Main Menu

അടഞ്ഞ കണ്ണുകളുള്ള പ്രതിമ

Saikatham Online Malayalam Magazine

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും
മരങ്ങളെ ചുറ്റി തിരിച്ചു വന്നതും
പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്‍-
ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും
ഇലകള്‍ പിന്നെയും മിഴി തുടച്ചതും
ഇല്ല, ഞാനൊന്നുമേ അറിയുകയില്ല.
ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും
ഇരുട്ടിലേക്കെന്നും പറന്നു പോവതും
പടര്‍ന്ന നീലിമ പതുക്കെ മായ്ച്ച് വെണ്‍-
പ്പുതപ്പ് മൂടിയും പൊന്നിഴനെയ്തും, ഒ-
രിത്തിരി നേരമാ കലങ്ങിയ മിഴി
വിടര്‍ത്തി നോക്കി നീയെരിഞ്ഞു തീര്‍ന്നതും
ഇരുട്ട് പിന്നെയും കനല് നട്ടതും
ഇല്ല ഞാനൊന്നുമേ കാണുന്നതേയില്ല.
മരങ്ങള്‍ പൂക്കളില്‍ വസന്തം നട്ടിടം
മണ്ണുമാന്തിപ്പശുക്കള്‍ മേഞ്ഞതും, വെയില്‍
തേഞ്ഞുരഞ്ഞ മൊട്ടക്കുന്നുകള്‍ നിന്നിടം,
മാഞ്ഞതും തരിശു ഹൃദയത്തില്‍ ശിലാ
മാമരങ്ങള്‍ തിങ്ങിപ്പടര്‍ന്നതും അതില്‍
ഇരുമ്പിരുമ്പിന്റെ കൂടുകള്‍ വച്ചതും
ഇല്ല ഞാനൊന്നുമേ ഓര്‍ക്കുന്നതേയില്ല.
‘ഉയരെ ഞാനാദ്യം’ എന്നാര്‍ത്ത ശബ്ദങ്ങള്‍
അരികിലൂടെയൂഞ്ഞാലാടവേ, തമ്മില്‍
ഉരഞ്ഞ ലോഹങ്ങള്‍ക്കിടെയരുമയായ്
വിരിഞ്ഞ ചെമ്പൂവിന്‍ മണം ചുമന്നൊരു
‘ഉദയ’മുണ്ടെന്ന് പിറുപിറുത്തിരുള്‍-
പ്പുക ചവച്ചു നീ മുടന്തവേ; ഞാനി-
ന്നനന്തമായ്, മൂകം അടഞ്ഞ കണ്ണുമായ്,
അനങ്ങിടാതെന്നെ അനുസരിക്കട്ടെ.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: