ അമ്മയ്ക്ക്! ദൈവവിളി കേട്ട് കര്‍ത്താവിനെ അനു സരിച്ച ഒരു പെണ്‍കിടാവ്, ശിരോവസ്ത്രത്തോടൊപ്പം എല്ലാ സൌമ്യതകളും ദൂരെയെറിഞ്ഞ് തിന്മയിലുരച്ച് തൂലികയ്ക്ക് മൂര്‍ച്ച കൂട്ടിയ ഒരെഴുത്തുകാരി, ഇപ്പോള്‍ ശൂന്യതയുടെ മഹാസ മാധിയില്‍ ഒരിത്തിരി തീര്‍ത്ഥജലം പോലെ…! “തീര്‍ന്നില്ല, ഇനിയുമുണ്ട് ദേവിയ്ക്ക് കോര്‍ത്തിണക്കാന്‍ കണ്ണികള്‍. മാനവിനെ അനാഥനാക്കിയ അല്‍താഫ്.. അദ്ദേഹമാണ് നമ്മുടെ രാമകൃഷ്ണദേവന്‍.. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകളായിരുന്നു.”

വീണ്ടും വിസ്മയത്തിന്റെ കുഞ്ഞു തുണ്ടുകള്‍ ചേര്‍ത്ത് ഒരു മായികലോകം സൃഷ്ടിച്ചു കൊണ്ട് സുഹാസിനി തുടര്‍ന്നു. “ആളിക്ക ത്തുന്ന വീട്ടില്‍ നിന്ന് എന്നെ പുറത്തെടുക്കു മ്പോള്‍ മുക്കാലും പൊള്ളിയ അവസ്ഥയിലായിരുന്നു ഞാന്‍. വിവരമറിഞ്ഞ് സഹായിയ്ക്കാനെയെത്തിയത് അന്നേയ്ക്ക് ആനന്ദദേവനായി സ്വയം മാറ്റിയെടുത്ത ദേവ്ജിയായിരുന്നു. അന്നീ സ്ഥാപനം തുടങ്ങിയിട്ടേയുള്ളൂ. മരണം എന്നെ അനുഗ്രഹിച്ചില്ലല്ലോ എന്ന് വേദനിച്ചുകൊണ്ടിരുന്ന എന്നെ കൂടുതല്‍ പഠിപ്പിച്ചതും ഈ സ്ഥാപനത്തിന്റെ ലീഗല്‍ അഡ്വൈസറാക്കിയതും അദ്ദേഹമാണ്. ജീവിതത്തിന്റെ ഒരു വലിയ കാലം മുഴുവന്‍ ഞാന്‍ ചെറുതായൊന്നു പോലും ചിരിച്ചിട്ടില്ല, അദ്ദേഹമെനിയ്ക്ക് തന്നത് ഒരു പേര് മാത്രമല്ല, അതിന്റെ അര്‍ത്ഥം കൂടിയാണ്. ദേവീ, ഈ സ്ഥാപനം നിലനില്‍ക്കുന്നത് പലരുടെയും സഹായം കൊണ്ടാണ്. രാഷ്ട്രീയക്കാരും, സിനിമാ താരങ്ങളും, എഴുത്തുകാരും,കച്ചവടക്കാരുമൊക്കെയുണ്ട്. പക്ഷേ ദേവ്ജി ആരുടെയും പേര് പറയില്ല. ഓരോ പുതിയ സംരംഭത്തിനും നമ്മള്‍ മാത്രമേ ഉണ്ടാകൂ. ഒരു സെലിബ്രിറ്റിയും ഇവിടെ വരില്ല, ഉദ്ഘാടനം ചെയ്യില്ല. സഹായിയ്ക്കുന്നവരോടു ദേവ്ജി പറയാറുണ്ട്, നിങ്ങള്‍ ചെയ്യുന്നത് സഹായമല്ല, ഔദാര്യമല്ല, നിങ്ങളുടെ കടമ മാത്രം എന്ന്.”

എന്റെ മുഖത്തേയ്ക്ക് സൂക്ഷ്മമായൊന്നു നോക്കി സുഹാസിനി പറഞ്ഞു,” ഇതിന്റെ പേരില്‍ ദേവ്ജി യോടു ക്ഷമാപണം നട ത്തേണ്ടതില്ല, ആദരവോ ആരാധനയോ വേണ്ട. ദേവ്ജി സ്നേഹം കൊടുക്കുന്നു -അര്‍ഹതയുള്ളവര്‍ക്ക്, അതാഗ്രഹിയ്ക്കു ന്നവര്‍ക്ക്. അതുകൊണ്ട് ആ സ്നേഹം പാഴായിപ്പോകുന്നില്ല. സ്വന്തം സ്നേഹം പോലും വ്യര്‍ത്ഥമായിപ്പോയി എന്നൊരു നിരാശ ദേവിയുടെ മനസ്സിലില്ലേ. അതിനൊരു മറുപടിയാണിത്. ഓരോരുത്തരുടെയും ജനനത്തിന് ഓരോ ഉദ്ദേശ്യമുണ്ടായിരിയ്ക്കും. അതെന്തെന്നു നമ്മളറിയുന്നില്ലെന്നു മാത്രം. നമ്മുടെ നിയോഗം ഇതായിരിയ്ക്കും. അതുകൊണ്ടല്ലേ കാലം അര്‍ഹിയ്ക്കാത്ത വേദനകള്‍ തന്നു നമ്മളെ പാകപ്പെടുത്തിയെടുത്തത്. സ്നേഹത്തിന്റെ വിലയറിയാത്തവരോടു സഹതപിയ്ക്കുക, യഥാര്‍ത്ഥത്തില്‍ വ്യര്‍ത്ഥമായിപ്പോയത് അവരുടെ ജന്മമാ ണ്….” സുഹാസിനി പറഞ്ഞുകൊണ്ടിരുന്നു.

പുതിയൊരു പാഠം പഠിച്ച മനസ്സ് ആ അറിവിന്റെ ഇരുതലയോളം സഞ്ചരിച്ചു കൊണ്ടി രുന്നു. വേദനിയ്ക്കുന്ന മുഖങ്ങള്‍ മനസ്സില്‍ നിരന്നു. അവസാനനിമിഷത്തിലേയ്ക്കുള്ള അക്ഷമമായ കാത്തിരിപ്പായിരുന്നു കുറെ കാലമായി ജീവിതം. ആ അനിശ്ചിതത്വത്തിലേ യ്ക്കെത്രയും വേഗമെത്താന്‍ തന്നെയാണ് ആഗ്രഹിയ്ക്കുന്നത്. ഇന്നും ഇപ്പോഴും…

പക്ഷേ… ഇനിയുമെന്തോ ചെയ്യാനുണ്ടോ? ചെയ്യണം, ഒറ്റയ്ക്കല്ല, ഒരേ മനസ്സോടെ, അനിശ്ചിതത്വം തീരും വരെ…മനസ്സ് അര്‍ത്ഥമറിഞ്ഞു കൊണ്ടു തന്നെ ആവര്‍ത്തിച്ചു – തമസ്സില്‍ നിന്ന് ജ്യോതിസ്സിലേയ്ക്ക്, മൃതിയില്‍ നിന്ന് അമരത്വത്തിലേയ്ക്ക്…



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: