Main Menu

മഴ

THUSHARA.“സീതാ, നീയൊരു മഴയാണ്.”

കാട്ടുപാതകള്‍ക്കിപ്പുറം നനുത്ത വെയിലേറ്റു നടക്കുമ്പോള്‍ അയാളോര്‍ ത്തത് ഒരു മഴയൊച്ച കേള്‍ക്കണമെന്നായിരുന്നു. പിന്നെ കാല്‍ക്കീഴി ലമരുന്ന ഇലക്കരച്ചില്ലുകള്‍ ഒരു മഴയില്‍ തൂര്‍ന്നുപോകും.. അപ്പോള്‍ മണ്ണിന് സ്‌നേഹത്തിന്റെ മണമാണ്.

പൂവിരിഞ്ഞുതുടങ്ങുന്ന വഴിയോരച്ചെടികള്‍ക്കപ്പുറം പോസ്റ്റോഫീ സിന്റെ നരച്ചമേല്‍ക്കൂര. പടികള്‍ എണ്ണിക്കയറുമ്പോള്‍ കാല്‍വണ്ണ യില്‍ നിന്നും തരിച്ചുകയറുന്ന വേദനയോട് അയാള്‍ പറഞ്ഞു: ഒരു പെണ്ണിനെ മഴയില്‍ നനയ്ക്കാനായി ഒറ്റയിരിപ്പില്‍ തീര്‍ത്ത മഴച്ചിത്രങ്ങളുടെ ശാഠ്യമാണിത്. ഉള്ളിലെവിടെയോ തണുത്ത കാറ്റേറ്റ് മേഘം പൊട്ടി യൊഴുകാന്‍ തുടങ്ങുന്നതറിഞ്ഞ് അയാള്‍ ചിരിച്ചു. ചില രഹസ്യങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുമ്പോഴാണ് ഓരോ മനുഷ്യനും  ഓരോ തുരുത്തായി പരിണമിക്കുന്നതെന്ന് അയാള്‍ കണ്ടുപിടിച്ചതും അപ്പോഴാണ്.

അയാളുടെ വര്‍ഷരാത്രികളില്‍ പിന്നെയും കടുത്ത ചായക്കൂട്ടുകള്‍ ഇഴുകിച്ചേര്‍ന്നു. നീണ്ടു നീണ്ടു പോവുന്ന ചെമ്മണ്‍പാതകള്‍ക്കൊടുവില്‍ കാറ്റിന്റെ നൃത്തത്തെ കടന്ന്, അയാള്‍ പോസ്റ്റോഫീസില്‍ മഴയൊച്ച കേള്‍ക്കാനെന്ന പോലെ റിസീവര്‍ കാതില്‍ ചേര്‍ത്തു. അങ്ങേപ്പുറം സീതയൊരു പതിഞ്ഞ താളത്തില്‍ പെയ്തടങ്ങുമ്പോള്‍, ആരുടെയോ ധര്‍മ്മസ ങ്കടങ്ങള്‍ വളര്‍ന്നെന്നപോലെയുണ്ടായ കൂറ്റന്‍ പനകള്‍ , അയാളുടെ കാഴ്ച്ചകള്‍ക്ക് ഒരു കെട്ടു കഥയുടെ മടുപ്പുണ്ടെന്ന് വിളിച്ച് പറഞ്ഞു.

അയാള്‍ വരച്ച ചിത്രങ്ങളില്‍ മഴയുണ്ടായതും ആര്‍ത്തലച്ച് പെയ്തതും, പെയ്ത് പെയ്ത് പെയ്‌ത്തേറ്റുവാങ്ങി പുഴ കടല്‍ തേടിയൊഴുകിയതും നേരായി.
1
ഒരു മഴയിലേക്ക് കൈനീട്ടുമ്പോഴോ, സ്വയമൊരു മഴത്തുള്ളിയായ് ചമയുമ്പോഴോ അവള്‍ക്കു തോന്നി, അറിയാതെ വളര്‍ന്ന ഇഷ്ടങ്ങളാണ് ജീവിതം എന്ന്. അയാളുടെ വിളിയൊച്ചയില്‍ നിറഞ്ഞുവീശിയ കാറ്റ്… ഇലകള്‍ക്കിടയിലൂടെയറിയുന്ന പച്ചപ്പിന്റെ വന്യഗന്ധം.. അയാളുടെ മഴച്ചിത്രങ്ങള്‍ …! റെയില്‍വേസ്റ്റേഷനിലെ തിരക്കില്‍ , ജനലോരത്ത് അല്പം കുനിഞ്ഞ് കൈവീശിയാത്രയയച്ച അയാള്‍ , പൊടുന്നനെ പെയ്ത മഴയെ പിന്നോക്കം തള്ളിയുള്ള തീവണ്ടിയാത്രയില്‍ ഒരു മഴച്ചിത്രം പോലെ മങ്ങിയ ചന്തമായി.

ഇഷ്ടങ്ങളുടെ  നൂറുനൂറ് കണ്ണികള്‍ ചേര്‍ത്തുവെച്ചാലതൊരു ചങ്ങലയാണ് എന്നു പറഞ്ഞ കൂട്ടു കാരനോട് അവള്‍ ചോദിച്ചു: “ഒരേയൊരിഷ്ടം മാത്രമേ പാടുള്ളൂ?”

അവളുടെ വഴിനീളെ ഓരോരോ ഇഷ്ടങ്ങള്‍ തണല്‍വിരിച്ചു. അയാളുടെ സന്ധ്യാനേരങ്ങളില്‍ അവള്‍ മഴയാകാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു: “സീതാ, മഴയൊടുക്കം വേന ലാണ്”. വെയിലിനു നേരെ നോക്കാനായി അവന്റെ കൈപ്പടം നെറ്റിയ്ക്കു മീതെ കുടയായി പിടിക്കുകയായിരുന്ന അവള്‍ പറഞ്ഞു:

”ശ്…ശ്… വെയില്‍ തണുപ്പെന്ന് പറയ്.”

അയാള്‍ വരച്ച മഴച്ചിത്രങ്ങള്‍ക്കുമപ്പുറം മഴയങ്ങനെ വെള്ളിനൂലായും, വെളുത്ത മൂടുപടമായും സ്വപ്നങ്ങളിലേയ്ക്ക് പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ സീത കരയുകയായിരുന്നു. മനസ്സിന്റെ വേദനയോ, വെളിപ്പെടുത്തലോ, വെള്ളത്തുള്ളികളായി ഒഴുകി മഴയ്ക്ക് ഉപ്പുപകര്‍ന്നു.

മഴമാത്രം കണ്ട പകലന്തികള്‍ക്കൊടുവില്‍ അയാള്‍ ഒരു കടല്‍പോലെ പിന്നോക്കമൊഴുകാന്‍ തുടങ്ങി.. ഇടയ്‌ക്കെപ്പോഴോ തിരയായ് തിരിച്ചുവരാനും. അപ്പോഴും അവന്റെ സ്‌നേഹ ത്തിന്റെ ആകാശം അവള്‍ക്കുമീതെ നീലിമയായ് നിറഞ്ഞ് ഗഹനമാകാന്‍ തുടങ്ങി. വെയില്‍ മഴയായ് ചമഞ്ഞ അവന്റെ മായാജാലത്തില്‍ അവള്‍ മനസ്സിലൊളിപ്പിച്ച മഴക്കാല സ്വപ്നങ്ങള്‍ തുമ്പികളായ്, ശലഭങ്ങളായ് പറന്നുയരാനും.

വെയിലേറിയ ഉച്ചകളുടെ വൈവശ്യത്തില്‍ മഴക്കലക്കങ്ങളില്‍ കാല്‍നനച്ച അവളൊരു കഥ പറയുകയായിരുന്നു. നനവേറുന്ന അവളുടെ കണ്ണാഴങ്ങളിലെ കടലിനെ ഉമ്മവെച്ചുണര്‍ ത്തിക്കൊണ്ട്, അവന്‍ പിന്നോക്കമൊഴുകിയൊടുങ്ങിയ കടല്‍ക്കാലങ്ങളുടെ ഇതള്‍ നീര്‍ത്തി.. കനിവായും, കനവായും, കണ്ണാടിയായ് ചമഞ്ഞും അവന്‍ കഥ പറയുമ്പോള്‍ അവള്‍ കണ്‍ തുറന്നു.

കണ്ണോരമപ്പോള്‍ കടലില്ല.. കടല്‍ത്തിരയില്ല. നിറയെ കളിവാക്കുകളായിരുന്നു.

പിന്നെ മഴപെയ്യുമ്പോള്‍ കുടചൂടാതെ നോക്കിയിരുന്ന് മഴയേറ്റിരിക്കെ മതിവരാതെ അയാള്‍ ക്കെഴുതിക്കൊണ്ടിരുന്ന സീത, മഴയെ ഒരു ചിത്രമായി മനസ്സിലേയ്‌ക്കെടുത്തു വെയ്ക്കുമ്പോള്‍  അവന്റെ മഴമുല്ലകള്‍ വെളുത്ത പൂവുതിര്‍ത്തു.

കനത്തുനിന്ന മേഘത്തുണ്ടുകളില്‍ ഒരു പൊട്ടിച്ചിരിയുടെ കാറ്റിളക്കി അവന്‍ മഴപെയ്യിക്കു കയായിരുന്നു…

പെയ്തുനിറയുമ്പോള്‍ മഴയ്ക്കും അവള്‍ക്കും ഒരേ ഛായയായിരുന്നു. മഴയില്‍ത്തെളിഞ്ഞ കാഴ്ചയായും മഴക്കലക്കമായും നിറഞ്ഞ നോവുകളുടെ അവസാനം ഒരു പുഴയൊഴുക്കായിരുന്നു.

(സൈകതം ഉടന്‍ പ്രസിദ്ധീകരിക്കുന്ന  മഴസ്മരണ്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്)

By : തുഷാര

 



5 Comments to മഴ

  1. വളരെ നന്നായിട്ടുണ്ട് , ജീവിത്തെ ചില കോണുകളില്‍ നിന്നും പലതിലൂടെയും നോക്കി കാണുന്ന കാഥിക നല്ല ശൈലിയില്‍ തന്നെ അതിനെ ഇണക്കി ചേര്‍ക്കുന്നത് തത്വശാസ്ത്രം പറഞ്ഞു കൊണ്ടാണ്, അയാളെയും അവനെയും അവരുടെ വൈകാരികത മഴയായും , വേനലായും , ആര്തല്‍ക്കുന്ന മഴ ചിലപ്പോള്‍ തുള്ളികള്‍ മാത്രമായും അതിലപ്പുറം മഴ മേഘമായും അവതരിപ്പിക്കുന്ന ഈ ശൈലി എനിക്കിഷ്ടപെടുന്നു , അഭിനന്ദനങ്ങള്‍ നേരുന്നു

  2. പൊടുന്നനെ പെയ്ത മഴയെ പിന്നോക്കം തള്ളിയുള്ള തീവണ്ടിയാത്രയില്‍ ഒരു മഴച്ചിത്രം പോലെ മങ്ങിയ ചന്തമായി…..
    വെയില്‍ മഴയായ് ചമഞ്ഞ അവന്റെ മായാജാലത്തില്‍ അവള്‍ മനസ്സിലൊളിപ്പിച്ച മഴക്കാല സ്വപ്നങ്ങള്‍ തുമ്പികളായ്, ശലഭങ്ങളായ് പറന്നുയരാനും.
    കനത്തുനിന്ന മേഘത്തുണ്ടുകളില്‍ ഒരു പൊട്ടിച്ചിരിയുടെ കാറ്റിളക്കി അവന്‍ മഴപെയ്യിക്കു കയായിരുന്നു…
    മഴയുടെ വർണ്ണച്ചിത്രങ്ങളുള്ള നല്ല കഥ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: